ഗവര്‍ണര്‍ വീണ്ടും രാഷ്ട്രീയ കളിയിലേക്കോ?

ഗിരീഷ് ചേനപ്പാടി

 ഡിസംബര്‍ 23ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനോട് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശചെയ്തു. രാജ്യത്തു നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ നിലപാട് വ്യക്തമാക്കാനാണ് സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടത്. നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഗവണ്‍മെന്‍റ് അങ്ങനെയൊരു ശുപാര്‍ശ നല്‍കിയാല്‍ ഗവര്‍ണര്‍ അത് അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ സഭാ സമ്മേളനം വിളിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ നിഷേധിച്ചിരിക്കുകയാണ്. അതിലൂടെ അതീവ ഗുരുതരമായ ഭരണഘടനാ ലംഘനമാണ് ഗവര്‍ണര്‍ നടത്തിയത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍തന്നെ ഇത് ആദ്യത്തെ സംഭവമാണ്. 
ഭരണഘടനയുടെ 154-ാം അനുഛേദം അനുസരിച്ച് ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തലവന്‍. 163-ാം അനുഛേദത്തിലാണ് ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഗവര്‍ണര്‍ സംസ്ഥാന മുഖ്യമന്ത്രി തലവനായ മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഗവണ്‍മെന്‍റിന്‍റെ ഉപദേശം പാലിക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. ഷംസീര്‍സിങ്ങും പഞ്ചാബ് സംസ്ഥാനവും തമ്മിലുള്ള കേസില്‍ ഭരണഘടനയുടെ 163-ാം അനുഛേദത്തെ വ്യാഖ്യാനിച്ചുകൊണ്ട് സുപ്രീംകോടതി അസന്ദിഗ്ധമായി ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. 
സവിശേഷമായ ചില ഘട്ടങ്ങളില്‍ മാത്രമെ ഗവര്‍ണര്‍ക്ക് മന്ത്രിസഭാ തീരുമാനത്തെ മറികടന്ന് വിവേചനാധികാരം പ്രയോഗിക്കാന്‍ കഴിയൂ. നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാതാകുമ്പോഴോ, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദങ്ങള്‍ പല രാഷ്ട്രീയ പാര്‍ടികളില്‍നിന്നോ സഖ്യങ്ങളില്‍നിന്നോ ഉണ്ടാകുമ്പോഴോ ആണ് ഗവര്‍ണര്‍ വിവേചനാധികാരം പ്രയോഗിക്കേണ്ടത്. സത്യസന്ധമായും നിഷ്പക്ഷമായും ഗവര്‍ണര്‍ ആ വിവേചനാധികാരം നിര്‍വഹിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 
ഭരണഘടനയുടെ അനുഛേദം 174 (1) അനുസരിച്ച് സംസ്ഥാന നിയമസഭ വിളിച്ചുകൂട്ടാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. എന്നാല്‍ ഗവര്‍ണര്‍ ആ അധികാരം പ്രയോഗിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമാണ്. നിയമസഭയില്‍ ഭൂരിപക്ഷമുള്ള മന്ത്രിസഭ സഭാസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഉപദേശിച്ചാല്‍ ഗവര്‍ണര്‍ ഭരണഘടനാപരമായി അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ്. 
സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള അടിയന്തിര സാഹചര്യം ഇല്ല എന്നാണ് സഭാസമ്മേളനം വിളിച്ചുചേര്‍ക്കണമെന്നുള്ള മന്ത്രിസഭയുടെ ഉപദേശം നിരസിച്ചുകൊണ്ട് ഗവര്‍ണര്‍ വാദിച്ചത്. എന്നാല്‍ അടിയന്തിര സാഹചര്യം തീരുമാനിക്കാനുള്ള അധികാരം മന്ത്രിസഭയുടേതു മാത്രമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം അനുസരിക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുണ്ടുതാനും. 
ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയക്കളി നടത്തുന്നത് ബിജെപിയാണെന്ന് പകല്‍പോലെ വ്യക്തമാണ്. കര്‍ഷകപ്രക്ഷോഭത്തിന്‍റെ ഈ പശ്ചാത്തലത്തില്‍ സംസ്ഥാന നിയമസഭ കര്‍ഷകര്‍ക്കനുകൂലമായി പ്രമേയം പാസാക്കുമെന്ന് മോഡി സര്‍ക്കാരിനു നന്നായി അറിയാം. അങ്ങനെയായാല്‍ ബിജെപിയുടെ ഭരണത്തിലല്ലാത്ത പല സംസ്ഥാന സര്‍ക്കാരുകളും ഈ വഴിക്കു മുന്നോട്ടു പോകുമെന്നും അവര്‍ക്കറിയാം. എന്‍ഡിഎയില്‍തന്നെ പല ഘടകകക്ഷികള്‍ക്കും ബിജെപിയുടെ നയത്തോട് യോജിപ്പില്ല. കര്‍ഷകരെ പിണക്കിക്കഴിഞ്ഞാല്‍ പല പാര്‍ടികളുടെയും നിലനില്‍പുതന്നെ അവതാളത്തിലാകും. ബിജെപിക്കുള്ളിലും വലിയതോതിലുള്ള അമര്‍ഷം കര്‍ഷകദ്രോഹ നിയമത്തിനെതിരെ പുകയുന്നുണ്ട്; കര്‍ഷകസമ്മര്‍ദം അവരും നേരിടുന്നുണ്ടെന്നര്‍ഥം.
പഞ്ചാബില്‍ എന്‍ഡിഎയിലെ ഘടകകക്ഷിയായ അകാലിദള്‍ കര്‍ഷകര്‍ക്കൊപ്പം സമരരംഗത്താണ്. അവിടെനിന്നുള്ള കേന്ദ്രമന്ത്രി ഹര്‍ഷമിത് കൗറിനുപോലും കേന്ദ്രമന്ത്രിസഭയില്‍ തുടരാന്‍കഴിയാതെ രാജിവെയ്ക്കേണ്ടിവന്നു. ദുഷ്യന്ത് ചൗതാലയുടെ പാര്‍ടിയും ബിജെപിയും ചേര്‍ന്ന സഖ്യമാണ് ഹരിയാനയില്‍ ഭരണം നടത്തുന്നത്. കര്‍ഷകപ്രശ്നങ്ങളോട് മുഖംതിരിച്ചുകൊണ്ട് അവര്‍ക്കും നിലനില്‍ക്കാനാവില്ല. ഹിന്ദി ഹൃദയഭൂമിയായ യുപിയിലും മധ്യപ്രദേശിലും രാജസ്താനിലുമെല്ലാം കര്‍ഷകരുടെ രോഷം അണപൊട്ടിയൊഴുകുകയാണ്. 
കേരളത്തിലെ നിയമസഭ പ്രമേയം പാസാക്കുന്നതോടെ മറ്റു സംസ്ഥാനങ്ങളിലും അതിനുള്ള ആവശ്യം ഉയരും. സാമാജികര്‍ക്ക് കര്‍ഷകപ്രശ്നങ്ങളെ അവഗണിക്കാനാവില്ലതാനും. അങ്ങനെ അവഗണിച്ചാല്‍ അവര്‍ രാഷ്ട്രീയമായി വട്ടപ്പൂജ്യമാകുകയും ചെയ്യും.  ഈ തിരിച്ചറിവാണ് കേരളത്തിലെ നിയമസഭാ സമ്മേളനത്തിനു തടയിടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അതിനായി ഗവര്‍ണറെ ഉപയോഗിച്ച് അവര്‍ രാഷ്ട്രീയക്കളിക്കിറങ്ങിയത്. ഭരണഘടനയെ ധിക്കരിച്ചുകൊണ്ടുള്ള ഈ രാഷ്ട്രീയക്കളി ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണ്.