ജമ്മു കാശ്മീര്‍ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ബിജെപിയുടെ കുതന്ത്രങ്ങള്‍ക്കും കോണ്‍ഗ്രസിന്‍റെ വഞ്ചനയ്ക്കും ഏറ്റ തിരിച്ചടി

വി ബി പരമേശ്വരന്‍

മ്മു കാശ്മീരലെ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏഴുപാര്‍ടി കൂട്ടുകെട്ടായ ഗുപ്കാര്‍ പ്രഖ്യാപനത്തിനായുള്ള ജനകീയ സഖ്യം(പിഎജിഡി) വന്‍ ഭൂരിപക്ഷം നേടി വിജയിച്ചു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഡിസംബര്‍ 22 ന് പുറത്തുവന്നത്. ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയിലെ 370, 35 എ അനുഛേദങ്ങള്‍ എടുത്തുകളഞ്ഞതിന് (2019 ആഗസ്ത് 5 ന്) ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. 20 ജില്ലകളിലെ 14 വീതം ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കുതന്ത്രങ്ങളിലുടെയും നിയമവിരുദ്ധ രീതികളിലുടെയും ജമ്മുകശ്മീരിന്‍റെ രാഷ്ട്രീയാധികാരം കയ്യടക്കാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും പദ്ധതികളെയാണ് സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞത്. 20 ജില്ലകളില്‍ 13 ലും പിഎജിഡിക്ക് അധികാരം ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജമ്മുവിലെ ആറ് ജില്ലകളില്‍ മാത്രമാണ് ബിജെപിക്ക് ഭരണം ലഭിക്കുക. കാശ്മീര്‍ താഴ്വരയില്‍ അധികാരം പിടിക്കാനായി ബിജെപി കെട്ടിയിറക്കിയ അല്‍താഫ് ബുഖാരി എന്ന ബിസിനസ്സുകാരനാല്‍ നയിക്കപ്പെടുന്ന ജമമു കാശ്മീര്‍ അപ്നി പാര്‍ടിക്ക് 12 സീറ്റ് മാത്രമാണ് നേടാനായത്. ബിജെപിക്ക് ആദ്യമായി കാശ്മീര്‍ താഴ്വരയില്‍ നിന്ന് മൂന്നു സീറ്റ് നേടാനായി എന്നത് മാത്രമാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്. ശ്രീനഗറിലെ ഖൊന്‍മോഹ്, ബന്ദിപോരയിലെ തുലായിന്‍, പുല്‍വാമയിലെ കാക്പോര എന്നീ സീറ്റുകളാണ് ബിജെപി നേടിയത്.  ജമ്മുവില്‍ നിന്ന് ലഭിച്ച സീറ്റിന്‍റെ ബലത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും ബിജെപിക്ക് കഴിഞ്ഞു. 
ഭരണഘടനയിലെ അനുഛേദം 370 ഉം 35 എ യും റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തിന് ശക്തി പകരുന്നതാണ് പിഎജിഡിയുടെ വിജയം. അതോടൊപ്പം സംസ്ഥാനത്തെ ജമ്മു കശ്മീരെന്നും ലഡാക്ക് എന്നും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യവും ഇനി ശക്തമായി ഉയരും. ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഒക്ടോബര്‍ 15 ന് ഏഴു പാര്‍ടികള്‍ ചേര്‍ന്ന് പിഎജിഡി എന്ന സഖ്യത്തിന് രൂപം നല്‍കിയത്. ജനവിധി മാനിച്ച് കശ്മീരിനുള്ള പ്രത്യേകാവകാശങ്ങളും സംസ്ഥാനപദവിയും പുനഃസ്ഥാപിക്കണമെന്ന ആവശ്യം നാഷണല്‍ കോണ്‍ഫ്രന്‍സ് വൈസ് പ്രസിഡന്‍റ് ഒമര്‍ അബ്ദുള്ളയും പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തിയും ഉയര്‍ത്തിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയം കറങ്ങിത്തിരിയുക പിഎജിഡിയുടെ ഈ ആവശ്യത്തിന് ചുറ്റുമായിരിക്കും.
പിഎജിഡിയുടെ വിജയം ഏതുവിധേനയും തടയുന്നതിനായിരുന്നു ബിജെപിയും മോഡി സര്‍ക്കാരും  ശ്രമിച്ചത്. ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് സ്വതന്ത്രമായി പ്രചാരണം നടത്താന്‍ അനുവാദം നല്‍കിയപ്പോള്‍ സുരക്ഷയുടെ പേരില്‍ പിഎജിഡി സ്ഥാനാര്‍ഥികളെ ഭൂരിപക്ഷത്തെയും പ്രചാരണം നടത്താന്‍ അനുവദിച്ചില്ല. ഗുപ്കാര്‍ സഖ്യ സ്ഥാനാര്‍ഥികളെ വീട്ടുതടങ്കലിലാക്കുകയോ 'സുരക്ഷിത സ്ഥല'ങ്ങളില്‍ ബന്ദികളാക്കിവെക്കുകയോ ചെയ്തു. ഹൈക്കോടതി ഭരണഘടനാവിരുദ്ധവും നിയവിരുദ്ധവുമെന്ന് വിധിച്ച രോഷ്നി ആക്ടിന്‍റെ(സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പണം ഈടാക്കി ആ സ്ഥലം പതിച്ചുനല്‍കുന്നതിനുള്ള നിയമം) പേരില്‍ ഫാറൂഖ് അബ്ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അഴിമതിക്കേസ് ചമയ്ക്കാനും അവരുടെ സ്വത്തുകള്‍ കണ്ടുകെട്ടാനും സംസ്ഥാന ഭരണവിഭാഗം തയ്യാറായി. 'ഭൂമി ജിഹാദ്' എന്ന പേരിട്ടാണ് രോഷ്നി ആക്ട് പ്രകാരം ഭൂഉടമസ്ഥരായവരെ വേട്ടയാടാന്‍ കേന്ദ്രഭരണകൂടം തയ്യാറായത്. ഈ നിയമത്തിന്‍റെ കീഴില്‍ ഏറ്റവും കുടുതല്‍ ഭൂമി തട്ടിയെടുത്തത് ബിജെപിക്കാരും ആര്‍എസ്എസുകാരും ആണെന്നു കണ്ടതോടെയാണ് ലെഫ്. ഗവര്‍ണര്‍ ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയുടെ സ്റ്റേ വകവെക്കാതെ ഫോറസ്റ്റ് റൈറ്റ് ആക്ട് നടപ്പിലാക്കാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് താമസിക്കുന്ന ഗുജ്ജര്‍, ബക്കര്‍വാ സമുദായാംഗങ്ങളെ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കാനും കേന്ദ്രഭരണാധികാരികള്‍ തയ്യാറായി. നാഷണല്‍ കോണ്‍ഫ്രന്‍സിനെയും മറ്റും പിന്തുണയ്ക്കുന്നവരാണ് ഈ ജനവിഭാഗം എന്നതിനാലായിരുന്നു ഈ നടപടി.
എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഗുപ്കാര്‍ സഖ്യം വന്‍വിജയം കൊയ്തു. 280 ല്‍ 110 സീറ്റാണ് സഖ്യത്തിനു ലഭിച്ചത്. ബിജെപിക്ക് 74 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. ഇതില്‍ 71 സീറ്റും ജമ്മുവില്‍ നിന്നാണ് ലഭിച്ചത്. ജമ്മുവില്‍ തന്നെ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. പിര്‍പാഞ്ചലിലും ചിനാബ് താഴ്വരയിലും  പിഎജിഡി സീറ്റുകള്‍ നേടിയതാണ് ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്താക്കിയത്. 35 ലധികം സീറ്റ് പിഎജിഡി ഹിന്ദുഭൂരിപക്ഷ പ്രദേശമായ ജമ്മു മേഖലയില്‍ നിന്നും നേടി. സ്ഥിരവാസ നിയമത്തില്‍ വെള്ളം ചേര്‍ത്ത് സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് സംസ്ഥാനത്ത് സ്വത്ത് സമ്പാദിക്കാനും തൊഴില്‍ നേടാനും അവസരം നല്‍കിയ നടപടിയില്‍ ഉയരുന്ന ജനകീയ പ്രതിഷേധമാണ് ബിജെപിയുടെ വിജയപ്രതീക്ഷയ്ക്കു മങ്ങലേല്‍പിച്ചത്. ജമമുമേഖലയിലെ ജമ്മു, കാത്വ, ഉദ്ദംപൂര്‍, സാംബ, ദോഡ, റിയാസി എന്നീ ജില്ലകളുടെ ഭരണം മാത്രമായിരിക്കും ബിജെപിക്ക് ലഭിക്കുക.  
പിഎജിഡിയില്‍ എറ്റവും കുടുതല്‍ സീറ്റ് നേടിയത് നാഷണല്‍ കോണ്‍ഫ്രന്‍സ് തന്നെയാണ്. 67 സീറ്റ് ഇവര്‍ക്ക് ലഭിച്ചു. ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ സീറ്റുള്ള രാഷ്ട്രീയ കക്ഷി നാഷണല്‍ കോണ്‍ഫറന്‍സ് തന്നെ. പിഡിപിക്ക് 27 സീറ്റാണ് ലഭിച്ചത്. ഭീകരവാദികളെ സഹായിച്ചുവെന്ന് ആരോപിച്ച് ജയിലിലടക്കപ്പെട്ട പിഡിപിയുടെ യുവജനനേതാവ് വഹുദ് പാര പുല്‍വാമ ഒന്ന് സീറ്റില്‍ നിന്നു വിജയിച്ചത് ബിജെപിക്ക് ക്ഷീണമായി.  സജ്ജാദ് ലോണിന്‍റെ പീപ്പിള്‍സ് കോണ്‍ഫ്രന്‍സിന് എട്ട് സീറ്റ് നേടാനായി. എന്നാല്‍ പിഎജിഡി സഖ്യത്തില്‍ മത്സരിച്ച എല്ലാ സീറ്റിലും വിജയം നേടി സിപിഐ എം വര്‍ധിച്ച ജനകീയാംഗീകാരം തെളിയിച്ചു. കുല്‍ഗാം ജില്ലയില്‍ അഞ്ച് സീറ്റിലാണ് സിപിഐ എം മത്സരിച്ചത്. അഞ്ചിടത്തും നല്ല ഭൂരിപക്ഷത്തിന് സിപിഐ എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും പിഎജിഡി കണ്‍വീനറുമായ മുഹമ്മദ് യൂസഫ് തരിഗാമി കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവരികയാണ്. കര്‍ഷകരുടെയും യുവജനങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി മേഖലയില്‍ സിപിഐ എം നടത്തിയ പേരാട്ടങ്ങളാണ് വര്‍ധിച്ച ഈ അംഗീകാരത്തിന് കാരണമെന്നാണ് സിപിഐ എം വിലയിരുത്തല്‍. അതോടൊപ്പം കാശ്മീരിന്‍റെ പ്രത്യേക അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി സിപിഐ എമ്മും തരിഗാമിയും നടത്തിയ പോരാട്ടങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരം കുടിയാണിത്.
ബിജെപിയെ ഭയന്ന് ഗുപ്കാര്‍ സഖ്യത്തെ വഞ്ചിച്ച് സ്വതന്ത്രമായി മത്സരിച്ച കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചു. ജമ്മുവിലും കശ്മീരിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന എക കക്ഷിയായിട്ടും 26 സീറ്റില്‍ മാത്രമാണ് അവര്‍ക്കു വിജയിക്കാനായത്. ജമമു കശ്മീര്‍ പിസിസി അധ്യക്ഷന്‍ ഗുലാം അഹമ്മദ് മീറിന്‍റെ മകന്‍ നസീര്‍ അഹമ്മദ് മീര്‍ അനന്തനാഗില്‍ പരാജയപ്പെട്ടതും പാര്‍ടിക്ക് ക്ഷീണമായി. തുടക്കത്തില്‍ പിഎജിഡിയുടെ ഭാഗമായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുപ്കാര്‍ സഖ്യത്തെ ഗുപ്കാര്‍ ഗ്യാങ്ങ് എന്ന് വിശേഷിപ്പിക്കുകയും വിദേശ ശക്തികളുടെ ഇടപെടലിനായി ശ്രമിക്കുന്ന സഖ്യമാണിതെന്ന് കുറ്റപ്പെടുത്തുകയും ചെയ്ത വേളിയിലാണ് കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. വര്‍ഗീയതക്ക് കീഴടങ്ങുന്ന കോണ്‍ഗ്രസിന്‍റെ സമീപനം അവരുടെ ജനവിശ്വാസം ചോര്‍ത്തിക്കളയുകയാണെന്ന് ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലവും വിളിച്ചോതുന്നു. •