കേരളം പ്രതിസന്ധികളെ അതിജീവിച്ച വര്‍ഷം
സി പി നാരായണന്
2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റിലും എല്‍ഡിഎഫ് പരാജയപ്പെട്ടതോടെ അതിന്റെ കഥ കഴിഞ്ഞെന്ന പ്രതീതി പരത്താന്‍ ചില മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിച്ചിരുന്നു. എന്നാല്‍ ഒക്ടോബറോടെ ആറ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെ യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തതോടെ മാറിയ സാഹചര്യത്തിലാണ് 2020 വര്‍ഷം കേരളത്തില്‍ പിറന്നത്.
ആ വര്‍ഷം കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡിന്റെ ബാധയുമായാണ് ആരംഭിച്ചത്. ഇന്ത്യയിലെതന്നെ ആദ്യ കോവിഡ് രോഗി കേരളത്തിലായിരുന്നു. ജനുവരി അവസാനത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് തിരിച്ചെത്തിയ ഒരു വിദ്യാര്‍ഥിക്കായിരുന്നു രോഗം ആദ്യം പിടിപെട്ടത്. വിദേശങ്ങളില്‍നിന്ന് രോഗബാധയുമായി ചിലര്‍ വന്നേക്കാമെന്നും അവരില്‍നിന്ന് രോഗം നാട്ടില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള ഭരണ സംവിധാനത്തെയും ജനങ്ങളെയും സജ്ജമാക്കേണ്ടതുണ്ട് എന്നും സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഫെബ്രുവരി ആദ്യം മുതല്‍ അതിനുള്ള നടപടികള്‍ ഊര്‍ജിതമായി ആരംഭിച്ചു. അകത്തും പുറത്തുമുള്ള വിദഗ്ധരുടെ ഉപദേശം തേടി. അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ പ്രവര്‍ത്തന പരിപാടി തയ്യാറാക്കി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ജനങ്ങളെ വിപുലമായി ബോധവല്‍ക്കരിക്കാനും സന്നദ്ധ ഭടന്മാരുടെ ശൃംഖല പഞ്ചായത്ത്-മുനിസിപ്പല്‍ തലംവരെ, പ്രളയകാലത്തെന്നപോലെ, രൂപീകരിക്കാനും നടപടികള്‍ ആരംഭിച്ചു.
ആ സന്ദര്‍ഭത്തില്‍ (ഫെബ്രുവരിയില്‍) രോഗബാധിതര്‍ കാര്യമായി കേരളത്തിലേക്ക് വന്നില്ല. അതിനാല്‍, ആദ്യം സര്‍ക്കാരിനോട് സഹകരിച്ച പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പിന്നീട് രോഗം തടയാന്‍ കര്‍ശന നടപടി വേണ്ട, ലഘൂകരണ നടപടികള്‍ മതി എന്ന് വാദിച്ചു. ഇതിനിടെയാണ് മാര്‍ച്ച് ആദ്യം ഇറ്റലിയില്‍നിന്നുവന്ന ഒരു കുടുംബം പത്തനംതിട്ട ജില്ലയില്‍ കുടുംബത്തിലടക്കം രോഗവ്യാപനം വ്യാപകമായി നടത്തി ഉല്‍ക്കണ്ഠ പരത്തിയത്. ആ സ്ഥിതിയില്‍ എസ്എസ്എല്‍സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. താമസിയാതെ പ്രധാനമന്ത്രി രാജ്യത്താകെ അടച്ചിടല്‍ പ്രഖ്യാപിച്ചു.
കേരള സര്‍ക്കാര്‍ സംസ്ഥാനത്തുള്ളവര്ക്കെല്ലാം സൗജന്യ റേഷന്‍ വിതരണത്തിന് ഉത്തരവായി. മുഖ്യമന്ത്രി അതിഥിത്തൊഴിലാളികള്‍ എന്ന് വിശേഷിപ്പിച്ച അന്യ സംസ്ഥാനത്തൊഴിലാളികള്‍ക്കും നിസ്സഹായ കുടുംബങ്ങള്‍ക്കും അശരണരായ യാചകര്‍ക്കും മറ്റും ഭക്ഷണം വിതരണംചെയ്യാന്‍ സാമൂഹ്യ അടുക്കള ഏര്‍പ്പാട് ചെയ്യുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. അതിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ സര്‍ക്കാര്‍ വിതരണംചെയ്തു. മാത്രമല്ല, അടച്ചിടലോടെ തൊഴില്‍ നഷ്ടപ്പെട്ട കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കും മറ്റും സൗജന്യ റേഷനുപുറമെ ഓരോ തുകയും നല്കി. പട്ടിണി ഒഴിവാക്കാനും സുരക്ഷിതത്വം എല്ലാവര്ക്കും ഉറപ്പാക്കാനുമുള്ള കേരള സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ ഇന്ത്യയിലാകെ സ്വാഗതംചെയ്യപ്പെട്ടു. കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുവില്‍ ഇങ്ങനെ ചെയ്തില്ല. കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ കോവിഡ്പാക്കേജില് 10 ശതമാനത്തോളം മാത്രമാണ് സാധാരണക്കാര്‍ക്ക് സഹായമായി ലഭിച്ചത്. പകുതിയിലേറെ തുക വന്‍കിട കുത്തകകള്‍ക്ക് മാത്രമായി റിസര്‍വ് ചെയ്യപ്പെട്ടു.
നികുതി വരുമാനമൊന്നും ഇല്ലാതെ കഷ്ടപ്പട്ട സര്‍ക്കാര്‍ അഞ്ചുമാസങ്ങളായി 6 ദിവസത്തെ വീതം ജീവനക്കാരുടെ വേതനം പിടിക്കാനും അത് വര്‍ഷാവസാനം തിരികെ നല്‍കാനും തീരുമാനമെടുത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തവരോട് ഒരുമാസത്തെ വേതനം സര്‍ക്കാരിന് സംഭാവനചെയ്യാന്‍ മുഖ്യമന്ത്രി ആഹ്വാനം നല്കി. ജനങ്ങള്‍ പൊതുവില്‍ ഇതിനോട് സര്‍വാത്മനാ സഹകരിച്ചു. പ്രതിപക്ഷം ഇതുമായി സഹകരിച്ചില്ല എന്നുമാത്രമല്ല, ആരെങ്കിലും തുക നല്‍കുന്നത് തടയുന്ന നടപടികൂടി കൈക്കൊണ്ടു. ശമ്പളത്തില്‍നിന്ന് താല്‍ക്കാലികമായി തുക പിടിക്കുന്നതിനെതിരെ ഒരു വിഭാഗം ജീവനക്കാരെക്കൊണ്ട് കേസ് കൊടുപ്പിച്ചു. കോവിഡിനെ നേരിടുന്ന കാര്യത്തില്‍വരെ സര്‍ക്കാരിന് തടസ്സമുണ്ടാക്കുക എന്ന നിലപാടിലേക്ക് യുഡിഎഫും ബിജെപിയും നീങ്ങി. എങ്കിലും ജനങ്ങള്‍ പൊതുവില്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ സഹകരിച്ചു. കാരണം കോവിഡ് രോഗബാധിതര്‍ക്കു മുഴുവന്‍ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കുകയായിരുന്നു. കേരളത്തില്‍ മാത്രമാണ് അങ്ങനെ ചെയ്തത്. ഇതൊക്കെയായിട്ടും സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാനല്ല പ്രതിപക്ഷം പൊതുവില്‍ ശ്രമിച്ചത്.
ഇക്കാര്യത്തില്‍ മാത്രമായിരുന്നില്ല അവരുടെ എതിര്‍പ്പ്. സര്ക്കാര്ചെയ്യുന്നതെല്ലാം അഴിമതിയാണെന്ന് ആക്ഷേപിക്കുന്ന പ്രവണത ആരംഭിച്ചു. കോവിഡ് മഹാമാരി സംബന്ധിച്ച ഡാറ്റ ശേഖരിച്ച് കൈകാര്യംചെയ്യാന്‍ ഏറെ സഹായകമായ സ്പ്രിങ്ക്ളര്‍ എന്ന ഒരു ആപ്പ് അമേരിക്കയിലുള്ള ഒരു മലയാളിയുടേതായി ഉണ്ട്. 6 മാസക്കാലം അത് സൗജന്യമായി ഉപയോഗിക്കാന്‍ ആ കമ്പനി സഹായംചെയ്തു. സര്‍ക്കാര്‍ അത് സ്വീകരിച്ചു. അത് വലിയ അഴിമതിയാണെന്നായി പ്രതിപക്ഷം. കേസിന് പോയെങ്കിലും കോടതി സര്‍ക്കാരിനെ തടഞ്ഞില്ല. ഇതിനുപിന്നാലെയാണ് ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്കുവന്ന നയതന്ത്രപാക്കില് വ്യാജമായി കടത്തിയ സ്വര്‍ണം പിടിച്ചത്. അത് അയച്ചവരെയും ഇവിടെ സ്വീകരിച്ചവരെയുംകുറിച്ച് എന്‍ഐഎ അന്വേഷിച്ച് ചിലരെ പിടിച്ചെങ്കിലും, പ്രതിപക്ഷത്തിന് താല്പര്യം ആ കുറ്റം മുഖ്യമന്ത്രിയുടെ ഓഫീസിന്റെമേല് ചാര്‍ത്താനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടികൂടിയ ബിജെപിക്കാരായ സന്ദീപ്നായരെയും അനില്നമ്പ്യാരെയും മറ്റും കേന്ദ്രസര്‍ക്കാര്‍ തഞ്ചത്തില്‍ കുറ്റവിമുക്തരാക്കാന്‍ നടപടികളെടുത്തു. യുഡിഎഫുകാരെ ജയില്മോചിതരാകാനും അവര്‍ സഹായിച്ചു. ഇതിനിടെ ജൂണില്‍ അധ്യയനവര്‍ഷം ആരംഭിച്ചപ്പോള്‍ വിദ്യാലയങ്ങള്‍ തുറന്നില്ല. പകരം ഓണ്‍ലൈനായി ക്ലാസുകള്‍ ഏര്‍പ്പെടുത്തി. രണ്ടുലക്ഷത്തോളം കുട്ടികള്‍ക്ക് വീട്ടില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തി. അവര്‍ക്ക് സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഉദാരമതികളും ചേര്‍ന്ന് ആ സൗകര്യമുണ്ടാക്കി. കേരളത്തിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ രാജ്യത്തിന് മാതൃകയായി.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാനസര്‍ക്കാരിനെയും മുഖ്യമന്ത്രിയെയുംകുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്കായില്ല. ബിജെപി നേതാവായ ഒ രാജഗോപാല്‍ പറഞ്ഞത് സത്യമാണ്. പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നപ്പോള്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കാകെ വികസനം നല്കി. സൗജന്യറേഷന്, 60 ലക്ഷത്തിലധികം പേര്‍ക്ക് ക്ഷേമ-സാമൂഹ്യ പെന്ഷന് മുതലായ ആനുകൂല്യങ്ങളും മൂന്നു ലക്ഷത്തോളം വീടില്ലാത്തവര്‍ക്ക് വീടുകളും നല്കി; വിദ്യാഭ്യാസം, ആരോഗ്യം, കൃഷി മുതലായ മേഖലകളില്‍ വികസനം കൊണ്ടുവന്നു. എല്ലാവര്ക്കും കാണാവുന്ന രീതിയില്‍.
യുഡിഎഫ് മുസ്ലീംലീഗിന്റെ നിര്‍ബന്ധത്തിനോ പ്രേരണയ്ക്കോ വഴങ്ങി വെല്‍ഫെയര്‍ പാര്‍ടിയുമായി കൂട്ടുകൂടിയത് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചില്ല. എന്നാല്‍ കെപിസിസി നേതൃത്വം കേന്ദ്ര നിര്‍ദേശം അവഗണിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം പ്രകടമായി. ഈ തീരുമാനത്തില്‍ കോണ്‍ഗ്രസും യുഡിഎഫും എത്തിയത് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന എല്‍ജെഡിയെയും മാണി കേരളയിലെ ജോസ് കെ മാണി വിഭാഗത്തെയും നഷ്ടപ്പെട്ടതോടെയാണ്. എല്‍ഡിഎഫിനോടുള്ള അന്ധമായ എതിര്‍പ്പും ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വിജയവും അവര്‍ക്ക് സ്ഥലകാല ബോധങ്ങള്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കി. മേല്പറഞ്ഞ പാര്‍ടികള്‍ കൂട്ടുചേരുകയും സംസ്ഥാനസര്‍ക്കാര്‍ ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തത് എല്‍ഡിഎഫിനുള്ള ജനപിന്തുണ ഗണ്യമായി വര്‍ധിപ്പിച്ചു.
കോവിഡ്ബാധയെ നിയന്ത്രിച്ചുനിര്‍ത്താനും തന്മൂലമുള്ള മരണനിരക്ക് ഇന്ത്യന്‍ ശരാശരിയേക്കാള്‍ വളരെ കുറച്ചുനിര്ത്താനും കേരളത്തിനായി. കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 7 ലക്ഷം കവിഞ്ഞുനില്ക്കുമ്പോഴും ഇതാണ് സ്ഥിതി. കോവിഡ് രോഗികളുടെ ചികിത്സാചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്ന സ്ഥിതി കേരളത്തിലല്ലാതെ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തിലുമില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളിലൊഴിച്ച് ലോകത്താകെയും എവിടെയുമില്ല എന്നുതന്നെ പറയാം.
കോവിഡ്ബാധമൂലം ഇന്ത്യയില്‍ മറ്റ് മിക്ക സംസ്ഥാനങ്ങളിലും നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങളാകെ നിലച്ചിരുന്നു. ഇവിടെ കൃഷി (വീട്ടുപറമ്പിലെ പച്ചക്കറി കൃഷി ഉള്‍പ്പെടെ) ഈ വര്‍ഷം തഴച്ചുവളര്‍ന്നു. മാത്രമല്ല, സര്‍ക്കാര്‍ പല പദ്ധതികളും ആരംഭിക്കുകയും നിലവിലുള്ളവ തുടരുകയും ചെയ്തു. സംസ്ഥാന സമ്പദ്വ്യവസ്ഥയെ കുറച്ചെങ്കിലും ചലിപ്പിക്കാന്‍ ഇത് സഹായിച്ചു. നിരവധിപേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന് ഇത് ഇടയാക്കി. ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ എല്ലാ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് വിതരണംചെയ്തു. മുഖ്യമന്ത്രി നൂറുദിനങ്ങള്ക്കകം നടപ്പാക്കുന്ന 100 പദ്ധതികള്‍ പ്രഖ്യാപിച്ചു. 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുക അതിന്റെ ലക്ഷ്യമായിരുന്നു. അവ നടപ്പാക്കപ്പെട്ടപ്പോള്‍ അവസാനം ഒരു ലക്ഷത്തോളം പേര്‍ക്ക് ആ പദ്ധതികള്‍വഴി തൊഴില്‍ ലഭിക്കുന്ന സ്ഥിതിയുണ്ടായി.
എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഒരു വികസനവും നടപ്പാക്കിയില്ല, ജനങ്ങള്‍ക്ക് ഒരു ആശ്വാസവും പകര്‍ന്നില്ല, അഴിമതിചെയ്യുക മാത്രമാണ് ഉണ്ടായത് എന്ന് യുഡിഎഫും ബിജെപിയും ദിവസേന പത്രസമ്മേളനം നടത്തി പ്രചരിപ്പിച്ചു. അവയുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങള്‍ പ്രതിപക്ഷങ്ങളെ കടത്തിവെട്ടുന്ന രീതിയില്‍ വ്യാജവാര്‍ത്തകളും കഥകളും മെനഞ്ഞുണ്ടാക്കി പ്രചരിപ്പിച്ചു. തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് മുമ്പൊരിക്കലും ഇല്ലാത്തതോതില് ജില്ല, ബ്ലോക്ക് പഞ്ചായത്തുകള്‍, കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയമുണ്ടായി. ഗ്രാമ പഞ്ചായത്തുകളിലും നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ബിജെപിക്ക് അവര്‍ അവകാശപ്പെട്ട രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞില്ല.
യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായി. രണ്ട് ജില്ലാ പഞ്ചായത്തുകളിലും ഒരു കോര്‍പറേഷനിലും മാത്രമാണ് അതിന് ജയിക്കാന്‍ കഴിഞ്ഞത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് ഏറെ പിറകോട്ടുപോയി. ഫലം പുറത്തുവന്നയുടന്‍ യുഡിഎഫ് കൊണ്ടുകയറി, എല്‍ഡിഎഫ് പിന്നോട്ടടിച്ചു എന്നു പ്രചരിപ്പിച്ച മാധ്യമങ്ങള്‍തന്നെ ആ പ്രചരണം തിരുത്താന്‍ നിലവിലിരുന്ന സ്ഥലങ്ങളില്‍ അന്നുതന്നെ നിര്‍ബന്ധിതരായി.
എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ക്കാണ് വലിയ തിരിച്ചടിയുണ്ടായത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത നീക്കത്തെ സംസ്ഥാനത്തെ പ്രബുദ്ധരായ ജനങ്ങള്‍തന്നെ പരാജയപ്പെടുത്തി. അതിന് പ്രധാന കാരണം എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്കായി ഏറെ നല്ലകാര്യങ്ങള്‍ ചെയ്തു എന്ന ജനങ്ങളുടെ ബോധ്യമായിരുന്നു. ജനങ്ങള്‍ക്ക് നല്ലതുചെയ്താല്‍ അവര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫിന്റെ ഈ അനുഭവം വ്യക്തമാക്കുന്നു.
അവര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. മോഡി നയിക്കുന്ന ബിജെപി സര്‍ക്കാരും അതിന് യഥാര്‍ഥത്തില്‍ നേതൃത്വം നല്കുന്ന ആര്‍എസ്എസും രാജ്യത്ത് വര്‍ഗീയത നഗ്നമായി നടപ്പാക്കുകയാണെന്നും തൊഴിലാളികളും കൃഷിക്കാരും ഉള്‍പ്പെടെയുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച് അവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ് എന്നും ജനങ്ങള്‍ പൊതുവില്‍ മനസ്സിലാക്കുന്നു. മതനിരപേക്ഷതയെയും മതമൈത്രിയെയും ഏറെക്കാലമായി പോറ്റിവളര്‍ത്തിയ നാടാണ് കേരളം. ജാതീയവും മതപരവുമായ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ നേരവകാശികളുമാണ്.
കേരളത്തിലെ മതന്യൂനപക്ഷങ്ങളും പലതരത്തിലുള്ള വിവേചനങ്ങള്‍ വര്‍ധിച്ചതോതില്‍ നേരിടുന്ന പിന്നോക്ക വിഭാഗങ്ങളും സ്ത്രീകളും ചേര്‍ന്നാല്‍ സമൂഹത്തില്‍ മഹാഭൂരിപക്ഷമായി. അവരാകെ ഇന്ന് അസ്വസ്ഥരാണ്.
രണ്ടു മുനിസിപ്പാലിറ്റികളിലും 10 ഗ്രാമപഞ്ചായത്തുകളിലുമാണ് ബിജെപി ഭൂരിപക്ഷം നേടിയത്. എന്നിട്ടും പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഭൂരിപക്ഷം ലഭിച്ചതിനെതുടര്‍ന്ന് അവര്‍ ആഘോഷിച്ചത് മുനിസിപ്പല്‍ ഓഫീസിനുമുന്നില്‍ ജയശ്രീറാം ബാനര്‍ കെട്ടിയായിരുന്നു. മുനിസിപ്പല്‍ ഓഫീസ് സര്‍ക്കാര്‍ ഓഫീസുകള്പോലെ മതനിരപേക്ഷതയുടെ കേന്ദ്രമാണ്. ഒരുതവണ അതില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ അതിനെ മതാഘോഷ കേന്ദ്രമാക്കുന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ്. അക്കാരണത്താല്‍ കേരളത്തിലെ ജനസാമാന്യം, വിശേഷിച്ച് ന്യൂനപക്ഷങ്ങളും മറ്റും, ബിജെപിയുടെ ഈ നീക്കത്തില്‍ ആശങ്കാകുലരാണ്. വടക്കേ ഇന്ത്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നേതൃത്വം നല്കിയതുപോലുള്ള നടപടികളാണ് ഇത്തരം മുഠാളത്തത്തിന് പ്രേരണ.
2020 വര്‍ഷം രണ്ടുതരത്തില്‍ രാജ്യത്തും ഈ സംസ്ഥാനത്തും ഉള്ളവര്‍ക്ക് ഉല്‍ക്കണ്ഠയും ഭയവും ഉളവാക്കുന്നു. ഒരു കാരണം കോവിഡാണ്. മറ്റൊന്ന് കേന്ദ്ര ഭരണകക്ഷി പ്രോത്സാഹിപ്പിക്കുന്ന വര്‍ഗീയതയും കുത്തക പ്രീണനവുമാണ്. രണ്ടിന്റെയും ദോഷഫലങ്ങള്‍ ഇന്ത്യയിലാകെ ജനങ്ങള്‍ അനുഭവിക്കുന്നു. കേരളത്തില്‍ ഈ വിപത്തില്‍നിന്നും ഭീഷണിയില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സദാ ജാഗ്രതപാലിക്കുന്നു. അതുകൊണ്ടാണ് വര്‍ഗീയതയുടെയും കോവിഡിന്റെയും ദോഷഫലങ്ങള്‍ ഇവിടെ അത്ര പ്രകടമല്ലാത്തത്.
ഇതിനെതിരെ ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, സാഹോദര്യം എന്നവയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ബിജെപിയുമായാണ് കൂട്ടുകൂടുന്നത്. ഇത് സംസ്ഥാന രാഷ്ട്രീയത്തെ കലുഷമാക്കുന്നു. 45 ശതമാനത്തിലധികം വരുന്ന ന്യൂനപക്ഷങ്ങളെയും 24 ശതമാനം വരുന്ന പട്ടികവിഭാഗങ്ങളെയും ഉല്‍ക്കണ്ഠപ്പെടുത്തുന്നു.
വര്‍ഗീയതയെയും കുത്തകകളെയും പ്രീണിപ്പിക്കുന്ന നയം പിന്തുടരുന്ന മോഡി സര്‍ക്കാരിന്റെയും ബിജെപിയുടെയും നടപടികളെയും നീക്കങ്ങളെയും തുറന്നുകാണിക്കുകയും ചെറുത്തു തോല്പിക്കുകയും ചെയ്യാന്‍ അധ്വാനിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും വിശാലമായ സഖ്യം ആവശ്യമാണെന്ന് കാലവും സമൂഹവും ആവശ്യപ്പെടുന്നു: ആശ്വാസത്തിന്റെയും ക്ഷേമത്തിന്റെയും വികസനത്തിന്റെയും പരിപാടികള്‍ നടപ്പാക്കി ജനക്ഷേമം ഉറപ്പുവരുത്തുന്ന പിണറായി വിജയന് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയ വൈജയന്തി കുറിക്കുന്നു 2020.