കര്‍ഷക ജനസാമാന്യത്തിന്‍റെ അതിജീവനത്തിന്‍റെ പ്രശ്നം

പ്രഭാത് പട്നായക്

ല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ തങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നത്തിനുനേരെ, അതായത് കര്‍ഷകര്‍ എന്ന നിലയിലുള്ള അവരുടെ അതിജീവനത്തിന്‍റെ പ്രശ്നത്തിനുനേരെ നിശ്ചയദാര്‍ഢ്യത്തോടെ വിരല്‍ചൂണ്ടുകയാണ്. നവലിബറലിസത്തിന്‍റെ സ്വാധീനത്തിനുകീഴില്‍ നശിച്ചുകൊണ്ടിരിക്കുന്നതാണെങ്കില്‍ക്കൂടി ഇതുവരെ നമ്മുടെ രാജ്യത്ത് കര്‍ഷകജനസാമാന്യത്തെ ജീവിക്കാന്‍ അനുവദിക്കുന്ന ഒരു സംവിധാനമുണ്ടായിരുന്നു. മോഡി ഗവണ്‍മെന്‍റ് കൊണ്ടുവന്നിരിക്കുന്ന ഈ മൂന്നു നിയമങ്ങള്‍, ഈ ഉപജീവനോപാധിയാകെ മൊത്തത്തില്‍ ഇല്ലാതാക്കുന്നതാണ്. അതുകൊണ്ടുതന്നെ മൂന്നു നിയമങ്ങളും ഈ തലത്തില്‍ നവലിബറല്‍ അജനഡയെ അതിന്‍റെ പരമാവധിയിലെത്തിക്കുന്നു. ഇതുകൊണ്ടുകൂടിയാണ് പ്രതിഷേധിക്കുന്ന കര്‍ഷകരും ഗവണ്‍മെന്‍റും തമ്മില്‍ പൊതുവായ ധാരണ ഉണ്ടാക്കാന്‍ കഴിയാത്തത്; അവ പിന്‍വലിക്കുക തന്നെ വേണം.
സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് വന്‍കിട കുത്തകകള്‍ക്ക്, കടിഞ്ഞാണില്ലാത്ത മുതലാളിത്തത്തിന് കൃഷിയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കുന്നത്; അതായത് അംബാനിയും അദാനിയും പോലെയുള്ള കോര്‍പറേറ്റുകളും ബഹുരാഷ്ട്ര അഗ്രിബിസിനസ് കമ്പനികളുമായിരിക്കും ഈ നിയമങ്ങളുടെ മുഖ്യഗുണഭോക്താക്കള്‍. ഈ പോയിന്‍റ് കാണുന്നതിന് ആദ്യം അവയിലെ അന്തരം ഇവിടെ വ്യക്തമായി വരച്ചിടേണ്ടതുണ്ട്.
ഇന്ത്യയില്‍ കാര്‍ഷികമേഖലയിലെ മുതലാളിത്തത്തിന്‍റെ വികാസത്തെക്കുറിച്ച് 1970കളില്‍ വന്‍തോതില്‍ ചര്‍ച്ച നടന്നിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിനുമുന്‍പുതന്നെ മുതലാളിത്ത വികാസത്തിലേക്കുള്ള ചായ്വ് പ്രകടമായിക്കഴിഞ്ഞുവെങ്കില്‍ പിന്നെന്തിനാണ് കൃഷിയിലേക്കുള്ള അതിന്‍റെ കടന്നുകയറ്റത്തിന് ഇത്രയേറെ ഒച്ചപ്പാടുണ്ടാക്കുന്നതെന്ന് ആരും അത്ഭുതപ്പെടും. മുതലാളിത്തം ഉദയംകൊണ്ട് ഇത്രയേറെ കാലം കഴിഞ്ഞിട്ടും കര്‍ഷകജനസാമാന്യം അപ്രത്യക്ഷമായിട്ടില്ലായെങ്കില്‍ പിന്നെന്തുകൊണ്ടാണ് ഇപ്പോള്‍ നാം അവരുടെ ഇല്ലാതാകലിനെക്കുറിച്ച് ആകലുതപ്പെടുന്നത്?
എന്തുതന്നെയായാലും ആ മുതലാളിത്ത വികാസം കാര്‍ഷിക സമ്പദ്ഘടനയ്ക്ക് ആന്തരികമായിരുന്നു; പുറത്തുനിന്ന് കൃഷിയിലേക്കുള്ള മുതലാളിത്തത്തിന്‍റെ കടന്നുകയറ്റത്തെ സജീവമായി നിരുത്സാഹപ്പെടുത്തിയിരുന്ന ഒരു ഭരണക്രമത്തിനുള്ളില്‍ വികസിച്ചുകൊണ്ടിരുന്ന കര്‍ഷകമുതലാളിത്തത്തിന്‍റെയും ഭൂപ്രഭു മുതലാളിത്തത്തിന്‍റെയും ഒരു സങ്കരമായിരുന്നു അത്. ഈ ഭരണക്രമത്തില്‍ താങ്ങുവില, സംഭരണ സംവിധാനം, സബ്സിഡി നിരക്കില്‍ പൊതുവിതരണം തുടങ്ങിയവ അടങ്ങിയിരുന്നു. ചുരുക്കത്തില്‍ ഭരണക്രമത്തിനുള്ളില്‍ത്തന്നെ ഒരു വശത്ത് കര്‍ഷക ഉത്പാദകരുമായും മറുവശത്ത് മുതലാളിത്ത ബാഹ്യമേഖല (Outside Capitalist Sector ) യുമായും ആഗോള മുതലാളിത്തകമ്പോളവുമായും ആ ഗവണ്‍മെന്‍റ് ഇടപെട്ടിരുന്നു. മുതലാളിത്ത ബാഹ്യമേഖലയില്‍ നിന്നും കൃഷിയെ വേര്‍പെടുത്തി നിര്‍ത്തിക്കൊണ്ടുള്ള അത്തരമൊരു ഇടപെടല്‍ ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നും നടപ്പാക്കിക്കൊണ്ടിരുന്ന ഒരു പശ്ചാത്തലത്തിലാണ് കൃഷിയില്‍ മുതലാളിത്തത്തിന്‍റെ വികാസം നടന്നത്.
കര്‍ഷകകേന്ദ്രിത കൃഷിയെ ചരക്കുത്പാദനത്തിന്‍റെ മണ്ഡലത്തിലേക്ക് വലിച്ചിടുക എന്നതാണ് പുറത്തുനിന്നുള്ള ഇത്തരം കടന്നുകയറ്റത്തിന്‍റെ മുഖ്യതന്ത്രം. കര്‍ഷക സമ്പദ്ഘടനയെ നശിപ്പിക്കുന്ന മുതലാളിത്തത്തെ സൈദ്ധാന്തികവത്കരിച്ച റോസാ ലക്സംബര്‍ഗ്,  ഇത്തരത്തിലുള്ള നശീകരണത്തിന്‍റെ ഒരു മാര്‍ഗമെന്ന നിലയിലാണ് ചരക്കുത്പാദനത്തെ കൊണ്ടുവന്നിരിക്കുന്നത് എന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടെ ചരക്കുത്പാദനംകൊണ്ട് എന്താണര്‍ഥമാക്കുന്നത് എന്നതിനെ സംബന്ധിച്ചുള്ള വ്യക്തത ആവശ്യമാണ്. അത് കമ്പോളത്തിനുവേണ്ടിയുള്ള ഏതെങ്കിലും ഉത്പാദനത്തെയോ, ചരക്ക് - പണം - ചരക്ക് സര്‍ക്യൂട്ടിനുകീഴില്‍ പണത്തിനു വേണ്ടി വിനിമയം ചെയ്യുന്നതിനുള്ള ഉത്പാദനത്തെയോ ഒന്നും തന്നെ അര്‍ഥമാക്കുന്നില്ല. ഒരു ഉത്പന്നം ഉപഭോക്താവിന് ഒരേസമയം ഉപയോഗമൂല്യവും വിനിമയ മൂല്യവും ആകുമ്പോള്‍, വില്‍പ്പനക്കാരനെ സംബന്ധിച്ചിടത്തോളം വിനിമയ മൂല്യം കുറേയധികം പണം മാത്രമാണ്. ഒപ്പം തന്നെ ഈ തുക നിര്‍ണയിക്കുന്നത് കമ്പോളത്തിന്‍റെ നൈസര്‍ഗികമായ പ്രവര്‍ത്തനത്തിലൂടെയുമാണ്.
ചരക്കുത്പാദനത്തിന്‍റെ പ്രധാനപ്പെട്ട ഒരു സവിശേഷത, അത് വന്‍കിട ഉത്പാദകര്‍ ചെറുകിട ഉത്പാദകരെ വിഴുങ്ങുന്നതിലേക്ക്, അതായത് ഇന്നത്തെ പരിതഃസ്ഥിതിയില്‍ കോര്‍പറേറ്റുകള്‍ കര്‍ഷകരെ വിഴുങ്ങുന്നതിലേക്ക് നയിക്കും എന്നതാണ്; ഇത് പൂര്‍ണമായി പ്രകടമാകുന്നത് ചരക്കുത്പാദനം അതിന്‍റെ ശരിയായ അര്‍ഥത്തില്‍ കര്‍ഷകസമ്പദ്ഘടനയെയും മുതലാളിത്ത സമ്പദ്ഘടനയെയും ബന്ധിപ്പിക്കുമ്പോള്‍ മാത്രമായിരിക്കും. താങ്ങുവിലയും സംഭരണവും ഉള്ള ഭരണക്രമത്തിനുള്ളില്‍ കമ്പോളത്തിന്‍റെ തന്നിഷ്ടം കാണിക്കലിന് നിയന്ത്രണമുണ്ടായിരുന്നു; വാസ്തവത്തില്‍ താങ്ങുവില തന്നെ ഇത്തരം വിഴുങ്ങലിനെ തടയുന്ന ഒരു നിയന്ത്രണമായിരുന്നു.
നവലിബറല്‍ ഭരണക്രമം മുന്നോട്ടുവച്ചതിനു പിന്നിലെ ലക്ഷ്യംതന്നെ കമ്പോളത്തിന്‍റെ തന്നിഷ്ടം കാണക്കലിനെ പുനഃസ്ഥാപിക്കുക എന്നതായിരുന്നു. കോര്‍പറേറ്റ് മൂലധനത്തിന് കര്‍ഷകകേന്ദ്രിത കൃഷിയെ വിഴുങ്ങുന്നതിന് തടയായി നില്‍ക്കുന്ന സംവിധാനത്തെയാകെ ഇല്ലായ്മ ചെയ്യാന്‍ അത് ആവശ്യപ്പെട്ടു; എന്നാല്‍ അതുവരെയുണ്ടായിരുന്ന ഭരണക്രമത്തിന്‍റെ അനവധി ഭാഗങ്ങള്‍ ഇല്ലാതാക്കിയപ്പോഴും, അതുവഴി കര്‍ഷകകേന്ദ്രിത കൃഷിയെ കൂടുതല്‍ നില്‍ക്കക്കള്ളിയില്ലാതാക്കിയപ്പോഴും കര്‍ഷക ആത്മഹത്യകളുടെ ഒരു പ്രവാഹംതന്നെ ഉണ്ടാകുന്നതിനിടയാക്കിയപ്പോഴും, ആ ഭരണക്രമത്തിന്‍റെ അടിസ്ഥാന സവിശേഷതയായ താങ്ങുവിലയും സംഭരണവും പൊതുവിതരണ സംവിധാനവും മാറ്റമില്ലാതെതന്നെ തുടര്‍ന്നിരുന്നു. ഏറെക്കാലമായി ശരിക്കും നല്‍കേണ്ടതിനേക്കാള്‍ വളരെ താഴ്ന്ന തുകയായി നില്‍ക്കുകയായിരുന്നു എങ്കിലും താങ്ങുവില ഉപേക്ഷിച്ചിരുന്നില്ല. മൊത്തം സംവിധാനത്തെയാകെ ഇല്ലാതാക്കിക്കൊണ്ട് കര്‍ഷകജനസാമാന്യത്തോട് ഇത്രയേറെ നിര്‍വികാരത കാണിച്ച, ഹൃദയശൂന്യമായ ഒരു ഗവണ്‍മെന്‍റ് ഇതിനുമുമ്പുണ്ടായിട്ടില്ല. എന്തുതന്നെയായാലും, നിര്‍വികാരതയുടെ കാര്യത്തില്‍ മോഡി ഗവണ്‍മെന്‍റ് മുന്‍കാല സര്‍ക്കാരുകളെയെല്ലാം പിന്നിലാക്കിയിരിക്കുന്നു; തൊഴിലാളികളുടെ, വാസ്തവത്തില്‍ കുടിയാന്മാരുടെ പദവിയിലേക്ക് കര്‍ഷകജനസാമാന്യത്തെ ഇകഴ്ത്തുന്ന  കര്‍ഷക കേന്ദ്രിത കൃഷിയെ കോര്‍പറേറ്റുകള്‍ പിടിച്ചെടുക്കുന്നതിനു തടസ്സം നില്‍ക്കുന്ന ഭരണസംവിധാനത്തെയാകെ ഇല്ലാതാക്കുവാന്‍ അത് തീരുമാനിച്ചിരിക്കുന്നു.
വാസ്തവത്തില്‍, കാര്‍ഷിക കമ്പോളങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഭരണകൂടം ഇടപെടാതെ, പൂര്‍ണമായും ചരക്കുത്പാദനത്തിന് കൃഷിയെ വിട്ടുകൊടുക്കുന്നത് കുറഞ്ഞത് മൂന്ന് അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഒന്ന്, അത് രാജ്യത്തിന്‍റെ ഭൂവിഭവത്തെയാകെ ലോക കമ്പോളത്തിന്‍റെ തീട്ടൂരങ്ങള്‍ക്ക് തുറന്നുകൊടുക്കലാണ്; എന്നുവച്ചാല്‍ വികസിത രാജ്യങ്ങളുടെ ഉയര്‍ന്ന വാങ്ങല്‍ശേഷി ഭൂമിയുടെ ഉപയോഗക്രമത്തെ നിര്‍ണയിക്കുന്നു എന്നതുകൊണ്ടുതന്നെ അത് ഫലത്തില്‍ സാമ്രാജ്യത്വത്തിന്‍റെ തീട്ടൂരമാണ്. രണ്ട്, സമകാലിക സാഹചര്യത്തില്‍ വികസിത രാജ്യങ്ങളുടെ ഡിമാന്‍ഡ്, ഭക്ഷ്യധാന്യങ്ങളേക്കാള്‍ ഉഷ്ണമേഖലാ വിളകള്‍ക്കായതുകൊണ്ടുതന്നെ, പൂര്‍ണമായ ചരക്കുത്പാദനമെന്നാല്‍ അത് ഭക്ഷ്യധാന്യഉത്പാദനത്തില്‍ നിന്നും ഭൂമിയെ വൃതിചലിപ്പിക്കുകയാണ്; അതായത് ഭക്ഷ്യധാന്യ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന ഭൂമിയില്‍ മറ്റു വിളകളുടെയും മറ്റു രീതികളുടെയും പകരംവയ്ക്കലാണത്; എന്നുവച്ചാല്‍ ആഭ്യന്തരഭക്ഷ്യവസ്തുക്കളുടെ ഡിമാന്‍ഡ് ആഭ്യന്തര ഉത്പാദനത്തെ മറികടക്കുന്ന ഘട്ടത്തില്‍ ഇന്ത്യയെ ഒരു ഭക്ഷ്യ-ഇറക്കുമതി-ആശ്രിതരാജ്യമാക്കി അത് മാറ്റും. മൂന്ന്, നേരത്തേ പറഞ്ഞതുപോലെ, അത് കര്‍ഷകജനസാമാന്യത്തെ കോര്‍പറേറ്റുകളുടെ ദയാദാക്ഷിണ്യത്തിനുവിടുകയും, കര്‍ഷകജനസാമാന്യത്തിന്‍റെ സാമ്പത്തിക പദവി നഷ്ടമാക്കുകയും ചെയ്യും. ഇത് ഒരുപാട് രീതികളിലൂടെ സംഭവിക്കും. സംഭവിക്കാവുന്ന ഒരു രീതി ഉദാഹരണത്തിലൂടെ  നമുക്ക് നോക്കാം: ലോക കമ്പോളത്തിന്‍റെ ഡിമാന്‍ഡിനനുസൃതമായി കോര്‍പറേറ്റുകളുടെ കല്‍പനപ്രകാരം നാണ്യവിളകള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക്, വിള മോശമാകുന്ന വര്‍ഷത്തിലോ വിലയില്‍ ഇടിവുണ്ടാകുന്ന ഘട്ടത്തിലോ (യഥാര്‍ഥ കരാര്‍ വില എന്താണെന്ന് കണക്കാക്കാതെ അതിന്‍റെ ആഘാതം എന്നന്നേക്കുമായി കര്‍ഷകരുടെ ചുമലിലാക്കുന്നു) കോര്‍പറേറ്റുകളില്‍ നിന്നും കടം വാങ്ങേണ്ടിവരുന്നു; കോര്‍പറേറ്റുകളുടെ ഈ കടക്കെണിയില്‍ ഒരിക്കല്‍ കുടുങ്ങിയാല്‍ പിന്നെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമി നഷ്ടപ്പെടുകയും അവര്‍ തൊഴിലാളികളായി മാറുകയും ചെയ്യുന്നു.
താങ്ങുവിലയുടെയോ സംഭരണ വിലയുടെയോ രൂപത്തിലുള്ള ഗവണ്‍മെന്‍റിന്‍റെ യാതൊരു ഇടപെടലുമില്ലാതെ കര്‍ഷകജനസാമാന്യത്തെ കമ്പോളത്തിന്‍റെ ദയാദാക്ഷിണ്യത്തിന് എറിഞ്ഞുകൊടുത്തിരുന്ന കൊളോണിയല്‍ കാലഘട്ടത്തിന്‍റെ അനുഭവങ്ങളില്‍നിന്നും ഇതെല്ലാം നമുക്ക് പരിചിതമാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലും നാല്‍പ്പതുകളിലും രാജ്യത്ത് എഴുതപ്പെട്ട എല്ലാ നാട്ടുഭാഷയിലുമുള്ള സാഹിത്യരചനകളില്‍ ശരിക്കും ഈ ദുരിതത്തിന്‍റെ ഹൃദയഹാരിയായ പ്രകടനം കാണാം; എന്നിട്ടും കര്‍ഷകകേന്ദ്രിത കൃഷിയെ കമ്പോളത്തിന്‍റെ അനിയന്ത്രിതമായ പ്രവര്‍ത്തനത്തിനു വിട്ടുകൊടുക്കുന്നതിലെ വന്‍കെണിയെക്കുറിച്ച് ബോധമില്ലാതെ ഇന്ന് ഒട്ടേറെ ബുദ്ധിജീവികള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അവര്‍ക്ക് രാജ്യത്തിന്‍റെ ചരിത്രം അറിയാത്തതുപോലെയാണ് അവര്‍ പറയുന്നത്. ബിജെപിക്ക് ചരിത്രത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായെന്നു പറയുന്നത് മനസ്സിലാക്കാം; എന്നാല്‍ ഇവിടെ ഒട്ടേറെ ബിജെപിയിതര ബുദ്ധിജീവികള്‍ ഗവണ്‍മെന്‍റ് ഇടപെടലില്ലാതെയുള്ള ചരക്കുത്പാദനത്തില്‍ നിര്‍വൃതിയടയുന്നതാണ് അത്ഭുതപ്പെടുത്തുന്നത്.
പൂര്‍ണമായ ചരക്കുത്പാദനത്തിന്‍റെ ഈ കുരുക്കുകള്‍ കര്‍ഷകജനസാമാന്യത്തിന്‍റെ പാപ്പരീകരണം വര്‍ധിപ്പിക്കും; കര്‍ഷകരുടെ ഭൗതിക സാഹചര്യത്തിലുണ്ടാകുന്ന ഏതൊരു വഷളാക്കലും മൊത്തം അധ്വാനിക്കുന്ന ജനങ്ങളിലും അതേ സമയത്തുതന്നെ ചലനം ഉണ്ടാക്കും; മൊത്തം അധ്വാനിക്കുന്ന ജനങ്ങളുടെ പരമമായ ദാരിദ്ര്യം അത് വര്‍ധിപ്പിക്കും. ഇത് കാണുന്നതിനായി നമുക്കിങ്ങനെ കണക്കാക്കാം; ഭക്ഷ്യവിളകളില്‍നിന്നും നാണ്യവിളകളിലേക്കുള്ള മാറ്റത്തിന്‍റെ ഭാഗമായി ഏക്കറിനിത്ര അധ്വാനം എന്നത് മാറ്റമില്ലാതെ തുടരുകയാണ്. (അത് മാറാതെ നില്‍ക്കുന്നതിനുപകരം ഇടിയുകയാണെങ്കില്‍, ദാരിദ്ര്യത്തിലെ വര്‍ധനവ്, ഒന്നുകൂടി സ്പഷ്ടമാകും). ഇനി, ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകളിലേക്കുള്ള മാറ്റത്തിന്‍റെ ഭാഗമായി കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും പ്രതിശീര്‍ഷവരുമാനവും മാറ്റമില്ലാതെ തുടരുന്നു എന്നു കണക്കാക്കുക. അങ്ങനെയായാല്‍പോലും നാണ്യവിളകള്‍ക്ക് ഒരു വര്‍ഷം വിലയിടിവുണ്ടായാല്‍, അധ്വാനിക്കുന്ന ജനങ്ങളുടെ, അതായത് കര്‍ഷകരുടെയും തൊഴിലാളികളുടെയും വരുമാനം ഇടിയുകയും അവര്‍ക്ക് കടം വാങ്ങാതെ നിവൃത്തിയില്ലാതാവുകയും ചെയ്യുന്നു.
ഒരിക്കല്‍ കടത്തില്‍പെട്ടു കഴിഞ്ഞാല്‍ ദാരിദ്ര്യത്തിലേക്കുള്ള അവരുടെ കൂപ്പുകുത്തലിന് പിന്നെ അന്ത്യമുണ്ടാവില്ല; അതിനുകാരണം ചരക്കുത്പാദനവുമായി ബന്ധപ്പെട്ട ലളിതമായ ഒരു വസ്തുതയാണ്; അതായത് കര്‍ഷകര്‍ക്കും കമ്പോളത്തിനുമിടയില്‍ ഇടനിലക്കാരായി നില്‍ക്കുന്ന കോര്‍പറേറ്റുകള്‍ വിലയിടിവിന്‍റെ എല്ലാ ഭാരങ്ങളും കര്‍ഷക ഉത്പാദകരിലേക്ക് തള്ളിയിടുന്നു, അതേ സമയം വില വര്‍ധനവിന്‍റെ ഫലങ്ങളില്‍ അങ്ങനെ ചെയ്യുന്നുമില്ല. അതുകൊണ്ടുതന്നെ ലോക കമ്പോളവില ഇടിയുമ്പോള്‍ അത് കടക്കെണിയില്‍ വീഴാനുള്ള അവസരമുണ്ടാക്കുകയും ഇതേ ലോക കമ്പോളവില വര്‍ധിക്കുമ്പോള്‍ അത് തിരിച്ചടക്കാനുള്ള അവസരമുണ്ടാക്കിതിരിക്കുകയും ചെയ്യുന്നു. അങ്ങനെ കടം എന്നത് കര്‍ഷകജനസാമാന്യത്തിന്‍റെ കഴുത്തിനു ചുറ്റും ഒരു സങ്കീര്‍ണ പ്രശ്നമായി അവശേഷിക്കുന്നു; അത് അവരുടെ പാപ്പരീകരണത്തിലേക്കു നയിക്കുന്നു; അവസാനം ഒട്ടേറെ കര്‍ഷകര്‍ തൊഴിലന്വേഷിച്ച് നഗരങ്ങളിലേക്കു കുടിയേറുകയും അവിടങ്ങളിലെ കരുതല്‍സേനയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഇത്തരത്തിലുള്ള പാപ്പരീകരണം സംഘടിത തൊഴിലാളികളടക്കമുള്ള അധ്വാനിക്കുന്ന ജനങ്ങളെ മൊത്തത്തില്‍ ദാരിദ്ര്യവത്കരിക്കും.
അതുകൊണ്ടുതന്നെ കര്‍ഷകപ്രക്ഷോഭത്തില്‍ പറയുന്ന വിഷയങ്ങള്‍ ഇതിനേക്കാളൊക്കെ അപ്പുറമോ അഥവാ ഈ മൂന്നു ബില്ലുകളിലെ വകുപ്പുകള്‍ക്കപ്പുറമോ പോകുന്നു. അവര്‍ ഉയര്‍ത്തുന്നത് കര്‍ഷകജനസാമാന്യത്തിന്‍റെ അതിജീവനത്തിന്‍റെ പ്രശ്നമാണ്.•