കോവിഡ് മഹാമാരിയും സോഷ്യലിസത്തിന്‍റെ മേന്മയും

ജി വിജയകുമാര്‍


“സോഷ്യലിസം എന്നാല്‍ വലിയ, വലിയ ആശയങ്ങളല്ല; കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തവുമല്ല. ഭവനരഹിതരെ സംബന്ധിച്ചിടത്തോളം സോഷ്യലിസം വാസയോഗ്യമായ വീടാണ്. കുടിക്കാന്‍ കൊള്ളാവുന്ന ശുദ്ധജലം ലഭിക്കാത്തവര്‍ക്ക് അതിന്‍റെ അര്‍ഥം കുടിവെള്ളമെന്നാണ്. സോഷ്യലിസമെന്നാല്‍ ആരോഗ്യ പരിചരണമെന്നാണ്; വാര്‍ധക്യത്തിലെത്തിയവരെ സംബന്ധിച്ചിടത്തോളം അത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയുകയെന്നതാണ്. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ഭീമമായ അന്തരം ഇല്ലാതാക്കുകയെന്നാണ് സോഷ്യലിസം എന്നാല്‍ അര്‍ഥം. എല്ലാവര്‍ക്കും മാന്യമായ, വിദ്യാഭ്യാസം എന്നാണര്‍ഥം".
ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യ സമരനായകനും കമ്യൂണിസ്റ്റ് രക്തസാക്ഷിയുമായ ക്രിസ് ഹാനിയുടെ വാക്കുകളാണിത്. 1990കളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയന്‍റെ പതനത്തോടെ സോഷ്യലിസത്തിന്‍റെ കഥ കഴിഞ്ഞുവെന്ന് ഓരിയിട്ട് മുതലാളിത്തത്തിന്‍റെ മുഖത്തുനോക്കി ക്രിസ് ഹാനി വിളിച്ചു പറഞ്ഞതാണ് ഈ വാക്കുകള്‍. മുതലാളിത്തത്തിനപ്പുറം ചരിത്രമില്ലെന്ന് സിദ്ധാന്തിച്ച ഫ്രാന്‍സിസ് ഫുക്കുയാമയ്ക്കും കാല്‍നൂറ്റാണ്ടിനുശേഷം ഇത് സമ്മതിക്കേണ്ടതായിവന്നു എന്നതാണ് ഇന്നത്തെ യാഥാര്‍ഥ്യം. ഈ കോവിഡ് കാലത്തെ ലോകാനുഭവങ്ങള്‍ ഇത് കൂടുതല്‍ സാധൂകരിക്കുന്നു.
ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ കാര്‍ലോസ് മാര്‍ടിനെസ് ഇങ്ങനെയാണ് നിരീക്ഷിക്കുന്നത്: "ചൈനയെ അപഹസിക്കുന്നതില്‍ ഏര്‍പ്പെടുന്നതിനെക്കാള്‍ ചൈനയില്‍നിന്ന് പഠിക്കുന്നതിനുള്ള സമയമാണിത്. മഹാമാരിയെ നേരിടുന്നതില്‍ ചൈനയുടെ വിജയത്തില്‍നിന്നും സജീവമായി പാഠങ്ങള്‍ ഉള്‍ക്കൊള്ളാതിരിക്കുന്നത് ഏതു രാജ്യത്തെ ഗവണ്‍മെന്‍റായാലും അത് സ്വന്തം ജനതയോട് കാണിക്കുന്ന അക്ഷന്തവ്യമായ കുറ്റകൃത്യമായിരിക്കും. ദൗര്‍ഭാഗ്യവശാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ രൂഢമൂലമായിട്ടുള്ള വംശീയതയും കമ്യൂണിസ്റ്റ് വിരോധവും - മഞ്ഞപ്പേടിയും ചുവപ്പ് ഭീതിയും - അവിടങ്ങളിലെ ഗവണ്‍മെന്‍റുകളെയും മാധ്യമങ്ങളെയും മഹാമാരി നേരിടുന്നതിനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കാന്‍ വൈമനസ്യമുള്ളവരാക്കുന്നു" (കാറല്‍ മാര്‍ക്സ് വുഹാനില്‍: കോവിഡ് 19നെ ചൈനീസ് സോഷ്യലിസം ചെറുക്കുന്നതെങ്ങനെ? - 2020 ഏപ്രില്‍).
അമേരിക്കന്‍ എഴുത്തുകാരനായ ജോണ്‍ റോസ് 2020 മാര്‍ച്ച് 20ന് എഴുതിയ ഒരു ബ്ലോഗ് ലേഖനത്തില്‍ പറയുന്നു: "കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതില്‍ ചൈന പ്രകടമാക്കിയ മികവിന്‍റെ അനുകൂലവശങ്ങള്‍ പഠിക്കുന്നതിനുപകരം പാശ്ചാത്യമാധ്യമങ്ങളും അമേരിക്കന്‍ ഗവണ്‍മെന്‍റും ചൈനാവിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അന്ധമായ ചൈനാവിരുദ്ധ പ്രചാരണ  കോലാഹലം പാശ്ചാത്യ ഗവണ്‍മെന്‍റുകളെയും മാധ്യമങ്ങളെയും അവിടങ്ങളില്‍ ഉരുണ്ടുകൂടിവന്ന പ്രതിസന്ധിയെ അവഗണിക്കുന്നതിനു ഇടയാക്കി; അതാണ് ഇന്ന് അവ നേരിടുന്ന മനുഷ്യമഹാദുരന്തത്തിനും സാമ്പത്തികത്തകര്‍ച്ചയ്ക്കും കാരണമായത് എന്നതാണ് നഗ്നസത്യം".
സമാനമായ ഒട്ടേറെ നിരീക്ഷണങ്ങള്‍ ഈ മഹാമാരി പടര്‍ന്നുപിടിച്ചുകൊണ്ടിരുന്ന ആദ്യമാസങ്ങളില്‍ തന്നെ പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകരും ചില വൈദ്യശാസ്ത്ര ഗവേഷകരും നടത്തിയിരുന്നു. എന്നാല്‍ അവിടങ്ങളിലെ ഗവണ്‍മെന്‍റുകളും മുഖ്യധാരാ മാധ്യമങ്ങളും അവയ്ക്കെല്ലാം നേരെ കണ്ണടച്ചുവെന്നു മാത്രമല്ല, ഇതേ നിലപാട് സ്വീകരിച്ച ലോകാരോഗ്യ സംഘടനയ്ക്കുനേരെ വാളോങ്ങുക പോലുമുണ്ടായി. അമേരിക്കയാകട്ടെ ലോകാരോഗ്യ സംഘടനയ്ക്കു നല്‍കിയിരുന്ന ഫണ്ട് നിഷേധിക്കാനും ആ സംഘടനയില്‍നിന്ന് പുറത്തുപോകാനും പോലും മടിച്ചില്ല.
ചൈനയില്‍നിന്ന് പഠിക്കുകയെന്ന ഈ നിരീക്ഷണങ്ങള്‍ പുറത്തുവന്നത് 2020 മാര്‍ച്ച് മൂന്നാം വാരത്തിലെ കോവിഡ് കണക്കുകളെ ആധാരമാക്കിയാണ്. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ 80,026 കോവിഡ് കേസുകള്‍ ഉണ്ടായിരുന്ന ചൈനയില്‍ മാര്‍ച്ച് മൂന്നാമത്തെ ആഴ്ചയായപ്പോള്‍ 81,054 ആയി വര്‍ധിച്ചു - 1.3 ശതമാനത്തിന്‍റെ വര്‍ധനവ്. മാര്‍ച്ച് ആദ്യം ലോകത്തിലെ ഇതര രാജ്യങ്ങളിലാകെ ഉണ്ടായിരുന്ന കോവിഡ് രോഗികളുടെ എണ്ണം 8559 മാത്രമായിരുന്നെങ്കില്‍ അത് മൂന്നാം വാരമായപ്പോള്‍ 2,23,982 ആയി കുതിച്ചുയര്‍ന്ന (2516% വര്‍ധന) പശ്ചാത്തലത്തിലാണ് ഇത്തരം നിരവധി നിരീക്ഷണങ്ങള്‍ ഉണ്ടായത്. 
എന്നാല്‍ ഇന്നോ? താരതമ്യം തന്നെ അസാധ്യമായവിധം ഭീകരമാണവസ്ഥ. ലോകത്താകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് കേസുകളുടെ എണ്ണം 8 കോടി 60 ലക്ഷം കവിഞ്ഞിരിക്കുന്നു. മരണസംഖ്യയാകട്ടെ 19 ലക്ഷത്തോടടുക്കുന്നു. ലോകത്തെ 218 രാജ്യങ്ങളും ഈ മഹാമാരിയുടെ പിടിയില്‍പെട്ടിരിക്കുന്നു. അപ്പോള്‍ ലോകത്ത് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ട, കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ, ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ചൈനയിലെ ഇന്നത്തെ അവസ്ഥയോ? ചൈനയില്‍ 2021 ജനുവരി 5-ാം തീയതിയിലെ കണക്കുപ്രകാരം 87,150 പേരെയാണ് ഇതേവരെ കോവിഡ് 19 ബാധിച്ചത്. അതില്‍ 82105 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 4,634. നിലവില്‍ ചികിത്സയിലുള്ളത് 411 പേര്‍.
2020 ജനുവരി 20ന് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കയില്‍ ഇതേവരെയുള്ള മൊത്തം കോവിഡ് കേസ് 2.13 കോടി കഴിഞ്ഞിരിക്കുന്നു - മരണം 3,61,891ഉം. ലോകത്ത് രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയില്‍ മൊത്തം കേസ് 1.036 കോടിയും മരണസംഖ്യ 1.5 ലക്ഷവുമായിരിക്കുന്നു. ബ്രസീലില്‍ 77.5 ലക്ഷം മൊത്തം കേസും മരണം 19.66 ലക്ഷവും. റഷ്യയില്‍ മൊത്തം രോഗബാധിതര്‍ 32.6 ലക്ഷവും മരണസംഖ്യ 58,988 ഉം. ബ്രിട്ടനില്‍ ഇത് യഥാക്രമം 27.14 ലക്ഷവും 75,431 ഉം ആണ്.
ഏഷ്യയിലാകെ കോവിഡ് മൂലം മരണപ്പെട്ട 3.05 ലക്ഷം പേരില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. ആഫ്രിക്കയില്‍ കോവിഡ് മരണം 63,000ഉം യൂറോപ്പില്‍ 5,52,000ഉം ആണ്. മരണസംഖ്യ ഇറ്റലിയില്‍ 72,000ഉം ഫ്രാന്‍സില്‍ 63,000ഉം സ്പെയിനില്‍ 50,000ഉം ജര്‍മനിയില്‍ 30,000ഉം കടന്നു. അമേരിക്കയില്‍ 2020 ഡിസംബര്‍ മാസത്തില്‍ മാത്രം 70,000 ത്തോളം മനുഷ്യര്‍ കോവിഡ് രോഗത്താല്‍ മരിച്ചതായാണ് കണക്ക്. ഇപ്പോള്‍ ദിനംപ്രതി 3,500 പേര്‍ കോവിഡ് മൂലം മരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയില്‍ "സംസ്ഥാനങ്ങള്‍ ഇപ്പോഴത്തെ തോതിലുള്ള രോഗവ്യാപനം നിയന്ത്രിക്കാന്‍ നടപടികളുണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്നാകുമ്പോള്‍ മരണസംഖ്യ 7,70,000 ആയി വര്‍ധിക്കു"മെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍റ് ഇവാലുവേഷന്‍ ഡിസംബറില്‍ നല്‍കിയ താക്കീത്. വാക്സിന്‍ നല്‍കിയാല്‍ പോലും ഇതില്‍ വലിയ മാറ്റമുണ്ടാകില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍മിപ്പിക്കുന്നു. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രവചിച്ചത് "ഇരുളടഞ്ഞ ശീതകാലമാണ്" മുന്നിലെന്നാണ്. എന്നാല്‍ ഇതിനുപരിഹാരമായി അദ്ദേഹത്തിനു നിര്‍ദ്ദേശിക്കാനുള്ളത്, താന്‍ പ്രസിഡന്‍റായി ചുമതലയേറ്റ് 100 ദിവസത്തിനുള്ളില്‍ മാസ്ക്ക് ധരിക്കാന്‍ എല്ലാ അമേരിക്കക്കാരോടും ആവശ്യപ്പെടുമെന്ന് മാത്രമാണ്. മഹാമാരി ഇത്ര രൂക്ഷമായ ഈ ഘട്ടത്തില്‍ ഇതിനപ്പുറം ഒന്നും ആലോചിക്കാന്‍ കഴിയാത്തതുതന്നെ മുതലാളിത്തത്തിന്‍റെ പരിമിതിയാണ് വെളിപ്പെടുത്തുന്നത് - മനുഷ്യജീവന് വില കല്‍പിക്കാത്ത മുതലാളിത്തത്തിന്‍റെ ലാഭക്കൊതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ച കമ്യൂണിസ്റ്റ് പാര്‍ടിയാല്‍ നയിക്കപ്പെടുന്ന ഗവണ്‍മെന്‍റാണ് ചൈനയില്‍ അധികാരത്തില്‍ എന്നതാണ് അമേരിക്കയില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നുമെല്ലാം ചൈനയെ വേറിട്ടതാക്കുന്നത്. ചൈന മാത്രമല്ല, ക്യൂബയും വിയത്നാമും ലാവോസും ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ വ്യത്യസ്തമായ ചിത്രം കാഴ്ചവെയ്ക്കുമ്പോള്‍ നമുക്ക് കാണാനാവുന്നത് സോഷ്യലിസത്തിന്‍റെ മേന്മ തന്നെയാണ്.
എന്നാല്‍ ഈയിടെ ന്യൂയോര്‍ക്ക് ടൈംസ് പത്രം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍പോലും കോവിഡ് വ്യാപനത്തിന് ചൈനയെ കുറ്റപ്പെടുത്തുന്നതായാണ് കാണുന്നത്. ചൈനീസ് അധികൃതര്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടിരുന്നുവെങ്കില്‍ ഹുബൈ പ്രവിശ്യക്ക് പുറത്തേക്ക് വൈറസ് വ്യാപനം ഉണ്ടാകുമായിരുന്നില്ല എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. എന്നാല്‍ ഇതിന് ഉപോല്‍ബലകമായി വസ്തുനിഷ്ഠമായ തെളിവുകള്‍ നിരത്താന്‍ പത്രത്തിനു കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട് കമ്യൂണിസ്റ്റ് വിരുദ്ധവും ചൈനാവിരുദ്ധവുമായ പ്രത്യയശാസ്ത്ര പോരിനപ്പുറം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ കാണാനാവില്ല. മാത്രമല്ല, 2019 ഡിസംബറില്‍ ഇറ്റലിയിലെ അഴുക്കുചാലില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടതായി 2020 ജൂണില്‍ പുറത്തിറങ്ങിയ ഒരു ഗവേഷണ പഠനത്തിലെ കണ്ടെത്തലും 2019 നവംബറില്‍ തന്നെ ഇറ്റലിയിലെ ഒരു കുട്ടിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള മറ്റൊരു പഠനത്തിലെ വിവരവും അമേരിക്കയിലെ തന്നെ ഹവായ് ദ്വീപില്‍ 2020 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍നിന്ന് അജ്ഞാതരോഗം ബാധിച്ചുള്ള മരണങ്ങളും സംബന്ധിച്ച പഠനം ആവശ്യമാണെന്നതുമൊന്നും ഈ പത്രം ചര്‍ച്ച ചെയ്യുന്നതുമില്ല.
അതുകൊണ്ട് മുതലാളിത്ത രാജ്യങ്ങളും അവയുടെ വക്താക്കളായ കോര്‍പറേറ്റ് മാധ്യമങ്ങളും യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് എന്തുകൊണ്ട് ചൈനയ്ക്കും ക്യൂബയും വിയത്നാമും പോലെയുള്ള പരിമിതമായ വിഭവങ്ങള്‍ മാത്രമുള്ള ചെറിയ രാജ്യങ്ങള്‍ക്കും കോവിഡ് മഹാമാരിയെ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞപ്പോള്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും പോലെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്ക് ഇപ്പോഴും അതിനു കഴിഞ്ഞിട്ടില്ല എന്നന്വേഷിക്കലാണ്. ആ അന്വേഷണം ചെന്നെത്തുക എങ്ങനെയാണ് ഈ മഹാമാരിയെ ചൈന നിയന്ത്രിച്ചത് എന്നതിലേക്കാണ്.
അതേവരെ അജ്ഞാതമായിരുന്ന പുതിയ തരം വൈറസിനെയും അതിന്‍റെ പ്രഹരശേഷിയെയും തിരിച്ചറിഞ്ഞ ചൈനയിലെ പൊതുജനാരോഗ്യവിദഗ്ദ്ധരും ഗവണ്‍മെന്‍റും കമ്യൂണിസ്റ്റു പാര്‍ടിയും നടത്തിയ ഏകോപിതമായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് ചൈനയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം. യഥാര്‍ഥത്തില്‍ ഈ പുതിയ വൈറസിന്‍റെ ഗിനിപിഗ് ആയി മാറുകയായിരുന്നു ചൈന. ചൈനയ്ക്കെന്നല്ല, ലോകത്താര്‍ക്കും 2020 ജനുവരിക്കുമുന്‍പ് ഇതിനെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഴുവന്‍ അംഗങ്ങളും പാര്‍ടി ഘടകങ്ങളും ഈ മഹാമാരിയെ നേരിടാനുള്ള പോരാട്ടത്തില്‍ അണിനിരക്കണമെന്ന പാര്‍ടി ജനറല്‍ സെക്രട്ടറി ഷീ ജിന്‍ പിങ്ങിന്‍റെ ആഹ്വാനം പാര്‍ടി ഒന്നടങ്കം ഏറ്റെടുക്കുകയാണുണ്ടായത്. അങ്ങനെ കോവിഡ് പ്രതിരോധം ഒരു രാഷ്ട്രീയ ദൗത്യമായി ഏറ്റെടുക്കപ്പെടുകയാണുണ്ടായത്.
ടെസ്റ്റിങ്ങും എല്ലാവിധ ചികിത്സയും എല്ലാവര്‍ക്കും തികച്ചും സൗജന്യമായിരിക്കുമെന്ന് തുടക്കത്തില്‍ തന്നെ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടായ കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതിനുള്ള വിവിധ സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കുകയുമുണ്ടായി - വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും തിരിച്ചടവ് നിര്‍ത്തിവെയ്ക്കല്‍, വേലയും കൂലിയും നഷ്ടപ്പെടാതിരിക്കാന്‍ സബ്സിഡികള്‍, ചികിത്സയിലും ക്വാറന്‍റൈനിലുമുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തല്‍ എന്നിവ. ചൈനയുടെ വിവിധ ഭാഗങ്ങളില്‍നിന്നും 30,000ത്തിലധികം ഡോക്ടര്‍മാരെയും നേഴ്സുമാരെയും വുഹാനില്‍ എത്തിച്ചു. 45 ആശുപത്രികള്‍ പൂര്‍ണമായും കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി സജ്ജീകരിച്ചു; എക്സിബിഷന്‍ കേന്ദ്രങ്ങള്‍ പോലെയുള്ള കെട്ടിടങ്ങള്‍ ഏറ്റെടുത്ത് 12 താല്‍കാലികാശുപത്രികളുണ്ടാക്കി; രണ്ട് മൈതാനങ്ങളിലായി 1000ഉം 1300ഉം കിടക്കകളുള്ള രണ്ട് പുതിയ ആശുപത്രികള്‍ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ പടുത്തുയര്‍ത്തി ചരിത്രം സൃഷ്ടിച്ചു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിലായിരുന്നു ചൈനയുടെ മുന്‍ഗണന. അതിനായി വേണ്ടുവോളം വെന്‍റിലേറ്ററുകളും മറ്റുപകരണങ്ങളും അടിയന്തിരമായി നിര്‍മിക്കുന്നതില്‍ പ്രകടിപ്പിച്ച ജാഗ്രതയും ഊര്‍ജസ്വലതയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
വൈറസ് ബാധിച്ച ആളുകളെ ഒന്നൊഴിയാതെ കണ്ടെത്തി ടെസ്റ്റ് ചെയ്യുകയും ചികിത്സ നല്‍കുകയും ചെയ്യുന്നതിന് ചൈനീസ് ആരോഗ്യ പ്രവര്‍ത്തകരും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതരും കമ്യൂണിസ്റ്റു പാര്‍ടി അംഗങ്ങളും ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിച്ചത്. രോഗവ്യാപനം തടയുന്നതിനുവേണ്ടി ആധുനികമായ, ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. രാജ്യത്തുടനീളം പനി പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലൂടെ വിവരങ്ങള്‍ അപ്പപ്പോള്‍ അധികൃതര്‍ക്കു കൈമാറാന്‍ വേണ്ട സംവിധാനം ഉറപ്പാക്കി. ചൈനയിലെ ഐടി അധിഷ്ഠിത വമ്പന്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമുണ്ടായി. രോഗവ്യാപനത്തെക്കുറിച്ച് മുന്‍കൂട്ടി വിശകലനം നടത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സര്‍വ സാധ്യതകളും ചൈന പ്രയോഗിച്ചു. ക്വാറന്‍റൈനിലുള്ളവര്‍ക്ക് ഭക്ഷണവും ഔഷധങ്ങളും എത്തിക്കുന്നതിന് റോബോട്ടുകള്‍ സജ്ജീകരിക്കപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ സംഗതി കോവിഡ് 19 സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചൈനീസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജെനോം സീക്വെന്‍സ് വിശകലനം ചെയ്ത് ലഭിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നതാണ്. ലോകത്തിനാകെ ആ വിവരങ്ങള്‍ അതിവേഗം ലഭ്യമാക്കിയതുമൂലമാണ് വാക്സിന്‍ ഗവേഷണത്തിനടക്കം ത്വരിതഗതിയില്‍ നീങ്ങാന്‍ ലോകത്താകെയുള്ള ഗവേഷകര്‍ക്ക് അനായാസം കഴിഞ്ഞത്. ക്വാറന്‍റൈന്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ്, രോഗബാധിതരെ ഐസോലേഷനില്‍ ചികിത്സ നല്‍കല്‍ എന്ന രീതി ചൈന കര്‍ശനമായി നടപ്പാക്കിയതുമൂലം രാജ്യത്തിന്‍റെ ഇതരഭാഗങ്ങളില്‍ വ്യാപനം തടയല്‍ ഫലപ്രദമായി. ലോകാരോഗ്യ സംഘടന തന്നെ ഈ സ്ട്രാറ്റജി അംഗീകരിക്കുകയാണുണ്ടായത്. തുടക്കത്തില്‍ തന്നെ ഈ കണ്ടയ്ന്‍മെന്‍റ് സ്ട്രാറ്റജി പ്രയോഗിച്ചതുകൊണ്ട് ചൈനയില്‍ ഹുബൈ പ്രവിശ്യക്കു പുറത്തും വിയത്നാമിലും രോഗനിയന്ത്രണം സാധ്യമായി. ചൈന സ്വന്തമായി രോഗനിയന്ത്രണ നടപടികള്‍ സ്വീകരിച്ചതിനു പുറമേ മറ്റു രാജ്യങ്ങളെ- പ്രത്യേകിച്ചും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ദരിദ്ര രാജ്യങ്ങളെ സഹായിക്കാനും മുന്നോട്ടുവന്നു.
എന്നാല്‍ ചൈന തുടക്കത്തില്‍ തന്നെ വിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനാകെ നേരിട്ടും ലോകാരോഗ്യ സംഘടനയിലൂടെയും അറിയിച്ചിട്ടും വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നതില്‍ വരുത്തിയ വീഴ്ചയും അലംഭാവവുമാണ് ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം രോഗം അനിയന്ത്രിതമായി വ്യാപിക്കുന്നതിന് ഇടയായത്. "വൈറസിനെതിരെ തുടക്കത്തില്‍ തന്നെ ചൈന നിശ്ചയദാര്‍ഢ്യത്തോടെ നടപടികള്‍ സ്വീകരിച്ചപ്പോള്‍ മറ്റു രാജ്യങ്ങള്‍ വിലപ്പെട്ട സമയം പാഴാക്കി എന്നതാണ് വസ്തുത" എന്നാണ് ജോണ്‍ റോസ് രേഖപ്പെടുത്തിയത്. ചൈന സ്വീകരിച്ച കണ്ടയ്ന്‍മെന്‍റ് നടപടികളെയും വ്യാപകമായ ടെസ്റ്റിങ്ങിനെയുമെല്ലാം അമേരിക്കയും ബ്രിട്ടനുമെല്ലാം അപഹസിച്ചു തള്ളുകയാണുണ്ടായത് എന്നും ജോണ്‍ റോസ് ചൂണ്ടിക്കാണിക്കുന്നു. ലാഭത്തിനെക്കാള്‍ മുന്‍ഗണന മനുഷ്യജീവന് നല്‍കുന്ന വ്യവസ്ഥ ചൈനയില്‍ നിലനില്‍ക്കുന്നതാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം.
അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് സോഷ്യലിസ്റ്റ് രാജ്യമായ ചൈനയെ വേറിട്ടതാക്കുന്നത് ചൈനയില്‍ മൂലധനമല്ല ഗവണ്‍മെന്‍റിനെ നിയന്ത്രിക്കുന്നതെന്നതാണ്. ഷാങ്ഹായ്യിലെ വ്യവസായ സംരംഭകനായ എറിക് ലി ചൂണ്ടിക്കാണിക്കുന്നത് - "അമേരിക്കന്‍ നയങ്ങളെ ശതകോടീശ്വരന്മാരുടെ ഒരു സംഘത്തിന് സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിയുന്നതുപോലെ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോയെ നിയന്ത്രിക്കാന്‍ ശതകോടീശ്വരന്മാരുടെ ഒരു സംഘത്തിന് കഴിയില്ല". കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിയന്ത്രണത്തിലുള്ള ഭരണകൂടം എന്നതിനര്‍ഥം മൂലധനതാല്‍പര്യത്തിനുപരിയായി മനുഷ്യജീവന് വില കല്‍പിക്കുന്ന ഭരണമെന്നാണ്. അതുകൊണ്ടുതന്നെ മൂലധനത്തിന്‍റെ ഉടമകള്‍ക്ക് ഗവണ്‍മെന്‍റിന്‍റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയല്ലാതെ മറ്റു പോംവഴി ഉണ്ടാകില്ല. മാത്രമല്ല, കേന്ദ്രീകൃതമായ സാമ്പത്തിക ആസൂത്രണ സംവിധാനം എന്ന നിലയില്‍ അതിവേഗം വിഭവ സമാഹരണത്തിനും ചൈനയ്ക്ക് കഴിയുന്നു. സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സിപോലും 2020 മാര്‍ച്ച് അവസാനം റിപ്പോര്‍ട്ട് ചെയ്തത്, "പ്രതിസന്ധി ഘട്ടത്തില്‍ ഇടപെടാനും പ്രതികരിക്കാനും ശേഷിയുള്ള കേന്ദ്രീകൃതമായ, കരുത്തുറ്റ നേതൃത്വ" മികവാണ് ചൈനയില്‍ കണ്ടതെന്നാണ്.
ചൈനയില്‍ സ്വകാര്യമൂലധനത്തിന് ഇടമുണ്ടെന്നതും അതിന് ലാഭമുണ്ടാക്കാനും വളരാനും കഴിയുന്നുവെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍ സമ്പദ്ഘടനയുടെ എല്ലാ പ്രധാന ഘടകങ്ങള്‍ക്കുമേലും - ഘനവ്യവസായം, ഊര്‍ജം, ധനകാര്യം, ട്രാന്‍സ്പോര്‍ട്ട്, കമ്യൂണിക്കേഷന്‍, വിദേശ വ്യാപാരം എന്നിവയ്ക്കെല്ലാം മേല്‍ - ഗവണ്‍മെന്‍റിന് കര്‍ക്കശമായ നിയന്ത്രണമാണുള്ളത്. സമ്പദ്ഘടനയുടെ കാതലായ ധനമേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത് ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള, ചൈനയിലെ ഗവണ്‍മെന്‍റിനോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ള നാല് വന്‍കിട ബാങ്കുകളാണ്. സ്വകാര്യ ഉല്‍പാദനം അനുവദിക്കപ്പെടുന്നത് അവ ആധുനികവല്‍ക്കരണത്തിനും സാങ്കേതിക വിദ്യയുടെ നവീകരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പര്യാപ്തമായ പരിധി വരെയാണ്. ഇതാണ് ചൈനയിലെ വ്യവസ്ഥയുടെ സവിശേഷത, മേന്മയും! ഇതുകൊണ്ടാണ് കോവിഡ് 19നെ നേരിടുന്നതിനുള്ള സര്‍ക്കാരിന്‍റെ യത്നങ്ങള്‍ക്ക് രാജ്യത്തെ എല്ലാ കമ്പനികളെയും അണിനിരത്താനുമായത്.
മുതലാളിത്തത്തിന്‍റെ നിഷ്ഠുരതയും ജീര്‍ണതയുമാണ് കോവിഡ് വ്യാപനത്തിലൂടെ വെളിപ്പെട്ടത്. അതോടൊപ്പം മാനവരാശിയെ സംബന്ധിച്ചിടത്തോളം സോഷ്യലിസത്തിന്‍റെ മേന്മയും തുറന്നുകാട്ടപ്പെട്ടതാണ് കൊറോണക്കാലം. ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശം എന്നാല്‍ ജീവിക്കാനുള്ള അവകാശമാണ്. അതുറപ്പുവരുത്താന്‍ മുതലാളിത്തത്തിനു കഴിയില്ലെന്നും സോഷ്യലിസത്തിനേ കഴിയൂവെന്നും ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഈ മഹാമാരിയിലെ അനുഭവം. •