ഈ കൊലപാതകങ്ങള്‍ ജനവിരുദ്ധ ശക്തികളുടെ അജന്‍ഡ

കെ ജെ ജേക്കബ്

1937 ല്‍ അനൗദ്യോഗികമായി കേരളത്തില്‍ രൂപം കൊണ്ട കമ്യൂണിസ്റ്റ് പാര്‍ടി ഇരുപതുകൊല്ലംകൊണ്ട് കേരളത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത് മെച്ചപ്പെട്ട സാമൂഹ്യക്രമത്തിനുവേണ്ടിയുള്ള നവോത്ഥാന ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയത്തിലേക്ക് സംക്രമിപ്പിക്കുകയും മാറ്റത്തിന്‍റെ ആവശ്യം സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ള ബഹുഭൂരിപക്ഷം മനുഷ്യരെയും ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ടാണ്. ദിവാന്‍ ഭരണത്തില്‍ അസ്തമിച്ചുപോകാന്‍ സാധ്യതയുണ്ടായിരുന്ന മാറ്റങ്ങളെ ഏറ്റെടുത്തും രൂക്ഷവും പലപ്പോഴും രക്തരൂഷിതവുമായ സമരങ്ങള്‍ നടത്തിയുമാണ് പാര്‍ടി കേരളത്തിന്‍റെ രാഷ്ട്രീയം പുനര്‍നിര്‍ണയിച്ചത്. മലബാറില്‍ ആ സമരം ബ്രിട്ടീഷ് ഭരണകൂടത്തോടായിരുന്നു. നമ്മുടെ രാജ്യത്ത് അന്നു നിലനിന്നിരുന്ന മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയോ മുന്നോട്ടുകൊണ്ടുപോവുകയോ ചെയ്യാതിരുന്ന വിഷയങ്ങളാണ് കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തത്. അന്നുമുതല്‍ കേരളത്തിന്‍റെ രാഷ്ട്രീയ സ്വഭാവം നിര്‍ണ്ണയിക്കുന്നത് ഇടതുപക്ഷമാണ്.
ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം അത്തരമൊരു അവസ്ഥയിലാണ് കേരളം ഇപ്പോള്‍. ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യ മുന്നോട്ടാണ് പോകുന്നത് എന്നു പറയാന്‍ വയ്യ. ഒരു ചെറിയ ഭാഗം മനുഷ്യരുടെ മാത്രം താല്പര്യസംരക്ഷണമാണ് ഇന്ന് മോഡി സര്‍ക്കാറിന്‍റെ പ്രധാന അജണ്ട; ബാക്കി സര്‍വരും ഈ സര്‍ക്കാരിന്‍റെ ജനദ്രോഹനയങ്ങളുടെ ഇരകളാണ്. കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യവസായികളും കൈത്തൊഴിലുകാരും ഉള്‍പ്പെടെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നതും മറ്റാര്‍ക്കൊക്കെയോ കൈമാറ്റം ചെയ്യുന്നതും കണ്ടുകൊണ്ടിരിക്കുന്നു. അവരില്‍ പലരും ഇപ്പോള്‍ സമര രംഗത്താണ്. എന്നാല്‍ വളരെ ചെറിയ മുതല്‍മുടക്കില്‍ വളരെ ചെറിയ ആശ്വാസം ആളുകള്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ടും മതവര്‍ഗീയതയുടെ മറപറ്റിയും തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കൊള്ളകള്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാരും സര്‍ക്കാരിനെ പിറകില്‍നിന്നു നിയന്ത്രിക്കുന്ന സംഘ പരിവാരവും നടത്തുന്നത്.  
എന്നാല്‍ കേരളം താരതമ്യേന വിഭിന്നമായ ഒരു ഭരണക്രമത്തിനു സാക്ഷ്യം വഹിക്കുകയാണ്. എല്ലാം ഭദ്രമാണെന്നോ, പിഴവുകളും പിശകുകളും ഇല്ലാത്തതാണ് ഇപ്പോള്‍ ഇവിടെയുള്ള സര്‍ക്കാര്‍ എന്നോ ഉള്ള ഒരു നിലപാടും എനിക്കില്ല. പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസമെത്തിച്ചും, നാടിന്‍റെ മുന്നോട്ടുള്ള പോക്കിന് അടിസ്ഥാനമായ മേഖലകളില്‍ നിക്ഷേപം നടത്തിയും അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ പൗരരെ സഹായിച്ചും ഈ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ രാജ്യത്തിന്‍റെ ശ്രദ്ധയിലുണ്ട് എന്നത് ഒരു വസ്തുതയാണ്.
അതൊരു ഇടതുപക്ഷ ബദലാണ് എന്ന ചിന്ത പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ചിന്തയും അതു നയിക്കുന്ന സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി ആളുകള്‍ താരതമ്യം ചെയ്യുന്നത് ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടാകും. ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരു ആലംബവുമില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍ സ്വന്തം വീട് ലക്ഷ്യമാക്കി നടക്കുന്നതും, അവരില്‍ പലരും വഴിയില്‍വെച്ച് മരിച്ചുവീഴുന്നതും, അവര്‍ക്കുവേണ്ടി രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ല എന്നതും ഈ രാജ്യവും ലോകവും കണ്ടിട്ടുണ്ട്; അവരുടെ കണക്കുപോലും കയ്യിലില്ല എന്ന് പാര്‍ലമെന്‍റില്‍ പറയുന്ന തരത്തില്‍ ജനവിരുദ്ധമായിത്തീര്‍ന്ന ഒരു കേന്ദ്ര സര്‍ക്കാരും അതേസമയം അവസാനത്തെ ആള്‍ക്കുവരെ ആശ്വാസമെത്തിക്കാന്‍ ശ്രമം നടത്തുന്ന ഒരു ചെറിയ സംസ്ഥാനവും രാജ്യത്തിന്‍റെ കണ്‍മുമ്പിലുണ്ട്. എപ്പോഴെങ്കിലും അതൊക്കെ ചര്‍ച്ചയാകാതെ വയ്യ.
ഈ ബദല്‍ സാധ്യതയെ അട്ടിമറിക്കാനുമുള്ള ശ്രമം കേന്ദ്ര ഭരണകക്ഷി വളരെക്കാലമായി കൊണ്ടുപിടിച്ചു നടത്തുന്നുണ്ട്. കേരളം രാജ്യവിരുദ്ധരുടെ താവളമാണെന്നും കമ്മ്യൂണിസ്റ്റ്ജിഹാദി സഖ്യമാണ് ഇവിടെ ഭരണം നടത്തുന്നതെന്നുമുള്ള വ്യാഖ്യാനം സംഘപരിവാറുമായി  ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ രാജ്യമെമ്പാടും പ്രചരിപ്പിച്ചുതുടങ്ങിയിട്ടു കുറച്ചുനാളുകളായി. ഇവിടെ നടക്കുന്ന സംഭവങ്ങളെ വക്രീകരിച്ചും നുണചേര്‍ത്തിളക്കിയും മറ്റു ചിലതു സ്വന്തമായി സൃഷ്ടിച്ചും കൊണ്ടുപിടിച്ച പ്രചാരണമാണ് അവര്‍ നടത്തുന്നത്. കേരളം എന്ന ബദലിനെ രാജ്യത്തിന്‍റെ മുന്നില്‍ വികലമാക്കി ചിത്രീകരിച്ച് അതിനെ ഒരു ശരിയായ, യഥാര്‍ത്ഥമായ ബദലല്ല എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. സംസ്ഥാനത്തെ മുക്കിക്കളഞ്ഞ പ്രളയത്തിന്‍റെ ബാധ്യതകള്‍ നേരിടുന്നതിനും പുതിയ സാധ്യതകള്‍ അന്വേഷിക്കുന്നതിനും വിലങ്ങുതടിയായി കേന്ദ്രം നിന്നത് വെറുതെയല്ല എന്നതാണ് യാഥാര്‍ഥ്യം.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് കേരളത്തിലെ മുഖ്യപ്രതിപക്ഷമായ യുഡിഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍.  സര്‍ക്കാരിനെ ജനങ്ങളോട് ഉത്തരം പറയാനുള്ള സംവിധാനമായി നിലനിര്‍ത്തുന്നതില്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിനു സുപ്രധാനമായ പങ്കുണ്ട്. എന്നാല്‍ അതിനാവശ്യമായ രീതിയില്‍ കാര്യങ്ങളെ വസ്തുതാപരമായി സമീപിക്കാനോ പഠനങ്ങള്‍ നടത്താനോ നിലപാടുകള്‍ സ്വീകരിക്കാനോ അങ്ങനെ തെറ്റായ കാര്യങ്ങള്‍ തിരുത്തിക്കാനോ ഉള്ള ആര്‍ജ്ജവമോ സന്നദ്ധതയോ അപൂര്‍വ്വം അവസരങ്ങളില്‍ അല്ലാതെ യുഡിഎഫ് സ്വീകരിച്ചതായി കണ്ടിട്ടില്ല; പകരം ചിലപ്പോഴെങ്കിലും കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കു അവര്‍ കൂട്ടുനില്‍ക്കുന്നതായാണ് പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ കണ്ടിട്ടുള്ളത്. സ്വന്തം ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയാതെ മാധ്യമ അജണ്ടയ്ക്കനുസരിച്ച് തങ്ങളുടെ ചര്‍ച്ചാവിഷയങ്ങള്‍ രൂപപ്പെടുത്തുകയും അത് തകര്‍ന്നുപോകുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയും ചെയ്യുന്ന ഒരു പ്രതിപക്ഷമായി നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ യുഡിഎഫ് മാറി. അവരെ സംബന്ധിച്ചെടത്തോളം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍വിജയം നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാവില്ല എന്നൊരു ബോധ്യം ഇപ്പോള്‍ ഉള്ളതായി കാണാം. എന്നാല്‍ അതു മറികടക്കാനാവശ്യമായ നിലപാടുകളിലേക്കോ  പ്രവര്‍ത്തനങ്ങളിലേക്കോ പോകാന്‍ അവര്‍ക്കു താല്‍പ്പര്യവുമില്ല.പകരം എളുപ്പവഴിയില്‍ അധികാരത്തിലെത്താനുള്ള ത്വരയാണ് ഇപ്പോള്‍ കാണുന്നത്.
ഇവിടെ കേന്ദ്ര ഭരണകക്ഷിയുടെയും സംസ്ഥാനത്തെ പ്രതിപക്ഷത്തിന്‍റെയും ലക്ഷ്യം ഒന്നാവുകയാണ്: ഭരണമാറ്റം. അതില്‍ തെറ്റില്ല. എന്നു മാത്രമല്ല, അങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടതും. പക്ഷേ  അതിനു സ്വീകരിക്കേണ്ട വഴി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലെ പിഴവുകള്‍ കണ്ടെത്തുകയും അവ ജനങ്ങളുടെ മുന്‍പില്‍ തുറന്നുകാട്ടുകയും മെച്ചപ്പെട്ട മാതൃകകള്‍ സൃഷ്ടിച്ചു അവ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു സമ്മിതി നേടുകയും ചെയ്യുക എന്നതാണ്.
അതിനു പകരം എളുപ്പ വഴികള്‍ ഈ രാഷ്ട്രീയ സംവിധാനങ്ങള്‍ തേടുന്നതാണ് നമ്മുടെ കണ്‍മുന്‍പില്‍ ഉള്ളത്. പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്ന് തോന്നുമെങ്കിലും ചില കാര്യങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ അതില്‍ ഒരു പാറ്റേണ്‍ കാണാം. അതിലും ഈ രണ്ട് കക്ഷികളുടെയും ആവശ്യങ്ങള്‍ ഒന്നുചേരുന്നുണ്ട്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിയമവിരുദ്ധവും രാഷ്ട്രീയ ലാക്കോടുകൂടിയതുമായ പ്രവര്‍ത്തനവും സംസ്ഥാനത്തിന്‍റെ ജീവധാരയായ, അല്ലെങ്കില്‍ ആകാനിരിക്കുന്ന പ്രോജക്ടുകളിലേക്കു നിയമവിരുദ്ധമായി അന്വേഷണം നീട്ടുന്നതും അതിന്‍റെ ഭാഗമായാണ്. സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും ഏകപക്ഷീയമായും നിരന്തരമായും ആക്രമിക്കുന്ന മാധ്യമങ്ങള്‍ ഈ തോന്ന്യാസത്തിനു നേരെ കണ്ണടയ്ക്കുന്നു എന്ന് നമ്മള്‍ കാണാതെ പോകരുത്. തിരഞ്ഞെടുപ്പുവരെയെങ്കിലും സര്‍ക്കാരിനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുക എന്നതാണ് അതിന്‍റെ ലക്ഷ്യം. ഈ രണ്ടുകൂട്ടര്‍ക്കുമൊപ്പം ചുവടുവയ്ക്കുകയാണ് യു ഡി എഫ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന വിധത്തില്‍ കേന്ദ്രം പെരുമാറുമ്പോള്‍ അത് കേവലം കക്ഷിരാഷ്ട്രീയ വിഷയമല്ലെന്നും സംസ്ഥാനത്തേയും രാജ്യത്തേയും ബാധിക്കുന്ന വിഷയമാണെന്നുമുള്ള വസ്തുത യുഡിഎഫ് മറന്നു പോകുന്നു. ഏതു അധാര്‍മ്മിക മാര്‍ഗത്തിലൂടെയും സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഒരൊറ്റ അജണ്ടയിലേക്കു കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയം മാറിയിരിക്കുന്നു. ഇടതുപക്ഷം കേരളപ്പിറവിക്കുമുന്‍പ് തുടങ്ങിവെച്ച രാഷ്ട്രീയ ചര്‍ച്ചകളും അതിന്‍റെ ചുവടുപിടിച്ച് ഈ സംസ്ഥാനം നേടിയ നേട്ടങ്ങളും വ്യാജമാണെന്നും അപകടമാണെന്നുമുള്ള വര്‍ഗീയവാദത്തില്‍ അടിസ്ഥാനവും അന്തിമാഭയവും കാണുന്ന പ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് കേരളത്തില്‍ ഇടംകൊടുക്കാനുള്ള ശ്രമത്തിനു യുഡിഎഫ് കൂട്ടുനില്‍ക്കുകയാണ്; അതിനെ ചെറുത്തുനില്‍ക്കുന്ന ഇടതുരാഷ്രീയത്തെ ഇല്ലായ്മ ചെയ്യാനും.  
ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തില്‍ ഈയിടെയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണാന്‍. അടുത്തിടെ നടന്ന ആറു കൊലപാതകങ്ങള്‍ക്കും ഒരു പാറ്റേണുണ്ട്. അവയൊന്നും ഏതെങ്കിലും സംഘര്‍ഷത്തില്‍ നടന്നതല്ല . എന്തെങ്കിലും പ്രതികാരത്തിന്‍റെ ഭാഗമായി നടന്നതുമല്ല. എല്ലാം കാലേക്കൂട്ടി ആസൂത്രണം ചെയ്തു കരുതിക്കൂട്ടി നടത്തിയ കൊലപാതകങ്ങളാണ്. കൊല്ലപ്പെട്ടത് എല്ലാം ചെറുപ്പക്കാരാണ്, മിക്കവാറും പേര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ്.
ഈ പാറ്റേണ്‍ യാദൃച്ഛികമായി ഉണ്ടായതാണെന്ന് കരുതാന്‍ ന്യായമില്ല. എന്തുകൊണ്ടാണ് ഇടതുപക്ഷ പ്രവര്‍ത്തകരെ കൊന്നു തള്ളാം എന്ന അവസ്ഥ വരുന്നത്? ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ടിയുടെ നേതൃത്വം തീരുമാനിച്ചു കൊല്ലാന്‍ ഇറങ്ങിത്തിരിച്ചു എന്നൊരു വാദം എനിക്കില്ല. പക്ഷേ കൊന്നുകളയാം എന്നൊരു തോന്നല്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് വന്നിട്ടുണ്ട്. അതു വെറുതെ വന്നതല്ല.
അധികാര ലബ്ധി അകലെയാണ് എന്നൊരു തോന്നല്‍ ഇന്നത്തെ കേരളത്തിലെ പ്രതിപക്ഷങ്ങളെ, മുഖ്യമായും യുഡിഎഫിനെയും കോണ്‍ഗ്രസിനേയും, ഗ്രസിച്ചിരിക്കുകയാണ്. പല നേതാക്കളുടെ പല സമയത്തുള്ള പ്രസ്താവനകള്‍ അതിനു തെളിവാണ്. വെള്ളപ്പൊക്കവും വരള്‍ച്ചയും വന്നു സര്‍ക്കാര്‍ പരാജയപ്പെടും എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയും കൊറോണ എങ്ങും പോകില്ല എന്ന മറ്റൊരു നേതാവ് ജോസഫ് വാഴക്കന്‍റെയും പ്രസ്താവനകള്‍ അതിനു തെളിവാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലൈഫ്  മിഷനടക്കം എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മുഴുവന്‍ ജനപക്ഷ പദ്ധതികളും നിര്‍ത്തലാക്കും എന്ന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍റെ പ്രസ്താവന സാധാരണ കേരളീയനെ  ഞെട്ടിക്കുമെങ്കിലും യുഡിഎഫ് രാഷ്ട്രീയം വിശകലനം ചെയ്യുന്നവര്‍ക്ക് അതില്‍ അദ്ഭുതം തോന്നില്ല. കാരണം മനുഷ്യര്‍ എന്തു ചിന്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള നേരിട്ടുള്ള അറിവ് ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ക്ക് അന്യമായിരിക്കുന്നു; മാധ്യമങ്ങള്‍ പറയുന്നതാണ് അവരുടെ ധാരണ എന്നുവരുന്നു. അധികാരം കൈയില്‍ കിട്ടാന്‍ എന്തും പറയാം, ചെയ്യാം എന്ന അവസ്ഥയിലേക്കു മുന്നണി നേതൃത്വം മാറിയിരിക്കുന്നു.    
ഈ അവസ്ഥ അണികളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നും അത് കടുത്ത അസഹിഷ്ണുതയായി മാറുന്നു എന്നതിന്‍റെ പ്രതിഫലനമാണ് ഈ കൊലപാതക പരമ്പര എന്നുമാണ് എന്‍റെ വിലയിരുത്തല്‍. രണ്ടു തരത്തിലുള്ള പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുമോ എന്നവര്‍ പരീക്ഷിക്കുന്നു. ഒന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും മുന്നിട്ടിറങ്ങുന്ന ആളുകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ, ഭയപ്പെടുത്തി നിര്‍വീര്യരാക്കാന്‍ പറ്റുമോ എന്നൊരു ശ്രമം. രണ്ട്; സിപിഐ എമ്മിന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും ഒരു തിരിച്ചടിയുണ്ടാക്കുക എന്നതിനുള്ള ശ്രമം. ഇതില്‍ വിജയിച്ചാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റം വരും.
സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ജീവഹാനിയിലെത്തുമെന്നു ഭയപ്പെട്ടാല്‍ കുറച്ചുപേരെങ്കിലും അതു നിര്‍ത്തിയെങ്കിലോ എന്നൊരു പ്രതീക്ഷ ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുണ്ടാവില്ല. കാരണം അവര്‍ ഏതു പ്രത്യയശാസ്ത്രത്തെയോ വിശ്വാസത്തെയോ പിന്‍പറ്റുന്നവരായിക്കൊള്ളട്ടെ, ആരെയെങ്കിലും ഭയപ്പെടുത്തി നിര്‍വീര്യരാക്കാം എന്നു കരുതില്ല; അങ്ങനെ ഒരു ചരിത്രമില്ല. അതിനര്‍ത്ഥം, ഈ പണി ചെയ്യുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ യജമാനന്‍മാര്‍ക്കുവേണ്ടി അവരുടെ രാഷ്ട്രീയം വിട്ടു ക്രിമിനല്‍ കാര്യങ്ങളിലേക്ക് തിരിഞ്ഞു എന്നാണ്. ക്രിമിനലുകള്‍ യു ഡി എഫ് രാഷ്ട്രീയം കൈയേറിത്തുടങ്ങിയിരിക്കുന്നു എന്ന അവസ്ഥ.
രണ്ടാമത്തെ ലക്ഷ്യം ഒരു തിരിച്ചടി സിപിഐ എമ്മിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമോ എന്ന ക്രിമിനല്‍ ലാക്കാണ്. മാധ്യമങ്ങളുടെ ഏകപക്ഷീയമായ ആക്രമണത്തിനു കുന്തമുനയാകാന്‍ അത്തരമൊരു തിരിച്ചടി കാരണമാകും. സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ ആ വാര്‍ത്ത മാധ്യമങ്ങള്‍ തമസ്കരിക്കുകയും സിപിഐ എം പ്രവര്‍ത്തകന്‍ കേസില്‍ പ്രതിയായാല്‍ അത് നിരന്തരം മാധ്യമങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും അതുവഴി പൊതുബോധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ളത്. മാധ്യമങ്ങളുടെ സഹായത്തോടെ വിഷയം സജീവമാക്കി  നിര്‍ത്തി സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റെയും  പ്രവര്‍ത്തനങ്ങളെ ചര്‍ച്ചയില്‍നിന്നു മാറ്റാനും അതുവഴി യഥാര്‍ത്ഥ വിഷയങ്ങള്‍ ഇല്ലാതാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും എന്നവര്‍ക്കറിയാം. അതുവഴി ഒരു തുടര്‍ഭരണത്തിനുള്ള സാധ്യതകളെ അട്ടിമറിക്കത്തക്ക വിധം പൊതുജനാഭിപ്രായം രൂപപ്പെടുത്താന്‍ സാധിക്കും എന്നുമവര്‍ കരുതുന്നു.
കേരളം ഇന്നെത്തിനില്‍ക്കുന്നത് ഒരു നിര്‍ണ്ണായക മുഹൂര്‍ത്തത്തിലാണ്. സംഘപരിവാര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ആയുധമാക്കി നടത്തുന്ന കൊള്ളയ്ക്കും പലപ്പോഴും കൊലയിലേക്കും തന്നെ നയിക്കുന്ന തരത്തിലുള്ള സാമൂഹ്യ പിന്‍നടത്തത്തിനും കേരളത്തെകൂടി വിട്ടുകൊടുക്കണോ അതോ പരിമിതമായെങ്കിലും ഈ സംസ്ഥാനം കെട്ടിപ്പൊക്കുന്ന ബദലുകള്‍ ശക്തിപ്പെടുത്തണോ എന്ന പരമ പ്രധാനമായ രാഷ്ട്രീയ ചോദ്യമാണ് ഇന്ന് കേരളത്തിന് മുന്‍പിലുള്ളത്. രാജ്യത്തെ ഗ്രസിക്കുന്ന ഇരുട്ടിന്‍റെ ശക്തികള്‍ക്ക് നമ്മുടെ അടുത്ത തലമുറയെ ബലികഴിക്കണോ  അതോ ചെറുതെങ്കിലും ജനകീയമായ  ചെറുത്തുനില്‍പ്പുകള്‍ നിലനില്‍ക്കണോ എന്ന ചോദ്യം.
ഈ ചോദ്യങ്ങള്‍ ഒരു നൂറ്റാണ്ടു മുന്‍പ് നമ്മള്‍ കേട്ടിരുന്നു; നമ്മള്‍ അവ ചര്‍ച്ച ചെയ്തിരുന്നു; തീരുമാനം എടുത്തിരുന്നു. അത് നമ്മുടെ രാഷ്ട്രീയമാക്കി ഇക്കാലമത്രയും കൊണ്ടുനടന്നിരുന്നു. അതിന്‍റെ തുടര്‍പ്രവര്‍ത്തനം ആവശ്യമായ ഘട്ടത്തിലാണ് സംസ്ഥാനം ഇപ്പോള്‍. ഏതു പ്രതികൂല പരിതസ്ഥിതിയിലും മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നതാണ്, എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍ ഞാനാണ്, എന്ന് ഉറച്ചുപറയുന്ന ഇടതുപക്ഷരാഷ്ട്രീയ ബദല്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. അതിനെതിരെയുള്ള നുണപ്രചാരണങ്ങള്‍ വകവെക്കില്ല എന്ന് അവര്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അടിവരയിട്ടു പറയുകയും ചെയ്തിട്ടുണ്ട്. പരസ്പരമുള്ള കരുതലില്‍ പുതിയ സമൂഹം കെട്ടിപ്പടുക്കേണ്ട വലിയ ചുമതല അടുത്ത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ചര്‍ച്ചകളിലേക്ക് ഉടനെ കടക്കേണ്ടതുണ്ട്. അത് തടയാനും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നു ചര്‍ച്ച വഴിതിരിച്ചുവിടാനും അതുവഴി അധികാരത്തിലെത്താനുമുള്ള ജനവിരുദ്ധ ശക്തികളുടെ അജണ്ടയുടെ ഭാഗമാണ് ഈ കൊലപാതകങ്ങള്‍. അങ്ങനെയാണ് അവ പതിവിലുമധികം രാഷ്ട്രീയമാവുന്നത്; അങ്ങനെ മനസിലാക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാവുന്നതും. •
                                                                                                                                                                 (അഭിപ്രായങ്ങള്‍ വ്യക്തിപരം)

(എക്സിക്യൂട്ടീവ് എഡിറ്റര്‍,ഡക്കാണ്‍ ക്രോണിക്കിള്‍)