രാജസ്താനിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ ദളിത് വിരുദ്ധതയ്ക്കേറ്റ തിരിച്ചടി

ഗിരീഷ് ചേനപ്പാടി

രാജസ്താനില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റിട്ട് രണ്ടുവര്‍ഷം പിന്നിട്ട വേളയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി പഞ്ചായത്തുസമിതികളിലേക്കും ജില്ലാ പഞ്ചായത്തു വാര്‍ഡുകളിലേക്കും നഗരസഭാ കൗണ്‍സിലുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 
പഞ്ചായത്തു സമിതികളില്‍ ആകെ 4371 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് 1852 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 1989 എണ്ണം നേടി. 439 സീറ്റുകളില്‍ വിജയിച്ചത് സ്വതന്ത്രരാണ്. ബിജെപിയുടെ സഖ്യകക്ഷിയായ ആര്‍എല്‍പിക്ക് 60 സീറ്റുകള്‍ ലഭിച്ചു. 
ഹിന്ദിഹൃദയഭൂമിയായ രാജസ്താനില്‍ 26 പഞ്ചായത്തു സീറ്റുകളില്‍ വിജയിച്ച സിപിഐ എം തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചത്. ഭന്ദ്ര പഞ്ചായത്ത് സമിതിയില്‍ 10 സീറ്റുകള്‍ സിപിഐ എമ്മിന് ലഭിച്ചു. ദോദ്-6, ദുല്‍ഗഡ് 4, നോഹര്‍ 3, ദന്നാരംഗഢ് 2, പന്‍സാന 1 എന്നിങ്ങനെയാണ് സിപിഐ എം വെന്നിക്കൊടി പാറിച്ച സീറ്റുകള്‍. ബിഎസ്പിക്ക് 5 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. 
21 ജില്ലാ പരിഷത്തുകളിലായി ആകെ 636 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്ു നടന്നത്. കോണ്‍ഗ്രസിന് 252 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 353 എണ്ണം കിട്ടി. 18 സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചപ്പോള്‍ 10 എണ്ണത്തില്‍ ആര്‍എല്‍പിയാണ് ജയിച്ചത്. 21 ജില്ലാ പരിഷത്തുകളില്‍ 5 ഇടത്തേ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നേടാനായുള്ളൂ. 13 ഇടങ്ങളില്‍ ബിജെപിയാണ് ഭരണം കയ്യാളുക. ഒന്നില്‍ ബിജെപിക്കും സഖ്യകക്ഷിയായ ആര്‍എല്‍പിക്കുംകൂടി ഭൂരിപക്ഷമുണ്ട്. 
കോണ്‍ഗ്രസ്-ബിജെപി സഖ്യം
കോണ്‍ഗ്രസിന്‍റെ പിന്നോക്ക വിരുദ്ധതയുടെയും സവര്‍ണ പക്ഷപാതിത്വത്തിന്‍റെയും വികൃതമുഖമാണ് ദങ്കര്‍പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അവര്‍ പ്രകടമാക്കിയത്. ഇവിടെ ആകെ 27 സീറ്റുകളാണുള്ളത്. അതില്‍ 13 ഇടങ്ങളില്‍ വിജയിച്ചത് ഭാരതീയ ട്രൈബല്‍ പാര്‍ടി (ബിടിപി) ആണ്. ബിജെപിക്ക് 8 ഇടത്തും കോണ്‍ഗ്രസിന് 6 സീറ്റുകളിലുമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശരിക്കും തനിനിറം കാട്ടി. ബിടിപി സ്ഥാനാര്‍ഥി പാര്‍വതി ദോത 13 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് അവരുടെ 6 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിക്ക് നല്‍കി. അങ്ങനെ ബിജെപിയിലെ സൂര്യ അഗാഡി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 
ആദിവാസി വിഭാഗത്തിന്‍റെ രാഷ്ട്രീയ പാര്‍ടിയാണ് ബിടിപി. ആദിവാസി വിഭാഗത്തില്‍ നിന്നൊരാള്‍ പ്രസിഡന്‍റ് സ്ഥാനത്തെത്താതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കി. അതായത് ബിജെപി സ്ഥാനാര്‍ഥിയെ വാശിയോടെ ജയിപ്പിച്ച് ആദിവാസി വിഭാഗത്തില്‍ നിന്നൊരാള്‍ തിരഞ്ഞെടുക്കപ്പെടുന്നത് കോണ്‍ഗ്രസ് ഒഴിവാക്കുകയായിരുന്നു. 6 അംഗങ്ങളുള്ള കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയോ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ ഫലം ബിടിപി സ്ഥാനാര്‍ഥിക്ക് അനുകൂലമാകുമായിരുന്നു. 
കോണ്‍ഗ്രസിന്‍റെ ഈ ബിജെപി പ്രണയത്തിനുപിന്നില്‍ ആദിവാസി, ദളിത്, പിന്നോക്ക വിരുദ്ധതയാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. രാജസ്താന്‍ നിയമസഭയില്‍ ബിടിപിക്ക് 2 സാമാജികര്‍ ഉണ്ട്. അവര്‍ കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കിയിരുന്നത്. കോണ്‍ഗ്രസിന്‍റെ കുതികാല്‍വെട്ടലില്‍ പ്രതിഷേധിച്ച് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബിടിപി പിന്‍വലിച്ചിരിക്കുകയാണ്. നേരിയ ഭൂരിപക്ഷത്തില്‍ അശോക് ഗെലോട്ട് മന്ത്രിസഭ നിലനില്‍ക്കുമ്പോഴാണ് രണ്ടു കയ്യുംവിട്ടുള്ള കോണ്‍ഗ്രസിന്‍റെ ഈ കളി. 
നഗരസഭാ തിരഞ്ഞെടുപ്പ്
പഞ്ചായത്തു സമിതികളിലേക്കും ജില്ലാപരിഷത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായ കോണ്‍ഗ്രസിന് നഗരസഭാ തിരഞ്ഞെടുപ്പ് ആശ്വാസം നല്‍കുന്നുണ്ട്. ആകെയുള്ള 1775 നഗരസഭാ കൗണ്‍സില്‍ സീറ്റുകളില്‍ 620 എണ്ണം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ബിജെപിക്ക് 548 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 595 സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. ബിഎസ്പിക്ക് 7 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിപിഐ എമ്മിനും സിപിഐക്കും 2 സീറ്റുകള്‍ വീതം ലഭിച്ചു. 
ആകെ 50 നഗരസഭാ കൗണ്‍സിലുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. സ്വതന്ത്രര്‍ പല സ്ഥലങ്ങളിലെയും വിജയ പരാജയങ്ങള്‍ നിശ്ചയിക്കുന്ന അവസ്ഥയാണുള്ളത്. സ്വതന്ത്രരില്‍ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും റിബലുകളാണ് കൂടുതലും.
സ്വതന്ത്രരെ ചാക്കിടാന്‍ കോണ്‍ഗ്രസും ബിജെപിയും പണവുമായി ഓടി നടക്കുകയാണ്. ഡിസംബര്‍ 20ന് ചെയര്‍പേഴ്സണ്‍മാരെയും 21ന് വൈസ് ചെയര്‍പേഴ്സണ്‍മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷന്‍ നടക്കും. അതിനുമുമ്പായി പരമാവധി സ്വതന്ത്രരെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. പണക്കൊഴുപ്പ് ബിജെപിക്കായതിനാല്‍ അവരാണ് കുതിരക്കച്ചവടത്തിനുള്ള ഓട്ടത്തില്‍ അല്‍പം മുമ്പില്‍. എങ്കിലും 21-ാം തീയതി കഴിഞ്ഞേ യഥാര്‍ഥ ചിത്രം വെളിവാകു. 
2018 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 200 അംഗ രാജസ്താന്‍ നിയമസഭയില്‍ 100 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാള്‍ 1 സീറ്റ് കുറവ്. ബിജെപിക്ക് 73 സീറ്റുകളേ ലഭിച്ചുള്ളൂ. ബിഎസ്പിക്ക് 6 ഇടത്ത് ജയിക്കാന്‍ കഴിഞ്ഞു. സിപിഐ എം 2 സീറ്റുകളില്‍ വിജയിച്ചു. മറ്റുള്ളവരും സ്വതന്ത്രരുമാണ് ബാക്കി സീറ്റുകളില്‍ വിജയിച്ചത്. 
കേവല ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസ് അടുത്തയിടെ വലിയ ഒരു പിളര്‍പ്പില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതേയുള്ളു. സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ കലാപക്കൊടി വളരെ പാടുപെട്ടാണ് കോണ്‍ഗ്രസ് ഒതുക്കിയത്. ബിജെപിക്ക് ഇവിടെ 73 സീറ്റുകളേയുള്ളു. പ്രധാനപ്പെട്ട പാര്‍ടികളൊന്നും അവരെ പിന്തുണയ്ക്കാന്‍ തയ്യാറുമല്ല. കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്കെടുക്കാനുള്ള ശ്രമം മധ്യപ്രദേശിലേതുപോലെ വിജയിച്ചില്ല. 
മറ്റു രാഷ്ട്രീയ പാര്‍ടികളുടെ പിന്തുണ ആവശ്യമാണെന്നും അതിനായി യാഥാര്‍ഥ്യബോധത്തോടെ വിട്ടുവീഴ്ചകളും മഹാമനസ്കതയും പ്രകടിപ്പിക്കേണ്ടതുണ്ട് എന്നുമുള്ള വിവേകം ഇനിയും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി തുടങ്ങിയ പാര്‍ടികളുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായിരുന്നെങ്കില്‍ ബിജെപിക്ക് അതിശക്തമായ പ്രഹരം നല്‍കാന്‍ കഴിയുമായിരുന്നു. അതിമോഹവും മുട്ടാപ്പോക്കും മുഖമുദ്രയാക്കിയ ആ പാര്‍ടി അതിനുള്ള അവസരം കളഞ്ഞുകുളിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കാര്യമായ ഒരു ശ്രമവും കോണ്‍ഗ്രസ് പക്ഷത്തുനിന്നുണ്ടായില്ല. ഭരണവിരുദ്ധ വികാരത്തിനൊപ്പം കോണ്‍ഗ്രസിന്‍റെ പരാജയത്തിന് അതും പ്രധാനപ്പെട്ട ഒരു കാരണമാണ്.