"ഖാദര്‍ക്ക എന്ന കാക്ക"

കെ പി മോഹനന്‍

കാക്കകള്‍ ഖാദര്‍ക്കഥകളിലെ നിരന്തരസാന്നിദ്ധ്യമാണ്. കാക്കകളെ വല്ലാതെ സ്നേഹിച്ച ഒരു മഹാകവിയും മലയാളത്തിലുണ്ട്. വൈലോപ്പിള്ളി ശ്രീധരമേനോന്‍. കാക്കയെ മാത്രമല്ല, കയ്പിനെയും സ്നേഹിച്ചു അദ്ദേഹം. കയ്പുതന്നെയാണ് ഖാദര്‍ക്കഥകളിലെയും നിമഗ്നരുചി. കയ്പിന്‍റെയും കറുപ്പിന്‍റെയും കഥകളാണ് ഖാദര്‍ ഏറെയും എഴുതിയത്. ദ്രാവിഡത്തനിമയുടെ കൊടിനിറം കറുപ്പും ചുമപ്പും കലര്‍ന്നതാണ്. 'തി മു ക' (ഡി.എം.കെ)യുടെ കൊടി ശ്രദ്ധിക്കുക. തെയ്യത്തിന്‍റെ ആഹാര്യശോഭ ഈ രണ്ടു വര്‍ണങ്ങളും ചേര്‍ന്നതാണ്. ഖാദര്‍ക്ക അടിസ്ഥാനപരമായി ഒരു ചിത്രകാരനും കൂടിയായിരുന്നു. ഖാദര്‍ക്കയുടെ കഥകളില്‍ കൂകിയാര്‍ക്കുന്ന കാക്കകളാണ് നിഗൂഢദുരന്തങ്ങളെല്ലാം പുറത്തുകൊണ്ടുവരുന്നത്. ഖാദര്‍ക്കയുടെ കൊടിയടയാളപ്പക്ഷി കാക്കയാണ്. കാക്കകളെയും കറുപ്പിനെയും സ്നേഹിച്ച ഒരെഴുത്തുകാരന്‍കൂടി മലയാളത്തിനു നഷ്ടമായിരിക്കുന്നു.
ഇടതുപക്ഷത്തിന്‍റെ സഹയാത്രികനായിരുന്നു യു.എ.ഖാദര്‍. തന്‍റെ ദേശാഭിമാനി ദിനങ്ങളെക്കുറിച്ച് വളരെ വിശദമായിത്തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. അക്കാലത്തെ നവയുഗത്തില്‍ അച്ചടിച്ചുവന്ന, യാഥാസ്ഥിതികരെ വല്ലാതെ ചൊടിപ്പിച്ച "വിശുദ്ധപ്പൂച്ച" എന്ന തന്‍റെ ആദ്യകാലകഥയെക്കുറിച്ചു പറയുമ്പോഴൊക്കെ ഖാദര്‍ ഗുരുസ്ഥാനീയരായ തന്‍റെ കമ്യൂണിസ്റ്റ് നേതാക്കന്മാരെക്കുറിച്ച് പറയുന്നുണ്ട്. "ആ മനുഷ്യന്‍" എന്ന തന്‍റെ ആദ്യകാലകഥ പ്രസിദ്ധീകരിക്കാന്‍ നവയുഗത്തെ സമീപിച്ചതും പി.ആര്‍.നമ്പ്യാര്‍ കഥാകൃത്ത് എഴുതാത്ത ഒരു പുതിയ ഖണ്ഡിക എഴുതിച്ചേര്‍ത്തതും, എഴുതിച്ചേര്‍ത്ത ആ ഖണ്ഡിക തന്‍റെ കഥയെയും, കഥാഗതിയെത്തന്നെയും മാറ്റിമറിച്ചതും യു.എ.ഖാദര്‍ നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നുമുണ്ട്. ആ ഇടതുപക്ഷമനസ്സാണ് ഒടുവില്‍ പുരോഗമനകലാസാഹിത്യസംഘത്തിന്‍റെ സംസ്ഥാന അദ്ധ്യക്ഷപദവിവരെ അദ്ദേഹത്തെ കൊണ്ടുവെന്നെത്തിച്ചതും. കേരളത്തിലെ ഇടതുപക്ഷ സാംസ്കാരികപ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടംതന്നെയാണ് ഖാദറിന്‍റെ നിര്യാണം.
മാമൈദി എന്ന പേരുള്ള ഒരു പാവം ബര്‍മ്മക്കാരിയുടെ മകനായി ജനിച്ച്, ചെറുപ്പത്തിലേ അമ്മ മരിച്ച്, ഉപ്പ എടുത്ത് നാട്ടിലെത്തിച്ച തന്‍റെ നിസ്സഹായവും നിരാലംബവുമായ ബാല്യത്തെക്കുറിച്ച് ഖാദര്‍ക്ക എഴുതിയിട്ടുണ്ട്. മതപഠനങ്ങളിലൂടെ കേരളത്തിലെ മുസ്ലിം ആചാരങ്ങളിലേയ്ക്ക് ഉപനയിക്കപ്പെട്ട ആ അനാഥബാല്യത്തെ തൊട്ടടുത്ത കാവുകളിലെയും കോട്ടങ്ങളിലെയും തോറ്റങ്ങളും ചെണ്ടമേളങ്ങളും  അരമണിക്കിലുക്കങ്ങളും പദതാളങ്ങളും എങ്ങനെയാണ് സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വടക്കന്‍ വഴിത്താരകളിലൂടെ നടക്കുമ്പോള്‍ കിട്ടിയ വായ്മൊഴിവഴക്കങ്ങള്‍ അത്രയും തന്‍റെ എഴുത്തിന് മുതല്‍കൂട്ടായി എന്നുമാത്രമല്ല, അത്യുദാരമായ ഒരു മതേതരമനസ്സും സ്വായത്തമാക്കാന്‍ കുട്ടിക്കാലത്തേ ഖാദര്‍ക്കയ്ക്കു കഴിഞ്ഞു. വ്യത്യസ്തങ്ങളായ രണ്ട് ആചാരലോകങ്ങളിലൂടെയും ഭാഷാലോകങ്ങളിലൂടെയും ഒട്ടും വിഷമംകൂടാതെ സഞ്ചരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭാഷയുടെ പ്രാദേശികത (പ്രൊവിന്‍ഷ്യലിസം), സംഭാഷണാത്മകത (കൊളോക്വിയലിസം), പഴമ (ആര്‍ക്കെയിസം) എന്നിവയെല്ലാം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കരുത്തുറ്റ ഒരു കഥാഭാഷ നിര്‍മിക്കാന്‍ ഖാദര്‍ക്കയ്ക്കു കഴിഞ്ഞു. "ചുറ്റുമുള്ള ജീവിതത്തിന്‍റെ പച്ചമണ്ണില്‍ നിന്നല്ലാതെ മറ്റെവിടെ തപ്പിയാണ് തന്‍റെ കഥകള്‍ക്കുള്ള മൂശ ഒരു എഴുത്തുകാരന്‍ ഉരുവാക്കുക? സ്വന്തം അനുഭവത്തിന്‍റെ കയര്‍വട്ടത്തില്‍ത്തന്നെ എഴുത്തുകാരന്‍ അലിഞ്ഞുമേയണം" എന്ന് എഴുത്തിലുണ്ടാകേണ്ട പ്രാദേശികത്തനിമയെക്കുറിച്ച് ഖാദര്‍ക്ക എഴുതിവെച്ചിട്ടുണ്ട്. എഴുത്തില്‍ നില്ക്കുന്നിടത്തോളം കാലം തന്‍റെ പ്രാര്‍ത്ഥനയെക്കുറിച്ചും ഖാദര്‍ക്ക ഇങ്ങനെ എഴുതി:
"കഥാകൃത്ത് അവന്‍റേതായ രീതിയില്‍, അവന്‍റേതായ മാര്‍ഗങ്ങള്‍ അവലംബിച്ച് അവനുപോലും പിടികിട്ടാത്ത ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണല്ലോ ചെയ്യുന്നത്. ഈ സത്യത്തിനുമുന്നില്‍, ഇക്കാലമത്രയും കഥയെഴുതിയിട്ടും അതെങ്ങനെയുണ്ടാകുന്നു എന്ന അറിയാപ്പൊരുളിന്‍റെ മുമ്പില്‍ താണുവണങ്ങി നില്ക്കുമ്പോള്‍ കോമരം ഉണ്ണിപ്പെരവയെ ആചാര്യനാക്കി ഞാനും പറയാം. എപ്പോഴും എപ്പോഴും ഉറയുവാനും, തട്ടകം കിട്ടേണ്ട കാര്യം വിളിച്ചോതുവാനും കഥ എപ്പോഴും എന്നില്‍ ആവേശിച്ചുകയറേണമേ, അതിനായുള്ള കഥാന്തരീക്ഷത്തിന്‍റെ കേളികൊട്ടുകള്‍ എന്‍റെ ചുറ്റും മുഴങ്ങേണമേ, കൈയിലെ പള്ളിവാളില്‍ സ്വന്തം നെറ്റിയിലെ ചോരയുണങ്ങാതെ, എന്നും വാര്‍ന്നൊലിച്ചുകൊണ്ടേയിരിക്കേണമേ."-ഈ പ്രാര്‍ത്ഥന തന്‍റെ എഴുത്തുജീവിതത്തില്‍ സാര്‍ത്ഥകമാക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ജീവിതത്തില്‍നിന്ന്, അതായത് തന്‍റെ എഴുത്തില്‍നിന്നുതന്നെ അദ്ദേഹം പിന്‍മടങ്ങുന്നത്. 
ഔഷധഗുണമില്ലാത്ത ഒരു വസ്തുവും ഭൂമിയിലില്ല എന്ന് ആയുര്‍വേദം പറയുംപോലെ കഥയാക്കാന്‍ കൊള്ളാത്ത ഒരു ജീവിതവും നമുക്കു ചുറ്റുമില്ല എന്ന് കഥാകൃത്തുക്കളും തിരിച്ചറിയുന്നുണ്ട്. എവിടെയാണ് കഥയുടെ നിധി ഉള്ളത് എന്ന് തിരിച്ചറിയലും കണ്ടെത്തലുമാണ് പ്രധാനം. ഇക്കാര്യത്തില്‍, യു.എ.ഖാദര്‍ പൊറ്റെക്കാടിന്‍റെ വലിയ പാരമ്പര്യമാണ് പിന്തുടര്‍ന്നത്. ഉണിച്ചിരാംവീട്ടില്‍ ഉണ്യാതയും, തട്ടാന്‍ ഇട്ട്യേമ്പിയും, ചന്തയില്‍ ചൂടി വില്ക്കുന്ന പെണ്ണും ഒക്കെ കഥകളാകുന്നത് അങ്ങനെയാണ്. ഉപരിവര്‍ഗജീവിതങ്ങളുടെ ലോകം യു.എ.ഖാദര്‍ തന്‍റെ കഥകളിലേയ്ക്ക് അധികം കൊണ്ടുവന്നിട്ടില്ല.
ഫോക്ലോര്‍ ഇപ്പോള്‍ പല സര്‍വകലാശാലകളിലും പഠനവിഷയമായി കഴിഞ്ഞിട്ടുണ്ട്. നാട്ടറിവുപാരമ്പര്യങ്ങളെക്കുറിച്ചു മാത്രമല്ല, നാട്ടുജീവിതരൂപീകരണശൈലികളെക്കുറിച്ചും, ലോറുകളെ(ഘീൃല)ക്കുറിച്ചും മാത്രമല്ല "ഫോക്ക്" (എീഹസ) കളെക്കുറിച്ചും പഠിക്കുന്ന ഈ പഠനശാഖ നമ്മുടെ ഇടതുപക്ഷമാണ് ശ്രദ്ധാപൂര്‍വ്വം പഠിക്കേണ്ടത്. കേരളത്തിലെ സാംസ്കാരിക അക്കാദമികളില്‍ ഫോക്ലോര്‍ അക്കാദമി കേവലം നാടന്‍പാട്ടുകളും കലകളും അവതരിപ്പിക്കാന്‍ മാത്രം ഉള്ളതല്ല എന്ന് തിരിച്ചറിയേണ്ടതായിട്ടുണ്ട്. നമ്മുടെ ഫോക്ലോര്‍ പഠനരംഗത്തെ പ്രാമാണികഗ്രന്ഥങ്ങള്‍ കൂടിയാണ് ഖാദര്‍ക്കഥകള്‍ എന്നതിനാല്‍, അവ ടെക്സ്റ്റ് പുസ്തകങ്ങള്‍കൂടി ആകേണ്ടതാണ്. ഖാദറിന്‍റെ രചനകള്‍ സ്വത്വരാഷ്ട്രീയത്തിന്‍റെ സന്ദര്‍ഭത്തില്‍ വായിക്കപ്പെടേണ്ടവയാണെന്നും, ബാഹ്യസ്ഥലങ്ങളുടെ വ്യവഹാരങ്ങളിലൂടെ സമൂഹമനസ്സിനെ ഉത്പാദിപ്പിക്കുന്ന ഈ രീതി വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ലെന്നും 'അഘോരശിവ'ത്തിന്‍റെ അവതാരികയില്‍ ഇ.വി.രാമകൃഷ്ണന്‍ എഴുതുന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
അറേബിയന്‍ നാടുകളിലും മറ്റും പണ്ട് ഉണ്ടായിരുന്ന ജീവിതോപാധിക്കുവേണ്ടി ചന്തയില്‍ കഥ പറഞ്ഞുകൊണ്ടിരുന്ന ആഖ്യാതാക്കളെപ്പോലെയാണ് യു.എ.ഖാദര്‍.  തന്‍റെ കഥകളില്‍ പലതിലും ഖാദര്‍ നേരിട്ടു കടന്നുവന്നാണ് കഥപറയുന്നത്. കഥ പറയാന്‍വേണ്ടി ജീവിച്ച ഒരു കഥാകൃത്തുകൂടി കടന്നുപോകുന്നു.