കൊറോണയും കറന്‍സിയും ഇന്ത്യയും
എ കെ രമേശ്
കൊറോണപ്പേടി കാരണം ഓണ്‍ലൈന്‍ ബിസിനസില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായതത്രെ. ഇന്ത്യയിലെ യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് ) ഇടപാടുകളുടെ മൂല്യം വന്‍തോതില്‍ ഉയര്‍ന്നു എന്നാണ് വാര്‍ത്തകള്‍. (ഇന്ത്യന്‍ എക്സ്പ്രസ്സ് 18.12.20). ഇന്ത്യാ ഗവണ്മെന്റ് ഉന്നംവെക്കുന്നത് പ്രതിദിനം നൂറു കോടി ഡിജിറ്റല്‍ ഇടപാടുകളാണ് എന്നും പത്രം പറയുന്നു.
ഫെയ്സ് ബുക്കും ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് നടത്തിയ പഠനവും കണ്ടെത്തിയത്, മാര്‍ച്ചിലെ ലോക്ഡൗണിനു ശേഷം ഓണ്‍ലൈന്‍ പേമെന്റുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ്. ഇന്ത്യയില്‍ പ്രതിശീര്‍ഷ ഡിജിറ്റല്‍ പേമെന്റ് 2015ലേതിനേക്കാള്‍ 5 ഇരട്ടിയായാണ് ഉയര്‍ന്നത്. കൊറോണക്കാലത്തെ അവസരമാക്കി മാറ്റുകയാണ് പേ ടി എം പോലെയുള്ള ഡിജിറ്റല്‍ കമ്പനികള്‍ എന്നര്‍ത്ഥം.
വിദഗ്ധര്‍ പറയുന്നത് മറിച്ചാണ്
ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ മോളിക്യുലാര്‍ ഇമ്യൂണോളജി പ്രൊഫസര്‍ ഗാറി മക്ലീന് പറഞ്ഞത്, ബാക്ടീരിയകളാണ് കാശിന്മേല് കൂടുതല്‍ നേരം അതിജീവിക്കുക എന്നാണ്. അത്രയും നേരം വൈറസിന് നിലനില്ക്കാനാവില്ലത്രെ. മാത്രവുമല്ല, വൈറസ്സിന് ജീവന് വെക്കണമെങ്കില്‍ അത് വായിലോ മൂക്കിലോ എത്തിച്ചേരേണ്ടതുമുണ്ട്.
'കാശിന്മേല് കൊറോണ വൈറസ് അതിജീവിക്കുന്നതായോ, അതുവഴി വ്യാപിക്കാനാവുന്നതായോ യാതൊരു ശാസ്ത്രീയ പഠനവും തെളിയിച്ചിട്ടില്ല' എന്ന് അദ്ദേഹം കൃത്യമായി തെളിച്ചു പറയുന്നു.
ഡബ്ല്യു.എച്ച്.ഓയിലെ സ്റ്റെഫാനി ബ്രിക്മാന്റെ അഭിപ്രായത്തില്‍, 'വൈറസിന് അധികനേരം ഉപരിതലങ്ങളില്‍ അതിജീവിക്കാന്‍ ആവില്ല.പ്രത്യേകിച്ച് ബാങ്ക് നോട്ടുകള്‍ പോലെ വരണ്ട പ്രതലങ്ങളില്‍.' (Will cash survive Covid? Rachael & King Alice Shen- Central banking.com)
'കാശ് കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കുമെന്നതിന് ഒരു തെളിവുമില്ല' എന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ കോവിഡ് ടീമിന്റെ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പ്രഖ്യാപിച്ചത്.
വാഷിങ്ങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ എന്‍വയണ്‍മെന്റ് & ഓക്കുപേഷനല് ഹെല്‍ത് പ്രഫസര്‍ മറിലിന് റോബെര്‍ട്സ് പറഞ്ഞത് 'കാശിന്റെ ഉപയോഗം വേണ്ടെന്നുവെച്ചാല്‍ കോവിഡ് വ്യാപനത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാവും എന്നതിന് അല്പം പോലും തെളിവില്ല' എന്നാണ്. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയുടെ റോസിലിന് ഇന്‍സ്റ്റിറ്റൂട്ടിലെ ക്രിസ്റ്റീന ടെയ്റ്റ് ബുര്‍ക്കാര്‍ഡ് ഇന്ഫെക്ഷന് & ഇമ്യൂണിറ്റി വിദഗ്ധയാണ്. 'തുമ്മാന്‍ വേണ്ടി ആളുകള്‍ ബാങ്ക് നോട്ടുകള്‍ ഉപയോഗിക്കാത്തിടത്തോളം കാലം, അവ കൊറോണാ വൈറസ് പടര്‍ത്തുന്നതിന്റെ തോത് വളരെ കുറവായിരിക്കും ' എന്നാണ് അവര്‍ പ്രസ്താവിച്ചത്.
കോവിഡ് ആഗോളവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് അധികനാള്‍ കഴിയും മുമ്പെയാണ്, ദക്ഷിണാഫ്രിക്കന്‍ റിസര്‍വ് ബാങ്ക് 'ബാങ്ക് നോട്ടുകള്‍ വഴി കോവിഡ് പകരും എന്നതിന് യാതൊരു തെളിവുമില്ല' എന്ന് പ്രഖ്യാപിക്കുന്നത്.
ഡ്യൂഷ് ബാങ്ക് അഭിപ്രായപ്പെട്ടത്, ബാങ്ക് നോട്ടുകളും നാണയങ്ങളും വഴി കോവിഡ് പകരാനുള്ള സാധ്യത വളരെ തുച്ഛമാണ് എന്നാണ്.
ബാങ്ക് ഓഫ് കനഡ, കാശിടപാടുകള്‍ തുടരണമെന്ന് നാട്ടിലെ ചെറുകിട കച്ചവടക്കാരെ ഉപദേശിക്കുകയാണ് ചെയ്തത്.
ഡിജിറ്റല്‍ കമ്പനികള്‍ തിരിച്ചാണ് പറയുന്നത്
അതൊക്കെ കൊള്ളാം.പക്ഷേ ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റ്സ് പുറപ്പെടുവിച്ച ബുള്ളറ്റിന് പറയുന്നത്, 'നേരാണെങ്കിലും അല്ലെങ്കിലും, കറന്‍സിയും നാണയവും വഴി കോവിഡ് പടര്‍ന്നേക്കുമെന്ന ഭീതി നിലനില്‍ക്കുന്നത് കാരണം, ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയാണ് " എന്നാണ്. പേടി തന്നെ വളമാക്കി വളരാനാണ് ഡിജിറ്റല്‍ കമ്പനികള്‍ ശ്രമിക്കുന്നതും.
കാശ് കൈകാര്യം ചെയ്യുന്നത് സൂക്ഷിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞതായി ഒരു വാര്‍ത്ത പരന്നിരുന്നു. പക്ഷേ തങ്ങള്‍ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല എന്ന് പിന്നീട് ലോകാരോഗ്യ സംഘടന തന്നെ പ്രസ്താവന പുറപ്പെടുവിച്ചു. വാര്‍ത്തക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് വ്യാപാര താല്പര്യമായിരുന്നു എന്നര്‍ത്ഥം! കൊറോണപ്പേടി വളര്‍ത്തി ആളുകളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് തള്ളിയിടാനുള്ള പരിശ്രമം തന്നെ!
നോട്ടുകള്‍ക്കും ക്വാറന്റയിന്‍
രോഗ വ്യാപനത്തിന്റെ വിശദാംശങ്ങള്‍ കിട്ടുന്നതിന് മുമ്പ് ചൈനയും ഭയന്നിട്ടുണ്ട് കൊറോണയെ. 2020 ഫെബ്രുവരിയിലാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പ്രചാരത്തിലുള്ള നോട്ടുകളാകെ അള്‍ട്രാ വയലറ്റ് രശ്മികള്‍ കടത്തിവിട്ട് അണുവിമുക്തമാക്കി 14 ദിവസം അട്ടിയിട്ട ശേഷം മാത്രം പുറത്തുവിട്ടത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് 4 ആഴ്ചക്കാലമാണ് നോട്ടുകള്‍ക്ക് ക്വാറന്റയിന്‍ പ്രഖ്യാപിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഹംഗറിയാകട്ടെ, 14 ദിവസത്തെ ക്വാറന്റയിനാണ് പ്രഖ്യാപിച്ചത്. നോട്ടുകളാകെ 170 ഡിഗ്രി ഊഷ്മാവുള്ള ഒരു ടണല്‍ വഴി കടത്തിവിട്ടാണ് അതിനെ അണുവിമുക്തമാക്കിയത്. പക്ഷേ
അമേരിക്ക, ഏഷ്യന്‍നാടുകളില്‍ നിന്ന് വരുന്ന കറന്‍സികള്‍ക്ക് മാത്രം ക്വാറന്റയിന്‍ വിധിച്ചു.
ബാങ്ക് ഓഫ് കൊറിയയും ചൈനയെപ്പോലെ തങ്ങളുടെ കൈയ്യിലെത്തുന്ന നോട്ടുകളെ സൂപ്പര്‍ ഹീറ്റിങ്ങിന് വിധേയമാക്കിയ ശേഷമാണ് സര്‍ക്കുലേഷന്‍ വിട്ടത്.
സൂപ്പര്‍ ഹീറ്റിങ്ങും ചില സൂപ്പര്‍ തമാശകളും
നോട്ട് ചൂടാക്കി രോഗാണുക്കളെ അകറ്റാന്‍ ശ്രമിച്ച ബാങ്ക് ഓഫ് കൊറിയയെ അനുകരിച്ച ഒരു കൊറിയക്കാരന്, സ്വന്തം വീട്ടിലെ മൈക്രോവെയ്വ് ഉപയോഗിച്ച് കൊറോണപ്പേടി മാറ്റിയത് വലിയ വാര്‍ത്തയായി മാറി. കൈവശം ഉണ്ടായിരുന്ന 1500 ഡോളറോളം വരുന്ന വണ്‍ ശുദ്ധീകരിക്കാന്‍ മൈക്രോവെയ്വ് ഓവനിലിട്ട് ചൂടാക്കുകയായിരുന്നു കക്ഷി. അതില്‍ തീപ്പൊള്ളലേറ്റു കരിഞ്ഞത് എട്ടര ലക്ഷം വണ്‍ ആണ്. 750 ഡോളര്‍ വരും ഇത്.
ബാങ്ക് ഓഫ് കനഡ കൊറോണക്കാലത്ത് കാശിടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നല്ലോ. എന്നാല്‍ അതിനിടയിലും ശങ്ക വിടാത്ത ചില കനഡക്കാര്‍, തങ്ങളുടെ വാഷിങ്ങ്മെഷിന്‍ ഉപയോഗിച്ച് നോട്ടുകള്‍ അണുവിമുക്തമാക്കിയതായി ഒരു വാര്‍ത്തയുണ്ട്. (യൂറോമണി. 2020 ഏപ്രില്‍ 2).
ഭയമാണ് മനുഷ്യരെ ഇമ്മാതിരി സാഹസങ്ങളിലേക്ക് നയിച്ചത്. അതേ ഭയം തന്നെ ഇന്ധനമാക്കിയാണ് ഡിജിറ്റല്‍ കമ്പനികള്‍ തങ്ങളുടെ ബിസിനസ് തേരോട്ടം നടത്തുന്നതും.
പക്ഷേ എന്നിട്ടും ഇന്ത്യക്കാരില്‍ 95 ശതമാനവും ഇപ്പോഴും ഇടപാടുകള്‍ക്ക് കാശ് തന്നെയാണ് ഉപയോഗിക്കുന്നത് എന്നാണ് കണക്കുകള്‍.
അതിനോടാണ് നമുക്കും ഒരു സ്വീഡനാവണ്ടേ എന്ന പ്രധാനമന്ത്രിയുടെ ആ പഴയ ചോദ്യം ഇപ്പോള്‍ കൂട്ടി വായിക്കേണ്ടത്.
സ്വീഡന് ലെസ് ക്യാഷായത്
2009 സെപ്റ്റംബര്‍ 23ന് പുലര്‍ച്ചെ 5 മണിക്ക് സ്റ്റോക്ക് ഹോമിലെ ജി 4 എസ്സിന്റെ ഒരു ക്യാഷ് ഡിപ്പോവിയുടെ മട്ടുപ്പാവില്‍ ഒരു ഹെലികോപ്റ്റര്‍ വന്നിറങ്ങുകയാണ്. ലോകപ്രശസ്തമായ ബ്രിട്ടീഷ് സെക്യൂരിറ്റി കമ്പനിയാണ് ജി ഫോര്‍ എസ്. ഹെലികോപ്റ്ററില്‍ വന്നെത്തിയ തസ്കരവീരന്മാര് അട്ടം തുളച്ച് നേരെ ചെന്നെത്തിയത് ക്യാഷ് ഡിപ്പോവിലാണ്. ഉള്ള കാശുമെടുത്ത് സ്ഥലം വിടുന്നതിനുമുമ്പ് മട്ടുപ്പാവില്‍ ഹെലിപാഡിനടുത്ത് 'ബോംബ്' എന്നെഴുതി വെച്ച ഒരു സഞ്ചി ഉപേക്ഷിച്ചു പോകാനും, ഡിപ്പോവിലേക്കുള്ള റോഡിലാകെ മുള്ളാണി വിതറിയിടാനും മോഷ്ടാക്കള്‍ മറന്നില്ല. ഹെലികോപ്റ്റര്‍ വഴിയും റോഡിലൂടെയും പൊലീസ് പെട്ടെന്ന് എത്തിപ്പെടാതിരിക്കാനുള്ള സൂത്രവിദ്യ ഫലിക്കുകയും ചെയ്തു. ഈ പെരും കൊള്ള വാസ്റ്റ് ബെര്‍ഗ ഹീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.
അതിന് മുമ്പും ഇമ്മാതിരി വിദഗ്ധ മോഷണങ്ങള്‍ ഒട്ടനവധി അരങ്ങേറിയിട്ടുണ്ട് സ്വീഡനില്‍. ഗോഥന്‍ബര്‍ഗിലെ മെയില്‍ പ്രൊസസ്സിങ്ങ് സെന്ററിലും ഇതേ മട്ടിലായിരുന്നു കൊള്ള. മുള്ളാണിവിതറല്, റോഡില്‍ കാറ് കത്തിക്കല്‍, സ്ഫോടകവസ്തുക്കള്‍ നിക്ഷേപിക്കല്‍ എന്നിവ തന്നെ പരിപാടി.
2006 ല്‍ ഗോഥന്‍ബര്‍ഗിലെ വിമാനത്താവളത്തില്‍ ഇതേ മട്ടില്‍ മുഖം മൂടി ധരിച്ച് കയറി വന്നവര്‍, വിമാനത്തില്‍ നിന്ന് വിദേശനാണ്യങ്ങള്‍ ഇറക്കിക്കൊണ്ടിരുന്നവരെ ഭീഷണിപ്പെടുത്തി 7 ലക്ഷം പൗണ്ടാണ് കവര്‍ന്നെടുത്തത്.
പക്ഷേ 2009 ലെ വാസ്റ്റ് ബെര്‍ഗാ കൊള്ളയാണ് ക്യാഷ്ലെസ് സൊസൈറ്റി എന്ന ആശയത്തിലേക്ക് സ്വീഡനെ നയിച്ചത്.
2009നുശേഷം സ്വീഡനില്‍ കാശിടപാട് നന്നെ കുറഞ്ഞു. 2010 ല്‍ 39 ശതമാനമുണ്ടായിരുന്ന കറന്‍സി ഇടപാടുകള്‍ 2018 ആയപ്പോഴെക്കും വെറും 13 ശതമാനമായി ചുരുങ്ങി.
സ്വീഡനാവാനുള്ള തിടുക്കത്തിനു പിന്നില്‍
ഇന്ത്യ കാശച്ചടിച്ചെത്തിക്കാന് വന്‍ സംഖ്യയാണ് ചെലവാക്കുന്നതെന്നും അത് ജി ഡി പി യുടെ 1.7 ശതമാനം വരുമെന്നും അതിത്തിരി കുറച്ചാല്‍ രാജ്യത്തിന് 4 ലക്ഷം കോടി ലാഭിക്കാമെന്നും വിസ നമ്മളെ ഉപദേശിക്കുന്നുണ്ട്. ആ ഉപദേശിക്ക് അതുകൊണ്ടുണ്ടാവുന്ന ലാഭമെത്രയായിരിക്കുമെന്ന് അന്നാരും ചോദിച്ചില്ല, പറഞ്ഞില്ല. പക്ഷേ അതേ വിസ കമ്പനിയാണ്, ന്യൂയോര്‍ക്കിലെ ക്യാഷ്ലെസ്സാവുന്ന റസ്റ്റൊറന്റുകള്‍ക്ക് ഓരോന്നിനും 10,000 ഡോളര്‍ ഇനാം വാഗ്ദാനം ചെയ്തത്. ഒരു റെസ്റ്റൊറന്റ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കിയാല്‍ 10,000 ഡോളര്‍ നല്കുന്നവര് ഒരു രാജ്യം തന്നെ ക്യാഷ്ലെസ്സാക്കിയാല് എത്രമാത്രം ഡോളര്‍ നല്കാന് തയാറാവില്ല!
അതെന്തായിരുന്നാലും, ഒരു ശത്രു രാജ്യത്തിനും വരുത്തിവെക്കാനാവാത്ത അത്രക്കേറെ പ്രതിസന്ധിയിലേക്കും തകര്‍ച്ചയിലേക്കും ഇന്ത്യയെ തള്ളിവിട്ട അത്യന്തം വിനാശകരമായ തീരുമാനത്തിനു പിന്നില്‍ ഡിജിറ്റല്‍ കമ്പനികളായിരുന്നു എന്ന് ഇന്ന് വ്യക്തമാണ്.
കൊറോണയും കറന്‍സിയും ഇന്ത്യയും
കൊറോണ പോലെ ഇനിയൊരവസരം വീണു കിട്ടില്ല എന്ന നിതി ആയോഗ് തലവന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേണം കൊറോണയും കറന്‍സിയും ഇന്ത്യയും എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍.
ഡിജിറ്റല്‍ ഇന്ത്യ പ്രാവര്‍ത്തികമായാല്‍ അത് ഒരു സര്‍വൈലന്‍സ് സ്റ്റേറ്റ് കെട്ടിപ്പടുക്കുന്നതിന്റെ ആദ്യപടിയായി മാറും. ഇപ്പോള്‍ തന്നെ എതിര്‍ശബ്ദമുയരുന്ന ഓരോ നാക്കും നിരീക്ഷണ വിധേയമാണ്.
മൊബൈല്‍ ആയാലും കാര്‍ഡ് ആയാലും കോണ്ടാക്ട് ലെസ് പേമെന്റായാലും, അതൊക്കെയും ഡാറ്റകള്‍ അവശേഷിപ്പിക്കുന്നുണ്ട്. അത്തരം ഡാറ്റകള്‍ തന്നെ വില്‍പ്പനച്ചരക്കായി മാറുമ്പോള്‍, നിരീക്ഷണ മുതലാളിത്തത്തിന്റെ കാലത്ത് കൂടുതല്‍ സുരക്ഷിതം കാശ് തന്നെയാണ്. പേമെന്റുകളില്‍ ഏറ്റവും വിശ്വസ്തവും അതുതന്നെ. ഇഷ്യൂ ചെയ്യുന്നവരില്‍ നിന്ന് സ്വതന്ത്രമായ ഒരേയൊരു പേമെന്റ് രൂപം കാശ് തന്നെ.
95 ശതമാനം പേരും കാശിനെ ആശ്രയിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ഡിജിറ്റല്‍ പേമെന്റിലേക്ക് എടുത്തു ചാടുക എളുപ്പമല്ല.
ബാങ്ക് ഓഫ് ഫിന്‍ലാന്റിന്റെ പെയ് വീഹീക്കിനെന് ഈയിടെ പറഞ്ഞ കാര്യം ഇന്ത്യക്കാര്‍ കേള്‍ക്കേണ്ടതു തന്നെയാണ്.
'ഫിന്‍സില്‍ 10 ശതമാനം പേരുടെയും ഇഷ്ടപേമെന്റ് രീതി കാശാണ്. അവര്‍ക്ക് സാധ്യമായ ഏക പേമെന്റ് സമ്പ്രദായം കാശ് തന്നെയാണ്. അവര്‍ക്കും സാധനങ്ങള്‍ വാങ്ങണ്ടേ? കൊറോണ വ്യാധിയുടെ കാലത്തും കാശ് ഉപയോഗിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.'
10 ശതമാനം നാട്ടുകാര്‍ക്ക് വേണ്ട പേമെന്റ് രീതിയും നിലനിര്‍ത്തണമെന്നാണ് ഫിന്‍ലാന്റുകാര്‍ ആലോചിക്കുന്നത്. ഇവിടെ 95 ശതമാനവും ആശ്രയിക്കുന്നത് കാശിനെയാണ്. അതിനുപകരം ഡിജിറ്റല്‍ പേമെന്റുകള്‍ വേണം എന്ന ആലോചന തന്നെ മഹാ ധൂര്‍ത്താണ്, അയഥാര്‍ത്ഥമാണ്; അപ്രാപ്യവുമാണ്. ഡിജിറ്റല്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനായി കോരന്റെ കുമ്പിളും കവര്‍ന്നെടുക്കുന്നത് അനീതിയാണ്.
ഡിജിറ്റല്‍ സേവനങ്ങള്‍ കാശുള്ളവര്‍ക്ക് ഒട്ടനവധി സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. കാശുവഴി കിട്ടുന്ന സേവനം പോലെ ഫീസില്ലാപ്പരിപാടിയല്ല ഡിജിറ്റല്‍ ഇടപാടുകള്‍. ഡിജിറ്റല്‍ കമ്പനികള്‍ക്ക് കാശ് കൊടുത്തു വേണം ഓരോ ഇടപാടും നടത്താന്‍. കാശുള്ളവരും ഇടപാടിനായി കാശുണ്ടാക്കാന്‍ ആവുന്നവരും ആ പാതയില്‍ പോകട്ടെ, ബാക്കി സാധാരണ ജനങ്ങള്‍ പഴയപടി കറന്‍സി വഴി തന്നെ ഇടപാട് നടത്തട്ടെ.
അല്ലാതെ ഒരു പ്രധാനമന്ത്രി ഡിജിറ്റല്‍ കമ്പനികളുടെ പ്രലോഭനത്തില്‍ മയങ്ങി ഒരു സുപ്രഭാതത്തില്‍ നമുക്ക് ഒരു സ്വീഡനായിക്കളയാം എന്ന് പ്രഖ്യാപിച്ചാല്‍ ആയിത്തീരുന്നതല്ല ക്യാഷ്ലെസ്നെസ്സ് എന്ന് ഇപ്പോള്‍ ഏതു കുട്ടികള്‍ക്കുമറിയാം.
റിസ്കില്ലേ കൊറോണക്കാലത്ത് കാശ് കൈകൊണ്ട് തൊടുമ്പോള്‍ എന്നാണ് ചോദ്യമെങ്കില്‍, ഉണ്ട്, കൈ നന്നായി കഴുകുക, സോപ്പിട്ട് കഴുകുക എന്നാണ് അതിന് ലോകാരോഗ്യ സംഘടനയും ലോകത്തെ ഒട്ടനവധി കേന്ദ്ര ബാങ്കുകളും നല്കുന്ന മറുപടി. അത്രയേ വേണ്ടൂ.അതേ നമുക്ക് പറ്റൂ. ലെസ് ക്യാഷോ ക്യാഷ്ലെസ്സോ ആക്കാനുള്ള വമ്പന്‍ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ള ദുഷ്ടലാക്ക് തിരിച്ചറിഞ്ഞേ പറ്റൂ.ഡിജിറ്റല്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിക്കൊടുക്കാനുള്ള അവസരമായിക്കൂടാ കൊറോണക്കാലം. •