മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന് എംഗല്‍സിന്‍റെ മൗലികസംഭാവന - 2

ഹര്‍കിഷന്‍സിങ് സുര്‍ജിത്

                                                                  അര്‍ഥശാസ്ത്രം
ര്‍ഥശാസ്ത്രം എന്ന സങ്കല്‍പ്പനത്തെ ആദ്യമായി നിര്‍വചിച്ചത് എംഗല്‍സാണ്. വിശാലമായ അര്‍ഥത്തില്‍ പറഞ്ഞാല്‍, "മനുഷ്യസമൂഹത്തില്‍ ജീവസന്ധാരണത്തിനാവശ്യമായ ഭൗതികോപകരണങ്ങളുടെ ഉല്‍പ്പാദനത്തെയും കൈമാറ്റത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രമാണത്. ബൂര്‍ഷ്വാ സാമ്പത്തികവ്യവസ്ഥയെ വിമര്‍ശിക്കുമ്പോള്‍ മുതലാളിത്ത പൂര്‍വബന്ധങ്ങളെക്കുറിച്ച് സൈദ്ധാന്തികപഠനങ്ങള്‍ നടത്തുകയും അതിനു പകരമായി വരുന്ന കമ്യൂണിസ്റ്റ് സമൂഹത്തിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ശാസ്ത്രീയമായി പ്രവചനംനടത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ഏംഗല്‍സിന് ബോധ്യമായി. (കമ്യൂണിസ്റ്റ് സമൂഹത്തിലെ സമ്പദ്വ്യവസ്ഥ, "ആ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജീവസന്ധാരണത്തിനാവശ്യമായ ഉപാധികള്‍ പ്രദാനം ചെയ്യണം, അവരുടെ കഴിവുകള്‍ സ്വതന്ത്രമായി വികസിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കണം, ഇവയൊക്കെ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന അളവിലായിരിക്കുകയും വേണം")
എംഗല്‍സ് ഇങ്ങനെ എഴുതുന്നു: "ഓരോ പുതിയ ഉല്‍പ്പാദനരീതിയെയും അഥവാ കൈമാറ്റരീതിയെയും തുടക്കത്തില്‍ പഴയ രീതികളും അവയോട് ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളും മാത്രമല്ല, പഴയ രീതിയിലുള്ള വിതരണ സമ്പ്രദായങ്ങളും ചെറുക്കുക തന്നെ ചെയ്യും. സുദീര്‍ഘമായ ഒരു സമരത്തിനിടയില്‍ മാത്രമേ അതിന് അനുയോജ്യമായ ഒരു വിതരണ രീതി അതിനു സ്വയം നേടിയെടുക്കാന്‍ കഴിയൂ." മിച്ചമൂല്യത്തിന്‍റെ ആവിര്‍ഭാവത്തെ ആദ്യമായി കണ്ടെത്തിയതും മുതലാളി ലാഭം ഉണ്ടാക്കുന്നതെങ്ങിനെയെന്ന് അതിനിടയില്‍ വ്യക്തമായി തെളിയിച്ചതും മാര്‍ക്സ് ആണെന്ന് എംഗല്‍സ് ചൂണ്ടിക്കാണിക്കുന്നു.
                                                                    സോഷ്യലിസം
സോഷ്യലിസത്തെക്കുറിച്ച് മാര്‍ക്സും എംഗല്‍സും തങ്ങളുടെ പഠനങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പുതന്നെ സോഷ്യലിസം സംബന്ധിച്ച ആശയങ്ങള്‍ നിലനിന്നിരുന്നു. ബൂര്‍ഷ്വാ സമൂഹത്തെ വിമര്‍ശിക്കുന്ന ഇവയെ അടിസ്ഥാനമാക്കി തങ്ങളുടെ പഠനം ആരംഭിച്ച മാര്‍ക്സും എംഗല്‍സും അവരുടെ ആശയങ്ങളെ കൂടുതല്‍ വികസിപ്പിക്കുകയും അവയ്ക്ക് ശാസ്ത്രീയമായ അടിത്തറ നല്‍കുകയും ചെയ്തു. മുന്‍സങ്കല്‍പ്പനങ്ങളിലേതില്‍ നിന്ന് വിരുദ്ധമായി സോഷ്യലിസത്തിന്‍റെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ പൂര്‍വരൂപങ്ങള്‍ക്ക് എംഗല്‍സ് നിര്‍ണായകമായ പങ്ക് കല്‍പ്പിച്ചു നല്‍കി. മുതലാളിത്ത വ്യവസ്ഥയിലെ വൈരുദ്ധ്യങ്ങളെ ബൂര്‍ഷ്വാ സമൂഹത്തെ അനിവാര്യമായ തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഉല്‍പ്പാദനശക്തികളും ഉല്‍പ്പാദനബന്ധങ്ങളും തമ്മില്‍ മൂര്‍ച്ഛിച്ചുകൊണ്ടേയിരിക്കുന്ന സംഘട്ടനങ്ങളെ, വിശകലനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ശാസ്ത്രീയ സോഷ്യലിസം എന്നദ്ദേഹം വിശദീകരിച്ചു. സാമൂഹ്യവത്കൃതമായ ഉല്‍പ്പാദനവും മുതലാളിത്ത അതിര്‍ത്തിയിലുള്ള സ്വത്തു സമ്പാദനവും തമ്മിലുള്ള വൈരുദ്ധ്യം തൊഴിലാളിവര്‍ഗവും ബൂര്‍ഷ്വാസിയും തമ്മിലുള്ള പരസ്പരശത്രുതയെ സ്വയം വെളിപ്പെടുത്തുന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂമി കയ്യടക്കിവച്ചിട്ടുള്ളവരില്‍ നിന്ന് അത് പിടിച്ചെടുക്കുകയും ബൂര്‍ഷ്വാസിയില്‍ നിന്ന് ഭരണകൂടാധികാരം എടുത്തുകളയുകയും ചെയ്യേണ്ടത് ആവശ്യമാണ്. കാരണം ചൂഷണം അവസാനിപ്പിക്കാന്‍ ബൂര്‍ഷ്വാസിക്ക് സാധ്യമല്ല എന്നും എംഗല്‍സ് വിശദീകരിച്ചു. എന്നാല്‍ "തൊഴിലാളിവര്‍ഗം രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ആദ്യത്തെ സന്ദര്‍ഭത്തില്‍ത്തന്നെ ഉല്‍പ്പാദനോപാധികളെ രാഷ്ട്രത്തിന്‍റെ സ്വത്തായി മാറ്റുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് വിപ്ലവം" നടന്നുകഴിയുംവരെ, മുതലാളിത്തരീതിയിലുള്ള ഉല്‍പ്പാദനവും ചൂഷണവും ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്ന് എംഗല്‍സ് വ്യക്തമാക്കുന്നുണ്ട്.
നാം ആദ്യം സൂചിപ്പിച്ചപോലെ മാര്‍ക്സും എംഗല്‍സും തങ്ങളുടെ ജീവിതകാലത്തിനിടയില്‍ത്തന്നെ തങ്ങളുടെ സിദ്ധാന്തങ്ങളെ പ്രയോഗിച്ചു നോക്കുകയായിരുന്നു. അവരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രവും ശ്രദ്ധാകേന്ദ്രവും ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിനുള്ളില്‍ത്തന്നെ ആയിരുന്നുവെങ്കിലും അവര്‍ ആഗോള സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തുകൊണ്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലും തങ്ങളുടെ ആദ്യകാല സിദ്ധാന്തങ്ങളില്‍, ആവശ്യമായപ്പോഴെല്ലാം അവര്‍ യുക്തമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. സ്ഥിരമായ വിപ്ലവവും കര്‍ഷകപ്രവര്‍ത്തനവും എന്നിവയെക്കുറിച്ചുള്ള അവരുടെ വാദപ്രതിവാദങ്ങള്‍ ഇക്കാര്യം കൂടുതല്‍ പ്രസക്തമാക്കിത്തീര്‍ക്കുകയുണ്ടായി. ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവം നടത്തുകയും സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറുകയും ചെയ്യുന്ന പ്രക്രിയയില്‍, തൊഴിലാളിവര്‍ഗം തങ്ങളുടെ കരുത്തുറ്റ സഖ്യശക്തിയായി കര്‍ഷകജന സാമാന്യത്തെ കാണേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രമുഖ ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരണമായി തൊഴിലാളിവര്‍ഗത്തെ ചൂഷണം ചെയ്യുന്നതിനും ജനങ്ങളെ കൊള്ളയടിക്കുന്നതിനുമുള്ള ഒരു ഉപകരണമാണ് വികസിത മുതലാളിത്ത ഭരണകൂടം എന്ന് എംഗല്‍സ് ചൂണ്ടിക്കാണിച്ചു. അക്കാര്യം വരുമ്പോള്‍ ഏതൊരു ഭരണകൂടത്തിന്‍റെയും സ്വഭാവം വര്‍ഗാധിഷ്ഠിതമാണ്. ഒന്നിനെ കീഴ്പ്പെടുത്തിക്കൊണ്ട്, അത് മറ്റൊന്നിന്‍റെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നു. മനുഷ്യന്‍ മനുഷ്യനെയും രാഷ്ട്രം രാഷ്ട്രത്തെയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നുണ്ടെങ്കില്‍, ബൂര്‍ഷ്വാ ഭരണകൂടത്തെ തൊഴിലാളിവര്‍ഗം തൂത്തെറിയേണ്ടതുണ്ട്; ആത്യന്തികമായി ഭരണകൂടത്തിന് യാതൊരു പങ്കും നിര്‍വഹിക്കാനില്ലാത്ത ഒരു അവസ്ഥ അപ്പോള്‍ വന്നുചേരും. അപ്പോഴത് പൊഴിഞ്ഞുപോവുകയും ചെയ്യും.
തൊഴിലാളിവര്‍ഗത്തിന്‍റെ പാര്‍ടിക്ക് വഹിക്കാനുള്ള പങ്ക് ഇവിടെയാണ് വരുന്നത്. ഒരു പ്രത്യയശാസ്ത്രവും അതിന്‍റെ അടിസ്ഥാനത്തിലുള്ള സംഘടയും കൂടാതെ ഈ ലക്ഷ്യം നേടാന്‍ തൊഴിലാളി വര്‍ഗത്തിന് കഴിയില്ല. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ഒരു പാര്‍ടിക്കു മാത്രമേ, ഈ ലക്ഷ്യം നേടുന്നതിന്  തൊഴിലാളിവര്‍ഗത്തെ നയിക്കാന്‍ കഴിയുകയുള്ളൂ.
മാര്‍ക്സും എംഗല്‍സും നടത്തിയ ഈ കണ്ടുപിടുത്തങ്ങള്‍, കാലത്തിന്‍റെ പരീക്ഷണങ്ങളെ അതിജീവിച്ചവയാണ്, ചരിത്രപരമായ സംഭവവികാസങ്ങളാല്‍ സാധൂകരിക്കപ്പെട്ടവ ആണ്. സോഷ്യലിസത്തിന് തിരിച്ചടികളും പരാജയങ്ങളും ഏറ്റതിനെത്തുടര്‍ന്ന് ഉടനെ, മുതലാളിത്ത ലോകത്തില്‍ നിന്നു തുടക്കത്തില്‍ ഉണ്ടായ കോലാഹലങ്ങള്‍ ഏറെക്കാലം നിലനില്‍ക്കാന്‍ പോകുന്നില്ല. "കമ്യൂണിസം മരിച്ചു", "സോഷ്യലിസ്റ്റ്" ആദര്‍ശങ്ങള്‍ മരിച്ചു" തുടങ്ങിയ അപസ്മാര ബാധിതമായ പ്രലപനങ്ങളും നിലനില്‍ക്കാന്‍ പോകുന്നില്ല. എന്നുതന്നെയല്ല തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍, തൊഴിലാളിവര്‍ഗത്തിന്‍റെ പ്രത്യയശാസ്ത്രത്തിന്‍റെ ശക്തി വേണ്ടുവോളം തെളിയിച്ചിട്ടുമുണ്ട്.
ഈ സംഭവ വികാസങ്ങള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് മോചനം നേടിയ പ്രസ്ഥാനം (പ്രസ്ഥാനം ക്ഷയോന്മുഖമായിത്തീര്‍ന്നു എന്നു കരുതിയിരുന്ന സ്ഥലങ്ങളില്‍) വീണ്ടും കരുത്ത് നേടിക്കൊണ്ടിരിക്കുകയാണ്. മുന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ പാര്‍ടി വീണ്ടും ഒന്നിച്ചുകൂടി ഉയിര്‍ത്തെഴുന്നേറ്റു തുടങ്ങിയിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടികളിലെ അണികളെ ബാധിച്ച നിരാശയും ആശയക്കുഴപ്പവും വിട്ടുമാറി. അതിനുപകരം തൊഴിലാളി വര്‍ഗ പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസവും പ്രതിബദ്ധതയും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഉപരോധിക്കാന്‍ ഓടിയെത്തിയവര്‍ വീണ്ടും സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു. ഈ രാജ്യങ്ങളിലെ സോഷ്യലിസത്തിനു ശേഷമുള്ള രണ്ടുമൂന്നു വര്‍ഷങ്ങളിലെ കടുത്ത അനുഭവങ്ങള്‍  (ഈ കാലത്ത് മുതലാളിത്തത്തിന്‍റെ നിഷ്കരുണമായ ചൂഷണം വീണ്ടും തിരിച്ചെത്തി, അതോടൊപ്പം മാനുഷിക മൂല്യങ്ങള്‍ക്ക് അപചയവും അധഃപതനവും സംഭവിക്കുകയും ചെയ്തു) ആണ് ഈ മടക്കയാത്രയ്ക്കു കാരണം. പ്രസ്ഥാനത്തില്‍ നിന്ന് അകന്നുപോയവര്‍ വീണ്ടും അതില്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു. അപഭ്രംശങ്ങളും വക്രീകരണങ്ങളും തിരുത്തപ്പെടണ്ടേതുണ്ട് എന്നവര്‍ മനസ്സിലാക്കുന്നു. ഭൂതകാലത്തിലേക്കു മടങ്ങിപ്പോകില്ലെന്നും അവര്‍ മനസ്സിലാക്കുന്നു. ഭാവി തികച്ചും വ്യത്യസ്തമാണ്.
ഈ ആക്രമണങ്ങളെ അതിജീവിക്കുകയും തങ്ങളുടെ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് നേരെ ഉയര്‍ന്നു വന്ന ഭീഷണികളെ തട്ടിയറ്റുകയും ചെയ്ത സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ ജനങ്ങള്‍പോലും, സോവിയറ്റ് യൂണിയന്‍റെയും കിഴക്കന്‍ യൂറോപ്പിന്‍റെയും അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചിരിക്കുന്നു. സോഷ്യലിസ്റ്റ് ആദര്‍ശങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുമ്പോള്‍ തന്നെ തങ്ങളുടെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന വിധത്തിലുള്ള പരിതഃസ്ഥിതികള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ അവര്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. 1991ലെ സംഭവവികാസങ്ങള്‍ക്കുമുമ്പ് സോഷ്യലിസ്റ്റ് ലോകത്തില്‍ ജീവിച്ചിരുന്ന ജനങ്ങളില്‍ മുന്നില്‍ രണ്ടുഭാഗവും സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അഞ്ചു രാഷ്ട്രങ്ങളിലാണ് ഇപ്പോഴും അധിവസിക്കുന്നത്.
മൂര്‍ത്തമായ പരിതഃസ്ഥിതികളില്‍ മൂര്‍ത്തമായ പ്രയോഗം എന്നതാണ് മാര്‍ക്സിസത്തിന്‍റെ ജീവത്തായ അന്തഃസത്ത എന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പല കമ്യൂണിസ്റ്റ് പാര്‍ടികളും പ്രത്യേകിച്ചും ഭരണത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടികള്‍ സുപ്രധാനമായ ഈ തത്ത്വം വേണ്ടത്ര പരിഗണിക്കുന്നില്ല. ചില പാര്‍ടികള്‍ അതില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ മറ്റു ചില പാര്‍ടികളാകട്ടെ, ചില പ്രമേയങ്ങളിലും ധാരണകളിലും കടിച്ചുതൂങ്ങിക്കിടന്നു. ഈ സമീപനവും നടപടിയും തന്നെ മാര്‍ക്സിയന്‍ ചിന്താഗതിക്ക് വിരുദ്ധമാണ്. ഓരോ രാജ്യത്തും നിലവിലുള്ള മൂര്‍ത്തമായ പരിതഃസ്ഥിതികളെ വ്യക്തമായി ഗ്രഹിക്കുകയും അതോടൊപ്പംതന്നെ ആഗോളതലത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കാഴ്ചയോടെ വിലയിരുത്തുകയും ചെയ്താല്‍, പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാന്‍ കഴിയും. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ മണ്ഡലത്തില്‍ കൈവന്നിട്ടുള്ള നേട്ടങ്ങളെ ഉല്‍പ്പാദനശക്തികളെ കൂടുതല്‍ വികസിപ്പിച്ചെടുക്കുന്നതിനായി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ രംഗത്തും അതു ബാധകമാണ്. ചൂഷണം അവസാനിപ്പിക്കുന്നതുവഴി, കൂടുതല്‍ വിശാലമായ ജനാധിപത്യം നടപ്പാക്കുന്നതിനുള്ള ഭൗതികസാഹചര്യം സംജാതമാവുകയായി. ഭൂതകാലത്തിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥ കൂടുതല്‍ ദൃഢമായിത്തീരുന്നതോടെ ജനാധിപത്യത്തിന്‍റെയും ജനാധിപത്യാവകാശങ്ങളുടെയും മേഖലയില്‍ യഥാര്‍ഥത്തില്‍ കൂടുതല്‍ മുന്നേറ്റം നടത്തേണ്ടത് ആവശ്യമാണ്.
മുമ്പ് പ്രസ്താവിച്ചപോലെ, മേല്‍പ്പറഞ്ഞ ആദര്‍ശങ്ങള്‍ പുസ്തകത്തിന്‍റെ താളുകളില്‍ അടച്ചുപൂട്ടി വയ്ക്കണമെന്ന് ആക്രോശിച്ചവരും പുരപ്പുറത്തു കയറിനിന്നു ബഹളം വച്ചവരും ഇപ്പോള്‍ തങ്ങളുടെ വാക്കുകള്‍തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സോഷ്യലിസ്റ്റു പാത കൈവെടിഞ്ഞ രാഷ്ട്രങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രസ്ഥാനത്തിന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായിട്ടുണ്ട്. ആ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് 1991നു ശേഷം നേരിടേണ്ടി വന്ന  കൊടുംദുരിതങ്ങള്‍ മുതലാളിത്തത്തിന്‍റെ യാഥാര്‍ഥ്യം എന്തെന്ന് അവര്‍ക്കു മനസ്സിലാക്കിക്കൊടുത്തിരിക്കുന്നു. സാമൂഹ്യസുരക്ഷിതത്വം, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പാര്‍പ്പിടത്തിനും മറ്റുമുള്ള അവകാശം തുടങ്ങി അവര്‍ അനുഭവിച്ചുവന്നിരുന്ന എല്ലാ നേട്ടങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടു. അവരിപ്പോള്‍ മുതലാളിത്തത്തിന്‍റെ കയ്പ് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്‍റെ കടുത്ത യാഥാര്‍ഥ്യം മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍, വീണ്ടും ഉയര്‍ന്നുവരാനായി അവര്‍ തങ്ങളുടെ ശക്തി സംഭരിച്ചുകൊണ്ടിരിക്കുകയാണ്. 1904ല്‍ റഷ്യന്‍ ഡൂമയിലേക്കു നടന്ന തിരഞ്ഞെടുപ്പ് അതിനു വേണ്ടത്ര തെളിവ് നല്‍കുന്നു. റഷ്യന്‍ ഫെഡറേഷനിലെ കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്‍റെ സഖ്യകക്ഷിയായ അഗ്രേറിയന്‍ പാര്‍ടിയും കൂടി 37 ശതമാനം വോട്ട് നേടിയെടുത്തു. റഷ്യയിലെ മൊത്തം 68 മേഖലകളില്‍ 72 എണ്ണത്തിലും അവര്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തി. മുന്‍ സോവിയറ്റ് യൂണിയന്‍ ഘടക റിപ്പബ്ലിക്കുകളിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഒരു യൂണിയനും രൂപപ്പെട്ടു വരുന്നുണ്ട്.
തുല്യതയുടെ അടിസ്ഥാനത്തില്‍ സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപിക്കണം എന്ന ആവശ്യവും കൂടുതല്‍ ശക്തമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് സിപിഐ (എം) അടക്കം 150 കമ്യൂണിസ്റ്റ് പാര്‍ടികളുമായി സാഹോദര്യബന്ധമുണ്ട്. 1995 ജനുവരിയില്‍ ചേര്‍ന്ന അവരുടെ രണ്ടാം കോണ്‍ഗ്രസ്സില്‍വച്ച് അവരുടെ പരിപാടിക്കു വിശദമായ രൂപം നല്‍കുകയുണ്ടായി. അവര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതുപോലെ പഴയ നാളുകളിലേക്ക് ഇനി തിരിച്ചുപോക്കുണ്ടാവില്ല. തെറ്റുകളും അപഭ്രംശങ്ങളും തരണം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു പുതിയ പാര്‍ടിയായിരിക്കും അത്.
അതേ വിധത്തിലുള്ള സംഭവങ്ങളാണ് കിഴക്കന്‍ യൂറോപ്പിലും നടന്നുകൊണ്ടിരിക്കുന്നത്. അവര്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ വീണ്ടും തങ്ങളുടെ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹംഗറിയില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മുന്‍ കമ്യൂണിസ്റ്റുകാരോടാണ് ആഭിമുഖ്യം എന്ന് ജനങ്ങള്‍ സൂചിപ്പിച്ചുകഴിഞ്ഞു. മുന്‍ ജിഡിആര്‍ ആയിരുന്ന ജര്‍മനിയുടെ കിഴക്കന്‍ഭാഗത്തു നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിഡിഎസ്സിന്‍റെ കീഴില്‍ വ്യാപകമായിത്തന്നെ അണിനിരന്നു. അതോടൊപ്പം ഇറ്റലി, സ്പെയിന്‍ തുടങ്ങി യൂറോപ്പിന്‍റെ മറ്റു ഭാഗങ്ങളിലും പ്രസ്ഥാനത്തിന് വീണ്ടും ശക്തിയുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. കാനഡ, യുഎസ്എ തുടങ്ങി പ്രസ്ഥാനം ദുര്‍ബലമായ രാജ്യങ്ങളില്‍പോലും കമ്യൂണിസ്റ്റുകാര്‍ പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസം വീണ്ടും ആവര്‍ത്തിച്ചുറപ്പിച്ച് വ്യക്തമാക്കിയിരിക്കുന്നു. വികസ്വരരാജ്യങ്ങളിലാകട്ടെ പ്രസ്ഥാനം വര്‍ധിതവീര്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ അപ്പാര്‍ത്തീഡ് വ്യവസ്ഥയെ തൂത്തെറിഞ്ഞതിനുശേഷം നിലവില്‍വന്ന ഇടക്കാല ഗവണ്‍മെന്‍റില്‍ കമ്യൂണിസ്റ്റുകാര്‍ ഭാഗഭാക്കുകളാണ്. നേപ്പാളിലാകട്ടെ, കമ്യൂണിസ്റ്റുകാര്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലേറിയിരിക്കുന്നു. അതുപോലെ ലാറ്റിനമേരിക്കയിലും ഏഷ്യയിലും പ്രസ്ഥാനം കൂടുതല്‍ ശക്തി നേടിക്കൊണ്ടിരിക്കുകയാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രവും മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന പ്രവചനത്തിനു കടകവിരുദ്ധമായി, ആ പ്രസ്ഥാനവും പ്രത്യയശാസ്ത്രവും ഇപ്പോഴും ജീവത്താണെന്നുമാത്രമല്ല വീണ്ടും തലയുയര്‍ത്തി വരികയാണെന്നും, ഇതെല്ലാം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുന്നു. സാമ്രാജ്യത്വ മാധ്യമങ്ങളും അവരുടെ തറവാട്ടുകാരും പ്രചരിപ്പിച്ച അവകാശവാദങ്ങളെല്ലാം പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഈ ശാസ്ത്രം സാധുവാണെന്നും അനശ്വരമാണെന്നും കാലം തെളിയിച്ചിരിക്കുന്നു. എംഗല്‍സിന്‍റെ നിര്‍ണായക സംഭാവനകള്‍ കൊണ്ട് പരിപുഷ്ടമാക്കപ്പെട്ട ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തത്തിന്‍റെ സാധുത എന്നെന്നും അധൃഷ്യമായി നിലനില്‍ക്കും.•