ഇടതുപക്ഷത്തിന്‍റെ ഉയര്‍ന്നുവരവ്

ഗിരീഷ് ചേനപ്പാടി

കോവിഡ് 19 മഹാമാരിക്കാലത്ത് നടന്ന തിരഞ്ഞെടുപ്പുകള്‍ സവിശേഷമായ വിലയിരുത്തല്‍ ആവശ്യപ്പെടുന്നതാണ്. ബിഹാര്‍ നിയമസഭയിലേക്കും കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടകം, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുമാണ് ഈ കാലയളവില്‍ തിരഞ്ഞെടുപ്പുകള്‍ നടന്നത്. ഈ തിരഞ്ഞെടുപ്പുകളില്‍ സിപിഐ എം ഉള്‍പ്പെടെ ഇടതുപക്ഷ പാര്‍ടികള്‍ നില മെച്ചപ്പെടുത്തിയെന്നു മാത്രമല്ല എതിരാളികളെ അമ്പരപ്പിക്കുന്ന മുന്നേറ്റം കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തി എന്നത് ശ്രദ്ധേയമാണ്. യഥാര്‍ഥ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണവും കര്‍ഷകരുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങളും ഇടതുപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പു വിജയത്തിനു കരുത്തു പകര്‍ന്നു എന്ന് നിരീക്ഷിക്കപ്പെടുന്നു.
2020 നവംബറിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു നടന്നത്. അവിടെ ബിജെപിയും നിതീഷ്കുമാറിന്‍റെ ജനതാദള്‍ (യു)ഉം ഉള്‍പ്പെട്ട സഖ്യമാണ് ഭരണം നടത്തിയത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 127 സീറ്റുനേടി കഷ്ടിച്ചു ഭരണം നിലനിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞെങ്കിലും 2019ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വളരെ കുറഞ്ഞ വോട്ടേ അവര്‍ക്കു നേടാനായുള്ളൂ. അന്നത്തേതിനേക്കാള്‍ 12.4 ശതമാനം വോട്ട് എന്‍ഡിഎയ്ക്കു കുറഞ്ഞു. നിതീഷ്കുമാറിന്‍റെ ജനതാദള്‍ യുണെറ്റഡിന് 2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റു ലഭിച്ചസ്ഥാനത്ത് ഇത്തവണ 43 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അന്ന് ലാലു പ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാദളും ജനതാദള്‍ യുണൈറ്റഡും അടങ്ങിയ മഹാഗഢ്ബന്ധന്‍ ആയിരുന്നല്ലോ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2017ല്‍ ആ സംഖ്യം പൊളിച്ചുകൊണ്ട് നിതീഷ്കുമാര്‍ ബിജെപി പക്ഷത്തു പോയതിന്‍റെ തിരിച്ചടി ജനങ്ങള്‍ നല്‍കുക തന്നെ ചെയ്തു.
രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ്, സിപിഐ എം, സിപിഐ, സിപിഐ എംഎല്‍ എന്നിവ ഉള്‍പ്പെട്ട മഹാഗഢ്ബന്ധനാണ് എന്‍ഡിഎയെ നേരിട്ടത്. തേജസ്വി യാദവായിരുന്നു മുഖ്യപ്രചാരകന്‍. തൊഴിലില്ലായ്മ, ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച, മറ്റു സംസ്ഥാനങ്ങളില്‍ ജോലിക്കുപോയ തൊഴിലാളികള്‍ മടങ്ങിയെത്തിയതിന്‍റെ പ്രശ്നങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ക്കു വില ലഭിക്കാതെ കടക്കെണിയില്‍ അകപ്പെട്ട് ജീവിതം തള്ളിനീക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കെതിരെ മോഡി സര്‍ക്കാരും ബിജെപി മേധാവിത്വമുള്ള ബിഹാര്‍ സര്‍ക്കാരും നടത്തുന്ന ആക്രമണങ്ങള്‍ തുടങ്ങിയ ജനകീയ വിഷയങ്ങളാണ് മഹാഗഢ്ബന്ധന്‍ മുഖ്യപ്രചാരണ വിഷയമാക്കിയത്. പ്രചാരണ വിഷയങ്ങള്‍ തീരുമാനിക്കുന്നതില്‍ ഇടതുപക്ഷത്തിന് നിര്‍ണായകമായ പങ്ക് ഉണ്ടായിരുന്നു താനും.
ഇടതുപക്ഷ പാര്‍ടികള്‍ക്ക് ഉജ്വലമായ വിജയം നേടിക്കൊടുത്തത് യഥാര്‍ഥ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണമായിരുന്നു. ആകെ 29 നിയമസഭാ മണ്ഡലങ്ങളിലാണ് ഇടതുപക്ഷ പാര്‍ടികള്‍ മത്സരിച്ചത്. അതില്‍ 16 സീറ്റുകളിലും വിജയിക്കാന്‍ ഇടതുപക്ഷത്തിനായി. സിപിഐ എംഎല്‍ 12 സീറ്റുകളിലും സിപിഐ എമ്മും സിപിഐയും 2 സീറ്റുകളില്‍ വീതവും വിജയിച്ചു. നേരിയ വോട്ടിന്‍റെ വ്യത്യാസത്തിനാണ് ഇടതുപക്ഷത്തിന് അഞ്ചുസീറ്റുകള്‍ നഷ്ടപ്പെട്ടത്.
മഹാഗഢ്ബന്ധനോട് വല്ലാതെ വിലപേശി 70 സീറ്റു വാങ്ങിയ കോണ്‍ഗ്രസ്സിന് കേവലം 19 മണ്ഡലങ്ങളിലാണ് ജയിക്കാന്‍ കഴിഞ്ഞത്. യാഥാര്‍ഥ്യബോധമില്ലാതെ നിലപാടെടുത്ത കോണ്‍ഗ്രസ്സാണ് യഥാര്‍ഥത്തില്‍ മഹാഗഢ്ബന്ധനെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിനു മത്സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥികള്‍ പല മണ്ഡലങ്ങളിലും ഇല്ലായിരുന്നു. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ പറ്റിയ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു; വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പു വരുത്തുന്നതിനും തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തില്‍ എത്തിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും മറ്റും പ്രാദേശിക പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങണം. എങ്കിലേ തിരഞ്ഞെടുപ്പു വിജയം ഉറപ്പാക്കാനാവൂ. കോണ്‍ഗ്രസ്സിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ജനതാദളിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രവര്‍ത്തകരെ പല സ്ഥലങ്ങളിലും ആശ്രയിക്കേണ്ടിവന്നു.
മഹാഗഢ്ബന്ധന് 110 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് മത്സരിച്ച 30 സീറ്റുകളില്‍ രാഷ്ട്രീയ ജനതാദളും ഇടതുപക്ഷ പാര്‍ടികളും മത്സരിച്ചിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നു. പലതിലും എന്‍ഡിഎ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നു. അതിലൂടെ ബിഹാറിന്‍റെ ഭരണം തന്നെ മഹാഗഢ് ബന്ധന്‍റെ കൈകളിലെത്തുമായിരുന്നു.
പ്രധാനമന്ത്രി മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ബിഹാറില്‍ തമ്പടിച്ച് വര്‍ഗീയ പ്രചാരണം നടത്തിയതുമൂലമാണ് ഭരണം അവര്‍ക്കു നേടാനായത്. യഥാര്‍ഥ പ്രശ്നങ്ങള്‍ വിട്ട് രാമക്ഷേത്ര നിര്‍മാണവും 370-ാം വകുപ്പും ജമ്മുകാശ്മീരിന്‍റെ വിഭജനവും മറ്റുമാണ് ബിജെപി നേതാക്കള്‍ പ്രചാരണായുധമാക്കിയത്. ഓള്‍ ഇന്ത്യ മുസ്ലീം മജ്ലിസ് പാര്‍ടി (എഐഎംഎം)യുടെ വര്‍ഗീയ പ്രചാരണം, വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരം നേടുക എന്ന ബിജെപി തന്ത്രത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. എഐഎംഎം 5 സീറ്റുകള്‍ ഇവിടെ നേടുകയും ചെയ്തു.
കര്‍ണാടകം
കര്‍ണാടകത്തിലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മുമ്പൊരിക്കലുമില്ലാത്ത മുന്നേറ്റമാണ് സിപിഐ എം കാഴ്ചവച്ചത്. 231 തദ്ദേശസ്വയം ഭരണവാര്‍ഡുകളില്‍ സിപിഐ എമ്മിനും പാര്‍ടി പിന്തുണച്ച സ്വതന്ത്രര്‍ക്കുമായി വിജയിക്കാന്‍ സാധിച്ചു. സിപിഐ എമ്മിന്‍റെ പിന്തുണയോടെ 732 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചത്. പരാജയപ്പെട്ട 501 വാര്‍ഡുകളില്‍ മിക്കതിലും നേരിയ വ്യത്യാസത്തിനാണ് എതിരാളികള്‍ വിജയിച്ചത്.
ആകെയുള്ള 30 ജില്ലകളില്‍ 20ലും സിപിഐ എമ്മിന്‍റെ ജനപ്രതിനിധികള്‍ ഉണ്ടായി എന്നത് എടുത്തുപറയേണ്ട വിജയമാണ്. ബാഗേപ്പള്ളി ജില്ലയില്‍ മൂന്നു പഞ്ചായത്തുകളിലാണ് സിപിഐ എമ്മിന് ഭരണം നേടാനായത്. ഗുല്‍ബര്‍ഗ ജില്ലയില്‍ രണ്ടു പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ പാര്‍ടിക്കു സാധിച്ചു. അതു കൂടാതെ ബാഗേപ്പള്ളി ജില്ലയില്‍  രണ്ടു പഞ്ചായത്തുകളില്‍ സിപിഐ എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇവിടെ മറ്റുള്ളവരുടെ പിന്തുണയോടെ ഭരണം നേടാന്‍ സിപിഐ എമ്മിനു സാധിച്ചു.
കൊപ്പള, ഗദക്, കോലാര്‍, ഗുല്‍ബര്‍ഗ എന്നീ ജില്ലകളില്‍ ബിജെപിയും കോണ്‍ഗ്രസ്സും പരമ്പരാഗതമായി പല സീറ്റുകളും കയ്യടക്കി വച്ചിരുന്നതാണ്. അവിടങ്ങളിലെ പല സീറ്റുകളിലും സിപിഐ എം സ്ഥാനാര്‍ഥികള്‍ അട്ടിമറി വിജയം നേടി.
ചിക്ബല്ലാപ്പുര ജില്ലയില്‍ 83 സീറ്റുകളും കല്‍ബുര്‍ഗി ജില്ലയില്‍ 37 സീറ്റുകളും നേടിക്കൊണ്ടാണ് സിപിഐ എം, എതിരാളികളെ അമ്പരപ്പിച്ചത്. കൊപ്പള ജില്ലയില്‍ കഴിഞ്ഞ തവണ 6 സീറ്റാണ് പാര്‍ടിക്കുണ്ടായിരുന്നത്. അത് 21 ആക്കി ഉയര്‍ത്താന്‍ സിപിഐ എമ്മിനു സാധിച്ചു. ആകെ 3 സീറ്റുണ്ടായിരുന്ന ഉത്തര കന്നടയില്‍ ഇത്തവണ 14 സീറ്റുകളില്‍ പാര്‍ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഉഡുപ്പിയില്‍ ആകെ 6 സീറ്റുണ്ടായിരുന്ന സ്ഥാനത്ത് സിപിഐ എമ്മിന് 11 സീറ്റുകള്‍ ലഭിച്ചു. യൗഗിരി ജില്ലയിലും 11 സീറ്റുകള്‍ പാര്‍ടിക്കു ലഭിച്ചു.
2 സീറ്റുകളുണ്ടായിരുന്ന മാണ്ഡ്യജില്ലയില്‍ 7 സീറ്റുകള്‍ ഇത്തവണ സിപിഐ എമ്മിനു ലഭിച്ചു. റായ്പൂരിലും വിജയാപൂരയിലും 7 സീറ്റുകള്‍ വീതം പാര്‍ടിക്കു ലഭിച്ചു; ദക്ഷിണ കന്നഡയില്‍ 6 സീറ്റുകളില്‍ വിജയിച്ചു.
ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് സിപിഐ എം സംസ്ഥാനത്തൊട്ടാകെ നടത്തിയ പോരാട്ടങ്ങളാണ് പാര്‍ടിക്ക് ഭേദപ്പെട്ട വിജയം നേടിക്കൊടുത്തത്.
മഹാരാഷ്ട്ര
കടക്കെണിമൂലം ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായ സംസ്ഥാനമാണ് മഹാരാഷ്ട്ര. അതുകൊണ്ടുതന്നെ ഉമിയില്‍ പിടിച്ച അഗ്നികണക്കെ എരിഞ്ഞുനിന്ന കര്‍ഷകരുടെ രോഷാഗ്നി 2019 മുതല്‍ കര്‍ഷകമാര്‍ച്ചുകളിലൂടെ ജ്വലിച്ചുയര്‍ന്ന അനുഭവമാണ് മഹാരാഷ്ട്രയിലുള്ളത്. സിപിഐ എമ്മിന്‍റെയും കിസാന്‍ സഭയുടെയും നേതൃത്വത്തില്‍ നടന്ന ലോങ്മാര്‍ച്ച് രാജ്യത്തിന്‍റെ ഒട്ടാകെയുള്ള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന്‍റെ അനുരണനങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടായി.
ഈ വര്‍ഷം ആദ്യം ഗ്രാമപഞ്ചായത്തുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയേല്‍ക്കാനും ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെയുള്ള മതനിരപേക്ഷ പാര്‍ടികള്‍ക്ക് നേട്ടമുണ്ടാക്കാനും സാധിച്ചതിനു പിന്നിലും പോരാട്ടങ്ങളുടെ കരുത്തുതന്നെയാണുള്ളത്.
ജനുവരി 15ന് മഹാരാഷ്ട്രയില്‍ 14,234 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. അതില്‍ 1523 ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാഷ്ട്രീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടന്ന സീറ്റുകളില്‍ 80 ശതമാനത്തിലേറെ സീറ്റുകള്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം നേടിയതായി അതിന്‍റെ വക്താക്കള്‍ അറിയിച്ചു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ ഉണ്ടായതെന്നു വ്യക്തം.
അഹമ്മദ് നഗര്‍ ജില്ലയിലെ ഹിവര്‍ഗാവ് ഗ്രാമപഞ്ചായത്തിന്‍റെ ഭരണം സിപിഐ എം നേടി. ബീഡ് ജില്ലയിലെ നിത്രൂഡ് ഗ്രാമപഞ്ചായത്തില്‍ ആകെയുള്ള 17 സീറ്റില്‍ 12 എണ്ണവും നേടിയാണ് സിപിഐ എം അധികാരം പിടിച്ചത്. കിന്‍വാട്ട് താലൂക്കിലെ റിത്താ ഗ്രാമപഞ്ചായത്തില്‍ ആകെ 9 സീറ്റുകളുള്ളതില്‍ 8 എണ്ണവും സിപിഐ എം നേടി.
ഇരുപത്തൊന്നുകാരനായ ഡിവൈഎഫ്ഐ നേതാവ് സ്വപ്നില്‍ യാദവ് റിക്കാര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഡ്വാമാലുങ്കി ഗ്രാമപഞ്ചായത്തിലും സിപിഐ എമ്മിനാണ് ഭൂരിപക്ഷം സീറ്റുകളും ലഭിച്ചത്.
ജമ്മുകാശ്മീര്‍
2019 ആഗസ്ത് 5ന് ജമ്മു-കാശ്മീരിനെ മോഡി സര്‍ക്കാര്‍ വിഭജിച്ചതിനുശേഷം അവിടെ ബിജെപി ഒഴികെ പ്രധാന രാഷ്ട്രീയ പാര്‍ടികള്‍ക്കൊന്നും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലായിരുന്നു. 2020 ഡിസംബറില്‍ ജില്ലാ വികസന സമിതി (ഡിസിസി) കളിലേക്കു നടന്ന തിരഞ്ഞെടുപ്പു വേളയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ബിജെപിക്കു മാത്രം അനന്തമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നു മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊലീസിന്‍റെയും അകമഴിഞ്ഞ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് തിരിച്ചടിയേല്‍ക്കേണ്ടി വന്നു എന്നതാണ് സത്യം.
ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഗുപ്കാര്‍ പ്രഖ്യാപനത്തിനു വേണ്ടിയുള്ള ജനകീയ സഖ്യമാണ് ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചത്. സഖ്യത്തിന് 110 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 75 സീറ്റുകളേ നേടാനായുള്ളൂ. സ്വതന്ത്രര്‍ 50 ഇടങ്ങളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 26 സീറ്റുകളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. അപ്നി പാര്‍ടി 12ഉം പിഡിഎഫ് 2ഉം നാഷണല്‍ പാന്തേഴ്സ് പാര്‍ടി 2ഉം ബിഎസ്പി 1ഉം സീറ്റുകള്‍ നേടി. ജമ്മു-കാശ്മിരിലാകെ 278 സീറ്റുകളാണുള്ളത്.
ഗുപ്കാര്‍ പ്രഖ്യാപനത്തിനു വേണ്ടിയുള്ള സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച സിപിഐ എമ്മിന് 5 സീറ്റുകളില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ചു. ജമ്മു-കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, ജമ്മു-കാശ്മീര്‍ പിഡിപി തുടങ്ങിയവയാണ് സഖ്യത്തിലെ പ്രധാനപ്പെട്ട മറ്റു കക്ഷികള്‍. ഏഴു പാര്‍ടികളാണ് ഈ സഖ്യത്തിലുള്ളത്. കോണ്‍ഗ്രസ് ആദ്യം ഈ സഖ്യത്തില്‍ ചേര്‍ന്നെങ്കിലും ബിജെപി നേതാക്കള്‍ വിരട്ടിയപ്പോള്‍ അവര്‍ അതില്‍നിന്നു പിന്മാറി.
കാശ്മീര്‍ താഴ്വരയില്‍ ബിജെപിക്കു പച്ചതൊടാന്‍ പോലും കഴിഞ്ഞില്ല. ജമ്മുവില്‍ മാത്രമാണ് അവര്‍ക്ക് സീറ്റുകള്‍ നേടാനായത്.
ജമ്മുകാശ്മീരില്‍ 20 ജില്ലാ വികസന സമിതികളാണുള്ളത്. 10 എണ്ണം ജമ്മുവിലും 10 എണ്ണം കാശ്മീരിലും. കാശ്മീര്‍ മേഖലയിലെ 10 ജില്ലാ കൗണ്‍സിലുകളില്‍ 9 എണ്ണത്തിലും ഭൂരിപക്ഷം ഗുപ്കാര്‍ സഖ്യത്തിനാണ്. അതേ സമയം ജമ്മുവിലെ 10 ജില്ലാ കൗണ്‍സിലുകളില്‍ 6 ഇടത്തേ ബിജെപിക്കു ഭൂരിപക്ഷം നേടാനായുള്ളൂ.
ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയ മോഡി ഗവണ്‍മെന്‍റിന്‍റെ നടപടിയെ ജമ്മു-കാശ്മീരിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതിന്‍റെ കൂടി വിളംബരമാണ് ജില്ലാ കൗണ്‍സിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പ് ഫലം. എല്ലാ ജനാധിപത്യ സ്വാതന്ത്ര്യങ്ങളും എതിര്‍രാഷ്ട്രീയ പാര്‍ടികള്‍ക്ക് നിഷേധിച്ചിട്ടും ബിജെപിക്ക് തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നു. അതുകൊണ്ടുതന്നെ ജമ്മുകാശ്മീരില്‍ സമീപകാലത്തൊന്നും നിയമസഭാ തിരഞ്ഞെടുപ്പു നടത്താന്‍ മോഡി സര്‍ക്കാര്‍ തയ്യാറാവില്ല എന്നാണ് അവിടുത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ടികള്‍ പങ്കുവയ്ക്കുന്ന പ്രധാന ആശങ്ക.
കോവിഡ് 19 മഹാമാരിക്കാലത്ത് നടന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും തിരിച്ചടിയായി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിഷേധാത്മക സമീപനവും മൃദുഹിന്ദുത്വ സമീപനവും പലപ്പോഴും ബിജെപിക്കു വളമാകുന്നു എന്നു മാത്രം. മഹാമാരിക്കാലത്ത് തങ്ങളെ വഴിയാധാരമാക്കിയ മോഡി ഭരണത്തോടുള്ള രോഷം ഈ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ട് എന്ന കാര്യവും ആര്‍ക്കും നിഷേധിക്കാനാവില്ല. •