സ്നേഹത്തിന്‍റെയും സമത്വത്തിന്‍റെയും കവി

സി അശോകന്‍

നീലമ്പേരൂര്‍ മധുസൂദനന്‍ നായരുമായി കാല്‍ നൂറ്റാണ്ടുകാലത്തോളം പുരോഗമന കലാസാഹിത്യസംഘത്തില്‍ പ്രവര്‍ത്തിക്കുവാനും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെയും കവിതയെയും അടുത്തു പരിചയപ്പെടുവാനും കഴിഞ്ഞതും വലിയ ഒരു കാര്യമായി ഈ ലേഖകന്‍ കരുതുന്നു. ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനത്തിന്‍റെ ദിശയെ എപ്പോഴും കരുതലോടെ ഉയര്‍ത്തിപ്പിടിക്കുന്ന നീലമ്പേരൂരിനെയാണ് എനിക്ക് ഓര്‍മ വരുന്നത്. സ്വയം പ്രൊജക്ടു ചെയ്യുവാനും അവനവനെ കാമറയ്ക്കുമുന്നില്‍ എത്തിക്കുവാനും വാര്‍ത്തയില്‍ ഇടം പിടിക്കുവാനും സംഘടനയെയും സാംസ്കാരിക പ്രവര്‍ത്തനത്തെയും ഉപയോഗിക്കുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ചെറുപ്പക്കാരെ ഉയര്‍ത്തിക്കാട്ടുവാനും സാഹിത്യത്തിലും കലയിലും ഉണ്ടാകുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുവാനും ചര്‍ച്ച ചെയ്യുവാനും ഇടതുപക്ഷ കാഴ്ചപ്പാടില്‍നിന്ന് വിലയിരുത്തുവാനുമാണ് അദ്ദേഹം ശ്രമിച്ചുപോന്നത്. 'ഞാന്‍' എന്ന ഭാവത്തില്‍നിന്ന്, ഇടുങ്ങിയ വ്യക്തിബോധത്തില്‍നിന്ന് സമഷ്ടിബോധത്തിലേക്ക്, നമ്മളിലേക്ക് പരിണമിക്കാന്‍ യത്നിക്കുന്ന ഒരു കാവ്യകാരനെയാണ് ആദ്യകാലം മുതല്‍ നീലമ്പേരൂരില്‍ കാണുവാന്‍ കഴിഞ്ഞത്. 
കുറിച്ച ലക്ഷ്യം കൈ-
വരിപ്പോളം കര-
ളുറപ്പോടെ നമ്മള്‍
കുതിക്ക മുന്നോട്ടെ-
ന്നുറക്കെപ്പാടി ഞാന്‍
തുഴയിട്ടു താളം
മുറുക്കുന്നേന്‍, സംഘ-
പ്പെരുമ വാഴ്ത്തുന്നേന്‍!

                          (സഖാക്കളേ, മുന്നോട്ട്)
രോഗങ്ങള്‍ തളര്‍ത്തി വീടിനുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതനായിമാറുവോളം നീലമ്പേരൂര്‍ പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകനായി ഉണ്ടായിരുന്നു. മരിക്കുവോളം പുകസയെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും അദ്ദേഹം നെഞ്ചോടുചേര്‍ത്തു പിടിച്ചിരുന്നു. എതിരാളികള്‍ക്കുപോലും (അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍) ബഹുമാനവും ആദരവും സ്വാഭാവികമായിത്തന്നെ തോന്നിപ്പിക്കുന്ന തരത്തില്‍ ലാളിത്യവും എളിമയും ഈ കവിക്ക് ഉണ്ടായിരുന്നു. എന്നാല്‍ തന്‍റെ ലക്ഷ്യബോധത്തില്‍, നിലപാടുകളില്‍, രാഷ്ട്രീയാദര്‍ശങ്ങളില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തതുമില്ല. ഒരേ കടവ് ലക്ഷ്യമാക്കി തുഴയുന്ന തോണിക്കാരനാണ് താന്‍ എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുമായിരുന്നു. കുട്ടനാട്ടില്‍ ജനിച്ചുവളര്‍ന്ന നീലമ്പേരൂരിന്‍റെ കവിതയില്‍ ജലപ്പരപ്പും തോണിയും ആവര്‍ത്തിക്കുന്ന ബിംബങ്ങളായി വരുന്നത് സ്വാഭാവികമാണ്. കുട്ടനാട്ടിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ കൊടുമ്പിരികൊണ്ട കാലത്താണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടി അംഗത്വം നേടുന്നത്. കര്‍ഷകത്തൊഴിലാളി പ്രക്ഷോഭത്തെ ഒളിവിലിരുന്ന് പാര്‍ടി നയിക്കുന്ന കാലത്ത് പാര്‍ടി കാര്‍ഡുനേടി സാഹസികമായി, ജീവന്‍ പണയംവച്ചുകൊണ്ടുതന്നെ പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ ആ ചെറുപ്പക്കാരന്‍ മുഴുകി. തന്‍റെ ശരീരത്തില്‍നിന്നും മനസ്സില്‍നിന്നും ഫ്യൂഡല്‍ മൂല്യങ്ങളെ തുടച്ചുമാറ്റി ജനാധിപത്യബോധമുള്ള വ്യക്തിയായി തന്നെ മാറ്റിത്തീര്‍ത്തത് പാര്‍ടി അംഗമായി പ്രവര്‍ത്തിച്ച കാലമാണ് എന്ന് അഭിമാനപൂര്‍വം നീലമ്പേരൂര്‍ പറയുമായിരുന്നു. 
വിദ്യാഭ്യാസാനന്തരം കുടുംബം പോറ്റുവാന്‍ സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിച്ച് കുട്ടനാട് വിട്ടതിനുശേഷം അദ്ദേഹത്തിന് പാര്‍ടി കാര്‍ഡ് നിലനിര്‍ത്തുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അനുവദനീയമായ സാംസ്കാരിക പ്രവര്‍ത്തനത്തിലും സാഹിത്യരംഗത്തും അദ്ദേഹം സജീവമാകുമ്പോഴും അദ്ദേഹം പാര്‍ടിയെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്തുപോന്നു. സിപിഐ എം എന്ന പ്രസ്ഥാനത്തിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടാണ് സാംസ്കാരിക പ്രവര്‍ത്തനമേഖലയില്‍ അദ്ദേഹം സജീവമായത്. 
അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന കാവ്യ ജീവിതത്തില്‍ മൗസലപര്‍വ്വം, ചമത, കടലിലൊരു കടല്‍പോലെ, അഴിമുഖത്ത് മുഴങ്ങുന്നത് തുടങ്ങി പതിനാറു കാവ്യ സമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കള്‍ തുടങ്ങി എട്ട് ബാലസാഹിത്യകൃതികളും നീലമ്പേരൂരിന്‍റേതായി നമ്മുടെ സാഹിത്യത്തിന് ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത് അദ്ദേഹം പുസ്തകങ്ങള്‍ പുരസ്കാരങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടല്ല. പ്രൊഫ. വി എന്‍ മുരളി, ആര്‍ രമേശന്‍ നായര്‍ തുടങ്ങിയ പുകസ നേതാക്കള്‍ മുന്‍കൈ എടുത്ത് നീലമ്പേരൂരിന്‍റെ പുസ്തകങ്ങള്‍ അവാര്‍ഡിനായി അയച്ചതുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ചില പുരസ്കാരങ്ങള്‍ ലഭിച്ചത്. 
നെഞ്ചു കീറണം നേരു
കാട്ടുവാനെന്നഭി-
വന്ദ്യനാം കാര്‍ന്നോന്‍ മുമ്പുപൊന്നതേ വഴിവെട്ടം!

                                (വഴിവെട്ടം)
മാധ്യമങ്ങളുടെ പ്രകാശവലയത്തിനു പുറംതിരിഞ്ഞുനിന്ന വൈലോപ്പിള്ളിയുടെ വഴിയാണ് നീലമ്പേരൂരും പിന്‍തുടര്‍ന്നത്.  മാധ്യമശ്രദ്ധ കിട്ടുവാന്‍ വിവാദമുണ്ടാക്കുവാനോ ഗിമ്മിക്കുകള്‍ കാട്ടുവാനോ അദ്ദേഹം ഒരിക്കലും ശ്രമിച്ചുകണ്ടില്ല. കവിതയില്‍ വളരെ ഗൗരവത്തോടെ മുഴുകുവാനും പുകസയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാനുമാണ് അദ്ദേഹം ശ്രദ്ധവച്ചത്. അദ്ദേഹത്തിന്‍റെ എഴുത്തുജീവിതം സജീവമായത് ആധുനികതയുടെ കാലത്താണ്. എന്നാല്‍ മലയാളത്തിലെ ആധുനിക പ്രസ്ഥാനം പങ്കുവച്ച അരാഷ്ട്രീയ മനോഭാവമോ അസംബന്ധ ദര്‍ശനമോ അരാജക നിലപാടുകളോ സ്വീകരിക്കുവാന്‍ നീലമ്പേരൂര്‍ തയ്യാറായില്ല. എന്നാല്‍ ആധുനികതയുടെ വ്യക്തി സംഘര്‍ഷങ്ങള്‍ ഏറിയോ കുറഞ്ഞോ നീലമ്പേരൂരിനെയും ബാധിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങളും മുതലാളിത്ത ജീര്‍ണതകളും പ്രകൃതി നശീകരണവും സ്ത്രീ പീഡനങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ദലിത്-ആദിവാസി ജനതയുടെ പ്രശ്നങ്ങളും ഒക്കെ നീലമ്പേരൂര്‍ എന്ന കവിയെ അലട്ടുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിന്‍െറ ഒഴുക്കിനൊപ്പം നീന്താതെ ഒഴുക്കിനെതിരെ, ജീര്‍ണതകള്‍ക്കും അരാജകത്വത്തിനും മത തീവ്രവാദത്തിനും വര്‍ഗീയതയ്ക്കും എതിരെ പൊരുതുന്ന കവിയായി അദ്ദേഹം മാറി. അതുകൊണ്ടുതന്നെ തന്‍റെ സംഘര്‍ഷങ്ങള്‍ സാമൂഹ്യവും വ്യക്തിപരവും മാത്രമല്ല ഭാഷാപരം കൂടിയാണെന്ന് നീലമ്പേരൂര്‍ പറഞ്ഞിട്ടുണ്ട്. 
"ഇടറും നെഞ്ചിനുള്ളില്‍
ചിതറും തീക്കൊള്ളികള്‍-
ക്കിടയില്‍പ്പെടും വാക്കി-
ന്നെങ്ങനെ ചൊല്ലിപ്പാടും?"

അതിസങ്കീര്‍ണമായ ജീവിതാവസ്ഥകളെ, ആന്തരിക യാഥാര്‍ഥ്യങ്ങളെ, സംഘര്‍ഷങ്ങളെ, സ്വത്വ പ്രതിസന്ധികളെ ആവിഷ്കരിക്കാനുള്ള ഭാഷതേടുന്ന കവിയെ നമുക്ക് നീലമ്പേരൂരില്‍ കാണുവാന്‍ കഴിയും. എന്നാല്‍ ഗദ്യകവിതയെ ആവിഷ്കാരോപാധിയായി സ്വീകരിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. നമ്മുടെ പാരമ്പര്യത്തിന്‍റെ വൃത്തങ്ങളെയും താളങ്ങളെയും പിന്‍തുടരുന്നതാണ് നീലമ്പേരൂരിന്‍റെ രീതി. കവിതകളുടെ അടിയൊഴുക്കായി മാര്‍ക്സിസത്തിന്‍റെ സ്പന്ദനങ്ങള്‍ അറിയാനാകുമെങ്കിലും മുദ്രാവാക്യസമാനമായ കവിതകളായി നീലമ്പേരൂരിന്‍റെ രചനകള്‍ മാറുന്നില്ല. കവിതയുടെ ഭാവരൂപമായി വിച്ഛേദിക്കാനാവാത്തവിധം രാഷ്ട്രീയം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കാരണം തന്‍റെ ജീവിതംതന്നെ ഒരു രാഷ്ട്രീയ, സാംസ്കാരിക പ്രയോഗമായി നീലമ്പേരൂര്‍ മാറ്റിയിരുന്നു എന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടാണ്         
    "ഞാന്‍ കവി
    അനാഥതയിലുഴലുന്ന ജീവന്‍റെ-
    യഭയമായെന്നും മനസ്സുതുറന്നവന്‍"

                               (ചമത)
എന്ന് അദ്ദേഹം സ്വയം നിര്‍വചിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയെന്നത് ഒരു പ്രഖ്യാപനമായി മാത്രം നീലമ്പേരൂര്‍ കവിതയില്‍ പ്രതിഫലിക്കുന്നില്ല. അത് കവിതയിലും ജീവിതത്തിലും അഭേദ്യമായി നിലകൊള്ളുന്ന അടിസ്ഥാന ഘടകമാണ്. അതുകൊണ്ടുതന്നെ വര്‍ഗീയവല്‍ക്കരണത്തിന് വിധേയമാക്കുന്ന ഇന്ത്യ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇസ്ലാമിക മത തീവ്രവാദം സംഘപരിവാറിന്‍റെ ഹിന്ദുത്വ ഫാഷിസത്തോടുള്ള പ്രതികരണവും പ്രതിഷേധവുമായി വളരുന്നതും നമ്മുടെ സമൂഹത്തില്‍, പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും സംഭവിക്കുന്നതും അദ്ദേഹത്തിന്‍റെ കവിത കാണാതെ പോകുന്നില്ല. 
"പള്ളിയുമമ്പലവും
കൊള്ളിവയ്പിലിടയവേ
പള്ളിയുള്ളിലല്ലെന്നും
അമ്പലം നെഞ്ചിലല്ലെന്നു-
മറിഞ്ഞ് ഞാനെരിഞ്ഞൂ!

                       (ഇന്നെനിക്ക് ദുര്‍ദിനം).
വര്‍ഗീയതയുടെ മറവില്‍ ജനങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ മറയ്ക്കപ്പെടുന്നത് അദ്ദേഹത്തിന്‍റെ കവിത കാണാതെ പോകുന്നില്ല. കര്‍ഷകരുടെ ആത്മഹത്യകളും രാജ്യത്തിന്‍റെ സാമ്പത്തികത്തകര്‍ച്ചയും ഒക്കെ മൂടിവയ്ക്കുവാന്‍ ഭരണവര്‍ഗം വര്‍ഗീയതയെ കൂട്ടുപിടിക്കുമ്പോള്‍ നീലമ്പേരൂര്‍ യാഥാര്‍ഥ്യത്തെ മുന്നിലേക്ക് കൊണ്ടുവരുന്നു;
"ഞങ്ങള്‍, ഇന്ത്യക്കാര്‍
കടംവാങ്ങിയ കഞ്ഞിക്കാശിനു
പണയപ്പെട്ടവര്‍!"

                        (ഞങ്ങള്‍, ഇന്ത്യക്കാര്‍)
കടംവാങ്ങിയ കഞ്ഞിക്കാശിനു പണയപ്പെട്ട കര്‍ഷക ജനത കഴിഞ്ഞ നാല്‍പത്തിയഞ്ചു ദിവസങ്ങളായി നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുകയാണ്. കാര്‍ഷിക മേഖലയെയും കര്‍ഷകരെയും കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളചെയ്യുവാന്‍ വിട്ടുകൊടുക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ കര്‍ഷക ജനത നടത്തുന്ന സമരം തീവ്രമാകുമ്പോഴാണ് പ്രിയപ്പെട്ട കവി നീലമ്പേരൂര്‍ നമ്മെ വിട്ടുപോകുന്നത്. രാജ്യമിന്നു കടന്നുപോകുന്ന വിപല്‍ക്കരമായ അവസ്ഥയെ മുന്‍കൂട്ടി കാണുവാന്‍ നീലമ്പേരൂരിന് വളരെ മുന്നേ കഴിഞ്ഞിരുന്നു. 1992ല്‍തന്നെ 'അയോദ്ധ്യ' എന്ന കവിതയില്‍ അദ്ദേഹം ഭാവി യാഥാര്‍ഥ്യത്തെ മുന്നില്‍ കണ്ടിരുന്നു. 
"കോസലത്തില്‍ കുലച്ചുയര്‍ന്ന വില്ല്
ദില്ലിയില്‍ താമരയായ് വിരിയാന്‍ 
പുതിയ നരമേധങ്ങള്‍ക്ക്
പുരോഹിതന്മാര്‍
യജ്ഞവിധികള്‍ ചികയുന്നു!"

ഇന്ന് ഇന്ത്യന്‍ ഭരണകൂടംതന്നെ അധീനതയില്‍ ആക്കിയിരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ജനാധിപത്യത്തെ, ഇന്ത്യന്‍ ഭരണഘടനയെയൊക്കെത്തന്നെ ഞെരിച്ചമര്‍ത്തുകയാണ്. സുപ്രീംകോടതി വിധിയെതുടര്‍ന്ന് അയോധ്യയില്‍ ക്ഷേത്രത്തിന് ഭൂമി പൂജചെയ്ത് തറക്കല്ലിടുവാന്‍ പ്രധാനമന്ത്രിതന്നെ പോയതും അദ്ദേഹം ബ്രാഹ്മണ പുരോഹിതന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നതും നാം കണ്ടു. ഇന്ത്യന്‍ ജനാധിപത്യം പഴയ ബ്രാഹ്മണ പൗരോഹിത്യത്തിനു വീണ്ടും കീഴ്പ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദളിതരും ജനാധിപത്യവാദികളും മതേതര വിശ്വാസികളും ഒക്കെ ശത്രുസ്ഥാനത്ത് നിര്‍ത്തപ്പെടുന്നതും അവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചുകൊണ്ട് സംഘപരിവാര്‍ വര്‍ഗീയവല്‍ക്കരണത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ നീലമ്പേരൂര്‍ എഴുതിയ വരികള്‍ ഓര്‍മവരുന്നു. 
"കാട്ടാളാ അരുതെന്ന് ഗര്‍ജിച്ച
അധഃകൃതന്‍റെ കുടിലെരിച്ചിടത്ത്
ശൂദ്രതാപസന്‍റെ തലയരിഞ്ഞ
ക്ഷാത്ര തേജസ്സിന് തിരുക്കാപ്പ്!
"
                                   (അയോധ്യ)
നീലമ്പേരൂര്‍ കവിതകള്‍ നമ്മുടെ ജീവിതത്തിന്‍റെ നേര്‍സാക്ഷ്യങ്ങളായി മാറുകയാണ്. സങ്കീര്‍ണമായ വര്‍ത്തമാനകാല ജീവിതത്തില്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ ആവിഷ്കരിച്ചുകൊണ്ടാണ് നീലമ്പേരൂര്‍ പുതിയ വായനാനുഭവങ്ങളും അനുഭൂതികളും നമുക്ക് സമ്മാനിച്ചത്. കവിതയുടെ രാഷ്ട്രീയത്തെയും സൗന്ദര്യത്തെയും ഭാവരൂപങ്ങളായി വിളക്കിച്ചേര്‍ക്കുന്ന രാസവിദ്യകൊണ്ട് അദ്ദേഹത്തിന്‍റെ കൃതികള്‍ ഭാവിയിലേക്ക് തുഴഞ്ഞുപോകുന്നത് നാം കാണുന്നു. സാംസ്കാരികരംഗത്ത് പ്രതിരോധ ശക്തിയായി, ഭാവശക്തിയായി നീലമ്പേരൂര്‍ കവിത നിലയുറപ്പിച്ചിരിക്കുന്നു. പുതിയ വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിഷയമായി ഭാവികാലത്തും അവ മാറുകതന്നെ ചെയ്യും. •