മറനീക്കുന്ന യുഡിഎഫ്- ബിജെപി വര്‍ഗീയത

സി പി നാരായണന്‍

ദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 11 ജില്ലാ പഞ്ചായത്തുകളില്‍ ജയിച്ചപ്പോള്‍ യുഡിഎഫ് 3 എണ്ണത്തിലാണ് ജയം നേടിയത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ അത് യഥാക്രമം 109 ഉം 43 ഉം ആണ്. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് 577 ഉം യുഡിഎഫിന് 337 ഉം ബിജെപിക്ക് 15 ഉം മറ്റുള്ളവര്‍ 12ഉം. കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് 5 ഉം യുഡിഎഫ് 1 ഉം മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് 43, യുഡിഎഫ് 41, ബിജെപി 2.
നേരത്തെ വന്ന ഈ ഫലങ്ങള്‍ വീണ്ടും എടുത്തെഴുതാന്‍ കാരണമുണ്ട്. കോണ്‍ഗ്രസ്സിന്‍റെ ഗവേഷണവിഭാഗം കണ്ടെത്തിയതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവന ഗ്രാമപഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ വോട്ട് യുഡിഎഫ് നേടി എന്നാണ്. രണ്ടും 74 ലക്ഷത്തില്‍പരം വീതം. തമ്മിലുള്ള വ്യത്യാസം ഏതാനും ആയിരങ്ങള്‍. (പ്രത്യക്ഷത്തില്‍തന്നെ അവിശ്വസനീയം. എങ്കില്‍ എന്തുകൊണ്ട് മേല്‍പറഞ്ഞ ഫലങ്ങള്‍ ഉണ്ടായി?) പ്രതിപക്ഷനേതാവും അത് ഏറ്റുപറഞ്ഞു കണ്ടു. അതുകൊണ്ട് അവര്‍ക്ക് ആശ്വാസമാകുമെങ്കില്‍ ആവട്ടെ.
എന്നാല്‍, യഥാര്‍ഥ ചിത്രം വ്യത്യസ്തമാണ്. എല്‍ഡിഎഫിനു 90.11 ലക്ഷം വോട്ടും യുഡിഎഫിനും 81.88 ലക്ഷവും ബിജെപിക്ക് 32.98 ലക്ഷവും ആണ്. ശതമാനക്കണക്കില്‍ എല്‍ഡിഎഫിനു 42.53 ശതമാനവും യുഡിഎഫിനു 38.67 ശതമാനവും ബിജെപിക്ക് 15.56 ശതമാനവുമാണ്. എല്‍ഡിഎഫിനു യുഡിഎഫിനേക്കാള്‍ 8.23 ലക്ഷം (3.85 ശതമാനം) വോട്ട് കൂടുതല്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 9.17 ലക്ഷം ഭൂരിപക്ഷത്തേക്കാള്‍ അല്‍പ്പം കുറവ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു എല്‍ഡിഎഫിനേക്കാള്‍ 24.57 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നു.
ഈ വോട്ട് കണക്കുകള്‍ നല്‍കുന്നത് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന്‍റെ വോട്ട് 7.02 ശതമാനം വര്‍ധിച്ചു, യുഡിഎഫിന്‍റേത് 8.59 ശതമാനം ഇടിഞ്ഞു, ബിജെപിയുടേത് ഏതാണ്ട് 15.5 ശതമാനമായി തുടരുകയാണ് എന്നത്രെ. ഇത് കാണിക്കുന്നത് യുഡിഎഫിനു തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായി എന്നുതന്നെയാണ്. 2016ലെ വോട്ട് കണക്കുവച്ച് അവര്‍ക്ക് ജയിക്കാന്‍ കഴിയുമായിരുന്നത്ര നിയമസഭാമണ്ഡലങ്ങളില്‍ പോലും ഇത്തവണ യുഡിഎഫിനു ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല. 140ല്‍ 99 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിനു ലീഡ്. ബാക്കി യുഡിഎഫിനും ബിജെപിക്കും കൂടി അവകാശപ്പെടാവുന്നത് 41 മാത്രം. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ട് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃത്വത്തിലാകെ അഴിച്ചുപണിക്ക് തുനിഞ്ഞത്. ഇവിടെ സാര്‍വത്രികമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു അവര്‍ അത് ഭാഗികമായി മതി എന്ന നിലപാടെടുത്തു.
യുഡിഎഫ് (കോണ്‍ഗ്രസ്സിന്‍റെയും മുസ്ലീം ലീഗിന്‍റെയും നേതൃത്വം) സിപിഐ എം നഗ്നമായി വര്‍ഗീയത പ്രചരിപ്പിക്കുന്നു എന്നു ഉച്ചത്തില്‍ കൂവി വിളിക്കുന്നു. ഒരു വശത്ത് വെല്‍ഫെയര്‍ പാര്‍ടിയുമായും മറുവശത്ത് പരോക്ഷമായി ബിജെപിയുമായും കൂട്ടുകൂടിയിട്ടും ഈ തകര്‍ച്ച ഉണ്ടായതിന്‍റെ ഞെട്ടലില്‍നിന്ന് അണികളെ ഉയര്‍ത്താനുള്ള ശ്രമമാണത്. യുഡിഎഫില്‍തന്നെ മുസ്ലീം ലീഗിന്‍റെ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു. കോണ്‍ഗ്രസ് ഏറെ പിന്നാക്കംപോയി. ഇതാണ് തിരഞ്ഞെടുപ്പു ഫലത്തിലെ യുഡിഎഫിന്‍റെ നീക്കിബാക്കി. എന്തുകൊണ്ട്? ലീഗ് അതിന്‍റെ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി ജമാ അത്തെ ഇസ്ലാമിയുടെ സൃഷ്ടിയായ വെല്‍ഫെയര്‍ പാര്‍ടിയുമായി കൂട്ടുകൂടി. അത് ആ പാര്‍ടിയുമായി യുഡിഎഫ് കൂട്ടുകൂടുന്നതിലേക്ക് എത്തിച്ചു.
ജമാ അത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നതിനെ വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട മതനിരപേക്ഷവാദികള്‍ എതിര്‍ക്കുന്നു. അത് വകവയ്ക്കാതെ, ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത് എന്ന കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്‍റെ നിര്‍ദേശത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പുല്ലുപോലെ തള്ളി. സ്വാഭാവികമായി ജമാ അത്തെ ഇസ്ലാമിയുമായുള്ള സഖ്യം മുസ്ലീം ലീഗിനു ഗുണകരവും കോണ്‍ഗ്രസ്സിനു നഷ്ടക്കച്ചവടവും ആയി മാറി. യുഡിഎഫിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ മുസ്ലീം ലീഗ് പരോക്ഷമായി സന്നദ്ധത പ്രകടിപ്പിക്കുന്നിടംവരെ കാര്യങ്ങള്‍ ചെന്നെത്തി. അതാണല്ലോ പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം വിട്ട് നിയമസഭയിലേക്ക് മത്സരിക്കും എന്ന ലീഗ് തീരുമാനത്തിന്‍റെ പച്ചമലയാളം.
മുസ്ലീം ലീഗ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമ്പോഴെല്ലാം മുസ്ലീം ഏകോപനത്തിനു ശ്രമിക്കാറുണ്ട്, ഏറ്റവും ഒടുവില്‍ 2010ലെ തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പുകളില്‍. ഇപ്പോള്‍ ബിജെപി നഗ്നമായി വര്‍ഗീയ കാര്‍ഡ് കളിക്കുമ്പോള്‍ ഈ നീക്കം കേരളത്തിന്‍റെ മതനിരപേക്ഷതയെ തകര്‍ക്കും. അതുകൊണ്ടാണ് ഈ നീക്കത്തോട് വ്യാപകമായ എതിര്‍പ്പ്.
ഇത് യുഡിഎഫിലും അതിന്‍റെ അണികളിലും ആകെ അങ്കലാപ്പ് ഉളവാക്കിയിട്ടുണ്ട്. അതില്‍ നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഐ എം വര്‍ഗീയത പ്രചരിപ്പിക്കുന്നു, വര്‍ഗീയ കാര്‍ഡ് കളിക്കുന്നു എന്ന ആരോപണം ആദ്യം ലീഗിന്‍റെയും പിന്നീട് കോണ്‍ഗ്രസിന്‍റെയും നേതാക്കള്‍ തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. സിപിഐ എം എന്തിനാണ് വര്‍ഗീയ കാര്‍ഡ് കളിക്കുന്നത്? ഇവിടെ ആ കാര്‍ഡ് ദശവര്‍ഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്നത് ബിജെപിയാണല്ലൊ. അതിനെ നേരിടാനെന്ന പേരു പറഞ്ഞാണ് ജമാഅത്തെ ഇസ്ലാമി രംഗപ്രവേശം ചെയ്തത്. രണ്ടുകൂട്ടരുടെയും ലക്ഷ്യം മതരാഷ്ട്രസ്ഥാപനം തന്നെ.
ആ രണ്ടുകൂട്ടരെയും, ആ രണ്ടുപാര്‍ടികളെയും, കോണ്‍ഗ്രസ്സോ മുസ്ലീം ലീഗോ രണ്ടും ചേര്‍ന്നുള്ള യുഡിഎഫോ വിമര്‍ശിക്കുന്നതേയില്ല; അവയുടെ വര്‍ഗീയതയെക്കുറിച്ച് ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നില്ല. എന്നു മാത്രമല്ല, അവയില്‍ ഒരു പാര്‍ടിയുമായി പരസ്യമായും മറ്റൊന്നുമായി രഹസ്യമായും തിരഞ്ഞെടുപ്പ് ധാരണ അത് ഉണ്ടാക്കിയിരുന്നു. തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യുഡിഎഫ് ആ പാര്‍ടികളുമായി തരാതരം പോലെ കൂട്ടുകെട്ടോ നീക്കുപോക്കോ ഉണ്ടാക്കി. അതിന്‍റെ തെളിവുകള്‍ മാധ്യമങ്ങളില്‍ ധാരാളം വന്നതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല.
തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും സാമൂഹ്യ-ക്ഷേമ പെന്‍ഷന്‍, സൗജന്യ റേഷന്‍, സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍-ദളിത്-ആദിവാസി-ന്യൂനപക്ഷ-ഭിന്നശേഷി വിഭാഗങ്ങളുടെ കാര്യങ്ങളില്‍ ആകെ കൈക്കൊണ്ട കരുതലും സംരക്ഷണവും, കോവിഡ് മഹാമാരിക്കാലത്ത് രോഗബാധിതര്‍ക്കെല്ലാം നല്‍കിയ സംരക്ഷണവും സേവനങ്ങളും ജനങ്ങള്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നുണ്ട്. മുമ്പൊരുകാലത്തും ഇല്ലാതിരുന്ന രീതിയിലാണ് ഇവയും ലൈഫ് പദ്ധതി പോലുള്ളവയും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യാദിമേഖലകളിലെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വികസനപ്രവര്‍ത്തനങ്ങളും കിഫ്ബിയുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്ന വികസനപദ്ധതികളും യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാതെ ഉപേക്ഷിച്ച ഗ്യാസ് പൈപ്പ് ലൈന്‍, ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ മുതലായവയും പൂര്‍ത്തിയാക്കി കേരളത്തിന്‍റെ ഭാവി വികസനത്തെ പ്രതീക്ഷാനിര്‍ഭരമാക്കി മാറ്റി. ഈ തിരഞ്ഞെടുപ്പു ഫലത്തില്‍ തീര്‍ച്ചയായും ഇക്കാര്യം വോട്ടര്‍മാര്‍ കണക്കിലെടുത്തിട്ടുണ്ട് എന്നു വ്യക്തമാണ്.
മതനിരപേക്ഷതയാണ് ഭിന്നസമുദായങ്ങള്‍ കാലുഷ്യമില്ലാതെ അയല്‍പക്കക്കാരായി ജീവിക്കുന്ന കേരളത്തിന്‍റെ നീണ്ടകാല പാരമ്പര്യം. കൃഷിയായാലും ബിസിനസ്സായാലും, മറ്റ് ഏത് തൊഴില്‍ സംരംഭമായാലും, ഈ സൗഹാര്‍ദ്ദം കേരളത്തിന്‍റെ സമാധാന ജീവിതത്തിന്‍റെ അഭേദ്യഘടകമാണ്. അതിന്‍റെ മേലാണ് മതരാഷ്ട്ര വാദം ഉയര്‍ത്തി ആര്‍എസ്എസ്-ബിജെപി ആയാലും ജമാഅത്തെ- വെല്‍ഫെയര്‍ പാര്‍ടി ആയാലും ഭീഷണി ഉയര്‍ത്തുന്നത്. അതുകൊണ്ടാണ് എല്‍ഡിഎഫ് മാത്രമല്ല, മതനിരപേക്ഷത ഇവിടെ തുടര്‍ന്നും സാമൂഹ്യജീവിതത്തിന്‍റെ അവശ്യഘടകമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാം തന്നെ ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ ആറുപതിറ്റാണ്ടിനിടയില്‍ ഇടതുപക്ഷത്തോടും എല്‍ഡിഎഫിനോടും ഇതുവരെ കാണിക്കാത്ത മമതയും ആഭിമുഖ്യവും പല വിഭാഗം ജനങ്ങളും പ്രകടിപ്പിക്കുന്നത്.
2016 മുതല്‍ ഇതേ വരെ സംസ്ഥാനം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള പ്രകൃതിക്ഷോഭവും സാംക്രമികരോഗഭീഷണിയും നേരിട്ടുവരികയാണ്. അതിനു മകുടം ചാര്‍ത്തുന്നതാണ് കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി. ഇവയ്ക്ക് ഇരയായ എല്ലാ ജനവിഭാഗങ്ങളെയും ജനസാമാന്യത്തെ മൊത്തത്തില്‍ അണിനിരത്തിക്കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാത്തുരക്ഷിച്ചത്, അത്തരം ദുരന്തവേളകളില്‍പോലും സര്‍ക്കാരുമായി സഹകരിക്കാനല്ല, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ നാനാരീതികളില്‍ പരാജയപ്പെടുത്താനായിരുന്നു യുഡിഎഫും ബിജെപിയും ശ്രമിച്ചത്. എന്നാല്‍, നിസ്വാര്‍ഥരായ ജനങ്ങള്‍, വിശേഷിച്ച് യുവത, സര്‍ക്കാരിനൊപ്പം അണിനിരന്നു. ആരും ആ ദുരിതവേളകളില്‍ പട്ടിണികിടന്നില്ല, നിരാധാരരായില്ല. അതില്‍ പ്രധാനം ജനങ്ങളുടെ ഐക്യം തന്നെ. അവരുടെ ഏകോപിച്ച യത്നങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയകരമായി പ്രയോജനപ്പെടുത്തി. അങ്ങനെയാണ് ഈ ദുരിതദശയെ കേരളം മുമ്പ് കണ്ടിട്ടില്ലാത്ത തോതിലുള്ള വികസനത്തിന്‍റെ സീസണാക്കി മാറ്റിയത്.
ഇങ്ങനെ ജനങ്ങള്‍ പട്ടിണികിടക്കാതെയും രോഗബാധിതരായി മരിക്കാതെയും കാത്തുരക്ഷിക്കുക മാത്രമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. പൊതുവിദ്യാഭ്യാസരംഗത്ത് അഭൂതപൂര്‍വമായ മുന്നേറ്റം നടത്തി. അതുപോലെ ആരോഗ്യമേഖലയിലും അതിനു പുറമെ കേരളത്തിന്‍റെ ഭാവി ഭാസുരമാക്കുന്നതിനുവേണ്ടി കൃഷി, വ്യവസായം മുതലായി ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന രംഗങ്ങളിലും പുതിയ കുതിച്ചുമുന്നേറ്റത്തിനുള്ള വഴി തുറന്നു. പുതിയ നിരവധി വ്യവസായ സംരംഭങ്ങളും മറ്റും കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്, ഇനിയും പലതും ആരംഭിക്കാനിരിക്കുന്നു: ഇതൊക്കെ ജനസാമാന്യം താല്‍പ്പര്യപൂര്‍വം വീക്ഷിക്കുകയും അവയുമായി സഹകരിക്കുകയും ചെയ്യുന്നു.
ഇവയോട് യുഡിഎഫിന്‍റെയും ബിജെപിയുടെയും സമീപനം എന്താണ്? വിമര്‍ശനപരമായ സഹകരണം പോലുമില്ല. യുഡിഎഫ് എട്ടുകാലി മമ്മൂഞ്ഞ് ശൈലിയില്‍ എല്‍ഡിഎഫ് നടപ്പാക്കിയതും നടപ്പാക്കി വരുന്നതുമായ പദ്ധതികളാകെ അവര്‍ ആരംഭിച്ചതും നടപ്പാക്കിയതുമാണ് എന്ന് വാദിക്കുകയാണ്. ഗ്യാസ് പൈപ്പ് ലൈനും തമിഴ്നാട്ടില്‍നിന്ന് എറണാകുളത്തേക്ക് ഹൈടെന്‍ഷന്‍ലൈനും ഇടാനുള്ള പദ്ധതി നടപ്പാക്കാനാവില്ല എന്നു പറഞ്ഞ് അവര്‍ ചുരുട്ടിക്കൂട്ടിവച്ചിരുന്നതാണ്. അവയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. അതിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങളും കേന്ദ്ര സര്‍ക്കാരും മാധ്യമങ്ങളും ഒക്കെ അഭിനന്ദിക്കുന്നത് കേരളത്തിലെ യുഡിഎഫ് -ബിജെപി നേതാക്കള്‍ക്ക് രുചിക്കുന്നില്ല.
എല്‍ഡിഎഫിന്‍റെയും അതിന്‍റെ സര്‍ക്കാരിന്‍റെയും ഈ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ സ്വപ്ന-സരിത്-സന്ദീപ് നായര്‍ സംഘവും യുഎഇ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരും കൂടി നടത്തിയ സ്വര്‍ണകള്ളക്കടത്തിന്‍റെയും ഡോളര്‍ കടത്തിന്‍റെയും ഒക്കെ പാപഭാരം എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് യുഡിഎഫ്-ബിജെപി നേതൃത്വങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ കൂട്ടുപിടിച്ച് കഴിഞ്ഞ ആറുമാസമായി ശ്രമിച്ചുവരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടില്‍ കയറ്റാനായിരുന്നു ശ്രമം. അതോടൊപ്പം ഈ ക്രിമിനല്‍ നടപടികളില്‍ പങ്കാളികളായ ബിജെപിക്കാരായ ജനം ടിവിയിലെ അനില്‍ നമ്പ്യാരെയും സന്ദീപ് നായരെയും എയര്‍പോര്‍ട്ടിലെ ബിഎംഎസ് നേതാവിനെയും കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നു. അനില്‍ നമ്പ്യാരെയും ബിഎംഎസ് നേതാവിനെയും ചോദ്യം ചെയ്യുന്നത് തടഞ്ഞു. സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കി.
മുഖ്യമന്ത്രിയെ കുടുക്കാന്‍ കഴിയാത്തതുകൊണ്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ തോഴിയെ ആയാലും മതി എന്ന സൂരി നമ്പൂതിരിപ്പാടിന്‍റെ ചിന്താഗതിയിലാണ് യുഡിഎഫ്-ബിജെപി നേതൃത്വങ്ങള്‍.
ഇതിനു തെളിവാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പിഎസ് സി എം രവീന്ദ്രനെ ചോദ്യം ചെയ്തതും സ്പീക്കറെ ചോദ്യം ചെയ്യുന്നതു സംബന്ധമായി രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ തന്നെ തടസ്സവാദം ഉന്നയിച്ചപ്പോള്‍ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് മുതിരുന്നതും. എല്‍ഡിഎഫിന്‍റെ, പ്രത്യേകിച്ച് സിപിഐ എമ്മിന്‍റെ, നേതൃത്വത്തില്‍ അഴിമതിക്കാരുണ്ട് എന്ന പ്രതീതി നിയമസഭാ തിരഞ്ഞെടുപ്പുവരെ നിലനിര്‍ത്താനാണ് പ്രതിപക്ഷ നീക്കം.
"അതിന്‍റെ ഭാഗമാണ് സ്പീക്കര്‍ക്കെതിരെ മുസ്ലീംലീഗ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം. ഭരണപക്ഷം ബജറ്റിലൂടെയും വികസന നേട്ടങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റുന്നത് തടയാനും അവര്‍ അഴിമതിയില്‍ കുളിച്ചിരിക്കയാണ് എന്ന പ്രതീതി ജനങ്ങളില്‍ പരത്താനുമാണ് ശ്രമം. കഴിഞ്ഞ കുറെ മാസങ്ങളായി മാധ്യമ അകമ്പടിയോടെ നടത്തിയ ശ്രമം പൊളിഞ്ഞു എന്ന് തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിലൂടെ ജനം വിധിയെഴുതിയിട്ടും പ്രതിപക്ഷം വിടാന്‍ ഭാവമില്ല. അല്ലെങ്കില്‍, അവര്‍ വേറെ എന്തു ചെയ്യാന്‍.
കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്കു വഴങ്ങുന്നതും വഴങ്ങാത്തതുമായ അധികാരകേന്ദ്രങ്ങളെ മുഴുവന്‍ അധികാരത്തിന്‍റെ മുഷ്ക്ക് പ്രയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എം നേതൃത്വത്തെയും കരിതേച്ചുകാണിക്കാനാണ് നീക്കം. അഴിമതിയില്‍ ആണ്ടുകിടക്കുന്ന യുഡിഎഫ്-ബിജെപി നേതൃത്വങ്ങളുടെ ഇത്തരം നീക്കങ്ങളുടെ തനിനിറം തിരിച്ചറിയാന്‍ മാത്രം രാഷ്ട്രീയ പ്രബുദ്ധത ഉള്ളവരാണ് കേരളത്തിലെ ജനസാമാന്യം. യുഡിഎഫ്-ബിജെപി നേതൃത്വങ്ങളുടെ പരോക്ഷ കൂട്ടുകെട്ടിന്‍റെ ആപത്ത് അവര്‍ നന്നായി മനസ്സിലാക്കിയിരിക്കുന്നു. •