വൈദ്യുതി (ഭേദഗതി) ബില്‍ 2020: കര്‍ഷകര്‍ക്കുമേല്‍ ലക്ഷം കോടി രൂപയുടെ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത്

തേജല്‍ കനിത്കര്‍


മൂന്നു കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ കൊടും തണുപ്പിനെ അവഗണിച്ച് ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രക്ഷോഭം നടത്തിവരികയാണല്ലോ. ഈ നിയമങ്ങള്‍ക്കൊപ്പം വൈദ്യുതി (ദേദഗതി) നിയമം 2020 ഉം പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ശക്തിയായി ആവശ്യപ്പെടുന്നു. ഈ ബില്‍ നിയമമാക്കപ്പെട്ടാല്‍ അത് കര്‍ഷകര്‍ക്കുമേല്‍ ചുരുങ്ങിയത് 1,00,000 കോടി രൂപയുടെയെങ്കിലും അധിക ബാധ്യത വരുത്തിവെയ്ക്കും; ജലസേചനത്തിനുള്ള ചെലവ് 500 ശതമാനമായി വര്‍ധിക്കും. 
പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് നിലവില്‍ നല്‍കിവരുന്ന എല്ലാ സബ്സിഡികളും ഇല്ലാതാക്കണമെന്നാണ് ഈ ബില്ലിലൂടെ നിര്‍ദേശിക്കപ്പെടുന്നത്. താരതമ്യേന സമ്പന്നരായ ഉപഭോക്താക്കള്‍ക്ക് അധികനിരക്കും പാവപ്പെട്ടവര്‍ക്കും ഗ്രാമീണ ഉപഭോക്താക്കള്‍ക്കും സബ്സിഡി നിരക്കുമാണ് നിലവിലുള്ളത്. എന്നാല്‍ നിര്‍ദിഷ്ട നിയമ ഭേദഗതിയനുസരിച്ച് കര്‍ഷകരും ഗ്രാമീണ ഉപഭോക്താക്കളും നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഉപഭോക്താക്കളെയുംകാള്‍ കൂടിയ നിരക്ക് അടയ്ക്കാന്‍ നിര്‍ബന്ധിതരാകും. ആരാണ് ഏറ്റവും കുറഞ്ഞനിരക്ക് അടയ്ക്കുന്നത് എന്ന് ഊഹിക്കാന്‍പോലും പറ്റാത്ത അവസ്ഥയാകും. നിലവില്‍ വന്‍കിട സ്ഥാപനങ്ങളും സമ്പന്നരായ ഉപഭോക്താക്കളുമാണ് കൂടുതല്‍ തുക അടയ്ക്കേണ്ടത്. പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും സബ്സിഡി നിരക്കില്‍ വൈദ്യുതി ലഭിക്കുന്നു. 
നമുക്ക് മാര്‍ഗദര്‍ശകമായത് 1948ലെ വൈദ്യുതി നിയമമാണ്. അത് ഡോ. ബി ആര്‍ അംബേദ്കറുടെ വീക്ഷണത്തിനനുസൃതമായി നിര്‍മിക്കപ്പെട്ട നിയമമാണ്. വൈദ്യുതി ജനങ്ങളുടെ അടിസ്ഥാന ആവശ്യമാണെന്നും അത് എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കണമെന്നുമുള്ളതാണ് അംബേദ്കറുടെ വീക്ഷണം. വൈദ്യുതി ലാഭം ഉണ്ടാക്കാനുള്ള ചരക്കല്ല എന്ന് അംബേദ്കര്‍ അടിവരയിട്ടു പറയുന്നു. വൈദ്യുതിയെ ലാഭം ഉണ്ടാക്കാനുള്ള ചരക്കായി കണക്കാക്കിയാല്‍, ഗ്രാമങ്ങളിലും അവികസിത മേഖലകളിലും അധിവസിക്കുന്നവരുടെമേല്‍ അധികഭാരം വന്നുവീഴുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. 2003 മുതലാണ് വൈദ്യുതിയെ ചരക്കായി പരിഗണിക്കപ്പെട്ടു തുടങ്ങിയത്.  മോഡി ഗവണ്‍മെന്‍റിന്‍റെ നിര്‍ദിഷ്ട നിയമ ഭേദഗതി, അംബേദ്കറുടെ വീക്ഷണത്തെ പാടേ അട്ടിമറിക്കുന്നതാണ്. മോഡി യുഗത്തില്‍ എല്ലാം വിപണിക്ക് വിട്ടുകൊടുക്കുകയാണ്; മുതലാളിമാര്‍ക്ക് അവരുടെ ലാഭം പരമാവധിയാക്കുന്നതിന് വിട്ടുകൊടുക്കുകയാണ്. അടിസ്ഥാന ആവശ്യമായ വൈദ്യുതിയെയും മോഡി ഗവണ്‍മെന്‍റ് ചരക്കായി പരിഗണിക്കുകയും വിപണിയുടെ 'നീതി'ക്ക് പാവപ്പെട്ടവരെ വലിച്ചെറിഞ്ഞു കൊടുക്കുകയുമാണ്. 
ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാന വിഷയമാണ്. പുതിയ നിയമനിര്‍മാണത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുകകൂടിയാണ് മോഡി സര്‍ക്കാര്‍. വൈദ്യുതി മേഖലയാകട്ടെ കണ്‍കറന്‍റ് ലിസ്റ്റിലുള്ളതാണ്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതില്‍ ഈ മേഖലയ്ക്ക് നീണ്ട ചരിത്രംതന്നെ പറയാനുണ്ട്. 1990കള്‍ മുതല്‍ വൈദ്യുതി മേഖലയിലെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പരിഷ്കാരങ്ങളെല്ലാംതന്നെ പാവപ്പെട്ടവരുടെ ചെലവില്‍ വന്‍കിട മുതലാളിമാര്‍ക്കും സമ്പന്നര്‍ക്കും നേട്ടമുണ്ടാക്കിക്കൊടുക്കുന്നു എന്നു മാത്രമല്ല കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുവിട്ട് തടിതപ്പുകയാണ് കേന്ദ്രസര്‍ക്കാര്‍. പരിഷ്കാരത്തിലാകട്ടെ, വൈദ്യുതി നിര്‍മാണം മൊത്തമായും സ്വകാര്യമേഖലയ്ക്കോ എന്‍ടിപിസിപോലെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ നല്‍കുകയാണ്. അതേസമയം വൈദ്യുതി വിതരണത്തിന്‍റെ ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ മാത്രം കെട്ടിവെയ്ക്കുകയും ചെയ്യുന്നു. വൈദ്യുതി വലിയ വിലയ്ക്ക് വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതരാക്കുന്നു. കര്‍ഷകരുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് യാതൊരു സൗജന്യവും നല്‍കാന്‍ കേ ന്ദ്രം തയ്യാറല്ല; സബ്സിഡിയുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നു. 
പാവപ്പെട്ട ഉപഭോക്താക്കള്‍ക്കും കൃഷിക്കും നല്‍കിവരുന്ന സബ്സിഡിയില്‍-വൈദ്യുതി മേഖലയില്‍ നല്‍കിവരുന്ന മൊത്തം സബ്സിഡിയില്‍ 55 ശതമാനവും ലഭ്യമാക്കുന്നത് ക്രോസ് സബ്സിഡിയിലൂടെയാണ്. (സാമ്പത്തികമായി മെച്ചപ്പെട്ട ഉപഭോക്താക്കളില്‍നിന്ന് കൂടിയ തുക ഈടാക്കുകയും ആ തുക പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് സബ്സിഡിയായി നല്‍കുകയും ചെയ്യുക). സബ്സിഡി തുകയിലെ ബാക്കി 45 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിതരണ കമ്പനികള്‍ക്ക് നേരിട്ടു നല്‍കുന്നു. ഇപ്പോള്‍ നിലവിലുള്ള ക്രോസ് സബ്സിഡി പിന്‍വലിക്കുന്നതിലൂടെ സബ്സിഡി തുക മുഴുവന്‍ സംസ്ഥാന ഗവണ്‍മെന്‍റ് വഹിക്കാന്‍ നിര്‍ബന്ധിതമാകും. അതുകൊണ്ടുതന്നെ നിരവധി സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ശരിയായ നിലപാടെടുക്കുകയും ഈ ബില്ലിനെ എതിര്‍ക്കുകയും ചെയ്തു. 
വൈദ്യുതി ഉല്‍പാദനത്തിന്‍റെ വന്‍തോതിലുള്ള ചെലവിനെ അഭിമുഖീകരിക്കുന്നതിനുപകരം വൈദ്യുതി വിതരണ സംവിധാനങ്ങള്‍ സ്വകാര്യവത്കരിക്കണമെന്നാണ് മോഡി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന ക്രോസ് സബ്സിഡി സ്വകാര്യവത്കരണത്തിന് വലിയ തടസ്സമാണ്. അതുകൊണ്ടാണ് ക്രോസ് സബ്സിഡിക്കുനേരെ മോഡിസര്‍ക്കാര്‍ ആക്രമണം നടത്തുന്നത്. 
കാര്‍ഷികാവശ്യത്തിനായാലും വീട്ടാവശ്യത്തിനായാലും വൈദ്യുതി സബ്സിഡിയുടെ ഗുണഭോക്താക്കള്‍ ഗ്രാമീണ ഉപഭോക്താക്കളാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരാണ് വൈദ്യുതി നിയമം 2003 പാസാക്കിയത്. അന്നുമുതല്‍ വൈദ്യുതി രംഗത്തെ സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്നതാണ് ബിജെപിയുടെ അജണ്ട. ഇടതുപക്ഷ പിന്‍തുണയോടെ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍, പൊതു മിനിമം പരിപാടിയനുസരിച്ച് സബ്സിഡി എടുത്തുകളയുന്നത് ഒഴിവാക്കി. അതിനുപകരം "പുരോഗമനാത്മകമായ കുറവ്" സബ്സിഡിയില്‍ വരുത്തി. 
പുതിയ വൈദ്യുതി ബില്‍ 2020 ക്രോസ് സബ്സിഡികളെല്ലാം ഒറ്റയടിക്ക് നിര്‍ത്തലാക്കാന്‍ നിര്‍ദേശിക്കുന്നു. ഉപഭോക്താക്കള്‍ക്ക് നല്‍കിയ വൈദ്യുതിയുടെ വിലയെ അടിസ്ഥാനമാക്കി താരിഫ് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളോട് ഈ ബില്‍ നിര്‍ദേശിക്കുന്നു. അതിനര്‍ഥം ഏതു വിഭാഗത്തില്‍പെട്ട ഉപഭോക്താക്കളായാലും, അതായത് കൃഷിക്കായാലും വീട്ടാവശ്യത്തിനായാലും വ്യവസായാവശ്യത്തിനായാലും ആ വിഭാഗത്തില്‍പെട്ട ഉപഭോക്താക്കള്‍ നിര്‍ദിഷ്ട തുക പൂര്‍ണമായും അടയ്ക്കണം. ഏതെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന് സബ്സിഡി അനുവദിക്കണമെന്ന് ആഗ്രഹിച്ചാല്‍ ആ തുക ബന്ധപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) സംവിധാനത്തിലൂടെ നല്‍കിക്കൊള്ളണം. 
ഈ നയത്തിന്‍റെ പ്രഥമവും പ്രത്യക്ഷവുമായ ആഘാതം ഗ്രാമീണ ഉപഭോക്താക്കളുടെ, വിശേഷിച്ച് കാര്‍ഷിക ഉപഭോക്താക്കളുടെ താരിഫിലായിരിക്കും ഏറ്റവും വലിയ വര്‍ധനവ് എന്നതാണ്. ഗ്രാമീണമേഖലകളിലേക്ക് വൈദ്യുതി എത്തിക്കാന്‍ നീണ്ട പ്രസരണ-വിതരണ ലൈനുകള്‍ ആവശ്യമാണ്; നിരവധി ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിക്കപ്പെടണം. അതിന് ചെലവാകുന്ന അധികച്ചെലവ് ഉപഭോക്താക്കള്‍തന്നെ വഹിക്കേണ്ടതായി വരും. അതേസമയം ഹൈ ടെന്‍ഷന്‍ ലൈനുകളില്‍നിന്ന് വൈദ്യുതി ലഭിക്കുന്ന വന്‍കിട വ്യവസായ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ താരിഫില്‍ വൈദ്യുതി ലഭിക്കുകയും ചെയ്യും. 
സംസ്ഥാനങ്ങള്‍ അപ്പോള്‍ നേരിട്ട് സബ്സിഡി ആവശ്യമുള്ളവരാരൊക്കെയെന്ന് നിര്‍ണയിക്കണം. ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി സംസ്ഥാന ഗവണ്‍മെന്‍റ് നല്‍കണം. പക്ഷേ മുഴുവന്‍ തുകയും ഉപഭോക്താവ് അടയ്ക്കണം. സബ്സിഡി തുക പിന്നീടേ ഇളവുചെയ്തു കൊടുക്കൂ; വൈദ്യുതി ബില്‍ പൂര്‍ണമായും അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്യും. 
സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ പരിതാപകരമായി വരികയാണ്. കര്‍ഷകരുടെ, തൊഴിലാളികളുടെ, ചെറുകിട സ്ഥാപനങ്ങളുടെ, സ്കൂളുകളുടെ, പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെയെല്ലാം വൈദ്യുതിചാര്‍ജ് കൂടുന്നതിനനുസരിച്ച് സംസ്ഥാനങ്ങള്‍ സബ്സിഡി നല്‍കേണ്ടിവരും. അത് സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതിയെ വളരെയേറെ പ്രതികൂലമായി ബാധിക്കും. ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ നല്ലൊരു പങ്കിലും കേന്ദ്രസര്‍ക്കാര്‍ കയ്യേറ്റം നടത്തിയിരിക്കുകയാണ്. അതിന്‍റെ കൂട്ടത്തിലാണ് വൈദ്യുതിരംഗത്തെ ഭീമമായ സബ്സിഡി തുകകൂടി സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വഹിക്കേണ്ടി വരിക. വൈദ്യുതി ആഡംബര വസ്തുവല്ല. കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയില്‍ ജലസേചനം ചെയ്യാന്‍ വൈദ്യുതി അനിവാര്യമാണ്; മുഴുവന്‍ ജനങ്ങള്‍ക്കും ആഹാരം ലഭ്യമാക്കുന്നത് കൃഷിക്കാരാണ്. അതിന് അവര്‍ക്ക് കൃഷിഭൂമി ജലസേചനംചെയ്തേ മതിയാകൂ. അതിനുപയോഗിക്കുന്ന വൈദ്യുതി എങ്ങനെ ആഡംബര വസ്തുവാകും?
2018-19ല്‍ രാജ്യത്തെ മൊത്തം വൈദ്യുതിയില്‍ 22.4 ശതമാനം വിറ്റഴിക്കപ്പെട്ടത് കാര്‍ഷിക മേഖലയ്ക്കാണ്. ആ വര്‍ഷം വൈദ്യുതി ലഭ്യമാക്കുന്നതിന് യൂണിറ്റ് ഒന്നിന് ശരാശരി 6.13 രൂപ ചെലവായി. ആ പണം കര്‍ഷകര്‍ മുടക്കേണ്ടിവന്നാല്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ അധികബാധ്യത അവര്‍ക്കുമേല്‍ വരുമായിരുന്നു.
നിര്‍ദിഷ്ട വൈദ്യൂതി ബില്‍ നിയമമാക്കപ്പെട്ടാല്‍ അഞ്ച് പമ്പുസെറ്റ് ഉപയോഗിക്കുന്ന ഒരു സാധാരണ കര്‍ഷകന്‍ പ്രതിവര്‍ഷം 3000 രൂപയില്‍ കൂടുതല്‍ അധികമായി നല്‍കേണ്ടിവരും. അതായത് ഇപ്പോള്‍ ജലസേചനത്തിന് ചെലവാകുന്ന തുകയുടെ 500 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന് സാരം. കൂടുതല്‍ ജലസേചനം ആവശ്യമുള്ളവരുടെ ചെലവ് ഇതിനാനുപാതികമായി വര്‍ധിക്കും. ചെറുകിട നാമമാത്ര കര്‍ഷകരെ സംബന്ധിച്ചിടത്തോളം കാര്‍ഷികവൃത്തി അസാധ്യമാകുന്നതരത്തിലേക്ക് കാര്യങ്ങളെത്തിക്കും. 
ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സര്‍ സ്കീമിന്‍റെ പ്രണേതാക്കളാണ് മോഡി ഗവണ്‍മെന്‍റ്. ഈ പദ്ധതിക്ക് പ്രായോഗികമായ നിരവധി പ്രശ്നങ്ങള്‍ ഉണ്ട് എന്ന് മറ്റു പല മേഖലകളിലെയും അനുഭവങ്ങള്‍ തെളിയിക്കുന്നു. ഉദാഹരണത്തിന് ഉന്നത വിദ്യാഭ്യാസമേഖലയില്‍, തങ്ങളുടെ സ്കോളര്‍ഷിപ്പിനുള്ള ന്യായമായ അവകാശം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ആദ്യം സ്വന്തം കയ്യില്‍നിന്ന് പണം മുടക്കേണ്ടി വരുന്നതിനാല്‍ പല വിദ്യാര്‍ഥികള്‍ക്കും പഠിത്തംതന്നെ തുടരാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണ് സംജാതമായത്. ഗ്യാസ് സിലിണ്ടര്‍ സബ്സിഡിയുടെ കാര്യത്തിലും സമാനമായ അവസ്ഥയാണ്. പല പഠനങ്ങളും തെളിയിക്കുന്നത് പാചകവാതക സബ്സിഡിയുടെ കാര്യത്തിലും ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീം പരാജയമാണ് എന്നാണ്. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് സബ്സിഡി ലഭ്യമാകും എന്നതിന് ഒരുറപ്പുമില്ല. 
പമ്പുസെറ്റിന്‍റെ കാര്യത്തില്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിത്തുക പിന്നീട് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് അടയ്ക്കുന്ന രീതിയിലേക്കുവന്നാല്‍ കാലതാമസം നേരിടും; അതുമൂലം പല ഉപഭോക്താക്കളുടെയും വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാന്‍ ഇടയാക്കും. ഈ ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും വിശേഷിച്ച് ചെറുകിട-നാമമാത്ര കര്‍ഷകര്‍, നിരന്തരം വര്‍ധിച്ചുവരുന്ന കൃഷിച്ചെലവും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ലാഭകരമായ വില ലഭിക്കാത്തതുംമൂലം ഇപ്പോള്‍തന്നെ വലിയ കടവും കടുത്ത യാതനകളും അനുഭവിച്ചുവരികയാണ്; പമ്പുസെറ്റിലൂടെ ജലസേചനം നടത്തുന്നവരുടെ ചെലവ് വര്‍ധിക്കുകകൂടി ചെയ്യുന്നതോടെ കര്‍ഷകരുടെ നഷ്ടം വലിയതോതില്‍ വര്‍ധിക്കും. 
എന്നുമാത്രമല്ല കാര്‍ഷികമേഖലയില്‍ സബ്സിഡി തുക ഭൂ ഉടമകളുടെ അക്കൗണ്ടുകളിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവര്‍ക്ക് ഈ സബ്സിഡി ലഭിക്കില്ല; ഫലത്തില്‍ വൈദ്യുതി ചെലവ് യഥാര്‍ഥത്തില്‍ വഹിക്കുന്ന ആളുകള്‍ക്ക് സബ്സിഡി തുക ലഭിക്കില്ല. 
സബ്സിഡികളില്‍ മിക്കതും സമ്പന്ന കര്‍ഷകര്‍ അടിച്ചെടുക്കുകയാണെന്നും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വളരെ ചെറിയ തുകയേ ലഭിക്കുന്നുള്ളൂ എന്നും വാദിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല. ഉദാഹരണത്തിന് ആന്ധ്രാപ്രദേശും തെലങ്കാനയുംപോലെയുള്ള സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭ ജല പദ്ധതികളില്‍ 40 ശതമാനത്തിലേറെയും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഉടമസ്ഥതയിലാണ്. ഒരു ഹെക്ടര്‍ മുതല്‍ നാലു ഹെക്ടര്‍വരെ ഭൂമിയുള്ള ചെറുകിട-ഇടത്തരം കര്‍ഷകരുടെ ഉടമസ്ഥതയിലാണ് 50 ശതമാനം ഭൂഗര്‍ഭ ജല പദ്ധതികള്‍. പഞ്ചാബിലും രാജസ്താനിലും ഈ പദ്ധതികളിലെ 40 ശതമാനത്തില്‍ ഏറെയും ഒരേക്കര്‍ മുതല്‍ നാല് ഏക്കര്‍വരെ ഭൂമി സ്വന്തമായുള്ള ചെറുകിട-ഇടത്തരം കര്‍ഷകരുടെ ഉടമസ്ഥതയിലാണ്. നാലു മുതല്‍ 10 വരെ ഹെക്ടര്‍ ഭൂമിയുള്ള ഇടത്തരം കര്‍ഷകരാണ് ഭൂഗര്‍ഭ ജല പദ്ധതികളുടെ 30 മുതല്‍ 40 ശതമാനംവരെയുള്ളതിന്‍റെ ഉടമസ്ഥര്‍.
ഉപരിതല ജല പദ്ധതികളുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഹരിയാനയിലും പഞ്ചാബിലും ഉപരിതല ജലപദ്ധതികളില്‍ ഏറെയും ഇടത്തരം കര്‍ഷകരുടെയും വന്‍കിട കര്‍ഷകരുടെയും ഉടമസ്ഥതയിലാണ്. ഉപരിതല ജലത്തിന്‍റെ താരിഫ് നിരക്കില്‍ വലിയ തോതില്‍ സബ്സിഡി നല്‍കുന്നുണ്ട്; ആ തുക പരിഷ്കരിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നുമില്ല. എന്നാല്‍ വൈദ്യുതി പമ്പുപയോഗിച്ച് ഭൂഗര്‍ഭജലം, ജലസേചനത്തിനുപയോഗിക്കുമ്പോള്‍ കൂടുതല്‍ ചെലവ് വരും. വൈദ്യുതി  ചെലവ് വര്‍ധിക്കുമ്പോള്‍ ആ ചെലവ് വര്‍ധിക്കും. അതായത് ചെറുകിട നാമമാത്ര കര്‍ഷകരെയും താഴ്ന്ന മധ്യവര്‍ഗ കര്‍ഷകരെയുമാണ് വൈദ്യുതി ചാര്‍ജ് വര്‍ധന ഏറെ ദുരിതത്തിലാഴ്ത്തുന്നത്. 
ഭൂരഹിതര്‍, നാമമാത്ര കര്‍ഷകര്‍, ചെറുകിട കര്‍ഷകര്‍ എന്നിവരുടെ കാര്യത്തില്‍ ഗവണ്‍മെന്‍റിന് ഏതെങ്കിലും തരത്തിലുള്ള കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഭൂപരിഷ്കരണം സര്‍ക്കാര്‍ നടപ്പാക്കുമായിരുന്നു. ഇന്ത്യയിലെ മഹാഭൂരിപക്ഷം പ്രദേശങ്ങളിലും ഗൗരവമായ ഭൂപരിഷ്കരണ നിയമമോ ഭൂമി വിതരണംചെയ്യാനുള്ള ഉദ്യമമോ ഇല്ല. മോഡി ഗവണ്‍മെന്‍റിന്‍റെ അജണ്ടയിലേ ഈ വിഷയം ഇല്ല. 
ഡല്‍ഹിയിലേക്കുള്ള വീഥികളില്‍ ചെങ്കൊടിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭത്തെ പ്രത്യയശാസ്ത്രപരവും പാര്‍ടി പക്ഷപാതിത്വമുള്ളതുമെന്ന് ഗവണ്‍മെന്‍റും മാധ്യമങ്ങളും മുദ്രചാര്‍ത്തുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്‍റില്‍ ജനാധിപത്യപരമായ ചര്‍ച്ചപോലും നടത്താതെ കര്‍ഷക താല്‍പര്യങ്ങളെ കോര്‍പറേറ്റുകള്‍ക്ക് അടിയറവെച്ചുകൊണ്ട് മൂന്ന് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച മോഡി ഗവണ്‍മെന്‍റിന്‍റെ വര്‍ഗ താല്‍പര്യത്തെക്കുറിച്ച് ഗവണ്‍മെന്‍റോ മാധ്യമങ്ങളോ മിണ്ടുന്നില്ല. ഒരു പ്രത്യയശാസ്ത്രം കര്‍ഷകരുടെയും അധ്വാനിക്കുന്ന ജനതയുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു; മറ്റേത് അതിനു കടകവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു. അതാണ് അവ തമ്മിലുള്ള അന്തരം. •