കോവിഡ് പശ്ചാത്തലത്തില്‍ ഹിന്ദുരാഷ്ട്ര രൂപീകരണം - 2020
കെ എന്‍ ഗണേശ്
2020-ാം ആണ്ട് ഇന്ത്യാചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്നത് കോവിഡ് 19 മഹാമാരിയുടെ അടിസ്ഥാനത്തിലായിരിക്കും. എട്ടു മാസത്തിനകം ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഈ മഹാമാരി നമ്മുടെ ജീവിതശൈലിയില്‍ വരെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്കൂളുകള്‍, ഫാക്ടറികള്‍, തൊഴില്‍ശാലകള്‍, ദേവാലയങ്ങള്‍ തുടങ്ങി ജനങ്ങള്‍ കൂടിച്ചേരുന്ന എല്ലാ മണ്ഡലങ്ങളെയും ഏതാണ്ട് പ്രവര്‍ത്തനരഹിതമാക്കിയ മഹാമാരിയുടെ സ്വാധീനം വാക്സിന് കണ്ടെത്തിയതോടെ മാത്രം അവസാനിക്കും എന്ന് ആരും കരുതുന്നില്ല. ഇതിനെ പൂര്‍ണമായി പിടിച്ച് കെട്ടാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. അപ്പോഴും കോവിഡാനന്തര രോഗാതുരതയുടെ സാദ്ധ്യതകള്‍ ഇപ്പോഴും നമ്മെ അലട്ടുകയാണ്.
കോവിഡ്
പാശ്ചാത്യരാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം 1917 മുതല്‍ 1925 വരെ ആദ്യം യൂറോപ്പിനെയും പിന്നീട് ലോകത്തെ ആകമാനവും ഗ്രസിച്ച സ്പാനിഷ് ഫ്ളൂവിനു ശേഷം പടര്‍ന്നുപിടിച്ച ഏറ്റവും ഭീതിദമായ മഹാമാരിയാണ് ഇത്. ഇത്തരം മഹാമാരികളെയും പ്രകൃതിദുരന്തങ്ങളെയും നേരിടുന്നതില്‍ മുതലാളിത്തരാഷ്ട്രങ്ങള്‍ പൊതുവെ പ്രദര്‍ശിപ്പിക്കുന്ന പിടിപ്പുകേട് ഇവിടെയും കാണാമായിരുന്നു. ഭരണകൂടത്തിന്റെ ഫലപ്രദമായ ഇടപെടലുകളും പൊതുജനാരോഗ്യസംവിധാനങ്ങളും ഉള്ള രാഷ്ട്രങ്ങളാണ് മഹാമാരിയെ നേരിടുന്നതില്‍ കൂടുതല്‍ സജ്ജമായിരുന്നത്. ഇതില്‍ കോവിഡ് ആദ്യം കണ്ടെത്തിയ സോഷ്യലിസ്റ്റ് ചൈന മാതൃകയായിരുന്നു. അവര്‍ ആദ്യത്തെ വ്യാപനത്തെ അതിജീവിച്ചു എന്നു മാത്രമല്ല, പിന്നീട് വരാവുന്ന വ്യാപനസാധ്യതകളെ അതിജീവിക്കുകയും ചെയ്തു. മുതലാളിത്തരാഷ്ട്രങ്ങളുടെ കമ്പോളാധിഷ്ഠിത ആരോഗ്യദര്‍ശനം കോവിഡിന്റെ വ്യാപനത്തിന് ശക്തി പകര്‍ന്നപ്പോള്‍ ചൈനയും വിയറ്റ്നാമും ക്യൂബയും എല്ലാം മുന്നോട്ടുവെച്ച ജനജാഗ്രതയുടെ ദര്‍ശനം കോവിഡിനെ അതിജീവിക്കുന്നതില്‍ വിജയിച്ചു.
കോവിഡിന്റെ വ്യാപനത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യം കേരളത്തില്‍ എത്തുകയും പിന്നീട് നഗരപ്രദേശങ്ങളിലൂടെപടര്ന്നു പിടിക്കുകയും ചെയ്ത കോവിഡ് പിന്നീട് എല്ലാ പ്രദേശങ്ങളിലും എത്തി. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് കോവിഡിനെ നേരിട്ടത്. സാധാരണ രോഗ ലക്ഷണങ്ങള്‍ മാത്രം തുടക്കത്തില്‍ കാണിക്കുന്ന, അതിവേഗത്തില്‍ ശ്വാസകോശങ്ങളെയും ആന്തരിക അവയവങ്ങളെയും കീഴടക്കുന്ന, ഈ മഹാമാരിയെ നേരിടാനുള്ള കഴിവ് ഇന്ത്യയുടെ ആരോഗ്യസംവിധാനത്തിനുണ്ടായിരുന്നില്ല. ആശപത്രികളിലെ സുരക്ഷാസംവിധാനങ്ങളുടെ അഭാവം മൂലം രോഗം ബാധിക്കുകയും മരിക്കുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം തന്നെ ഇതിനു തെളിവാണ്. അല്പം വൈകിയാണെങ്കിലും സുരക്ഷാസംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും ശുശ്രൂഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ശ്രമം നടന്നു. അതിനകം വൈറസ് വ്യാപിച്ചുകഴിഞ്ഞിരുന്നു. അതുപോലെ കൂട്ടംകൂടാനുള്ള മനുഷ്യരുടെ മനഃസ്ഥിതിയും വൈറസിനെ വ്യാപിപ്പിച്ചു.
തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കപ്പെട്ടു. ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യം ഏതാണ്ട് പൂര്‍ണമായി ലോക്ക്ഡൗണില്‍ തന്നെയായിരുന്നു. പക്ഷേ ആദ്യം ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതിനു പകരം മഹാമരിക്കെതിരെ കൈകൊട്ടാനും വിളക്ക് കത്തിക്കാനുംമറ്റും പ്രധാനമന്ത്രി ആവശ്യപ്പെട്ടത് കോവിഡിനെ നിയന്ത്രിക്കാനാണോ വര്‍ധിപ്പിക്കാനാണോ സഹായിച്ചത് എന്നത് ഇനിയും പരിശോധിക്കപ്പെട്ടിട്ടില്ല. ഏതായാലും നടക്കേണ്ടത് നടന്നതിനു ശേഷമാണ് ലോക്ക്ഡൗണ്‍ വന്നത്. ലോക്ക്ഡൗണില്‍ വേണ്ടത്ര സജീകരണങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഏര്‍പ്പെടുത്താതെ എല്ലാവരും അവരവരുടെ ഇടങ്ങളില്‍ തന്നെ നില്ക്കാന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് കൂടുതല്‍ ആശയക്കുഴപ്പത്തിനിടയാക്കി. ഇന്ത്യയിലെ നിരവധി ഇടങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ കിട്ടാതെ വലഞ്ഞു. പലരും കാല്‍നടയായി സ്വന്തം നാടുകളിലേക്ക് പുറപ്പെടുകയും അവരെ പൊലീസ് തടഞ്ഞു വിവിധ ക്യാമ്പുകളില്‍ മാറ്റി താമസിപ്പിക്കുകയും ചെയ്തു. സ്വന്തം പിതാവിനെ പിറകില്‍ വെച്ച് ആയിരക്കണക്കിന് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ പെണ്‍കുട്ടി ഇക്കാലത്തെ സഹനശക്തിയുടെ ഏറ്റവും വലിയ തെളിവായിരുന്നു. പിന്നീടുണ്ടായ കോവിഡ് വ്യാപനത്തിന് ഭരണകൂടം തന്നെ സൃഷ്ടിച്ചെടുത്ത കൂട്ടപ്പലായനത്തിനും പങ്കുണ്ടാകാം. ഏതായാലും ഇവിടെയും കുടിയേറ്റത്തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നതിനും സ്ഥിതി സാധാരണഗതിയിലേക്ക് നീങ്ങിയപ്പോള്‍ അവരെ ആസൂത്രിതമായിത്തന്നെ തിരിച്ചെത്തിക്കുന്നതിനും കേരളം മാതൃകയായി.
ലോക്ക്ഡൗണ്‍ പടിപടിയായി പിന്‍വലിച്ചതിനു ശേഷവും കോവിഡിന്റെ വ്യാപനത്തില്‍ അയവുണ്ടായില്ല. മഹാരാഷ്ട്ര പോലെ ആദ്യം തന്നെ കോവിഡിന്റെ പിടിയിലായ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമായി തുടര്‍ന്നു. ആദ്യഘട്ടത്തില്‍ കാര്യമായി പ്രതികരിക്കാതിരുന്ന പശ്ചിമ ബംഗാള്‍, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലേക്കും കോവിഡ് അതിവേഗത്തില്‍ വ്യാപിച്ചു . കോവിഡിനെ വേഗത്തില്‍ നിര്‍ണയിക്കുന്ന ആന്റിജന്‍ ടെസ്റ്റുകള്‍ വ്യാപിപ്പിച്ചതും രോഗാതുരതയെ തിരിച്ചറിയുന്നതില്‍ സഹായിച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം നടത്തിയ സമരങ്ങള്‍ കോവിഡ് വ്യാപനത്തെ സഹായിക്കുന്ന ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചു. മറുനാടുകളിലെ കോവിഡ് വ്യാപനം കാരണം പ്രവാസികളുടെ മടങ്ങിവരവും വ്യാപനത്തെ ശക്തിപ്പെടുത്തി. ഇപ്പോള്‍ മാത്രമാണ് കോവിഡ് അഖിലേന്ത്യാതലത്തില്‍ ഏറെക്കുറെ നിയന്ത്രണവിധേയമായി എന്നു പറയാന്‍ കഴിയുന്നത്. എങ്കിലും മറ്റൊരു വ്യാപനസാധ്യതയെ ആരും തള്ളിക്കളയുന്നില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അത്തരം ഒരു സാധ്യത നിലനില്ക്കുന്നു. ഇതിനിടയില്‍ കോവിഡിന് ഒരു വാക്സിന് കണ്ടെത്താനായി കുത്തകക്കമ്പനികളും ലാബുകളും രാഷ്ട്രങ്ങളും തമ്മില്‍ നടത്തിവന്ന മത്സരപ്പന്തയം ഏറെക്കുറെ വിജയിക്കുന്ന ലക്ഷണങ്ങളുണ്ട്.
സാമ്പത്തികപ്രതിസന്ധി
2008 ല്‍ ബാധിച്ച സാമ്പത്തികതകര്ച്ചക്കു ശേഷം കരകയറുന്ന ലക്ഷണങ്ങള്‍ ലോക സമ്പദ്ഘടന കാണിച്ചുവെങ്കിലും വീണ്ടും ഒരു സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നു വ്യക്തമായിരുന്നു. 2019 ല്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കോവിഡ് വ്യാപിച്ചതിനു ശേഷം ഐഎംഎഫ് അടക്കമുള്ള ഏജന്‍സികള്‍ തന്നെ മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്കി. ലോക്ക്ഡൗണ്‍ കാരണം വീട്ടിലിരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെ ഫാക്ടറിത്തൊഴിലാളികളുടെ വേതനം കുറഞ്ഞു. ദിവസവേതനക്കാര്‍ പൂര്‍ണമായും സര്‍ക്കാരിന്റെ സംരക്ഷണത്തിലേക്ക് നീങ്ങി. വര്‍ക്ക് ഫ്രം ഹോം എന്ന നിലയില്‍ തൊഴില്‍ ചെയ്യാന്‍ സാധിച്ച മധ്യവര്ഗത്തൊഴിലാളികള് മാത്രമാണ് പിടിച്ചുനിന്നത്. ലോകത്തിലെ ഏറ്റവും വലിയ ഉല്പാദന ഹബ്ബുകളായ ചൈനയും തെക്കു കിഴക്കേ ഏഷ്യയും കോവിഡിനെ പിടിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ചതാണ് ലോകസമ്പദ്ഘടനയെ ഒരു പരിധി വരെയെങ്കിലും താങ്ങിനിര്‍ത്തിയത്. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ തന്നെ സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. മോഡി ഭരണകൂടം കണക്കുകള്‍ കൊണ്ട് പല കസര്‍ത്തുകളും നടത്തിയെങ്കിലും മാന്ദ്യലക്ഷണങ്ങളെ മൂടിവെക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഇന്ത്യയുടെ ഉല്പാദനവളര്ച്ച ഏതാണ്ട് നേര്‍പകുതി ആയിരിക്കുകയാണെന്നു വ്യക്തമാണ്. എല്ലാ അടിസ്ഥാനമേഖലകളെയും മാന്ദ്യം ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മാന്ദ്യമായി റിസര്‍വ് ബാങ്ക് ഇതിനെ വിശേഷിപ്പിച്ചതോടെ മാന്ദ്യം ഒരു യാഥാര്‍ഥ്യമായി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.
മാന്ദ്യത്തെ നേരിടാന്‍ മോഡി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അത്ഭുതകരമായിരുന്നു. ഇന്ത്യയെ പ്പോലെ ജനനിബിഡവും സാമ്പത്തിക ഘടനയില്‍ വലിയ അസന്തുലിതാവസ്ഥകളുമുള്ള ഒരു രാജ്യത്തില്‍ വ്യക്തമായ ഡിമാന്‍ഡ് മാനേജ്മെന്റ് തന്ത്രങ്ങളില്ലാതെ മാന്ദ്യത്തെ നേരിടാനാകില്ല. കോടിക്കണക്കിനു ജനങ്ങളെ കുരുതി കൊടുത്തു കൊണ്ട് ഒരു സമ്പദ്ഘടനയ്ക്കു മാത്രമായി വികസിക്കാനാകില്ല. എന്നാല്‍ സാമ്പത്തിക നിര്‍വഹണത്തില്‍ നിന്നു ഭരണകൂടം പിന്‍വാങ്ങുന്ന വിധത്തിലുള്ള നിര്‍ദേശങ്ങളാണ് ഇന്ത്യയുടെ ധനകാര്യമന്ത്രാലയം പ്രതിസന്ധിയെ നേരിടാന്‍ മുന്നോട്ടു വെച്ചത്. അതില്‍ ഇന്ത്യയിലെ ചെറുകിടവ്യവസായങ്ങള്‍ക്കു നല്കിയ ചില പദ്ധതികളെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവയെല്ലാം പൂര്‍ണമായും സ്വകാര്യവത്കരണത്തില്‍ ഊന്നുന്നതായിരുന്നു. ജനങ്ങള്‍ക്കുള്ള ധനസഹായപദ്ധതികള്‍ മുഴുവനും ബാങ്ക് വായ്പകളെ ആശ്രയിക്കുന്നതും അടയിരിക്കുന്ന, അതായത് സ്വകാര്യമൂലധനവും ബാങ്കുകളും ചേര്‍ന്ന് സാമ്പത്തിക ഘടനയെ നേരെയാക്കികൊള്ളുമെന്നും ഭരണകൂടം മുണ്ടു മുറുക്കിയുടുത്ത് അധികച്ചെലവ് നിയന്ത്രിക്കുന്നതാണ് ഭംഗി എന്നുമുള്ള കാഴ്ചപ്പാടാണ് അവതരിപ്പിക്കപ്പെട്ടത്. ഇതിനെതിരായി ട്രേഡ് യൂണിയന് സംഘടനകള്‍ നവംബര്‍ 26ന് നടത്തിയ സമരത്തിന്റെ മുഖ്യആവശ്യം കോവിഡ് പശ്ചാത്തലത്തില്‍ അര്‍ഹതപ്പെട്ട എല്ലാവര്ക്കും 7500 രൂപ വീതം കേന്ദ്രം വിതരണം ചെയ്യണമെന്നതായിരുന്നു. ചോദനത്തെ പ്രേരിപ്പിക്കുന്നതിന് ഉയര്‍ത്തിയ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ കേട്ടതായിപ്പോലും നടിച്ചില്ല. ഇതിനു ബദലായി കേരള സര്‍ക്കാര്‍ തുടര്‍ച്ചയായി ജനങ്ങളുടെ ഇടയില്‍ ധനവിതരണത്തെയും ചോദനത്തെയും സഹായിക്കുന്ന സ്റ്റിമുലസ് പാക്കേജുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
കര്‍ഷകരും തൊഴിലാളികളും
നിര്‍മല സീതാരാമന്റെ സാമ്പത്തികപാക്കേജിന് ശേഷമാണ് കര്‍ഷകരെ ബാധിക്കുന്ന മൂന്നു ബില്ലുകളും തൊഴിലാളികളെ ബാധിക്കുന്ന നിയമവും മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഏതാണ്ട് ഏകപക്ഷീയമായി ശബ്ദവോട്ടൊടെ പാസാക്കിയെടുത്തത്. ബില്ലുകള്‍ വോട്ടിനിടാനുള്ള ആവശ്യത്തെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. കര്‍ഷകരെ സംബന്ധിച്ച നിയമങ്ങള്‍ മൂന്നു പ്രധാന കാര്യങ്ങളില്‍ ഊന്നി. ഒന്ന്, കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ കമ്പോളവില ഉറപ്പു വരുത്തുന്ന താങ്ങുവിലകള്‍ എടുത്തുകളഞ്ഞു. രണ്ട് ഉത്തരേന്ത്യയിലെ കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യക്കു കൈമാറുന്നതിനു മുമ്പ് അവര്‍ക്കാവശ്യമായ വിലപേശല്‍ സാധ്യതകള്‍ ഉറപ്പു വരുത്തുന്ന മണ്ഡി (ചന്ത)സമ്പ്രദായം നിര്‍ത്തലാക്കി. മൂന്ന് , ഭക്ഷ്യഉത്പന്നങ്ങളുടെ പ്രധാന ഇടനിലക്കാരായി കോര്‍പറേറ്റ് ഭീമന്മാരെ കൊണ്ടുവന്നു. അതില്‍ ഏറ്റവും വലിയ കുത്തകവ്യാപാരിയായി മാറുന്നത് അദാനി അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡ് എന്ന കമ്പനിയാണ്.
ഈ നിയമങ്ങളില്‍ ഒരു പ്രശ്നം തുടക്കം മുതലേ ഉണ്ടായിരുന്നു. കൃഷി സ്റ്റേറ്റ് ലിസ്റ്റില്‍ കിടക്കുന്ന ഒരു വിഷയമാണ്. അതില്‍ കേന്ദ്രതലത്തില്‍ ഒരു നിയമം കൊണ്ടുവരുമ്പോള്‍ സംസ്ഥാനങ്ങളോട് കൂടിയാലോചന നടത്തേണ്ടത് ആവശ്യമാണ്. അങ്ങിനെയൊന്നുമുണ്ടായില്ല. ഒരു തലത്തിലും അഭിപ്രായസമന്വയം നടന്നില്ല. ഇതൊന്നുമില്ലാതെ പാസക്കിയ നിയമങ്ങള്‍ കര്‍ഷകസംഘടനകളുടെ ശക്തമായ എതിര്‍പ്പിനു വിഷയമായതില്‍ അത്ഭുതപ്പെടാനില്ല. ഉത്തരേന്ത്യന്‍ കര്‍ഷകരുടെ മുഖ്യസംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്,അഖിലേന്ത്യ കിസാന്‍ സഭ തുടങ്ങി 250 ഓളം സംഘടനകള്‍ ചേര്‍ന്നുണ്ടാക്കിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26, 27ന് പ്രക്ഷോഭത്തിന് ആഹ്വാനം നല്കി. പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണയും അതിനുണ്ടായിരുന്നു. പഞ്ചാബ്, ഹരിയാന, ഹിമാചല്‍, യു പി , മധ്യപ്രദേശ് രാജസ്താന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ കര്‍ഷകര്‍ ഡല്‍ഹി വളഞ്ഞതോടെ കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭത്തിന് ഡല്‍ഹി സാക്ഷ്യം വഹിക്കുകയാണ്. സര്‍ക്കാര്‍ പിന്തുണയോടെ കാര്‍ഷികവൃത്തിയുടെ മേല്‍ ഉണ്ടാകുന്ന കോര്‍പറേറ്റ് ആധിപത്യത്തിന് എതിരായ ഏറ്റവും ശക്തമായ സമരമാണിത്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ പിന്തിരിയില്ല എന്ന നിലപാടാണ് കര്‍ഷകര്‍ക്കുള്ളത്. ഒരു നീതിന്യായ ഇടപെടല്‍ വഴി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് .
വ്യവസായത്തൊഴിലാളികളെ ബാധിക്കുന്ന നിരവധി നിയമങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ഇവയെല്ലാം ചേര്‍ത്ത് നാലു നിയമങ്ങളാക്കാനുള്ള ശ്രമം രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യം മുതല്‍ തന്നെ ആരംഭിച്ചതാണ്. മുതലാളിത്തത്തിന് തൊഴിലാളികളുടെ മേലും അവരുടെ സംഘടനാസ്വാതന്ത്ര്യത്തിനു മേലും പൂര്‍ണനിയന്ത്രണം കൊണ്ടുവരുന്ന നിയമങ്ങളും പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയില്ലാതെ പാസായി. ഇതനുസരിച്ച് എല്ലാ വ്യവസായ ശാലകളെയും പല ഗ്രേഡുകളായി തിരിച്ചു . അവയില്‍ മുന്നൂറു വരെ തൊഴിലാളികളെ നിയമിക്കുന്ന വ്യവസായശാലകളെ നിലവിലുള്ള തൊഴില്‍ സുരക്ഷാനിയമങ്ങളില്‍ നിന്നും ഒഴിവാക്കി. പുതിയ വ്യവസായങ്ങള്‍ ഒന്നും തന്നെ വന്‍കിട വ്യവസായശാലകള്‍ തുടങ്ങാത്തതുകൊണ്ട് ഒട്ടുമിക്ക വ്യവസായങ്ങളും തൊഴില്‍ നിയമങ്ങളില്‍ നിന്ന് പുറത്തായി എന്നു പറയാം. അവിടെ തൊഴിലാളികളെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള പൂര്‍ണസ്വാതന്ത്ര്യം മുതലാളിക്കുണ്ട്. തൊഴിലാളികളുടെ സംഘടനാസ്വാതന്ത്ര്യവും പരിമിതപ്പെടുത്തി. ഇത്തരത്തിലുള്ള തൊഴിലാളി ദ്രോഹനിയമങ്ങള്ക്ക് എതിരെയാണ് നവംബര്‍ 26 ന്റെ പണിമുടക്ക് പ്രധാനമായും നടന്നത്. പണിമുടക്കിന്റെ വിജയം തൊഴിലാളികളുടെ ഇടയില്‍ നിലനില്‍ക്കുന്ന അസംതൃപ്തി വിളിച്ചറിയിച്ചു.
രാഷ്ട്രീയ പാര്‍ടികള്‍
മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധമായ ഇത്തരം നടപടികളെ തുറന്നു കാണിക്കുന്നതില്‍ പ്രതിപക്ഷം എത്രമാത്രം വിജയിച്ചു എന്നു പരിശോധിക്കേണ്ടതാണ്. കോവിഡ് സാഹചര്യങ്ങളില്‍ വളരെ നിയന്ത്രിതമായ അന്തരീക്ഷത്തിലാണ് പാര്‍ലമെന്റ് സമ്മേളനം നടന്നത്. പാര്‍ലമെന്റില്‍ ഏതെങ്കിലും വിധത്തിലുള്ള ജനാധിപത്യചര്ച്ച സാധ്യമാക്കുന്ന സീറോ അവര്‍ റദ്ദാക്കുകയും ചെയ്തു. ജനവിരുദ്ധ നിയമങ്ങള്‍ ശബ്ദവോട്ടോടെ പാസാക്കി എടുത്തു. ഇക്കാര്യത്തില്‍ ആവശ്യമായ ജനാധിപത്യപരമായ ജാഗ്രത കോണ്‍ഗ്രസിനെപ്പോലുള്ള പാര്ടികള്ക്കുണ്ടായില്ല. നിര്‍മല സീതാരാമന്റെ പാക്കേജിനെതിരെയോ തൊഴിലാളി- കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെയോ കൃത്യമായ പ്രതികരണങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പാര്‍ലമെന്റില്‍ ഇപ്പോള്‍ വലിയ സാന്നിധ്യമല്ലാത്ത ഇടതുപക്ഷപാര്‍ടികളില്‍ നിന്നും സംഘടനകളില്‍ നിന്നുമാണ് അത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായത്. ഉദാഹരണത്തിന് ബിജെപിക്ക് കാര്യമായ സാന്നിധ്യമില്ലാതിരുന്ന കേരളത്തില്‍ നിന്ന് ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് യോജിച്ച പ്രവര്‍ത്തനം സാധ്യമായിരുന്നു. അത്തരത്തിലുള്ള ഒന്നും ഉണ്ടായില്ലെന്നു മാത്രമല്ല അങ്ങനെ ഏതെങ്കിലും നടക്കുന്നുണ്ടെന്ന ഭാവം പോലും ഇവരില്‍ നിന്നുണ്ടായില്ല. ഇടതുപക്ഷപാര്‍ട്ടികളുടെ (അവരില്‍ ജോസ് കെ മാണിയും പങ്കെടുത്തിരുന്നു) എതിര്പ്പുണ്ടായതിനുശേഷം കോണ്ഗ്രസ്സുകാര് പ്രതിഷേധിച്ചുവെന്നത് നേരാണ്. പക്ഷേ യോജിച്ച പ്രക്ഷോഭങ്ങളുടെ ശക്തി ഇത്തരം വിഘടിതശബ്ദങ്ങള്ക്ക് ഉണ്ടാകില്ല. ഇത്തരം ഒരു യോജിച്ച പോരാട്ടത്തിന് വേണ്ടി ഒരു ശ്രമവും അവരുടെ സമുന്നതനേതാവായ രാഹുല്‍ ഗാന്ധിയും നടത്തിയില്ല.
കോണ്‍ഗ്രസിന്റെ ഈ ദൗര്‍ബല്യം മറ്റിടങ്ങളിലും പ്രകടമായി. മധ്യപ്രദേശില്‍ ബി ജെപിയുടെ ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇതിനിടയിലാണ്. ബി ജെപിയിലേക്കു മാറിയ ജ്യോതിരാദിത്യസിന്ധ്യയെയും കൂട്ടാളികളെയും തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല . അവര്‍ പിന്നീട് ബി ജെപിയുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുകയും എല്ലാവരും ജയിക്കുകയും ചെയ്തു. രാജസ്താനില്‍ സച്ചിന് പൈലറ്റും അശോക് ഗെലോട്ടും തമ്മിലുണ്ടായ മൂപ്പിളമത്തര്‍ക്കത്തെ ഏറെ പണിപ്പെട്ടാണ് കോണ്‍ഗ്രസ് നേതൃത്വം ഒത്തുതീര്‍ത്തത്. ബിജെപിയുടെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കാന്‍ സച്ചിന് പൈലറ്റ് ശ്രദ്ധിച്ചതുകൊണ്ടു മാത്രമാണ് അത് സാധ്യമായത്. എന്നാല്‍ രാജസ്താനില്‍ കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്മ നഷ്ടപ്പെടുന്നു എന്നാണു കഴിഞ്ഞ ദിവസം നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം സൂചിപ്പിച്ചത് .
ഇതിനേക്കാള്‍ ഗൗരവമുള്ള പ്രശ്നമായിരുന്നു ബിഹാറിലേത് . മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങളാണ് ബിഹാറില്‍ നടന്നിട്ടുള്ളത്. ഇപ്രാവശ്യവും ഭരണത്തിലുള്ള നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു - ബിജെപി സഖ്യത്തിനെതിരായി എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമം നടന്നു. കഴിഞ്ഞ പ്രാവശ്യത്തേതില്‍ നിന്നു വ്യത്യസ്തമായി ഇടതുപക്ഷം ഒരു സഖ്യമായി മാറി. അവര്‍ മഹാസഖ്യവുമായി ധാരണയിലും ഏര്‍പ്പെട്ടു. ബിജെപി സഖ്യത്തിനെതിരെ ഇടതുപക്ഷ കക്ഷികള്‍ അടക്കം മികച്ചപ്രകടനം കാഴ്ച വെച്ചപ്പോള്‍, നിരാശപ്പെടുത്തിയത് കോണ്‍ഗ്രസ് ആയിരുന്നു. അവര്‍ എഴുപതു സീറ്റുകള്‍ വിലപേശി വാങ്ങിക്കുകയും അവയില്‍ പത്തൊമ്പതു സീറ്റുകള്‍ മാത്രം ജയിക്കുകയുമാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ തോല്‍വി ബിജെപി സഖ്യത്തിന്റെ ജയമായി മാറുകയും ചെയ്തു. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടിന്റെ ഒരു ഭാഗം അസദുദ്ദിന്‍ ഒവൈസിയുടെ എംഐഎമ്മിന് പോയത് ഒരു കാരണമാകാം. പക്ഷേ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം അവിടെയും വ്യക്തമായിരുന്നു.
കോണ്‍ഗ്രസില്‍ ഒരു നേതൃമാറ്റം ആവശ്യമാണെന്നു വാദിച്ചു ഗുലാം നബി ആസാദ്, ദിഗ്വിജയ് സിങ്, മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍ തുടങ്ങി 23 പേര് ഒപ്പിട്ട ഒരു കത്ത് ചര്‍ച്ചാവിഷയമായിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗികനേതൃത്വം കത്തിനെ നിരാകരിച്ചു. പലരെയും എ ഐ സി സിയുടെ ഔദ്യോഗികസ്ഥാനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്തു. പാര്‍ടി പൂര്‍ണമായി ഗാന്ധികുടുംബത്തിന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു എന്ന സൂചനയായിരുന്നു അത്. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഏറ്റവും കൂടുതല്‍ ആളുകളെ സംഭാവന ചെയ്ത യു പിയില്‍ പോലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം രാഹുലിന്റേയോ പ്രിയങ്കയുടെയോ ആക്ടിവിസത്തില്‍ ഒതുങ്ങുന്നു. യുപിയിലെ ഹത്രാസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ച്ചൊല്ലി അഖിലേന്ത്യാതലത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ആക്റ്റിവിസം ഇത്തരത്തില്‍ പ്രിയങ്കയിലേക്കും രാഹുലിലേക്കും ഒതുങ്ങിപ്പോയത് നാം കണ്ടതാണ്. ഒരു പാര്‍ടിയുടെ ക്രമാനുഗതമായ തകര്‍ച്ചയുടെ ചിത്രമാണ് ഇതെല്ലാം.
മറ്റുള്ള ബൂര്‍ഷ്വാ പാര്‍ടികളെല്ലാം പ്രദേശികതലത്തില്‍ ഒതുങ്ങിപ്പോകുന്ന കാഴ്ചയാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, ലോക് ജനതാദള്‍, ടിആര്‍എസ്, ജഗ്മോഹന്റെ പാര്‍ട്ടി, തെലുഗു ദേശം, അണ്ണാ ഡിഎംകെ, ഡിഎംകെ തുടങ്ങി എല്ലാ പാര്‍ടികളും ഇപ്പോള്‍ ദേശീയ തലത്തില്‍ ഒന്നും ചെയ്യാനില്ലാത്ത പൂര്ണപ്രദേശികപാര്ടികളായി മാറിയിരിക്കുന്നു. മഹാരാഷ്ട്രയില്‍ ശിവസേന - എന്‍സിപി സഖ്യവും അതുപോലെയാണ്. ഈയിടെ ഹൈദരാബാദ് കോര്‍പറേഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടിആര്‍എസ്, എംഐഎം, ബിജെപി എന്നിവര്‍ തമ്മിലായിരുന്നു മത്സരം. മറ്റുള്ളവര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ നിരവധി രാഷ്ട്രീയ പാര്‍ടികള്‍ പ്രാദേശികതയിലേക്ക് നീങ്ങുന്നത് ഹിന്ദുത്വദേശീയതയെ ശക്തിപ്പെടുത്തുകയും അതിനു ഒരു ബദല്‍ ഇല്ലെന്ന ധാരണ വളര്‍ത്തുകയുമാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസം
ഇതിനിടയില്‍ നടക്കുന്ന മറ്റു ചില പ്രവണതകളെക്കൂടി സൂചിപ്പിക്കാതിരിക്കാന്‍ സാധ്യമല്ല. ഒന്ന് കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ വിദ്യാലയങ്ങളും പൂട്ടപ്പെട്ടിരുന്നപ്പോള് കൊണ്ടുവന്ന വിദ്യാഭ്യാസനയമാണ്. ഇതുവരെ ഇന്ത്യയിലെ വിദ്യാഭ്യാസ നയങ്ങള്‍ അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്തു പോന്ന രണ്ടു പ്രധാനമാനദണ്ഡങ്ങളെ - സൗജന്യനിര്‍ബന്ധിത വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിലെ മതനിരപേക്ഷതയുടെയും സാമൂഹ്യനീതിയുടെയും മൂല്യങ്ങളും - ഒറ്റയടിക്ക് തട്ടിത്തെറിപ്പിക്കുന്ന നയമാണ് പ്രഖ്യാപിക്കപ്പെട്ടത്. സൗജന്യനിര്ബന്ധിതവിദ്യാഭ്യാസം ഭരണഘടനാതത്ത്വമായതുകൊണ്ട് പ്രൈമറി തലത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ആറാം ക്ലാസ്സുമുതല്‍ തൊഴിലധിഷ്ഠിതവിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ വിദ്യാഭ്യാസ പദ്ധതിയില്‍ അത് വേര്‍തിരിവുണ്ടാക്കും. തുടര്‍ന്നുള്ള വിദ്യാഭ്യാസം സൗജന്യമായിരിക്കില്ലെന്നു വ്യക്തമാണ്. സംവരണം അടക്കമുള്ള സാമൂഹ്യനീതിമാനദണ്ഡങ്ങളെല്ലാം അവ്യക്തമാണെന്നു മാത്രമല്ല, അവയില്‍ സ്വകാര്യതാല്പര്യങ്ങള്ക്ക് യഥേഷ്ടം കടന്നുവരാനുള്ള സൗകര്യം ഒരുക്കുന്നുണ്ട് . മൊത്തത്തില്‍ വിദ്യാഭ്യാസത്തെ യോഗ്യതയുള്ളവരെന്നും യോഗ്യതയില്ലാത്തവരെന്നും രണ്ടു തട്ടുകളിലായി തിരിക്കുകയും കോര്‍പറേറ്റുകള്‍ നിര്‍ദേശിക്കുന്ന യോഗ്യതയുള്ളവരെ മധ്യവര്ഗതൊഴിലുകള്ക്കായും മറ്റുള്ളവരെ നൈപുണ്യമാവശ്യമില്ലാത്ത തൊഴിലുകള്‍ക്കായും വേര്‍തിരിക്കുന്ന, സാര്വത്രികതത്ത്വത്തെ പൂര്‍ണമായും നിരാകരിക്കുന്ന വിദ്യാഭ്യാസപദ്ധതിയാണ് നടപ്പിലാക്കുന്നത്. അതിനെ വിളക്കി നിര്‍ത്തുന്ന ഘടകമായി ഹിന്ദുത്വവും മാറുന്നു. കോവിഡ് കാലത്തെ പാഠ്യപദ്ധതിയുടെ ഭാഗമായി മതനിരപേക്ഷതജനാധിപത്യം മുതലായ പാഠ്യപദ്ധതി അംശങ്ങള്‍ ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളും ശ്രദ്ധിക്കണം.
ഹൈന്ദവദേശീയതയുടെ സ്വഭാവം വിളിച്ചറിയിച്ച രണ്ടു സംഭവങ്ങളും പ്രസക്തമാണ്. ഒന്ന് അയോധ്യയിലെ റാംലല്ല ക്ഷേത്രനിര്‍മാണത്തിന്റെ ഉത്ഘാടനം ഒരു കേന്ദ്ര സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റിയതാണ്. ഒരു സാധാരണ ക്ഷേത്രത്തിന്റെ സ്ഥാപനം ഒരു ദേശീയ ചടങ്ങാക്കി മാറ്റിയതോടെ ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനമാണ് നടന്നത് എന്നു പറയാം. രണ്ടാമത്തേത് പുതിയ പാര്‍ലമെന്റ് കോംപ്ലക്സ് നിര്‍മാണത്തിന്റെ പൂജ ഹൈന്ദവാചാരപ്രകാരം നടത്തിയതാണ്. ഇവ രണ്ടും ചേരുമ്പോള്‍ മുമ്പ് സൂചിപ്പിച്ച പ്രവണത ക്രമേണ സ്ഥിരീകരിക്കപ്പെടുന്നു എന്നതുതന്നെയാണ്. ലൗ ജിഹാദിന്റെ പേരില്‍ മതാധിഷ്ഠിതമല്ലാത്ത വിവാഹങ്ങള്‍ നിരോധിക്കുന്ന നിയമം യുപി സര്‍ക്കാര്‍ പാസാക്കിയത് ഇതേ പ്രവണതയുടെവ്യക്തമായ തെളിവാണ്. ഇതിന്റെ പേരില്‍ മുസ്ലിം സമുദായത്തില്‍ പെട്ട യുവതീയുവാക്കള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതുകൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ടത് ഉദാഹരണമാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ബീഫ് നിരോധിച്ചത് മറ്റൊരുദാഹരണമാണ്. ഹിന്ദുരാഷ്ട്രനിര്‍മാണം എന്ന അജന്‍ഡ നടപ്പിലാക്കുന്ന പാതയില്‍ ഭരണാധികാരികള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു. അതിനെ എതിര്‍ക്കാന്‍ പോന്ന ശക്തികള്‍ പ്രതിപക്ഷത്തു നിന്നുണ്ടായി വരുന്നില്ല എന്ന യാഥാര്‍ഥ്യവും തിരിച്ചറിയേണ്ടതുണ്ട്.
കഴിഞ്ഞ ഒരു ദശകത്തില്‍ ഒരു പാര്‍ലമെന്ററി പ്രതിപക്ഷം എന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനം ദുര്‍ബലമായിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് പ്രാതിനിധ്യമുണ്ടെങ്കിലും അതുകൊണ്ട് ഭരണതലത്തില്‍ ചെലുത്താവുന്ന സ്വാധീനം അധികമില്ല.കേരളത്തില്‍ മാത്രമാണ് സ്ഥിതി വ്യത്യസ്തമായുള്ളത്. ഇവിടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ഒരു ബദല്‍ രാഷ്ട്രീയരൂപം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇടതു പക്ഷം നടത്തുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിലും ട്രേഡ് യൂണിയന് സമരങ്ങളിലും ഇടതുപക്ഷത്തിന്റെ പങ്കു ശ്രദ്ധിക്കപ്പെട്ടതാണ്. വിദ്യാര്ഥിസമരങ്ങളിലും ഇടതുപക്ഷം മുന്‍പന്തിയിലുണ്ട്. എന്നാല്‍ മോഡി ഭരണത്തിന്റെ സ്വാധീനം അതിവേഗത്തില്‍ എല്ലാ മേഖലകളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതിനെതിരെ ഉണ്ടാകേണ്ടത് അതിശക്തമായ പ്രക്ഷോഭമാണ്. ബൂര്‍ഷ്വാ പ്രതിപക്ഷം പോലും തകരുന്ന ഇപ്പോഴത്തെ അവസ്ഥ ഇടതു പക്ഷത്തിന് വമ്പിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കാനുള്ളത്. ഇന്ത്യന്‍ രാഷ്ട്രം ക്രമേണ അമിതാധികാരഫാസിസരൂപങ്ങളിലേക്കു മാറുമ്പോള്‍ അതിനെതിരായ ജനകീയ ഐക്യമുന്നണി സൃഷ്ടിക്കേണ്ടത് ഇടതുപക്ഷത്തിന്റെ അടിയന്തിര കടമയായി മാറുകയാണ്.