കര്‍ഷകര്‍ക്കിടയിലെ പാര്‍ടിയുടെ കടമകള്‍

പീപ്പിള്‍സ് ഡെമോക്രസി

 1954ഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി "കര്‍ഷകര്‍ക്കിടയിലെ കടമകള്‍" സംബന്ധിച്ച ഒരു പ്രമേയം അംഗീകരിച്ചു. ഭൂ പരിധി, ഭൂമി തിരിച്ചുപിടിക്കാനുള്ള അവകാശം, പാട്ടം കുറയ്ക്കല്‍, നികുതിഭാരം, കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ആദായവില, കടബാധ്യത, വസ്തുക്കളുടെ ഏകീകരണവും ശിഥിലീകരണം തടയലും, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ജലസേചന സൗകര്യങ്ങള്‍, കര്‍ഷകത്തൊഴിലാളികളുടെ ആവശ്യങ്ങള്‍, കര്‍ഷക സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിന്‍റെയും പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെയും പ്രശ്നങ്ങള്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ പ്രമേയത്തില്‍ കൈകാര്യംചെയ്തു. കര്‍ഷക പ്രസ്ഥാനത്തിലെ പാര്‍ടിയുടെ പ്രവര്‍ത്തനത്തിന് വഴികാട്ടുന്നതിന് ഈ വിഷയങ്ങളെക്കുറിച്ചെല്ലാമുള്ള മൂര്‍ത്തമായ തത്ത്വങ്ങള്‍ ഈ പ്രമേയം മുന്നോട്ടുവെച്ചു. പ്രമേയത്തില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
"ഇന്ന് ഉല്‍പാദനത്തിന്മേലുള്ള മുഖ്യ പ്രതിബന്ധം കാലഹരണപ്പെട്ട ഭൂവ്യവസ്ഥതന്നെയാണ്. ഭൂപ്രഭുക്കള്‍ക്കെതിരായി  കര്‍ഷക ജനസാമാന്യത്തിന്‍റെ കൂട്ടായ സമരത്തിലൂടെയല്ലാതെ ഇതില്‍ ഒരു മാറ്റവും വരുത്താനാവില്ല. അതിനാല്‍ ഈ സമരത്തിന്‍റെ ആവശ്യവുമായി ബന്ധപ്പെട്ടാണ് മുദ്രാവാക്യങ്ങളും അടവുകളും നിര്‍ണയിക്കേണ്ടത്. കര്‍ഷക ജനസാമാന്യത്തെയും ഗ്രാമ പ്രദേശങ്ങളിലെ അധ്വാനിക്കുന്ന ജനങ്ങളെയാകെയും സമരത്തിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ അത് സാധ്യമാകൂ; കര്‍ഷക ജനസാമാന്യത്തിന് ഭൂമി നല്‍കുന്നതിന് ഈ സമരം ഇടയാക്കും; അത് ആത്യന്തികമായി കാര്‍ഷികോല്‍പാദനത്തില്‍പോലും ശ്രദ്ധേയമായ അഭിവൃദ്ധി സാധ്യമാക്കിത്തീര്‍ക്കുകയും ചെയ്യും; ആ അഭിവൃദ്ധിയാകട്ടെ ഭൂപ്രഭുക്കളുടെ ഉടമസ്ഥതയില്‍ അങ്ങിങ്ങായുള്ള ആധുനിക വന്‍കിട കൃഷിത്തോട്ടങ്ങളുടെ വളര്‍ച്ചയിലൂടെയല്ല. 
ഭൂമി കൈവശംവയ്ക്കുന്നതിനുള്ള പരിധി നിശ്ചയിക്കണമെന്നും ആ പരിധിക്കപ്പുറമുള്ള ഭൂമി ഏറ്റെടുക്കുകയും കര്‍ഷകത്തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും സൗജന്യമായി വിതരണംചെയ്യണമെന്നും നാം ആവശ്യപ്പെടുകയും അക്കാര്യം വ്യാപകമായി പ്രചരിപ്പിക്കുകയും വേണം. 
"ഒരു വ്യക്തിക്കും അയാളുടെ കുടുംബത്തിനും ചുരുങ്ങിയപക്ഷം ഒരു ധനിക കര്‍ഷകന്‍റേതിനു സമാനമായ വരുമാനമുണ്ടാക്കാന്‍ വേണ്ടത്ര ഭൂമി മാത്രം കൈവശംവയ്ക്കാന്‍ അനുവദിക്കുന്ന വിധത്തിലാകണം പരിധി നിശ്ചയിക്കേണ്ടത്; എന്നാല്‍ കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷക ജനസാമാന്യത്തിനും വിതരണംചെയ്യാന്‍ വേണ്ടത്ര ഭൂമി ഇല്ലാതാംകുംവിധം ഉയര്‍ന്നതായിരിക്കരുത് ആ ഭൂ പരിധി. 
"മേല്‍ സൂചിപ്പിച്ച തത്ത്വത്തെ അടിസ്ഥാനമാക്കി  ഓരോ പ്രദേശത്തിനും ബാധകമായ ഇത്തരത്തിലുള്ള പരിധി എന്തായിരിക്കണമെന്ന് കിസാന്‍ സഭയുമായി അടുത്ത്  സഹകരിച്ചുകൊണ്ട് പാര്‍ടി എല്ലാ വസ്തുതകളും സമഗ്രമായി പഠിക്കുകയും അതത് പ്രദേശത്തെ കര്‍ഷക ജനതയുമായി സമഗ്രവും ഗൗരവവുമായ ചര്‍ച്ച നടത്തുകയും ചെയ്തശേഷം ഒരു രൂപരേഖയുണ്ടാക്കണം.
"തങ്ങളുടെ ഭൂമി പാട്ടത്തിനു കൊടുത്തിട്ടുള്ള ഭൂപ്രഭുക്കള്‍ക്ക് അവരുടെ കൈവശം ഈ പരിധിയിലും കുറഞ്ഞ അളവിലേ ഭൂമിയുള്ളുവെങ്കിലും, ഭൂമി തിരിച്ചുപിടിക്കാന്‍ ഒരവകാശവുമുണ്ടായിരിക്കില്ല; സ്വന്തമായി കൃഷിചെയ്യാനാണെന്ന വാദമുയര്‍ത്തിയാണെങ്കില്‍പോലും ഇതനുവദിക്കില്ല; കാരണം അങ്ങനെയാകുമ്പോള്‍ ഇപ്പോള്‍ കൃഷിചെയ്യുന്നവരെ ഒഴിപ്പിക്കുന്ന സ്ഥിതിയുണ്ടാകും. ഇത്തരത്തില്‍ പരിധിയിലധികം ഭൂമി സ്വന്തമായില്ലാതിരിക്കുകയും എന്നാല്‍ ഭൂമി പാട്ടത്തിനു നല്‍കുകയും ചെയ്തിട്ടുള്ള ഭൂപ്രഭുക്കള്‍ക്ക് പുനരധിവാസ ഗ്രാന്‍റായി ഒരു തുക നല്‍കാവുന്നതാണ്. അല്ലെങ്കില്‍ അവര്‍ ജനങ്ങളുമായി സൗഹാര്‍ദപരമായി സഹകരിച്ച് ജീവിക്കാനും സ്വന്തമായി നിലമുഴുത് കൃഷിയിറക്കാനും തയ്യാറാണെങ്കില്‍ മിച്ചഭൂമിയില്‍നിന്ന് അവര്‍ക്ക് ഭൂമി അനുവദിക്കാവുന്നതാണ്. തലമുറകളായി സ്വന്തമായി കൃഷിചെയ്തിട്ടില്ലാത്ത ഇനാംദാര്‍മാരെപ്പോലെയുള്ള ചട്ടപ്രകാരം ഭൂപ്രഭുക്കളായിട്ടുള്ളവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും ഇങ്ങനെ ചെയ്യാവുന്നതാണ്.
"ഒരു കുടുംബത്തിന് കൈവശംവയ്ക്കാവുന്നതിലും കുറച്ച് ഭൂമി കൈവശമുള്ള ചെറുകിട ഭൂഉടമസ്ഥരുണ്ട് (ഒരു ജോഡി കാള സ്വന്തമായുള്ള പ്രായപൂര്‍ത്തിയായ ഒരു പുരുഷ തൊഴിലാളിയും അയാളുടെ ഭാര്യയും അടങ്ങിയ ഒരു കുടുംബത്തിന് തൊഴില്‍ നല്‍കുന്നത്ര ഭൂമിയുള്ള കുടുംബ കൈവശക്കാരുടെ ചില കേസുകളില്‍ സീസണുകളില്‍ കൂലിവേലയ്ക്ക് ആളെ നിയമിക്കാറുണ്ട്.  ചില പ്രദേശങ്ങളില്‍ അത്രയും കൈവശഭൂമികൊണ്ടുമാത്രം ന്യായമായ ജീവിത നിലവാരം ഉറപ്പാക്കാനുമാവുന്നുണ്ട്). അവര്‍ സ്വയം കൃഷിചെയ്യുന്നത് ആദായകരമല്ലെന്ന കാരണത്താല്‍ ആ കൈവശഭൂമി പാട്ടത്തിനു കൊടുക്കാറുണ്ട്; അഥവാ അവര്‍ മറ്റു തൊഴിലുകള്‍ ചെയ്യാനോ പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ കച്ചവടത്തില്‍ ഏര്‍പ്പെടാനോ നിര്‍ബന്ധിതരാകാറുണ്ട്. പൊതുവില്‍ അത്തരം ചെറുകിട ഭൂ ഉടമകള്‍ ഫാക്ടറി ജീവനക്കാരോ ചെറുകിട കച്ചവടക്കാരോ കുറഞ്ഞ വേതനമുള്ള പ്രൊഫഷണലുകളോ മറ്റോ ആകാം. അവരെയൊന്നും ഭൂപ്രഭുക്കളായി തെറ്റിദ്ധരിക്കുകയോ ആശയക്കുഴപ്പത്തിലാകുകയോ ചെയ്യരുത്; അവരുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. 
"ഇത്തരം ചെറുകിട ഭൂ ഉടമകള്‍ക്ക് ഒന്നുകില്‍ തിരിച്ചെത്തി തങ്ങളുടെ ഭൂമിയില്‍ സ്വന്തമായി ചെയ്യാവുന്നതാണ്; അങ്ങനെ കൃഷി സ്വന്തം മുഖ്യ തൊഴിലായി സ്വീകരിക്കുകയോ  നിലവിലെ കുടിയായ്മ നിയമമനുസരിച്ച് പാട്ടത്തുക കുറയ്ക്കുകയും പാട്ട കാലാവധി കുറയ്ക്കുകയും ചെയ്ത് ഭൂമി പാട്ടത്തിന് നല്‍കുകയോ ഭൂമി വില്‍ക്കുകയോ കുടിയായ്മ കര്‍ഷകര്‍ക്ക് ഭൂമി വിട്ടുകൊടുക്കുകയോ വിപണി വിലയ്ക്ക് ഗവണ്‍മെന്‍റില്‍നിന്ന് പൂര്‍ണ നഷ്ടപരിഹാരം നേടിയെടുക്കുകയോ ചെയ്യാവുന്നതാണ്. ഒരേപോലെ ദരിദ്രരായ ഈ ചെറുകിട ഭൂഉടമകളും കുടിയാന്മാരും തമ്മില്‍ താല്‍പര്യ സംഘട്ടനം ഉയര്‍ന്നുവരികയാണെങ്കില്‍ കര്‍ഷകപ്രസ്ഥാനം കര്‍ഷക ജനതതിയുടെ ഐക്യം സംരക്ഷിക്കുന്നതിന് ചില ഒത്തുതീര്‍പ്പുകളില്‍ എത്തിക്കുന്നതിന് ശ്രമിക്കണം. എന്നാല്‍ ന്യായമായ ജീവിത നിലവാരം നിലനിര്‍ത്താന്‍ വേണ്ടത്ര വരുമാനമുള്ള തൊഴിലുള്ളവരുടെ കാര്യത്തില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ കുറഞ്ഞ പാട്ടം വാങ്ങാന്‍ അനുവദിക്കുകയോ ചെയ്യണം; എന്നാല്‍ അവര്‍ക്ക് ഭൂമി തിരിച്ചെടുക്കാന്‍ അവകാശമുണ്ടാകില്ല. 
"..... പാര്‍ടിയുടെ അടിയന്തരവും അതിപ്രധാനവുമായ കടമ ഒഴിപ്പിക്കലിനെതിരായും പാട്ടം കുറയ്ക്കുന്നതിനുവേണ്ടിയുമുള്ള സമരം ഏറ്റെടുക്കുകയെന്നതാണ്. ഒഴിപ്പിക്കലിനെതിരായും പാട്ടം കുറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭവും സമരങ്ങളും നടത്തുന്നതിന് പാര്‍ടിയും കര്‍ഷക പ്രസ്ഥാനവും നിലവിലുള്ള കാര്‍ഷിക നിയമങ്ങള്‍ എത്രമാത്രം ദുര്‍ബലവും പരിമിതികളുള്ളതുമാണെങ്കിലും അതു നല്‍കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും സാധ്യമായേടത്തോളം പൂര്‍ണമായി ഉപയോഗിക്കണം. 
"പാട്ടത്തുകയും പാട്ടക്കാലാവധിയും കുറയ്ക്കണമെന്ന് നാം ആവശ്യപ്പെടുമ്പോള്‍, നാം അര്‍ഥമാക്കുന്നത് കര്‍ഷകര്‍ ഭൂപ്രഭുക്കള്‍ക്ക് നല്‍കുന്ന പാട്ടത്തുകയെന്നാണ്; ഭൂപ്രഭുക്കളുടെ ഭൂമിയിന്മേലുള്ള കര്‍ഷകരുടെ പാട്ടക്കാലാവധിയെന്നുമാണ്. കരിമ്പും പുകയിലയും പോലെയുള്ള വാണിജ്യ വിളകള്‍ വ്യാപകമായി വളരുന്ന പ്രദേശങ്ങളുടെ കാര്യത്തില്‍ ഇതു ബാധകമല്ല; ചെറുകിട കൈവശക്കാരില്‍നിന്നും ഭൂപ്രഭുക്കള്‍ ഭൂമി പാട്ടത്തിനെടുക്കുകയും കുറഞ്ഞ നിരക്കില്‍ പാട്ടം നല്‍കുകയും ചെയ്യുന്നത് പൊതു സവിശേഷത ആയിരിക്കുന്നിടത്തും ഇതു ബാധകമല്ല. ഇവിടെ, കര്‍ഷകര്‍ക്ക് ഭൂപ്രഭുക്കള്‍ നല്‍കുന്ന നിരക്കില്‍ വര്‍ധന വേണമെന്ന് നാം ആവശ്യപ്പെടണം. 
"കര്‍ഷകത്തൊഴിലാളികളാണ് കര്‍ഷക ജനതയിലെ ഏറ്റവും ഉശിരന്‍ വിഭാഗം.  കര്‍ഷകപ്രസ്ഥാനം ഒന്നടങ്കം ആധാരമാക്കിയിരിക്കുന്നത് 70 ശതമാനം വരുന്ന കര്‍ഷകത്തൊഴിലാളികളും ദരിദ്ര കര്‍ഷകരും ഉള്‍പ്പെടുന്ന ഗ്രാമീണ ജനതയെയാണ്; ഇവരുടെ ഒപ്പം ഇടത്തരം കര്‍ഷകരെക്കൂടി ഉറച്ച സഖ്യത്തില്‍ കൊണ്ടുവരികയും ഭൂപ്രഭുക്കള്‍ക്കെതിരായി ധനിക കര്‍ഷകരെക്കൂടി ഈ ചേരിയില്‍ കൊണ്ടുവരികയും വേണം; ഇതിനൊപ്പം തൊഴിലാളി വര്‍ഗവുമായും പട്ടണങ്ങളിലെ ജനാധിപത്യ പ്രസ്ഥാനവുമായും ഉറച്ച സഖ്യത്തിലേര്‍പ്പെടുകയും വേണം. 
കര്‍ഷകത്തൊഴിലാളികളെ അതിലേക്കാകര്‍ഷിക്കാതെയും അവരുടെ സജീവ പിന്തുണ കൂടാതെയും ഭൂമിക്കുവേണ്ടിയും പാട്ടക്കാലാവധി കുറയ്ക്കുന്നതിനുവേണ്ടിയും പാട്ടത്തുക കുറയ്ക്കുന്നതിനുവേണ്ടിപോലും ഭൂപ്രഭുക്കള്‍ക്കെതിരെ ദരിദ്രരും ഇടത്തരക്കാരും ധനികരുമായ കര്‍ഷകര്‍ നടത്തുന്ന സമരം വിജയകരമായി നടത്താനാവില്ല. 
"പാര്‍ടിയും കര്‍ഷകപ്രസ്ഥാനവും കര്‍ഷകത്തൊഴിലാളികളുടെ അടിയന്തരാവശ്യങ്ങള്‍ക്കൊപ്പം ഭൂമിക്കുവേണ്ടിയുള്ള അവരുടെ അടിസ്ഥാന ആവശ്യവും ഊര്‍ജസ്വലമായി ഏറ്റെടുക്കുകയും അതിന്‍റെ വക്താവാകുകയും ചെയ്യണം. കര്‍ഷകത്തൊഴിലാളികളുടെ ഈ ആവശ്യങ്ങള്‍ ഏറ്റെടുത്തുകൊണ്ടുമാത്രമെ ഭൂപ്രഭുത്വത്തിനെതിരായും ഭരണവര്‍ഗത്തിനെതിരായും ഭൂമിക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയുമുള്ള പ്രസ്ഥാനത്തിലേക്ക് അവരെ ആകര്‍ഷിക്കാന്‍ നമുക്ക് കഴിയൂ. ഇതു ചെയ്യുന്നതില്‍ നമുക്കു വീഴ്ചയുണ്ടായാല്‍ ഈ വിഭാഗങ്ങള്‍ വര്‍ഗീയ-ശിഥിലീകരണ-പിന്തിരിപ്പന്‍ സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനിടയാക്കും. അവര്‍ ജാതി വേര്‍തിരിവിന്‍റെയും അവശതകളുടെയും അടിച്ചമര്‍ത്തലിന്‍റെയും അടിസ്ഥാനത്തില്‍ ഗ്രാമങ്ങളിലെ മറ്റു കര്‍ഷക ജനവിഭാഗങ്ങള്‍ക്കെതിരെ തിരിയാന്‍പോലുമിടയുണ്ട്. 
"അവരുടെ അടിയന്തിരാവശ്യങ്ങളില്‍ ചിലവ ചുവടെ ചേര്‍ക്കുന്നു:
♦ ചുരുങ്ങിയത് ആദ്യത്തെ അഞ്ചുവര്‍ഷംവരെയെങ്കിലും ഒരു തുകയും ഈടാക്കാതെ കര്‍ഷകത്തൊഴിലാളികള്‍ക്കും ദരിദ്ര കര്‍ഷകര്‍ക്കും കൃഷിയോഗ്യമായ തരിശുഭൂമി പതിച്ചുനല്‍കണം. കന്നുകാലികളും ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് സഹായധനവും ദീര്‍ഘകാല വായ്പയും അനുവദിക്കണം. 
♦ വീടുവയ്ക്കാന്‍ സൗജന്യമായി സ്ഥലവും പൊതുഭൂമിയും പൊതുസ്ഥലങ്ങളും മറ്റുള്ളവര്‍ക്കൊപ്പം ഉപയോഗിക്കാന്‍ തുല്യ അവകാശം. ഇപ്പോള്‍ കൈവശമുള്ള വീടുകളില്‍നിന്നോ വീടുവയ്ക്കാനുള്ള സ്ഥലത്തുനിന്നോ ഒഴിപ്പിക്കല്‍ പാടില്ല. 
♦ ഭൂപ്രഭുക്കള്‍ക്കും ഹുണ്ടികക്കാര്‍ക്കുമുള്ള കടബാധ്യതകള്‍ റദ്ദാക്കലും കുറഞ്ഞ പലിശയ്ക്കുള്ള വായ്പാ സൗകര്യവും. 
♦ ജാതിയെയും അയിത്തത്തെയും അടിസ്ഥാനമാക്കിയുള്ള സാമൂഹിക വൈകല്യങ്ങള്‍ (അവശതകള്‍) ഇല്ലാതാക്കല്‍.
♦ നിര്‍ബന്ധിത വേലയെടുപ്പിക്കല്‍ കുറ്റകരമാക്കലും അത് നിര്‍മാര്‍ജനംചെയ്യലും.
♦സൗജന്യമായി വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങള്‍ ഗവണ്‍മെന്‍റ് നല്‍കല്‍.
♦ ഗവണ്‍മെന്‍റ് തൊഴിലവസരങ്ങള്‍ നല്‍കാനുള്ള വ്യവസ്ഥ; വിവിധ ജലസേചന പദ്ധതികളും വികസന പദ്ധതികളും ആരംഭിക്കല്‍. 
♦ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് മിനിമം കൂലിയും ഫാമുകളിലെ ജീവനക്കാര്‍ക്ക് മിനിമം ശമ്പളവും ഉറപ്പാക്കല്‍.
♦  കൃഷിക്കളങ്ങളിലെ ജീവനക്കാരെ ഇപ്പോള്‍ കൂടുതല്‍ സമയം ജോലിചെയ്യിക്കുന്നത് കുറയ്ക്കലും ഒരു വര്‍ഷം നല്‍കേണ്ട മിനിമം അവധികളുടെ എണ്ണം നിശ്ചയിക്കലും. 
"ഒരു കര്‍ഷകത്തൊഴിലാളിയുടെ പ്രതിദിന മിനിമം കൂലി അവര്‍ ജോലിചെയ്യുന്ന ദിവസത്തെ അവരുടെയും ആശ്രയിച്ചുകഴിയുന്നവരുടെയും ഏറ്റവും ചുരുങ്ങിയ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ അവരെ  പ്രാപ്തരാക്കുന്നത്രയാകണം. മിനിമം കൂലി സാധാരണ നിലയിലുള്ള ജോലിക്കായിരിക്കണം. എന്നാല്‍ കഠിനാധ്വാനം വേണ്ട ജോലികള്‍ക്കോ കൂടുതല്‍ സമയം ജോലിചെയ്യേണ്ടതായി വരുന്ന തിരക്കുള്ള സീസണിലെ ജോലികള്‍ക്കോ ഈ മിനിമം കൂലിയെക്കാള്‍ കൂടുതല്‍ കൂലി നല്‍കണം. കൃഷിക്കളങ്ങളിലെ ജീവനക്കാര്‍ക്ക് ചുരുങ്ങിയ വാര്‍ഷിക ശമ്പളമെന്ന നിലയില്‍ പ്രതിദിന മിനിമം കൂലിയുടെ 365 ഇരട്ടിയെങ്കിലും ലഭിക്കണം. 
"കര്‍ഷകത്തൊഴിലാളികളുടെ മറ്റെല്ലാ പ്രശ്നങ്ങളെയും പിന്നിലാക്കുന്നതാണ് അവര്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നം... "തൊഴില്‍ അല്ലെങ്കില്‍ തൊഴിലില്ലായ്മ ആശ്വാസം" എന്ന അവരുടെ ആവശ്യം പാര്‍ടി ഏറ്റെടുക്കണം. 
"കര്‍ഷക സംഘടനകളില്‍നിന്ന് വേറിട്ട് സ്വതന്ത്ര വര്‍ഗ സംഘടനകളില്‍ പ്രത്യേകമായി കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കണം; കാരണം, ഒന്നാമത് അവര്‍ക്ക് കൂലി, ജോലിസമയം, ഒഴിവുദിനങ്ങള്‍ എന്നിങ്ങനെ അവരുടേതായ പ്രത്യേക ആവശ്യങ്ങളുണ്ട്; രണ്ടാമത്, കര്‍ഷകത്തൊഴിലാളികളില്‍ ഏറെപ്പേരും സാമൂഹികമായി പിന്നോക്ക ജാതികളില്‍നിന്നുള്ളവരോ 'അയിത്ത' ജാതികള്‍ എന്നു വിളിക്കപ്പെടുന്നവയില്‍നിന്നുള്ളവര്‍പോലുമോ ആണ്, അതുകൊണ്ട് മറ്റു ജാതിക്കാരായ കര്‍ഷകര്‍ക്കൊപ്പം അവരെ നേരിട്ട് കിസാന്‍ സഭയിലേക്ക് കൊണ്ടുവരാനും പ്രവര്‍ത്തകരാക്കാനും കൂടുതല്‍ ബുദ്ധിമുട്ടാണ്, ഇനി അഥവാ അവരെ കിസാന്‍ സഭയില്‍ കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞാല്‍പോലും അത് മറ്റ് കര്‍ഷകര്‍ കിസാന്‍ സഭയില്‍ ചേരുന്നതില്‍നിന്ന് വലിയതോതില്‍ ഒഴിഞ്ഞുനില്‍ക്കാനും ഇടയുണ്ട്; മൂന്നാമത്, കര്‍ഷകത്തൊഴിലാളികളെ പ്രത്യേകമായി സംഘടിപ്പിക്കുകയും അതേസമയം കിസാന്‍ സഭയുമായി ബന്ധപ്പെടുത്തുകയുമാണെങ്കില്‍ അവര്‍ ഒരു പ്രമുഖ ശക്തിയായി മാറും. 
"മരപ്പണിക്കാര്‍, ഇരുമ്പുപണിക്കാര്‍, അലക്കുകാര്‍, മണ്‍വേലക്കാര്‍, മറ്റുപലവക കായികാധ്വാനംചെയ്യുന്നവര്‍ എന്നിങ്ങനെ ഗ്രാമപ്രദേശങ്ങളില്‍ കൂലിവേല ചെയ്യുന്ന മറ്റെല്ലാ വിഭാഗങ്ങളെയും കര്‍ഷകത്തൊഴിലാളി സംഘടനയില്‍ കൊണ്ടുവരാന്‍ നാം ശ്രമിക്കണം. 
"ഭൂപ്രഭുക്കള്‍ക്കെതിരായ കര്‍ഷക ജനതയുടെയാകെ പൊതു ആവശ്യമായ ഭൂമിക്കുവേണ്ടിയുള്ള ആവശ്യമാണ് കര്‍ഷകത്തൊഴിലാളികളുടെയും പൊതു ആവശ്യം എന്നതിനൊപ്പം അവരുടെ സാമ്പത്തികമായ കെട്ടുപാട് കര്‍ഷക ജനതയുമായിട്ടാണെന്നതിനാലും എല്ലാ തലങ്ങളിലും കര്‍ഷകത്തൊഴിലാളികളുടെ സംഘടനകളെയും കിസാന്‍സഭയെയും ഏകീകരിക്കുന്നതിനുള്ള ഒരു സംവിധാനത്തിന് രൂപം നല്‍കാനുള്ള നടപടികള്‍ ഉടന്‍തന്നെ കൈക്കൊള്ളണം; കര്‍ഷക സംഘടനകളെയും കര്‍ഷകത്തൊഴിലാളി സംഘടനകളെയും കൂടുതല്‍ അടുത്ത് ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കുന്നത് കര്‍ഷകത്തൊഴിലാളികളും ദരിദ്ര കര്‍ഷകരും നേതൃത്വപരമായ പങ്കുവഹിക്കുന്നതിനിടയാക്കും.•