മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന് എംഗല്‍സിന്‍റെ മൗലികസംഭാവന

ഹര്‍കിഷന്‍സിങ് സുര്‍ജിത്

സോവിയറ്റ് യൂണിയന്‍ ശിഥിലമായിത്തീരുകയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മുതലാളിത്തം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് സാമ്രാജ്യത്വ മാധ്യമങ്ങളുടെ പിന്‍ബലത്തോടെ സോഷ്യലിസം എന്ന സങ്കല്‍പ്പനത്തിനുനേരെ തന്നെ കടന്നാക്രമണം മൂര്‍ച്ഛിച്ചുവരികയാണല്ലോ. അത്തരമൊരു പരിതഃസ്ഥിതിയില്‍ ഫ്രെഡറിക് എംഗല്‍സിന്‍റെ നൂറാം ചരമവാര്‍ഷികം ആചരിക്കുന്നതിന് പ്രത്യേക പ്രാധാന്യം കൈ വന്നിരിക്കുന്നു. സോഷ്യലിസം മരിച്ചു,
കമ്യൂണിസത്തിന് ഭാവിയില്ല എന്നും മനുഷ്യസമൂഹത്തിന്‍റെ പരിണാമത്തിലെ അവസാനത്തെ ഘട്ടമാണ് മുതലാളിത്തം എന്നും വരുത്താനാണ് വ്യാപകമായ ഈ ചടുല പ്രചാരണ കോലാഹലംകൊണ്ട് മുതലാളിത്ത മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദര്‍ശനം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലും സാമൂഹ്യശാസ്ത്രങ്ങളില്‍ പൊതുവെയും വിജ്ഞാനത്തിന്‍റെ പുതിയ വെളിച്ചം ചൊരിഞ്ഞുകൊണ്ട് മാര്‍ക്സും എംഗല്‍സും നടത്തിയ കണ്ടുപിടിത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്തെ ചരിത്രത്തെ മുഴുവന്‍ നിഷേധിക്കാനാണ് സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കുന്നത്. സമകാലീന സംഭവവികാസങ്ങളെ മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു പുതിയ മാര്‍ഗം കണ്ടെത്തിയ മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കാനാണ് ബൂര്‍ഷ്വാസിയുടെ "പേനയുന്തികള്‍" പാടുപെടുന്നത്. ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തെപ്പോലും ചോദ്യം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലരാകട്ടെ, വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്‍റെയും മിച്ചമൂല്യ സിദ്ധാന്തത്തിന്‍റെയും മൗലികതത്ത്വങ്ങളുടെ ശരിമയെത്തന്നെ ചോദ്യം ചെയ്യുന്നത് സമയോചിതമായ "ബുദ്ധി"യാണെന്നും കരുതുന്നു. 
മുതലാളിത്തത്തില്‍ അന്തര്‍ലീനമായിട്ടുള്ള വൈരുധ്യങ്ങളെ തരണം ചെയ്യാന്‍ അതിനു കഴിവില്ലാത്ത ഒരവസ്ഥയില്‍, 1991ലെ മഹാവിപത്തിനെത്തുടര്‍ന്ന് കെട്ടഴിച്ചുവിട്ട സര്‍വതോമുഖമായ ഈ ആക്രമണത്തിന്‍റെ ശക്തി, ഓരോ ദിവസം കഴിയുംതോറും ക്ഷയിച്ചു ക്ഷയിച്ചുവരികയാണ്. മുതലാളിത്തത്തിന്‍റെ വൈതാളികര്‍ അതിനുണ്ടെന്ന് അവകാശപ്പെടുന്ന സനാതനത്വം പോയിട്ട്, അതിന്‍റെ ശ്രേഷ്ഠതയെങ്കിലും ("സോഷ്യലിസത്തിന്‍റെ ഈ ചരമവേള"യില്‍പ്പോലും) തെളിയിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നുകൊണ്ടേയിരിക്കുന്ന മാന്ദ്യവും തീക്ഷ്ണമായിക്കൊണ്ടിരിക്കുന്ന ചൂഷണവും മേല്‍കൊടുത്ത പ്രസ്താവം വാസ്തവമാണെന്ന് തെളിയിക്കുന്നു.
ഇത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനുനേരെ ഉയര്‍ന്നു വന്നിട്ടുള്ള ആദ്യത്തെ ആക്രമണമല്ലതാനും. ആ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലൊട്ടാകെ, മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും കാലംതൊട്ടുതന്നെ, അതിന് ഒന്നൊന്നായി ആക്രമണത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. അവര്‍ ആവിഷ്കരിച്ച സിദ്ധാന്തം, മുതലാളിത്ത സമൂഹത്തിന്‍റെ അടിത്തറയെയും ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയെത്തന്നെയും വെല്ലുവിളിച്ചതുകൊണ്ട് അതിനെ നേരിടാന്‍ ബൂര്‍ഷ്വാസി നിര്‍ബന്ധിതമായിത്തീര്‍ന്നു.
മാര്‍ക്സും എംഗല്‍സും വെറും സൈദ്ധാന്തികര്‍ മാത്രമായിരുന്നില്ല തങ്ങളുടെ ആശയങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തവരാണ്. അവരുടെ ഗവേഷണഫലങ്ങളെയും പ്രായോഗികാനുഭവങ്ങളെയും സമന്വയിപ്പിച്ച്, ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ അവരെ സഹായിച്ച തൊഴിലാളിവര്‍ഗത്തിന്‍റെ സമരങ്ങളില്‍ അവര്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. അവര്‍ കമ്യൂണിസ്റ്റ് ലീഗില്‍ അംഗങ്ങളായിച്ചേര്‍ന്നു. "ലീഗ് ഓഫ് ജസ്റ്റ്" എന്ന സംഘടനയ്ക്ക് വിപ്ലവസ്വഭാവം ഉണ്ടാക്കിയെടുത്ത അതിന്‍റെ രണ്ടാം സമ്മേളനത്തില്‍ നിന്നാണ് കമ്യൂണിസ്റ്റ് ലീഗ് എന്ന പേര്‍ അതിനു കൈവന്നത്. കടുത്ത മര്‍ദനത്തെ അഭിമുഖീകരിച്ചുകൊണ്ടാണ്, ലീഗിലെ അംഗങ്ങള്‍ വീണ്ടും ഒരു ഗ്രൂപ്പായി ഒന്നിച്ചുചേര്‍ന്നതും "ഇന്‍റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്‍" രൂപീകരിച്ചതും. തുടക്കത്തില്‍ തങ്ങളുടെ ആശയങ്ങള്‍ എല്ലാവരെക്കൊണ്ടും പൂര്‍ണമായി അംഗീകരിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കിലും, ആ പ്രസ്ഥാനത്തിന്‍റെ ചലനദിശ ഏതെന്ന് വളരെ വ്യക്തമായിരുന്നു. ഇന്‍റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയ്ക്കകത്ത്, ബൂര്‍ഷ്വാസിയുടെ സൈദ്ധാന്തികര്‍ക്കും വക്താക്കള്‍ക്കും എതിരായും പരിഷ്കരണവാദത്തിനും സെക്ടേറിയന്‍ ചിന്താഗതിക്കും എതിരായും അവര്‍ നടത്തിയ സമരങ്ങളെക്കുറിച്ച് എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ. അക്കാലത്ത് ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ചുള്ള ഈ ആശയങ്ങള്‍, യൂറോപ്യന്‍ വന്‍കരയില്‍ മാത്രമായി ഒതുങ്ങിനിന്നു. ആ സിദ്ധാന്തത്തിന്‍റെ ശരിമ, 1871ലെ പാരീസ് കമ്മ്യൂണ്‍ സമരത്തില്‍ തെളിയിക്കപ്പെട്ടു. കമ്യൂണ്‍ പരാജയപ്പെട്ടുവെങ്കിലും അതൊരു വമ്പിച്ച സ്വാധീനം സൃഷ്ടിക്കുകയുണ്ടായി. തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന് അതിന്‍റെ മുന്നില്‍ ഒരു ലക്ഷ്യവും ഒരനുഭവവും ഉണ്ടായിത്തീര്‍ന്നു.
തുടര്‍ന്നുള്ള കാലഘട്ടത്തില്‍ വിവിധ രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്കു നേരെ കടുത്ത മര്‍ദനം നടക്കുകയുണ്ടായി. എന്നാല്‍ മാര്‍ക്സും എംഗല്‍സും തങ്ങളുടെ ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളുമായി അചഞ്ചലമായി മുന്നോട്ടുപോയി.
കാറല്‍ മാര്‍ക്സിന്‍റെ മരണത്തിനും ഒന്നാം ഇന്‍റര്‍നാഷണലിന്‍റെ പതനത്തിനും ശേഷം, എംഗല്‍സ് ദൃഢചിത്തതയോടെ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു, രണ്ടാം ഇന്‍റര്‍നാഷണല്‍ സംഘടിപ്പിക്കുന്നതില്‍ ഒരു സുപ്രധാന പങ്കുവഹിച്ചു. പ്രസ്ഥാനത്തിന് ശാസ്ത്രീയമായ അടിത്തറയിടുന്ന അവസരത്തില്‍ത്തന്നെ, ഈ സംഘടനയ്ക്കകത്തും അദ്ദേഹത്തിന് റിവിഷനിസ്റ്റ്-സെക്ടേറിയന്‍ പ്രവണതകളെ നേരിടേണ്ടിവന്നു. 20 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളിവര്‍ഗ സംഘടനകളുടെ ഒരു സമ്മേളനം 1889ല്‍ അദ്ദേഹം പാരീസില്‍ സംഘടിപ്പിച്ചു.
1895 ആഗസ്തില്‍ എംഗല്‍സ് അന്തരിച്ചതിനെ തുടര്‍ന്ന്, അദ്ദേഹം എവിടെവച്ചാണോ നിര്‍ത്തിയത് അവിടംതൊട്ട് ലെനിന്‍ ആ പ്രവര്‍ത്തനം ഏറ്റെടുത്തു. റഷ്യയിലെ സംഭവവികാസങ്ങളെ സമാന്തരമായി നയിക്കുന്ന അവസരത്തില്‍ത്തന്നെ യൂറോപ്പിലെ തൊഴിലാളിവര്‍ഗത്തിനിടയില്‍ ആത്മവിശ്വാസവും ആവേശവും ജനിപ്പിക്കാനും ലെനിനു കഴിഞ്ഞു. സാമ്രാജ്യത്വത്തെ വിശകലനം ചെയ്തതും മുതലാളിത്തത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ഘട്ടമായി അതിനെ നിര്‍വചിച്ചതുമാണ് മാര്‍ക്സിസം എന്ന ശാസ്ത്രത്തെ കൂടുതല്‍ സമ്പന്നമാക്കുന്നതിന് ലെനിന്‍ നല്‍കിയ സംഭാവന.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തൊഴിലാളിപ്രസ്ഥാനത്തിന് നിരവധി ഏറ്റിറക്കങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. വിവിധ രാജ്യങ്ങളില്‍ വിപ്ലവപരമായ പരിതഃസ്ഥിതി പക്വമായി വന്നപ്പോള്‍, അടിച്ചമര്‍ത്തിക്കൊണ്ടാണ് ബൂര്‍ഷ്വാസി അവയെ നേരിട്ടത്. തിരിച്ചടികള്‍ ഒക്കെയുണ്ടായെങ്കിലും, പ്രസ്ഥാനം മുന്നോട്ടുപോവുകതന്നെ ചെയ്തു. ആര്‍എസ്ഡിഎല്‍പിക്കും രണ്ടാം ഇന്‍റര്‍നാഷണലിനും ഉള്ളില്‍ ലെനിന്‍ നടത്തിയ സമരത്തെതുടര്‍ന്ന് വ്യക്തമായ ഒരു വേര്‍തിരിവ് ദൃശ്യമായി. ബഹുഭൂരിപക്ഷം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികളും താന്താങ്ങളുടെ രാജ്യങ്ങളിലെ യുദ്ധയത്നങ്ങള്‍ക്ക് 1914ല്‍ പിന്തുണ നല്‍കി. ഒടുവില്‍ രണ്ടാം ഇന്‍റര്‍നാഷണലും തകര്‍ന്നു. എന്നാല്‍ ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ ആശയങ്ങള്‍ക്ക് പ്രചാരം കിട്ടുക തന്നെ ചെയ്തു.  അതേ അവസരത്തില്‍ത്തന്നെ, ഇടത്-വലത് വ്യതിയാനങ്ങളില്‍ നിന്നു വിമുക്തമായ ഒരു തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെ മുന്നോടിയായി അത് പ്രവര്‍ത്തിക്കുകയും ചെയ്തു.
ഒരു വികസിത മുതലാളിത്ത രാജ്യമല്ലാതിരുന്ന, പിന്നോക്ക സമ്പദ്വ്യവസ്ഥയോടു കൂടിയ ഒരു രാജ്യമായ റഷ്യയില്‍ വിപ്ലവം വിജയിപ്പിക്കുന്നതിനു നേതൃത്വം നല്‍കുകയായിരുന്നു ആ പ്രസ്ഥാനം. പുതിയ പാതതേടുന്ന ഒരു സംഭവം എന്ന നിലയില്‍ അത് മുതലാളിത്തത്തെ, അതിന്‍റെ അടിത്തറവരെ പിടിച്ചുകുലുക്കി. അതില്‍ നിന്ന് തിരിച്ചുകൊണ്ടുപോകാനുള്ള എല്ലാ വിധ തന്ത്രങ്ങളും എടുത്തുപയോഗിക്കപ്പെട്ടു. പക്ഷേ, ആഭ്യന്തരയുദ്ധം കൊണ്ടോ വളഞ്ഞുവെയ്ക്കല്‍കൊണ്ടോ അതിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. അതിന് ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല മുന്‍ സാറിസ്റ്റ് രാഷ്ട്രങ്ങളിലെ ജനങ്ങളുടെ മുഴുവന്‍ വിശ്വാസമാര്‍ജിക്കാനും അതിനു കഴിഞ്ഞു. ആ സാറിസ്റ്റ് രാഷ്ട്രങ്ങള്‍ അതിനോട് കൂടിച്ചേര്‍ന്ന് സോവിയറ്റ് യൂണിയന്‍ സ്ഥാപിക്കുകയും ചെയ്തു.
അതുവരെ അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്ന ഈ ദേശീയതകള്‍ക്ക് മാര്‍ക്സിസത്തിന്‍റെ ശാസ്ത്രീയ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയിട്ടുള്ള മാര്‍ഗം അവലംബിച്ച ഈ പുതിയ രാഷ്ട്രത്തില്‍ ഒരു പുതിയ അഭിമാനബോധവും സമത്വബോധവും അനുഭവപ്പെട്ടു. സോവിയറ്റ് യൂണിയനില്‍ രൂപം കൊണ്ടുവരുന്ന പുതിയ സമൂഹത്തെ തിരിച്ചറിയാന്‍, സിഡ്നി വെബ്, ബിയാട്രീസ് വെബ് തുടങ്ങിയ ബൂര്‍ഷ്വാ പത്രപ്രവര്‍ത്തകര്‍ക്കും ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ക്കും കഴിഞ്ഞു. ആ പ്രസ്ഥാനത്തിന് അതുവഴി ഒരു പുതിയ ആവേശം കൈവന്നു. കോളനി ഭരണത്തിനെതിരെയും ദേശീയ വിമോചനത്തിനു വേണ്ടിയും ലോകത്തെങ്ങും നടക്കുന്ന ജനകീയസമരങ്ങള്‍, സോവിയറ്റ് യൂണിയനില്‍ ദൃഢമായ ഒരു സഖ്യശക്തിയെ കണ്ടെത്തി.
നിരവധി കോളനി രാജ്യങ്ങളിലെയും അര്‍ധകോളനി രാജ്യങ്ങളിലെയും സ്വതന്ത്ര്യസമരങ്ങള്‍ക്ക്, ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്നു ലഭിച്ച ആദര്‍ശം ശക്തിപകര്‍ന്നു. ലോക തൊഴിലാളിവര്‍ഗത്തെയും കോളനി രാജ്യങ്ങളിലെ ജനങ്ങളെയും വിപ്ലവത്തിനു പിന്നില്‍ അണിനിരത്തുന്നതിനു വേണ്ടിയും വിപ്ലവത്തിന്‍റെ സ്വാധീനം വ്യാപകമാക്കുന്നതിനുവേണ്ടിയും ഒരു സാര്‍വദേശീയ സംഘടന സ്ഥാപിക്കുന്നതിന് ലെനിന്‍ മുന്‍കൈയെടുത്തു. അതിന്‍റെ ഒന്നാമത്തെ സമ്മേളനം 1919ല്‍ ആണ് നടത്തപ്പെട്ടത്. നിരവധി വിപ്ലവപാര്‍ടികളും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികളും അതില്‍ പങ്കെടുക്കുകയുണ്ടായി. അതിന്‍റെ രണ്ടാമത്തെ സമ്മേളനം 1920ലാണ് നടന്നത്.
സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്‍റെ ആവിര്‍ഭാവവും സോവിയറ്റ് യൂണിയന്‍റെ രൂപീകരണവുമാണ്, സാറിസ്റ്റ് സാമ്രാജ്യത്തിന്‍റെ തടവറയില്‍ കഴിഞ്ഞിരുന്ന, അടിച്ചമര്‍ത്തപ്പെട്ട വിവിധ ദേശീയ ജനവിഭാഗങ്ങള്‍ക്ക് മോചനം നേടിക്കൊടുത്തത് എന്ന കാര്യം അവിതര്‍ക്കിതമാണ്. സാര്‍വദേശീയ തൊഴിലാളിവര്‍ഗ പ്രസ്ഥാനവുമായും ദേശീയ വിമോചനത്തിനായി പൊരുതുന്ന ജനങ്ങളുമായും സോഷ്യലിസ്റ്റ് രാഷ്ട്രം ഐക്യമുണ്ടാക്കുക എന്ന മുദ്രാവാക്യത്തിന് സാര്‍വദേശീയ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുള്ളിലും ദേശീയ വിമോചനത്തിനായുള്ള പ്രസ്ഥാനത്തിനുള്ളിലും പുതിയ ആവേശവും സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞു.
അതുപോലെതന്നെ പുതിയ പാത വെട്ടിത്തുറക്കുന്ന സോവിയറ്റ് യൂണിയനിലെ സംഭവ വികാസങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥ മനുഷ്യനു നല്‍കിയ പുതിയ നിര്‍വചനവും അവര്‍ക്ക് നല്‍കിയ പുതിയ അന്തസ്സും ലോക വ്യാപകമായ ജനശ്രദ്ധതന്നെ പിടിച്ചുപറ്റി.
പിന്നീട് പല മുതലാളിത്ത രാജ്യങ്ങളും ഹിറ്റ്ലറുടെ പട്ടാളബൂട്ടിനടിയില്‍ കിടന്ന് ഞരിഞ്ഞമര്‍ന്നപ്പോള്‍, അതിനെ ചെറുത്തുനിന്നത് സോവിയറ്റ് യൂണിയന്‍ മാത്രമാണ്. ഫാസിസ്റ്റ് കൊള്ളക്കാരെ പരാജയപ്പെടുത്തിയതും അങ്ങനെ ആഗോള ശക്തിസന്തുലനത്തില്‍ മൗലികമായ ഒരു മാറ്റം വരുത്തിയതും സോവിയറ്റ് യൂണിയനാണ്.
സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ സാമ്രാജ്യത്വം നിരവധി ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും അതെല്ലാം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. സോവിയറ്റ് യൂണിയനുള്ളില്‍ത്തന്നെയുണ്ടായ വ്യതിയാനങ്ങളും വളച്ചൊടിക്കലുകളുമാണ് ആത്യന്തികമായി ആ രാജ്യത്തിന്‍റെ ശിഥിലീകരണത്തിനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ തിരിച്ചടികള്‍ക്കും വഴിവച്ചത്.
ലോകത്തെങ്ങുമുള്ള സാമ്രാജ്യത്വ-മുതലാളിത്ത ശക്തികള്‍ കെട്ടഴിച്ചുവിട്ട എത്രയോ കടന്നാക്രമണങ്ങളെ പ്രസ്ഥാനം എങ്ങനെയാണ് അഭിമുഖീകരിച്ചത്, എങ്ങനെയാണ് തിരിച്ചടിച്ചത് എന്നു വിവരിക്കുന്ന കഥകള്‍ കൊണ്ട് നിറഞ്ഞതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. തങ്ങള്‍ തിരഞ്ഞെടുത്ത മാര്‍ഗത്തിന്‍റെ ശരിമയിലുള്ള വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ദൃഢനിശ്ചയത്തെ കൂടുതല്‍ ഉറപ്പിക്കുന്നതിനുമാത്രമേ ഇത്തരം ഓരോ കടന്നാക്രമണവും ഉതകിയുള്ളൂ. സോഷ്യലിസത്തിന്‍റെ പതനത്തെയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ അപര്യാപ്തതയെയും കുറിച്ച് പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും അതിന് കടകവിരുദ്ധമായി, തുടക്കത്തിലെ ആഘാതത്തില്‍ നിന്നു വിമുക്തരായ ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്‍, സംഭവങ്ങള്‍ക്ക് അത്തരമൊരു ഗതിക്രമം ഉണ്ടാവാനുള്ള കാരണമെന്തെന്ന് ഗാഢമായി ചിന്തിക്കാനും പഠിക്കാനും തുടങ്ങി. അവര്‍ നടത്തിയ വിശകലനവും അവരെത്തിച്ചേര്‍ന്ന നിഗമനങ്ങളും, തങ്ങള്‍ക്കു പറ്റിയ വീഴ്ചകളെയും തെറ്റുകുറ്റങ്ങളെയും കൃത്യമായി ചൂണ്ടിക്കാണിക്കുന്ന അവസരത്തില്‍ത്തന്നെ മാര്‍ക്സിസം-ലെനിനിസം എന്ന ശാസ്ത്രത്തില്‍ തങ്ങള്‍ക്കുള്ള അടിയുറച്ച വിശ്വാസത്തെയും ഇപ്പോഴും അതിനുള്ള സാധ്യതയെയും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനും കാരണമായിത്തീര്‍ന്നിട്ടുണ്ട്.
അതുവരെയുണ്ടായിട്ടുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളുടെ അത്യസാധാരണമായ ഒരു പഠനവും സമാഹാരവുമാണ് എംഗല്‍സിന്‍റെമൗലികകൃതിയായ 'ഡൂറിങ്ങിനെതിരെ'. മാര്‍ക്സിസത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങളെ ന്യായീകരിക്കുന്ന അവസരത്തില്‍ത്തന്നെ, ശാസ്ത്രത്തിന്‍റെ ഏറ്റവും നവീനമായ കണ്ടുപിടിത്തങ്ങളെപ്പോലും (പ്രത്യേകിച്ചും പ്രകൃതിശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങള്‍) സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം, ആ സിദ്ധാന്തത്തിന്‍റെ പുതിയതും മൗലികവുമായ എത്രയോ വശങ്ങളെ വിശദീകരിക്കുകയുണ്ടായി. ഡൂറിങ്ങിനെ വിമര്‍ശിക്കുന്ന ഈ കൃതിയില്‍ എംഗല്‍സ്, തന്‍െറ സമീപനങ്ങളും മാര്‍ക്സിന്‍റെ സമീപനങ്ങളും അവതരിപ്പിക്കുന്നുണ്ട്. "തത്ത്വശാസ്ത്രപരവും പ്രകൃതിശാസ്ത്രപരവും ചരിത്രപരവും ആയ പ്രശ്നങ്ങളെ സംബന്ധിച്ച സങ്കല്‍പ്പനങ്ങളെ സമസ്ത വിജ്ഞാനപരമായി സമഗ്രമായി വിലയിരുത്താനാണ്" താന്‍ ശ്രമിച്ചിരിക്കുന്നത് എന്നദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹം തന്‍െറ പഠനങ്ങളെ ദര്‍ശനം, അര്‍ഥശാസ്ത്രം, സോഷ്യലിസം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
ദര്‍ശനം
തികച്ചും ഭൗതികവാദപരമായ കാഴ്ചപ്പാടിലൂടെ ദര്‍ശനത്തിന്‍റെ പ്രശ്നത്തെ സമീപിച്ച എംഗല്‍സ്, മനുഷ്യന്‍റെ തലച്ചോറിന്‍റെ ഒരു ഉല്‍പ്പന്നമാണ് ബോധം എന്നും പ്രകൃതിയുടെ ഉല്‍പ്പന്നമാണ് മനുഷ്യന്‍ എന്നും സിദ്ധാന്തിച്ചു. അതുകൊണ്ട് (ഈ ഒരൊറ്റക്കാരണം കൊണ്ടാണെങ്കിലും) ചിന്തയെ സംബന്ധിച്ച നിയമങ്ങളും പ്രകൃതിയെ സംബന്ധിച്ച നിയമങ്ങളും പരസ്പരം ചേര്‍ച്ചയുള്ളവയാണ്. ഭൗതികലോകത്തിന്‍റെ പ്രതിഫലനമാണ്, അതിന്‍റെ സത്തയാണ് ചിന്ത എന്ന് എംഗല്‍സ് ചൂണ്ടിക്കാണിച്ചു. ഡൂറിങ്ങിന്‍റെ ധാരണകളെ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം ഖണ്ഡിച്ചു. ഭൗതികശാസ്ത്രങ്ങളുടെ വളര്‍ച്ചയോടും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍റെ ആവിര്‍ഭാവത്തോടുംകൂടി, ദര്‍ശനത്തെ മറ്റു ശാസ്ത്രങ്ങളുടെ മേലെ പ്രതിഷ്ഠിക്കുന്നത് അനാവശ്യമായിത്തീര്‍ന്നു.
വൈരുദ്ധ്യാത്മകവാദത്തെക്കുറിച്ച് അതിവിശദമായ വിശദീകരണം നല്‍കിയതിനുശേഷം, അതിന് ആത്മീയചിന്താപദ്ധതിയില്‍ നിന്നുള്ള മൗലികമായ വ്യത്യാസം എന്തെന്ന് എംഗല്‍സ് എടുത്തുകാണിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു. "ആത്മീയവാദികളെ സംബന്ധിച്ചിടത്തോളം വസ്തുക്കളും അവയുടെ മാനസികപ്രതിഫലനങ്ങളായ ആശയങ്ങളും ഒറ്റപ്പെട്ടവയാണ്. അവയെ ഒന്നിനുശേഷം മറ്റൊന്ന് എന്ന വിധത്തില്‍ പരസ്പരം വ്യത്യസ്തമായി പരിഗണിക്കേണ്ടതുണ്ട്. നിരീക്ഷണ വസ്തുക്കള്‍ എന്നെന്നേക്കുമായി 'സ്ഥിരവും ദൃഢവുമാണ്".
എന്നാല്‍ ഇതിനു കടകവിരുദ്ധമായി വൈരുദ്ധ്യാത്മകവാദം, വസ്തുക്കളെയും അവയുടെ പ്രാതിനിധ്യഭാവങ്ങളെയും അവ തമ്മിലുള്ള ഒഴിച്ചു കൂടാനാവാത്ത ബന്ധങ്ങളുടെയും ചലനങ്ങളുടെയും ഉത്ഭവത്തിന്‍റെയും അടിസ്ഥാനത്തില്‍ അവയുടെ സമഗ്രതയോടെതന്നെ വീക്ഷിക്കുന്നു. 'ഡൂറിങ്ങിനെതിരെ എന്ന തന്‍റെ ഗ്രന്ഥത്തില്‍ പ്രകൃതിയുടെ വികാസത്തിന്‍റെ വൈരുദ്ധ്യാത്മകസ്വഭാവത്തെ എംഗല്‍സ് രേഖീയമായി വിവരിക്കുന്നുണ്ട്- സചേതനമായ ജീവിതത്തില്‍നിന്നുള്ള എത്രയോ ഉദാഹരണങ്ങള്‍കൊണ്ട് അദ്ദേഹം അതിനെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു. "അതിനാല്‍ ജീവിതം തന്നെയും വൈരുദ്ധ്യാത്മകമാണ്. ആ വൈരുദ്ധ്യം വസ്തുക്കളിലും പ്രക്രിയകളിലും സ്വയം അടങ്ങിയിരിക്കുന്നു. അത് നിരന്തരം രൂപം കൊള്ളുകയും ചെയ്യുന്നു. വൈരുദ്ധ്യം ഇല്ലാതാകുന്നതോടെ ജീവിതത്തിന്‍റെയും അവസാനമായിത്തീരുന്നു. അപ്പോള്‍ മരണം കാലുകുത്തുകയായി, "ജീവന്‍റെ ഏറ്റവും താഴ്ന്ന ഘടകങ്ങളില്‍പ്പോലും സംവേദനത്തിന്‍റെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും, ജീവന്‍റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ മാത്രമേ, അതായത് ഏറ്റവും സംഘടിതമായ വസ്തുവില്‍നിന്നുള്ള ഉല്‍പ്പന്നമായ മനുഷ്യന്‍റെ തലച്ചോറില്‍ മാത്രമേ പ്രജ്ഞ, ചിന്ത തുടങ്ങിയവ വികസിച്ചുവരുന്നുള്ളൂവെന്ന് എംഗല്‍സ് ചൂണ്ടിക്കാണിച്ചു.
(തുടരും)

(1995 ആഗസ്തില്‍ എംഗത്സിന്‍റെ 100-ാം ചരമ വാര്‍ഷിക 
ദിനത്തോടനുബന്ധിച്ച് ചിന്തയില്‍ എഴുതിയ ലേഖനം)