ശവംതീനികള്‍

ഗൗരി

തെഴുതുമ്പോള്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച, ഐതിഹാസികമെന്ന് പറയാവുന്ന ഒരു വിധിന്യായത്തെ സംബന്ധിച്ച് ചാനലുകളില്‍ കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുകയാണ്. ആ വിധിന്യായത്തെക്കാള്‍ പ്രാധാന്യമുള്ളത് അതിനിടയാക്കിയ കേരള സര്‍ക്കാരിന്‍റെ ചരിത്രത്തില്‍ ഇടംനേടും വിധമുള്ള നിലപാടാണ്. സ്വന്തം ഉദ്യോഗസ്ഥ സംവിധാനത്തില്‍ സംഭവിച്ച ഗുരുതരമായ വീഴ്ച സമ്മതിക്കുന്നതിനൊപ്പം നീതിന്യായ സംവിധാനത്തിന്‍റെ താഴേത്തലത്തിലുണ്ടായ പാളിച്ചയും ചൂണ്ടിക്കാണിച്ച് അതെല്ലാം തിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അവസരമുണ്ടാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. അത് പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത് എന്നാണ് വാര്‍ത്തകളില്‍ നിന്നറിയുന്നത്. ഉദ്യോഗസ്ഥതലത്തിലുണ്ടായ പിശകുകള്‍ പരിഹരിക്കുന്നതിന്, അത്തരം കാര്യങ്ങളെ ന്യായീകരിക്കാതെ തുറന്നു സമ്മതിക്കാനും തിരുത്താനും വേണ്ട നടപടികള്‍ ഒരു സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത് തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. അതാണ് പിണറായി സര്‍ക്കാരിന്‍റെ ഈ നിലപാടിനെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒന്നാക്കി മാറ്റുന്നത്.
വാളയാറില്‍ നിര്‍ധനരായ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ നിഷ്ഠുരമായി ലൈംഗിക പീഡനത്തിനിരയാക്കപ്പെടുകയും അവരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടതാണ് ഈ നടപടി. സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഈ വിഷയം എത്തിയപ്പോഴെല്ലാം സര്‍ക്കാര്‍ ആ കുഞ്ഞുങ്ങള്‍ക്കൊപ്പമായിരുന്നു, അവരുടെ കുടുംബത്തിനൊപ്പമായിരുന്നു നിലപാടെടുത്തത്. അതിന്‍റെ ഉത്തമദൃഷ്ടാന്തമാണ് നീതി നിര്‍വഹണത്തിന്‍റെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി വിചാരണക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയ ഉടന്‍ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുക മാത്രമല്ല കോടതി വിട്ടയച്ച പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് കോടതിയോടപേക്ഷിക്കുകയും ചെയ്ത സര്‍ക്കാരിന്‍റെ നടപടി. ഹൈക്കോടതി അതംഗീകരിക്കുകയും പ്രതികള്‍ വീണ്ടും ജയിലിലടയ്ക്കപ്പെടുകയും ചെയ്തതും അത്യപൂര്‍വമായ സംഭവമാണ്. അത്തരത്തില്‍ ശക്തമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടും അതൊന്നും അംഗീകരിക്കാതെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ വച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പോരിനിറങ്ങിയ വലതുരാഷ്ട്രീയക്കാര്‍ക്കൊപ്പമായിരുന്നു തുടക്കം മുതല്‍ മുഖ്യധാരാ മാധ്യമങ്ങളും.
സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനും പുറമെ ആ കുട്ടികളുടെ മാതാവ് പുനര്‍വിചാരണയും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനവും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ കക്ഷി ചേരുകയും പുനര്‍വിചാരണ മാത്രമല്ല, പുനരന്വേഷണവും നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കവെയാണ് വാളയാറിലും ഇങ്ങ് സെക്രട്ടറിയറ്റിനു മുന്നിലുംവരെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ വിരുദ്ധ സമരകോലാഹലത്തിന് യുഡിഎഫും ബിജെപിയും കമ്യൂണിസ്റ്റു വിരുദ്ധ ചണ്ടിപണ്ടാരങ്ങളാകെയും ഒരുമയോടെ അണിനിരന്നത്. ആ കുഞ്ഞുങ്ങളുടെ നിര്‍ധനരും നിരക്ഷരരും നിസ്സഹായരുമായ മാതാപിതാക്കളെയും ഈ രാഷ്ട്രീയ പിത്തലാട്ടങ്ങളുടെ മുന്നില്‍ പിടിച്ചുനിര്‍ത്തുന്നതു കാണുമ്പോള്‍ ആ കുഞ്ഞുങ്ങളെ പിച്ചിച്ചീന്തി കൊന്നുതള്ളിയ നരാധമന്മാരെക്കാള്‍ ഒട്ടും പിന്നിലല്ല രാഷ്ട്രീയ വേതാളങ്ങള്‍ എന്നു പറയുമ്പോള്‍ നുമ്മെ കുറ്റപ്പെടുത്തിയേക്കരുതേ കൂട്ടരെ! സ്വന്തം കണ്‍മുന്നില്‍ കാണുന്ന അനീതിക്കെതിരെ, സ്വന്തം കുഞ്ഞുങ്ങളുടെ പിടച്ചില്‍ കണ്ടെങ്കിലും ഉറക്കെയൊന്ന് നിലവിളിച്ച് പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ള ആ മാതാപിതാക്കളുടെ നിസ്സഹായതയെ മുതലെടുക്കാന്‍ കഴുകന്‍ കണ്ണുകളുമായി പാഞ്ഞെത്തുന്ന രാഷ്ട്രീയ കശ്മലന്മാര്‍ക്കൊപ്പമാണ്, അവറ്റോള്‍ക്ക് എരിവും പുളിയും പകര്‍ന്നുനല്‍കുകയാണ് നമ്മളെ മുഖ്യധാരക്കാരാകെ!
അതിന്‍റെ ദൃഷ്ടാന്തംതന്നെയാണ് ഇപ്പോള്‍ രാത്രിയിലെ ചാനല്‍ ചര്‍ച്ചകളിലും പ്രതിഫലിക്കുന്നത്. ഹൈക്കോടതി വിധിയോ അവിടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സ്തുത്യര്‍ഹമായ നിലപാടോ ഒന്നും അവര്‍ക്ക് പ്രശ്നമേയല്ല. സര്‍ക്കാരിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയേപറ്റൂ അവയ്ക്ക്! ഇതൊരു ക്ലോസ്ഡ് ചാപ്റ്ററായിപ്പോവാതിരിക്കാന്‍ ആ സാധു സ്ത്രീയെ ചാനലുകളില്‍ വിളിച്ചിരുത്തി സിബിഐ അന്വേഷണാവശ്യമുന്നയിപ്പിക്കുന്നതാണ് കാണുന്നത്. കോങ്കി-സംഘി ഉറഞ്ഞുതുള്ളലുകളും കാണുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഒരു സിറ്റിങ് എംഎല്‍എക്കെതിരെ യുവതിയായ ഒരു വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കേസു ചുമത്തപ്പെട്ട് ജയിലിലായിട്ടും അയാള്‍ക്കെതിരെയല്ല, ആ സ്ത്രീക്കെതിരെയും അവരുടെ പരാതി പരിഗണിച്ച പൊലീസിനും സര്‍ക്കാരിനുമെതിരെയും മൈക്ക് തിരിച്ചുപിടിച്ച പാരമ്പര്യമുള്ള അതേ ജനുസ്സുകളാണ് ഇപ്പോള്‍ വാളയാര്‍ കുട്ടികളുടെ പേരില്‍ ഉറഞ്ഞുതുള്ളുന്നതെന്നും ഓര്‍ക്കുക. വയനാട്ടിലെ 70 കഴിഞ്ഞ ഡിസിസി ജനറല്‍ സെക്രട്ടറി 16 കാരിയായ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസും നമ്മളെ മാധ്യമശിങ്കങ്ങള്‍ കണ്ണടച്ചിരുട്ടാക്കിയത് ഈ നാട് മറന്നിട്ടില്ല. കൂട്ടത്തിലൊന്നു പറയട്ടെ, മറ്റു ചാനലുകളില്‍ ഈ പുകിലൊക്കെ നടക്കുമ്പോഴും നമ്മുടെ ലോക്കല്‍ റിപ്പബ്ലിക് ടിവിയായ ന്യൂസ് 24 ഇന്നും ശിവശങ്കറിലും സ്പീക്കറുടെ സെക്രട്ടറിയിലും തല തല്ലുക തന്നെയാണ്.
ഇനി മ്മക്ക് അതിലേക്കു തന്നെ ഒന്നു തിരിയാം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കോടതിയില്‍ കുറ്റപത്രം നല്‍കീരിക്കയാണല്ലോ. പക്ഷേല്, കസ്റ്റംസുകാരും ഇഡിയും ഈ കേസിലെ മുഖ്യസൂത്രധാരനായി കുറ്റപത്രത്തില്‍ പറയണ എം ശിവശങ്കര്‍ പ്രതിയേ അല്ല! ഇതെന്തര് മറിമായം എന്‍റപ്പനേ! കസ്റ്റംസുകാരും ഇഡിക്കാരും കയ്യേലുള്ള തെളിവിന്‍റെ തുണ്ടുകള്‍ ങ്ങട് കൊടുത്തില്ലേന്തോ? ഇല്ലാരിക്കും ല്ലേ! ശിവശങ്കറിനെക്കുറിച്ച് എന്‍ഐഎ കുറ്റപത്രം മൗനം ന്ന് മാധ്യമശിങ്കങ്ങള്‍ മൊഴിയുമ്പോള്‍ എന്തരോ ഇനീം ബാക്കീണ്ട് എന്ന് ഒരു തോന്നല്! പോട്ടെ.
എന്നാല്, മ്മളെ മുഖ്യധാരാ മാധ്യമങ്ങള് നവംബര്‍ മുപ്പതിനോ ഡിസംബര്‍ ഒന്നിനോ ബല്യേ തലക്കെട്ട് നല്‍കി പറഞ്ഞൊരു കാര്യോണ്ടല്ലോ ശിവശങ്കറിനെതിരെ എന്‍ഐഎ ഊപ്പ ചുമത്തി അകത്തിടുമെന്ന്, പിന്നെ അതിയാന്‍ സൂര്യവെളിച്ചം കാണണമെങ്കില്‍ ജയിലിടിയണമെന്ന്. അതെന്താ അപ്പനേ ഈ ശിവശങ്കരന്‍ വേറെയാണോ? എന്തരോ എന്തോ? അല്ല, അത് ഇലക്ഷന്‍ സ്പെഷ്യല്‍ ആയിരിക്കുമല്ലേ? ഇനി അമ്മാതിരി തള്ള് കാണണമെങ്കില് രണ്ടുമാസം കൂടി കഴിയണമാരിക്കും.
ദാണ്ടെ നോക്കിയേ ജനുവരി 5ന്‍റെ മനോരമേടെ 11-ാം പേജ്. അതേല് അടുത്ത ഘട്ടത്തിലേക്കുള്ള വെടിമരുന്ന് കിടപ്പുണ്ട്. എന്താത്? നോക്കിയേക്കാം: "ശിവശങ്കറിനെതിരെ കുറ്റപത്രം. വിചാരണാനുമതി വേണ്ടെന്ന് ഇഡിക്ക് നിയമോപദേശം. പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകും." അപ്പം ആരാണാവോ ഇഡീന്‍റെ നിയമോപദേശി? ആ സ്റ്റോറീന്‍റെ തുമ്പേല്‍ തൂക്കീട്ടേക്കണ കാര്യം ഒന്ന് നോക്കിയേക്കാം. ശിവശങ്കറില്‍നിന്ന് സി എം രവീന്ദ്രനിലേക്കാണ് ഒരൊറ്റ ചാട്ടം -അതിങ്ങനെ: "ഇതേ സമയം, മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം ചുമത്താനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സ്വത്തു സംബന്ധിച്ച് രവീന്ദ്രന്‍ കൈമാറിയ രേഖകള്‍ നിയമപരമായി നിലനില്‍ക്കുന്നതാണ്. ഇതിലൊന്നും രവീന്ദ്രന്‍ കള്ളപ്പണം വെളിപ്പിച്ചതിനോ വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനോ തെളിവില്ല. ഈ സാഹചര്യത്തില്‍ വിശദമായ തുടരന്വേഷണം നടത്താനും വേണ്ടിവന്നാല്‍ വീണ്ടും ചോദ്യം ചെയ്യാനുമാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്."
അപ്പോ സങ്കതികളുടെ ഒരു കെടപ്പ് അങ്ങനെയാണ്. തെളിവില്ലെന്ന് തെളിഞ്ഞാലും തുടരന്വേഷണം തുടരും. മെയ് വരെ കഥ തുടരണമല്ലോ. മ്മളെ കോട്ടയം പത്രം തന്നെയാണല്ലോ പ്രതി പൂവന്‍ കോഴീന്ന് പറഞ്ഞപോലെ രവീന്ദ്രനിട്ട് കുരുക്കുമുറുക്കീത്. ഇപ്പം കഴിഞ്ഞ ഇലക്ഷന് മുന്‍പായി കുറേനാള് ഒന്നാം പേജില് മത്തങ്ങാ വിളമ്പീതാണല്ലോ! മുല്ലപ്പള്ളീം ഉള്ളീം പിന്നെ മ്മളെ ആറെംപീം ങ്ങട് തറപ്പിച്ച് പറേണത് കേട്ട് അതെന്നെ തെളിവാക്കിയാ പോരെന്നാ റബറ് പത്രത്തിന്‍റെ ഒരിത്! അങ്ങനെയങ്ങ് വിട്ടുകളയരുതേ എന്‍റെ ഇഡി തേവരേന്നാണ് ഇപ്പം കണ്ടത്തിലുകാരുടെ ഒരേയൊരു പ്രാര്‍ഥന! മ്മളെ കുഞ്ഞൂഞ്ഞാശാനേ കൊറച്ചൂസംകൂടി ആ കസേരേല് പിടിച്ചൊന്നിരുത്താന്‍ എന്നാലല്ലേ ഒരു വഴിയൊള്ളൂ! എന്നാലേ എന്‍റെ മനോരമ കൊച്ചാട്ടമ്മാരേ, മ്മളെ നേമത്തെ രാജേട്ടന്‍ പറഞ്ഞത് മറക്കണ്ട, മ്മള് സ്വര്‍ണത്തിന്‍റേം സ്വപ്നേടേം പിന്നാലെ നടന്നപ്പം പിണറായീം കൂട്ടരും വികസനവും ക്ഷേമവുമായി മുന്നോട്ടുപോയി, ജനം ഓരിക്കു പിന്നാലേം!
മ്മളെ കോണ്‍ഗ്രസിന്‍റെ ഗവേഷകര്‍ ജഗജില്ലികളാണ്. തോല്‍വിയെ വിജയമാക്കും, വിജയിച്ചാല്‍ തോറ്റതാക്കും- അമ്മാതിരി ഗവേഷണപടുക്കളാണ് കെപിസിസിക്കുള്ളത്. അതോണ്ട് ജനം തോല്‍പ്പിച്ചാലും കുഴപ്പമില്ല. ജയിച്ചതായി കണക്കുണ്ടാക്കി ആത്മരതിയില്‍ അഭിരമിക്കാം. അവരുടെ ചെയര്‍മാന്‍ സാറാണെങ്കില്‍ ജെഎന്‍യുവില്‍നിന്ന് ഗവേഷണ ബിരുദം നേടിയ ആളുമാണ്.
എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ വോട്ട് യുഡിഎഫിന് കിട്ടീന്ന് ഓര് ഗവേഷിച്ച് കണ്ടെത്തിയിരിക്കുന്നു. വോട്ടെണ്ണത്തിലും ശതമാനക്കണക്കിലും ഓരിക്കാണത്രെ കൂടുതല്‍ കിട്ടീത്. അപ്പോ കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയിലെല്ലാം കൂടുതല്‍ സീറ്റും ഭരണവും എല്‍ഡിഎഫിന് എങ്ങനെ കിട്ടീന്നു മാത്രം ചോദിച്ചേക്കരുതേ ഗവേഷകരോട്. ഗവേഷണ സമിതി ചെയര്‍മാനോട് ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചാല്‍ പുള്ളിക്കാരന്‍പറയും അതാണ് അതിന്‍റെയൊരു മെത്തഡോളജീന്ന്. ജില്ലാ പഞ്ചായത്തിലേക്ക് ഓരോ മുന്നണിക്കും കിട്ടിയ വോട്ടിനൊപ്പം കോര്‍പറേഷന്‍, മുന്‍സിപ്പല്‍ വാര്‍ഡുകളിലെ വോട്ടും കൂടിചേര്‍ത്താല്‍ മാത്രം മതി ഓരോ മുന്നണിക്കും മൊത്തം കിട്ടിയ വോട്ടെത്രയെന്ന് കൃത്യമായി ലഭിക്കും. പക്ഷേല് അതൊന്നും ഈ കോണ്‍ഗ്രസ് ഗവേഷകരോട് പറഞ്ഞേക്കരുത്! •