ജനകീയമുന്നേറ്റമായി കര്‍ഷകപ്രക്ഷോഭം

സാജന്‍ എവുജിന്‍

സാധാരണ ശൈത്യം സൃഷ്ടിച്ച പ്രതിബന്ധങ്ങളും ബിജെപി സര്‍ക്കാരുകളുടെ അടിച്ചമര്‍ത്തലുകളും വകവയ്ക്കാതെ കര്‍ഷകപ്രക്ഷോഭം മുന്നേറുകയാണ്. രാജ്യചരിത്രത്തില്‍ മുമ്പെങ്ങും ഉണ്ടാകാത്ത ജനകീയപ്രസ്ഥാനമായി പ്രക്ഷോഭം വളര്‍ന്നിരിക്കുന്നു. കര്‍ഷകരില്‍ ഭിന്നിപ്പു സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, ഗ്യാലറികളോട് കളിക്കുകയാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍. പഞ്ചാബില്‍ കര്‍ഷകരുടെയും മണ്ഡികളിലെ കമ്മീഷന്‍ ഏജന്‍റുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പു നടത്തിയ റെയ്ഡ് ഇതിന്‍റെ ഭാഗമാണ്. സമരത്തിനു പിന്നില്‍ കമീഷന്‍ ഏജന്‍റുമാരാണെന്ന് കേന്ദ്രം നേരത്തെ ആരോപിച്ചിരുന്നു. കര്‍ഷകരും കര്‍ഷകസംഘടനകളും കയ്യോടെ തള്ളിയ ആരോപണം പൊടിതട്ടി എടുക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 22 മുതല്‍ പഞ്ചാബില്‍ ഭക്ഷ്യധാന്യ മണ്ഡികള്‍ അടച്ചിട്ടു.
കിസാന്‍ ഏകത മോര്‍ച്ചയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ തടസ്സപ്പെട്ടതും സര്‍ക്കാര്‍ ഇടപെടലിന്‍റെ ഫലമായാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളോട് കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. മോഡിസര്‍ക്കാരിന്‍റെയും കോര്‍പറേറ്റുകളുടെയും വക്താക്കളായി മുഖ്യധാരാ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സമരകേന്ദ്രങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കെതിരെ മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയരുന്നു. കാര്‍ഷികനിയമങ്ങള്‍ സൃഷ്ടിക്കുന്ന വിപത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കര്‍ഷകര്‍ വിശദീകരിച്ചുകൊടുക്കുന്നത് സിന്‍ഘു അടക്കമുള്ള സമരകേന്ദ്രങ്ങളില്‍ പതിവു കാഴ്ചയാണ്. ഈ സാഹചര്യത്തില്‍ ബദല്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമാണ് കര്‍ഷകര്‍ക്ക് ആശ്രയം. സമരകേന്ദ്രങ്ങളില്‍നിന്ന് സ്ഥിരമായി ഫെയ്സ്ബുക്ക് ലൈവ് നല്‍കുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നേരിടാന്‍ പ്രത്യേക സെല്ലിനും രൂപം നല്‍കി. ഇതിനിടെയാണ് കിസാന്‍ ഏകതാ മോര്‍ച്ചയുടെ ഫെയ്സ്ബുക്ക്, യു ട്യൂബ് അക്കൗണ്ടുകള്‍ തടസ്സപ്പെട്ടത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കപ്പെട്ടു. തങ്ങളെ നിശ്ശബ്ദരാക്കാനാണ് അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പ്രക്ഷോഭകര്‍ പറയുന്നു. സ്വന്തം വാക്കുകളില്‍ സത്യം വിളിച്ചുപറയാന്‍ കഴിയുന്നത് സമൂഹമാധ്യമങ്ങള്‍ വഴിയാണ്. സമരമുന്നേറ്റത്തില്‍ സമൂഹമാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇതില്‍ അസ്വസ്ഥരായ കേന്ദ്രങ്ങളാണ് അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ കാണാന്‍ സൗകര്യമില്ല. കണ്ടാല്‍ തന്നെയും പ്രയോജനമില്ല. മിക്ക വാര്‍ത്തകളും സര്‍ക്കാരിന് അനുകൂലമായി വളച്ചൊടിച്ച് നല്‍കുന്നു. പത്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അതിനാല്‍ നിജസ്ഥിതി പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുന്നുവെന്ന് പ്രക്ഷോഭകര്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൃഷി മന്ത്രി നരേന്ദ്രസിങ് തോമറും കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ നിയമങ്ങള്‍ നിലവില്‍വന്നതോടെ തന്നെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ മണ്ഡികളില്‍ ആളൊഴിഞ്ഞു. പല മണ്ഡികളിലും സംഭരണം നടക്കുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില ലഭിക്കുന്നില്ല.  മധ്യപ്രദേശ് കൃഷിവകുപ്പിന്‍റെ  മേല്‍നോട്ടത്തിലുള്ള മണ്ഡികളില്‍ 47 എണ്ണത്തില്‍ സെപ്തംബറിനുശേഷം ധാന്യസംഭരണം പേരിനുപോലും നടന്നിട്ടില്ല. മറ്റ് 143 മണ്ഡികളില്‍ ഒക്ടോബറില്‍ ക്രയവിക്രയത്തില്‍ 50 ശതമാനം വരെ ഇടിവുണ്ടായി. സംസ്ഥാനത്തെ മൊത്തം കണക്കെടുത്താല്‍ 259 മണ്ഡിയിലായി നടന്ന ഇടപാടുകളില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് ഇക്കൊല്ലം 25 ശതമാനം ഇടിവുണ്ടായി.
സര്‍ക്കാര്‍ മണ്ഡിസംവിധാനത്തിനു പുറത്ത് ഇടപാടുകള്‍ വര്‍ധിച്ചതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ചോളത്തിനു തറവില(എംഎസ്പി) നിശ്ചയിച്ചിട്ടും സര്‍ക്കാര്‍ സംഭരണം നടത്തുന്നില്ല. ക്വിന്‍റലിനു 1,850 രൂപയാണ് ചോളത്തിനു തറവില പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സംഭരണത്തിന്‍റെ അഭാവത്തില്‍ കര്‍ഷകര്‍ക്ക് ക്വിന്‍റലിന് ആയിരം രൂപപോലും കിട്ടുന്നില്ല. 800 രൂപയ്ക്ക് വില്‍ക്കേണ്ടിവന്ന കര്‍ഷകരുണ്ട്. മണ്ഡികളിലെ വ്യാപാരികളും ആശങ്കയിലാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തില്‍ തങ്ങളും പങ്കാളികളാകുമെന്ന്  വ്യാപാരികളുടെ സംഘടന  മുന്നറിയിപ്പ് നല്‍കി. മണ്ഡിബോര്‍ഡുകളില്‍ ജീവനക്കാരായ 9,000 പേരുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.
ഉത്തര്‍പ്രദേശ്, കര്‍ണാടകം, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഇക്കഴിഞ്ഞ മാസങ്ങളില്‍  സംഭരിച്ച നെല്ലില്‍ 77 ശതമാനത്തിനും എംഎസ്പിയെക്കാള്‍ കുറഞ്ഞ വിലയാണ് നല്‍കിയതെന്ന് കേന്ദ്രകൃഷി വകുപ്പിന്‍റെ അഗ്മാര്‍ക്ക് നെറ്റ് പോര്‍ട്ടലില്‍നിന്നു വ്യക്തമാകുന്നു. എംഎസ്പിയും എപിഎംസി മണ്ഡിസമ്പ്രദായവും ഇല്ലാതാകുമെന്ന ആശങ്കയില്‍ കര്‍ഷകര്‍ കിട്ടുന്ന വിലയ്ക്ക് നെല്ല് വില്‍ക്കുകയാണ്. ക്വിന്‍റലിന് 1,868 രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ച എംഎസ്പി. എന്നാല്‍ 1,150 രൂപ വരെ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എപിഎംസി  മണ്ഡി സംവിധാനം ശക്തമായ പഞ്ചാബിലും ഹരിയാനയിലും മാത്രമാണ് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നത്. ഗുജറാത്തില്‍ സംഭരിച്ചതിന്‍റെ 83 ശതമാനം നെല്ലിനും   എംഎസ്പിയെക്കാള്‍ കുറഞ്ഞ വിലയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കര്‍ണാടകത്തില്‍ 63 ശതമാനം, തെലങ്കാനയില്‍ 60 ശതമാനം എന്ന ക്രമത്തിലാണ് ഈ കണക്ക്. ചണ്ഡീഗഡില്‍ 4.4 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചത് കുറഞ്ഞ വിലയിലാണ്. 
 ജൂണില്‍  കാര്‍ഷിക ഓര്‍ഡിനന്‍സ് ഇറക്കിയതോടെ പരിഷ്കാരങ്ങള്‍ നിലവില്‍വന്നു. സെപ്തംബറില്‍ ബില്ലുകള്‍ പാര്‍ലമെന്‍റില്‍ തിരക്കിട്ട് പാസാക്കിയെടുത്തതോടെ രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ഖാരിഫ് സീസണ്‍ സംഭരണം ഒക്ടോബറിലാണ് തുടങ്ങിയത്.    അതേസമയം, കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്ന വ്യാപാരികള്‍ ഉയര്‍ന്ന വിലയില്‍ എഫ്സിഐയ്ക്കും ഇതര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മറിച്ചുവില്‍ക്കുന്നുണ്ട്. ഈ കണക്ക് ചൂണ്ടിക്കാട്ടി സംഭരണം എംഎസ്പിയെക്കാള്‍ ഉയര്‍ന്ന വിലയില്‍ നടന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടും. ഈ തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞാണ് കര്‍ഷകര്‍ സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നത്.
   കേന്ദ്ര ട്രേഡ് യൂണിയനുകള്‍ കര്‍ഷകസമരത്തിനു പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് രംഗത്തുണ്ട്. തൊഴില്‍കോഡുകളും കാര്‍ഷികനിയമങ്ങളും ഇന്ത്യയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള പദ്ധതിയുടെ നിര്‍വഹണ സംവിധാനമാണെന്ന തിരിച്ചറിവ് വളര്‍ന്നുവരുന്നു. കര്‍ഷകത്തൊഴിലാളികളും അധ്യാപകരും വിദ്യാര്‍ഥികളും യുവജനങ്ങളും വ്യാപാരികളും ഇടത്തരം ജീവനക്കാരും അടക്കം ജീവിതത്തിന്‍റെ സമസ്ത മേഖലകളിലുമുള്ളവര്‍ പ്രക്ഷോഭത്തിനു സഹായവും പിന്തുണയും നല്‍കുന്നു. കോണ്‍ഗ്രസ് ഭരണകാലത്തെ പഴിച്ചും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നതിന്‍റെ ശക്തമായ സൂചനയാണ് ഇതു നല്‍കുന്നത്. നോട്ടുനിരോധനം, ജിഎസ്ടി, പൗരത്വനിയമഭേദഗതി എന്നീ വിഷയങ്ങളില്‍ ജനങ്ങളെ ഭിന്നിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം കൈകാര്യം ചെയ്തത്. കാര്‍ഷികനിയമങ്ങള്‍ക്കെതിരെ  ഉയര്‍ന്നുവന്നിരിക്കുന്ന പ്രക്ഷോഭം ഈ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിനും  ബിജെപിക്കും സാധിക്കുന്നില്ല. •