ആറാം പാര്‍ടി കോണ്‍ഗ്രസ്: അവസാനത്തെ അവിഭക്ത കോണ്‍ഗ്രസ്
പീപ്പിള്‍സ് ഡെമോക്രസി
അഞ്ചാം കോണ്‍ഗ്രസിനും ആറാം കോണ്‍ഗ്രസിനും ഇടയ്ക്കുള്ള കാലഘട്ടം രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളിലും നിരവധി ചരിത്ര പ്രധാനമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. അമൃത്സര്‍ കോണ്‍ഗ്രസിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ഏറെ ശ്രദ്ധ നേടിയ ഏറ്റവും വലിയ രണ്ട് സംഭവങ്ങള്‍ കേരളത്തിലെ സംഭവവികാസങ്ങളും ഇന്ത്യ - ചൈന ബന്ധങ്ങളിലെ തകര്‍ച്ചയുമായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ പിരിച്ചുവിടുന്നതിനെതിരായി രാജ്യത്തുടനീളം പാര്‍ടി ഒറ്റക്കെട്ടായി പ്രതിഷേധങ്ങള്‍ അഴിച്ചുവിടവെ തന്നെ, ഇന്ത്യ - ചൈന ബന്ധങ്ങള്‍ വഷളായതു സംബന്ധിച്ച് പാര്‍ടിക്കുള്ളില്‍ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ പിരിച്ചുവിട്ടതിനെതിരായ കാംപെയ്ന് പാര്‍ടി നടത്തിയ എക്കാലത്തെയും ഏറ്റവും വലിയ കാംപെയ്നായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടിയെ ആക്രമിക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ടിയും മറ്റു പിന്തിരിപ്പന് ശക്തികളും ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തെ ഉപയോഗിച്ചത്.
പിന്തിരിപ്പന് ശക്തികളും കോണ്‍ഗ്രസ് പാര്‍ടിയും കമ്യൂണിസ്റ്റുകാര്‍ക്കെതിരായി വിഷലിപ്തമായ പ്രചരണം അഴിച്ചുവിട്ടിട്ടും എല്ലാ സംസ്ഥാനങ്ങളിലും സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടിനെ അഭിവാദ്യം ചെയ്യാന്‍ വമ്പിച്ച ജനക്കൂട്ടമാണ് എത്തിയത്; പാര്‍ടി പ്രതീക്ഷിച്ചതിനെക്കാള്‍ വളരെയേറെ തുക കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിനായി പിരിച്ചെടുക്കാനും കഴിഞ്ഞു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ (1960) കമ്യൂണിസ്റ്റ് പാര്‍ടി പരാജയപ്പെട്ടെങ്കിലും വോട്ടിങ്ങില്‍ ഏകദേശം മൂന്ന് ശതമാനത്തിലധികം വര്‍ധന നേടാന്‍ പാര്‍ടിക്ക് കഴിഞ്ഞു.
പാര്‍ടി പ്രധാന പങ്കുവഹിച്ച പഞ്ചാബിലെ ബെറ്റര്‍മെന്റ് ലെവി സമരത്തിനു പുറമെ തമിഴ്നാട്, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭൂപരിഷ്കരണ നിയമഭേദഗതി, ഭൂപരിധി നിര്‍ണയിക്കല്‍ എന്നിവ പോലെയുള്ള കര്‍ഷകരുടെ മൂര്‍ത്തമായ ആവശ്യങ്ങളുന്നയിച്ച് സജീവമായി കര്‍ഷകരെ അണിനിരത്തുകയുണ്ടായി. പല സംസ്ഥാനങ്ങളിലും പദയാത്രകള്‍ സംഘടിപ്പിക്കപ്പെട്ടു. പശ്ചിമബംഗാളില്‍ ഈ പ്രക്ഷോഭം ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി യഥാര്‍ഥ കൃഷിക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി.
നിരവധി വര്‍ഷങ്ങള്‍ക്കുശേഷം നടന്ന ഏറ്റവും വലിയ തൊഴിലാളിവര്‍ഗ പ്രക്ഷോഭമായ 1960 ജൂലൈയിലെ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ പണിമുടക്കിലും പാര്‍ടി ഇടപെട്ടു. ക്ഷാമബത്ത വര്‍ധനവും ജീവിക്കാന്‍ വേണ്ട മിനിമം വേതനവും ആവശ്യപ്പെട്ട് ആദ്യമായാണ് എല്ലാ ഗവണ്മെന്റ് സര്‍വീസിലുമുള്ള തൊഴിലാളികളാകെ പണിമുടക്കിലേക്ക് നീങ്ങിയത്. ഡിഫെന്‍സ് സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു; റെയില്‍വെ സര്‍വീസിനെ പോലും പണിമുടക്ക് ബാധിച്ചു. കോണ്‍ഗ്രസ് ഗവണ്മെന്റ് സമരത്തിനെതിരെ കടുത്ത മര്‍ദന നടപടികള്‍ അഴിച്ചുവിട്ടു. 21,000ത്തിലധികം തൊഴിലാളികള്‍ അറസ്റ്റു ചെയ്യപ്പെട്ടു; ഏഴ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. വേണ്ടത്ര പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ പാര്‍ടി സെന്റര്‍ വീഴ്ച വരുത്തിയതുകൊണ്ട് തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി പൊതുജനാഭിപ്രായം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് പാര്‍ടി സ്വയം വിമര്‍ശനപരമായി അവലോകനം ചെയ്തു. ഈ മൂന്നു വര്‍ഷത്തിനിടയില്‍ മറ്റനവധി തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങള്‍ക്കും രാജ്യം സാക്ഷ്യംവഹിച്ചു; അവയില്‍ വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രക്ഷോഭത്തിനായി ഒന്നിച്ചുവന്നു.
ഈ സമരങ്ങളുടെ ഫലമായി, വിവിധ ഉപതിരഞ്ഞെടുപ്പുകളിലെ ഫലം പാര്‍ടിക്കനുകൂലമായി. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് ഭോപ്പാല്‍ മുനിസിപ്പാലിറ്റിയിലെ വിജയമായിരുന്നു. സഖ്യകക്ഷികള്‍ക്കൊപ്പം ഭോപ്പാല്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ പാര്‍ടി ഭൂരിപക്ഷം നേടി. അതേപോലെ തന്നെ സംയുക്ത മഹാരാഷ്ട്ര ഫോറത്തിന്റെ ഭാഗമായി പാര്‍ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബോംബെ കോര്‍പറേഷനിലും വിജയം വരിച്ചു; പാര്‍ടിക്ക് അവിടെ 18 സീറ്റ് ലഭിച്ചു. ബോംബെയിലെ വിജയം ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തില്‍ - ഗുജറാത്തും മഹാരാഷ്ട്രയും - പാര്‍ടി വഹിച്ച സജീവ പങ്കിന്റെ പ്രതിഫലനമായിരുന്നു.
1959 മാര്‍ച്ചിനും 1961 ഫെബ്രുവരിക്കുമിടയില്‍ ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ചുള്ള നിലപാട് വിശദീകരിച്ചുകൊണ്ട് പാര്‍ടി 10 പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. ചിയാങ് കൈഷെക്കിന്റെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ദുഷ്പ്രേരണയും സഹായവും കൊണ്ട് ദലായ് ലാമയുടെ നേതൃത്വത്തിലുള്ള ശക്തികള്‍ നടത്തിയ പരാജയപ്പെട്ട കലാപം ഇന്ത്യയും ചൈനയും തമ്മിലുള്ള സുഹൃദ്ബന്ധത്തെ അസ്വസ്ഥമാക്കുകയും തകര്‍ക്കുകയും ചെയ്തുവെന്ന് ഈ പ്രസ്താവനകള്‍ വ്യക്തമാക്കി. ഹിന്ദു മഹാസഭ, ജനസംഘം, സ്വതന്ത്ര പാര്‍ടി എന്നിവ പ്രതിനിധാനം ചെയ്തിരുന്ന ഇന്ത്യയിലെ പിന്തിരിപ്പന് ശക്തികളും കോണ്‍ഗ്രസിലെ വലതുപക്ഷവും തിബത്തിലെ സംഭവവികാസങ്ങളെ വക്രീകരിക്കുകയും അവരുടേതായ പിന്തിരിപ്പന് അജന്‍ഡയുമായി മുന്നോട്ടുപോകുന്നതിന് ഈ സാഹചര്യത്തെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുകയുമുണ്ടായി. ചൈനയ്ക്കെതിരായി തങ്ങളുടെ രാഷ്ട്രീയ നീക്കങ്ങള്‍ തുടരുന്നതിന് കലാപകാരികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയെ താവളമാക്കി ഒരു തിബത്തന്‍ ഗവണ്മെന്റ് രൂപീകരിക്കാന്‍ കലാപകാരികള്‍ക്ക് അനുമതി നല്‍കണമെന്നും ഇന്ത്യയിലെ ഈ പിന്തിരിപ്പന് ശക്തികള്‍ ആവശ്യപ്പെട്ടു. ഈ ശക്തികള്‍ ഇന്ത്യാ ഗവണ്മെന്റിന്റെ വിദേശനയത്തെയും ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീല്‍ കരാറിനെയും ആക്രമിച്ചു. ഈ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആളിക്കത്തുകയും അതിര്‍ത്തി വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഹിമാലയന്‍ പ്രദേശത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ സംബന്ധിച്ച് പാര്‍ടി വ്യക്തമാക്കുകയും ചെയ്തു.
അതിര്‍ത്തി പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് പാര്‍ടി പ്രകടിപ്പിച്ചത്. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം കൈവെടിയുന്നതിനും അതിനൊപ്പം ആഫ്രോ - ഏഷ്യന്‍ ഐക്യദാര്‍ഢ്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനും നമ്മുടെ രാജ്യത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കത്തെ ഉപയോഗിക്കാനാണ് സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കുന്നതെന്ന് പാര്‍ടി താക്കീത് ചെയ്തു. ഈ സംഭവവികാസങ്ങളെ ജനങ്ങളുടെ ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിപ്പിക്കുന്നതിനും രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനത്തെ ശിഥിലീകരിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനുമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും പാര്‍ടി വ്യക്തമാക്കി. ജനസംഘവും മറ്റു പിന്തിരിപ്പന് ശക്തികളും ഒരു പുതിയ വിദേശനയത്തിനും പുതിയ പ്രതിരോധമന്ത്രിക്കും പുതിയ പ്രധാനമന്ത്രിക്കും വേണ്ടി മുറവിളി കൂട്ടിയപ്പോള്‍ പാര്‍ടി ഈ മുറവിളിയെ എതിര്‍ക്കുകയും സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉന്നത രാഷ്ട്രീയതലത്തില്‍ ചര്‍ച്ചകള്‍ക്കായി വാദിക്കുകയുമാണുണ്ടായത്. നെഹ്രുവും ചൗ എന്‍ ലായിയും തമ്മിലുള്ള സംഭാഷണത്തെ പാര്‍ടി സ്വാഗതം ചെയ്തു; അത് സംഘര്‍ഷം ലഘൂകരിക്കുകയുണ്ടായി.
1960 നവംബറില്‍ മോസ്കോയില്‍ ചേര്‍ന്ന 81 കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ പങ്കെടുത്തു; സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം സമ്മേളനം ഒരു പ്രസ്താവന അംഗീകരിച്ചു. ആ പ്രസ്താവന തയ്യാറാക്കുന്നതിലും സമ്മേളനത്തില്‍ തന്നെയും പാര്‍ടിയുടെ പ്രതിനിധികള്‍ സജീവമായ പങ്കുവഹിച്ചു. ഇത്തരമൊരു പശ്ചത്തലത്തിലാണ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസ് 1961 ഏപ്രില്‍ 7 മുതല്‍ 16 വരെ വിജയവാഡയില്‍ ചേര്‍ന്നത്. 1,77,501 അംഗങ്ങളെ പ്രതിനിധീകരിച്ച് 439 പ്രതിനിധികളും വോട്ടില്ലാത്ത 17 പ്രതിനിധികളും ഈ കോണ്‍ഗ്രസില്‍ പങ്കെടുത്തു. മൊത്തം പ്രതിനിധികള്‍ ജയിലില്‍ കഴിഞ്ഞിരുന്നത് കൂട്ടിയാല്‍ 1494 വര്‍ഷവും 10 മാസവും 28 ദിവസവും വരും; ഇതിനൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന 998 വര്‍ഷവും 9 മാസവും കൂടി കൂട്ടിചേര്‍ക്കാവുന്നതാണ്. പാര്‍ടിയുടെയും പാര്‍ടി നേതൃത്വത്തിന്റെയും പോരാട്ടവീര്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
പരിപാടിപരമായ വിഷയങ്ങളിലും സമകാലിക നയങ്ങള്‍ സംബന്ധിച്ച വിഷയങ്ങളിലുമെന്ന പോലെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിച്ചിരുന്ന പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിലും പാര്‍ടിക്കുള്ളില്‍ ഗുരുതരമായ അഭിപ്രായഭിന്നതകള്‍ വളര്‍ന്നിരുന്നു. ആറാം കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനായി പാര്‍ടി പരിപാടിയുടെയും രാഷ്ട്രീയ പ്രമേയത്തിന്റെയും കരട് തയ്യാറാക്കുന്നതിന് നാഷണല്‍ കൗണ്‍സില്‍ രണ്ട് കമ്മിഷനുകളെ നിയോഗിച്ചു. ഈ രണ്ട് കമ്മിഷനുകള്‍ക്കും ഏതെങ്കിലും വിധത്തിലുള്ള പൊതുധാരണയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്, പാര്‍ടി കോണ്‍ഗ്രസിനുമുന്നില്‍ രണ്ട് കരട് പരിപാടികളും രണ്ട് കരട് രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിക്കപ്പെട്ടു.
ആറാം കോണ്‍ഗ്രസിനുള്ള റിപ്പോര്‍ട്ടില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി അജയ്ഘോഷ് പാര്‍ടിയില്‍ നിലനിന്നിരുന്ന രൂക്ഷമായ അഭിപ്രായഭിന്നതകളെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി: ചുവടെ പറയുന്ന വിഷയങ്ങളില്‍ നമുക്കിടയില്‍ അഭിപ്രായഭിന്നതകളുണ്ടെന്ന് വ്യക്തമാണ്: (ശ) പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങളുമായി ബന്ധപ്പെട്ട് മോസ്കോ പ്രസ്താവനയിലെ സങ്കല്പ്പനങ്ങളുടെ യഥാര്‍ഥ വിവക്ഷകള്‍; (ശശ) നമ്മുടെ രാജ്യത്തെ തന്നെ രാഷ്ട്രീയ - സാമ്പത്തിക സാഹചര്യം;(ശശശ) പാര്ടിക്കുമുന്നിലുള്ള അടിയന്തര കടമകള്‍. ഈ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കവെ പൊതുവായ ഒരു രാഷ്ട്രീയ പ്രമേയത്തിനു രൂപം നല്കാന് നമ്മെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കുന്നു".
പാര്‍ടി കോണ്‍ഗ്രസിനുമുന്നില്‍ നാഷണല്‍ കൗണ്‍സിലിലെ ഭൂരിപക്ഷ വിഭാഗം അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം വര്‍ഗസഹകരണ ധാരണ പ്രതിഫലിപ്പിച്ചു. അങ്ങനെ ആറാം കോണ്‍ഗ്രസില്‍ പാര്‍ടി അതിരൂക്ഷമായ പ്രതിസന്ധി നേരിട്ടു. രാഷ്ട്രീയപ്രമേയം ഭേദഗതി ചെയ്യുന്നതിനു ജനറല്‍ സെക്രട്ടറിയുടെ പ്രസംഗത്തെയും രാഷ്ട്രീയ റിപ്പോര്‍ട്ടിനെയും അടിസ്ഥാനമാക്കുകയെന്ന ധാരണയില്‍ പിളര്‍പ്പ് ഒഴിവാക്കപ്പെട്ടു. പരിപാടിയുടെ കരടുകള്‍ അവതരിപ്പിച്ചശേഷം അവ തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയും നാഷണല്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്കായി വിടുകയും ചെയ്തു.
അമൃത്സര്‍ കോണ്‍ഗ്രസിന്റെ തീരുമാനങ്ങളും കടമകളും നടപ്പാക്കുന്നതില്‍ വന്ന വീഴ്ച കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കി. പാര്‍ടി അച്ചടക്കം പാലിക്കുന്നതില്‍ പൊതുവെ വന്ന ഉദാസീനതയെക്കുറിച്ചും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി; അതിനുകാരണം "പാര്‍ലമെന്ററി ഭരണഘടനാപരമായ അന്തരീക്ഷത്തിന്റെ വളര്‍ച്ചയും ഭാഗികമായി ഒരു തലത്തിലുമുള്ള ഒരു പാര്‍ടി ഘടകവും സ്വമേധയാ ഈ അന്യപ്രവണതകളെ ചെറുക്കുകയെന്ന ജോലി ഏറ്റെടുക്കുന്നില്ല എന്ന വസ്തുതയുമാണ്". അച്ചടക്കം പുന:സ്ഥാപിക്കുന്നതിനും വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിനും സഖാക്കള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഒരു "തെറ്റുതിരുത്തല്‍ കാംപെയ്ന്" ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പാര്‍ടി സംഘടന സംബന്ധിച്ച മൗലികതത്ത്വങ്ങളെ തുടര്‍ച്ചയായി അവഗണിക്കുന്നതിനെ റിപ്പോര്‍ട്ട് അപലപിച്ചു.
തിരുത്തല്‍വാദപരമായ (റിവിഷനിസ്റ്റ്) പ്രവണതകള്‍ വ്യാപകമായി നിലനില്‍ക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ പ്രസ്താവിച്ചു: "പാര്‍ടിയുടെ നേതൃതല കമ്മിറ്റികളുടെയും കാഡര്മാരുടെയും ശീലം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം ബൂര്‍ഷ്വാ പാര്‍ലമെന്റിന്റെയും ഭരണഘടനാപരമായ രൂപത്തിലുള്ള സമരത്തിന്റെയും ഫലപ്രാപ്തിയിലുള്ള വിശ്വാസത്തിന്റേതാണ്. ജനങ്ങള്‍ക്കിടയില്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ, മന്ദഗതിയിലുള്ളതാണെങ്കിലും അസന്ദിഗ്ദ്ധമായ വളര്‍ച്ച എന്ന അഭിപ്രായവും അതുകൊണ്ടുതന്നെ മെല്ലെയാണെങ്കിലും നിശ്ചയമായും കോണ്‍ഗ്രസ് ഗവണ്മെന്റിനുപകരം രാജ്യത്തെ ഇടതുപക്ഷ പാര്‍ടികളുടെയും വിഭാഗങ്ങളുടെയും ഒരു കൂട്ടുകെട്ടിന് വരാനാകും എന്ന സാധ്യത കമ്യൂണിസ്റ്റ് പാര്ടിക്കുമുന്നിലുണ്ട് എന്ന വിശ്വാസം പാര്‍ടിയുടെ ചിന്താഗതിയിലും പ്രവര്‍ത്തനങ്ങളിലും ആധിപത്യം സ്ഥാപിച്ചു. ഇത് പാര്‍ടിയുടെ പ്രവര്‍ത്തനം ബഹുജനങ്ങള്‍ക്കിടയില്‍ എന്നതിനുപകരം പാര്‍ലമെന്ററി പ്രവര്‍ത്തനം എന്നതിലേക്ക് ക്രമേണ മാറുന്നതിനിടയാക്കി. ഇത് പാര്‍ടി നേതാക്കളുടെയും കാഡര്മാരുടെയും കാഴ്ചപ്പാടിലും മെല്ലെ മാറ്റം വരുന്നതിനിടയാക്കി; അവരുടെ ജീവിതത്തിലും പ്രവര്‍ത്തനത്തിലും മാറ്റം വരുന്നതിനും ഇതിടയാക്കി".
1957ലെ 12 പാര്‍ടികളുടെ പ്രഖ്യാപനം നല്കിയ താക്കീത് കണക്കിലെടുക്കുന്നതിലും പാര്‍ടി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് സ്വയം വിമര്‍ശനപരമായി ചൂണ്ടിക്കാട്ടി: "റിവിഷനിസ്റ്റുകള്‍ മാര്‍ക്സിസത്തിന്റെ വിപ്ലവപരമായ സത്തയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്; തൊഴിലാളിവര്‍ഗത്തിനിടയിലും പൊതുവില്‍ അധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയിലും സോഷ്യലിസത്തിലുള്ള വിശ്വാസത്തെ തകര്‍ക്കുന്നതിനാണ് ശ്രമിക്കുന്നത്. തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെയും മുതലാളിത്തത്തില്‍നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെയും ചരിത്രപരമായ ആവശ്യകത അവര്‍ നിഷേധിക്കുന്നു. അവര്‍ മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് പാര്‍ടിയുടെ നേതൃത്വപരമായ പങ്കിനെ നിഷേധിക്കുന്നു; തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെ തത്ത്വങ്ങളെ അവര്‍ തിരസ്കരിക്കുന്നു; പാര്‍ടി സംഘടനയുടെ ലെനിനിസ്റ്റ് തത്ത്വങ്ങളെയും സര്‍വോപരി ജനാധിപത്യ കേന്ദ്രീകരണത്തെയും തള്ളിക്കളയാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ ഉശിരന്‍ വിപ്ലവ സംഘടന എന്നതില്‍നിന്നും ഒരുതരം ഡിബേറ്റിങ് സൊസൈറ്റിയായി പരിവര്‍ത്തനപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്". പാര്‍ടി സംഘടനയുടെ മണ്ഡലത്തില്‍ റിവിഷനിസത്തെ ചെറുക്കുന്നതിന് 'ആവേശകരമായ ആഹ്വാനം' നല്‍കുന്നതിന് കോണ്‍ഗ്രസിന് ഇത് പ്രചോദനമായി.
മൂന്നു തലങ്ങളുള്ള കമ്മിറ്റി സംവിധാനവും ലഭിച്ച വോട്ടിന് ആനുപാതികമായി പാര്‍ടി മെമ്പര്‍ഷിപ്പ് വികസിപ്പിക്കണമെന്നതിനും സംഘടനാ റിപ്പോര്‍ട്ട് ആഹ്വാനം ചെയ്തു. ഈ നിര്‍ദ്ദേശങ്ങളാകട്ടെ റിവിഷനിസ്റ്റ് സ്വാധീനത്തിന്റെ പ്രതിഫലനവുമാണ് - ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കേണ്ട അതേ പ്രവണത തന്നെ!
അങ്ങനെ ആറാം പാര്‍ടി കോണ്‍ഗ്രസ് ഒത്തുതീര്പ്പുകളുടേതായ ഒരു കോണ്‍ഗ്രസായിരുന്നു; പാര്‍ടിയില്‍ ഭിന്നിപ്പുണ്ടായ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കപ്പെടാതെ തുടര്‍ന്നു. 1962ല്‍ നടക്കാനിരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പിന്തുടരേണ്ട വിശാലമായ അടവുകള്‍ സംബന്ധിച്ചു മാത്രമാണ് കൈവരിക്കാന്‍ കഴിഞ്ഞ ഒരേയൊരു ധാരണ. •