കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്കും മൂലധനത്തിനും എംഗല്‍സ് നല്‍കിയ സംഭാവന

ഇ എം എസ് നമ്പൂതിരിപ്പാട്

മാര്‍ക്സിസത്തിന്‍റെ അടിസ്ഥാനരേഖകളാണല്ലോ 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യും 'മൂലധന'വും. ആദ്യത്തേത് യൂറോപ്പിനെ 'കമ്യൂണിസമെന്ന ഭൂതം' ബാധിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പും ലോകത്തെങ്ങുമുള്ള തൊഴിലാളികളോട് ഒന്നിക്കാനുള്ള ആഹ്വാനവുമായിരുന്നു. രണ്ടാമത്തേതാകട്ടെ, യൂറോപ്പെന്നോ മറ്റു ഭൂഖണ്ഡങ്ങളെന്നോ വ്യത്യാസമില്ലാതെ ഭൂഗോളത്തിലാകെ അനുസ്യൂതം നടക്കുന്ന മുതലാളിത്ത വളര്‍ച്ചയെന്ന പ്രകിയയുടെ ശാസ്ത്രീയാപഗ്രഥനമാണ്. 
 രണ്ടും രൂപപ്പെടുത്തുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചത് കാറല്‍ മാര്‍ക്സ് തന്നെയാണ്. അദ്ദേഹത്തിന്‍റെ ഉള്‍ക്കാഴ്ചയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധതയുമില്ലായിരുന്നെങ്കില്‍ 'മാനിഫെസ്റ്റോ'യോ 'മൂലധന'മോ ഇത്ര ഉജ്ജ്വലമാകുമായിരുന്നില്ല. 
പക്ഷേ ഇതുരണ്ടും രൂപപ്പെടുത്തുന്നതില്‍ മാര്‍ക്സ് കഴിഞ്ഞാല്‍ രണ്ടാമത്തെ സ്ഥാനം എംഗല്‍സിനുണ്ട്. അദ്ദേഹത്തിന്‍റെ സഹായസഹകരണങ്ങളില്ലായിരുന്നെങ്കില്‍, അതുല്യ പ്രതിഭാശാലിയായിരുന്ന മാര്‍ക്സിനുപോലും 'മാനിഫെസ്റ്റോ'യോ 'മൂലധന'മോ സ്യഷ്ടിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല.  
'മാനിഫെസ്റ്റോ' ഇന്നത്തെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് അതിരൂക്ഷമായ വിവാദങ്ങള്‍ യൂറോപ്യന്‍ വിപ്ലവകാരികള്‍ക്കിടയില്‍ നടന്നിരുന്നു. വിരുദ്ധ ചിന്താഗതിക്കാരായിരുന്ന 'ക മ്യൂണിസ്റ്റ് ലീഗു'കാര്‍ക്കിടയില്‍ ഭാവിസമൂഹത്തെയും അതിലെത്താനുള്ള മാര്‍ഗങ്ങളെയുംകുറിച്ച് അതിതീക്ഷ്ണമായ സമരങ്ങള്‍ നടത്തേണ്ടിയിരുന്നു. 
 അതില്‍ പ്രധാന പങ്കുവഹിച്ച എംഗല്‍സ് വിവാദങ്ങള്‍ക്കിടയില്‍ പൊന്തിവന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്ന ഒരു ലഘുഗ്രന്ഥമെഴുതി. ചോദ്യോത്തരങ്ങളുടെ രൂപത്തില്‍ രചിച്ച ആ കൃതിയുടെ ഉള്ളടക്കം മാര്‍ക്സിനു സഹജമായുണ്ടായിരുന്ന ഉള്‍ക്കാഴ്ചയോടെയും വിപ്ലവവീര്യത്തോടെയും എഴുതിയതാണ് 'മാനിഫെസ്റ്റോ', അതിന്‍റെ രചനയില്‍ എംഗല്‍സ് വഹിച്ച പങ്ക് ലോകത്തെങ്ങു മുള്ള മാര്‍ക്സിസ്റ്റുകാര്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു. 
'മൂലധന'ത്തിന്‍റെ കാര്യത്തിലാകട്ടെ മാര്‍ക്സിനു വഴികാട്ടിയായിരുന്നത് എംഗല്‍സായിരുന്നുവെന്ന് ഒരര്‍ത്ഥത്തില്‍ പറയാം. 
എംഗല്‍സിനെ കണ്ടുമുട്ടുന്നതുവരെ മാര്‍ക്സ് ഒരു ദാര്‍ശനികനായിരുന്നു. ദര്‍ശനംതന്നെ പ്രായോഗികരംഗത്തേക്കു വ്യാപിപ്പിച്ചത് നിയമത്തിന്‍റെയും രാഷ്ട്രമീമാംസയുടെയും പ്രശ്നങ്ങളിലാണ്. ആ വഴിക്കു താന്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് മാര്‍ക്സ് താഴെ പറയുന്ന നിഗമനത്തിലെത്തിയത്. 
"ദര്‍ശനം അതിന്‍റെ ഭൗതികോപകരണത്തെ തൊഴിലാളിവര്‍ഗത്തില്‍ കാണുന്നു. തൊഴിലാളിവര്‍ഗം അതിന്‍റെ ആത്മീയോപകരണമായി ദര്‍ശനത്തെ കാണുന്നു".
ദര്‍ശനത്തിന്‍റെ ആയുധമണിയുന്ന തൊഴിലാളിവര്‍ഗത്തിനു മാത്രമേ അതിന്‍റെ ചരിത്രപരമായ ദൗത്യം നിറവേറ്റാനാവൂ എന്നര്‍ത്ഥം. 
മാര്‍ക്സ് ഈ വരികളെഴുതിയ കാലത്തുതന്നെ എംഗല്‍സ് തൊഴിലാളിവര്‍ഗത്തെ കണ്ടെത്തിയിരുന്നു. 1844ല്‍ എഴുതപ്പെട്ട 'ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്‍റെ സ്ഥിതി' എന്ന എംഗല്‍സിന്‍െറ ബൃഹദ്ഗ്രന്ഥം അതിനു മുമ്പുതന്നെ പുറത്തുവന്നിരുന്നു. 
ഇംഗ്ലീഷ് തൊഴിലാളിവര്‍ഗത്തിന്‍റെ ജീവിതവും അതു സംബന്ധിച്ച പ്രശ്നങ്ങളും പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളും സമരങ്ങളും അവയെ നയിക്കുന്നതിനുവേണ്ടി അവരുണ്ടാക്കുന്ന വര്‍ഗബഹുജനസംഘടനകളും രാഷ്ട്രീയ പാര്‍ടികളും മുതലായവയുടെ സമഗ്രവിവരണമായിരുന്നു ആ ഗ്രന്ഥം. ജീവനുള്ള ഇംഗ്ലീഷ് തൊഴിലാളിയെ മാര്‍ക്സിനു പരിചയപ്പെടുത്തിക്കൊടുത്തത് എംഗല്‍സാണെന്നര്‍ത്ഥം. 
എംഗല്‍സ് ഈ ഗ്രന്ഥമെഴുതിയ 1844ല്‍ത്തന്നെയാണ് അര്‍ത്ഥശാസ്ത്രത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങള്‍ വിശദീകരിക്കുന്ന ഒരു ലേഖനം അദ്ദേഹം എഴുതിയത്. തന്‍െറ പത്രാധിപത്യത്തില്‍ നടക്കുന്ന ജര്‍മ്മന്‍ പത്രത്തില്‍ മാര്‍ക്സ് അത് പ്രസിദ്ധികരിച്ചു. അതിലെ ആശയങ്ങള്‍ മാര്‍ക്സിനെ ആകര്‍ഷിച്ചു. ഈ ലേഖനത്തിന്‍റെ ഉള്ളടക്കവും ഇംഗ്ലീഷ് തൊഴിലാളിവര്‍ഗത്തെക്കുറിച്ച് എംഗല്‍സ് എഴുതിയ ലേഖനവുമാണ് അതേവരെ ദാര്‍ശനികനും രാഷ്ട്രീയ വിപ്ലവകാരിയുമായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്സിനെ അര്‍ത്ഥശാസ്ത്രപഠനത്തിലേക്കു നയിച്ചത്. 
'മൂലധന'ത്തിന്‍റെ രചനയിലേക്കു ചെന്നെത്തിയ ഈ അര്‍ത്ഥശാസ്ത്രപഠനത്തിലും അതിന്‍റെ ഭാഗമായ ഗ്രന്ഥരചനയിലും എംഗല്‍സ് ഒട്ടൊന്നുമല്ല മാര്‍ക്സിനെ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്തത്. തന്‍റെ ഉപദേശം നിമിത്തമാണ് മാര്‍ക്സ് 'മൂലധന'മെഴുതിയതെന്ന അവകാശവാദമൊന്നും എംഗത്സ് ഉന്നയിച്ചില്ലെങ്കിലും മൂലധന ഗ്രന്ഥരചനയില്‍ എംഗത്സില്‍നിന്ന് കിട്ടിയ ഉപദേശ നിര്‍ദ്ദേശങ്ങളെ മാര്‍ക്സ് അങ്ങേയറ്റം വിലമതിച്ചിരുന്നു. അതുകൊണ്ടാണ് 'മൂലധന'ത്തിന്‍റെ ഒന്നാം വോള്യം തിരുത്തി പരിശോധിച്ച് അച്ചടിക്കാന്‍ കൊടുക്കുന്ന അവസരത്തില്‍ തനിക്കേറ്റവും അടുത്തുള്ള സഖാവും സഹായിയുമായ എംഗത്സിനെ പുകഴ്ത്തിക്കൊണ്ടും അദ്ദേഹത്തോട് നന്ദി പറഞ്ഞുകൊണ്ടും മാര്‍ക്സ് ഒരു കത്ത് അദ്ദേഹത്തിനെഴുതിയത്.
എംഗത്സിന്‍റെ സംഭാവന ഇവിടെയും അവസാനിച്ചില്ല. എന്തുകൊണ്ടെന്നാല്‍ നാലു വോള്യമായി എഴുതി പൂര്‍ത്തീകരിക്കാനുദ്ദേശിച്ചിരുന്ന മൂലധനത്തിന്‍റെ ഒന്നാം വോള്യം മാത്രമേ മാര്‍ക്സ് സ്വയം പൂര്‍ത്തീകരിച്ച് പ്രസിദ്ധീകരണത്തിനയച്ചുള്ളൂ. ബാക്കി മൂന്നു വോള്യങ്ങള്‍ക്കുള്ള കുറിപ്പുകളാണ് മാര്‍ക്സ് വിട്ടുവച്ചു പോയത്. അവയെ പരിശോധിച്ച് ക്രമീകൃതമായ പുസ്തകങ്ങളാക്കി പ്രസിദ്ധീകരിക്കുന്ന ജോലി എംഗത്സിന്‍റെ തലയില്‍ വീണു.
മാര്‍ക്സിന്‍റെ കൈയക്ഷരം വായിക്കല്‍ തൊട്ട് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുറിപ്പുകള്‍ ഒത്തുനോക്കി അവയ്ക്ക് പുസ്തകത്തിന്‍റേതായ രൂപം നല്‍കുന്നതുവരെ ഭാരിച്ച ജോലി എംഗത്സിന്‍റേതായിരുന്നു. അതദ്ദേഹം ഏറ്റെടുത്തു. 
അങ്ങനെയാണ് 'മൂലധന'ത്തിന്‍റെ രണ്ടും മൂന്നും വോള്യങ്ങള്‍ പുറത്തുവന്നത്. അപ്പോഴും നാലാം വോള്യം പ്രസിദ്ധീകരണ യോഗ്യമാക്കാന്‍ എംഗത്സിനു കഴിഞ്ഞില്ല. ആ ജോലി പിന്നീട് ഏറ്റെടുത്തത് കൗത്സ്കിയാണ്.
പക്ഷേ ഒന്നു മുതല്‍ മൂന്നുവരെയുള്ള വോള്യങ്ങള്‍ കൊണ്ടുതന്നെ മുതലാളിത്ത വ്യവസ്ഥയുടെ ഉത്ഭവം, വളര്‍ച്ച, അനിവാര്യമായ തകര്‍ച്ച എന്നിവയുടെ ചിത്രം വായനക്കാര്‍ക്ക് കിട്ടും. അദ്ധ്വാനിക്കുന്ന ബഹുജനങ്ങളെ കൊള്ളയടിക്കുകയും മര്‍ദ്ദിച്ചൊതുക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ മാത്രമല്ല മുതലാളിത്തം. അത് അനിവാര്യമായി തകരുകയാണ്. തകര്‍ച്ചയില്‍നിന്നു രൂപപ്പെടുന്നത് ഒരു പുതിയ കമ്യൂണിസ്റ്റ് സമൂഹമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ 'മൂലധന'ത്തിന്‍റെ ആദ്യത്തെ മൂന്നു വോള്യങ്ങള്‍ സഹായിച്ചു. അവയില്‍ ഒന്നാം വോള്യം മാര്‍ക്സ് തന്നെ പൂര്‍ത്തീകരിച്ച താണെങ്കില്‍ രണ്ടും മൂന്നും വോള്യങ്ങള്‍ എംഗത്സാണ് രൂപപ്പെടുത്തിയത്.
ഇവിടെയും എംഗത്സിന്‍റെ സംഭാവന അവസാനിക്കുന്നില്ല. 'മൂലധന'ത്തിന്‍റെ അനന്തര പതിപ്പുകളിലോരോന്നിലും (മാര്‍ക്സ് അന്തരിച്ചതിനുശേഷം) എംഗത്സിനു മുഖവുരകളെഴുതേണ്ടിയിരുന്നു. അവയിലൂടെ എതിരാളികളുടെ ആരോപണങ്ങളെ ഖണ്ഡിക്കുക മാത്രമല്ല എംഗത്സ് ചെയ്തത് 'മൂലധന'ത്തിന്‍റെ ഒന്നാം വോള്യം പ്രസിദ്ധീകരിച്ചതില്‍ പിന്നീട് ലോക മുതലാളിത്തത്തില്‍ വന്നുകൊണ്ടിരുന്ന മാറ്റങ്ങളെ നിരീക്ഷിക്കുക കൂടി അദ്ദേഹം ചെയ്തു.
ആദ്യത്തെ സ്വതന്ത്ര മുതലാളിത്തം കുത്തക മുതലാളിത്തത്തിലേക്കു വളരാന്‍ തുടങ്ങിയതിന്‍റെ സൂചനകള്‍ എംഗത്സ് നല്‍കി. (അതിനെ പുഷ്ടിപ്പെടുത്തി കുത്തക മുതലാളിത്തത്തിന്‍റെ അല്ലെങ്കില്‍ സാമ്രാജ്യാധിപത്യത്തിന്‍റെ കാലഘട്ടം തുടങ്ങിയതിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചത് എംഗത്സിനുശേഷം ലെനിനാണ്. അങ്ങനെ മാര്‍ക്സില്ലാത്ത കാലത്തും മാര്‍ക്സിന്‍റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നതില്‍ എംഗത്സ് തന്‍റെ പങ്ക് നിറവേറ്റി.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യുടെയും 'മൂലധന'ത്തിന്‍റെയും പ്രസിദ്ധീകരണം ആഗോള തൊഴിലാളിവര്‍ഗ വിപ്ലവ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ പ്രധാന നാഴികക്കല്ലുകളാണ്. "ദര്‍ശനത്തിന്‍റെ ഭൗതികോപകരണ"മെന്ന് മാര്‍ക്സ് വിളിച്ച തൊഴിലാളിവര്‍ഗം ആ ദര്‍ശനത്തെ എങ്ങനെ പുഷ്ടിപ്പെടുത്തി ഉപയോഗിക്കുന്നു എന്ന ചരിത്രമാണ് എംഗത്സിനു ശേഷമുള്ള ഒരു നൂറ്റാണ്ടുകാലത്തെ ലോക വിപ്ലവ പ്രസ്ഥാനത്തിന്‍റെ ചരിത്രം. •'
(1995 ആഗസ്തില്‍ എംഗത്സിന്‍റെ 100-ാം ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് ചിന്തയുടെ പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)