ഇന്ത്യന്‍ കര്‍ഷക ജനതയ്ക്ക് പ്രായപൂര്‍ത്തി

അഡ്വ. കെ അനില്‍കുമാര്‍

കുത്തകമുതലാളിത്തവാഴ്ചയും അതിന്‍റെ നവരൂപങ്ങളായ കോര്‍പ്പറേറ്റുകളുമാണ് തങ്ങളുടെ വര്‍ഗശത്രുക്കളെന്ന തിരിച്ചറിവിലേക്ക് ഇന്ത്യന്‍ കര്‍ഷക ജനത എത്തിയെന്നതാണ് ചരിത്രത്തിലിടം നേടുന്ന കര്‍ഷകപ്പോരാട്ടത്തെ വ്യത്യസ്തമാക്കിയത്. ആഗോളവല്‍ക്കരണനയങ്ങള്‍ നിറഞ്ഞാടിയ നാളുകളില്‍ ആത്മഹത്യക്ക് നൂതന  വഴികള്‍ തേടിയ ഇന്ത്യയിലെ കൃഷിക്കാരന്‍ സംഘടിക്കുകയും പോരാട്ടമാണ് അതിജീവന വഴിയെന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. കര്‍ഷകത്തൊഴിലാളികളും, ദരിദ്ര - ഇടത്തരം കര്‍ഷകരും മാത്രമല്ല, കുത്തകയല്ലാത്ത കര്‍ഷകരില്‍ ഒരു പങ്കും ഈ സമരത്തിലുണ്ട്. തങ്ങള്‍ക്കിടയിലെ അസമത്വത്തിന്‍റെ വേര്‍തിരിവുകളേക്കാള്‍, സ്വന്തം ഭാവിയെ നിര്‍ണയിക്കുന്നത്, കോര്‍പറേറ്റുകളുമായുള്ള വര്‍ഗസമരത്തിന്‍റെ തിളനിലയാണെന്ന ബോധ്യമാണ് മറ്റെല്ലാ സമരങ്ങളില്‍നിന്നും ദില്ലിയിലേക്ക് കുതിച്ചെത്തിയ ഈ സമരത്തിരമാലകളെ വേറിട്ടതാക്കുന്നത്.
ദേശീയ സ്വാതന്ത്ര്യസമരപോരാട്ടത്തിന്‍റെ നായകനായിരുന്ന ഡോ. ബാലഗംഗാധരതിലകനെ 1909ല്‍ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റുചെയ്ത് ജയിലിലടച്ചു. അതില്‍ പ്രതിഷേധിച്ച് ബോംബെയിലെ തൊഴിലാളികള്‍ രാഷ്ട്രീയ പണിമുടക്ക് സംഘടിപ്പിച്ചതോടെയാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയായിയെന്ന് മഹാനായ ലെനിന്‍ അഭിപ്രായപ്പെട്ടത്. അതിനു സമാനമായ രീതിയില്‍, ഇന്ത്യന്‍ കര്‍ഷകവര്‍ഗത്തിന് രാഷ്ട്രീയമായി പ്രായപൂര്‍ത്തിയെത്തിയെന്ന് നിസ്സംശയം പറയാവുന്ന സമരമുന്നേറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
കോവിഡ് കാലത്തെ അടച്ചുപൂട്ടലും വിറങ്ങലിപ്പും ജനങ്ങളുടെ പ്രതികരണശേഷിയെ ദുര്‍ബലപ്പെടുത്തിക്കാണുമെന്ന ഇന്ത്യന്‍ ഭരണവര്‍ഗത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി. ആപത്തിനെ അവസരമാക്കുകയെന്ന ചൂഷകവര്‍ഗത്തിന്‍റെ ബുദ്ധിയിലാണ് തൊഴില്‍ നിയമഭേദഗതിയും കോര്‍പ്പറേറ്റനുകൂല കാര്‍ഷിക നിയമങ്ങളും നിയമനിര്‍മാണ വഴികളില്‍ വേഗത്തില്‍ മുന്നോട്ടുവന്നത്. തൊഴിലാളികളുടെ ചെറുത്തുനില്‍പിന് കരുത്ത് കൂടുമെന്നത് പൊതുധാരണയാണ്. കര്‍ഷകര്‍ അസംഘടിതരാണെന്നതും അവര്‍ക്കെതിരായ ഭരണകൂട ആക്രമണത്തിന് ആക്കം കൂട്ടുന്നു. എന്നാല്‍ ഈ ജീവന്മരണ സമരത്തില്‍ തങ്ങള്‍ക്ക് ദുര്‍ബലരാകാനാകില്ലായെന്ന് ഓരോ ഇന്ത്യന്‍ കര്‍ഷകനും ഉറപ്പിക്കുന്നുണ്ട്. അതിനാലാണ്, വിഭജനതന്ത്രങ്ങളിലൂടെ, കര്‍ഷകശക്തിയെ വിഘടിപ്പിക്കാനുള്ള ഭരണകൂടതന്ത്രങ്ങള്‍ നടക്കാതെ പോയത്.
കര്‍ഷകര്‍ ഗ്രാമങ്ങളില്‍നിന്നുവന്ന് നഗരങ്ങളെ വളഞ്ഞാലെന്തുചെയ്യും? മഹത്തായ ചൈനീസ് വിമോചന പോരാട്ടങ്ങളുടെ ഒരു രൂപമതായിരുന്നു. ബോംബെ നഗരത്തിലേക്ക് ലോങ് മാര്‍ച്ചുമായി ഇരച്ചെത്തിയ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പുതുചരിത്രമെഴുതിയത് വലിയ ജനപിന്തുണ നേടിയെടുത്തു. മധ്യപ്രദേശിലെ മന്ദ്സോറിലെ പോരാട്ടം, ചോര കിനിഞ്ഞ ഏടായി മാറിയപ്പോള്‍ രക്തസാക്ഷികള്‍ ജനിക്കുകയും കര്‍ഷകന്‍റെ ചോരയില്‍ നാടുപൊള്ളിയ അനുഭവമായി മാറുകയും ചെയ്തു. കാവിഭരണകൂടത്തിന്‍റെ ദ്രംഷ്ടകളും തേറ്റപ്പല്ലുകളും തെളിഞ്ഞുവന്ന ഭരണകൂട വേട്ടയാണവിടുണ്ടായത്. മഹാരാഷ്ട്രയിലെ സംസ്ഥാന സര്‍ക്കാരിന് കര്‍ഷകരോട് താല്‍കാലികമായെങ്കിലും സന്ധിയുണ്ടാക്കേണ്ടിവന്നു. രാജസ്താനിലെ കര്‍ഷകസമരം അഭൂതപൂര്‍വമായ മുന്നേറ്റം നടത്തി. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തില്‍ അത് പ്രതിഫലിച്ചില്ല. എന്നാല്‍ രാജ്യവ്യാപകമായി ഉണര്‍ന്നെണീറ്റുവന്ന കര്‍ഷകപ്രസ്ഥാനത്തിന്‍റെ കരുത്ത് വിസ്മരിച്ചും അവഗണിച്ചും എല്ലാം കാല്‍ക്കീഴിലായിയെന്ന സംഘപരിവാര്‍ അഹന്തയ്ക്കും, ധാര്‍ഷ്ട്യത്തിനും, ഭാരതത്തിന്‍റെ കര്‍ഷകര്‍ നല്‍കുന്ന തിരിച്ചടിക്ക് സമാനതകളില്ല.
ഇരുനൂറ്റിയമ്പതിലേറെ കര്‍ഷകസംഘടനകള്‍ നേതൃത്വം നല്‍കുന്ന സംയുക്ത സമരസമിതിയാണ് സമരത്തിന്‍റെ സംഘാടകര്‍. പ്രതിപക്ഷത്തെ പല രാഷ്ട്രീയ പാര്‍ടികളും അതിനെ സഹായിക്കുന്നുണ്ട്. എന്നാല്‍ സമരത്തിന്‍റെ ചൂടും ചൂരും വളര്‍ത്തുന്നതിലും മാത്രമല്ല, വര്‍ഗപരമായ അതിന്‍റെ അടിത്തറയെ ബലപ്പെടുത്തുന്നതില്‍ ഇടതുപക്ഷം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാര്‍ഷിക മേഖലയിലെ കേന്ദ്ര ഭരണകൂട ഇടപെടലിനെപ്പറ്റിയുള്ള ഇടതുപക്ഷ വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ എല്ലാ നയങ്ങളും. അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം മുതലാളിത്ത ഭരണകൂടങ്ങളെപ്പറ്റി കമ്യൂണിസ്റ്റു മാനിഫെസ്റ്റോ വ്യക്തമാക്കിയിട്ടുണ്ട്. "മുതലാളിവര്‍ഗത്തിന്‍റെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്ന ഒരു കമ്പനി മാത്രമാണ് ആധുനിക ഭരണകൂടമെന്ന്". ഈ വിലയിരുത്തല്‍ ശരിവെയ്ക്കുന്ന നടപടികളാണ് മുതലാളിത്ത ഭരണകൂടങ്ങള്‍ ചെയ്യുന്നത്. സിപിഐ എം പരിപാടിയില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ വര്‍ഗസ്വഭാവം ഇങ്ങനെ വിശദീകരിക്കുന്നു. "മുതലാളിത്ത വികസനപാത നടപ്പിലാക്കുന്നതിനായി വിദേശഫിനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ - ഭൂപ്രഭു വര്‍ഗവാഴ്ചയുടെ ഉപകരണമാണ് ഇന്ത്യന്‍ ഭരണകൂടമെന്ന് സിപിഐ എം ചൂണ്ടിക്കാട്ടുന്നു.
കാര്‍ഷികമേഖലയില്‍ ഭൂവുടമകള്‍ വഹിച്ചിരുന്ന പങ്കെന്താണോ, അതിനുമപ്പുറം വിശാലമായ കൃഷിയിടങ്ങളെ കമ്പനികള്‍ക്കായി നേടിയെടുക്കലും, സമ്പൂര്‍ണ വിപണി നിയന്ത്രണവുമാണ് ആധുനിക കോര്‍പറേറ്റ് മുതലാളിത്തം ഇവിടെ ലക്ഷ്യമിട്ടിട്ടുള്ളത്.
കാര്‍ഷികമേഖലയിലെ കോര്‍പ്പറേറ്റുവല്‍ക്കരണം, രാഷ്ട്ര വികസനത്തിന്‍റെ മറവിലുള്ള കോര്‍പ്പറേറ്റ് താല്‍പര്യമാകുന്നു. കരാര്‍ കൃഷിയും, കോര്‍പ്പറേറ്റ് കമ്പനികളുടെ സംഭരണ കേന്ദ്രങ്ങളും വന്നാലുള്ള "ശോഭനമായ ഭാവിയെപ്പറ്റി" ഉദ്ബോധനങ്ങള്‍ നടക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആഗോളവല്‍ക്കരണത്തിന്‍റെ ഭാഗമായ പരിഷ്കാരങ്ങളുടെ ഗുണവശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചാണ് ആധാറും, സബ്സിഡി പണമായി നല്‍കലുമെല്ലാം നടപ്പാക്കിയത്. എന്നിട്ട് പാചകവാതക സബ്സിഡിയുടെ നിലയെന്തായി? പെട്രോളിനും ഡീസലിനും ചില നിയന്ത്രണാധികാരം സര്‍ക്കാര്‍ സ്വയം ഒഴിവാക്കിക്കൊടുത്തതിന്‍റെ അനുഭവം എന്താണ് കാണിക്കുന്നത്. സര്‍ക്കാരുകള്‍ കാര്‍ഷികമേഖലയില്‍നിന്ന് പിന്‍മാറുകയും, കോര്‍പ്പറേറ്റുകള്‍ രക്ഷാപുരുഷന്മാരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന നയം ഭാവിയില്‍ എവിടേക്കാണ് ഇന്ത്യന്‍ കര്‍ഷകനെ എത്തിക്കുകയെന്ന് മനസ്സിലാക്കാന്‍ ഇതുവരെയുള്ള അനുഭവങ്ങള്‍ ധാരാളമാണ്. 
ഇടനിലക്കാര്‍ക്കുവേണ്ടിയുള്ള സമരമാണിതെന്ന കാവിപ്പടയുടെ ഭര്‍ത്സനം മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇടനിലക്കാരുള്ള മണ്ഡികള്‍ എന്തുകൊണ്ടില്ല എന്നതാണ് മോഡിക്കറിയേണ്ടത്. എന്നാല്‍ കേരളത്തില്‍ കാര്‍ഷികവിളകള്‍ ഉയര്‍ന്ന വില നല്‍കി സംസ്ഥാന സര്‍ക്കാരാണ് സംഭരിക്കുന്നതെന്നത് ബോധപൂര്‍വം മറച്ചുവെക്കുന്നു. റബര്‍, ജലം, കുരുമുളക്, നാളികേരം തുടങ്ങിയ മേഖലകളിലാകട്ടെ, കേന്ദ്രതലത്തിലുള്ള ബോര്‍ഡുകളാണ് സംഭരണച്ചുമതലയിലുള്ളത്. നാണ്യവിളകളെ മതിയായ സംഭരണ വില നല്‍കി, ഏറ്റെടുക്കാന്‍ തയ്യാറാകാത്ത കേന്ദ്ര നയങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു.
അധികാരവികേന്ദ്രീകരണത്തിലൂടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉല്‍പാദനമേഖലയില്‍ നിശ്ചിത വിഹിതം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാകുന്നതാണ് കേരളത്തിന്‍റെ കൃഷിയെ നിലനിര്‍ത്താനും വ്യാപിപ്പിക്കാനും സഹായിക്കുന്നത്. കര്‍ഷകപ്പോരാട്ടത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല കര്‍ഷകരക്ഷ. അതിനായി ബദല്‍നയങ്ങളാണു വേണ്ടത്. അതിന് കേരളത്തിലെ ഭൂപരിഷ്കാരവും  അധികാരവികേന്ദ്രീകൃത ഭരണസംവിധാനവുമാണ് മാതൃക. അതുകൊണ്ടുതന്നെ ഇപ്പോള്‍ കര്‍ഷകര്‍ നടത്തുന്ന ദേശീയസമരം, മൂന്നു കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുന്നതുകൊണ്ട് മാത്രം അവസാനിപ്പിക്കേണ്ടതല്ല. അതിന്‍റെ ജയപരാജയങ്ങള്‍ക്കപ്പുറം, കര്‍ഷകപ്രശ്നത്തെ ദേശീയമായ അജന്‍ഡയിലേക്കെത്തിക്കാന്‍ ഇപ്പോള്‍ സാധിച്ചിരിക്കുന്നു. കേരളം ഉയര്‍ത്തുന്ന ബദലിന്‍റെ ശരിമയും, സിപിഐ എം പരിപാടിയില്‍ ഇവിടെ ശരിവെക്കപ്പെടുന്നു. കോര്‍പ്പറേറ്റു കുത്തകകള്‍ക്കെതിരായി, തൊഴിലാളി - കര്‍ഷക അച്ചുതണ്ടെന്ന സമരസഖ്യത്തിന്‍റെ പ്രസക്തിയാണ് അത് തെളിയിക്കുന്നത്. •