സോഷ്യലിസ്റ്റ് രജിസ്റ്ററിന്‍റെ ചോരയും വിയര്‍പ്പും

പി എസ് പൂഴനാട്

കോവിഡ് മഹാമാരി എത്രയെത്ര മനുഷ്യരെയാണ് നമ്മളില്‍നിന്നും നിരന്തരം പറിച്ചെടുത്തുകൊണ്ടിരിക്കുന്നത്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആ മനുഷ്യരുടെ വേര്‍പാടുകള്‍ മനുഷ്യരായ മനുഷ്യരെ മുഴുവന്‍ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ലിയോപാനിച്ച് എന്ന മാര്‍ക്സിസ്റ്റ് ധൈഷണിക പ്രതിഭയെ കോവിഡ് കവര്‍ന്നെടുത്തത്. ക്യാന്‍സര്‍ ചികിത്സിലായിരിക്കെ ആശുപത്രിയില്‍വെച്ചായിരുന്നു പാനിച്ചിനെ കോവിഡ് പിടികൂടിയത്. എന്നാല്‍ ഒരു കോവിഡിനും തകര്‍ക്കാനാവാത്ത ആര്‍ജവത്തോടെയും ആത്മവീര്യത്തോടെയുമായിരുന്നു ആ ആശുപത്രിക്കിടക്കയില്‍വെച്ച്, ലോക ഇടതുപക്ഷത്തിന്‍റെ ബൗദ്ധിക നക്ഷത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഷ്യലിസ്റ്റ് രജിസ്റ്ററിന്‍റെ 2021ലെ പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങില്‍ ലിയോ പാനിച്ച് ഓണ്‍ലൈനായി പങ്കെടുത്തത്. 
സോഷ്യലിസത്തിന്‍റെ ആശയാവലികളെ ഗൗരവത്തോടെ സമീപിക്കുന്ന ആര്‍ക്കും ലിയോ പാനിച്ച് എന്ന കനേഡിയന്‍ ചിന്തകനെ മറക്കാനാവില്ല. 1964ലായിരുന്നു ലോക ഇടതുപക്ഷത്തിന്‍റെ ബൗദ്ധിക സാന്നിധ്യമായി സോഷ്യലിസ്റ്റ് രജിസ്റ്റര്‍ പിറന്നുവീണത്. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകരും തൊഴിലാളി പ്രവര്‍ത്തകരുമായിരുന്ന റാല്‍ഫ് മിലിബാന്‍ഡും ജോണ്‍ സാവിലുമായിരുന്നു സോഷ്യലിസ്റ്റ് രജിസ്റ്ററിന്‍റെ സ്ഥാപക എഡിറ്റര്‍മാരായി പ്രവര്‍ത്തിച്ചത്. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ പ്രവണതകളെയും ആശയ സ്വരൂപങ്ങളെയും പ്രസ്ഥാന രൂപങ്ങളെയും മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തിന്‍റെ തീച്ചൂളകളില്‍വെച്ച് ചുട്ടെടുക്കുന്ന അതീവമേറിയ പ്രബന്ധങ്ങളെ ഉള്‍ച്ചേര്‍ത്തുകൊണ്ട് പുസ്തക രൂപത്തിലാണ് ഒരു വര്‍ഷം ഒന്ന് എന്ന നിലയില്‍ സോഷ്യലിസ്റ്റ് രജിസ്റ്റര്‍ പുറത്തിറങ്ങുന്നത്. 1985-ലായിരുന്നു റാല്‍ഫ് മിലിബാന്‍ഡിനൊപ്പം സോഷ്യലിസ്റ്റ് രജിസ്റ്ററിന്‍റെ സഹ-എഡിറ്ററായി ലിയോ പാനിച്ച് മാറിത്തീരുന്നത്. 1994-ല്‍ റാല്‍ഫ് മിലിബാന്‍ഡ് അന്തരിച്ചതിനെതുടര്‍ന്ന് സോഷ്യലിസ്റ്റ് രജിസ്റ്ററിന്‍റെ മുഖ്യ എഡിറ്ററുടെ ചുമതല ലിയോ പാനിച്ചിനാണ് നല്‍കപ്പെട്ടത്. കോവിഡ്ബാധിച്ച് 2020 ഡിസംബര്‍ 19ന് മരണത്തിന് കീഴടങ്ങുന്നതുവരെ അനിതര സാധാരണമായ ബൗദ്ധിക ആര്‍ജവത്തോടെയും അടങ്ങാത്ത സോഷ്യലിസ്റ്റ് പ്രതിബദ്ധതയോടെയും സുദീര്‍ഘമായ 35 വര്‍ഷക്കാലം സോഷ്യലിസ്റ്റ് രജിസ്റ്ററിന്‍റെ പണിപ്പുരയില്‍ അദ്ദേഹംമുങ്ങിത്താണുകൊണ്ടിരിക്കുകയായിരുന്നു. 
കിഴക്കന്‍ യൂറോപ്പില്‍നിന്നും കാനഡയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു ജൂത തൊഴിലാളിവര്‍ഗ കുടുംബത്തിലായിരുന്നു ലിയോപാനിച്ച് ജനിച്ചത്. മാതാപിതാക്കള്‍ സോഷ്യലിസ്റ്റുകള്‍ ആയിരുന്നതുകൊണ്ട് കുട്ടിക്കാലത്തുതന്നെ സോഷ്യലിസ്റ്റ് ആശയാവലികള്‍ പാനിച്ചിനെയും വരിഞ്ഞുമുറുക്കിയിരുന്നു. ചെറുപ്പകാലത്ത് കാറല്‍ മാര്‍ക്സിന്‍റെ "അര്‍ഥശാസ്ത്ര വിമര്‍ശനത്തിനൊരു സംഭാവന'യുടെ ആമുഖം വായിച്ചതോടെ താനൊരു മാര്‍ക്സിസ്റ്റായി തീര്‍ന്നുവെന്നും ഒരു അഭിമുഖ സംഭാഷണത്തില്‍ പാനിച്ച് വ്യക്തമാക്കുന്നുണ്ട്.കാനഡയിലെ മനിടോബ യൂണിവേഴ്സിറ്റിയില്‍നിന്നും രാഷ്ട്രതന്ത്ര ശാസ്ത്രത്തില്‍ ബിരുദം നേടിയതിനെ തുടര്‍ന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ ചേര്‍ന്നു പഠിക്കാന്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ പാനിച്ച് ലണ്ടനിലേക്ക് യാത്രയായി. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നായിരുന്നു എംഎയും പിഎച്ച്ഡിയും നേടിയത്. 
ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ ലിയോ പാനിച്ചിന്‍റെ അധ്യാപകനായിരുന്നു റാല്‍ഫ് മിലിബാന്‍ഡ്. റാല്‍ഫ് മിലിബാന്‍ഡിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പാനിച്ച് ഡോക്ടറേറ്റ് പ്രബന്ധം പൂര്‍ത്തിയാക്കിയത്. ബ്രിട്ടീഷ് ലേബര്‍ പാര്‍ടിയുടെ സാമ്പത്തിക തന്ത്രങ്ങളെക്കുറിച്ചുള്ളതായിരുന്നു പ്രബന്ധം. 1976-ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസായിരുന്നു ആ പ്രബന്ധത്തെ "സോഷ്യല്‍ ഡെമോക്രസിയും വ്യാവസായിക സമരോത്സുകതയും" എന്ന പേരില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. 1984 മുതല്‍ ടൊറന്‍റ്റോയിലെ യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍  രാഷ്ട്രതന്ത്രശാസ്ത്ര അധ്യാപകനായി തുടര്‍ന്നു. 2002-ല്‍ യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ താരതമ്യ അര്‍ഥശാസ്ത്ര വിഭാഗത്തിലെ കാനഡ റിസര്‍ച്ച് ചെയറില്‍ നിയമിതനായി. ഇത്തരത്തില്‍ ലഭ്യമായ അക്കാദമികമായ ഉന്നതസ്ഥാനങ്ങളെയെല്ലാം പുതിയ പുതിയ അന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും സംവാദങ്ങളുടെയും പുതിയ വേദികളാക്കി ലിയോ പാനിച്ച് പരിവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു. പാര്‍ടികളുടെയും ട്രേഡ്യൂണിയനുകളുടെയും സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ആക്ടിവിസ്റ്റുകളുമായി നിരന്തരം സംവാദത്തിലേര്‍പ്പെട്ടുകൊണ്ടായിരുന്നു ലിയോ പാനിച്ച് തന്‍റെ ഗവേഷണങ്ങളെയും അധ്യാപനത്തെയും പരസ്പരം സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ടു നീങ്ങിയത്. 
നിരവധി പ്രമേയ പരിസരങ്ങള്‍ ലിയോ പാനിച്ചിന്‍റെ പഠന പ്രവര്‍ത്തനങ്ങളിലും അന്വേഷണങ്ങളിലും ഒരു നിത്യസാന്നിധ്യമായി തുടര്‍ന്നുകൊണ്ടിരുന്നു. സോഷ്യല്‍ ഡെമോക്രസിയുടെ വാഗ്ദാനങ്ങളെയും വാഗ്ദാന ലംഘനങ്ങളെയുംകുറിച്ചുള്ള ആശയതലങ്ങള്‍ ഇത്തരം അന്വേഷണങ്ങളുടെ പ്രധാനപ്പെട്ട ഒരു ഘടക സാന്നിധ്യമായി പാനിച്ചില്‍ നിലനിന്നിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പ്രോജക്ടിലൂടെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത നേട്ടങ്ങളെ അദ്ദേഹം വിലമതിക്കുന്നുണ്ട്. അതേസമയംതന്നെ സോഷ്യല്‍ ഡെമോക്രസിയുടെ അതിനിശിതമായ വിമര്‍ശനവും പാനിച്ചില്‍നിന്നും ഉയര്‍ന്നുപൊങ്ങുന്നുണ്ട്. ബ്രിട്ടീഷ് ഭരണകൂടക്രമത്തിന്‍റെ അധികാരതലങ്ങളിലെത്തിയപ്പോഴെല്ലാം തൊഴിലാളി യൂണിയനുകള്‍ക്കും ഇടതുപക്ഷത്തിനുമെതിരെ ലേബര്‍പാര്‍ടി കെട്ടഴിച്ചുവിട്ട ആക്രമണങ്ങള്‍ അതി ഭീകരമായിരുന്നു. അതോടൊപ്പം ഭരണത്തിലേറിയപ്പോഴെല്ലാം തൊഴിലുടമകളുടെ താല്‍പര്യങ്ങളെയായിരുന്നു ആ പാര്‍ടി ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മൂന്നാം മാര്‍ഗ പദ്ധതിയുടെ കടുത്ത വിമര്‍ശകനായും പാനിച്ച് നിലയുറപ്പിച്ചു.
സോഷ്യലിസ്റ്റ് രജിസ്റ്ററിന്‍റെ എഡിറ്റര്‍ എന്ന നിലയില്‍ മൗലികമായ അന്വേഷണങ്ങളുടെയും സിദ്ധാന്ത രൂപീകരണത്തിന്‍റെയും വലിയ തലങ്ങളെയായിരുന്നു പാനിച്ച് ലോകത്തിന് കാട്ടിക്കൊടുത്തത്. സോവിയറ്റ് സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ച വലിയ ആഘാതങ്ങളായിരുന്നു ആശയതലത്തിലും പ്രായോഗികതലത്തിലും ഇടതുപക്ഷത്തിനേല്‍പിച്ചത്. ഇടതുപക്ഷ ആശയങ്ങളും മാര്‍ക്സിസവും ഭീകരമായ വെല്ലുവിളികളെ നേരിട്ട ഘട്ടമായിരുന്നു അത്. വിവിധ തരത്തിലുള്ള പോസ്റ്റ് സിദ്ധാന്തങ്ങളും സ്വത്വ രാഷ്ട്രീയ പ്രവണതകളും അക്കാദമികള്‍ക്കുള്ളിലേക്ക് വലിഞ്ഞുകയറിയ ഘട്ടം കൂടിയായിരുന്നു അത്. മാര്‍ക്സിസ്റ്റ് ധൈഷണിക പ്രവര്‍ത്തനം വളഞ്ഞിട്ടാക്രമിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റ് രജിസ്റ്ററിന് പുതിയൊരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷാ നിര്‍ഭരമായ സ്വപ്നങ്ങളെക്കുറിച്ച് യാതൊരുവിധ പതര്‍ച്ചയുമുണ്ടായിരുന്നില്ല. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സോഷ്യലിസത്തിന്‍റെ പതാകയെ ആര്‍ത്തിയോടെ അത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരുന്നു. വര്‍ഗസമരത്തെയും തൊഴിലാളിവര്‍ഗത്തിന്‍റെ പ്രാധാന്യത്തെയും സംഘടനാപരമായ ആവിഷ്കാരങ്ങളുടെ പ്രസക്തിയെയും തള്ളിക്കളയാന്‍ അത് ഒരിക്കലും തയ്യാറല്ലായിരുന്നു. 
ലിയോ പാനിച്ചിന്‍റെ "സോഷ്യലിസത്തിന്‍റെ പുതുക്കല്‍" എന്ന പുസ്തകം സോഷ്യലിസത്തെയും ജനാധിപത്യത്തെയും ഇടതു തന്ത്രങ്ങളെയും കുറിച്ചുള്ള മൗലികമായ പുതു വിചാരങ്ങളുടെ ആകെത്തുകയാണ്. ഇടതുപക്ഷത്തിന്‍റെ വ്യത്യസ്ത തന്ത്രങ്ങളെക്കുറിച്ചുള്ള അതി വിപുലമായ ചര്‍ച്ചകള്‍ ഈ പുസ്തകത്തില്‍ ലഭ്യമാണ്. വിപ്ലവാത്മകവും പരിഷ്കരണവാദപരവുമായ വിവിധ പ്രയോഗങ്ങളെക്കുറിച്ചും പാനിച്ച് ചര്‍ച്ചചെയ്യുന്നു. പഴയകാല ഇടതുപക്ഷത്തിന്‍റെയും പുത്തന്‍ ഇടതുപക്ഷത്തിന്‍റെയും ശക്തി ദൗര്‍ബല്യങ്ങളെക്കുറിച്ചും കമ്യൂണിസ്റ്റ് ഭരണക്രമങ്ങളുടെ തകര്‍ച്ചകളുടെ കാരണങ്ങളെക്കുറിച്ചും ഇവിടെ അന്വേഷിക്കപ്പെടുന്നു. ജനാധിപത്യവും മാര്‍ക്സിസവും തമ്മിലുള്ള ബന്ധപരിസരങ്ങളും പുതിയ കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് മാനിഫെസറ്റോയുടെ വര്‍ധിതമായ പ്രാധാന്യവും അടിവരയിടുന്നു. ഇരുപതാംനൂറ്റാണ്ടിലെ സോഷ്യലിസത്തിന്‍റെ പരാജയകാരണങ്ങളും ചര്‍ച്ചയ്ക്കെടുക്കുന്നു. ജനാധിപത്യവും സമത്വവും സോഷ്യലിസത്തിന്‍റെ മുഖ്യലക്ഷ്യങ്ങളായി നിലനില്‍ക്കുമ്പോള്‍തന്നെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവനാത്മകമായ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും പാനിച്ച് അടിവരയിടുന്നുണ്ട്. തൊഴിലാളി പ്രസ്ഥാനങ്ങളെ പുനര്‍വിഭാവനം ചെയ്യേണ്ടതിന്‍റെയും പുനഃസംഘാടനം ചെയ്യേണ്ടതിന്‍റെയും പുനര്‍ജനാധിപത്യവത്കരിക്കേണ്ടതിന്‍റെയും ആവശ്യകതയിലേക്കും പാനിച്ച് വിരല്‍ചൂണ്ടുന്നു. ഇതിന്‍റെയൊരു സമഗ്രതയ്ക്കുള്ളില്‍വെച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയൊരു സോഷ്യലിസത്തെക്കുറിച്ചുള്ള തെളിമയാര്‍ന്ന ചിത്രങ്ങള്‍ തെളിഞ്ഞുവരാന്‍ തുടങ്ങും. 
സമകാലിക സന്ദര്‍ഭത്തില്‍ സാമ്രാജ്യത്വത്തിന്‍റെ അര്‍ഥം എന്താണ്? എങ്ങനെയൊക്കെയാണ് അമേരിക്കന്‍ ഐക്യനാടുകള്‍ തങ്ങളുടെ താല്‍പര്യാര്‍ഥം ലോകത്തിന്‍റെ മറ്റിടങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്? അമേരിക്കന്‍ താല്‍പര്യങ്ങളെ സ്ഥാനപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക താല്‍പര്യങ്ങള്‍ എന്തൊക്കെയാണ്? ഒരു സൂപ്പര്‍ പവറിലേക്കുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ ഉദയം എങ്ങനെയൊക്കെയാണ്? പഴയ നിലയിലുള്ള അന്തര്‍-സാമ്രാജ്യത്വ സംഘര്‍ഷങ്ങളെ അവസാനിപ്പിച്ചിരിക്കുന്നത്? ഇത്തരത്തിലുള്ള നിരവധിയായ അന്വേഷണങ്ങളിലേക്കും ലിയോ പാനിച്ച് ആഴ്ന്നിറങ്ങുന്നുണ്ട്. 
യഥാര്‍ഥത്തില്‍ ലിയോ പാനിച്ചിന്‍റെ ഏറ്റവും വലിയ ബൗദ്ധിക സംഭാവനയായി നിലനില്‍ക്കുന്നത് ആഗോളവത്കരണത്തെ പ്രാവര്‍ത്തികമാക്കുന്നതില്‍ അമേരിക്കന്‍ ഭരണകൂടത്തിന്‍റെ പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അതിഗഹനമായ പഠനങ്ങളാണ്. തന്‍റെ ഏറ്റവും പ്രിയപ്പട്ട സുഹൃത്തും സോഷ്യലിസ്റ്റ് രജിസ്റ്ററിന്‍റെ സഹ എഡിറ്ററുമായ സാം ഗിന്‍ഡിനുമായി ചേര്‍ന്ന് ലിയോ പാനിച്ച് 2012ല്‍ എഴുതിത്തീര്‍ന്ന പുസ്തകമാണ് "ആഗോള മുതലാളിത്തത്തെ ഉണ്ടാക്കിയെടുക്കല്‍: അമേരിക്കന്‍ സാമ്രാജ്യത്തിന്‍റെ അര്‍ഥശാസ്ത്രം" പത്തുവര്‍ഷത്തെ അന്വേഷണങ്ങളുടെ ആകെത്തുകയായിരുന്നു ഈ പുസ്തകം. ഈ പുസ്തകത്തിനായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് പഠന ഗ്രന്ഥത്തിനുള്ള 2013ലെ ഐസക്ക് & തമാര ഡ്വെഷ്വര്‍ സ്മാരക സമ്മാനം ലഭിച്ചത്. ആഗോളവത്കരണ കാലഘട്ടത്തില്‍ ദേശരാഷ്ട്രങ്ങള്‍ അപ്രത്യക്ഷമായെന്നും ലോക മുതലാളിത്തത്തിന് കേന്ദ്ര സ്ഥാനമില്ലെന്നും അന്‍റോണിയോ നെഗ്രിയെപ്പോലുള്ള ചിന്തകന്മാര്‍ വാദിച്ചുകൊണ്ടിരുന്ന ചരിത്ര സന്ദര്‍ഭത്തിലായിരുന്നു പാനിച്ചിന്‍റെ പുസ്തകം പുറത്തുവരുന്നത്. അന്‍റോണിയോ നെഗ്രിയെപ്പോലുള്ളവര്‍ മുന്നോട്ടുവെച്ച അമൂര്‍ത്തവും ആശയവാദപരവുമായ ആശയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രത്യാക്രമണം കൂടിയായിരുന്നു പ്രസ്തുത പുസ്തകം. 
മൂലധനത്തിന്‍റെ അന്താരാഷ്ട്രവത്കരണത്തെ സാധ്യമാക്കിത്തീര്‍ക്കുന്നത് സാങ്കേതികവിദ്യകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളോ സ്വയംഭരണ സാമ്പത്തികശക്തികളോ അല്ലെന്ന് ലിയോ പാനിച്ച് വ്യക്തമാക്കുന്നു. യഥാര്‍ഥത്തില്‍ മൂലധനത്തിന്‍റെ അന്താരാഷ്ട്രവത്കരണത്തെ സാധ്യമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആധാരശിലയെന്നത് അമേരിക്കന്‍ ഭരണകൂടത്തിന്‍റെ രാഷ്ട്രീയ പദ്ധതിയാണ്. അതായത് മൂലധന വെട്ടിപ്പിടുത്തത്തിന്‍റെ ആഗോളവത്കരണത്തെ പിന്‍പറ്റിക്കൊണ്ട് ഒരു സവിശേഷരീതിയിലുള്ള ഭരണകൂടക്രമത്തിന്‍റെ ആഗോളവത്കരണംകൂടി സംഭവിക്കുന്നുണ്ട്. ഇതുരണ്ടും ഒരുമിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. മുതലാളിത്തത്തിന്‍റെ ആഗോളവത്കരണത്തെ നടപ്പാക്കുന്നതാകട്ടെ അമേരിക്കന്‍ ഭരണവര്‍ഗം വിരിയിച്ചെടുത്ത ഭരണകൂട രൂപത്തിന്‍റെ അധികാരത്തിനും സ്വാധീനത്തിനും കൈകോര്‍ത്തുകൊണ്ടാണ്. അതുകൊണ്ടുതന്നെ ആഗോളവത്കരണമെന്നത് സൂക്ഷ്മാര്‍ഥത്തില്‍ അമേരിക്കന്‍ അധീശത്വത്തിന്‍റെ എല്ലായിടങ്ങളിലുമുള്ള ആഴ്ന്നിറങ്ങലിനെയാണ് സാക്ഷ്യപ്പെടുത്തുന്നത്. സര്‍ഗാത്മകമായും ജനാധിപത്യപരമായും പുനഃസംഘാടനം ചെയ്യപ്പെട്ട തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ മാത്രമെ ഈയൊരു അധീശത്വത്തെ അതിജീവിക്കാനാവൂ എന്നും പാനിച്ച് വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു തൊഴിലാളി പ്രസ്ഥാനത്തിന്‍റെ സമഗ്രതയ്ക്കാവശ്യമായ ബൗദ്ധിക വിഭവങ്ങള്‍ സമ്മാനിക്കാനുള്ള അന്വേഷണങ്ങള്‍കൂടിയായിരുന്നു പാനിച്ചിന്‍റെ ജീവിതം. 
ആധുനിക നവ ലിബറല്‍ മുതലാളിത്തവും അമേരിക്കന്‍ ഭരണകൂടവും തമ്മിലുള്ള അഗാധമായ ബന്ധതലങ്ങളെ വിശകലനവിധേയമാക്കിക്കൊണ്ട്, മുതലാളിത്തം അതിന്‍റെ നൈസര്‍ഗികതയില്‍തന്നെ എങ്ങനെയാണ് അനീതിയുടെയും ജനാധിപത്യവിരുദ്ധതയുടെയും പര്യായമാകുന്നതെന്നും ലിയോ പാനിച്ച് തെളിയിക്കുന്നു. അതോടൊപ്പം രണ്ടാം ലോക മഹായുദ്ധാനന്തരം ആഗോള മുതലാളിത്ത വ്യവസ്ഥയെ വ്യാപിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അമേരിക്കന്‍ ഭരണകൂട സ്ഥാപനങ്ങളായ ട്രഷറി വകുപ്പിനും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനുമുള്ള സവിശേഷമായ പങ്കിനെയും ലിയോ പാനിച്ച് കൂടുതല്‍ കൃത്യതയോടെ പുറത്തു കൊണ്ടുവരുന്നു. 
ഇങ്ങനെ ആഗോളവത്കരണത്തിനും അമേരിക്കന്‍ ഭരണകൂടത്തിനും എതിരെ സൈദ്ധാന്തികമായി പൊരുതിനില്‍ക്കുകയും സോഷ്യലിസത്തിനുവേണ്ടി പ്രതിബദ്ധതയോടെ നിലയുറപ്പിക്കുകയും ചെയ്ത സമരോത്സുകനായ മാര്‍ക്സിസ്റ്റ് ചിന്തകനായിരുന്നു ലിയോ പാനിച്ച്. പുതിയൊരു ലോകത്തിനുവേണ്ടി പോരാടുന്നവര്‍ക്കുമുന്നില്‍ പാനിച്ച് സമ്മാനിച്ച ആശയ ലോകങ്ങള്‍ കൂടുതല്‍ കരുത്തോടെയും ആവേശത്തോടെയും വരും നാളുകളില്‍ കത്തിപ്പടര്‍ന്നുതന്നെ നില്‍ക്കും.•