തേന്‍കുറിശ്ശി രേഖകള്‍: ജാതിദുരഭിമാനവും താന്‍മാത്ര കടുംപിടിത്തങ്ങളും

കെ എന്‍ ഗണേശ്

പാലക്കാട് തേന്‍കുറിശ്ശിയില്‍ നടന്ന അനീഷ് എന്ന യുവാവിന്‍റെ കൊലപാതകം ജാത്യാഭിമാനത്തെ പുരസ്കരിച്ചുള്ള കൊലയായാണ് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇതിനുമുമ്പ് ആതിര എന്ന പെണ്‍കുട്ടിയുടെ കൊലപാതകവും തുടര്‍ന്ന് കെവിന്‍ ചാക്കോ എന്ന യുവാവിന്‍റെ  കൊലപാതകവും അതേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേരളത്തില്‍ ജാതീയത അതിതീവ്രമായി നിലനില്‍ക്കുന്നതിന്‍റെ ഉദാഹരണങ്ങളായാണ് ഈ കൊലപാതകങ്ങളെ പല സംഘടനകളും ആക്ടിവിസ്റ്റുകളും കരുതുന്നത്. യുപിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്തു കൊലപ്പെടുത്തിയതുമായും ഹര്യാനയിലെയും യുപിയിലെയും ഖാപ് പഞ്ചായത്തുകള്‍ നടത്തുന്ന ജാതീയമര്‍ദനങ്ങളുമായും ഇതിനെ താരതമ്യപ്പെടുത്താനും ചിലര്‍ മടിക്കുന്നില്ല.
ജാതീയത കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. പക്ഷേ വടക്കെ ഇന്ത്യയിലുള്ളതു പോലെ സംഘടിതമായ ജാതി മര്‍ദ്ദനങ്ങളാണ് ഇവിടെ നടക്കുന്നത് എന്നുതന്നെയാണോ കരുതേണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ട്. തേന്‍കുറിശ്ശിയിലെ സംഭവവും മറ്റു സംഭവങ്ങളും പ്രണയവും വിവാഹവുമായി ബന്ധപ്പെട്ടതാണ്. തേന്‍കുറിശ്ശിയില്‍ സമ്പന്ന വിഭാഗത്തില്‍പെട്ട, അതേ സമയം പിന്നോക്ക ജാതിയായ വെള്ളാള പിള്ളമാരില്‍പെട്ട ഒരു പെണ്‍കുട്ടി, ദരിദ്രനായ ഒരു കൊല്ല യുവാവിനെ പ്രണയിക്കുന്നു. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷം അവര്‍ വിവാഹിതരാകുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് മരുമകനെ ആദ്യം ഭീഷണിപ്പെടുത്തുന്നു. തുടര്‍ന്ന് വെട്ടിക്കൊല്ലുന്നു. ഭര്‍തൃഗൃഹം വിട്ടുപോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് പിന്നീടുള്ള അക്രമങ്ങള്‍ നടക്കുന്നില്ല. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വരെ വിദ്യാസമ്പന്നരാണെന്ന് അദ്ദേഹവുമായുള്ള ടിവി അഭിമുഖം വെളിപ്പെടുത്തുന്നുണ്ട്. അപ്പോള്‍ കൊലപാതകത്തിനു കാരണം ജാത്യാഭിമാനം മാത്രമല്ല, സാമ്പത്തിക ദുരഭിമാനം കൂടിയാണ്.
ഇതിനുമുമ്പു സൂചിപ്പിച്ച രണ്ടു കൊലകളിലും സമ്പത്തും ജാതിയും ഒരിടത്തു മതവും കൂടിക്കലരുന്നതുകാണാം. ഒരിടത്തു അച്ഛന്‍ തന്നെയാണ് മകളെ കൊല്ലുന്നതെങ്കില്‍ മറ്റൊരിടത്ത് നേരിട്ടുള്ള ബന്ധുക്കള്‍ തന്നെയാണ് കൊലപാതകികള്‍, രാഷ്ട്രീയ വൈരം മുതലായ ഘടകങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. പ്രണയവിവാഹങ്ങളോ അതിനുള്ള ആഗ്രഹമോ ആണ് പ്രശ്നമായി വരുന്നത് എന്നയിടത്താണ് ജാതിയും പ്രത്യക്ഷപ്പെടുന്നത്. മതവും ജാതിയും ഒന്നായാല്‍ പോലും കുടുംബങ്ങളുടെ അംഗീകാരമില്ലാത്ത പ്രണയവും സംഘര്‍ഷങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന കോഴിക്കോടും കൊയിലാണ്ടിയിലും ഈയിടെ നടന്ന സംഭവങ്ങള്‍ ഉദാഹരണങ്ങളാണ്. അവിടെ കമിതാക്കള്‍ വ്യത്യസ്ത സമുദായങ്ങളില്‍പെട്ടവരായിരുന്നില്ല. "ജാത്യാഭിമാനകൊല" എന്ന മാധ്യമ വായ്ത്താരിക്കപ്പുറം നടക്കുന്ന സാമൂഹ്യപ്രശ്നങ്ങളിലേക്കാണ് ഇവ വിരല്‍ചൂണ്ടുന്നത്.
കേരളത്തിലെ എല്ലാ സമൂഹ വിഭാഗങ്ങളില്‍ നിന്നും സാമൂഹികവും സാമ്പത്തികവുമായ ഉന്നതി നേടിയ ജനങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ചിലര്‍ വിദ്യാഭ്യാസത്തിലൂടെയും സംവരണം മുതലായ അവകാശങ്ങളിലൂടെയും വളര്‍ന്നുവരുന്നവരാണ്. മറ്റു ചിലര്‍ ജാതിബദ്ധമല്ലാത്ത തൊഴിലുകള്‍ ചെയ്തു വളര്‍ന്നു വരുന്നവരാണ്. പ്രവാസികളായി മാറി സമ്പന്നരായവരുമുണ്ട്. ഏറെ അധ്വാനിച്ചുകിട്ടിയ നേട്ടങ്ങള്‍ നിലനിര്‍ത്തണം എന്ന ആഗ്രഹം ഇത്തരക്കാര്‍ക്കുണ്ട്. അത് സ്വാഭാവികമായും കൈവരിക്കാനാവുക കുടുംബ ബന്ധങ്ങളിലൂടെയാണ്, കുടുംബസ്വത്ത് സ്ഥിരമായി കൈവശം വയ്ക്കുന്നതിലൂടെയാണ്. കുടുംബസ്വത്ത് എത്ര ചെറുതായാലും അത് അന്യാധീനപ്പെട്ടു പോകരുതെന്ന ആഗ്രഹം ഇന്ന് ഏതാണ്ട് സാര്‍വത്രികമാണ്. സ്വന്തം മക്കള്‍ ചെയ്യുന്ന തൊഴിലുകളെയും അവരുടെ പ്രണയത്തെയും വിവാഹത്തെയും നിയന്ത്രിച്ചുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. ഏറെക്കുറെ സുസ്ഥിരമായ സാമ്പത്തിക സ്ഥിതിയുള്ള ഒരു ഉപരിവര്‍ഗത്തെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ള എല്ലാ കുടുംബങ്ങളും ഇത്തരത്തില്‍ സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്നത് വസ്തുതയാണ്. ഇത്തരം നിയന്ത്രണത്തിനുള്ള ഏറ്റവും ശക്തമായ കവചമാണ് ഇന്ന് ജാതിയും മതവും. ജാതീയമായ ചടങ്ങുകളും വ്യവസ്ഥകളും കൃത്യമായി പാലിക്കുക, സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, അവരുടെ വിദ്യാലയങ്ങളും ആശുപത്രികളും ഉപയോഗിക്കുക എന്നിവ കൂടാതെ വ്യത്യസ്ത സമുദായങ്ങള്‍ക്ക് വ്യത്യസ്ത വിവാഹ ബ്യൂറോകള്‍ വരെ ഇന്നു നിലവിലുണ്ട്. ജാതി ബദ്ധമല്ലെന്നു പ്രചരിപ്പിക്കുന്ന വിവാഹ ബ്യൂറോകള്‍പോലും വിവാഹം നടക്കുന്നത് വ്യക്തികള്‍ തമ്മിലല്ല, കുടുംബങ്ങള്‍ തമ്മിലാണെന്ന് പരസ്യപ്പെടുത്തുന്നവരാണ്. കുടുംബങ്ങള്‍ അംഗീകരിക്കാതെ വ്യക്തികള്‍ തമ്മിലുള്ള പ്രണയം നടക്കുകയില്ല. ഗവണ്‍മെന്‍റിന്‍റെ സ്പെഷ്യല്‍ മാര്യേജ് ആക്ടിന്‍റെ ഒരു വ്യവസ്ഥതന്നെ കുടുംബങ്ങള്‍ എതിര്‍ത്താല്‍ റെജിസ്ട്രേഷന്‍ നടക്കുകയില്ലെന്നതാണ്. പ്രണയ വിവാഹങ്ങള്‍ നോവലുകളില്‍ വായിക്കുന്നതും സിനിമകളില്‍ കാണുന്നതും എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അത് അംഗീകരിക്കുക പ്രയാസമാണ്. അത് ജാതിയുടെ മാത്രം പ്രശ്നമല്ല, സ്വത്തവകാശത്തിന്‍റെയും പ്രജനനത്തിന്‍റെമേലുള്ള നിയന്ത്രണത്തിന്‍റെയും കൂടി പ്രശ്നമാണ്.
നാം സാമ്പ്രദായികമായി വരച്ചുവെയ്ക്കുന്ന ചട്ടക്കൂടുകളിലല്ല ഈ കൊലകള്‍ നടക്കുന്നത്. ആതിര ഒരു ദളിത് യുവാവിനെ പ്രണയിച്ചു. കൊലചെയ്യപ്പെട്ടത് ആതിരയാണ്; ദളിത് യുവാവല്ല. നേരെമറിച്ച് ഹരിതയുടെ ബന്ധുക്കള്‍ അനീഷിനെ കൊല്ലുന്നു; ഭര്‍ത്തൃഗൃഹത്തില്‍ ഹരിത സുരക്ഷിതയാണ്. ഹരിതയെ മകളെപ്പോലെ നോക്കുമെന്നാണ് അനീഷിന്‍റെ അമ്മ പറയുന്നത്. അവള്‍ പഠിച്ചിരുന്ന വിഷയത്തില്‍ തുടര്‍ന്നു പഠിക്കുന്നതിനും അവര്‍ക്കെതിര്‍പ്പില്ല. മുമ്പ് സൂചിപ്പിച്ച കോഴിക്കോട്ടെ സംഘര്‍ഷത്തിന്‍റെ അടിത്തറ സാമ്പത്തിക ഭിന്നതയാണ്. സമാനമായ സ്ഥിതിയാണ് കൊയിലാണ്ടിയിലും നടന്നത്. (കൊയിലാണ്ടിയിലെ വിവാഹം അതിനുശേഷം നടന്നു)  ഇതൊക്കെ കാണിക്കുന്നത് കേവലമായ മതബോധവും ജാതിബോധവും മാത്രമല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത് എന്നതാണ്. ജാതിബോധം കൂടാതെ സാമ്പത്തിക ഉച്ചനീചത്വവും കുടുംബപരമായ പിന്തുടര്‍ച്ചയെക്കുറിച്ചുള്ള സങ്കല്‍പങ്ങളും ഇവിടെ ഉപയോഗപ്പെടുത്തുന്നുണ്ട്. 
ഇതെല്ലാം കാണിക്കുന്നത് അന്യമതസ്ഥരോ അന്യജാതിയില്‍പെട്ടവരോ ആയ ആളുകളെ പ്രണയിക്കുന്നതും വിവാഹംകഴിക്കുന്നതും മാത്രമല്ല പ്രശ്നം. അതിനപ്പുറം കുടുംബ ബന്ധങ്ങളെയും ജീവിതക്രമങ്ങളെയുംകുറിച്ച് വെച്ചുപുലര്‍ത്തപ്പെടുന്ന മാനദണ്ഡങ്ങളും പ്രശ്നമാണ്. ഈ മാനദണ്ഡങ്ങളുടെ അടിത്തറ സമ്പത്തും പിന്തുടര്‍ച്ചാവകാശവുംതന്നെയാണ്. സമ്പത്തും പിന്തുടര്‍ച്ചാവകാശവും സുസ്ഥിരമായ ഉപരിവര്‍ഗങ്ങള്‍ക്ക് പിന്നെ പ്രധാനം അവര്‍ "സംസ്കാരം" എന്നു വിളിക്കുന്നതാണ്. 'സംസ്കാരം' എന്നത് ഭക്ഷണവും വസ്ത്രവുമടക്കമുള്ള ജീവിതശൈലികളാണ്; ആചാര മര്യാദകളാണ്. അവയുമായി പൊരുത്തപ്പെടാന്‍ മറ്റുള്ളവര്‍ക്ക് അതായത് സാമ്പത്തികമായോ സാമുദായികമായോ അധമപദവിയില്‍ നില്‍ക്കുന്നവര്‍ക്ക് സാധിക്കുകയില്ല എന്നതാകും പരാതി. കുടുംബമഹിമ പല സമ്പന്ന കുടുംബങ്ങളുടെയും പ്രധാനഘടകമാണ്. നിരവധി സമ്പന്ന കുടുംബങ്ങളുടെ വിവാഹ ക്ഷണക്കത്തുകളില്‍ അവരുടെ കുടുംബ പേര് പ്രദര്‍ശിപ്പിക്കുന്നത് ഉദാഹരണമാണ്. മരണമറിയിപ്പില്‍പോലും കുടുംബം പ്രദര്‍ശിപ്പിക്കുന്നവര്‍ നിരവധിയാണ്. ദരിദ്രവിഭാഗങ്ങള്‍ക്കും പിന്നോക്ക സമുദായങ്ങളില്‍ ചിലര്‍ക്കും ഇത്തരത്തില്‍ കുടുംബമഹിമ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചെന്നുവരില്ല. അവര്‍ക്ക് ജാതി ഒരു രക്ഷാകവചമായി മാറും. ഇതിന്‍റെ ഭാഗമായി വളര്‍ന്നുവരുന്ന ജീവിതശൈലികളുടെ ആകെത്തുകയെയാണ് സംസ്കാരം എന്നു പലരും വിശേഷിപ്പിക്കുന്നത്. കുടുംബമഹിമ സമ്പന്നരുടെയിടയില്‍ ജാതിയെയും മതത്തെയും മറികടക്കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. 
ഇത്തരം സങ്കീര്‍ണതകള്‍ വളര്‍ന്നുവരുന്നത് കേരളത്തിലെ മധ്യവര്‍ഗത്തിന്‍റെ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ്. കേരളം കണ്ട ജനാധിപത്യ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് മധ്യവര്‍ഗവും വളര്‍ന്നുവരുന്നത്. നവോത്ഥാനഘട്ടത്തില്‍ പുതിയൊരു മാനവിക സമുദായത്തെയും സാഹോദര്യത്തെയും സ്ത്രീപുരുഷ ബന്ധങ്ങളുടെ പുതിയ തലങ്ങളെയും കുറിച്ചുമുള്ള ധാരണകള്‍ വളര്‍ന്നുവന്നിരുന്നു. ഈ കാലത്താണ് മിശ്രഭോജനവും മിശ്രവിവാഹവും വിവിധ കുടുംബങ്ങള്‍ ചേര്‍ന്നുള്ള കമ്യൂണ്‍ ജീവിതവുമെല്ലാം നമ്മെ ആകര്‍ഷിച്ചു തുടങ്ങിയത്. ഒരുമിച്ച് ഒരു പന്തിയില്‍ ഇരുന്ന് ഉണ്ണുമ്പോഴും ജാതിമാറി വിവാഹംകഴിക്കുമ്പോഴും കൂട്ടായ ജീവിതം നടത്തുമ്പോഴും 'സാംസ്കാരിക' ഭിന്നതകളെക്കുറിച്ച് ആരും സംസാരിച്ചിരുന്നില്ല. ഇത്തരം ജീവിതശൈലികള്‍ ശുദ്ധ പാരമ്പര്യങ്ങളില്‍ നിന്നു വന്നവര്‍ക്ക് ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നത് വസ്തുതയാണ്. ക്രമേണ അവ മറികടക്കാനും പുതിയ ജീവിതവുമായി പൊരുത്തപ്പെടാനുമാണ് പലരും ശ്രമിച്ചത്. ഇത്തരത്തില്‍ വിവിധ ജാതി മതസ്ഥര്‍ അടങ്ങിയ കുടുംബങ്ങള്‍തന്നെ നമ്മുടെ നാട്ടില്‍ വളര്‍ന്നുവന്നിട്ടുണ്ട്. കേരളം വളര്‍ത്തിക്കൊണ്ടുവന്ന ജനാധിപത്യ സംസ്കാരത്തിന്‍റെ തെളിവുകളായാണ് ഇവയില്‍ പലതും ഇന്നും നിലനില്‍ക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി പ്രോത്സാഹിപ്പിച്ചുപോന്ന ജാതി-മത ബദ്ധമല്ലാത്ത 'പാര്‍ടി വിവാഹങ്ങള്‍' ഇതിന്‍റെ തെളിവുകളാണ്. അവര്‍ തമ്മില്‍ ഏതെങ്കിലും വിധത്തിലുള്ള 'സാംസ്കാരിക' ഭിന്നതകള്‍ വളര്‍ന്നുവന്നതായി സൂചനയുമില്ല. 
പുതിയ ജനാധിപത്യ സംസ്കാരത്തിന്‍റെ വളര്‍ച്ചയ്ക്കെതിരായി  വലതുപക്ഷവും ശക്തമായി പ്രവര്‍ത്തിച്ചുവെന്നതും ഉള്‍ക്കൊള്ളേണ്ടതാണ്. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടങ്ങളില്‍, ജാതിപരമായ വിലക്കുകളും മതബോധനവും ഇവര്‍ ശക്തിപ്പെടുത്തി. ജനനം, വിവാഹം, മരണം, നിത്യജീവിതത്തിലെ ആചാരങ്ങള്‍ തുടങ്ങിയവ ഇവരുടെ നിയന്ത്രണത്തിലായി. മൗലവിമാരും പുരോഹിതന്മാരും കണിയാന്മാരും മന്ത്രവാദികളുമെല്ലാം ആചാരമുറകളുടെ കാവല്‍ക്കാരായി ജനാധിപത്യ സംസ്കാരത്തിനുവേണ്ടി വാദിച്ചവരെ നിരീശ്വരവാദികളും ദുര്‍മാര്‍ഗികളുമായി മുദ്രകുത്തി. ഒരേ മതത്തിലും ജാതിയിലും പെട്ടവരായാല്‍പോലും അവരെ അകറ്റിനിര്‍ത്തി. ഇവരില്‍നിന്നും കേരളത്തിലെ മധ്യവര്‍ഗം വളര്‍ന്നുവന്നു എന്നത് കാണേണ്ടതാണ്. അതുകൊണ്ട് പുരോഗമന ജനാധിപത്യ സംസ്കാരവും ജീവിതശൈലികളും നിലനില്‍ക്കെത്തന്നെ, ജാതിമത ബോധവും പലരെയും സ്വാധീനിച്ചതായി കാണാം. ഇത് പ്രതിഫലിച്ചത് പലപ്പോഴും നിത്യജീവിത ശൈലികളിലും കുടുംബജീവിതത്തിലുമാണ്. പൊതു ജീവിതത്തില്‍ പുരോഗമന രാഷ്ട്രീയ സാമൂഹ്യ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍തന്നെ കുടുംബ ജീവിതത്തില്‍ പാരമ്പര്യവാദികളായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഇത്തരം വൈരുദ്ധ്യങ്ങള്‍ കപട സദാചാരബോധത്തിലേക്ക് നയിക്കാം. വിവാഹജീവിതത്തിലും കുടുംബബന്ധങ്ങളിലുമുള്ള സാമ്പ്രദായിക സങ്കല്‍പങ്ങളിലേക്ക് നയിക്കാം. ഇതിന്‍റെ ഫലമായി പൊതു ജീവിതത്തില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട മൂല്യങ്ങള്‍പോലും സ്വന്തം വ്യക്തിജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയാത്തവരെയും കണ്ടെന്നു വരാം. പക്ഷേ, അവ കൊലപാതകങ്ങളിലേക്ക് നയിക്കണമെന്നില്ല. തീവ്ര വലതുപക്ഷ ബോധം നിലനില്‍ക്കുന്നത് കേവല വ്യക്തി നിര്‍ഭരതയിലാണ്. അത്തരത്തില്‍പെട്ടവര്‍ സമൂഹജീവിതത്തെ മാത്രമല്ല നിഷേധിക്കുന്നത്, സ്വതാല്‍പര്യങ്ങളുടെ അലംഘനീയത തെളിയിക്കാന്‍ സ്വന്തം പിന്തുടര്‍ച്ചക്കാരെയും ചിലപ്പോള്‍ തന്നെത്തന്നെയും ഇല്ലാതാക്കുന്ന അവസ്ഥയുമുണ്ട്. ഒരു പിതാവ് അന്യമതം സ്വീകരിച്ച സ്വന്തം മകളെ ബന്ധനസ്ഥയാക്കിയപ്പോഴും മറ്റൊരു പിതാവ്, അന്യജാതിയില്‍പെട്ടയാളെ പ്രണയിച്ചതുകൊണ്ട് സ്വന്തം മകളെ വധിച്ചപ്പോഴും തേന്‍കുറിശ്ശിയില്‍ പ്രഭുകുമാറും കൂട്ടാളിയും മരുമകനെ വധിച്ചപ്പോഴും  തകര്‍ന്നത് സ്വന്തം കുടുംബാംഗങ്ങളുടെ ജീവിതമാണ്. അവരവരുടെ ചിന്തയ്ക്കും വികാരത്തിനുമപ്പുറം മറ്റൊന്നും അവര്‍ക്ക് പ്രശ്നമായിരുന്നില്ല. ഇത്തരത്തിലുള്ള നിലപാടുകള്‍ ജാതീയമായ ദുരഭിമാനം മാത്രമല്ല, കേവല വ്യക്തിപരത സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധ മനോഭാവവും കൂടിയാണ്. 
കേരള സമൂഹത്തിന്‍റെ വലതുപക്ഷവല്‍ക്കരണം സൃഷ്ടിക്കുന്ന അപായസൂചനയായാണ് തേന്‍കുറിശ്ശിയിലെ കൊലപാതകംപോലുള്ള സംഭവങ്ങളെ കാണേണ്ടത്. കുടുംബപരമായും സാമൂഹ്യമായുമുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനുള്ള സാമൂഹ്യ രൂപങ്ങളുണ്ട്. പ്രണയവും വിവാഹവും പോലുള്ള കാര്യങ്ങള്‍ ഭാവി ജീവിത നിര്‍മാണവുമായി ബന്ധപ്പെടുന്നതുകൊണ്ട് അത് തീരുമാനിക്കാനുള്ള അന്തിമാവകാശം പ്രണയിക്കുന്നവര്‍ക്കും വിവാഹത്തിലേര്‍പ്പെടുന്നവര്‍ക്കുമാണ്. അത്തരത്തിലുള്ള എല്ലാ വിവാഹങ്ങളും സുസ്ഥിരമാകണമെന്നില്ല. അഭിപ്രായ ഭിന്നതകളും "സാംസ്കാരിക" ഭിന്നതകളും ജനാധിപത്യപരമായ സഹവര്‍ത്തിത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും രീതികള്‍വഴി പരിഹരിക്കേണ്ടതുമാണ്. ഇവയെല്ലാം നിഷേധിച്ച് തന്നിഷ്ടപ്രകാരം മറ്റൊരാള്‍ ജീവിക്കണമെന്ന് ശഠിക്കുന്നതും താന്‍മാത്രവാദത്തിനുവേണ്ടി മറ്റൊരാളുടെ ജീവിതത്തെ ബലികൊടുക്കുന്നതും ഏറ്റവും കുടിലമായ മനോഭാവങ്ങളാണ്. ഇത്തരം മനോഭാവങ്ങളെയാണ് വലതുപക്ഷവല്‍ക്കരണം സൃഷ്ടിക്കുന്നത്. ജാതി-മത സങ്കുചിതവാദങ്ങള്‍ വളര്‍ന്നുവരുന്നതും ഇതേ നിലപാടുകളില്‍ നിന്നാണ് 
തേന്‍കുറിശ്ശിപോലുള്ള സ്ഥലങ്ങള്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വേരൂന്നാത്ത സ്ഥലങ്ങളാണ്. ജനാധിപത്യ പ്രസ്ഥാനങ്ങളെ നിര്‍വചിക്കേണ്ടത് ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ കിട്ടുന്ന വോട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല. പുരോഗമന ജനാധിപത്യ സാമൂഹ്യ സാംസ്കാരിക രൂപങ്ങള്‍ക്കും ജീവിതശൈലികള്‍ക്കും അവബോധത്തിനും എത്രമാത്രം സ്വാധീനം ഒരു പ്രദേശത്ത് ലഭിച്ചിട്ടുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തില്‍കൂടിയാണ്. അത്തരത്തിലുള്ള ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരം താന്‍മാത്ര വാദങ്ങളെ മറികടന്ന് സമവായത്തിന്‍റെ അടിസ്ഥാനത്തില്‍ സുസ്ഥിരമായ ജനജീവിതം ഉറപ്പുവരുത്താന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ടവശം ഭാവി തലമുറയുടെ സ്വതന്ത്രവും നീതിയുക്തവുമായ ജീവിത സാഹചര്യങ്ങളാണ്. ഇന്നത്തെ ജാതിമത പാരമ്പര്യവാദികളുടെയും കുടുംബമഹിമാവാദികളുടെയും താന്‍മാത്രവാദികളുടെയും കടുംപിടിത്തങ്ങളുടെ ഇരകളാകാന്‍ പുതിയ തലമുറയെ വിട്ടുകൊടുത്തുകൂട. ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അവരിലൂടെയാണ് വളരുന്നത് എന്ന കൃത്യമായ ധാരണ വളര്‍ന്നുവരണം. •