ക്രിസ്മസ് ദിനത്തിലെ രക്തസാക്ഷിത്വം

പി എസ് പൂഴനാട്

മേരിക്കന്‍ സാമ്രാജ്യത്വം ബ്രസീലില്‍ അവരോധിച്ച പട്ടാള സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതി മരിച്ച കമ്യൂണിസ്റ്റ് ഗറില്ലാ പോരാളിയായിരുന്നു മൗറീഷ്യോ ഗ്രബോയ്സ്. 1964 മുതല്‍ 1985 വരെ ബ്രസീലിന്‍റെ മണ്ണില്‍ ചോരക്കളങ്ങള്‍ തീര്‍ത്തുകൊണ്ടായിരുന്നു ആ പട്ടാള സ്വേച്ഛാധിപത്യം മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നത്. എത്രയെത്ര മനുഷ്യരായിരുന്നു പുതിയൊരു ബ്രസീലിനു വേണ്ടി തങ്ങളുടെ പ്രാണന്‍ പകുത്ത് നല്‍കിയത്. ആ പോരാട്ടം അത്ര വലുതായിരുന്നു. ജാവോ ഗുലാര്‍ത്തിന്‍റെ ഇടതുപക്ഷ ജനകീയ സര്‍ക്കാറിനെ അട്ടിമറിച്ചുകൊണ്ടാണ് ആ പട്ടാള ഭരണകൂടത്തെ അമേരിക്കന്‍ സിഐഎ ബ്രസീലിയന്‍ മണ്ണില്‍ പ്രതിഷ്ഠിച്ചത്. ജാവോ ഗുലാര്‍ത്തിനുശേഷം ബ്രസീലില്‍ ഒരു ഇടതുപക്ഷ ഭരണാധികാരി അധികാരമേല്‍ക്കുന്നത് സുദീര്‍ഘമായ കാലയളവിനുശേഷം ലുല ഡിസില്‍വയിലൂടെ 2003 ലായിരുന്നു. ലുല ഡിസില്‍വയും അട്ടിമറിക്കപ്പെട്ടു. തുടര്‍ന്നുവന്ന ഇടതുപക്ഷ നേതാവ് ദില്‍മ റൂസെഫിനെയും അമേരിക്കന്‍ അട്ടിമറിവീരന്മാര്‍ അധികാരത്തില്‍നിന്നും പുറത്താക്കുകയായിരുന്നു. ആ പഴയ പട്ടാള സ്വേച്ഛാധിപത്യത്തിന്‍റെ ആരാധകനും തീവ്രവലതുപക്ഷക്കാരനും അമേരിക്കന്‍ പാവയുമായ ജെയ്ര്‍ ബൊല്‍സനാരോയാണ് ഇപ്പോള്‍ ബ്രസീലില്‍ ഭരരണ്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങള്‍ ബ്രസീലിനെ ഇപ്പോഴും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. എന്നാല്‍ മൗറീഷ്യോ ഗ്രബോയ്സിനെപ്പോലുള്ളവര്‍ രക്തസാക്ഷികളായിത്തീര്‍ന്നത് ഇങ്ങനെയൊരു ബ്രസീലിനെ സ്വപ്നം കണ്ടു കൊണ്ടായിരുന്നില്ല.
ബ്രസീലിലെ സാല്‍വദോര്‍ എന്ന തീര പ്രദേശത്തായിരുന്നു 1912 ഒക്ടോബര്‍ രണ്ടിന് മൗറീഷ്യോ ഗ്രബോയ്സ് പിറന്നുവീണത്. സ്വന്തം ജന്മദേശത്തെ സ്കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, പത്തൊമ്പതാമത്തെ വയസ്സില്‍, റിയോ ഡി ജനീറോയിലുള്ള ഒരു സൈനിക കോളേജില്‍ ചേര്‍ന്നു പഠിക്കുന്നതിനുവേണ്ടി ജന്മദേശം വിട്ട് ഗ്രബോയ്സ് യാത്രയായി. സൈനിക കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു മാര്‍ക്സിസം- ലെനിനിസത്തിന്‍റെയും കമ്യൂണിസ്റ്റ് സ്വപ്നങ്ങളുടെയും പുതിയൊരു ആകാശത്തിലേയ്ക്ക് ഗ്രബോയ്സ് എന്ന വിദ്യാര്‍ഥിയുടെ കണ്ണുകള്‍ തുറക്കപ്പെടുന്നത്. അങ്ങനെയായിരുന്നു ബ്രസീലിലെ കമ്യൂണിസ്റ്റ് യുവജന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ യുവജന പ്രസ്ഥാനത്തിന്‍റെ പ്രധാനപ്പെട്ട നേതാക്കളിലൊരാളായി ഗ്രബോയ്സ് വളര്‍ന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായി പങ്കുകൊണ്ടു. ഗെറ്റ്യൂലിയോ വര്‍ഗാസിന്‍റെ ഏകാധിപത്യത്തിനെതിരെ 1935 നവംബര്‍ മാസത്തില്‍ ബ്രസീലില്‍ അരങ്ങേറിയ കമ്യൂണിസ്റ്റ് ചെറുത്തുനില്‍പ്പിന്‍റെ നേതൃസ്ഥാനത്തും ഗ്രബോയ്സ് ഉണ്ടായിരുന്നു. എന്നാല്‍ ആ ചെറുത്തുനില്‍പ്പിനെ പട്ടാളഭരണകൂടം അമര്‍ച്ച ചെയ്യുകയും അതിനെ തുടര്‍ന്ന് ബ്രസീലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെടുകയും ചെയ്തു. നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിത്താവളങ്ങളിലൂടെയായിരുന്നു പാര്‍ടി അതിന്‍റെ പ്രവര്‍ത്തനങ്ങളെ സജ്ജീകരിച്ചുകൊണ്ടിരുന്നത്. പാര്‍ടി പത്രത്തിന്‍റെ എഡിറ്റര്‍ ജോലിയായിരുന്നു ഗ്രബോയ്സിന് പാര്‍ടി ഏല്‍പ്പിച്ചു നല്‍കിയത്. ഒളിത്താവളങ്ങളിലിരുന്നുകൊണ്ട് ദ വര്‍ക്കിംഗ് ക്ലാസ് എന്ന കമ്യൂണിസ്റ്റ് പത്രത്തിന്‍റെ അച്ചടിയില്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് പ്രതിബദ്ധതയോടെ അദ്ദേഹം മുന്നോട്ടു നീങ്ങുകയായിരുന്നു. എന്നാല്‍ 1941ല്‍ സ്വേച്ഛാധിപത്യ ഭരണകൂടം ഗ്രബോയ്സിനെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷക്കാലം ജയിലഴികള്‍ക്കുള്ളില്‍ അടച്ചു.
1945ല്‍ ഗെറ്റ്യൂലിയോ വര്‍ഗാസിന്‍റെ ഭരണകൂടം അട്ടിമറിക്കപ്പെട്ടതിനെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി വീണ്ടും നിയമവിധേയമാക്കപ്പെട്ടു. 1950ല്‍ ബ്രസീലിയന്‍ ദേശീയവാദികളുടെയും ജനപ്രിയ രാഷ്ട്രീയക്കാരുടെയും ഇടതുപക്ഷത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഗെറ്റ്യൂലിയോ വര്‍ഗ്ഗാസ് ബ്രസീലിന്‍റെ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തന്‍റെ പഴയകാല കമ്യൂണിസ്റ്റ് വിരുദ്ധതയെ കയ്യൊഴിയാനും ജനപ്രിയമായ ഒരു പുതുഭരണം കാഴ്ചവയ്ക്കാനും വര്‍ഗ്ഗാസ് ഒരുക്കമായിരുന്നു. അങ്ങനെ ബ്രസീലില്‍ ജനകീയമായ ഒരു ഭരണവും ജനപ്രിയ പരിഷ്ക്കാരങ്ങളും ആദ്യമായി വേരോടാന്‍ തുടങ്ങി. എന്നാല്‍ അമേരിക്കന്‍ ഭരണകൂടത്തിനും അതിന്‍റെ ബ്രസീലിയന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്കും ഇത്തരം ജനപ്രിയ ഭരണനടപടികളെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ വര്‍ഗാസിനെതിരെ കള്ളവാര്‍ത്തകളുടെയും കള്ളക്കഥകളുടെയും ഒരു മഹാപ്രളയത്തെ തന്നെ അമേരിക്കന്‍ സാമ്രാജ്യത്വം കെട്ടഴിച്ചുവിട്ടു. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ വര്‍ഗാസ് ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.
എന്നാല്‍ വര്‍ഗാസിന്‍റെ പിന്‍ഗാമിയായി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന ജാവോ ഗുലാര്‍ത്ത് എന്ന ഇടതുപക്ഷത്തിന്‍റെ മാസ്മരികനായ നേതാവ് ബ്രസീലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടുകൂടി കൂടുതല്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രസീലില്‍ തുടക്കമിട്ടു. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വ കേന്ദ്രങ്ങള്‍ക്ക് ജനക്ഷേമകരമായ നടപടികള്‍ കൂടുതല്‍ അസഹനീയമായിത്തീര്‍ന്നു. 1964 ഏപ്രില്‍ ഒന്നാം തീയതി ജാവോ ഗുലാര്‍ത്തിന്‍റെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ അമേരിക്കന്‍ സിഐഎ അട്ടിമറിച്ചു. അമേരിക്കന്‍ താല്‍പര്യങ്ങളെ സമ്പൂര്‍ണമായും സംരക്ഷിക്കുന്ന ഒരു പട്ടാള ഭരണകൂടത്തെ ജനകീയ സര്‍ക്കാരിന് പകരമായി ബ്രസീലില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. രണ്ട് ദശാബ്ദക്കാലം ആ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടം ബ്രസീലിനെ അടക്കിഭരിച്ചു. ജനങ്ങളുടെ എല്ലാ തരത്തിലുള്ള പൗരാവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടി ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും നിരോധിക്കപ്പെട്ടു.
എന്നാല്‍ ബ്രസീലിലെ കമ്യൂണിസ്റ്റുകാരും ജനാധിപത്യവാദികളും സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ജീവന്‍ കൊടുത്ത് പോരാടുകയായിരുന്നു. രണ്ടു പതിറ്റാണ്ടോളം കാലം ചോരനീരാക്കി ത്യാഗനിര്‍ഭരമായ പോരാട്ട വേദികളില്‍ അവര്‍ അണിനിരന്നുകൊണ്ടിരുന്നു. പട്ടാള ഭരണകൂടത്തിനെതിരെ തൊഴിലാളി സംഘടനകളെയും പ്രതിപക്ഷ പ്രസ്ഥാനങ്ങളെയും കണ്ണിചേര്‍ത്ത് നിറുത്തുന്നതില്‍ അതിനിര്‍ണായകമായ പങ്കുവഹിച്ചതാകട്ടെ ബ്രസീലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. 1922 മാര്‍ച്ച് 25-ാം തീയതി ബ്രസീലിയന്‍ മണ്ണില്‍ പിറവികൊണ്ടതിനുശേഷം നിരവധി കടുത്ത പോരാട്ടങ്ങളിലൂടെയായിരുന്നു ബ്രസീലിന്‍റെ കമ്യൂണിസ്റ്റ് പാര്‍ടി കടന്നുപോയ്ക്കൊണ്ടിരുന്നത്. എന്നാല്‍ പട്ടാള സ്വേച്ഛാധിപത്യം പുതിയൊരു അവസ്ഥാതലമായിരുന്നു. മിലിറ്ററി ഏകാധിപത്യത്തെ നേരിടാനുള്ള അടവുകളെയും തന്ത്രങ്ങളെയും സംബന്ധിച്ചുള്ള വ്യത്യസ്ത നിലപാടുകള്‍ പാര്‍ടിക്കുള്ളില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. എല്ലാതരത്തിലുള്ള സംഘടനാ സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളും ചവിട്ടിയരയ്ക്കപ്പെട്ടുകൊണ്ടിരുന്ന ആ സന്ദര്‍ഭത്തെ നേരിടേണ്ടത് സായുധ ഗറില്ലാ പോരാട്ടങ്ങളിലൂടെയായിരിക്കണമെന്ന് മൗറീഷ്വോ ഗ്രബോയ്സിനെപ്പോലുള്ള കമ്യൂണിസ്റ്റുകള്‍ അതിശക്തമായി വാദിച്ചു. അങ്ങനെ ഒരു വിഭാഗം കമ്യൂണിസ്റ്റുകള്‍ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഗറില്ലാ പോരാട്ടങ്ങളുടെ പുതുസാധ്യതകളിലേക്ക് സൈദ്ധാന്തികമായും പ്രായോഗികമായും സഞ്ചരിക്കാന്‍ തുടങ്ങി. മൗറീഷ്വോ ഗ്രബോയ്സായിരുന്നു ഈയൊരു ധാരയെ മുന്നോട്ടു നീക്കിയത്.
ബ്രസീലിനെ അടക്കിവാണുകൊണ്ടിരുന്ന സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ സായുധ കലാപം കെട്ടഴിച്ചു വിടുന്നതിനുവേണ്ടി ബ്രസീലിലെ അരഗ്വൊയ്യാ നദീതടം കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ഗറില്ലാപടയായിരുന്നു അരഗ്വൊയ്യാ ഗറില്ലാ സംഘം. 1967 മുതല്‍ 1974 വരെ വളരെ സജീവമായി ബ്രസീലില്‍ നിലകൊണ്ട ഒരു ഗറില്ലാ പ്രസ്ഥാനമായിരുന്നു ഇത്. മൗറിഷ്വോ ഗ്രബോയ്സ് ഉള്‍പ്പെടെയുള്ള  കേഡര്‍മാരായിരുന്നു ഈ ഗറില്ലാ പ്രസ്ഥാനത്തെ രൂപപ്പെടുത്തിയെടുക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത്. ഗ്രാമീണ മേഖലകളില്‍ അതിശക്തമായ സ്വാധീനവലയമുറപ്പിച്ചുകൊണ്ട് ബ്രസീലിലെ പട്ടാള സ്വേച്ഛാധിപത്യത്തിനെതിരെ ഒരു ജനകീയ യുദ്ധം കെട്ടഴിച്ചു വിടലായിരുന്നു അവരുടെ ലക്ഷ്യം. ക്യൂബന്‍ വിപ്ലവത്തിന്‍റെയും ചൈനീസ് വിപ്ലവത്തിന്‍റെയും അനുഭവ പരിസരങ്ങളെയായിരുന്നു തങ്ങളുടെ പദ്ധതികള്‍ക്കായി അവര്‍ സ്വാംശീകരിച്ചിരുന്നത്.
1972 മുതല്‍ ബ്രസീലിയന്‍ പട്ടാളവുമായി അവര്‍ നേരിട്ട് ഏറ്റുമുട്ടാന്‍ തുടങ്ങിയിരുന്നു. കോളേജ് വിദ്യാര്‍ഥികളും സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുമായിരുന്നു ഈ ഗറില്ലാപടയില്‍ കൂടുതലായി അണിനിരന്നിരുന്നത്. ബ്രസീലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ആ പാര്‍ടിയില്‍ നിന്നും സൈദ്ധാന്തികവും പ്രായോഗികവുമായ വിയോജിപ്പുകളെ തുടര്‍ന്ന് 1962ല്‍ രൂപം കൊണ്ട പുതിയ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രസീലും പട്ടാള സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ സംയുക്തമായിട്ടായിരുന്നു അണിചേര്‍ന്നിരുന്നത്. യഥാര്‍ഥത്തില്‍ പട്ടാള സ്വേച്ഛാധിപത്യനെതിരെയുള്ള ഗറില്ലാ പോരാട്ടങ്ങളുടെ വേദികളിലും മറ്റ് വിയോജിപ്പുകളെല്ലാം മറന്നുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ ഒരുമിച്ചുനിന്ന് പൊരുതുകയായിരുന്നു.
ആമസോണ്‍ വനാന്തരങ്ങളില്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലുകളില്‍ നിരവധി ഗറില്ലാ പോരാളികള്‍ രക്തസാക്ഷികളായിത്തീര്‍ന്നു. നിരവധിപേരെ പട്ടാളം പിടിച്ചുകെട്ടുകയും കൊടിയ പീഡനങ്ങളുടെയും മര്‍ദനങ്ങളുടെയും തടവറകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. പോരാളികളെ തുരത്തുന്നതിനുവേണ്ടി നിരവധിയിടങ്ങളില്‍ പട്ടാളം നാപ്പാം ബോംബും വര്‍ഷിച്ചിരുന്നു. ഗറില്ലാ പോരാളികളുമായി നേരിട്ട് ഏറ്റുമുട്ടാന്‍ കഴിയാത്തിടങ്ങളില്‍ പട്ടാളം പുതിയ തന്ത്രങ്ങള്‍ പ്രയോഗിച്ചു. അവര്‍ ഗറില്ലാ യുദ്ധമുറകള്‍ പഠിച്ചെടുക്കുകയും ഗറില്ലാ പോരാളികളെന്ന വ്യാജേനെ ഗറില്ലാ സംഘങ്ങളില്‍ കടന്നുകൂടുകയും ഗറില്ലാ പോരാളികളെ തകര്‍ത്തെറിയുകയും ചെയ്തു. ഇങ്ങനെ നിരവധിയായ തന്ത്രങ്ങളിലൂടെ പട്ടാളഭരണകൂടം തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ഗറില്ലാ പോരാട്ടമുഖങ്ങളെയാകമാനം ചോരയില്‍ മുക്കിക്കൊന്നു കളഞ്ഞു. അറുപതോളം ഗറില്ലാ പോരാളികളെ യാതൊരുവിധ തെളിവുകളും ശേഷിപ്പിക്കാതെ അവര്‍ കൊന്നുതള്ളിയിരുന്നു. ആ പോരാളികളെ കാടുകള്‍ക്കുള്ളില്‍ തന്നെ കുഴിച്ചുമൂടുകയും ചെയ്തു. ഇങ്ങനെ ഗറില്ലാ ചെറുത്തുനില്‍പ്പിന്‍റെ എല്ലാ വേരുകളെയും ബ്രസീലിയന്‍ മണ്ണില്‍നിന്നും പട്ടാളഭരണകൂടം അറുത്തുമാറ്റുകയായിരുന്നു. 1975 ഓടെ ബ്രസീലിലെ ഗറില്ലാ പ്രസ്ഥാനങ്ങള്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ഇതിനിടയില്‍, 1973ലെ ഒരു ക്രിസ്മസ് ദിനത്തില്‍, ഗറില്ലാപോരാട്ടങ്ങളുടെ ആവേശമായി നിലകൊണ്ടിരുന്ന മൗറീഷ്യോ ഗ്രബോയ്സിന്‍റെ ഇടനെഞ്ചിലേയ്ക്കും പട്ടാളഭരണകൂടത്തിന്‍റെ വെടിയുണ്ടകള്‍ തുളച്ചു കയറി. ജനാധിപത്യവും പൗരാവകാശവും പുലരുന്ന പുതിയൊരു ബ്രസീലിയന്‍ പുലരിയെ സ്വപ്നം കണ്ടുകൊണ്ട് 61 വയസ്സുകാരനായ ആ കമ്യൂണിസ്റ്റ് പോരാളി കാടിനുള്ളില്‍ രക്തസാക്ഷിത്വം വരിച്ചു.•