കടന്നു പോയത് കാലാവസ്ഥാ ദുരിതങ്ങളുടെ വര്‍ഷം

ജോജി കൂട്ടുമ്മേല്‍

പോയ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമേതാണ്? ഒരു സംശയവും വേണ്ട അത് കോവിഡ് തന്നെ. വാദ്യങ്ങളെല്ലാം ചെണ്ടയ്ക്കു താഴെ എന്നതുപോലെ കോവിഡിന് താഴെയാണ് എല്ലാ ദുരന്തങ്ങളും ഇന്ന്.പക്ഷേ കഴിഞ്ഞ വര്‍ഷം മനുഷ്യകുലം നേരിട്ട ഒരേയൊരു ദുരന്തമല്ല കോവിഡ്. ലോകം കോവിഡിന്‍റെ പിടിയിലായിരുന്നതിനാല്‍ 2020ല്‍ ലോകം നേരിട്ട പ്രകൃതിദുരന്തങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ വന്നില്ല എന്നതാണ് സത്യം. അംഫന്‍, നിസര്‍ഗ, നിവര്‍, ഗതി, ബുറേവി തുടങ്ങിയ പേരുകള്‍ വാര്‍ത്താമാധ്യമങ്ങളില്‍ വന്നു പോയത് നമ്മള്‍ മറന്നിട്ടില്ലല്ലോ? ഇവയൊക്കെ കഴിഞ്ഞ വര്‍ഷം വീശിയടിച്ച കൊടുങ്കാറ്റുകളാണ്. ഇന്ത്യയിലെ കാര്യം മാത്രമെടുക്കുക.കഴിഞ്ഞ മെയ് മാസത്തിലാണ് ഉത്തരാഖണ്ഡില്‍ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്.71 ഹെക്ടര്‍ കാട് അന്ന് കത്തി.രണ്ടു പേര്‍ മരിച്ചു. മെയ് മാസത്തില്‍ തന്നെ അംഫന്‍ കൊടുങ്കാറ്റ് എത്തി.ഇന്ത്യയില്‍ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി 13,000 കോടി യൂഎസ് ഡോളറിന്‍റെ നഷ്ടമാണ് ഈ കാറ്റ് വരുത്തിവച്ചത്. അംഫന്‍ ഏറ്റവും തീവ്രമായ മൂന്ന് മിനുട്ടുകള്‍ മണിക്കൂറില്‍ 240 കി.മീ. വേഗതയിലാണ് സഞ്ചരിച്ചത്. പിന്നെ ബുറേവി വന്നു. നവംബര്‍ ഒടുവിലും ഡിസംബര്‍ തുടക്കത്തിലുമുള്ള രാപ്പകലുകള്‍ ബുറേവിക്ക് സാക്ഷ്യം വഹിച്ചു.തമിഴ് നാട്ടില്‍ പതിനൊന്ന് മരണത്തിന് അത് കാരണമായി. ഒക്ടോബര്‍ പതിനൊന്നിന് ആന്ധ്രയില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ആന്ധ്രപ്രദേശ്,തെലുങ്കാന,പുതുശ്ശേരി,കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങ ളിലായി 68.1 കോടി ഡോളറിന്‍റെ നഷ്ടം വരുത്തിവച്ചു.
ഇന്ത്യയില്‍ ഇങ്ങനെ. മറ്റ് രാജ്യങ്ങളിലോ? 2020 ആഗസ്റ്റ് അമേരിക്കന്‍ ഐക്യനാടുകളിലെ വിനാശകരമായ മാസമായിരുന്നു എന്ന് ശാസ്ത്രജ്ഞരും വാര്‍ത്താ മാധ്യമങ്ങളും പറയുന്നു. ലോറ ചുഴലിക്കാറ്റ് ആഗസ്റ്റ് 27 ന് യുഎസ് ഗള്‍ഫ് തീരത്ത് വീശിയടിച്ചു. അതിന് മുമ്പേ ആഗസ്റ്റ് 10ന്  തന്നെ ഡെറെക്കോ ചുഴലിക്കാറ്റ് തുടങ്ങിയിരുന്നു. കാലിഫോര്‍ണിയായില്‍ തീയാളിയതും വിവിധ പ്രദേശങ്ങളിലെ വിളനാശവും ഇവയുടെ ഫലമായിരുന്നു.നവംബര്‍ പകുതിയോടെ, കാലിഫോര്‍ണിയയില്‍ 9,200 ലധികം തീപിടുത്തങ്ങള്‍ ഉണ്ടായതായും അവ മൂലം ഏകദേശം 17 ലക്ഷം ഹെക്ടര്‍ കത്തി നശിച്ചതായും വാര്‍ത്തകള്‍ പറയുന്നു, ഈ സംസ്ഥാനത്തെ കാട്ടുതീ സംബന്ധിച്ച് ഇതിനു മുമ്പുള്ള റെക്കോഡ് 2018 ല്‍ ആയിരുന്നു. അന്നത്തേതിന്‍റെ ഇരട്ടിയിലധികം കാട് ഇത്തവണ നഷ്ടമായി.
അതിരൂക്ഷമായ ഈ കാലാവസ്ഥാവ്യതിയാനങ്ങളുടെ കാരണമെന്താണ്? തീവ്രമായ ചുഴലിക്കാറ്റുകള്‍, പതിവാകുന്ന കാട്ടുതീ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് കാരണം കാലാവസ്ഥാമാറ്റം തന്നെ എന്ന കാര്യത്തില്‍ ഇന്ന് ലോകത്തിന് സംശയമൊന്നുമില്ല. ഈ ഓരോ ദുരന്തവും ഭീമമായ ജീവനഷ്ടവും വിഭവ നാശവും വരുത്തി. ഒക്ടോബര്‍ ആദ്യംവരെ അമേരിക്കയില്‍ മാത്രം കുറഞ്ഞത് 16 തവണ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോന്നും ഒരു 100 കോടി ഡോളറിലധികം നശം വരുത്തിയതായി കണക്കാക്കപ്പെടുന്നു. ഈ വേളയിലെ  അവസാനത്തെ ചുഴലിക്കാറ്റുകളായ ഡെല്‍റ്റ, സീറ്റ, ഈറ്റ എന്നിവയ്ക്ക് അമേരിക്കന്‍ സമൂഹം വലിയ വിലതന്നെ കൊടുക്കേണ്ടിവന്നു. മറ്റൊരുദാഹരണം തെക്കുകിഴക്കന്‍ ഓസ്ട്രേലിയയാണ്. 2019 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെ കാട്ടു തീ പടര്‍ന്നത് മൂലം ഏകദേശം 110 ക്ഷം ഹെക്ടര്‍ മുള്‍ക്കാടുകള്‍ കത്തി നശിക്കുകയും ഒരു ഡസന്‍ പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. ഈ തീപിടുത്തത്തിന് കാരണമെന്ത് എന്നത് പല കോണുകളില്‍ നിന്ന് വിശകലനം ചെയ്യപ്പെട്ടു. കാലാവസ്ഥാമാറ്റം മാത്രമല്ല ഇതിന്‍റെ പിന്നില്‍ എന്നതും ശരി തന്നെ. പക്ഷേ അത് കാലാവസ്ഥാ മാറ്റമായിരിക്കാന്‍ മൂലം 30 ശതമാനമെങ്കിലും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക കാരണം തീര്‍ച്ചയായും കാലാവസ്ഥാ വ്യതിയാനം തന്നെയാണ് എന്നവര്‍ ഉറപ്പിച്ചും പറയുന്നു.കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ രൂക്ഷവും ദീര്‍ഘവുമായ ചൂടില്‍ ചുട്ടുപഴുപ്പിച്ചു. ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ വാര്‍ത്ത കൗതുകകരവും ഭീഷണവുമാണ്.തുടര്‍ച്ചയായി ഉണ്ടായ തീ പിടുത്തങ്ങള്‍ പൈറോകുമു ലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുന്നതിലേക്ക് നയിച്ചു എന്ന് കാലവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മേഘങ്ങള്‍ ശക്തമായ ഇടിമിന്നലിന് കാരണമാകും എന്നത് ഒന്നാമത്തെ ഭീഷണി.ഒപ്പം ഇവ ലക്ഷക്കണക്കിന് ടണ്‍ പുക സ്ട്രാറ്റോസ്ഫിയറിലേക്ക് എത്തുന്നതിനും കാരണമാകും.കാറ്റില്‍ പൊതിഞ്ഞ ഒരു വലിയ പുക എന്ന് സങ്കല്‍പ്പിക്കാം. അത് അന്തരീക്ഷത്തില്‍, ഭൂമിയുടെ സുരക്ഷയ്ക്ക് അനിവാര്യമായ ഓസോണ്‍ പാളി വരെ ഉയര്‍ന്നതായി കണക്കാക്കുന്നു.അവിടെ എന്തൊക്കെ അവശേഷിക്കും എന്ന് വ്യക്തമല്ല. ഓസോണിനെ നശിപ്പിക്കാന്‍ പര്യാപ്തമായ രാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കാരണമാകുമോ എന്ന ആശങ്ക ബാക്കി നില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഓസോണ്‍ നാശം സംബന്ധിച്ച പുതിയ ഉത്ക്കണ്ഠകളിലേയ്ക്ക് ലോകം വീഴുമെന്നുറപ്പാണ്.         
അടുത്ത ഉദാഹരണം സൈബീരിയയായില്‍ നിന്നാണ്. പോയ വര്‍ഷം ജൂലൈ വരെയുള്ള ആറ് മാസം സൈബീരിയ ശക്തമായ ഹീറ്റ് വേവി (വലമേ ംമ്ല)ന്‍റെ പിടിയിലായിരുന്നു.സൈബീരിയയിലെ അന്തരീക്ഷ ഊഷ്മാവ്  38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.കാലാവസ്ഥാമാറ്റമില്ലെങ്കില്‍ ഇതൊരിക്കലും സംഭവി ക്കുമായിരുന്നില്ല. ആര്‍ട്ടിക് സമുദ്രത്തിലെ ഹിമശേഖരത്തിന്‍റെ അളവ്  താഴുന്ന പ്രവണത ഇക്കുറിയും തുടര്‍ന്നു.മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് ഇവിടെ മഞ്ഞുരുകുന്നത്. പിന്നീട് അത് പുനഃസ്ഥാപിക്കപ്പെടും. എന്നാലിപ്പോള്‍ ഉരുകല്‍ നിരക്ക് കൂടുകയും പുനഃസ്ഥാപന നിരക്ക് അതിനേക്കാള്‍ കുറവായിരിക്കുകയും ചെയ്യുന്നു. ഇവിടെയുള്ള ആകെ ഹിമശേഖരത്തിന്‍റെ അളവ് 2020 ലേതിനേക്കാള്‍ താഴ്ന്നത് ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ്.ആര്‍ട്ടിക്ക് മേഖലയിലെ മഞ്ഞ് തൊപ്പിക്ക് ആഗോള കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്.മഞ്ഞ് അവിടെ പതിക്കുന്ന സൂര്യരശ്മികളില്‍ എണ്‍പത് ശതമാനത്തെയും തിരികെ ബഹിരാകാശത്തേയ്ക്ക് പ്രതിഫലിപ്പിക്കുന്നു.മഞ്ഞ് ഉരുകുന്നത് മൂലം പ്രതിഫലനം കുറയുകയും അത് സൂര്യരശ്മികളെ സമുദ്രം ആഗിരണം ചെയ്യാന്‍ കാരണമാവുകയും ചെയ്യുന്നു.ഇത് സമുദ്രത്തിന്‍റെ താപനില വര്‍ദ്ധിക്കാന്‍ കാരണമാവും. അത് ലോകത്തെ ആഗോള താപനത്തിലേയ്ക്കു നയിക്കുന്നു. അതുവഴി കാലാവസ്ഥാ മാറ്റത്തിലേയ്ക്കും.                വിവിധ പേരുകളില്‍ അറിയപ്പെടുന്ന എല്ലാത്തരം കാറ്റുകളുടെ എണ്ണവും ഇക്കുറി വര്‍ദ്ധിച്ചു. മലയാളത്തില്‍ എല്ലാം കൊടുങ്കാറ്റുകളോ ചുഴലിക്കാറ്റുകളോ ഒക്കെയാണ്. ഇംഗ്ലീഷില്‍ ഇവയെ വ്യത്യസ്ത വാക്കുകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത്. അവയെല്ലാം അടിസ്ഥാനപരമായി ഒരേ കാര്യമാണ്, പക്ഷേ അവ കാണപ്പെടുന്ന സ്ഥലത്തെ ആശ്രയിച്ച് വ്യത്യസ്ത പേരുകള്‍ നല്‍കുന്നു.വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രത്തിലും വടക്കു കിഴക്കന്‍ പസഫിക്കിലും രൂപം കൊള്ളുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റുകളാണ് ഹരിക്കയിനുകള്‍. ദക്ഷിണ പസഫിക്, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ ഉണ്ടാകുന്നവയെ സൈക്ലോണുകള്‍ എന്ന് വിളിക്കുമ്പോള്‍ വടക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ ഉണ്ടാകുന്ന കാറ്റുകള്‍ ടൈഫൂണുകള്‍ ആണ്.
ഇത്തരം കാലാവസ്ഥാ അസ്വസ്ഥതകളുടെ കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത് ആഗോളതാപനത്തിലേയ്ക്കും അതുവഴിയുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിലുമാണ്. ഒരു നിശ്ചിത വര്‍ഷത്തില്‍ ഉണ്ടാകുന്ന കൊടുങ്കാറ്റുകളുടെ എണ്ണവുമായി കാലാവസ്ഥാ വ്യതിയാനത്തെ തീരെ ലളിതമായി ബന്ധിപ്പിക്കാനാവില്ലെന്നത് ശരി തന്നെ.എന്നാല്‍ സമുദ്രങ്ങള്‍ ചൂടാകുന്നതും ചുഴലിക്കാറ്റിന്‍റെ തീവ്രത വര്‍ദ്ധിക്കുന്നതും മഴയും തമ്മില്‍ സ്ഥിരമായ ബന്ധമുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. 2020 ലെ ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ പലതും കാലാവസ്ഥാവ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ പറയു ന്നു.ഈ സാഹചര്യത്തിലാണ് കോവിഡ് അവസാനത്തെ മഹാമാരിയല്ലെന്ന ലോകാരോഗ്യസംഘടനാ ചെയര്‍മാന്‍ ടെഡ്രോസ് അഥോനം നടത്തിയ പ്രസ്താവനയെ കാണേണ്ടത്.അടുത്തൊന്നിനെ മുന്നില്‍ക്കണ്ട് തയാറെടുക്കാതെ അപകടകരമായ ഹ്രസ്വ കാഴ്ചപ്പാടോടെ മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ പണം എറിയുന്ന നിലപാടിനെ അദ്ദേഹം അപലപിച്ചു എന്നാണ് വാര്‍ത്ത.കോവിഡ് മഹാമാരിയില്‍നിന്നും പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അദ്ദേഹം പറഞ്ഞ പ്രധാന വാക്യം പക്ഷേ മറ്റൊന്നായിരുന്നു. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ഈ മഹാമാരി എടുത്തുകാണിക്കുന്നതായി അഥോനം അഭിപ്രായപ്പെടുന്നു.മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പാരസ്പര്യത്തേയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീഷണിയേയും അഭിസംബോധന ചെയ്യുന്നില്ലെങ്കില്‍ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏത് ശ്രമവും പരാജയപ്പെടുമെന്നുകൂടി അദ്ദേഹം പറഞ്ഞു.
ഇതിന്‍റെ അര്‍ത്ഥം കോവിഡ് മാത്രമല്ല ഇനി വരാനിരിക്കുന്ന ദുരന്തങ്ങളും കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തിന്‍റെ ഫലമായിരിക്കുമെന്നാണ്. കാലാവസ്ഥാമാറ്റം ഒരു അക്കാദമിക്ക് പ്രശ്നമല്ല. അത് ജീവന്‍റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.സര്‍വനാശത്തിന്‍റെ വക്കിലേയ്ക്ക് ലോകം എത്തുന്നു എന്ന ആശങ്കയും വളരുന്നു.അതുകൊണ്ട് ആഗോള താപനത്തിനു കാരണമാകുന്ന വികസനജീവിത ശൈലികളില്‍ നിന്ന് മാറാന്‍ മുതലാളിത്ത ഉത്പ്പാദന വ്യവസ്ഥിതിയെ നിര്‍ബന്ധിക്കുകയല്ലാതെ മറ്റു വഴികളില്ല.മുതലാളിത്ത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലും ദരിദ്ര രാജ്യങ്ങള്‍ക്കുള്ളിലെ ധനികരും ദരിദ്രരും തമ്മിലുമുള്ള അന്തരം വര്‍ദ്ധിക്കുകയാണ്. ഇതിനു കാരണമാകുന്ന അതേ സമ്പദ് വ്യവസ്ഥയാണ് കാര്‍ബണ്‍ ഉത്സര്‍ജ്ജനം വര്‍ദ്ധിപ്പിക്കുന്ന ഉത്പ്പാദനഉപഭോഗ രീതികളിലേയ്ക്കും നയിക്കുന്നത്.രാജ്യത്തേയും സമ്പദ്ഘടനയേയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നയങ്ങളും ഇതേ അപകടകരമായ ദിശയില്‍ ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നു. ഇവയ്ക്കെല്ലാമെതിരായ രാഷ്ട്രീയ മുന്നേറ്റങ്ങളാണ് ആത്യന്തിക പരിഹാരം. •