കണ്ണീര്‍ക്കണങ്ങളും രോഷജ്വാലകളും

ഡോ. കാവുമ്പായി ബാലകൃഷ്ണന്‍

"കനിവിന്‍റെ കണ്ണുനീര്‍ കലരാത്ത കരളിന്‍റെ കവിത"യെല്ലാം കപടമാണെന്ന് എഴുതിയത് മലയാളത്തിലെ എക്കാലത്തെയും വലിയ കവികളില്‍ ഒരാളായ വൈലോപ്പിള്ളിയാണ്. എഴുത്തുകാര്‍ മനുഷ്യനീതിയുടെ അഭിഭാഷകരാണെന്ന് പ്രഖ്യാപിച്ചതും അദ്ദേഹംതന്നെ. കനിവിന്‍റെ കണ്ണീര്‍കലര്‍ന്ന കരളോടെ, നിരന്തരം, അനിയന്ത്രിതമായും അതിക്രൂരമായും അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന മണ്ണിനും മനുഷ്യനും പ്രകൃതിക്കും നീതി ലഭിക്കുന്നതിനുവേണ്ടി വാദിക്കുകയും തന്‍റെ കാവ്യജീവിതത്തിലൂടെയും സാമൂഹികജീവിതത്തിലൂടെയും പോരാടുകയുംചെയ്ത കവയിത്രിയാണ് 2020 ഡിസംബര്‍ 23 ന് അന്തരിച്ച സുഗതകുമാരി. 
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെയും സംസ്കൃതം പ്രൊഫസറായ കാര്‍ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 ന് ആറന്മുളയിലാണ് സുഗതകുമാരിയുടെ ജനനം. കാവ്യജീവിതത്തില്‍ തന്നെ ഏറെ സ്വാധീനിച്ചവര്‍ മാതാപിതാക്കളാണെന്ന് അവര്‍ എഴുതിയിട്ടുണ്ട്. സാഹിത്യജീവിതത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും അച്ഛനമ്മമാരുടെ സ്വാധീനം വളരെ പ്രകടമാണ്. 1955-56 കാലത്താണ് അവര്‍ കവിതയെഴുതിത്തുടങ്ങുന്നത്. ഇക്കഴിഞ്ഞ ആറരപ്പതിറ്റാണ്ടുകാലം മലയാളകാവ്യലോകത്തെ ദീപ്തസാന്നിധ്യമായിരുന്നു സുഗതകുമാരി. സൂക്ഷ്മമായ ജീവിതാനുഭവങ്ങളുടെ ചാരുതയാര്‍ന്ന ആവിഷ്കാരമാണ് അവരുടെ കവിതകള്‍. "ആന്തരികമായ ഏതോ ഒരസംതൃപ്തിയുടെ  സമ്മര്‍ദത്താല്‍ തികച്ചും അസ്വസ്ഥമായ ഹൃദയത്തോടെ എന്തിനെപ്പറ്റിയെഴുതുന്നു എന്നറിഞ്ഞുകൂടാതെ ഞാനെഴുതുകയാ"ണെന്ന് അവര്‍ തന്‍റെ കാവ്യരചനയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിലെ  അനീതികളും അതിക്രമങ്ങളും ദുരിതങ്ങളുമെല്ലാം എന്നും കവയിത്രിയെ അസംതൃപ്തയും അസ്വസ്ഥയും ആക്കിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. "കല്ലുപോല്‍ കരളായി, കണ്ണീരുകാണാത്തോരായ്, തന്നില്‍മാത്രമേ പ്രേമമോലുവോരായി സ്വാര്‍ത്ഥഖിന്നരായ് അലസരായ്" കഴിയുന്ന ഭാരതപുത്രന്മാരെക്കുറിച്ച് വിലപിക്കുകയും ഇത്തരം മക്കളുള്ള കാലത്തോളം അമ്മയ്ക്കു മോചനമില്ലെന്ന് ഖേദത്തോടെ വിളിച്ചുപറയുകയും ചെയ്തു ഇവര്‍. 
"ഒരു താരകയെക്കാണുമ്പോളത് രാവുമറക്കും, 
പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും,
പാല്‍ച്ചിരി കണ്ടത് മൃതിയെമറന്ന് സുഖിച്ചേപോകും 
പാവം മാനവഹൃദയം" - എന്നെഴുതുമ്പോള്‍തന്നെ ആ ഹൃദയം "ആര് ചവിട്ടിത്താഴ്ത്തിലു, മഴലിന്‍ പാതാളത്തിലൊളിക്കിലു, മേതോ പൂര്‍വസ്മരണയിലാഹ്ലാദത്തിന്‍ ലോക"ത്തെത്തുകയും "കടലലയെല്ലാം വീണക്കമ്പികളായി മുറുക്കിക്കരളാല്‍ പഴയൊരു തുടികൊട്ടിപ്പുതുപാട്ടുകള്‍ പാടി രസി"ക്കുകയും ചെയ്യുമെന്ന് പ്രത്യാശ പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. 
1970 കളുടെ അവസാനത്തിലാണ് കവയിത്രിയുടെ സര്‍ഗാത്മകജീവിതത്തിലും സാമൂഹികജീവിതത്തിലും വലിയൊരു വര്‍ത്തനവ്യതിയാനം സംഭവിക്കുന്നത്. 1979 ജൂണില്‍ പ്രൊഫ. എം.കെ.പ്രസാദ് എഴുതിയ 'സൈലന്‍റ്വാലിയെ സംരക്ഷിക്കുക' എന്ന ലേഖനം വായിച്ച് ഹൃദയംനൊന്ത സുഗതകുമാരി  പ്രകൃതിസംരക്ഷണസമിതി രൂപീകരിക്കുന്നതിന് മുന്‍കയ്യെടുത്തു. എന്‍.വി.കൃഷ്ണവാരിയരായിരുന്നു അധ്യക്ഷന്‍, സുഗതകുമാരി സെക്രട്ടറിയും. സൈലന്‍റ്വാലി പദ്ധതിക്കെതിരെ എഴുത്തുകാരുടെ കൂട്ടായ്മ രൂപപ്പെട്ടത് അങ്ങനെയാണ്. പിന്നീടുള്ള അവരുടെ എഴുത്തും പ്രവൃത്തിയും പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്ക് എതിരെയുള്ളതായിരുന്നു. കേരളംമുഴുവന്‍ സഞ്ചരിച്ച് പ്രക്ഷോഭപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമ്പോള്‍തന്നെ കവിതകളില്‍ പ്രകൃതിസംരക്ഷണം മുഖ്യപ്രമേയമായി മാറുകയും ചെയ്തു. സൈലന്‍റ്വാലി പദ്ധതിവാദികള്‍ അവരെ 'മരക്കവി' എന്നുവിളിച്ച് അപഹസിച്ചു (സുഗതകുമാരി 'മരകവി'യല്ല, 'അമരകവി'യാണെന്ന് പില്‍ക്കാലത്ത് ഡോ. എം.ലീലാവതി എഴുതുന്നുണ്ട്). സുഗതകുമാരി ശബ്ദിച്ചത് കേവലമായ വന-നദീസംരക്ഷണത്തിനുവേണ്ടിയല്ല, 'വിശന്നുകരയുന്ന ആദിവാസിയും, മാനഭംഗം ചെയ്യപ്പെടുകയോ വിപണനം ചെയ്യപ്പെടുകയോ ചെയ്യുന്ന സ്ത്രീയും, മലിനീകരിക്കപ്പെടുന്ന അന്തരീക്ഷവും, ജീര്‍ണിക്കുന്ന സാമൂഹ്യ-സാംസ്കാരിക രംഗവും, അവഗണിക്കപ്പെടുന്ന മാതൃഭാഷയും'  എല്ലാം അവരുടെ പരിസ്ഥിതിചിന്തകളുടെ ഭാഗമാണ്. വിഷാദവും വേദനയും സ്നേഹവുംകലര്‍ന്ന സ്വരത്തില്‍ അവര്‍ എഴുതിയ കവിതകളില്‍ രൂക്ഷമായ സാമൂഹികവിമര്‍ശനത്തിന്‍റെ ചൂടും ചൂരും അനുഭവവേദ്യമാകുന്നു. വനനശീകരണത്തിനെതിരെ പോരാടുക മാത്രമല്ല, വനവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കാനും അവര്‍ മുന്നില്‍നിന്നു. അട്ടപ്പാടിയിലെ ജൈവവൈവിധ്യസമ്പന്നമായ കൃഷ്ണവനം, ആ പ്രവര്‍ത്തനത്തിന്‍റെ ഉദാത്തമായ കാഴ്ചയാണ്.
പ്രകൃതിസംരക്ഷണപ്രവര്‍ത്തനത്തിന്‍റെ സ്വാഭാവികമായ പരിണതിയായിരുന്നു 'അഭയ' എന്ന സ്ഥാപനത്തിന്‍റെ തുടക്കം. മാനസികനില തെറ്റിയ, അശരണരായ സ്ത്രീകളുടെ അഭയസ്ഥാനമാണ്  ആ സ്ഥാപനം. സംസ്ഥാന വനിതാക്കമ്മീഷന്‍ അധ്യക്ഷയെന്ന നിലയ്ക്ക് സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കിയ അവര്‍ ആ പ്രശ്നങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവയ്ക്ക്  പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ശ്രമിച്ചുകൊണ്ടേയിരുന്നു. 
ശബരിമലയിലെ സ്ത്രീപ്രവേശനം, കേരളത്തിലെ അതിഥിത്തൊഴിലാളികള്‍ തുടങ്ങിയ ചില കാര്യങ്ങളിലുള്ള സുഗതകുമാരിയുടെ നിലപാടുകള്‍ രൂക്ഷമായ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. പക്ഷേ, അശരണര്‍ക്കും അനാഥര്‍ക്കുംവേണ്ടിയുള്ള അവരുടെ നിലപാടുകള്‍ക്കും നിലവിളികള്‍ക്കും പോരാട്ടങ്ങള്‍ക്കും മുമ്പില്‍ അതൊക്കെ കേരളം വിസ്മരിക്കുകതന്നെ ചെയ്യും. 
തന്‍റെ കാവ്യജീവിതത്തിന്‍റെ ആരംഭത്തില്‍ അവര്‍ പ്രകടിപ്പിച്ച "രാവിതുമായും, വീണ്ടും നാളത്തെ പ്രഭാതത്തിന്‍ പൂവൊളിമിന്നും" എന്ന ശുഭാപ്തിവിശ്വാസം, ശുഭപ്രതീക്ഷ സാക്ഷാത്കരിക്കാനായിരുന്നു സുഗതകുമാരിയുടെ എഴുത്തും പില്‍ക്കാലജീവിതവും. •