കാര്‍ഷികനയം കര്‍ഷക കേന്ദ്രിതമായിരിക്കണം
ഹന്നന്‍മൊള്ള
കര്‍ഷക പ്രക്ഷോഭം ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരുമാസം പിന്നിട്ടിരിക്കുന്നു. എത്രനാളിങ്ങനെ പോകാനാകും?
ഈ പ്രക്ഷോഭം പെട്ടെന്നൊരു രാത്രി പൊട്ടിപ്പുറപ്പെട്ടതല്ല. ജൂണ്‍ 5ന് ഈ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നപ്പോള്‍തന്നെ അത് കര്‍ഷകന്റെ മരണമണിയാണെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 10ന് 600 ജില്ലകളിലായി ഈ ഓര്‍ഡിനന്‍സിന്റെ 10,000ത്തിലധികം കോപ്പികള്‍ കത്തിക്കുകയും, ഞങ്ങള്‍ കര്‍ഷക ഡിമാന്റുകള്‍ക്ക് രൂപംകൊടുക്കുവാന്‍ തുടങ്ങുകയും ചെയ്തു. കര്‍ഷക-കേന്ദ്രിത കൃഷിയെ കോര്‍പറേറ്റ് കേന്ദ്രിത കൃഷിയാക്കി മാറ്റുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ഞങ്ങള്‍ കണ്ടു.
ഗവണ്മെന്റ് ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ല. അവര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകണമായിരുന്നു. കര്‍ഷകര്‍ക്ക് ഇത്ര കാലമെന്നൊന്നുമില്ല. ആവശ്യമെങ്കില്‍ മറ്റൊരു ആറുമാസമോ അതിലധികമോ ഇവിടെ ഇരിക്കാന്‍ അവര്‍ തയ്യാറാണ്; എന്നാല്‍ ചിലതൊക്കെ നേടിയെടുക്കാതെ തിരിച്ചുപോകില്ല എന്ന് അവര്‍ മനസ്സിലുറപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ വൈകാരിക തലത്തെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തലിലാണ് കേന്ദ്രം ഇപ്പോഴും. ഞങ്ങളെ ഭിന്നിപ്പിക്കുവാനും വഴിതിരിക്കുവാനും ദുര്ബലപ്പെടുത്തുവാനുമാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്; അത് നടക്കില്ല.
എന്തുകൊണ്ട് സര്‍ക്കാരിത് ഉപേക്ഷിക്കണം?
മുന്കാലത്തേതില്നിന്നും ഇത് എന്തുകൊണ്ടും വ്യത്യസ്തമാണ്. ഈ പ്രക്ഷോഭത്തിന് നാല് പ്രധാന സവിശേഷതകളാണുള്ളത്. ഒന്ന്, സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമാണിത്. രണ്ട്, സംയുക്ത കിസാന്‍ മോര്‍ച്ച എന്ന ഒരു കുടയ്ക്കുകീഴില്‍ 500 സംഘടനകളാണുള്ളത്; മാത്രമല്ല, അവര്‍ തമ്മില്‍ ഒരു തരിമ്പുപോലും അഭിപ്രായവ്യത്യാസവുമില്ല. ഈ പ്രക്ഷോഭത്തിലെ അസാധാരണമായ ഐക്യം, അതതിന്റെ ഏറ്റവും വലിയ കരുത്താണ്. മൂന്ന്, ഇത്തരമൊരു വമ്പിച്ച പ്രക്ഷോഭം ശരിക്കും അങ്ങേയറ്റം സമാധാനപരമാണ്. നാലാമത്തേത് കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യമാണ്; ഇത് മനസ്സിലാക്കുന്നതിലാണ് ഗവണ്മെന്റ് പരാജയപ്പെടുന്നത്.
എന്താണ് കര്‍ഷകര്‍ ലക്ഷ്യംവെയ്ക്കുന്നത്?
ഞങ്ങള്‍ക്ക് ഒരൊറ്റ അജന്‍ഡയേയുള്ളൂ- മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിച്ചുവെന്ന് ഉറപ്പാക്കുക. കാരണം അവ കോര്‍പറേറ്റനുകൂലവും കര്‍ഷകവിരുദ്ധവുമാണ്. എന്നുവെച്ചാല്‍ ഈ പ്രക്ഷോഭത്തിന് ഒരു പുതിയ സവിശേഷതയുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം കോര്‍പറേറ്റുകള്‍ക്കെതിരായി ഉയര്‍ന്ന ആദ്യത്തെ അഖിലേന്ത്യാ പ്രക്ഷോഭമാണിത്. അത് ഗവണ്മെന്റുവിരുദ്ധവും കോര്പറേറ്റുവിരുദ്ധവുമാണ്. ജനങ്ങളോട് അത്തരം ബ്രാന്‍ഡുകള്‍ ബഹിഷ്കരിക്കുവാന്‍ ഞങ്ങളാവശ്യപ്പെടുന്നു. ഡിസംബര്‍ 26 മുതല്‍ പുറത്ത് അംബാനി-അദാനി ഉടമസ്ഥതയിലുള്ള കടകളും മാളുകളും ഔട്ട്ലറ്റുകളും പിക്കറ്റുചെയ്യുന്നത് തുടരും. നഗരകേന്ദ്രങ്ങളില്‍ നഗര ഇടത്തരം വര്‍ഗ ഗ്രൂപ്പുകളും അധ്യാപകരും വിദ്യാര്‍ഥികളും തൊഴിലാളികളും ഗ്രാമപ്രദേശങ്ങളില്‍ കര്‍ഷകരും ഇതില്‍ പങ്കെടുക്കും.
ഗവണ്മെന്റ് നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്താണ് ചെയ്യുക?
കാര്‍ഷികനയം ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കണം. എന്താണോ സിംഗപ്പൂരില്‍ നടപ്പാക്കുന്നത്, അതുതന്നെ ഇവിടെയും നടപ്പാക്കാനാവില്ല. പരിഷ്കാരങ്ങള്‍ ആവശ്യമാണ്; ഞങ്ങളതംഗീകരിക്കുന്നു; ഏറെക്കാലമായി അത് ആവശ്യപ്പെടുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ പരിഷ്കാരങ്ങള്ക്കെതിരല്ല. താങ്ങുവില നടപ്പാക്കണമെന്നും സ്വാമിനാഥന് കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.
സാധാരണ നിലയിലെത്തുന്നതിനുവേണ്ടി കര്‍ഷകര്‍ക്ക് ഒരുതവണയെങ്കിലും കടാശ്വാസം അനുവദിക്കണം. കടക്കെണിമൂലം രാജ്യത്തുടനീളം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. ഉത്പാദനചെലവും ഒപ്പം അതിന്റെ 50 ശതമാനവും കൂടി ചേര്‍ന്നതാവണം വിളകളുടെ വില. പരമാവധി വിളകള്‍ക്കും നാങ്ങുവില ഉറപ്പാക്കണം. ആറു ശതമാനം കര്‍ഷകര്‍ക്കു മാത്രമാണ് നിലവില്‍ ഗുണം ലഭിക്കുന്നത്. എല്ലാ കര്‍ഷകര്‍ക്കും താങ്ങുവിലയുടെ നേട്ടം ലഭിക്കുകയും പരമാവധി വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കുകയും വേണം. ഗവണ്മെന്റായാലും സ്വകാര്യ കച്ചവടക്കാരായാലും സംഭരണം ഉറപ്പാക്കിയിരിക്കണം. ആരെങ്കിലും താങ്ങുവിലയില്‍ കുറച്ചു നല്കുകയാണെങ്കില് അവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. നിലവില്‍ താങ്ങുവില എന്നത് ഒരു പ്രഹസനമാണ്. കേന്ദ്രവുമായി കൂടിയാലോചിച്ച് ഓരോ സംസ്ഥാനവും അവരവരുടെ സ്ഥിതിയനുസരിച്ച് അതാതിടങ്ങളില്‍ വ്യത്യസ്ത താങ്ങുവില നിശ്ചയിക്കണം.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കണം. കൃഷിയുമായി ബന്ധപ്പെട്ട ഏതു നയത്തിന്റെയും കേന്ദ്രബിന്ദു കര്‍ഷകനായിരിക്കണം; എന്നാല്‍ ഇവിടെ ഗവണ്മെന്റ് കര്‍ഷകനെ പുറത്തുനിര്‍ത്തുകയും കോര്‍പറേറ്റുകളെ നയത്തിന്റെ കേന്ദ്രബിന്ദുവാക്കികൊണ്ട് കോര്‍പറേറ്റനുകൂല പരിഷ്കാരങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നു. ഗവണ്മെന്റിന്റെ ഈ നയം, കര്‍ഷകനെ പൂര്‍ണമായും ഈ രംഗത്തുനിന്നുതന്നെ ഇല്ലാതാക്കുതാണ്.
എങ്ങനെയാണ് ഈ പ്രക്ഷോഭം വളര്‍ന്നത്?
ജൂണിനും ജൂലൈക്കുംശേഷം ഞങ്ങള്‍ ആഗസ്റ്റ് 9ന് 'ജയില്‍ നിറയ്ക്കല്‍' സമരത്തിന് ആഹ്വാനംചെയ്തു; 600ലധികം ജില്ലകളിലായി ലക്ഷക്കണക്കിന് കര്‍ഷകര്‍ അനുകൂലമായി പ്രതികരിച്ചു. സെപ്തംബര്‍ 14ന് കര്‍ഷകരോട് ചര്‍ച്ചചെയ്യാതെ ഈ നിയമങ്ങള്‍ കൊണ്ടകുവരരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പ്രതിഷേധത്തിന് ആഹ്വാനം നല്കി; എന്നാല്‍ എല്ലാവിധ ചട്ടങ്ങളും കാറ്റില്‍ പറത്തി ഗവണ്മെന്റ് നിയമം പാസാക്കി. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു; നടപ്പാക്കുന്നതിനുമുമ്പ് ഞങ്ങളെ കേള്‍ക്കണം. അങ്ങനെ, നാലു മാസത്തിനുശേഷം ഈ നിയമങ്ങളുടെ നടപ്പാക്കലിനെ ചെറുക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സെപ്തംബര്‍ 25ന് ഞങ്ങള്‍ പ്രതിഷേധദിനത്തിന് ആഹ്വാനം നല്‍കുകയും ഔദ്യോഗികമായ ആഹ്വാനമില്ലാതെ അക്ഷരാര്‍ഥത്തില്‍ ഭാരത്ബന്ദ് നടത്തുകയും ചെയ്തു. എന്നിട്ടും ഗവണ്മെന്റ് ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ല. ദേശീയ ഹൈവേകള്‍ ഉപരോധിച്ചുകൊണ്ട് നവംബര്‍ 5ന് ഞങ്ങള്‍ 'രാസ്താരോക്കോ' നടത്തി; ഒപ്പം സംസ്ഥാനങ്ങളില്‍ പ്രാദേശികമായും ഇവയെല്ലാം പരാജയപ്പെട്ടപ്പോഴാണ് നവംബര്‍ 26ന് ഞങ്ങള്‍ 'ദില്ലി ചലോ' മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. ഞങ്ങള്‍ ഈ മാര്‍ച്ചിനെ രണ്ടു ഭാഗങ്ങളായി വിഭജിച്ചു. തലസ്ഥാനത്തോടടുത്തു കിടക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍-പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്-ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുക. കൊറോണ വൈറസ്മൂലം ജനങ്ങള്‍ ദൂരയാത്ര ചെയ്യുന്നത് അപകടമായതിനാല്‍ മറ്റ് സംസ്ഥാനങ്ങള്‍ സംസ്ഥാന തലസ്ഥാനങ്ങളിലേക്കും മാര്ച്ചുചെയ്യുക. •
കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ