ആമുഖം

ആമുഖം

ന്ത്യാ റിപ്പബ്ലിക്കിന്‍റെ സപ്തതി പിന്നിട്ടിരിക്കുകയാണ് ഈ വര്‍ഷം. അവിടെ എത്തിനില്‍ക്കുന്ന റിപ്പബ്ലിക്കിനും അതില്‍ ഭാഗഭാക്കായ 136 കോടിയില്‍പരം ജനങ്ങള്‍ക്കും അനുമോദനമാണോ അനുശോചനമാണോ നേരിടേണ്ടത് എന്ന സംശയം ഉയരുന്ന കാലമാണ് ഇത്. ഇന്ത്യാ റിപ്പബ്ലിക്കിന്‍റെ മുഖമുദ്രകള്‍ അഞ്ചാണ് - സ്വാതന്ത്ര്യം, തുല്യത, നീതി, സാഹോദര്യം, മതനിരപേക്ഷത. ഇവയെല്ലാം ഇന്ന് വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുകയോ നിഷേധിക്കപ്പെടുകയോ ആണ് നരേന്ദ്രമോഡി വാഴ്ചയ്ക്കു കീഴില്‍.
മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ആയിരുന്നു ഈ അഞ്ച് ജനാധിപത്യ സങ്കല്‍പനങ്ങളുടെ പ്രധാന സ്രഷ്ടാക്കളും പ്രയോക്താക്കളും. മതനിരപേക്ഷത ബുദ്ധ - ഹിന്ദു - ജൈന - ചാര്‍വാക മതങ്ങളുടെ കാലം മുതല്‍ ഇന്ത്യയുടെ സഹജസ്വഭാവമായിരുന്നു. മധ്യശതകങ്ങളില്‍ ഇസ്ലാമും ക്രിസ്തുമതവും ഇന്ത്യയില്‍ ഭരണകക്ഷിമതങ്ങളായി വന്നപ്പോഴും ആ സ്വഭാവം തുടര്‍ന്നു. സ്വാതന്ത്ര്യം ലഭിക്കുകയും ഇന്ത്യയുടെ ഒരു ഭാഗം മുസ്ലിം കേന്ദ്രീകരണത്തിന്‍റെ പേരില്‍ വേറിട്ടുപോകയും ചെയ്തപ്പോള്‍, ഗാന്ധിജിയാണ് ഇവിടെ പാര്‍ക്കാന്‍ താല്‍പര്യപ്പെടുന്ന ആര്‍ക്കും ഇവിടെ തുടരാം മതഭേദമെന്യേ എന്ന് നിഷ്കര്‍ഷിച്ചത്. നെഹ്റു ഭരണകര്‍ത്താവ് എന്ന നിലയില്‍ അതിനെ അരക്കിട്ടുറപ്പിച്ചു. എന്നാല്‍ ഗാന്ധി - നെഹ്റു ശിഷ്യന്മാരും അവരുടെ നേര്‍അവകാശികളായ കുടുംബാംഗങ്ങളും വരെ ഇന്ന് ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നില്ല.
പ്രാചീന ഇന്ത്യയിലെ ഒരു താവഴിയായിരുന്നു ചാതുര്‍വര്‍ണ്യം ആചരിച്ചിരുന്ന മനുവാദികള്‍. അവരുടെ പിന്മുറക്കാരാണ് ആര്‍എസ്എസും അതിന്‍റെ രാഷ്ട്രീയ പാര്‍ടിയായ ബിജെപിയും. അവര്‍ പഴയ ഇന്ത്യന്‍ പാരമ്പര്യത്തെയും പുതിയ ജനാധിപത്യ മൂല്യങ്ങളെയും ആകെ തച്ചുതകര്‍ത്ത് തങ്ങളുടെ ഹിതാധിപത്യം സ്ഥാപിക്കാനുള്ള വെമ്പലിലാണ്. ബുദ്ധ - ജൈന - ചാര്‍വാകാദി പ്രാചീന പാരമ്പര്യങ്ങളെയും ആധുനിക ഗാന്ധി - നെഹ്റു ജനാധിപത്യ പാരമ്പര്യത്തെയും തകര്‍ത്ത് ഹിന്ദുത്വാധിപത്യം സ്ഥാപിക്കലാണ് മോഡി പ്രഭൃതികളുടെ ലക്ഷ്യം. അതിനെ ചെറുത്തു തോല്‍പിച്ചാല്‍ മാത്രമേ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യം കാത്തുരക്ഷിക്കാന്‍ കഴിയൂ. അതിന്‍റെ പ്രതിജ്ഞാ ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനം. കര്‍ഷക ജനസാമാന്യം നടത്തുന്ന ചെറുത്തുനില്‍പിന്‍റെ തുടര്‍ച്ചയും.
കേരളത്തില്‍ ഇത് ഇടതുപക്ഷ നേതൃത്വത്തിലുള്ള ഏഴാമത്തെ സര്‍ക്കാരിന്‍റെ അഞ്ചാം വര്‍ഷത്തിന്‍റെ പര്യവസാനമാണ്. എല്ലാ ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളും ഇവിടെ വെല്ലുവിളികളെയും വൈതരണികളെയും നേരിട്ടുകൊണ്ടാണ് ഭരണം മുന്നോട്ടുകൊണ്ടുപോയത്. പിണറായി വിജയന്‍ നയിക്കുന്ന ഈ സര്‍ക്കാരിന്‍റെയും അനുഭവം വ്യത്യസ്തമല്ല. എന്നാല്‍ കാല്‍നൂറ്റാണ്ടില്‍ അല്പം കൂടുതല്‍ നീണ്ടുനിന്ന ഈ ഏഴു സര്‍ക്കാരുകളുടെ ഭരണകാലയളവില്‍ അവ വ്യത്യസ്തമായൊരു ഭരണചരിത്രം കേരളത്തില്‍ രചിച്ചു. സമഗ്രമായ ഭൂപരിഷ്ക്കരണം നടപ്പാക്കി. സാര്‍വത്രികമായ സൗജന്യ പൊതുവിദ്യാഭ്യാസവും സൗജന്യ ആരോഗ്യരക്ഷയും വര്‍ധമാനമായ ഗുണനിലവാരത്തോടെ അത് ഏര്‍പ്പെടുത്തി. സാമൂഹ്യവും ലിംഗപരവും സാമ്പത്തികവും സാംസ്കാരികവുമായ സമത്വം വലിയ അളവില്‍ അവര്‍ നടപ്പാക്കി. അനീതിയോടും അക്രമത്തോടും എന്നും ചെറുത്തുനിന്ന എല്‍ഡിഎഫും അതിന്‍റെ സര്‍ക്കാരും ജനാധിപത്യത്തെ അധികാരവികേന്ദ്രീകരണത്തിലൂടെ ജനങ്ങള്‍ക്കാകെ അനുഭവവേദ്യമാക്കി.
നാലു പതിറ്റാണ്ടായി എല്‍ഡിഎഫ് നിലവില്‍ വന്നിട്ട്. 1957ലെ ഇ എം എസ് ഗവണ്‍മെന്‍റ് തുടങ്ങിവച്ച ക്ഷേമവും വികസനവും എന്ന അജന്‍ഡ ഈ കാലയളവിലൂടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും അത് എത്തിച്ചു. മാത്രമല്ല, അവയെ കൂടുതല്‍ ആഴത്തിലും പരപ്പിലും നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. കേന്ദ്ര സര്‍ക്കാര്‍, കോണ്‍ഗ്രസ് നയിച്ചതായാലും ബിജെപി നയിക്കുന്നതായാലും, ഈ നീക്കങ്ങളെ തകര്‍ത്തു പരാജയപ്പെടുത്താനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. പക്ഷെ, ജനങ്ങളെ വന്‍തോതില്‍ അണിനിരത്തിയും ഭരണവ്യവസ്ഥയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയും ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ വിപുലമായ തോതില്‍ നടപ്പാക്കിവരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.
അതിന്‍റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് 2021ലെ ബജറ്റ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിരവധി ക്ഷേമനടപടികള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തുക മാത്രമല്ല, സ്ത്രീകള്‍ക്കും സമൂഹത്തിനാകെയും വിപുലമായ തൊഴിലവസരങ്ങളും വികസനവും ഉറപ്പു ചെയ്യുന്ന തരത്തില്‍ വിദ്യാഭ്യാസത്തിലും തൊഴിലവസര സൃഷ്ടിയിലും മറ്റും വിപുലമായ പരിഷ്കാരങ്ങളാണ് എല്‍ഡിഎഫ് വിഭാവനം ചെയ്യുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തെയും ജനങ്ങളെയും അധോഗതിയിലേക്ക് നയിക്കുമ്പോള്‍, എല്‍ഡിഎഫ് മുന്നേറ്റത്തിന്‍റെ പാത ഭാസുരമാക്കുന്നു. എല്ലാവര്‍ക്കും റിപ്പബ്ലിക് അഭിവാദ്യങ്ങള്‍. •