യുവതികളെ ഉന്നതാധികാരങ്ങളിലെത്തിച്ച് എല്‍ഡിഎഫ്

സി പി നാരായണന്‍

ദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പരാജയം ഉണ്ടായിട്ടില്ല എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ഫലപ്രഖ്യാപനത്തെതുടര്‍ന്ന് അതിന്‍റെ നേതാക്കളും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും ശ്രമിച്ചത്. പക്ഷേ, ആ വോട്ട് അനുസരിച്ച് ഏതാണ്ട് നൂറിലേറെ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടിയപ്പോള്‍ 40ല്‍ താഴെ മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ടുനിന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം യാഥാര്‍ഥ്യമാകും എന്നുകണ്ടാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫ് ആരംഭിച്ചത്. ഒന്നര വര്‍ഷം മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം യുഡിഎഫിനെ കൈവെടിഞ്ഞിരിക്കുന്നു, മലപ്പുറം-എറണാകുളം ജില്ലകളിലെ പല പ്രദേശങ്ങളും ഒഴിച്ചാല്‍. ഇതിനുകാരണം കഴിഞ്ഞ നാലു വര്‍ഷം, ഈ ഒന്നര വര്‍ഷക്കാലത്ത് വിശേഷിച്ചും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിപുലമായ ക്ഷേമ-വികസനപ്രവര്‍ത്തനങ്ങളും വര്‍ഗീയതയെ തടഞ്ഞ് മതനിരപേക്ഷതയെ പ്രതിരോധിച്ചതുമാണെന്ന് യുഡിഎഫ് നേതൃത്വത്തിനു, അവരുടെ വര്‍ഗീയ കൂട്ടുകെട്ടുകള്‍മൂലം, തിരിച്ചറിയാന്‍ കഴിയുന്നില്ല. പി കെ കുഞ്ഞാലിക്കുട്ടിയെ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലിറക്കിയുള്ള മുസ്ലീം ലീഗിന്‍റെ നീക്കങ്ങളും കോണ്‍ഗ്രസിനകത്ത് ചില കമ്മിറ്റി നേതാക്കളെ മാറ്റി മറ്റു ചിലരെ അവരോധിക്കാനുള്ള ശ്രമവും എന്തുഗുണം ചെയ്യും എന്ന് അവര്‍ അനുഭവിച്ചു തന്നെ അറിയേണ്ടതുണ്ട്.
യുഡിഎഫ് വിലയിരുത്തിയത് 2016ലെ തിരഞ്ഞെടുപ്പില്‍ അത് തോറ്റത് ഉമ്മന്‍ചാണ്ടി മന്ത്രിസഭക്കെതിരായി ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ കൊണ്ടും സോളാര്‍ കുംഭകോണം കൊണ്ടും മാത്രമാണെന്നായിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ജൂലൈ 4നു തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ കോണ്‍സുലേറ്റ് മേല്‍വിലാസത്തില്‍ കടത്തപ്പെട്ട കള്ള സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ ആ സംഭവത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ച് വാര്‍ത്തകള്‍ മെനഞ്ഞെടുക്കാന്‍ യുഡിഎഫ്-ബിജെപി നേതൃത്വങ്ങള്‍ കൂട്ടായി യത്നിച്ചത്. ആ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിക്ക് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി കഥകള്‍ മെനഞ്ഞായിരുന്നു അവരുടെ കാമ്പെയിന്‍. അത് കുത്തകമാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തു. ആ കഥകള്‍ വിശ്വസിച്ച് വോട്ടര്‍മാര്‍ കൂട്ടത്തോടെ എല്‍ഡിഎഫിനു എതിരായി തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വിധിയെഴുതും എന്നായിരുന്നു യുഡിഎഫ്-ബിജെപി നേതാക്കള്‍ പ്രതീക്ഷിച്ചത്. ആഭ്യന്തരക്കുഴപ്പങ്ങള്‍ മൂലം തങ്ങളുടെ പാര്‍ടി കേരളത്തില്‍ മൂടുപോയ പാത്രങ്ങള്‍പോലെയായി മാറി എന്ന് ആ നേതാക്കള്‍ക്ക് ഡിസംബര്‍ 16നു വോട്ടെണ്ണി ഫലം പുറത്തുവന്നതിനു ശേഷമേ ബോധ്യമായുള്ളൂ.
ജനങ്ങള്‍ ക്ഷേമവും സമാധാനവും വികസനവും കാംക്ഷിക്കുന്നു എന്ന ജനാധിപത്യസമൂഹത്തിലെ അടിസ്ഥാനവസ്തുത ഈ നേതാക്കള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പ്രളയത്തെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തില്‍ മുതല്‍ കോവിഡിനെ നേടുന്നതില്‍വരെ ജനങ്ങളുടെ സഹകരണം സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി തേടിയപ്പോള്‍ അതിനെ വിശാല മനസ്കതയോടെ കാണാനല്ല, സങ്കുചിത രാഷ്ട്രീയകാഴ്ചപ്പാടുവച്ച് എതിര്‍ക്കാനാണ് പ്രതിപക്ഷം തയ്യാറായത്. ഇത് ഒരു പുതിയ രാഷ്ട്രീയ സംസ്കാരം വലതുപക്ഷ പാര്‍ടികള്‍ വളര്‍ത്തുന്നതിന്‍റെ സൂചനയാണ്. ബിജെപി ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ എന്നിങ്ങനെ ബഹുസ്വരതക്കുപകരം ഏകസ്വരതയിലേക്ക് ജനങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് യുഡിഎഫിന്‍റെ ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ഇടയാക്കുക എന്നൊന്നും അവയുടെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. മുസ്ലീം ലീഗ് വെല്‍ഫെയര്‍ പാര്‍ടിയുമായി ഉണ്ടാക്കുന്ന കൂട്ടുകെട്ട് ബിജെപിയുടെ മതരാഷ്ട്രവാദത്തിനു ഊക്കു കൂട്ടുകയാണ് ചെയ്യുക എന്ന് കോണ്‍ഗ്രസ്സുകാര്‍ തിരിച്ചറിയുന്നില്ല. ചില മതസംഘടനകളും രാഷ്ട്രീയ ദീര്‍ഘദൃഷ്ടിയുള്ളവരും എല്‍ഡിഎഫ് ഉയര്‍ത്തുന്ന എതിര്‍പ്പിന്‍റെ ആന്തരാര്‍ഥം മനസ്സിലാക്കി പ്രതികരിക്കുന്നുണ്ട്.
ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിനുള്ള പല കാരണങ്ങളില്‍ ഒന്ന് നിരവധി ചെറുപ്പക്കാരെ, വിശേഷിച്ച് യുവതികളെ സ്ഥാനാര്‍ഥികളാക്കിയതാണ് എന്ന് ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു. തദ്ദേശഭരണസ്ഥാപനങ്ങളില്‍ പകുതിയിലേറെ സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു-അംഗങ്ങളുടെയും വിവിധ ഭരണസമിതികളുടെ അധ്യക്ഷരുടെയും എണ്ണത്തില്‍ അങ്ങനെയാണ്. സ്ത്രീകളിലും പുരുഷന്മാരിലും എല്‍ഡിഎഫ്-വിശേഷിച്ച് സിപിഐ എം-സ്ഥാനാര്‍ഥികളില്‍ ചെറുപ്പക്കാരാണ് ഗണ്യമായ പങ്ക്. അങ്ങനെ ചില വിജയത്തിനുള്ള അംഗീകാരമാണ് തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രന്‍ എന്ന ഇരുപത്തൊന്നുകാരിയെ നിര്‍ദേശിച്ച് വിജയിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. ഇത് ഒറ്റപ്പെട്ട അനുഭവമല്ല എന്ന് പത്തനംതിട്ട ജില്ലയിലെ അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 21 വയസ്സ് പൂര്‍ത്തിയാക്കിയ രേഷ്മ മറിയം റോയിയെയും കൊല്ലം ജില്ലയിലെ ഇട്ടിവായില്‍ അമൃതയെയും വയനാട് ജില്ലയിലെ പൊഴുതനയില്‍ അനസ് റോസ്ന സ്റ്റെഫിയെയും കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍ ശാരുതിയെയും കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ ശ്രുതി പി ദിലീപിനെയും പഞ്ചായത്ത് പ്രസിഡന്‍റുമാരായി എല്‍ഡിഎഫ് നിര്‍ദേശിച്ചതില്‍ നിന്നു വ്യക്തമാണ്. അവസാനം പറഞ്ഞ നാലു പേരും ഏതാണ്ട് അതേ പ്രായക്കാരാണ്. യുവത്വത്തെ സ്ഥാനാര്‍ഥികളാക്കാന്‍ മാത്രമല്ല, അധികാരം ഏല്‍പ്പിക്കാനുമുള്ള രാഷ്ട്രീയനേതൃത്വത്തിന്‍റെ സന്നദ്ധതയാണ് ഇത് വെളിപ്പെടുത്തുന്നത്.
ഇത് ഒരു തിരഞ്ഞെടുപ്പ് അടവല്ല. തിരുവനന്തപുരത്തു തന്നെയാണല്ലോ 2015ല്‍ മേയര്‍ സ്ഥാനത്ത് അന്ന് നന്നെ ചെറുപ്പമായിരുന്ന വി കെ പ്രശാന്തിനെ അവരോധിച്ചത്. പ്രളയം പോലുള്ള ദുരിതവേളകളില്‍ യുവാക്കളുടെ വലിയൊരു സംഘത്തെ സന്നദ്ധപ്രവര്‍ത്തകരാക്കി അണിനിരത്തുന്നതില്‍ മാത്രമല്ല, ജനങ്ങളില്‍നിന്ന് വിപുലമായി സംഭാവന പിരിച്ച് ദുരിതബാധിതരെ സഹായിച്ചിരുന്നതിലും 'മേയര്‍ ബ്രോ'യുടെ നേതൃത്വം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ പ്രശാന്തിനെ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി നല്ല ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ വിജയിപ്പിച്ചത് മേയര്‍ എന്ന നിലയിലുള്ള ഏതാണ്ട് നാലുവര്‍ഷത്തെ ഭരണത്തിന്‍റെ മികവ് അംഗീകരിച്ചാണ്. മാലിന്യസംസ്കരണം മുതല്‍ക്കുള്ള അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള കോര്‍പറേഷന്‍റെ നിസ്തുലസേവനത്തിനുള്ള അംഗീകാരമാണ് ഇത്തവണ എല്‍ഡിഎഫിനു കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഭൂരിപക്ഷം സീറ്റുകളില്‍ വിജയം ലഭിച്ചത്.
എല്‍ഡിഎഫ്, വിശേഷിച്ച് അതിലെ പ്രധാന ഘടകമായ കമ്യൂണിസ്റ്റ് പാര്‍ടി, സ്വാതന്ത്ര്യം ലഭിച്ചകാലം മുതല്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. എല്‍ഡിഎഫ് കേരളത്തില്‍ ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അതില്‍ മൂന്നിലൊന്നു സംവരണം സ്ത്രീകള്‍ക്കു നല്‍കി. ജനങ്ങളുടെ സജീവപങ്കാളിത്തം തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അതിനു സ്ത്രീ പങ്കാളിത്തം ഒഴിച്ചുകൂടാനാവാത്തതാണല്ലൊ. ത്രിതലപഞ്ചായത്തുകളും നഗരസഭകളും നിലവില്‍ വന്നപ്പോള്‍ അത് തുടര്‍ന്നു. 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം 50 ശതമാനമാക്കി ഉയര്‍ത്തി. യുവാക്കളും സ്ത്രീകളും ഒക്കെ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണാധികാരത്തെ ഓരോ പ്രദേശത്തിന്‍റെയും ഓരോ ജനവിഭാഗത്തിന്‍റെയും ഉയര്‍ച്ച ഉറപ്പുവരുത്തുന്നതിനു ഉപകരിക്കുന്ന വിധത്തില്‍ നടപ്പാക്കുന്നു. 1996-97 കാലം മുതല്‍ ആരംഭിച്ച ജനകീയാസൂത്രണം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും വലിയ തോതില്‍ പുരോഗതി ഉറപ്പാക്കുന്ന തരത്തില്‍ നടപ്പാക്കുന്നതിനു സ്ത്രീകളും യുവാക്കളും ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്കും ജനസാമാന്യത്തിനും കഴിഞ്ഞിട്ടുണ്ട്.
"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനു" എന്നാണല്ലോ ഗുരുവചനം. ജനകീയാസൂത്രണത്തില്‍ അത് "ഒരേ ലക്ഷ്യം, ഒരേ ശൈലി, എല്ലാ മേഖലയിലും എല്ലാവര്‍ക്കും പുരോഗതി" എന്നാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആഹാരം, ആരോഗ്യരക്ഷ, വീട്, വാര്‍ധക്യത്തില്‍ (അംഗവൈകല്യത്തില്‍) സംരക്ഷണം മുതലായവ സംസ്ഥാനത്ത് സാര്‍വത്രികമായി നടപ്പാക്കുന്നതിനു ജനകീയാസൂത്രണത്തിനുകീഴില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്നിട്ട് പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാത്രമായി ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ അഴിമതി, സ്വജനപക്ഷപാതം, വലിയ തോതിലുള്ള വിവേചനം എന്നിവ സാര്‍വത്രികമാകുന്നു എന്ന അനുഭവം ഇന്ത്യയില്‍ വ്യാപകമായുണ്ട്. എന്നാല്‍, ജനങ്ങളെ പ്രബുദ്ധരാക്കി വലിയ തോതില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുമ്പോള്‍ അഴിമതി വലിയ തോതില്‍ കുറയുന്നു എന്നു മാത്രമല്ല, സംഭവിക്കുന്നത് എന്നതാണ്. ജനാധിപത്യം ശരിക്കും യാഥാര്‍ഥ്യമാകുന്നു.
ഈ വസ്തുതയെ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കളെയും യുവതികളെയും ഗണ്യമായ തോതില്‍ സ്ഥാനാര്‍ഥികളാക്കിയത്. അവരെ പ്രബുദ്ധരാക്കിയും കര്‍മോത്സുകരാക്കിയും മാത്രമേ, അവരിലെ അഭ്യസ്തവിദ്യരെയും സാങ്കേതിക വിദഗ്ധരെയും അണിനിരത്തിക്കൊണ്ടു മാത്രമേ നവകേരള നിര്‍മിതിയും നവഭാരത നിര്‍മിതിയും സാധ്യമാകൂ എന്ന തിരിച്ചറിവ് എല്‍ഡിഎഫിനുണ്ട്. ജനങ്ങളെ വര്‍ഗീയമായി ചേരിതിരിച്ച് തമ്മിലടിപ്പിച്ചാണ് ബിജെപി ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നത്. യുഡിഎഫ് പുരോഗമനം പറയുകയും പിന്തിരിപ്പത്തം നടപ്പാക്കുകയും ചെയ്യുന്നു എന്നാണ് അനുഭവം. ആ രണ്ടു വലതുപക്ഷ കൂട്ടുകെട്ടുകളും ജനസാമാന്യത്തിന്‍റെ ഉയര്‍ച്ച ലക്ഷ്യമാക്കുന്നില്ല എന്നു ഇപ്പോള്‍ നടക്കുന്ന അഖിലേന്ത്യാ കര്‍ഷകസമരത്തിന്‍റെ ആവശ്യങ്ങളും അവയോടുള്ള ഈ ശക്തികള്‍ കൈക്കൊള്ളുന്ന നിലപാടും സ്പഷ്ടമാക്കുന്നു.
കേരളത്തില്‍ ഇടതുപക്ഷത്തിനു 1957ല്‍ ഭരണപങ്കാളിത്തം ലഭിച്ചകാലം മുതല്‍ അതിനെ നയിച്ച ഒരു ലക്ഷ്യവുമുണ്ട്, ഒരു മാര്‍ഗവുമുണ്ട്: ഗാന്ധിജി പറഞ്ഞ ദരിദ്രനാരായണന്മാരുടെ ഉയര്‍ച്ച, ജീവിത സ്ഥിരത. അതിനുള്ള മുന്നുപാധികള്‍ ഇടതുവീക്ഷണത്തില്‍ ഭൂപരിഷ്കരണം, നീതിപൂര്‍വമായ തൊഴില്‍ നിയമങ്ങള്‍, സാര്‍വത്രിക വിദ്യാഭ്യാസവും ആരോഗ്യരക്ഷയും ഭക്ഷ്യസുരക്ഷയും, തുല്യത, സാമൂഹ്യ-ലിംഗ നീതികള്‍ മുതലായവയായിരുന്നു. ആ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍ നവഉദാരവല്‍ക്കരണവും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയതയും ഇടക്കാലത്ത് ഉയര്‍ന്നുവന്നത് ഈ മുന്നേറ്റത്തില്‍ വിലങ്ങുതടികളായിവര്‍ത്തിക്കുന്നു. അവയെ തട്ടിനീക്കുന്നതിലേക്ക് നയിക്കുന്ന രീതിയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന ജനജീവിതത്തെയും അതിനെ സഹായിക്കുന്ന ഭരണത്തെയും മുന്നോട്ടു നയിക്കാന്‍ ശ്രമിക്കുന്നത്.
ഊര്‍ജസ്വലരായ, കാലത്തിനൊത്ത പുതിയ ആശയങ്ങളും ഭാവനകളും നിരന്തരം പൊട്ടിവിടരുന്നവരായ യുവജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ സംഭാവന ചെയ്യാന്‍ കഴിയും, ഒരളവു വരെ നേതൃത്വം നല്‍കാനുമാകും. എല്‍ഡിഎഫ് ചെറുപ്പക്കാരായ യുവതീ യുവാക്കളെ പലേടങ്ങളിലും അധികാരസ്ഥാനങ്ങളില്‍ അവരോധിക്കുന്നത് ഒരു വലിയ മുന്നേറ്റത്തിനു തുടക്കം കുറിക്കാനാണ്. ജനസാമാന്യത്തെ ഇല്ലായ്മകളില്‍ നിന്നും വല്ലായ്മകളില്‍നിന്നും, സാമൂഹ്യമായ തൊട്ടുകൂടായ്മകളില്‍നിന്നും അനാചാരങ്ങളില്‍ നിന്നും, അടിമത്തത്തില്‍നിന്നും അജ്ഞതയില്‍നിന്നും സ്വാതന്ത്ര്യത്തിന്‍റെ, സമത്വത്തിന്‍റെ, സാഹോദര്യത്തിന്‍റെ, മതനിരപേക്ഷമായ സാമൂഹ്യനീതിയുടെ നവയുഗത്തിലേക്ക് നയിക്കാനാണ്. പല ശക്തികളും സമൂഹത്തെ പിന്നോട്ടു വലിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ചെറുപ്പക്കാര്‍ ജനങ്ങളെ നയിക്കുന്നത് മുന്നോട്ടേക്കാണ്. മുന്നോട്ട്! •