ലോകം 2021ലേക്ക് കടക്കുമ്പോള്‍

ജി വിജയകുമാര്‍

"മുതലാളിത്ത രാജ്യങ്ങളില്‍ ഗവണ്‍മെന്‍റുകള്‍ അനിവാര്യമായും മൂലധനത്തിന്‍റെ നിയന്ത്രണത്തിലാണ്. എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലാകട്ടെ, മൂലധനം നിശ്ചയമായും ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണത്തിലും". പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനായ കാര്‍ലോസ് മാര്‍ട്ടിനെസ് "കാറല്‍ മാര്‍ക്സ് വൂഹാനില്‍: ചൈനീസ് സോഷ്യലിസം കോവിഡ് 19നെ പരാജയപ്പെടുത്തുന്നു"വെന്ന സുദീര്‍ഘമായ ഒരു ലേഖനത്തില്‍ നടത്തിയ നിരീക്ഷണമാണിത്. കോവിഡ് 19 മഹാമാരി ലോകത്തെയാകെ കീഴടക്കിയ പിന്നിട്ട വര്‍ഷം കാര്‍ലോസ് മാര്‍ട്ടിനെസിന്‍റെ നിരീക്ഷണത്തെ അക്ഷരംപ്രതി ശരിവയ്ക്കുകയാണ്.
സാമ്പത്തികപ്രതിസന്ധിക്കൊപ്പം ആരോഗ്യപ്രതിസന്ധിയും ചേര്‍ന്ന് ലോകത്തെ വേട്ടയാടുന്നതിനാണ് 2020ല്‍ നാം സാക്ഷ്യം വഹിച്ചത്. 2019ന്‍റെ അവസാനമാണ് ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധി കണ്ടെത്തിയത്. അത് 2020 ജനുവരിയില്‍ ചൈനയുടെ അതിര്‍ത്തികളും പിന്നിട്ട് ലോകത്താകെ പടര്‍ന്നുപിടിക്കുകയാണുണ്ടായത്. ചൈനയില്‍ അത് നിയന്ത്രണവിധേയമാക്കാന്‍ അവിടത്തെ ഗവണ്‍മെന്‍റിനും ജനതയ്ക്കും കഴിഞ്ഞെങ്കിലും യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലുമെല്ലാം അത് അനിയന്ത്രിതമായി തുടരുന്നു.
സാമ്പത്തികപ്രതിസന്ധിയാകട്ടെ, 2007-09 ലെ ധനപ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായി കരകയറാന്‍ മുതലാളിത്ത ലോകത്തിനു കഴിഞ്ഞിരുന്നില്ല. കൊറോണ വൈറസ് രോഗം ലോകത്തെ ബാധിക്കുന്നതിനു മുന്‍പുതന്നെ ആഗോളസമ്പദ്ഘടന പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ദുര്‍ബലമായ ഈ സമ്പദ്ഘടന കൊറോണ ഷോക്കില്‍ പാടെ തകര്‍ന്നതായാണ് നാം കണ്ടത്. ഈ രണ്ടു പ്രതിസന്ധികളും ഏറെയും ബാധിച്ചത് ലോകത്തെ സാധാരണക്കാരായ ജനസാമാന്യത്തെയാണ്. അവരുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ അകപ്പെടുക മാത്രമല്ല, കൊറോണ വൈറസ് ബാധ മൂലം വേണ്ടത്ര ചികിത്സ കിട്ടാതെ മരണപ്പെട്ടതില്‍ വലിയ വിഭാഗവും ദരിദ്രജനകോടികളാണ്. ലോകത്തെ അതിസമ്പന്നരായ ന്യൂനപക്ഷം സമ്പത്ത് കുന്നുകൂട്ടുന്നതിനും ഈ പ്രതിസന്ധി ഘട്ടം സാക്ഷ്യം വഹിച്ചു.
2020 മാര്‍ച്ച് 11നാണ് ലോകാരോഗ്യസംഘടന നോവല്‍ കൊറോണ വൈറസ് മൂലമുള്ള കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചത്. അതിന്‍റെ തൊട്ടടുത്ത ദിവസം-മാര്‍ച്ച് 12-"രക്തപങ്കിലമായ വ്യാഴം" എന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. "ചോരക്കളമായി കമ്പോളം" എന്നും മാധ്യമങ്ങള്‍ ഈ ദിവസത്തെ വിശേഷിപ്പിക്കുകയുണ്ടായി. ഓഹരി വിപണിയും എണ്ണ വിപണിയും നാണയവിപണിയുമെല്ലാം കുത്തനെ കൂപ്പുകുത്തിയതിനെയാണ് മാധ്യമങ്ങള്‍ ഈ നിലയില്‍ വിശേഷിപ്പിച്ചത്. ആഗോളസമ്പദ്വ്യവസ്ഥയിലെ തകര്‍ച്ചയും കൊറോണ വൈറസിന്‍റെ വ്യാപനവും തമ്മില്‍ ബന്ധപ്പെടുന്നത്, വൈറസ് ബാധ തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണ നടപടികളും രോഗബാധയുംമൂലം തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിലേക്ക് എത്താന്‍ കഴിയാതെ ഉല്‍പ്പാദനസ്തംഭനം ഉണ്ടാകുന്നിടത്താണ്. എന്നാല്‍ മാര്‍ച്ച് 12ന് രോഗവ്യാപനം ചൈനയ്ക്കപ്പുറം ദക്ഷിണകൊറിയ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കപ്പുറം വലിയ തോതില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നില്ല. അതായത് ചൈനയിലും കൊറിയയിലുമുണ്ടായ രോഗവ്യാപനം പോലും ദുര്‍ബലമായ ആഗോളമുതലാളിത്ത സമ്പദ്ഘടനയെ തകര്‍ച്ചയിലേക്ക് നയിച്ചുവെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ഈ സാമ്പത്തികത്തകര്‍ച്ചയ്ക്കിടയിലും, മാരകമായ വിധം മഹാമാരി പടര്‍ന്നുപിടിക്കുമ്പോഴും അതിന്‍റെയൊന്നും ഒരു അല്ലലുമില്ലാതെ സുഭിക്ഷമായി കഴിയുന്ന ശതകോടീശ്വരന്മാരായ കോര്‍പറേറ്റുകള്‍ കൊള്ള ലാഭമടിച്ച് തടിച്ചുകൊഴുക്കുന്നതിനും നാം സാക്ഷ്യം വഹിച്ചു, 2020ല്‍. 2020 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച ഓക്സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നത്, ലോകത്തെ ഏറ്റവും വലിയ 32 കമ്പനികള്‍ 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസം കൊണ്ട് തങ്ങളുടെ ലാഭത്തില്‍ 10,900 കോടി ഡോളറിന്‍റെ വര്‍ധനവുണ്ടാക്കിയെന്നാണ്. കോവിഡ് 19 ഉറഞ്ഞുതുള്ളി മരണം വിതച്ച കാലമാണിതെന്നും ലോകത്തെ മിക്കരാജ്യങ്ങളും അടച്ചിടപ്പെട്ട അവസ്ഥയിലായിരുന്ന കാലമാണിതെന്നും ഓര്‍ക്കുക. ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, ആമസോണ്‍, മൈക്രോസോഫ്ട് (ഏഅഎഅങ) എന്നീ വന്‍കിട ടെക്കി സ്ഥാപനങ്ങള്‍ ഇതേ കാലത്ത് തങ്ങളുടെ ലാഭത്തില്‍ 4600 കോടി ഡോളര്‍ കൂടി വര്‍ധിപ്പിച്ചു. ഇതേപോലെ, ലോകത്തെ ഏറ്റവും വലിയ ഏഴ് വന്‍കിട ഔഷധ നിര്‍മാണകമ്പനികള്‍ ലാഭത്തില്‍ 1200 കോടി ഡോളര്‍ കൂടി വര്‍ധനവുണ്ടാക്കിയതായും ഓക്സ്ഫോം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു-ലാഭനിരക്ക് 21 ശതമാനം.
ഈ കോവിഡ് കാലത്ത് മാത്രം ആമസോണ്‍ മേധാവി ജെഫ് ബെസോസ് തന്‍റെ വ്യക്തിഗത സ്വത്തില്‍ 9200 കോടി ഡോളറിന്‍റെ വര്‍ധനവുണ്ടാക്കിയതായി പറയുന്ന ഓക്സ് ഫാം റിപ്പോര്‍ട്ട് ഈ തുക കൊണ്ട് തുച്ഛ വരുമാനം പറ്റി കഠിനാധ്വാനം ചെയ്യുന്ന ആമസോണിലെ 8,76,000 ജീവനക്കാരില്‍ ഓരോരുത്തര്‍ക്കും 1,05,000 ഡോളര്‍ ബോണസ് നല്‍കാന്‍ കഴിയുമായിരുന്നുവെന്നും എന്നാലും ജെഫ് ബസോസിന് 2020 മാര്‍ച്ചില്‍ ഉണ്ടായിരുന്നത്ര പണം ഉണ്ടാകുമായിരുന്നുവെന്നും പറയുന്നു. ലോകത്താകെ തൊഴിലെടുത്ത് ഉപജീവനം നടത്തിയിരുന്നവര്‍ക്ക് തൊഴിലും വരുമാനവുമൊന്നും ഇല്ലാതിരുന്ന കാലത്തും അതിസമ്പന്നരുടെ വരുമാനത്തില്‍ അനിയന്ത്രിതമായ വര്‍ധനവ് ഉണ്ടാകാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല. ഇരട്ടപ്രതിസന്ധിയുടേതായ ഈ കാലത്ത് സ്വത്തിന്‍റെ ചുരുക്കം ചിലരിലേക്കുള്ള കേന്ദ്രീകരണവും തന്മൂലമുള്ള ഭീകരമായ അസമത്വവുമാണ് മുതലാളിത്ത ലോകത്താകെ നാം കാണുന്നത്. കോവിഡ് സമാശ്വാസപദ്ധതികളായി അവതരിപ്പിക്കപ്പെട്ട പാക്കേജുകള്‍ പോലും യഥാര്‍ഥത്തില്‍ കോര്‍പറേറ്റുകളുടെ കീശ വീര്‍പ്പിക്കുന്നവയായിരുന്നു.
ലോകത്താകെ 40 കോടിയിലധികം ആളുകള്‍ക്ക് 2020ല്‍ തൊഴില്‍ നഷ്ടപ്പെട്ടതായാണ് ഐഎല്‍ഒ കണക്കാക്കിയിരിക്കുന്നത്. 500 കോടി ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് പുതുതായി അകപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോവിഡിന്‍റെ മറവില്‍ വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടാനും കൂലിവെട്ടിക്കുറയ്ക്കാനും കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം സൗകര്യം ലഭിക്കുന്നതിന്‍റെ അനന്തരഫലമാണിത്. ചൈനയിലെ ഹൂബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ 2019 ഡിസംബറിലാണ് കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധി (കോവിഡ് 19) ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. പുതിയതായി കണ്ടെത്തിയ രോഗം പകരുന്നതാണെന്ന് സ്ഥിരീകരിച്ചതോടെ ചൈനീസ് അധികൃതര്‍ ലോകാരോഗ്യസംഘടനയെ വിവരം അറിയിക്കുകയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളെയുമെല്ലാം അറിയിക്കുകയും കൂടുതല്‍ പഠനത്തിനുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറുകയും ചെയ്തിരുന്നുവെന്ന് ലോകാരോഗ്യസംഘടന തന്നെ സ്ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ചരിത്രത്തിലാദ്യമായി ഒരു വര്‍ഷത്തിനുള്ളില്‍ ഈ മഹാമാരിയെ നേരിടുന്നതിനുള്ള വാക്സിന്‍ കണ്ടെത്താന്‍ മാത്രമല്ല, രോഗനിര്‍ണയത്തിനുള്ള പലവിധ പരിശോധനാ കിറ്റുകള്‍ വികസിപ്പിക്കാനും വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ക്ക് കഴിഞ്ഞത്.
കോവിഡ് രോഗബാധ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഡിസംബര്‍ 21ന്‍റെ കണക്കുപ്രകാരം ലോകത്താകെ 7.76 കോടി ആളുകളെ ബാധിച്ചതായാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. മരണസംഖ്യ 17 ലക്ഷം കടന്നു. ലോകജനസംഖ്യയില്‍ 4 ശതമാനം മാത്രമുള്ള അമേരിക്കയിലാണ് ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ 23 ശതമാനവും. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും ഉള്‍പ്പെടെയുള്ള മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളിലുമാണ് കോവിഡ് രോഗബാധയും തന്മൂലമുള്ള മരണങ്ങളും ഏറ്റവുമധികമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. നവലിബറല്‍ നയങ്ങള്‍ തീവ്രമായി പിന്തുടരുന്ന ഇന്ത്യയും ബ്രസീലും പോലെയുള്ള രാജ്യങ്ങള്‍, സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ കൈവെടിഞ്ഞ റഷ്യയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ഈ മഹാമാരിയുടെ പിടിയില്‍ ഞെരിഞ്ഞമരുമ്പോള്‍ ലോകത്താദ്യം ഈ രോഗം പ്രത്യക്ഷപ്പെട്ട ചൈനയില്‍ വേറിട്ട അവസ്ഥയാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ചൈനയ്ക്ക് മാത്രമല്ല, ക്യൂബയും വിയത്നാമും പോലെയുള്ള മറ്റ ്സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും രോഗനിയന്ത്രണത്തിലും മരണനിരക്ക് കുറയ്ക്കുന്നതിലും വേറിട്ട ചിത്രം കാഴ്ച വയ്ക്കാനാവുന്നുണ്ട്. അമേരിക്കയും യൂറോപ്പും ഗള്‍ഫ് രാജ്യങ്ങളുമാകെ കോവിഡിന്‍റെ രണ്ടാം തരംഗത്തിനു സാക്ഷ്യം വഹിക്കുമ്പോള്‍ ചൈനയില്‍ ഇപ്പോള്‍ ഒറ്റപ്പെട്ട കേസുകള്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഡിസംബര്‍ 21 വരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ചൈനയില്‍ 86,852 മാത്രമാണ്. മരണസംഖ്യയാകട്ടെ 4,634ഉം. മുതലാളിത്ത വ്യവസ്ഥയുടെ, പ്രത്യേകിച്ചും നവലിബറല്‍ വ്യവസ്ഥയുടെ പാപ്പരത്തവും മനുഷ്യത്വരാഹിത്യവും ഏറ്റവുമധികം തുറന്നു കാണിക്കപ്പെട്ടതാണ് കോവിഡ് മഹാമാരി നാശംവിതച്ച 2020.
അമേരിക്കന്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ സാന്‍സ് ഫീല്‍ഡ് സ്മിത്ത് ചൈനയുടെ സവിശേഷതകളെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: "കൊറോണ വൈറസ് മഹാമാരിയോടുള്ള പ്രതികരണങ്ങളില്‍ നിന്ന്, ആഭ്യന്തരമായി ഇതിനെ നിയന്ത്രിക്കുന്നതിന് ചൈന അവതരിപ്പിച്ച പൊതുജനാരോഗ്യ മാതൃകയുടെ കാര്യശേഷി ലോകം കണ്ടുകഴിഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ സഹായവും സംരക്ഷണവും നല്‍കുന്ന കാര്യത്തിലുള്ള ചൈനയുടെ ആഗോളനേതൃശേഷിയും ലോകം കണ്ടു. ഇക്കാര്യത്തില്‍ നേതൃത്വം നല്‍കാതെ അമേരിക്ക ഒളിച്ചോടുക മാത്രമല്ല, പരിഹാരം കണ്ടെത്താനുള്ള കൂട്ടായ പരിശ്രമത്തിന് അമേരിക്ക തടസ്സം സൃഷ്ടിക്കുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ അമേരിക്കയ്ക്ക് സ്വന്തം നാട്ടില്‍ പോലും ഈ വൈറസിനെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലാണ്; മാത്രമല്ല സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് കരകയറാനും കഴിയുന്നില്ല. എന്നാല്‍ ചൈനയാകട്ടെ കുതിച്ചുയരുകയുമാണ്. ചുരുക്കത്തില്‍ പുതിയ വെളിച്ചത്തില്‍ ചൈനയെയും അമേരിക്കയെയും കാണാന്‍ കൊറോണ വൈറസ് ലോകത്തിന് അവസരമൊരുക്കിയിരിക്കുകയാണ്. ചൈനയുടെ ഉയര്‍ച്ചയെ ചെറുക്കുന്നതിന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ ഭരണാധികാരികള്‍ നടത്തുന്ന നീക്കങ്ങള്‍ക്കും ഇത് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്."
സൗത്ത് ആഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഡോ. അലക്സ് മൊഹുബേത്സ്വാനെ മാഷിലൊയുടെ വാക്കുകളും ശ്രദ്ധേയമാണ്: "ഒരു വശത്ത്, ക്യൂബയെയും ചൈനയെയും പോലെയുള്ള രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളെ സഹായിക്കുന്നതിന് മെഡിക്കല്‍ ബ്രിഗേഡുകളെ അയക്കുകയാണ്. മറുവശത്താകട്ടെ മനുഷ്യജീവന്‍ അപകടത്തിലാക്കിയിട്ടാണെങ്കിലും കൊള്ളലാഭമടിക്കാനുള്ള അത്യാര്‍ത്തിയോടെ നീങ്ങുന്ന ശക്തികള്‍ ഈ മഹാമാരിയില്‍ നിന്നും തങ്ങള്‍ക്ക് സാമ്പത്തികനേട്ടമുണ്ടാക്കാനുള്ള അവസരങ്ങള്‍ക്കായി തക്കം പാര്‍ത്തിരിക്കുകയാണ്; എത്രയാളുകള്‍ മരിക്കുന്നുവെന്നത് ഈ ശക്തികള്‍ക്ക് പ്രശ്നമേയല്ല." ഫലപ്രദമായ വാക്സിന്‍ വിജയകരമായി കണ്ടെത്തുന്നതിലും മറ്റു രാജ്യങ്ങള്‍ക്ക് എത്തിക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ മേഖലകളിലെ 50 വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കി സാറാഫ്ളോങ്ങേഴ്സും ലിസിയു ഹിന്നും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച "മുതലാളിത്തം വെന്‍റിലേറ്ററില്‍ (ഇമുശമേഹശാെ ീി മ ഢലിശേഹമീൃേ) എന്ന കൃതിയില്‍ പറയുന്നത്: "സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോ ഫാര്‍മ നവംബര്‍ 19ന് പ്രസ്താവിച്ചത്, തങ്ങളുടെ കൊറോണ വൈറസ് വാക്സിന്‍ 10 ലക്ഷത്തോളം ആളുകളില്‍ പ്രയോഗിച്ചു കഴിഞ്ഞുവെന്നും പ്രതികൂലമായ പാര്‍ശ്വഫലങ്ങളുടെ സൂചന പോലുമില്ലെന്നുമാണ്." ചൈനീസ് ഗവണ്‍മെന്‍റുടമസ്ഥതയിലുള്ള മറ്റു മൂന്ന് കമ്പനികളും വിജയകരമായി വാക്സിന്‍ വികസിപ്പിച്ചുകഴിഞ്ഞു. ഇന്‍ഡൊനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ചൈനീസ് വാക്സിന്‍ ഇതിനകം നല്‍കുകയും ചെയ്തു. ആവശ്യപ്പെടുന്ന ഏതു രാജ്യത്തിനും വാക്സിന്‍ എത്തിക്കാനുള്ള സന്നദ്ധതയും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.
സമീപകാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച അമേരിക്കന്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ കെവിന്‍ സീസെയും അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തകയായ ഡോ. മാര്‍ഗറെറ്റ് ഫ്ളെവേഴ്സും ചേര്‍ന്ന് നല്‍കുന്ന ആഹ്വാനം, "ഏഷ്യയില്‍ ശ്രദ്ധയൂന്നുക (ജശ്ീേ ീേ അശെമ) എന്നതിനു പകരം" സമാധാനത്തില്‍ ശ്രദ്ധയൂന്നുക" (ജശ്ീേ ീേ ജലമരല) എന്നായി മാറ്റാന്‍ അമേരിക്കന്‍ ജനത അണിനിരക്കണമെന്നാണ്.
എന്നാല്‍ ഏഷ്യയില്‍ ശ്രദ്ധയൂന്നല്‍ എന്ന പേരില്‍ ചൈനയെ വലയം ചെയ്യാനും ആക്രമിക്കാനുമുള്ള തീവ്രശ്രമം അമേരിക്ക 2020ലും തുടരുക തന്നെയായിരുന്നു. ചൈനയ്ക്കു നേരെ ട്രംപ് ഭരണം ഏര്‍പ്പെടുത്തിയ വ്യാപാരയുദ്ധം ചൈനയുടെ ശക്തമായ തിരിച്ചടിയെ തുടര്‍ന്ന് മയപ്പെടുത്താനും ചൈനയുമായി ധാരണയിലെത്താനും 2019 ഡിസംബറോടെ അമേരിക്ക നിര്‍ബന്ധിതമായി. എന്നാല്‍ കൊറോണ വൈറസ് ബാധ അമേരിക്കയില്‍ അനിയന്ത്രിതമായി പടര്‍ന്നു പിടിച്ചപ്പോള്‍ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതെ നിഷ്ക്രിയ നിലപാടു സ്വീകരിച്ച ട്രംപ് ഭരണം അതിന്‍റെ ഉത്തരവാദിത്തം ചൈനയ്ക്കുമേല്‍ ചുമത്താനും വംശീയമായ അധിക്ഷേപങ്ങള്‍ക്കുമാണ് തുനിഞ്ഞത്. അമേരിക്കയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും പിപിഇ കിറ്റുകളും മാസ്കുകളും അടിയന്തരമായി എത്തിച്ചുകൊടുക്കാനും രോഗത്തിനെതിരെ ഒന്നിച്ചുനീങ്ങാനും ചൈന തയ്യാറായെങ്കിലും അമേരിക്ക തുടര്‍ന്നുവന്ന ചൈനാവിരുദ്ധ ആക്രമണം തുടരുകയാണുണ്ടായത്. ഇക്കാര്യത്തില്‍ തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് നിഷേധിക്കാനും ആ സംഘടനയില്‍നിന്നു പുറത്തുകടക്കാനുംപോലും ട്രംപ് ഭരണം മടിച്ചില്ല. ചൈനാവിരുദ്ധ നടപടികളുടെ ഭാഗമായി അമേരിക്കയിലെ ചൈനീസ് കോണ്‍സുലേറ്റുകളിലൊന്ന് ചാരപ്രവര്‍ത്തനം ആരോപിച്ച് അടച്ചുപൂട്ടിയതിനെതിരെ ചൈനയിലെ അമേരിക്കന്‍ കോണ്‍സുലേറ്റുകളിലൊന്ന് അടച്ചുപൂട്ടി ചൈന തിരിച്ചടിക്കുകയാണുണ്ടായത്. ചൈനയ്ക്കു ചുറ്റും സൈനിക വലയം തീര്‍ക്കാനായി ഇന്ത്യ, ആസ്ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി സൈനിക സഖ്യമുണ്ടാക്കാനുള്ള നീക്കവും ശക്തിപ്പെടുത്തുകയാണ് അമേരിക്ക.
ഗള്‍ഫ് മേഖലയുടെയും പശ്ചിമേഷ്യയുടെയും ഉത്തരാഫ്രിക്കയുടെയും ഭൗമരാഷ്ട്രീയം മാറ്റിമറിക്കാനുള്ള സാമ്രാജ്യത്വനീക്കങ്ങള്‍ക്ക് തീവ്രത വര്‍ധിച്ചുവരുന്നതിനും 2020ല്‍ ലോകം സാക്ഷ്യംവഹിച്ചു. 2009ല്‍ കിഴക്കന്‍ മെഡിറ്ററേനിയനില്‍ വന്‍തോതില്‍ പ്രകൃതിവാതക നിക്ഷേപം (ലെവിയാത്തന്‍ പ്രകൃതി വാതക പാടങ്ങള്‍) കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാമ്രാജ്യത്വശക്തികള്‍ ഈ മേഖലയിലെ ഇടപെടല്‍ കൂടുതല്‍ തീവ്രമാക്കിയത്. സൈപ്രസിനുമേല്‍ തുര്‍ക്കിയും ഗ്രീസും തമ്മിലുള്ള അവകാശതര്‍ക്കത്തില്‍, ഇസ്രയേലും അയല്‍രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ എല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം, തുര്‍ക്കി നാറ്റോയുടെ ഭാഗമായിരിക്കെ തന്നെ വഷളായി വരികയാണ്. സമാന്തരമായി തന്നെ തുര്‍ക്കി റഷ്യയുമായി കൂടുതല്‍ അടുക്കുന്നതിനും 2020 സാക്ഷ്യം വഹിച്ചു. റഷ്യയുമായി മാത്രമല്ല, ബ്രെക്സിറ്റ് കരാറിന്‍റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ഇടഞ്ഞുനില്‍ക്കുന്ന ബ്രിട്ടനുമായും തുര്‍ക്കി കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയാണ്.
ഡിസംബര്‍ 10, 11 തീയതികളില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി തുര്‍ക്കിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും അത് 2021 മാര്‍ച്ചില്‍ ചേരുന്ന ഉച്ചകോടി വരെ നടപ്പാക്കേണ്ടതില്ലെന്ന ധാരണയ്ക്കു പിന്നില്‍ തുര്‍ക്കിയെ വിരട്ടി വരുതിയിലാക്കാനുള്ള തന്ത്രമാണ്. യുഎഇയും ഇസ്രയേലും തമ്മില്‍ ഉരുത്തിരിഞ്ഞുവരുന്ന പുത്തന്‍ ചങ്ങാത്തവും ഇറാന്‍ ഒരു വശത്തും സൗദി അറേബ്യയും, ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളും മറുവശത്തുമായുള്ള സംഘര്‍ഷവും ഖത്തറും തുര്‍ക്കിയും ഒരു വശത്തും സൗദിയും ഗള്‍ഫ് ഷേക്കുമാരും മറുവശത്തുമായുള്ള സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിപ്പിക്കുന്നതിന് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍റെയും ഒത്താശയോടെ ഇസ്രയേലാണ് മുന്നില്‍ നില്‍ക്കുന്നത്. ഈജിപ്തിലെ പട്ടാള ഭരണാധികാരിയും സൗദി അറേബ്യ സഖ്യത്തിനൊപ്പം നില്‍ക്കുകയാണ്.
അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റി സ്ഥാപിച്ചതും, കിഴക്കന്‍ ജറുസലേമും വെസ്റ്റ് ബാങ്കും ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കാനും, സിറിയയുടെ ഭൂപ്രദേശമായ ഗോലാന്‍ കുന്നുകള്‍ ഇസ്രയേല്‍ കയ്യടക്കിയതിന് ഔദ്യോഗിക അംഗീകാരം നല്‍കാനും അമേരിക്ക തയ്യാറാക്കുക കൂടി ചെയ്തപ്പോള്‍ പലസ്തീന്‍ ജനതയുടെ അവകാശങ്ങളാണ് ഹനിക്കപ്പെട്ടത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഐക്യരാഷ്ട്രസഭ പാസാക്കുന്ന നിരവധി പ്രമേയങ്ങള്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നഗ്നമായി ലംഘിക്കുകയുമാണ്.
യുഎഇയെയും സുഡാനെയും പോലുള്ള രാജ്യങ്ങളെ അമേരിക്ക - ഇസ്രയേല്‍ അച്ചുതണ്ടിനുചുറ്റും കൊണ്ടുവരാന്‍ അമേരിക്ക ഇവയ്ക്ക് ചില്ലറ അപ്പക്കഷ്ണങ്ങള്‍ എറിഞ്ഞുകൊടുക്കുന്നുണ്ട്. യുഎഇയ്ക്ക് 2300 കോടി ഡോളറിന്‍റെ ആയുധങ്ങള്‍ അമേരിക്ക വിറ്റതും സുഡാനെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയില്‍നിന്നും ഒഴിവാക്കിയതുമെല്ലാം ഇതിന്‍റെ ഭാഗമാണ്. യുഎഇ വാങ്ങിയ ആയുധങ്ങള്‍ യെമനിലെ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. മൊറോക്കൊയിലെ രാജകീയ ഭരണവും ഇപ്പോള്‍ ഇസ്രയേലിന് അംഗീകാരം നല്‍കി ഈ കൂടാരത്തിനുള്ളിലായി. അമേരിക്കയില്‍നിന്ന് മൊറോക്കൊയിലെ രാജാവ് 100 കോടി ഡോളറിന്‍റെ ആയുധം വാങ്ങിയപ്പോള്‍ പടിഞ്ഞാറന്‍ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തിന് അമേരിക്ക അംഗീകാരം നല്‍കി.
പശ്ചിമേഷ്യയെയും ഉത്തരാഫ്രിക്കയെയും ഇളക്കിമറിച്ച അറബ് വസന്തത്തിനു തുടക്കംകുറിച്ച തുണീഷ്യക്കാരനായ തൊഴില്‍രഹിത യുവാവിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ 10-ാം വാര്‍ഷികമാണ് ഡിസംബര്‍ 17ന് പിന്നിട്ടത് - അതായത്, തുണീഷ്യയിലെ മുല്ലപ്പൂവിപ്ലവത്തിനും തുടര്‍ന്നുണ്ടായ അറബ് വസന്തത്തിനും പത്തുവര്‍ഷം തികയുന്നു. ആ ജനകീയ മുന്നേറ്റത്തെ അതിനുള്ളില്‍ കടന്നുകുടിയ മുസ്ലീം ബ്രദര്‍ഹുഡ് പോലെയുള്ള മതമൗലികവാദികളുടെയും സാമ്രാജ്യത്വ ഏജന്‍റുമാരുടെയും ഇടപെടലുകളിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞതിന്‍റെ നേര്‍ചിത്രമാണ് ഇന്ന് ഈ മേഖലയില്‍ വര്‍ധിച്ചുവരുന്ന സാമ്രാജ്യത്വ കുത്തിത്തിരിപ്പുകളില്‍ കാണുന്നത്.
അറബ് വസന്തത്തിന്‍റെ അലയൊലികള്‍ അറബ് രാജ്യങ്ങളുടെ അതിരുകളും കടന്ന് മെഡിറ്ററേനിയന്‍ കടലിന്‍റെ മറുകരയില്‍ സ്പെയിനിലും (ഇന്‍ഡിഗ്നഡോസ് പ്രസ്ഥാനം) ഗ്രീസിലും അറ്റ്ലാന്‍റിക്കിനും അപ്പുറം അമേരിക്കയിലും (വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍) ചിലിയിലും (വിദ്യാര്‍ഥി പ്രക്ഷോഭം) എല്ലാം ആഞ്ഞുവീശി. ജനങ്ങള്‍ - പ്രത്യേകിച്ചും തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും - തെരുവുകളില്‍ പ്രതിഷേധം തീര്‍ത്തു. 2007-08ലെ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്നുണ്ടായ കൊടിയ ദുരിതങ്ങള്‍ക്കിടയിലും ശതകോടീശ്വരന്മാരായ കോര്‍പ്പറേറ്റുകളും ഭരണകൂടവും തമ്മിലുള്ള ചങ്ങാത്തവും അതിലൂടെ മൂലധനശക്തികള്‍ തടിച്ചുകൊഴുക്കുന്നതും കണ്ടുള്ള രോഷത്തിന്‍റെ അണപൊട്ടിയൊഴുക്കായിരുന്നു അത്. പക്ഷേ വ്യക്തമായ ലക്ഷ്യവും പരിപാടിയുമുള്ള പാര്‍ടിയോ നേതൃത്വമോ ഇല്ലാതെ അവയെല്ലാം എരിഞ്ഞടങ്ങുകയാണുണ്ടായത്.
പിന്നീട് ആ ജനരോഷം തീവ്രവലതുപക്ഷത്തിന്‍റെ അധികാരാരോഹണത്തിനുള്ള ഇന്ധനമായി മാറുകയാണുണ്ടായത്. അമേരിക്കയില്‍ ട്രംപിന്‍റെ അധികാരാരോഹണമായാലും പല യൂറോപ്യന്‍ രാജ്യങ്ങളിലും അര്‍ജന്‍റീനയും ചിലിയും ഉള്‍പ്പെടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇന്ത്യയിലും ആയാലും ഈ പ്രവണതയായിരുന്നു കണ്ടിരുന്നത്. ലാറ്റിനമേരിക്കയില്‍ ബ്രസീലിലും ഹോണ്ടുറാസിലും ബൊളീവിയയിലും പരാഗ്വയിലും ഇടതുപക്ഷ പുരോഗമന ഗവണ്‍മെന്‍റുകള്‍ അമേരിക്കന്‍ ഇടപെടലിലൂടെ അട്ടിമറിക്കപ്പെടുന്നതിനും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. 
എന്നാല്‍ 2020ല്‍ ലോകത്ത് അതില്‍നിന്നുള്ള തിരിച്ചുപോക്കിന്‍റെ ദൃശ്യങ്ങളാണ് കാണുന്നത്. വലിയ ജനമുന്നേറ്റങ്ങള്‍ക്കും 2020 സാക്ഷ്യം വഹിച്ചു. അതില്‍ ഏറ്റവും ശ്രദ്ധേയവും ലോകമാകെ ചലനം സൃഷ്ടിച്ചതും അമേരിക്കയിലെ ബ്ലാക്ലൈവ്സ് മാറ്റര്‍ പ്രക്ഷോഭമാണ്. മിനിയൊപൊളിസില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന ആഫ്രോ - അമേരിക്കന്‍ യുവാവിനെ പൊലീസ് കഴുത്തുഞെരിച്ച് കൊന്നതിനെത്തുടര്‍ന്ന് ആഞ്ഞുവീശിയ പ്രതിഷേധം കറുത്തവരുടെ സ്വത്വ പ്രക്ഷോഭത്തിനുമപ്പുറം അമേരിക്കന്‍ ജനതയുടെയാകെ പ്രതിഷേധമായി ഉയരുകയാണുണ്ടായത്. കോവിഡ് ബാധയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിച്ച് തടിച്ചുകൊഴുക്കുന്ന സമ്പന്നവര്‍ഗത്തിന് ഒത്താശ ചെയ്യുന്ന ഭരണകൂടത്തോടുള്ള ജനരോഷമായിരുന്നു പ്രകടിപ്പിക്കപ്പെട്ടത്. ആ പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയായിരുന്നു പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ട്രംപിന്‍റെ പരാജയം. എന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ പരിമിതിയും പാപ്പരത്തവും ഈ തിരഞ്ഞെടുപ്പ് ജനവിധിയോടെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. പരാജിതനായിട്ടും അതു സമ്മതിക്കാതെ അധികാരത്തില്‍ തുടരാന്‍ ട്രംപ് നടത്തിയ ശ്രമവും മാധ്യമങ്ങള്‍ പൊതുവെ അതിനോടു പ്രകടിപ്പിച്ച നിഷ്ക്രിയ നിലപാടും ഫാസിസത്തിന്‍റെ തലനീട്ടലായാണ് കണ്ടത്. ട്രംപനുയായികള്‍ തെരുവില്‍ അഴിഞ്ഞാടിയതും ആ പ്രവണതയുടെ ഭാഗമായാണ്. എന്നാല്‍ ട്രംപില്‍നിന്ന് ജോബൈഡനിലേക്കുള്ള അധികാരമാറ്റംകൊണ്ട് അമേരിക്കയ്ക്കുള്ളിലോ അന്താരാഷ്ട്ര തലത്തിലോ മൗലികമായ എന്തെങ്കിലും നിലപാടു മാറ്റത്തിന് ഒരു സാധ്യതയും കാണാനാവില്ല.
ലാറ്റിനമേരിക്കയിലെ വലതുപക്ഷ നീക്കങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുന്നതിനും ഇടതുപക്ഷത്തിന്‍റെ തിരിച്ചുവരവിനുമാണ് 2020 സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ബൊളീവിയയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ മൂവ്മെന്‍റ് ടുവേഡ്സ് സോഷ്യലിസം (ഇവൊ മൊറാലിസിന്‍റെ പാര്‍ടി) തിരിച്ചുവന്നതാണ്. വെനസ്വേലയിലാകട്ടെ മദുറൊയുടെ നേതൃത്വത്തിലെ ഷാവേസ് പക്ഷ ഗവണ്‍മെന്‍റിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെയും അവരുടെ ശിങ്കിടികളുടെയും നീക്കങ്ങള്‍ക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് നാഷണല്‍ അസംബ്ലിയില്‍ വന്‍ഭൂരിപക്ഷം നേടാന്‍ ഇടതുപക്ഷത്തിനായി. അര്‍ജന്‍റീനയില്‍ 2019 അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ശതകോടീശ്വരനായ മൗറീഷ്യോമക്രിയുടെ വലതുപക്ഷ ഭരണം പുറത്താക്കപ്പെടുകയും ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് - ക്രിസ്റ്റീന കിര്‍ച്ച്നര്‍ ടീം അധികാരത്തിലെത്തുകയും ചെയ്തതിന്‍റെ തുടര്‍ച്ചയായാണ് ബൊളീവിയയിലെയും വെനസ്വേലയിലെയും ഇടതുപക്ഷ വിജയത്തെയും കാണേണ്ടത്. ബ്രസീലിലും ഇക്വഡോറിലുമെല്ലാം വലതുപക്ഷ ഭരണാധികാരികള്‍ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്നതിനിടയില്‍ തന്നെയാണ് ചിലിയില്‍ ജനകീയ പ്രക്ഷോഭത്തിലൂടെ ഭരണഘടനാ ഭേദഗതി ആവശ്യം നേടിയെടുത്തതും പുതിയ ഭരണഘടനയ്ക്ക് ഹിതപരിശോധനയിലൂടെ 78.27 ശതമാനം ജനങ്ങളുടെ പിന്തുണ നേടിയെടുത്തതും. പിനോഷെയുടെ സൈനിക ഭരണത്തിന്‍കീഴില്‍ 1980ല്‍ രൂപം നല്‍കപ്പെട്ട ഭരണഘടനയാണ് ചിലിയില്‍ പൊളിച്ചെഴുതപ്പെട്ടത്. ഇത് നവലിബറലിസത്തിനെതിരായ കനത്ത ആഘാതമാണ്. 1988ലെ ഹിതപരിശോധനയില്‍ പിനോഷെക്ക് അധികാരം നഷ്ടമായെങ്കിലും അടുത്ത 30 വര്‍ഷത്തേക്ക് താന്‍ തുടര്‍ന്നിരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ തന്നെ നടപ്പാക്കപ്പെടണമെന്ന ഭരണഘടനാ വ്യവസ്ഥ അധികാരമാറ്റ കരാറിന്‍റെ ഭാഗമാക്കിയിരുന്നു. അതിനാണ് ഇപ്പോള്‍ അറുതിയായിരിക്കുന്നത്. ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തെ കുഴിച്ചുമൂടിയെന്നും വലതുപക്ഷം വെന്നിക്കൊടി നാട്ടിയെന്നും അഹങ്കരിച്ചവര്‍ക്കുള്ള മറുപടിയാണ് 2020 നല്‍കിയത്.
എന്നാല്‍ ആധിപത്യം സ്ഥാപിക്കാനും ചൂഷണം തുടരാനുമുള്ള മൂലധനത്തിന്‍റെ വ്യഗ്രത അവസാനിച്ചുവെന്നു കരുതണ്ട. ആത്യന്തികമായി മൂലധനാധിപത്യത്തെ ലോകത്ത് പരാജയപ്പെടുത്തുന്നതുവരെ ഈ ഏറ്റുമുട്ടല്‍ - ഈ വര്‍ഗസമരം തുടരുക തന്നെ ചെയ്യും. 
മുതലാളിത്തത്തിന്‍റെ കേന്ദ്രങ്ങളായ അമേരിക്കയിലും ബ്രിട്ടനിലും ഇടതുപക്ഷാശയങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നതും അതിനെ ഭയാശങ്കകളോടെ വലതുപക്ഷം ചെറുക്കുന്നതുമാണ് 2020ല്‍ നാം വീണ്ടും കാണുന്നത്. അമേരിക്കയില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പ്രൈമറികളില്‍ സോഷ്യലിസ്റ്റ് എന്ന് സ്വയം പ്രഖ്യാപിച്ച ബേണി സാന്‍ഡേഴ്സിനുണ്ടായ വന്‍മുന്നേറ്റവും അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചെറുക്കാന്‍ ഡെമോക്രാറ്റ് നേതൃത്വവും വലതുപക്ഷ മാധ്യമങ്ങളും തുനിഞ്ഞിറങ്ങിയതും അതിന്‍റെ പ്രതിഫലനമാണ്. ബ്രിട്ടനില്‍ ജെറമി കോര്‍ബില്‍, ലേബര്‍ പാര്‍ടി നേതൃത്വം ഒഴിഞ്ഞെങ്കിലും അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ ലേബര്‍ നേതൃത്വം നടത്തിയ ഗൂഢനീക്കത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധവും ഇടതുപക്ഷാശയങ്ങള്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനമുറപ്പിക്കുകയാണെന്നതിന്‍റെ പ്രതിഫലനമാണ്.
ഏകധ്രുവലോകത്തിലേക്ക് നീങ്ങാനുള്ള സാമ്രാജ്യത്വശക്തികളുടെ ശ്രമം പൊളിയുന്നതാണ് 2020ലും നാം കാണുന്നത്. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലും യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായുമുള്ള താല്‍പര്യ സംഘര്‍ഷങ്ങള്‍ വര്‍ധിക്കവെ തന്നെ ഒന്നിച്ചു നില്‍ക്കാനുള്ള മൂലധനത്തിന്‍റെ സഹജസ്വഭാവം ആ സംഘര്‍ഷങ്ങള്‍ മൂര്‍ഛിപ്പിക്കാതെ നിര്‍ത്തുന്നുണ്ട്. എന്നാല്‍ ചൈനയുടെ സാമ്പത്തികവും സൈനികവുമായ ശേഷി വര്‍ധിച്ചുവരുന്നതും അതിവേഗം അമേരിക്കയെ കടത്തിവെട്ടുന്ന വന്‍ സാമ്പത്തികശക്തിയായി ചൈന ഉയരുന്നതും ശാസ്ത്ര - സാങ്കേതിക രംഗങ്ങളിലെ ചൈനയുടെ മികവ് വര്‍ധിച്ചുവരുന്നതും ബഹുധ്രുവതയിലേക്കുള്ള, അന്താരാഷ്ട്ര ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണത്തിനുള്ള പ്രവണതയ്ക്ക് ശക്തികൂട്ടുന്നു. ചൈനയിലെ ആഭ്യന്തരരംഗത്ത് ജനജീവിതം മെച്ചപ്പെടുത്തുന്നതിനൊപ്പം ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങള്‍ക്കു മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുവരെ അവശ്യഘട്ടങ്ങളില്‍ ഉപാധികളില്ലാത്ത സഹായങ്ങളെത്തിക്കാനും അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കാനുമുള്ള കമ്യൂണിസ്റ്റു പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഭരണം നടത്തുന്ന നീക്കങ്ങള്‍ ശ്രദ്ധേയമാണ്. ഹോങ്കോങ് കേന്ദ്രീകരിച്ച് ചൈനീസ് ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെ പൊളിക്കാന്‍ ചൈനീസ് ഗവണ്‍മെന്‍റിനു കഴിഞ്ഞെങ്കിലും സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അവര്‍ ജാഗ്രതയിലുമാണ്.
കോവിഡ് കാലം മുതലാളിത്തത്തിന്‍റെ പാപ്പരത്തവും ജനവിരുദ്ധതയും തുറന്നു കാണിച്ചതിനൊപ്പം ചൈന, വിയത്നാം, ലാവോസ്, ക്യൂബ എന്നീ രാജ്യങ്ങളുടെ മികച്ച പ്രകടനത്തിലൂടെ സോഷ്യലിസത്തിന്‍റെ മികവ് വെളിപ്പെടുത്തുന്നതുമായി. ലോകത്തിന്‍റെ ഭാവി സോഷ്യലിസം തന്നെയെന്ന് ഓര്‍മിപ്പിക്കുകയാണ് 2020.