ബിജെപി വിരുദ്ധ ഐക്യമുന്നണിയുടെ പ്രസക്തി

പത്രാധിപരോട് ചോദിക്കാം

? 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി ഭരണം നടത്തുന്നു. ഹിന്ദുവര്‍ഗീയത അതിന്‍റെ മൂര്‍ത്ത രൂപത്തില്‍ എത്തിയ ഈ അവസ്ഥയില്‍, "ഇനിയേത് ചരിത്ര മുഹൂര്‍ത്തത്തിലാണ്" ബിജെപി വിരുദ്ധ മുന്നണി (ഫാസിസ്റ്റ് വിരുദ്ധ ചേരി) രൂപപ്പെടുക? ലോക്സഭയില്‍ 3 സീറ്റ് മാത്രമുള്ള സിപിഐ എം ബംഗാളിലും ആസാമിലും തമിഴ്നാട്ടിലും കോണ്‍ഗ്രസുമായി സഹകരിക്കുവാന്‍ തീരുമാനിച്ചതാണല്ലോ. ദുര്‍ബലമായ കോണ്‍ഗ്രസും അതിലേറെ ദുര്‍ബലമായ സിപിഐ എമ്മും അഖിലേന്ത്യാതലത്തില്‍ ഒന്നിച്ചുകൂടേ? 
രവീന്ദ്രന്‍ പുതുമന
അതിയല്ലൂര്‍

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2014 ലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി വിജയം കൈവരിച്ച ബിജെപി ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ടാണ് ഹിന്ദുവര്‍ഗീയ നിലപാടുകള്‍ പ്രകോപനപരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചോദ്യകര്‍ത്താവ് അക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന ഉല്‍ക്കണ്ഠയില്‍ രാജ്യത്തെ ജനങ്ങളില്‍ വലിയ വിഭാഗം പങ്കു ചേരുന്നുണ്ട്. എന്നാല്‍, ഇത് ഉയര്‍ത്തുന്ന വെല്ലുവിളിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ് കാണുന്നില്ല. അക്കാര്യം മനസ്സിലാക്കാതെയോ കണക്കിലെടുക്കാതെയോ ആണ് ഈ ചോദ്യമെന്നു ആദ്യം തന്നെ ചൂണ്ടിക്കാണിക്കട്ടെ.
തങ്ങള്‍ മിക്ക സംസ്ഥാനങ്ങളിലും അതിനാല്‍ രാജ്യത്ത് പൊതുവിലും ദുര്‍ബലരായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് 2014 ലെയും 2019ലെയും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അടവുകള്‍ അംഗീകരിക്കുമ്പോള്‍ പ്രകടിപ്പിച്ചില്ല. 2014 മെയ് വരെ കോണ്‍ഗ്രസ് യുപിഎയുടെ നേതൃത്വം വഹിച്ചാണ് അധികാരത്തില്‍ ഇരുന്നത്. എന്നാല്‍, ആ തിരഞ്ഞെടുപ്പില്‍ അവര്‍ ഒറ്റക്കാണ് മത്സരിച്ചത്. ചിലേടങ്ങളില്‍ നീക്കുപോക്ക് ഉണ്ടാക്കിയിരിക്കാം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ അവര്‍ 2019ലും ശ്രമിച്ചില്ല. അതു കൂടാതെതന്നെ ബിജെപിയെ തോല്‍പിച്ച് അധികാരത്തില്‍ എത്താമെന്ന പകല്‍കിനാവിലായിരുന്നു അവര്‍. കൂട്ടുകെട്ടോ മുന്നണിയോ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കുക എളുപ്പമല്ല. അതിനു ദീര്‍ഘവീക്ഷണം വേണം, ഐക്യം വേണമെന്ന ഉറച്ച കാഴ്ചപ്പാട് വേണം. അങ്ങനെ ചിന്തിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണായക നേതൃത്വത്തില്‍ ഇല്ല എന്നു പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു.
2019ലെ തിരഞ്ഞെടുപ്പിനുശേഷം പ്രത്യേക പദവി പിന്‍വലിച്ച് ജമ്മു - കാശ്മീരിനെ വിഭജിച്ചതടക്കമുള്ള നടപടികള്‍, പൗരത്വ നിയമ ഭേദഗതി, അതിനെതിരായി രാജ്യത്താകെ നടന്ന പ്രതിഷേധ പ്രകടനം മുതലായവയില്‍ കോണ്‍ഗ്രസ് ഒന്നുകില്‍ ബിജെപിയുടെ അതേ നിലപാട് അല്ലെങ്കില്‍ എങ്ങും തൊടാത്ത ഒന്ന് ആണ് കൈക്കൊണ്ടത്. ഇങ്ങനെ ബിജെപിയുടേതില്‍നിന്ന് വ്യത്യസ്തവും അതിനു എതിരായതുമായ നിലപാട് കൈക്കൊള്ളാതിരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ്സില്‍നിന്ന് നേതാക്കളെ അടര്‍ത്തി മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞത്. ഇത്രയൊക്കെയായിട്ടും ശരത്പവാറിന്‍റെ നേതൃത്വത്തില്‍ എന്‍സിപി കൈക്കൊള്ളുന്ന ബിജെപിക്കെതിരായ നിലപാട് കൈക്കൊള്ളാന്‍ പോലും കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനു കഴിയുന്നില്ല. നേതൃത്വം മാറണം എന്ന അഭിപ്രായം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് ഇതെല്ലാം കൊണ്ടായിരിക്കാം. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കുന്നതിനു ബിജെപി നേതൃത്വം കൈക്കൊള്ളുന്ന ജനാധിപത്യവിരുദ്ധമായ അടവുകളെയും മോഡി സര്‍ക്കാരിന്‍റെ അന്യായമായ നടപടികളെയും പൂര്‍ണമായി പിന്താങ്ങുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രം ഇങ്ങനെ ചെയ്യുന്നതിനെ അവര്‍ എതിര്‍ക്കുമ്പോഴാണ് ഇത്.
ഈയൊരു പശ്ചാത്തലത്തില്‍ മറ്റ് അഖിലേന്ത്യാ കക്ഷികളും സംസ്ഥാന പാര്‍ടികളും കോണ്‍ഗ്രസുമായി ചേര്‍ന്ന് അഖിലേന്ത്യാ മുന്നണി രൂപീകരിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. കോണ്‍ഗ്രസ് സ്വയം അതിനു ശ്രമിക്കുന്നുമില്ല. അങ്ങനെയൊരു സമയത്ത് സിപിഐ എമ്മിനു എങ്ങനെ ചോദ്യകര്‍ത്താവ് നിര്‍ദ്ദേശിക്കുന്ന തരത്തില്‍ അഖിലേന്ത്യാ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ മുന്‍കയ്യെടുക്കാന്‍ കഴിയും? ഇടതുപാര്‍ടികളെല്ലാം കൂടി അഖിലേന്ത്യാ തലത്തില്‍ ഒരു മുന്നണി രൂപീകരിച്ചിട്ടുള്ളത് ചോദ്യകര്‍ത്താവ് ശ്രദ്ധിച്ചിരിക്കുമല്ലോ. അതിന്‍റെ കൂടെ പറയട്ടെ, തമിഴ്നാട്ടില്‍ സിപിഐ എം ഭാഗമായ മുന്നണി രൂപീകരിച്ചത് അവിടത്തെ പ്രധാന പാര്‍ടിയായ ഡിഎംകെയാണ്. അതില്‍ സിപിഐ എം, സിപിഐ മുതലായ കക്ഷികളോടൊപ്പം തങ്ങളുടെ മുന്നണിയില്‍ കോണ്‍ഗ്രസിനെയും ഡിഎംകെ ചേര്‍ത്തു എന്നതാണ് വസ്തുത.
പശ്ചിമ ബംഗാളിലെയും അസമിലെയും സ്ഥിതി വ്യത്യസ്തമാണ്. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ ടിഎംസിയും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും ഒരുപോലെ ജനാധിപത്യവിരുദ്ധ നിലപാടാണ് കൈക്കൊള്ളുന്നത്. മറ്റു പാര്‍ടികളെ നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ പോലും അവ അനുവദിക്കാത്ത സ്ഥിതിയുണ്ട്. അതുകൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവിടത്തെ സിപിഐ എം, കോണ്‍ഗ്രസ് ഘടകങ്ങള്‍ ആഗ്രഹിച്ചത് അനുസരിച്ച് യോജിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. അത് അവിടങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ ബാധകം. അസമില്‍ ന്യൂനപക്ഷങ്ങളോട് അവിടത്തെ ബിജെപി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരെ മോശമായാണ് പെരുമാറുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷത്തെ രണ്ട് പ്രധാന കക്ഷികളായ സിപിഐ എമ്മും കോണ്‍ഗ്രസും ചേര്‍ന്നു മത്സരിക്കാന്‍ തീരുമാനിച്ചത്.
അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കൂട്ടുചേരുന്നതുകൊണ്ടു മാത്രം ബിജെപിയെ തോല്‍പിക്കാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. മറ്റു പാര്‍ടികളുമായി കൂട്ടുചേരുന്നതിനു കോണ്‍ഗ്രസ് ഇതേവരെ ആലോചിക്കുകയോ മുന്‍കയ്യെടുക്കുകയോ ചെയ്യുന്നതായി സൂചനയില്ല.
എന്നാല്‍, മറ്റൊരു പ്രവണത കഴിഞ്ഞ കുറെ ആഴ്ചകളായി അഖിലേന്ത്യാതലത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ബിജെപിയെ പിന്താങ്ങുന്നവ ഒഴിച്ചുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളിലും കര്‍ഷക സംഘടനകളിലും അംഗങ്ങളായ തൊഴിലാളികളും കൃഷിക്കാരും ഉശിരന്‍ സമരം കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി നടത്തിവരികയാണ്. അതിന്‍റെ ഏറ്റവും ഉജ്ജ്വലമായ മാതൃകയാണ് മൂന്നു ആഴ്ചകളിലേറെയായി ഡല്‍ഹി കേന്ദ്രീകരിച്ച് കൃഷിക്കാര്‍ നടത്തുന്ന സമരം. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഇത്തരത്തിലുള്ള സമരങ്ങള്‍ ബിജെപിക്കെതിരായ ജനങ്ങളുടെ പോരാട്ടത്തെയും രോഷത്തെയും ഒരു പുതിയ സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു. ഇത് രാജ്യത്താകെ ഫാസിസത്തിനെതിരായ ഒരു വിശാല രാഷ്ട്രീയ സഖ്യം രൂപീകരിക്കപ്പെടാന്‍ ഇടയാക്കുമോ എന്നു നോക്കാം.
ഏതായാലും ചോദ്യകര്‍ത്താവ് പ്രകടിപ്പിക്കുന്നതുപോലെയുള്ള പരമ്പരാഗത ഐക്യം വിവിധ രാഷ്ട്രീയ പാര്‍ടികളും മറ്റും ചേര്‍ന്ന് ഫാസിസത്തിനെതിരായ മുന്നണി രൂപീകരണത്തിലേക്ക് നയിക്കുമെന്ന് ഇതുവരെയുള്ള അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പറയാനാവില്ല.
ഏതാണ്ട് 50 വര്‍ഷം മുമ്പും ഇന്ത്യയില്‍ ഫാസിസത്തിനെതിരായ സമരഐക്യവും മുന്നണിയും രൂപപ്പെട്ടത് സാധാരണഗതിയിലായിരുന്നില്ല; പ്രക്ഷോഭസമരങ്ങളിലൂടെ ആയിരുന്നു എന്നു കൂടി ഓര്‍ക്കുക.•