ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം

കെ എ വേണുഗോപാലന്‍

2020ഡിസംബര്‍ 24 ന്‍റെ മാധ്യമം ആഴ്ചപ്പതിപ്പില്‍ ജനവിധിയിലെ മലബാര്‍ എന്ന ലേഖനം ജമാഅത്തെ ഇസ്ലാമിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് വിശകലനമാണ്. അതില്‍ ഇപ്രകാരം പറയുന്നു. "തദ്ദേശ തിരഞ്ഞെടുപ്പ് കൂടിയാലോചനകള്‍ ആരംഭിച്ചത് മുതല്‍ ഇന്നും കേരള രാഷ്ട്രീയ ചര്‍ച്ചയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരായി വെല്‍ഫെയര്‍ പാര്‍ട്ടി. തുടക്കം മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെയും ജമാഅത്തെ ഇസ്ലാമിയെയും വര്‍ഗീയതയുമായി കൂട്ടിക്കെട്ടി ചര്‍ച്ചകളില്‍ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതൃത്വം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു." ജമാഅത്തെ ഇസ്ലാമിയും അതിന്‍റെ രാഷ്ട്രീയ രൂപമായ വെല്‍ഫയര്‍ പാര്‍ടിയും വര്‍ഗീയത ഒട്ടും ഇല്ലാത്ത ഒരു തികഞ്ഞ മതനിരപേക്ഷ പാര്‍ടിയാണെന്നും അതിനെ വര്‍ഗീയമാക്കാന്‍ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും  ശ്രമിക്കുകയാണെന്നുമാണ് മാധ്യമം വിലപിക്കുന്നത്.
എന്താണ് വര്‍ഗീയത എന്ന് ആദ്യം പരിശോധിക്കാം. മതവിശ്വാസത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുമ്പോഴാണ് വര്‍ഗീയത രൂപം കൊള്ളുന്നത്. ജമാഅത്തെ ഇസ്ലാമി അത്തരത്തില്‍ ഒരു വര്‍ഗീയ സംഘടനയാണോ?
എന്താണ് ജമാഅത്തെ ഇസ്ലാമി എന്ന് പരിശോധിക്കാം. ഇന്ത്യയില്‍ ആദ്യമായി ദ്വിരാഷ്ട്രവാദം ഉന്നയിക്കുന്നത് വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന ഹിന്ദുമഹാസഭാ നേതാവാണ്. 1937 ല്‍ അഹമ്മദാബാദില്‍ വെച്ചുനടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിലാണ് അദ്ദേഹം ഈ വാദം ഉന്നയിക്കുന്നത്. തുടര്‍ന്ന് ലീഗ് നേതാവായ മുഹമ്മദലി ജിന്നയും ഇതേ വാദം ഉന്നയിക്കുന്നുണ്ട്. ജിന്ന അല്ല ജമാഅത്തെ ഇസ്ലാമി രൂപീകരിച്ചത്. ജമാഅത്തെ ഇസ്ലാമി രൂപീകരിച്ചത് മൗലാന സയ്യിദ് അബ്ദുല്‍ അല്‍ മൗദൂദിയാണ്. 1941 ആഗസ്ത് 26ന് അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ വച്ചാണ് ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണം നടക്കുന്നത്. മൗദൂദി തന്നെയായിരുന്നു സംഘടനയുടെ പ്രഥമ അമീര്‍. സംഘടനയുടെ ആസ്ഥാനം പഞ്ചാബിലെ പത്താന്‍കോട്ടിന് അടുത്തുള്ള ദാറുല്‍ ഇസ്ലാമിലായിരുന്നു. മൗദൂദി വിഭജനാനന്തരം പാകിസ്താനിലേക്ക് പലായനം ചെയ്യുന്നതുവരെ ഇവിടെയായിരുന്നു സംഘടനയുടെ കേന്ദ്രം. ഹുക്കുമത്തെ ഇലാഹി അതായത് ദൈവിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം. ഭരണമില്ലാത്ത ഇസ്ലാം സാങ്കല്പിക ഭവനം പോലെയാണെന്നായിരുന്നു മൗദൂദിയുടെ നിലപാട്. ഭൂമിയില്‍ അല്ലാഹുവിന്‍റെ ഭരണം സ്ഥാപിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് പരമാധികാരം നല്‍കുന്ന ജനാധിപത്യ ഭരണ സംവിധാനത്തെ ഇല്ലാതാക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആത്മീയതലത്തില്‍ നിന്ന് ദൈവത്തെ രാഷ്ട്രീയതലത്തിലേക്ക് ആനയിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. മതത്തെ രാഷ്ട്രീയാധികാരം നേടുന്നതിനുവേണ്ടി  ഉപയോഗിക്കുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളില്‍ ഒന്നാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ക്ക് വര്‍ഗീയമായല്ലാതെ ചിന്തിക്കാനാവില്ല. ദൈവത്തിന്‍റെ പരമാധികാരം പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പില്‍ മാത്രമല്ല മനുഷ്യജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അംഗീകരിക്കപ്പെടണം എന്നതായിരുന്നു മൗദൂദിയുടെ കാഴ്ചപ്പാട്. ജിന്ന പോലും ഇതിനോടു യോജിച്ചിരുന്നില്ല. 1947 ആഗസ്ത് 11 ന് പാകിസ്ഥാനിലെ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയില്‍ ജിന്ന നടത്തിയ പ്രസംഗം ഇതിനു തെളിവാണ്. "നിങ്ങള്‍ സ്വതന്ത്രരാണ്. പാകിസ്ഥാന്‍ എന്ന ഈ രാജ്യത്ത് നിങ്ങള്‍ക്ക് ക്ഷേത്രത്തിലോ പള്ളിയിലോ മറ്റേത് ആരാധനലയങ്ങളിലോ പോകുവാന്‍ സ്വാതന്ത്ര്യമുണ്ട്" എന്ന് ജിന്ന പ്രഖ്യാപിച്ചു."നിങ്ങള്‍ ഏതു മതത്തിലോ ജാതിയിലോ വംശത്തിലോ ആണെന്നത് ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി ഒരിക്കലും ബന്ധപ്പെടുത്തുന്നതല്ല." ഇതുപോലും അംഗീകരിക്കാന്‍ മൗദൂദിക്ക് കഴിയുമായിരുന്നില്ല. മൗദൂദി എഴുതിയ 'ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം' എന്ന പുസ്തകത്തില്‍ താഴെ പറയും പ്രകാരം അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. "മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു : ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഇമാമിനും കടക വിരുദ്ധമാണ്. നിങ്ങളതിന്‍റെ മുമ്പില്‍ സര്‍വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനിനെ പുറകോട്ടു വലിച്ചെറിയലായിരിക്കും. നിങ്ങളതിന്‍റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്‍റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയര്‍ത്തല്‍ ആയിരിക്കും." അതാണ് ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥയെ കുറിച്ചുള്ള ജമാഅത്തെ ഇസ്ലാമിയുടെ ആധികാരിക കാഴ്ചപ്പാട്. 1952 ല്‍ ഇറങ്ങിയ പ്രബോധനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: "ചുരുക്കത്തില്‍ താത്ത്വികമായും കര്‍മപരമായും ദീനും മതനിരപേക്ഷതയും പരസ്പര വിരുദ്ധമാണ്. നേര്‍ക്കുനേരെയുള്ളത് അവ രണ്ടില്‍ ഏതെങ്കിലും ഒന്നിനോട് മാത്രം പൂര്‍ണ ബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുക എന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ."
ഇതു പറയുമ്പോള്‍ അന്നത്തെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടില്‍ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ട് എന്ന വാദം ചിലര്‍ ഉന്നയിച്ചേക്കാം. 1956 വരെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം ഹുകുമത്തെ ഇലാഹി ആയിരുന്നു എങ്കില്‍ ഇപ്പോള്‍ ഇഖാമത്തെ ദീന്‍ ആക്കി മാറ്റിയിട്ടുണ്ട് എന്നാവും അവര്‍ വാദിക്കുക. എന്നാല്‍ പദപ്രയോഗങ്ങളില്‍ മാറ്റം ഉണ്ടെങ്കിലും ഇതു രണ്ടും ഒന്നാണെന്ന് 1992 ല്‍ ജമാഅത്തെ ഇസ്ലാമിയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രബോധനത്തിന്‍റെ പ്രത്യേക പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ സയ്യിദ് ഹാമിദ് ഹുസൈന്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി വളര്‍ച്ചയുടെ ആദ്യ പടവുകള്‍ എന്ന ആ ലേഖനത്തില്‍ പറയുന്നത് താഴെ ചേര്‍ക്കുന്നു: "ജമാഅത്തിന്‍റെ പ്രാരംഭ ലക്ഷ്യമായ ഹുകുമത്തെ ഇലാഹിയെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു. ചില തല്‍പ്പര കക്ഷികള്‍ ഗവണ്‍മെന്‍റിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്‍റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ ഹുകുമത്തെ ഇലാഹി എന്നതിനുപകരം ഇഖാമത്ത് ദീന്‍ എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീന്‍ എന്ന പ്രയോഗം ഖുര്‍ആന്‍റെ സാങ്കേതിക ശബ്ദമാണ് എന്നതിനുപുറമേ ഹുകുമത്തെ ഇലാഹി യുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നതു കൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് അതില്‍ സാധ്യത അവശേഷിക്കുകയില്ല. സാങ്കേതിക ശബ്ദം എന്ന നിലയില്‍ ജമാഅത്ത് ഇപ്പോഴും ഇതേ പദം തന്നെയാണ് ഉപയോഗിച്ചുവരുന്നത്. ഭരണഘടനയില്‍ അതിന് അത്യാവശ്യ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.' എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
പിന്നീട് നിരോധിക്കപ്പെട്ട സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യ എന്ന സിമിക്ക് ജന്മം നല്‍കിയത് ജമാഅത്തെ ഇസ്ലാമിയാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്തി വര്‍ഗീയത പ്രചരിപ്പിക്കാന്‍  മുന്നോട്ടുവന്നത് സിമി ആയിരുന്നു. ഇപ്പോള്‍ അവര്‍ അതിന്‍റെ പിതൃത്വം ഒഴിയാന്‍ ശ്രമിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണമായ പ്രബോധനത്തിന്‍റെ അമ്പതാം വാര്‍ഷികപ്പതിപ്പില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ ഇസ്ലാമിക യുവജന പ്രസ്ഥാനം കേരളത്തില്‍ എന്ന ലേഖനത്തില്‍ സിമിയുടെ പിതൃത്വം സമ്മതിക്കുന്നുണ്ട്. "1977 ഏപ്രില്‍ 16 മുതല്‍ 18 വരെ ഉമറാബാദ് ദാറുസ്സലാമിന്‍റെ ജൂബിലി ആഘോഷം ആയിരുന്നു. അതില്‍ സംബന്ധിച്ച ശേഷം മദ്രാസ് വഴി അലിഗറിലേക്ക് പുറപ്പെട്ടു. ഏപ്രില്‍ 24, 25 തീയതികളില്‍ അവിടെ നടക്കുന്ന വിദ്യാര്‍ഥി യുവജന സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംബന്ധിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ നിന്ന്  ഉസ്മാന്‍ തറവായിയും അവിടെ എത്തിച്ചേര്‍ന്നു. അങ്ങനെ കേരളത്തെ പ്രതിനിധീകരിച്ച് ഞങ്ങള്‍ രണ്ടുപേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്നവരും രണ്ടുദിവസം യോഗം ചേര്‍ന്നു. അവിടെവെച്ചാണ് സിമി രൂപീകരിക്കപ്പെട്ടത്". സിമി എന്ന തീവ്രവാദ സംഘടനയുടെ പിന്മുറക്കാരാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. സിമിയുടെ ദേശീയ സെക്രട്ടറി ആയിരുന്ന അബ്ദുറഹിമാന്‍ പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ചെയര്‍മാനായും സിമിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന സെക്രട്ടറി ആയും മാറി. 
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ആദ്യം സഖ്യം ഉണ്ടാക്കുകയും പിന്നീട് അതിനെ ഐക്യജനാധിപത്യമുന്നണി അംഗീകരിക്കുകയുമാണ് ചെയ്തത്. മുല്ലപ്പള്ളി അതിന് എതിരായിരുന്നു. ചെന്നിത്തലയോ ഹസ്സനോ ഉമ്മന്‍ചാണ്ടിയോ അതിന് എതിരായിരുന്നില്ല എന്നു മാത്രമല്ല അനുകൂലവുമായിരുന്നു. ആ സഖ്യം നന്നായി പ്രവര്‍ത്തിച്ചത് പഴയമലബാറില്‍ ആയിരുന്നു. അതുകൊണ്ട് മലപ്പുറം ജില്ലയില്‍ നേട്ടമുണ്ടാക്കാന്‍ ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഒക്കെ കഴിഞ്ഞിട്ടുമുണ്ട്. മാധ്യമം വാരിക അതു തുറന്നു സമ്മതിക്കുന്നുണ്ട്. പക്ഷേ വര്‍ഗീയമായ ഈ കൂട്ടുകെട്ട് കേരളീയ സമൂഹത്തില്‍ എന്തു ഫലമാണ് ഉളവാക്കുക എന്നതാണ് ചിന്തിക്കേണ്ട വിഷയം. എപ്പോഴൊക്കെ ഇസ്ലാമിക ഐക്യം രൂപപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ അതിന്‍റെ നേര്‍വിപരീതവും ഐക്യപ്പെടാന്‍ ശ്രമിക്കും. കേരളത്തില്‍ ശക്തമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം ഉള്ളതുകൊണ്ടുമാത്രമാണ് ആ ദുരന്തം ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാവാതിരുന്നത്. എന്നാല്‍ അങ്ങിങ്ങായി അതിന്‍റെ അലയൊലികള്‍ ഉണ്ടായിട്ടുള്ളതായി സൂക്ഷ്മമായി പരിശോധിച്ചാല്‍ കണ്ടെത്താനാവും. ആ പ്രവണത ശക്തിപ്പെട്ടാല്‍ കേരളത്തില്‍ നേട്ടം ഉണ്ടാക്കുക ബിജെപി ആയിരിക്കും എന്നു മനസ്സിലാക്കാന്‍ കോണ്‍ഗ്രസിലെ മതനിരപേക്ഷ വാദികളായ ജനങ്ങള്‍ തയ്യാറാവണം. തെറ്റായ നയം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം അണിനിരക്കാന്‍ അവര്‍ തയ്യാറാവണം. •