കര്‍ഷകര്‍ക്കിടയിലെ കടമകള്‍

പീപ്പിള്‍സ് ഡെമോക്രസി

ര്‍ഷകപ്രസ്ഥാനത്തിന്‍റെ പ്രധാന കടമകളിലൊന്ന് വിദേശിയും സ്വദേശിയുമായ കുത്തകകളുടെ ഗൂഢനീക്കങ്ങളില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കര്‍ഷകരായ ഉല്‍പ്പാദകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആദായ വില ഉറപ്പാക്കിക്കൊണ്ട് സംരക്ഷണം നല്‍കണമെന്നും ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുകയെന്നതാണ്.
"കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഗവണ്‍മെന്‍റ് ആദായവില  ഉറപ്പുവരുത്തണമെന്നും കമ്പോളവില താങ്ങുവിലയേക്കാള്‍ കുറവാണെങ്കില്‍ ഗവണ്‍മെന്‍റ് ഇടപെടുകയും കര്‍ഷകരില്‍നിന്നു താങ്ങുവിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ചെയ്യണമെന്നും ഗവണ്‍മെന്‍റിനോട് നാം ആവശ്യപ്പെടണം.
"അതേസമയംതന്നെ നാം മറ്റുള്ളവരുമായി സഹകരിച്ച് ക്ഷാമ ദുരിതാശ്വാസ സമിതികള്‍ സംഘടിപ്പിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും വേണം. കിസാന്‍സഭയും കര്‍ഷകത്തൊഴിലാളി സംഘടനയുടെ യൂണിറ്റുകളും ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കണം. ടെസ്റ്റ് വര്‍ക്കുകളിലും കുറഞ്ഞ വിലയ്ക്ക് ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന ഷോപ്പുകളിലുമെല്ലാം അഴിമതി തടയുന്നതിനും അവയെ കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നതിനുമാണിത്.
"അടിയന്തരമായി മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതിനും, മുന്‍ കടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും എഴുതിത്തള്ളുന്നതിനുമുള്ള നിയമനിര്‍മാണത്തിനു വേണ്ടി ഊര്‍ജിതമായി കാംപെയ്ന്‍ നടത്തണം.
"പൊതുവില്‍ സഹകരണ സംഘങ്ങള്‍ ഭൂപ്രഭുക്കളുടെയും ധനിക കര്‍ഷകരുടെയും കൈകളിലാണ്... പ്രത്യേകിച്ചും കര്‍ഷകപ്രസ്ഥാനം ദുര്‍ബലമായിരിക്കുന്നിടങ്ങളിലാണ് ഇത്. എന്നാല്‍ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ചില സൗകര്യങ്ങള്‍ക്ക് നേരെ നാം കണ്ണടയ്ക്കുന്നതിന് ഈ അവസ്ഥ കാരണമായിക്കൂട. ഗവണ്‍മെന്‍റ് ഈ സൗകര്യങ്ങള്‍ തുടരുകയും ഈ രൂപത്തില്‍ ശരിക്കും ഒരു സഹകരണ കോമണ്‍വെല്‍ത്ത് കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന വ്യാമോഹം സൃഷ്ടിക്കുന്നതിന് കൂടുതല്‍ വ്യാപകമായി സഹകരണസംഘങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നാം ഈ സഹകരണ സംഘങ്ങളില്‍ സജീവമായി പങ്കെടുക്കുകയും കര്‍ഷകത്തൊഴിലാളികളുടെയും ദരിദ്ര കര്‍ഷകരുടെയും ഇടത്തരം കര്‍ഷകരുടെയും ആവശ്യങ്ങള്‍ സാധിക്കുന്നതിന് അവയെ പ്രയോജനപ്പെടുത്തുകയും വേണം. സഹകരണ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ നാം പൊരുതണം; കൂടുതല്‍ ജനാധിപത്യാവകാശങ്ങള്‍ നാം ആവശ്യപ്പെടുകയും വേണം.
"ഗോത്രവര്‍ഗമേഖലകളില്‍ ഗ്രാമങ്ങളില്‍ നിന്ന് ഒരു മൈല്‍ അകലെയായാണ് റിസര്‍വ് ലൈന്‍ നിര്‍ത്തേണ്ടത്. റിസര്‍വുകള്‍ എന്ന് രേഖപ്പെടുത്തപ്പെടുകയും എന്നാല്‍ വനങ്ങള്‍ അല്ലാതിരിക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ കൃഷിക്കായി നല്‍കണം. കൃഷിയില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ഉദാരവല്‍ക്കരണം. വനം പഞ്ചായത്തുകള്‍ രൂപീകരിക്കണം. വനോല്‍പ്പന്നങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ക്ക് സ്വന്തം ആവശ്യത്തിനെന്നപോലെ വില്‍പ്പനയ്ക്ക് ഉപയോഗപ്പെടണം. ഗോത്ര വര്‍ഗക്കാര്‍ക്കു വേണ്ടി സഹകരണ സംഘങ്ങള്‍; അവയില്‍ അവര്‍ക്ക് വൃക്ഷങ്ങള്‍ വില്‍ക്കാന്‍ കഴിയും.
"ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ എല്ലാവിധ ഭൂപ്രഭുത്വവും നിര്‍മാര്‍ജനം ചെയ്യപ്പെടണം; പഴയ കടങ്ങള്‍ ലിക്വിഡേറ്റ് ചെയ്യപ്പെടണം.
"കോണ്‍ട്രാക്ടര്‍മാരുടെ എല്ലാ വിധ ചൂഷണങ്ങളും നിയന്ത്രിക്കപ്പെടണം; ഗോത്ര വര്‍ഗക്കാര്‍ വനത്തില്‍ നിന്നു ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില നല്‍കണം; അവര്‍ ചെയ്യുന്ന ജോലിക്ക് കൃത്യമായ കൂലി നല്‍കണം.
"ഡിസ്പെന്‍സറികളിലൂടെയും സഞ്ചരിക്കുന്ന ഹെല്‍ത്ത് ഓഫീസര്‍മാരിലൂടെയും ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന പ്രത്യേക രോഗങ്ങള്‍ക്ക് പ്രത്യേക നടപടികളിലൂടെയും കുടിവെള്ളക്കിണറുകളും കുളങ്ങളും അണുവിമുക്തമാക്കുന്നതിലൂടെ മലമ്പനിക്ക് പ്രതിവിധിയായി പ്രത്യേക നടപടികളിലൂടെയും ആരോഗ്യപരിചരണം.
"കന്നുകാലികള്‍ക്കുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മൃഗാശുപത്രികളും സഞ്ചരിക്കുന്ന വെറ്റിനറി ഓഫീസര്‍മാരും.
"ഗോത്രവര്‍ഗപ്രദേശങ്ങളില്‍ പ്രത്യേക വിദ്യാഭ്യാസ സൗകര്യങ്ങള്‍, അവരുടെ സ്വന്തം ഭാഷയിലൂടെയുള്ള വിദ്യാഭ്യാസം; സ്കൂളിലേക്കു വേണ്ട സാധനങ്ങള്‍ സൗജന്യമായി നല്‍കല്‍; പ്രായ പൂര്‍ത്തിയായവര്‍ക്ക് നിശാപാഠശാല; സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും സര്‍വകലാശാല കോഴ്സുകള്‍ക്കും സൗജന്യ സ്കോളര്‍ഷിപ്പുകള്‍; ഗോത്രവര്‍ഗക്കാരില്‍നിന്നുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കല്‍.
"പാര്‍ടിയും കര്‍ഷകപ്രസ്ഥാനവും മുന്നോട്ടുവന്നത് ഗവണ്‍മെന്‍റിന്‍റെ നയങ്ങളുടെയും നടപടികളുടെയും വിമര്‍ശകര്‍ എന്ന നിലയില്‍ മാത്രമല്ല, മറിച്ച് പ്രോജക്ടുകള്‍ കെട്ടിഉയര്‍ത്തുന്നവര്‍ എന്നും ക്ഷാമകാലത്തും പ്രളയകാലത്തും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ സംഘാടകര്‍ എന്നുപോലുമുള്ള നിലയില്‍കൂടിയാണ്; സഹകരണസംഘങ്ങള്‍, ഗ്രാമീണ ബാങ്കുകള്‍, മാര്‍ക്കറ്റിങ് ബോര്‍ഡുകള്‍, പഞ്ചായത്തുകള്‍, സ്കൂളുകള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങള്‍ക്കൊപ്പം സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെയും മറ്റുമെല്ലാം നടത്തിപ്പിന് ശേഷിയുള്ള ശക്തിയെന്ന നിലയില്‍ക്കൂടിയാണ്.
"സൃഷ്ടിപരമായ പരിപാടികളെ കര്‍ഷകരുടെയും ജനങ്ങളുടെയും കാഴ്ചപ്പാടില്‍ നിന്നു സസൂക്ഷ്മം പഠിക്കാതെ അവജ്ഞയോടെ അവഗണിക്കുന്ന സ്വഭാവം, 'പരിഷ്കരണത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിഹസിക്കുന്ന ശീലം കൈവെടിയുക തന്നെ വേണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മെ 'പരിഷ്കരണവാദ'ത്തിലെത്തിക്കുമെന്നും കര്‍ഷകജനസാമാന്യത്തിനിടയില്‍ വ്യാമോഹം സൃഷ്ടിക്കലായിരിക്കും അത് എന്നുമുള്ള ഭയം കൈവെടിയേണ്ടതാണ്. ഭൂപ്രഭുക്കള്‍ക്കും അവരുടെ ഗവണ്‍മെന്‍റിനുമെതിരായി ഇവ നേടിയെടുക്കാന്‍ കര്‍ഷകജനസാമാന്യത്തെ വിജയകരമായി നയിച്ചുകൊണ്ടാണ് നമുക്ക് കര്‍ഷകജനതയെ തങ്ങളുടെ ഡിമാന്‍ഡുകള്‍ സാക്ഷാത്ക്കരിക്കാനായി പ്രക്ഷോഭത്തില്‍ അണിനിരത്തുന്നതിന് ആവേശം കൊള്ളിക്കാന്‍ കഴിയുന്നത്.
"പ്രത്യയശാസ്ത്രപരമായ സമരവും ഐക്യമുന്നണി പ്രക്ഷോഭങ്ങളും, ദശലക്ഷക്കണക്കായ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും കാര്‍ഷികവിപ്ലവത്തിനായുള്ള പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ ശക്തിപ്പെടുത്തേണ്ടതാണ്.
"സവിശേഷമായ പ്രശ്നങ്ങളുയര്‍ത്തി കര്‍ഷകസമരങ്ങള്‍ നടത്തുന്നതിന് നിലവിലുള്ള എല്ലാ കര്‍ഷക സംഘടനകളുടെയും നിയുക്ത സമിതികള്‍ രൂപീകരിക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കം നടത്തുന്നതിന് എല്ലാ കീഴ്ഘടകങ്ങളോടുമുള്ള കിസാന്‍ സഭയുടെ അഭ്യര്‍ഥന നടപ്പിലാക്കപ്പെടേണ്ടതാണ്. അങ്ങനെയാകുമ്പോള്‍ മാത്രമേ ഒരു സംയുക്ത സംഘടനയ്ക്കു പിന്നില്‍ കര്‍ഷകജനതയെ ഒന്നടങ്കം അണിനിരത്താന്‍ കഴിയൂ.
"ഭൂപ്രഭു-സാമ്രാജ്യത്വ ചൂഷണത്തിനെതിരെ കര്‍ഷകജനസാമാന്യത്തിന്‍റെയാകെ ഐക്യം കെട്ടിപ്പടുക്കുന്നത് വിപുലമായ സംയുക്ത കര്‍ഷകപ്രസ്ഥാനം വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള പരമപ്രധാന കടമയായി മാറിയിരിക്കുന്നു.
"കര്‍ഷക ജനസാമാന്യത്തിന്‍റെ ഐക്യത്തിന്‍റെ പ്രശ്നമാണ് സാമ്രാജ്യത്വത്തിന്‍റെയും ഫ്യൂഡല്‍ ഭൂപ്രഭുക്കളുടെയും ഇന്ത്യന്‍ കുത്തകകളുടെയും ചൂഷണത്തിനെതിരെ കര്‍ഷകത്തൊഴിലാളികളെയും ധനിക കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകജനതയെയും യോജിപ്പിക്കുന്നതിലെ മുഖ്യപ്രശ്നം. ഇക്കാര്യത്തിലെ യാദൃച്ഛികതയുടെയും നിഷ്ക്രിയത്വത്തിന്‍റെയും സമീപനമോ പ്രശ്നത്തെ അതിലെ ബന്ധങ്ങളുടെ സമഗ്രതയില്‍ പഠിക്കുന്നതിലെ വീഴ്ചയോ നമ്മെ കൊണ്ടെത്തിക്കുന്നത് ഒന്നുകില്‍ കര്‍ഷകത്തൊഴിലാളികളെയും അവരുടെ ആവശ്യങ്ങളെയും സമരങ്ങളെയും പാടെ അവഗണിക്കുന്നതിലേക്കോ ഫ്യൂഡല്‍ ചൂഷണത്തിനെതിരെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പൊതുവായ സംഘര്‍ഷത്തില്‍നിന്നും വേറിട്ട് കര്‍ഷകജനതയുമായുള്ള കര്‍ഷകത്തൊഴിലാളികളുടെ സംഘര്‍ഷത്തിന് ഊന്നല്‍ നല്‍കുന്നതിലേക്കോ ആയിരിക്കും. ആദ്യം പറഞ്ഞ അവഗണനയില്‍നിന്നാണ് മുഖ്യമായും ഇന്നും കര്‍ഷകപ്രസ്ഥാനം ദുരിതമനുഭവിക്കുന്നത്.
ശക്തമായ ഒരു കര്‍ഷകപ്രസ്ഥാനം വികസിപ്പിക്കുന്നതിന് കിസാന്‍ സഭകളും കര്‍ഷകത്തൊഴിലാളി സംഘടനകളും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സാമൂഹിക-സാമ്പത്തിക-സാംസ്കാരികനില ഉയര്‍ത്തുന്നതിനായുള്ള കടമകള്‍ ഏറ്റെടുക്കേണ്ടതും ആവശ്യമാണ്; സാക്ഷരതാ ക്ലാസുകളും സ്പോര്‍ട്സും സാംസ്കാരികപ്രവര്‍ത്തനങ്ങളുമെല്ലാം സംഘടിപ്പിക്കുന്നത്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സ്വയം സഹായപ്രസ്ഥാനവും സാമൂഹ്യ അവശതകള്‍ക്കെതിരായ സമരവും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നത്, പൊതുജനാരോഗ്യപരിപാടികള്‍, ധാര്‍മികോന്നമനത്തിനായുള്ള മറ്റു വിവിധ രൂപങ്ങളിലുള്ള പരിപാടികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍പെടുന്നു.
"കിസാന്‍ സഭകളുടെയും കര്‍ഷകത്തൊഴിലാളി സംഘടനകളുടെയും ഓഫീസുകള്‍ നിത്യവും തുറന്ന് പ്രവര്‍ത്തിക്കണം; ഭൂപ്രഭുക്കളുമായും ഗവണ്‍മെന്‍റ് ഓഫീസര്‍മാരുമായും മറ്റു പൊതുസ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് കര്‍ഷകജനസാമാന്യം നേരിടുന്ന വിവിധ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയും പരിഹാരം കാണുകയും വേണം; അവര്‍ക്ക് നിയമപരമായി സഹായങ്ങള്‍ നല്‍കണം; കൃഷി അഭിവൃദ്ധിപ്പെടുത്താനുള്ള ഏറ്റവും പുതിയ രീതികള്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ അവരെ സഹായിക്കണം; അവരുടെ വിളകളെയും കന്നുകാലികളെയും ബാധിക്കുന്ന കീടങ്ങളെ ചെറുക്കാന്‍ അവരെ സഹായിക്കണം; നല്ലയിനം വിത്തുകളും കാര്‍ഷികോപകരണങ്ങളും വളങ്ങളും ലഭ്യമാക്കാനും പാടങ്ങളില്‍ യഥാസമയം വെള്ളം എത്തിക്കാനും അവരെ സഹായിക്കണം; കര്‍ഷകരുടെ ജീവിതവുമായും ദൈനംദിന തൊഴിലുമായുമാകെ ബന്ധപ്പെട്ട സമാനമായ മറ്റനേകം പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണം.
"മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ കിസാന്‍ സഭയും കര്‍ഷകത്തൊഴിലാളി സംഘടനയും കര്‍ഷകരുടെ ജീവിതത്തിന്‍റെ അവിഭാജ്യഭാഗമായി മാറണം; അവര്‍ക്ക് വേണ്ട ഉപദേശങ്ങളും സഹായവും സ്ഥിരമായി ലഭിക്കുന്ന ഇടമായി മാറണം.
"നമ്മുടെ കര്‍ഷകസമരങ്ങളില്‍ വിജയം കൈവരിക്കുന്നതിന്, തൊഴിലാളിവര്‍ഗത്തിന്‍റെ സജീവപിന്തുണ നേടിയെടുക്കാന്‍ നമുക്ക് കഴിയണം. എന്നാല്‍ ഇവിടെയാണ് പാര്‍ടി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്. തൊഴിലാളിവര്‍ഗത്തിനിടയില്‍ കര്‍ഷകജനതയുടെ ആവശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനു നമുക്ക് കഴിയുന്നില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കി പൊതുപണിമുടക്കുമായി മുന്നോട്ടുവരുന്നതുപോകട്ടെ യോഗങ്ങളും പ്രകടനങ്ങളും നടത്താന്‍ തൊഴിലാളിവര്‍ഗത്തെ കൊണ്ടുവരുന്നതിനുപോലും നമുക്ക് കഴിയുന്നില്ല.
'ഇതുപോലെ തന്നെ തൊഴിലാളിവര്‍ഗത്തിന്‍റെ ആവശ്യങ്ങളെയും സമരങ്ങളെയും കുറിച്ച് പാര്‍ടി കര്‍ഷകര്‍ക്കിടയിലും പ്രചരണം നടത്തണം; തൊഴിലാളിവര്‍ഗത്തിന്‍റെ ആവശ്യങ്ങള്‍ക്കും സമരങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ കര്‍ഷകജനതയെയും അണിനിരത്തണം. അങ്ങനെ മാത്രമേ നമ്മുടെ ആത്യന്തിക വിജയം ഉറപ്പാക്കുന്നതിനു തൊഴിലാളിവര്‍ഗവും കര്‍ഷകജനസാമാന്യവും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാന്‍ നമുക്ക് കഴിയൂ.
"വ്യാവസായിക കേന്ദ്രങ്ങളില്‍ നിന്നും സമീപപ്രദേശങ്ങളിലുള്ള കാര്‍ഷികമേഖലയില്‍ കര്‍ഷകപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരാന്‍ തൊഴിലാളിവര്‍ഗത്തില്‍പെട്ട പാര്‍ടി കേഡര്‍മാരെ അയക്കുന്നതിന് പാര്‍ടി നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കം നടത്തണം.
"പാര്‍ടിയും കര്‍ഷകപ്രസ്ഥാനവും കര്‍ഷകജനസാമാന്യത്തെ മൂന്നാം ലോകയുദ്ധം അഴിച്ചുവിടാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വവാദികളും അവരുടെ ജൂനിയര്‍ പങ്കാളി ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളും നയിക്കുന്ന യുദ്ധക്കൊതിയന്മാരുടെ നിഗൂഢനീക്കങ്ങള്‍ക്കെതിരെ അണിനിരത്തണം.
"കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരിപാടിയും നയവും ജനസേവനത്തിലുള്ള, പ്രത്യേകിച്ച് കര്‍ഷക ജനസാമാന്യത്തിന്‍റെ സേവനത്തിലുള്ള, പാര്‍ടിയുടെ അചഞ്ചലമായ നിലപാടും പ്രചരിപ്പിക്കേണ്ടതും ആവശ്യമാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായ ഉശിരന്മാരെ പാര്‍ടിയിലേക്ക് റിക്രൂട്ടു ചെയ്യുന്നതിനും അവര്‍ക്ക് പാര്‍ടി വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ട ചിട്ടയായ കാംപ്യെന്‍ ഒരുവശത്ത് നടത്തുന്നതിനൊപ്പം മറുവശത്ത് ഇടത്തരക്കാരില്‍ നിന്നും ബുദ്ധിജീവി വിഭാഗങ്ങളില്‍ നിന്നും വരുന്ന പാര്‍ടി കാഡര്‍മാരെ കര്‍ഷകജനതയ്ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനു അയക്കാന്‍ വേണ്ട ചിട്ടയായ പ്രവര്‍ത്തനവും പാര്‍ടി ഏറ്റെടുക്കണം. അങ്ങനെ ആയാല്‍ മാത്രമേ നമ്മുടെ അടിയന്തരവും അത്യന്താപേക്ഷിതവുമായ കടമകളിലൊന്നായ ദശലക്ഷക്കണക്കിനു വരുന്ന കര്‍ഷകരുമായും കര്‍ഷകത്തൊഴിലാളികളുമായുമുള്ള പാര്‍ടിയുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയൂ.
"കിസാന്‍ സഭയില്‍ ചേരുന്നതിനും അതിന്‍റെ നാനാവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും കര്‍ഷകസ്ത്രീകളെ അണിനിരത്താന്‍ പാര്‍ടിയും കര്‍ഷകപ്രസ്ഥാനവും പ്രത്യേക പരിശ്രമം നടത്തണം. സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ചും കര്‍ഷക സ്ത്രീകളെ ബാധിക്കുന്നവയ്ക്ക്, രൂപം നല്‍കാന്‍ പ്രത്യേക നീക്കം നടത്തണം; അവ നേടിയെടുക്കുന്നതിന് വേണ്ടിപ്പൊരുതുന്നതിനു അവശ്യം വേണ്ട നടപടികളും ഉണ്ടാവണം. കര്‍ഷക വനിതാ കാഡര്‍മാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും പ്രത്യേക പരിശ്രമം നടത്തണം.
"നിരവധി പ്രശ്നങ്ങളില്‍ നാം പ്രസ്ഥാനത്തിനു പിന്നിലായാണ് നീങ്ങുന്നത്. സങ്കല്‍പ്പനങ്ങളിലുള്ള വ്യക്തതയില്ലായ്മയും ആശയക്കുഴപ്പവുമാണ് ഇതിന്‍റെ കാരണങ്ങളിലൊന്ന്. കര്‍ഷകജനതയുടെ വര്‍ഗീകരണം, ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയുടെ കൊളോണിയല്‍ ഘടന, കാര്‍ഷിക വികാസത്തിലെ സമീപകാല പ്രവണതകള്‍, കോണ്‍ഗ്രസിന്‍റെ കാര്‍ഷികനിയമ നിര്‍മാണങ്ങളുടെ ദിശ എന്നിവയെകുറിച്ച് പാര്‍ടി വിശകലനം നടത്തണം; കേന്ദ്ര കമ്മിറ്റി എഐകെഎസിന്‍റെ നേതൃനിരയിലെ സഖാക്കളുമായി ആശയവിനിമയം നടത്തി ഇക്കാര്യം നിര്‍വഹിക്കണം.
"ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വില്ലേജ്, യൂണിറ്റ് അഥവാ അടിസ്ഥാന യൂണിറ്റ് കിസാന്‍ സഭകള്‍ സജീവവും പ്രവര്‍ത്തനക്ഷമവുമായിരിക്കണം. ഇതേ വരെ ഈ യൂണിറ്റുകള്‍ കടലാസില്‍ മാത്രമാണുള്ളത്. അവ കെട്ടിപ്പടുക്കുകയും അവയെ പ്രവര്‍ത്തനക്ഷമമാക്കുകയുമെന്നത് സുപ്രധാന കടമകളിലൊന്നാണ്."•