സംസ്ഥാന ജീവനക്കാരുടെ സംഘശേഷി തെളിയിച്ച സമ്മേളനം

എം എ അജിത്കുമാര്‍

സംസ്ഥാന ജീവനക്കാരുടെ സംഘടിത സമരപ്രസ്ഥാനമായ കേരള എന്‍ജിഒ യൂണിയന്‍റെ 57-ാം സംസ്ഥാന സമ്മേളനം 2020 ഡിസംബര്‍ 29 ന് ചേര്‍ന്നു. കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തും ജില്ലാകേന്ദ്രങ്ങളിലുമായി വെര്‍ച്വലായിട്ടാണ് സമ്മേളനം നടന്നത്. വിപുലവും വൈവിധ്യവുമാര്‍ന്ന സമര സംഘടനാപ്രവര്‍ത്തനങ്ങളും കര്‍ത്തവ്യബോധവും സാമൂഹ്യപ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച ഇടപെടലുകളും കൊണ്ട് സമൃദ്ധമായ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനുമായി പുതിയകാലത്തിന്‍റെ സവിശേഷ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടു ചേര്‍ന്ന സംസ്ഥാന സമ്മേളനം സംഘടനയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. 2020 ഡിസംബര്‍ 29 ന് രാവിലെ സംസ്ഥാന പ്രസിഡന്‍റ് ഇ. പ്രേംകുമാര്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്‍റ് എസ്. രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട്, സംഘടനാറിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍ എന്നിവ അംഗീകരിച്ച സമ്മേളനം ഇ. പ്രേംകുമാര്‍ (പ്രസിഡന്‍റ്), എം.എ. അജിത്കുമാര്‍ (ജനറല്‍ സെക്രട്ടറി), എന്‍. നിമല്‍രാജ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സംസ്ഥാന സെക്രട്ടറിയറ്റിനെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 
സിവില്‍സര്‍വീസ് മാത്രമല്ല സമൂഹമാകെ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് സമ്മേളനം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തു. ലോകമാകെ പ്രതിസന്ധി പടര്‍ത്തിയ കോവിഡ് സൃഷ്ടിച്ച കെടുതികള്‍ വിവരണാതീതമാണ്. അമേരിക്കയടക്കമുള്ള വികസിത മുതലാളിത്ത രാജ്യങ്ങളും അവരുടെ സഖ്യകക്ഷികളും സാധാരണക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടാക്കാതെ അതിസമ്പന്നരുടെ താല്പര്യസംരക്ഷണത്തിനായി നിലകൊണ്ടു.
ഇന്ത്യയിലാകട്ടെ നരേന്ദ്രമോഡി സര്‍ക്കാര്‍ മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച അടച്ചിടല്‍ സാധാരണക്കാര്‍ക്ക് കൊടിയ ദുരിതങ്ങളാണ് സമ്മാനിച്ചത്. മുന്‍പേ തന്നെ മാന്ദ്യത്തിലായിരുന്ന സമ്പദ്വ്യവസ്ഥയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കി. നിസ്സഹായരായ കുടിയേറ്റ തൊഴിലാളികളുടെ നരക യാതനകള്‍, സാമ്പത്തികപ്രതിസന്ധി, തൊഴില്‍നഷ്ടം, തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം, പട്ടിണി തുടങ്ങി എണ്ണമറ്റ പ്രതിസന്ധികളാണ് രോഗവ്യാപനത്തോടൊപ്പം ജനങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. ആരോഗ്യപരിപാലനരംഗം ശക്തിപ്പെടുത്താനോ, സൗജന്യചികിത്സ ഉറപ്പാക്കാനോ തയ്യാറാകാത്ത കേന്ദ്രം സംഭരണശാലകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്നും പ്രതിമാസം ചുരുങ്ങിയത് 7500 രൂപ വീതം ഓരോ കുടുംബത്തിനും പണമായി നല്‍കണമെന്നുമുള്ള ആവശ്യങ്ങളും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ജനകീയസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് സാധാരണക്കാര്‍ക്ക് ഗുണകരമായില്ല. പ്രതിസന്ധികാലത്തെ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനുള്ള സുവര്‍ണാവസരമാക്കാനാണ് മോഡി സര്‍ക്കാര്‍ പരിശ്രമിച്ചത്. തന്ത്രപ്രധാനമേഖലകളെയടക്കം സ്വകാര്യവല്‍ക്കരിക്കാനും പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാനും ഈ അവസരം വിനിയോഗിച്ചു. ഒന്നരലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി ഇളവ് ചെയ്തുനല്‍കിയ സര്‍ക്കാര്‍, വന്‍കിടക്കാര്‍ പൊതുമേഖലാ ബാങ്കുകളില്‍ കുടിശിക വരുത്തിയ 68607 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി. അടച്ചിടലിനെ തുടര്‍ന്ന് സര്‍ക്കാരിനുണ്ടായ വരുമാനനഷ്ടം പരിഹരിക്കാന്‍ ലോകവിപണിയില്‍ ക്രൂഡോയില്‍ വിലയിടിഞ്ഞപ്പോഴും അതിന്‍റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ പെട്രോളിനും ഡീസലിനും ലിറ്ററിന് പതിമൂന്ന് രൂപ വീതം ഒറ്റയടിക്ക് നികുതി വര്‍ധിപ്പിച്ച് രണ്ട് ലക്ഷം കോടി രൂപയാണ് കൊള്ളയടിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ പാചക വാതക സിലിണ്ടറൊന്നിന് നൂറുരൂപ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ചു. രാജ്യത്തിന്‍റെ ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷ അടിത്തറയെയും നിരന്തരം വെല്ലുവിളിക്കുന്ന മോഡി സര്‍ക്കാര്‍ രാജ്യത്തിന്‍റെ പാര്‍ലമെന്‍ററി ജനാധിപത്യവ്യവസ്ഥയെയും അട്ടിമറിക്കുന്ന സ്ഥിതിയുണ്ടായി.
തൊഴില്‍ നിയമങ്ങളെ തങ്ങള്‍ക്കനുകൂലമായി പൊളിച്ചെഴുതണമെന്ന തൊഴിലുടമകളുടെ ആവശ്യം അംഗീകരിച്ച് 44 തൊഴില്‍നിയമങ്ങള്‍ അസ്ഥിരപ്പെടുത്തി 4 ലേബര്‍ കോഡുകള്‍ നടപ്പിലാക്കുന്നു. രാജ്യത്തെ കാര്‍ഷികമേഖലയെ  ഒന്നോടെ ഉന്മൂലനം ചെയ്യാനിടയാക്കുന്നതാണ് പുതിയ കാര്‍ഷിക നിയമഭേദഗതികള്‍. രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയും ഇതോടെ അപകടത്തിലാകും. ഈ ഗുരുതര സ്ഥിതിവിശേഷം തിരിച്ചറിഞ്ഞാണ് അന്നദാതാക്കളായ കര്‍ഷക ജനത രാജ്യം കണ്ട ഏറ്റവും ശക്തമായ കര്‍ഷകപ്രക്ഷോഭത്തില്‍ അണിനിരന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ രൂക്ഷമായ കടന്നാക്രമണം ഏറ്റുവാണ്ടേണ്ടിവരുന്ന മറ്റൊരുമേഖലയാണ് സിവില്‍സര്‍വീസ്. ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതികളിലൊന്നായി നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ നിഷേധിച്ച് പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ച ബിജെപിയും അതിനായി നിയമം നിര്‍മിച്ച കോണ്‍ഗ്രസ്സും കമ്പോളനയങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കുന്നവരാണ്. നിയമനനിരോധനം, തസ്തികവെട്ടിക്കുറയ്ക്കല്‍ കരാര്‍-കാഷ്വല്‍വല്‍ക്കരണം തുടങ്ങിയ നടപടികളിലൂടെ സിവില്‍സര്‍വീസിനെ അസ്ഥിരീകരിക്കാനാണ് എക്കാലവും കമ്പോളശക്തികള്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി എട്ടരലക്ഷം ഒഴിവുകള്‍ നികത്താതിരിക്കുമ്പോള്‍ 3 ലക്ഷം കരാര്‍ ജീവനക്കാര്‍ പണിയെടുക്കുന്നു. ബാങ്കിംഗ് മേഖലയില്‍ ഇനിമുതല്‍ ക്ലാര്‍ക്കുമാര്‍ക്ക് പകരം അപ്രന്‍റീസുമാരെ നിയമിച്ച് പണിയെടുപ്പിക്കാനാണ് തീരുമാനം. നിശ്ചിതകാല തൊഴിലും വ്യാപകമാക്കുന്നു. കാര്യക്ഷമതയുടെ പേരില്‍ അന്‍പത് വയസ് കഴിഞ്ഞ ജീവനക്കാരെ നിര്‍ബന്ധിത പിരിച്ചുവിടല്‍ നടത്താനും തീരുമാനിച്ചിരിക്കുന്നു. കോവിഡിന്‍റെ പേരില്‍ ഒന്നരവര്‍ഷത്തേക്ക് ക്ഷാമബത്തയും മരവിപ്പിച്ചു. മോഡി സര്‍ക്കാരിന്‍റെ ജനവിരുദ്ധ തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരേ അതിശക്തമായ പ്രക്ഷോഭങ്ങളാണ് രാജ്യമാകെ ഉയരുന്നത്.
കേന്ദ്രസര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തിലെ ഏറ്റവും ദുര്‍ബലവിഭാഗങ്ങളുടെപോലും  ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ധനിക-ദരിദ്ര വ്യത്യാസമില്ലാതെ ഏവര്‍ക്കും അടിസ്ഥാന ജിവിതാവശ്യങ്ങള്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിന്‍റെ സാക്ഷാത്കാരത്തിനാണ് ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ ഉള്‍ക്കൊള്ളുന്ന നവകേരളമിഷന് തുടക്കം കുറിച്ചത്. നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികളെല്ലാം ഉദ്ദേശിച്ചതിനപ്പുറമുള്ള ലക്ഷ്യപ്രാപ്തിയാണ് കൈവരിച്ചത്. അടിസ്ഥാന സൗകര്യവികസനരംഗത്തെ മുതല്‍മുടക്കിലെ അപര്യാപ്തത പരിഹരിക്കാന്‍ നടപ്പിലാക്കിയ കിഫ്ബി നാടിന്‍റെ വികസനത്തില്‍ വിസ്മയം തീര്‍ത്ത് മുന്നേറുകയാണ്. 2016 മുതല്‍ നേരിടേണ്ടിവന്ന നിരവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ട് ജനങ്ങള്‍ക്കാകെ സംരക്ഷണമൊരുക്കിയതിനൊപ്പമാണ് ഈ നേട്ടങ്ങളെല്ലാം സാധ്യമാക്കിയത്. 
വികസനക്ഷേമപരിപാടികളുടെ വിജയകരമായ നിര്‍വഹണത്തില്‍ സംസ്ഥാന സിവില്‍സര്‍വീസിനുള്ള പങ്ക് ഇടതുപക്ഷം എക്കാലവും തിരിച്ചറിഞ്ഞിരുന്നു. സംസ്ഥാന രൂപീകരണകാലം മുതല്‍ സിവില്‍സര്‍വീസിന്‍റെ ശാക്തീകരണത്തിനും വിപുലീകരണത്തിനും ജനാധിപത്യവല്‍ക്കരണത്തിനും ഇടയ്ക്കിടെ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നിസ്തുലമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. ഇപ്പോഴും സ്ഥിതി വ്യത്യസ്തമാകില്ലെന്ന് അധികാരമേറ്റ ആദ്യനാളുകളില്‍തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓര്‍മിപ്പിച്ച സര്‍ക്കാര്‍ അവകാശാനുകൂല്യങ്ങള്‍ സമയബന്ധിതമായി അനുവദിക്കുന്നതില്‍ വീഴ്ചവരുത്തില്ലെന്ന ഉറപ്പും നല്‍കി. പിഎസ്സി വഴി മാത്രം ഒന്നരലക്ഷത്തിലേറെ പുതിയ നിയമനങ്ങള്‍ നടത്തി. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയും എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ വേറെയും. കാല്‍ ലക്ഷത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു വനിതകള്‍ക്കും കുട്ടികള്‍ക്കും പുതിയ വകുപ്പും വിവിധ വകുപ്പുകള്‍ക്കായി പുതിയ ആഫീസുകളും അനുവദിച്ചു. സര്‍ക്കാര്‍ സര്‍വീസിന്‍റെ സേവനക്ഷമത ഉയര്‍ത്തുന്നതില്‍ സുപ്രധാന ചുവടുവയ്പാകുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് എന്നിവ യാഥാര്‍ത്ഥ്യമാക്കി. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മെഡിസെപ് സാങ്കേതികതടസ്സങ്ങള്‍ പരിഹരിച്ച് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമം തുടരുകയാണ്. പതിനൊന്നാം ശമ്പളകമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതില്‍ വീഴ്ചയുണ്ടാകില്ലെന്ന ഉറപ്പും നല്‍കിയിരിക്കുന്നു. യുഡിഎഫ് അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പുനഃപരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ട കമ്മിറ്റി പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുന്നു. 
സിവില്‍ സര്‍വീസിനോട് സര്‍ക്കാര്‍ പുലര്‍ത്തിപ്പോന്ന വിശ്വാസ്യത കാത്തുസൂക്ഷിച്ച് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇക്കാലയളവില്‍ ജീവനക്കാരും തയ്യാറായിട്ടുണ്ട്. ഓഖി ദുരന്തം, നിപ വൈറസ്, 2018 ലെയും 2019 ലെയും മഹാപ്രളയവും പ്രകൃതി ദുരന്തവും ഇപ്പോഴത്തെ കോവിഡ് 19 മഹാമാരിയും തുടങ്ങി നാട് പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അവധി ദിനങ്ങളും ജോലിസമയവും പരിഗണിക്കാതെ ജീവനക്കാര്‍ കൈ-മെയ് മറന്ന പ്രവര്‍ത്തനമാണ് ഏറ്റെടുത്തത്. ദുരിതകാലത്തെ സിവില്‍സര്‍വീസിന്‍റെ ഇടപെടല്‍ ഈ മേഖലയോടുള്ള ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്താനിടയാക്കി.
നിര്‍വഹണത്തിലെ കാര്യക്ഷമതയില്‍ മാത്രമൊതുങ്ങുന്നതല്ല സിവില്‍സര്‍വീസിന്‍റെ സാമൂഹ്യപ്രതിബദ്ധതയെന്ന് തെളിയിക്കുന്ന നിരവധി മാതൃകാപ്രവര്‍ത്തനങ്ങളും ഇക്കാലയളവില്‍ ഏറ്റെടുത്തു. 2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചില്‍ ഭൂരിപക്ഷം ജീവനക്കാരും പങ്കെടുത്ത് ഒരുമാസത്തെ വേതനം സംഭാവനചെയ്യാനും തയ്യാറായി. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഒരുമാസത്തെ വേതനം മാറ്റിവയ്ക്കാനെടുത്ത തീരുമാനവുമായി ജീവനക്കാരെ സഹകരിപ്പിക്കുന്നതിലും കേരള എന്‍ജിഒ യൂണിയനു ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒപ്പം സംഘടന തനതായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ലൈഫ് പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 8 കുടുംബങ്ങള്‍ക്ക് ഭവനസമുച്ചയം നിര്‍മിച്ചു നല്‍കി. സര്‍ക്കാരാഫീസുകളുടെ അടിസ്ഥാനസൗകര്യവികസനം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പൊതുജനങ്ങള്‍ ആശ്രയിക്കുന്ന നാനൂറിലേറെ ആഫീസുകള്‍ ജനസൗഹൃദമാക്കാന്‍ സൗകര്യമൊരുക്കുകയും തിരുവനന്തപുരത്ത് പേരൂര്‍ക്കട വില്ലേജാഫീസിനായി സ്മാര്‍ട്ട് വില്ലേജാഫീസ് മന്ദിരം നിര്‍മിച്ചുനല്‍കുകയുമാണ്. കോവിഡ് കാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ അന്‍പത് ലക്ഷം രൂപ നല്‍കാനും കഴിഞ്ഞു. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരില്‍ നിന്നും സമാഹരിക്കുന്ന ഫണ്ട് വിഹിതം മാറ്റിവച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. സര്‍ക്കാരിന്‍റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഏരിയാ ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ നെല്‍കൃഷിയടക്കമുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ സംഘടനയ്ക്കായി.
ഈ വിധം വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും യാഥാര്‍ത്ഥ്യ ബോധത്തോടെ അഭിസംബോധന ചെയ്യുന്ന കേരള എന്‍ജിഒ യൂണിയന്‍റെ 57-ാം സംസ്ഥാന സമ്മേളനം വരുംകാല പ്രവര്‍ത്തനങ്ങളുടെ ദിശാസൂചകമായ ജനപക്ഷബദല്‍ നയങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുക, നവലിബറല്‍ നയങ്ങളെ ചെറുത്ത് തോല്‍പിക്കുകچഎന്ന പരിപാടി പ്രമേയവും അംഗീകരിച്ചു. നവലിബറല്‍ നയങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങളും ജനപക്ഷ ബദല്‍ നയങ്ങളുടെ സംരക്ഷണവുമെന്ന ദ്വിമുഖ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സിവില്‍ സര്‍വീസിനെ പ്രാപ്തമാക്കാന്‍ ജീവനക്കാരോട് ആഹ്വാനം ചെയ്യുന്നതായി സംസ്ഥാന സമ്മേളനം. •