ആദ്യത്തെ അട്ടിമറി
പി എസ് പൂഴനാട്
ഒന്ന്
1953ലെ മാര്‍ച്ച് മാസം. അന്നായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ്, അമേരിക്കന്‍ സിഐഎയുടെ തലവനും തന്റെ ഇളയ സഹോദരനുമായ അലന് ഡള്ളസിന് ലോക ചരിത്രത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ അട്ടിമറിക്ക് നിര്‍ദ്ദേശം കൊടുത്തത്. ജനങ്ങള്‍ തിരഞ്ഞെടുത്ത, ദേശീയവാദിയും മതനിരപേക്ഷതയുടെ ആള്‍രൂപവും സാമ്രാജ്യത്വ മേല്‍ക്കോയ്മയുടെ കടുത്ത എതിരാളിയുമായിരുന്ന ഇറാനിലെ പ്രധാനമന്ത്രി മൊഹമ്മദ് മൊസാദെക്കിന്റെ സര്‍ക്കാരിനെ എത്രയും പെട്ടെന്ന് അട്ടിമറിക്കാനുള്ള അതിഗൂഢമായ നിര്‍ദ്ദേശമായിരുന്നു അത്. മൊസാദെക്കിനെ ഏതുവിധേനയും അധികാരത്തില്‍നിന്നും വലിച്ചു പുറത്താക്കുന്നതിന് 10 ലക്ഷം ഡോളറിന്റെ ഒരു സാമ്പത്തിക പദ്ധതിയും തയ്യാറാക്കപ്പെട്ടു. ഏറെ താമസിയാതെ തന്നെ സിഐഎയുടെ ഇറാനിലെ ടെഹ്റാന് സ്റ്റേഷനില്‍നിന്നും മൊസാദെക്കിനെതിരെയുള്ള ഒരു വമ്പന്‍ പ്രചാരണയുദ്ധം ആകാശത്തിലാകമാനം അലയടിച്ചുയരാന്‍ തുടങ്ങി. അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ നിരന്തരം കൈമാറിക്കൊണ്ടിരുന്നു. അവരുടെ തന്ത്രങ്ങളുടെ മിനുക്കുപണികള്‍ അവസാനഘട്ടങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. അങ്ങനെ ടെഹ്റാനിലേയ്ക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡര്‍ റൂസ്വെല്‍റ്റിന്റെ കൊച്ചുമകനായ കെര്‍മിറ്റ് റൂസ്വെല്‍റ്റ് അട്ടിമറി ദൗത്യത്തിന്റെ മേല്നോട്ടക്കാരനായി എത്തിച്ചേര്‍ന്നു. ആഫ്രിക്കയിലും പശ്ചിമേഷ്യയിലും സിഐഎയുടെ പ്രവര്‍ത്തന പദ്ധതികളുടെ ചുമതലക്കാരനായിരുന്നു കെര്‍മിറ്റ് റൂസ്വെല്‍റ്റ്.
ഇറാനിലാകമാനം കുഴപ്പങ്ങളുടെയും നിയന്ത്രണരാഹിത്യങ്ങളുടെയും ഒരു അവ്യവസ്ഥയെ സൃഷ്ടിച്ചെടുക്കലായിരുന്നു കെര്വിറ്റ് റൂസ്വെല്‍റ്റിന്റെ ആദ്യത്തെ ദൗത്യം. ഒരുപറ്റം പ്രവര്ത്തനസന്നാഹങ്ങളിലൂടെ ആ പണി അദ്ദേഹം ഭംഗിയായി നിറവേറ്റിയെടുത്തു. പാര്‍ലമെന്റ് അംഗങ്ങളെയും മൊസാദെക്കിന്റെ ഐക്യമുന്നണി സര്‍ക്കാരിന്റെ ഭാഗമായി തുടര്‍ന്നിരുന്ന ചെറിയ പാര്‍ടികളുടെ നേതാക്കന്മാരെയും പണംകൊടുത്ത് വിലയ്ക്കുവാങ്ങുകയായിരുന്നു ആദ്യം. അങ്ങനെ മൊസാദെക്കിന്റെ ഐക്യമുന്നണി സര്‍ക്കാരില്‍ വിള്ളലുണ്ടാക്കി അതിനെ പിളര്‍ക്കുകയായിരുന്നു ലക്ഷ്യം. അടുത്തതായി റൂസ്വെല്‍റ്റ് ചെയ്തത് പത്രമാധ്യമങ്ങളിലെ എഡിറ്റര്‍മാരെയും ഉടമസ്ഥരെയും കോളമിസ്റ്റുകളെയും റിപ്പോര്‍ട്ടര്‍മാരെയും വിലയ്ക്കെടുക്കലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനിലെ 80 ശതമാനത്തോളം പത്രമാധ്യമങ്ങളെയും റൂസ്വെല്‍റ്റിന്റെ നേതൃത്വത്തില്‍ സിഐഎ വിലയ്ക്കെടുത്തു കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് കള്ളവാര്‍ത്തകളുടെ ഒരു മഹാപ്രളയത്തെയായിരുന്നു മൊസാദെക്കിനെതിരെ അവര്‍ കെട്ടഴിച്ചു വിട്ടുകൊണ്ടിരുന്നത്. ഇറാനിലെ മത നേതാക്കന്മാരെയും സിഐഎ വരുതിയിലാക്കിയിരുന്നു. എല്ലാ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളിലും ഇസ്ലാമിന്റെ ശത്രുവായ ഒരു നിരീശ്വരവാദിയാണ് മൊസാദെക്കെന്ന് മതനേതാക്കന്മാര് ആര്‍ത്തുവിളിച്ചു കൊണ്ടിരുന്നു. അതോടൊപ്പം പൊലീസിന്റെയും പട്ടാളത്തിന്റെയും വലിയൊരു വിഭാഗത്തെ മൊസാദെക്കിനെതിരെ അണിനിരത്തുന്നതിലും സിഐഎ വിജയിച്ചിരുന്നു. ഇറാനിലെ തെരുവുഗുണ്ടകളെയും ഗ്യാങ്ങുകളെയും തങ്ങളുടെ താല്പര്യാര്ത്ഥം ഉപയോഗിക്കാന്‍ വിധത്തില്‍ സിഐഎ പരുവപ്പെടുത്തിയിരുന്നു. ഇറാനിലെ നിയമവാഴ്ച സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന വാദമുഖങ്ങള്‍ ഉയര്‍ന്നു പൊങ്ങുകയും അതിനെ സാധൂകരിക്കുന്ന തരത്തില്‍ തെരുവു ഗുണ്ടകള്‍ ആടിത്തിമിര്ത്തുകൊണ്ടിരിക്കുകയും ചെയ്തു. കാല്‍നടക്കാരെയും പൊതുജനങ്ങളെയും ഗുണ്ടകള്‍ കടന്നാക്രമിച്ചു. കച്ചവട സ്ഥാപനങ്ങളെ അടിച്ചുതകര്‍ത്തു. പള്ളികള്‍ക്കുനേരെ വെടിയുതിര്‍ത്തു. എന്നിട്ടവര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: "ഞങ്ങള്‍ മൊസാദെക്കിന്റെയും കമ്യൂണിസത്തിന്റെയും അനുയായികളാണ്". ഇത്തരത്തിലുള്ള നിരന്തരമായ തന്ത്രങ്ങളിലൂടെ മൊസാദെക്കിനെ വെറുക്കുന്ന തരത്തിലേക്ക് ഇറാനിയന്‍ പൊതുബോധത്തെ പുനര്‍നിര്‍മിക്കാന്‍ സിഐഎ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അതോടൊപ്പം മൊസാദെക്കിനെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും ഘോഷയാത്രകളും പരസ്പരം അറിയാത്ത തരത്തില്‍ ഇറാനിലുടനീളം അവര്‍ സംഘടിപ്പിച്ചു. ഈ ഗ്രൂപ്പുകള്‍ തെരുവില്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഇങ്ങനെ ഏറ്റവും സുസ്ഥിരമായും സമാധാനപരമായും മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ കലാപങ്ങളുടെയും അവ്യവസ്ഥകളുടെയും ഒരു കൂടാരമായി സിഐഎ പരിവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു.
ഇറാന് രാജാധിപത്യത്തിന്റെ തലവനായ ഷായോട് മൊസാദെക്കിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ സിഐഎ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് മൊസാദെക് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ അധികാരങ്ങളെ കൂടുതല്‍ വികസിതമാക്കാനും അതുവഴി അട്ടിമറിശ്രമങ്ങളെ പരാജയപ്പെടുത്താനുമായിരുന്നു മൊസാദെക് ശക്തിയായി ശ്രമിച്ചുകൊണ്ടിരുന്നത്. അട്ടിമറിശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനുവേണ്ടി പാര്‍ലമെന്റിനെ മരവിപ്പിക്കാന്‍ 1953 ആഗസ്ത് 16-ാം തീയതി മൊസാദെക് നിര്‍ബന്ധിതനായിത്തീര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഷാ ഇറ്റലിയിലേക്ക് പലായനം ചെയ്തു. എന്നാല്‍ ഇറ്റലിയിലേക്ക് പലായനം ചെയ്യുന്നതിനു മുന്നോടിയായി, സിഐഎയുടെ താല്പര്യാര്ത്ഥം മൊഹമ്മദ് മൊസാദെക്കിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവും അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. സിഐഎ നിര്‍ദ്ദേശിച്ച ഫസലുള്ള സഹേലി എന്ന നാസി ഭക്തനായ പട്ടാള ജനറല്‍ ഇറാന്റെ പുതിയ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഇറാന്റെ തെരുവോരങ്ങളില്‍ അരങ്ങേറിക്കൊണ്ടിരുന്നു. രാജവാഴ്ചയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും രക്തരൂഷിതമായി ഏറ്റുമുട്ടി; കടകളും പള്ളികളും കൊള്ളയടിക്കപ്പെട്ടു. മുന്നൂറോളം പേര് മരിച്ചു വീണു. യഥാര്‍ത്ഥത്തില്‍ ഈ ഏറ്റുമുട്ടലുകള്‍ സംഘടിപ്പിച്ചതും സിഐഎ തന്നെയായിരുന്നു. രണ്ടു ഭാഗത്തുള്ളവര്‍ക്കും പണം നല്കിയതും സിഐഎയായിരുന്നു. ഒടുവില്‍ ആള്‍ക്കൂട്ടം മൊഹമ്മദ് മൊസാദെക്കിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. വസതിക്കു ചുറ്റും ബോംബുകള്‍ പൊട്ടിത്തെറിച്ചു. അവിടെ നിന്നും തലനാരിഴയുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ട മൊസാദെക്കിനെ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്യുകയും പട്ടാള ജയിലിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു.
എന്തിനായിരുന്നു മൊഹമ്മദ് മൊസാദെക് എന്ന ഏറ്റവും ജനകീയനായ ഇറാനിയന്‍ പ്രധാനമന്ത്രിയെ അമേരിക്കന്‍ സിഐഎ ഭരണത്തില്‍നിന്നും അട്ടിമറിക്കുകയും ജയിലഴികള്‍ക്കുള്ളിലേക്ക് വലിച്ചെറിയുകയും ചെയ്തത്? യഥാര്‍ത്ഥത്തില്‍ ആരായിരുന്നു മൊഹമ്മദ് മൊസാദെക്?
രണ്ട്
ടെഹ്റാനിലെ ഏറ്റവും ഉന്നതമായ ഒരു രാജകീയ കുടുംബപശ്ചാത്തലത്തിനുള്ളിലായിരുന്നു 1882 ജൂണ്‍ 16ന് മൊഹമ്മദ് മൊസാദെക് പിറന്നുവീണത്. 1789 മുതല്‍ 1925 വരെയുള്ള സുദീര്‍ഘമായ കാലയളവില്‍ ഇറാന്റെ ഭരണവര്‍ഗമായി തുടര്‍ന്ന ഖാജര്‍ രാജവംശത്തിനു കീഴിലിലെ സാമ്പത്തികകാര്യ മന്ത്രിയായിരുന്നു മൊസാദെക്കിന്റെ പിതാവ്. ഖാജര്‍ രാജകുടുംബത്തിലെ ഒരു രാജകുമാരിയായിരുന്നു മൊസാദെക്കിന്റെ മാതാവ്. മൊസാദെക്കിന് പത്ത് വയസ്സുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. 1901 ല്‍ മൊസാദെക്കിന്റെ വിവാഹവും കഴിഞ്ഞു.
1909 നായിരുന്നു നിയമപഠനത്തിനുവേണ്ടി മൊസാദെക് പാരീസിലേക്ക് യാത്രയാകുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തെ പഠനത്തിനുശേഷം, രോഗബാധയെത്തുടര്‍ന്ന്, മൊസാദെക്കിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. എന്നാല്‍ ഏറെ താമസിയാതെ തന്നെ നിയമത്തില്‍ ഡോക്ടറേറ്റ് പഠനം തുടരുന്നതിനായി മൊസാദെക് യൂറോപ്പിലേക്ക് യാത്രതിരിച്ചു. 1913ല്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. അങ്ങനെ ഒരു യൂറോപ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ഇറാന്കാരനായി മൊസാദെക് മാറിത്തീര്‍ന്നു. ടെഹ്റാന് സ്കൂള്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സില്‍ അധ്യാപകനായി ജോലിയിലും പ്രവേശിച്ചു.
ഇറാനില്‍ ഭരണഘടനാദത്തമായ ഒരു പാര്‍ലമെന്റ് നിലവില്‍വരുന്നതിനുവേണ്ടി 1905 - 07 കാലഘട്ടങ്ങളില്‍ അരങ്ങേറിയ സമര പ്രക്ഷോഭങ്ങളിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ സജീവതയിലേക്ക് മൊസാദെക് കടന്നുവരുന്നത്. ഇറാനില്‍ പുതുതായി രൂപം കൊണ്ട മജിലിസിലേയ്ക്ക് ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു മൊസാദെക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ എത്തിച്ചേരാനുള്ള നിയമപരമായ പ്രായനിലവാരം 30 വയസ്സായിരുന്നു. അതുകൊണ്ടുതന്നെ ആ വിജയത്തിലൂടെ അന്ന് പാര്‍ലമെന്റിലേക്ക് കടക്കാന്‍ മൊസാദെക്കിന് കഴിഞ്ഞിരുന്നില്ല.
ഒരു രാജ്യത്തിന്റെയും നേരിട്ടുള്ള സമ്പൂര്‍ണമായ കൊളോണിയല്‍ ഭരണക്രമം ഇറാനിലില്ലായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സ്വാധീനവലയത്തിനുള്ളിലൂടെയായിരുന്നു ഇറാന് കടന്നുപൊയ്ക്കൊണ്ടിരുന്നത്. 1919 ആഗസ്തിലായിരുന്നു ആംഗ്ലോ - പേര്‍ഷ്യന്‍ ഉടമ്പടി വ്യവസ്ഥകളെ ഏകപക്ഷീയമായി ഇറാനുമേല്‍ ബ്രിട്ടന് അടിച്ചേല്‍പ്പിച്ചത്. ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ - പേര്‍ഷ്യന്‍ എണ്ണക്കമ്പനിയുടെ ഇറാനിലെ ഖനന താല്പര്യങ്ങളെ ഉറപ്പിച്ചെടുക്കുന്നതായിരുന്നു ആ ഉടമ്പടി. ഇറാനിലെ മസ്ജദ് സുലൈമാന്‍ പ്രദേശത്ത് വലിയ അളവിലുള്ള എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, 1908 ലായിരുന്നു ആഗ്ലോ - പേര്‍ഷ്യന്‍ ഓയില്‍ കമ്പനി എന്ന ബ്രിട്ടീഷ് കമ്പനി രൂപീകരിക്കപ്പെടുന്നത്. ഈ എണ്ണക്കമ്പനിയുടെ 51 ശതമാനം ഓഹരികളും ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ എണ്ണക്കമ്പനിയായിരുന്നു ഇറാനില്‍നിന്നും ആദ്യമായി പെട്രോളിയം ഖനനം ചെയ്യുന്നത്. ആഗ്ലോ- പേര്‍ഷ്യന്‍ ഉടമ്പടിയിലൂടെ ഇറാനിലെ എല്ലാ എണ്ണപ്പാടങ്ങളിലേയ്ക്കും ഈ എണ്ണക്കമ്പനിയുടെ ഖനന താല്പര്യങ്ങള് വേരുകളാഴ്ത്തിയിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈയൊരു ഉടമ്പടിയെ അധീശത്വപരമെന്നാണ് അന്ന് വിശേഷിപ്പിച്ചത്. ആ എണ്ണപ്പാടങ്ങളിലേക്ക് അമേരിക്കന്‍ കണ്ണുകളും പതിഞ്ഞിട്ടുണ്ടായിരുന്നു.
ഇറാന് പാര്‍ലമെന്റിലും മന്ത്രി തലങ്ങളിലും നിരവധി ഉന്നതസ്ഥാനങ്ങളിലൂടെ മൊഹമ്മദ് മൊസാദെക് കടന്നുപൊയ്ക്കൊണ്ടിരുന്നു. ഇതിനിടയില്‍ സമരോത്സുകനായ ഒരു ദേശീയവാദിയും മതനിരപേക്ഷതയുടെ പ്രചാരകനും പുരോഗമനാത്മക വീക്ഷണങ്ങളുടെ പ്രയോക്താവുമായി മൊസാദെക്കിന്റെ നിലപാടുകള്‍ കൂടുതല്‍ കൂടുതല്‍ ഊര്ജ്ജസ്വലമായിത്തീര്ന്നു. 1949ല്‍ നാഷണല്‍ ഫ്രണ്ട് ഓഫ് ഇറാന് എന്നൊരു സംഘടനയ്ക്കും മൊസാദെക് രൂപം നല്കി. ഇറാനിയന്‍ രാഷ്ട്രീയ ജീവിതത്തിലും രാഷ്ട്ര ശരീരത്തിലും അടിവേരുകളാഴ്ത്തിക്കൊണ്ടിരുന്ന വൈദേശിക രാഷ്ട്രീയത്തിന്റെ സാന്നിധ്യത്തെ അവസാനിപ്പിച്ച് ഇറാനെ ജനാധിപത്യത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് തുറന്നുവിടുകയായിരുന്നു ആ സംഘടനയുടെ ലക്ഷ്യം. ഇറാനില്‍നിന്നും എണ്ണയൂറ്റി കടത്തിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ആഗ്ലോ - ഇറാനിയന്‍ (പേര്‍ഷ്യന്‍) എണ്ണക്കമ്പനിയെ ദേശസാല്‍ക്കരിക്കുകയായിരുന്നു പ്രധാന പ്രവര്‍ത്തന ലക്ഷ്യങ്ങളിലൊന്ന്. ഇറാനിലെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും താല്പര്യവും ആഗ്രഹവും അതായിരുന്നു. ഇറാനിയന്‍ ജനാധിപത്യപ്രക്രിയയെ കൂടുതല്‍ തീക്ഷ്ണമാക്കിത്തീര്ക്കുന്നതിനുവേണ്ടി യുള്ള ഒരു തിരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലും അദ്ദേഹം പാര്‍ലമെന്റില്‍ കൊണ്ടുവന്നിരുന്നു.
ജനകീയ താല്പര്യങ്ങളെയും സമ്മര്‍ദങ്ങളെയും തുടര്‍ന്ന് ഷായ്ക്ക് മൊഹമ്മദ് മൊസാദിനെ ഇറാനിലെ പ്രധാനമന്ത്രിയായി നിയമിക്കേണ്ടി വന്നു. അങ്ങനെ 1951 ഏപ്രില്‍ 28ന് മൊസാദെക് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഷായാകട്ടെ അമേരിക്കയുടെയും ബ്രിട്ടന്റെയും ഒരു വാലാട്ടിയായിരുന്നു. ഇറാനിലെ രാജവംശങ്ങളിലൂടെയായിരുന്നു വൈദേശികമായ സ്വാധീനം ഇറാനില്‍ തീവ്രമായിത്തീര്ന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ അതിന്റെ പ്രതിനിധിയായി നിലകൊള്ളുന്നതാകട്ടെ ഷായുടെ രാജവംശമാണ്. അതുകൊണ്ടുതന്നെ മൊഹമ്മദ് മൊസാദെക്കിന്റെ ദേശീയവാദ - പുരോഗമന രാഷ്ട്രീയ ധാരണകളോട് ഷാ ഉള്‍പ്പെടെയുള്ള ഭരണവര്‍ഗത്തിന് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്.
മൊഹമ്മദ് മൊസാദെക്കിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണക്രമം സാമൂഹ്യ പരിഷ്കാരങ്ങളുടെ പുതിയ വഴിത്താരകളെ ഇറാനില്‍ തുറന്നുവെച്ചു. തൊഴില്‍രഹിത വേതനത്തിന് ഇറാനില്‍ തുടക്കംകുറിച്ചു. രോഗബാധിതരും പരിക്കേറ്റവരുമായ തൊഴിലാളികള്‍ക്ക് ആശ്വാസ വേതനം ഉറപ്പുവരുത്തണമെന്ന് ഫാക്ടറി ഉടമകള്‍ക്ക് ഉത്തരവ് നല്കി. ഭൂപ്രഭുക്കന്മാരുടെ എസ്റ്റേറ്റുകളില്‍ കര്‍ഷകരെക്കൊണ്ട് നിര്‍ബന്ധിത അധ്വാനം ചെയ്യിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. 1952ല്‍ ഭൂപരിഷ്കരണ നിയമവും പാസാക്കി. ഭൂപ്രഭുക്കന്മാര് അവരുടെ വരുമാനത്തിന്റെ 20% കുടികിടപ്പുകാരുടെ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ആഗ്ലോ - ഇറാനിയന്‍ ഓയില്‍ കമ്പനിയെ ദേശസാല്‍ക്കരിക്കുകയും ചെയ്തു. എണ്ണക്കമ്പനിക്ക് അനുവദിച്ചു കൊടുത്തിരുന്ന എല്ലാ സൗജന്യങ്ങളും നിറുത്തലാക്കി. എണ്ണക്കമ്പനിയുടെ എല്ലാ സ്വത്തുവകകളും പിടിച്ചെടുത്തു. ഇറാനിലെ എല്ലാ എണ്ണപ്പാടങ്ങളും ഇറാന്റെ സ്വന്തമാണെന്നും അതില്‍ നിന്നുള്ള വരുമാനം ഇറാന്റേതു മാത്രമായിരിക്കുമെന്നും മൊസാദെക് പ്രഖ്യാപിച്ചു. എണ്ണയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് ഇറാനിലെ സാധാരണമനുഷ്യരുടെ ദാരിദ്ര്യവും രോഗങ്ങളും പിന്നോക്കാവസ്ഥകളും പരിഹരിക്കാന്‍ കഴിയും. ബ്രിട്ടീഷ് കമ്പനിക്ക് ഇറാനിലുള്ള സ്വാധീനത്തെ ഇല്ലാതാക്കുന്നതിലൂടെ അഴിമതിയും സ്വജനപക്ഷപാതവും ഇറാനില്‍ നിന്നും തുടച്ചുനീക്കാനാകും. ഇറാന് മുഖ്യം ഇറാന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യമാണ്.
എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടവും അതിന്റെ കൂട്ടാളികളും നിറഞ്ഞാടാന്‍ തുടങ്ങിയിരുന്നു. എല്ലാവിധത്തിലും അവര്‍ ഇറാനെ വിരട്ടിനിന്നു. എന്നാല്‍ ദേശസാല്ക്കരണത്തില്നിന്നും ഒരിഞ്ച് പിന്നോട്ടുനീങ്ങാന്‍ മൊസാദെക് ഒരുക്കമല്ലായിരുന്നു. ഒടുവിലവര്‍ ഇറാന്റെ എണ്ണയ്ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തി. അതിനെത്തുടര്‍ന്ന് എണ്ണ വില്ക്കാന് ഒരിടവുമില്ലാതെ ഇറാന് വലയാന്‍ തുടങ്ങി. എണ്ണയില്‍ നിന്നുമുള്ള വരുമാനം കുത്തനെ ഇടിഞ്ഞു. സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതികളെല്ലാം വരുമാനമില്ലാതെ കുഴഞ്ഞുമറിയാന്‍ തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇറാന് കൂപ്പുകുത്തി. ഈയൊരു പ്രതിസന്ധിഘട്ടത്തില്‍ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയായിരുന്നു ഇറാന് പിടിച്ചുനിന്നത്. ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ടിയും (ടൂഡെ പാര്‍ടി) സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.
മൊസാദെക് പരിഷ്കാരങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. രാജാധികാരത്തിന്റെ അവകാശങ്ങളെ പരിമിതപ്പെടുത്തുകയും ഷായുടെ വ്യക്തിഗത സാമ്പത്തിക ബജറ്റിനെ റദ്ദാക്കുകയും ചെയ്തു. വിദേശ നയതന്ത്രജ്ഞരുമായുള്ള ഷായുടെ നേരിട്ടുള്ള ആശയവിനിമയങ്ങളും നിരോധിക്കപ്പെട്ടു. രാജകുടുംബത്തിന്റെ സ്വത്തുവകകളെ രാഷ്ട്രത്തിന്റെ സ്വത്താക്കി പരിവര്‍ത്തിപ്പിച്ചു. ഭൂപരിഷ്കരണ നിയമങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കി. വില്ലേജ് കൗണ്‍സിലുകള്‍ക്ക് രൂപംനല്കി. ഉല്പാദനത്തില് കര്‍ഷകര്‍ക്കുള്ള പങ്കിനെ വിപുലപ്പെടുത്തി. ഇറാനില്‍ നൂറ്റാണ്ടുകളായി നിലനിന്നു പോന്നിരുന്ന ഫ്യൂഡല്‍ - കാര്‍ഷിക ബന്ധങ്ങളെ നിരോധിച്ചു. കൂട്ടുല്പാദന രീതികളെ വ്യാപിപ്പിച്ചു. ഇങ്ങനെ എല്ലാ തലങ്ങളിലും നിറഞ്ഞുനിന്ന അടിസ്ഥാനപരമായ പുതുക്കിപ്പണിയലുകളിലൂടെ പുതിയൊരു ഇറാനെ വാര്‍ത്തെടുക്കുകയായിരുന്നു മൊസാദെക്.
മൂന്ന്
ബ്രിട്ടീഷ് ഭരണകൂടത്തിന് മൊസാദെക്കിന്റെ ദേശസാല്‍ക്കരണ നയങ്ങളോട് ഒരുതരത്തിലും ഒത്തുപോകാന്‍ കഴിയുമായിരുന്നില്ല. ഇറാന്റെ എണ്ണപ്പാടങ്ങള്‍ ബ്രിട്ടീഷ് മുതലാളിമാരെ ത്രസിപ്പിച്ചുകൊണ്ടയിരുന്നു. ആ എണ്ണപ്പാടങ്ങളുടെ കുത്തകാവകാശം വീണ്ടും ബ്രിട്ടന്റെ കൈകളിലെത്തിക്കാനുള്ള പദ്ധതികള്‍ അവര്‍ ആസൂത്രണം ചെയ്തു തുടങ്ങിയിരുന്നു. ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ എം 16 അമേരിക്കന്‍ സിഐഎയുമായി ചേര്‍ന്ന് മൊസാദെക്കിനെ അട്ടിമറിക്കാനുള്ള ആലോചനകളില്‍ മുഴുകി. ഹാരി എസ് ട്രൂമാനെ തുടര്‍ന്ന് ഡ്ര്വൈറ്റ് ഐസനോവര്‍ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് വിരുദ്ധനുമായ വിന്സ്റ്റന് ചര്‍ച്ചിലിന് സോവിയറ്റ് യൂണിയനുമായും ഇറാനിലെ കമ്യൂണിസ്റ്റുകളുമായും മൊസാദെക്കിനുണ്ടായിരുന്ന ബന്ധം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇറാനും കമ്യൂണിസത്തിലേക്ക് നീങ്ങുകയാണെന്ന് ഐസനോവറിനും തോന്നി. അതുകൊണ്ടുതന്നെ മൊസാദെക്കിനെ ഇനിയും തുടരാനനുവദിച്ചുകൂടാ. ശീതയുദ്ധത്തിന്റെ ആശയപരിസരങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ആ സവിശേഷ സന്ദര്‍ഭത്തില്‍ മൊസാദെക്കെന്ന പുരോഗമന ദേശീയവാദിയുടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതികളെല്ലാം അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ആ അട്ടിമറി പദ്ധതിക്ക് ഓപ്പറേഷന് അജാക്സ് എന്ന് അവര്‍ പേരും നല്കി.
മൊസാദെക്കിന്റെ അട്ടിമറിയെത്തുടര്‍ന്ന് അവരോധിക്കപ്പെട്ട പുതിയ സര്‍ക്കാരാകട്ടെ എണ്ണയുടെ ദേശസാല്ക്കരണത്തെ റദ്ദുചെയ്യുകയും വിദേശ കമ്പനികള്‍ക്കായി ഇറാന്റെ എണ്ണപ്പാടങ്ങളെ മുഴുവനായി തുറന്നുകൊടുക്കുകയും ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളും ബ്രിട്ടനും ഇറാന്റെ എണ്ണയുടെ മേല്‍ അധികാരമുറപ്പിച്ചു. മൊസാദെക്കിന്റെ എല്ലാ സാമൂഹ്യ പരിഷ്കാരങ്ങളും അട്ടിമറിക്കപ്പെട്ടു. കമ്യൂണിസ്റ്റുകളും ദേശീയവാദികളും കൊടിയ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായിക്കൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടു. മൊസാദെക്കിന്റെ അടുത്ത അനുയായികളായിരുന്നവര്‍ വധിക്കപ്പെട്ടു.
മൂന്നു വര്‍ഷത്തെ ഏകാന്തതടവായിരുന്നു മൊസാദെക്കിന് വിധിക്കപ്പെട്ടത്. ആ സൈനിക തടവറയ്ക്കുള്ളില്‍ ഏകനായി ആ മനുഷ്യന് തീതിന്നു ജീവിച്ചു. അതിനുശേഷം പതിനൊന്നു വര്‍ഷക്കാലം അദ്ദേഹത്തിന് ഒരു മുറിക്കുള്ളില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നു. ആ മുറിയില്‍ കിടന്ന് ആ മഹാ മനുഷ്യന് 1967 മാര്‍ച്ച് അഞ്ചാം തീയതി അന്ത്യശ്വാസം വലിച്ചു. ആ മുറിക്കുള്ളില്‍ തന്നെ ഭരണകൂടം അദ്ദേഹത്തെ കുഴിച്ചു മൂടുകയും ചെയ്തു. രാഷ്ട്രീയ ഏറ്റുമുട്ടലുകളില്‍ ജീവന് നഷ്ടപ്പെട്ടവര്‍ അന്ത്യവിശ്രമംകൊള്ളുന്ന പൊതു ശ്മശാനത്തിനു സമീപത്തായി തന്നെയും അടക്കം ചെയ്യണമെന്ന മൊസാദെക്കിന്റെ അന്ത്യാഭിലാഷത്തെപ്പോലും അംഗീകരിച്ചു കൊടുക്കാന്‍ ആ പുഴുത്ത ഭരണകൂടം ഒരുക്കമല്ലായിരുന്നു.