പൊലീസിനു വിലക്കപ്പെട്ട ഇടങ്ങള്‍

സെബാസ്റ്റ്യന്‍ പോള്‍

ചില അനൗചിത്യങ്ങള്‍ വലിയ വീഴ്ചയ്ക്കു കാരണമാകും. ഡല്‍ഹിയിലെ അഭിഭാഷകനായ മഹ്മൂദ് പ്രാചയുടെ ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡ് വീഴ്ചയേക്കാള്‍ ഗുരുതരമായ കുറ്റമാണ്. കേസന്വേഷണത്തിന്‍െറ ഭാഗമായി മൊഴി രേഖപ്പെടുത്തുന്നതിനും രേഖകള്‍ കസ്റ്റഡിയിലെടുക്കുന്നതിനും പൊലീസിന് അധികാരമുണ്ട്. പക്ഷേ അത് നിയമാനുസൃതമായിരിക്കണം. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള വര്‍ത്തമാനവും എഴുത്തും വെളിപ്പെടുത്താന്‍ കഴിയാത്തവിധം സംരക്ഷിതമാണ്. തെളിവ് നിയമത്തിലെ വകുപ്പ് 126 പ്രകാരം പ്രിവിലേജ് അവകാശപ്പെടാവുന്ന ബന്ധമാണ് അഭിഭാഷകനും കക്ഷിയും തമ്മിലുള്ളത്. സമാനമായ പരിരക്ഷ അനുവദിച്ചിട്ടുള്ളത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വര്‍ത്തമാനത്തിനു മാത്രമാണ്.
ഇങ്ങനെയാണ് നിയമമെന്നിരിക്കേ കേസുകളുടെയും കക്ഷികളുടെയും വിവരങ്ങളടങ്ങിയ രേഖകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും കംപ്യൂട്ടറുകളും അഭിഭാഷകന്‍റെ ഓഫീസില്‍നിന്ന് പൊലീസ് പിടിച്ചെടുത്തത് അത്യന്തം ഗുരുതരമായ നിയമലംഘനമാണ്. ഡല്‍ഹിയിലെ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് പ്രാച. വാറണ്ടിന്‍െറ ബലത്തിലാണ് ക്രിസ്മസ് രാത്രിയില്‍ പുലരുംവരെ നീണ്ട തെരച്ചില്‍ നടന്നതെങ്കിലും നിയമവാഴ്ചയെയും നീതിനിര്‍വഹണത്തെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ പൊലീസ് നടപടിയില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടിക്രമം വകുപ്പ് 93 പ്രകാരം പരിശോധനയ്ക്കു ലഭിച്ച അനുവാദം ദുരുപയോഗം ചെയ്താണ് രേഖകളും ഡിസ്കുകളും കംപ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തത്.
അഭിഭാഷകരും പൊലീസും തമ്മില്‍ പലപ്പോഴും പല കാരണങ്ങളാല്‍ ഇടര്‍ച്ച ഉണ്ടാകാറുണ്ട്. പക്ഷേ പ്രാചയുടെ ഓഫീസില്‍ നടന്നത് അടിയന്തരാവസ്ഥയിലോ പൊലീസ് രാജ് നിലനില്‍ക്കുന്ന അവസ്ഥയിലോ മാത്രം സംഭവിക്കാവുന്ന കാര്യമാണ്. അതുകൊണ്ടിത് പ്രാച എന്ന അഭിഭാഷകനെ മാത്രം ബാധിക്കുന്ന വിഷയമല്ല. അഭിഭാഷകന്‍റെ അവകാശത്തേക്കാള്‍ അഭിഭാഷകരെ സമീപിക്കുന്ന പൗരസമൂഹത്തിന്‍റെ അവകാശമാണ് പൊലീസ് നടപടിയിലൂടെ ഹനിക്കപ്പെടുന്നത്. പൊലീസ് രാജും നിയമവാഴ്ചയും പരസ്പരം പൊരുത്തപ്പെട്ടുപോകുന്ന കാര്യങ്ങളല്ല.
നിയമലംഘനത്തിന് പുകള്‍പെറ്റ വിഭാഗമാണ് ഡല്‍ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍. മനുഷ്യാവകാശങ്ങളുടെ സംരക്ഷണമല്ല ധ്വംസനമാണ് പൊലീസിന്‍റെ പൊതുവായുള്ള അജണ്ട. ഇതല്ലാം എല്ലാവര്‍ക്കും ബോധ്യപ്പെട്ട കാര്യങ്ങളാണെന്നിരിക്കേ അഭിഭാഷകന്‍റെ ഓഫീസില്‍ തെരച്ചില്‍ നടത്തുന്നതിനുള്ള അനുവാദം നല്‍കുമ്പോള്‍ പട്യാല ഹൗസ് കോടതിക്ക് കുറേക്കൂടി ജാഗ്രത ഉണ്ടാകണമായിരുന്നു. പൗരത്വപ്രക്ഷോഭം മുതല്‍ കര്‍ഷകപ്രക്ഷോഭം വരെ പൊലീസിന് അസൗകര്യമാകുന്ന കാര്യങ്ങളില്‍ ഇടപെട്ട് സര്‍ക്കാറിന് അനഭിമതനായി നില്‍ക്കുന്ന അഭിഭാഷകന്‍റെ ഓഫീസില്‍ റെയ്ഡ് നടത്താനുള്ള അനുവാദം കരുതലോടെയാണ് കോടതി നല്‍കേണ്ടിയിരുന്നത്. സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അവകാശങ്ങള്‍ അര്‍ത്ഥരഹിതമാകും. ഭരണഘടനയിലെ മൗലികാവകാശപ്രഖ്യാപനം മഹത്ത്വപൂര്‍ണമായത് അവ പ്രാവര്‍ത്തികമാക്കുന്നതിനുള്ള സംവിധാനം ഉള്ളതുകൊണ്ടാണ്. മൗലികാവകാശങ്ങളുടെ സംരക്ഷണാര്‍ത്ഥം സുപ്രീം കോടതിയെ സമീപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന 32 ആണ് ഭരണഘടനയിലെ ഏറ്റവും ശ്രേഷ്ഠമായ അനുഛേദമെന്ന് അംബേദ്കര്‍ പറഞ്ഞത് വെറുതെയല്ല. കോടതിയെ സമീപിക്കുന്നത് അഭിഭാഷകന്‍ മുഖേനയാണ്. അഭിഭാഷകനോട് എല്ലാം തുറന്നുപറയുന്നതിനുള്ള സൗകര്യം കക്ഷിക്കുണ്ടാകണം. വൈദ്യനോടും വക്കീലിനോടും എല്ലാം തുറന്നു പറയണമെന്നത് പണ്ടേയുള്ള പ്രമാണമാണ്. കക്ഷികള്‍ അഭിഭാഷകനോട് എല്ലാം തുറന്നുപറയുന്നത് പറയുന്ന കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്ന ഉറപ്പിലാണ്.
കുമ്പസാരം ക്രൈസ്തവരുടെ കൂദാശകളില്‍ പ്രധാനപ്പെട്ടതാണ്. എല്ലാ പാപങ്ങളും മനസ്താപത്തോടെ ഏറ്റുപറഞ്ഞ് പാപവിമുക്തി നേടുന്ന കൂദാശയാണത്. കേള്‍ക്കുന്ന കാര്യങ്ങള്‍ പുരോഹിതന്‍ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പ് വിശ്വാസിക്കുണ്ട്. ദമ്പതികള്‍ പരസ്പരം പറയാത്ത കാര്യങ്ങള്‍ വൈദികനോടു പറയും. കുമ്പസാരരഹസ്യം കാത്തുസൂക്ഷിച്ചുകൊണ്ട് പീഡകള്‍ സഹിച്ചിട്ടുള്ള വൈദികരുടെ കഥകള്‍ നിരവധിയുണ്ട്. പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര എന്ന നാടകത്തിന്‍റെ പ്രമേയം ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്. പക്ഷേ കുമ്പസാരരഹസ്യത്തിന്‍റെ പവിത്രത നിയമം അംഗീകരിക്കുന്നില്ല. കോടതിയില്‍ ചോദ്യമുണ്ടായാല്‍ രഹസ്യത്തിന്‍റെ പരിരക്ഷ വൈദികന് അവകാശപ്പെടാനാവില്ല. 
അഭിഭാഷകന് ഈ പരിരക്ഷയുണ്ട്. കക്ഷി പറഞ്ഞത് പൊലീസിനോടോ കോടതിയോടോ വെളിപ്പെടുത്താന്‍ പാടില്ല. രഹസ്യമായി സൂക്ഷിക്കപ്പെടുമെന്ന ഉറപ്പിലാണ് കക്ഷി കാര്യങ്ങള്‍ തുറന്നു പറയുന്നത്. പ്രതി പറയുന്ന കാര്യങ്ങള്‍ പ്രതിക്കെതിരെ ഉപയോഗിക്കാനാവില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യപ്പെടുന്ന പ്രതിയുടെ മൊഴിക്ക് കോടതിയില്‍ സ്വീകാര്യതയില്ലാത്തത് ഇക്കാരണത്താലാണ്. കുറ്റാരോപിതന് ഭരണഘടന നല്‍കുന്ന അലംഘനീയമായ പരിരക്ഷയുടെ ഭാഗമാണ് അഭിഭാഷകനു നല്‍കിയിരിക്കുന്ന വിമുക്തിയും അഭിഭാഷകന്‍െറ ഓഫീസിനു നല്‍കിയിരിക്കുന്ന പരിരക്ഷയും. അതുകൊണ്ടാണ് പ്രാചയുടെ ഓഫീസില്‍ തെരച്ചില്‍ നടത്തി രേഖകള്‍ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി വിമര്‍ശിക്കപ്പെടുന്നത്. കക്ഷികളുടെ വെളിപ്പെടുത്തലുകളും അവര്‍ നല്‍കുന്ന വിവരങ്ങളുമാണ് അഭിഭാഷകനില്‍നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലുള്ളത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമല്ലാത്ത പരിരക്ഷയാണ് ഇക്കാര്യത്തില്‍ അഭിഭാഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. സോഴ്സ് എന്ന് മാധ്യമഭാഷയില്‍ അറിയപ്പെടുന്ന വിവരത്തിന്‍റെ ഉറവിടം നിയമപരമായ അന്വേഷണമുണ്ടായാല്‍ വെളിപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നു. കോടതിയുടെ അന്വേഷണവുമായി സഹകരിക്കാതിരിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കി ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ മാധ്യമമര്യാദയും ധര്‍മവും അത്തരത്തിലുള്ള വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നില്ല. രഹസ്യമായതു വെളിപ്പെടുത്താതെ ശിക്ഷ ഏറ്റുവാങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ നിര മാധ്യമചരിത്രത്തിലുണ്ട്.
അഭിഭാഷകര്‍ക്കൊപ്പം പരിരക്ഷ നല്‍കിയിട്ടുള്ളത് ദമ്പതികള്‍ക്കു മാത്രമാണ്. ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവ് ഭാര്യയോടും പറയുന്ന കാര്യങ്ങള്‍ ആരോടും വെളിപ്പെടുത്തേണ്ടതില്ല. കേട്ട കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കാം; കണ്ട കാര്യങ്ങള്‍ വെളിപ്പെടുത്താം. രാത്രിയില്‍ പുറത്തുപോയി മോഷണവസ്തുവുമായി തിരിച്ചെത്തിയ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ രഹസ്യവും ഭാര്യ കണ്ട കാര്യങ്ങള്‍ പരസ്യമാക്കാവുന്നതുമാണ്. മകള്‍ക്ക് ഭര്‍ത്താവ് അയച്ച കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ കോടതിയില്‍ പോയ പിതാവ് പരാജയപ്പെട്ടത് ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. പ്രഥമദൃഷ്ട്യാ വിചിത്രമെന്ന് തോന്നിയേക്കാവുന്ന കാര്യങ്ങള്‍ നിയമപരമായി സാധുവാകുന്നത് അവ നിയമപരമായി സാധുവായ തത്ത്വങ്ങളെ അടിസ്ഥാനമാക്കുന്നതുകൊണ്ടാണ്.
അന്വേഷണവും പ്രോസിക്യൂഷനും സര്‍ക്കാറിന്‍റെ അധികാരമാണ്. കേസ് തെളിയിക്കുന്നതിനും വിജയിപ്പിക്കുന്നതിനും സാധുവായ മാര്‍ഗങ്ങള്‍ മാത്രമാണ് പ്രയോഗിക്കേണ്ടത്. ചോദ്യം ചെയ്യാന്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പൊലീസ് ആവശ്യപ്പെടുമ്പോള്‍ മൂന്നാം മുറയുടെ സാധ്യത കോടതി കാണണം. കുമ്പസാരക്കൂട്ടിലെ വിശ്വാസിയെപ്പോലെയാണ് അഭിഭാഷകന്‍റെ മുന്നിലെത്തുന്നയാള്‍, വാദിയായാലും പ്രതിയായാലും കാര്യങ്ങള്‍ വിശദീകരിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നത് സ്വന്തം താത്പര്യത്തെ മുന്‍നിര്‍ത്തിയാണ്. വാര്‍ത്തയുടെ കാര്യത്തില്‍ സി പി സ്കോട്ട് പറഞ്ഞതുപോലെ അഭിഭാഷകനോടുള്ള വെളിപ്പെടുത്തലും പാവനമായി കരുതണം. 
നിയമവാഴ്ചയുടെയും പൗരാവകാശങ്ങളുടെയും സംരക്ഷകരാണ് അഭിഭാഷകര്‍. അവരെ ഭയപ്പെടുത്തിയാല്‍ ജനാധിപത്യം തകരും. അടിയന്തരാവസ്ഥയിലെ പൊലീസ് അത്യാചാരങ്ങളെ അനുസ്മരിപ്പിക്കുന്ന നടപടിയാണ് പ്രാചയുടെ ഓഫീസിലുണ്ടായത്. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാചയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തതായി വാര്‍ത്തയുണ്ട്. വക്കാലത്തിടുന്ന അഭിഭാഷകന്‍ ചോദ്യം ചെയ്യലിനു വിധേയനാകേണ്ടിവരുന്നത് വിചിത്രമായ അവസ്ഥയാണ്. പട്യാല ഹൗസ് കോടതിയില്‍ പരാതിയുണ്ട്. പ്രാച അഭിഭാഷകന്‍ മാത്രമല്ല, അംബേദ്കറൈറ്റ് കൂടിയാണ്. തങ്ങള്‍ അഭിഭാഷകര്‍ മാത്രമായതിനാല്‍ അപകടമുണ്ടാവില്ലെന്ന് മറ്റ് അഭിഭാഷകര്‍ കരുതരുത്. അപകടം എല്ലാ വാതിലുകളിലും മുട്ടുന്നുണ്ട്. അത് കാറ്റിലടഞ്ഞ കതകിന്‍റെ ശബ്ദമാണെന്നു കരുതി സമാശ്വസിക്കരുത്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രകടിപ്പിച്ച അഭിപ്രായം ക്രിയാത്മകമായ പ്രതിഷേധമായി മാറണം. •