ട്രേഡ് യൂണിയനുകളിലെ പാര്‍ടി പ്രവര്‍ത്തനം -1952

പീപ്പിള്‍സ് ഡെമോക്രസി

രൂപീകരണത്തിനുശേഷം ആദ്യമായി കമ്യൂണിസ്റ്റുപാര്‍ടി നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന് ട്രേഡ് യൂണിയന്‍ മുന്നണിയില്‍ (പ്രധാനമായും എഐടിയുസി, മറ്റു ട്രേഡ് യൂണിയനുകളിലും ചിലര്‍ പ്രവര്‍ത്തിച്ചിരുന്നു) പ്രവര്‍ത്തിക്കുന്ന പാര്‍ടി കാഡര്‍മാരുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. 1952ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന ഈ ദ്വിദിന കണ്‍വെന്‍ഷനില്‍ മുന്നൂറോളം സഖാക്കള്‍ പങ്കെടുത്തു; തൊഴിലാളികളുടെ പ്രശ്നങ്ങളോടുള്ള പാര്‍ടിയുടെ സമീപനവും ട്രേഡ്യൂണിയന്‍ മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട രീതികളും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു; തീരുമാനങ്ങളുമെടുത്തു; ചില നിര്‍ദേശങ്ങള്‍ നല്‍കുകയുമുണ്ടായി. കണ്‍വെന്‍ഷന്‍ അംഗീകരിച്ച രേഖയില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
"നമ്മുടെ സമരങ്ങളുടെയും നേട്ടങ്ങളുടെയും ചെറിയൊരു രൂപരേഖയെക്കുറിച്ചെങ്കിലും നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കണം; അങ്ങനെ ആയാല്‍ മാത്രമെ ഈ പ്രവര്‍ത്തകര്‍ക്ക് തൊഴിലാളികളോട് വിജയത്തെക്കുറിച്ചും വര്‍ഗബോധത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചുമെല്ലാമുള്ള കാഴ്ചപ്പാട് വിശദീകരിക്കാന്‍ കഴിയൂ; ഇപ്പോഴത്തെ സമരങ്ങളില്‍ സഹായിക്കാനും കഴിഞ്ഞകാല അനുഭവങ്ങളിലേക്ക് അവരുടെ ശ്രദ്ധക്ഷണിക്കാനും അങ്ങനെയെങ്കിലേ കഴിയൂ... നമ്മുടെ ശത്രുക്കള്‍ നമ്മുടെ ചരിത്രത്തെത്തന്നെ വളച്ചൊടിക്കുകയാണ്; തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ വളച്ചൊടിക്കലുകളെ ചെറുത്തു തോല്‍പിക്കാന്‍ നമുക്ക് പ്രാപ്തിയുണ്ടാകണം. 
"നമ്മുടെ തൊഴിലാളികള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കായുള്ള വിപണികളെക്കുറിച്ചും അവിടങ്ങളിലെ വിലകളെക്കുറിച്ചും അവയുടെ ഉയര്‍ച്ച-താഴ്ചകളുടെ കാരണങ്ങളെക്കുറിച്ചും നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കണം. ഗവണ്‍മെന്‍റും ബൂര്‍ഷ്വാസിയും ഉയര്‍ന്ന വിലയുണ്ടാകുന്നതിന്‍റെ കാരണം തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലികൊടുക്കേണ്ടതായി വരുന്നതാണെന്ന് ആരോപിച്ചുകൊണ്ട് തൊഴിലാളികള്‍ക്കെതിരെ ഉപഭോക്താക്കളായ പൊതുജനങ്ങളെ തിരിച്ചുവിടാനും പട്ടണങ്ങളിലെ തൊഴിലാളിവര്‍ഗവും നാട്ടിന്‍പുറങ്ങളിലെ കര്‍ഷകജനസാമാന്യവും തമ്മില്‍ ശത്രുത സൃഷ്ടിക്കാനും ശ്രമിക്കുകയാണ്. 
"നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന യൂണിയനുകളിലെ തൊഴിലിന്‍റെ സാങ്കേതികവിദ്യ സംബന്ധിച്ച അടിസ്ഥാന പാഠങ്ങളെങ്കിലും അറിഞ്ഞിരിക്കണം; അങ്ങനെയായാല്‍ അവര്‍ക്ക് തൊഴിലാളികളുടെ കൂലിയുടെയും ജോലിഭാരത്തിന്‍റെയും ജോലി ത്വരിതപ്പെടുത്തലിന്‍റെയും പീസ്റേറ്റിന്‍റെയും മറ്റും പ്രശ്നങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാനും കൃത്യതയോടെ ആ തൊഴിലാളികളെ പ്രതിനിധാനംചെയ്യാനും കഴിയും. ആ തൊഴിലില്‍തന്നെയുള്ള തൊഴിലാളിയാണ് ഇക്കാര്യത്തിലെ മികച്ച അധ്യാപകന്‍. തൊഴിലാളികളില്‍നിന്ന് പഠിക്കുന്ന കാര്യത്തില്‍ നാം അവഗണന പുലര്‍ത്താന്‍ പാടില്ല. 
"നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ വ്യാവസായിക കാര്യങ്ങളെക്കുറിച്ചുള്ള നിയമങ്ങള്‍ പ്രയോഗിക്കുന്നതു സംബന്ധിച്ച് ഗൗരവപൂര്‍വം ശ്രദ്ധചെലുത്തണം. എല്ലാ നിയമങ്ങളെയും തൊഴിലാളിവര്‍ഗത്തിനുനേരെയുള്ള ആക്രമണങ്ങളായി കണക്കാക്കുന്ന ഒരു പ്രവണതയുണ്ട്; അങ്ങനെ കണക്കാക്കുന്നതിനാല്‍ പൊതുവായ രൂപത്തില്‍ അവയെ ചെറുക്കുകയെന്നല്ലാതെ മറ്റൊരു ശ്രദ്ധയും ചെലുത്തേണ്ടതില്ലെന്ന പ്രവണതയുമുണ്ട്. എന്നാല്‍ രണ്ടുകൂട്ടം നിയമങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കപ്പെടുകയാണ്. അതിലൊന്ന് നമ്മുടേതായ ഒരു നേട്ടമാണ്; അവ യാഥാര്‍ഥ്യമാക്കണമെന്നും പ്രയോഗത്തിലാക്കണമെന്നും ആവശ്യപ്പെടുകയും അതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യേണ്ടത് ട്രേഡ്യൂണിയനുകളുടെ കടമയാണ്. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്കെതിരായ നിയമങ്ങള്‍ക്കെതിരെ സമരം സംഘടിപ്പിച്ചുകൊണ്ടായിരിക്കണം നാം ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കേണ്ടത്. 
"നമ്മുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ സാമൂഹിക സേവന സംഘടനകളെയും സഹകരണ സംഘങ്ങളെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും തൊഴിലാളിവര്‍ഗത്തിന്‍റെ സാംസ്കാരികാവശ്യങ്ങളെയും അവഗണിക്കാന്‍ പാടില്ല. ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളെയും പരിഷ്കരണവാദപരമെന്ന് മുദ്രകുത്താനുള്ള ഒരു പ്രവണതയുണ്ട്. അതിപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. നല്ല വിനോദ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതും തൊഴിലാളികള്‍ക്ക് മികച്ച സാംസ്കാരിക വിദ്യാഭ്യാസം നല്‍കേണ്ടതും ട്രേഡ് യൂണിയനുകളുടെ കടമയാണ്. നമ്മുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തന്‍റെ യൂണിയനിലെയും തൊഴിലിലെയും തൊഴിലാളികളുടെ ജാതിയും ദേശീയഘടനയും അവരുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതത്തോടുള്ള അവരുടെ സമീപനവുമെല്ലാം അറിഞ്ഞിരിക്കണം; ജാതിയുടെയും സമുദായത്തിന്‍റെയും ഗോത്രത്തിന്‍റെയും ഭാഷാ ദേശീയതയുടെയും സങ്കല്‍പനങ്ങള്‍ സംബന്ധിച്ച് ബൂര്‍ഷ്വാസി ഉയര്‍ത്തിവിടുന്ന ശത്രുതയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.
"മുതലാളിത്തത്തിന്‍റെ പല്‍ച്ചക്രത്തിനുകീഴില്‍ വ്യവസായത്തിലേക്ക് കടന്നുവരുന്ന തൊഴിലാളി അവനോടൊപ്പം തന്‍റെ ഗോത്രം, ജാതി, ഗ്രാമം, മതം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളും പാരമ്പര്യങ്ങളും വിശ്വാസങ്ങളുമെല്ലാം കൊണ്ടുവരുന്നുണ്ട്. വര്‍ഗപരമായ പുതിയ സൗഹൃദവും ഐക്യദാര്‍ഢ്യവും അവനെ പക്വതയുള്ളവനാക്കാന്‍ കുറെയേറെ സമയമെടുക്കും. വാസ്തവത്തില്‍ പലപ്പോഴും ജാതീയമോ ഗ്രാമവുമായി ബന്ധപ്പെട്ടതോ ദേശീയമോ ആയ കെട്ടുപാടുകള്‍ രോഗം, കുടുംബപരമായ ബുദ്ധിമുട്ടുകള്‍, അത്തരം മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കെല്ലാമുള്ള സംരക്ഷണമെന്ന നിലയില്‍ അവനില്‍ നിലനില്‍ക്കും. തന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യൂണിയനെ സമീപിക്കണം എന്ന് അവന് പഠിക്കാന്‍ കഴിയുന്നതിനുമുമ്പ് അവന്‍ തന്‍റെ ജമാഅത്തിലേക്കായിരിക്കും ആദ്യം തിരിയുന്നത്. അവന്‍റെ ഈ ബന്ധങ്ങളെ വിലയിരുത്താന്‍ നാം പഠിക്കണം. തന്‍റെ വര്‍ഗപരമായ പുതിയ ആവശ്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഉപരിയായി അവര്‍ പോകുന്നത് എങ്ങനെ തടയാമെന്നും നാം പഠിക്കണം. ചൂഷകന്‍ ജാതിക്കും ഗോത്രത്തിനും  ദേശത്തിനും മതത്തിനുമെല്ലാം അതീതനായി നില്‍ക്കുമ്പോള്‍ ചൂഷിതന്‍ എന്ന നിലയില്‍ തൊഴിലാളിയുടെ വര്‍ഗപരമായ കാഴ്ചപ്പാടും സൗഹൃദവും ഐക്യദാര്‍ഢ്യവും ട്രേഡ്യൂണിയന്‍ ഐക്യവും കെട്ടിപ്പടുക്കുന്നതിനായി തൊഴിലാളിയിലെ ജാതി - ദേശീയത - ഗോത്ര - വികാരങ്ങളെയെല്ലാം കടിഞ്ഞാണിടണം.
"സ്ത്രീകള്‍ക്കുമേല്‍ തൊഴിലാളികള്‍ എന്ന നിലയ്ക്കുമാത്രമല്ല, നമ്മുടെ സമ്പദ്ഘടനയുടെ അവസ്ഥയില്‍ സ്ത്രീകള്‍ എന്ന നിലയില്‍കൂടി അടിച്ചേല്‍പിക്കപ്പെട്ടിട്ടുള്ള പ്രത്യേക പ്രയാസങ്ങള്‍ പരിഗണിച്ച് നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്; തുല്യജോലിക്ക് തുല്യകൂലി, തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രസവകാല ആനുകൂല്യങ്ങള്‍, അവരുടെ കുട്ടികളുടെ പരിചരണം തുടങ്ങിയ കാര്യങ്ങളിലെല്ലാമാണത് വേണ്ടത്. ചെറുപ്പക്കാരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അപ്രന്‍റീസ്ഷിപ്പ് നിയമങ്ങളെ സംബന്ധിച്ചും തൊഴില്‍ സമയത്തിനുശേഷം വിദ്യാഭ്യാസം, സ്പോര്‍ട്സ് എന്നിത്യാദി പ്രശ്നങ്ങളെക്കുറിച്ചും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. 
"സ്വന്തം ലക്ഷ്യം നേടാനായി ഒരാള്‍ക്കെതിരെ മറ്റൊരാളെ ഉപയോഗിക്കുന്ന പൊതുവായ ചൂഷകര്‍ക്കെതിരെ തൊഴിലുള്ളവരുടെയും തൊഴിലില്ലാത്തവരുടെയും ഐക്യം വികസിപ്പിക്കാനും നാം പഠിക്കണം. 
"തൊഴിലാളികളുടെ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ നിര്‍ഭയരും ഉശിരുള്ളവരും ശ്രദ്ധാലുക്കളും അറിവും വിവേകവുമുള്ളവരുമായ പുതിയ കാഡര്‍മാരെ ഫാക്ടറികള്‍ക്കുള്ളില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതെങ്ങനെയെന്നും നാം പഠിച്ചിരിക്കണം. 
"ബഹുജനങ്ങള്‍ക്കു മുന്നില്‍ക്കയറി ഓടാതിരിക്കാനോ അവര്‍ക്കു പിന്നിലായി പോകാതിരിക്കാനോ എങ്ങനെ കഴിയുമെന്നും നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കണം. അനുഭവത്തില്‍നിന്നും പഠനത്തില്‍നിന്നും മാത്രമെ ഇതവര്‍ക്ക് അറിയാന്‍ കഴിയൂ. അനുഭവ സമ്പന്നരല്ലാത്ത ബഹുജനങ്ങളെ ചിലപ്പോള്‍ അവര്‍ക്ക് നിയന്ത്രിക്കേണ്ടതായി വരും; അതേസമയംതന്നെ അവരെ ശരിയായ പ്രക്ഷോഭ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതായും വരും. 
"നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞകാല അനുഭവങ്ങളില്‍നിന്നും ബഹുജന സമരങ്ങള്‍ സംബന്ധിച്ചുള്ള വിവിധ അടവുകളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. സമരങ്ങളുടെ പ്രാദേശിക പാരമ്പര്യങ്ങളെക്കുറിച്ചും സമരശക്തികളെക്കുറിച്ചും അവര്‍ അറിഞ്ഞിരിക്കണം; തൊഴിലാളികളില്‍നിന്നും അവര്‍ പഠിക്കണം. പൊതു സമീപനത്തിന്‍റെ കാര്യത്തിലൊഴികെ സമരങ്ങളെക്കുറിച്ചുള്ള മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങള്‍ ആവശ്യങ്ങള്‍ക്ക് ഉതകുന്നതായിരിക്കില്ല. 
"ഫാക്ടറി നാട്ടിന്‍പുറത്താണെങ്കില്‍ അതിനു ചുറ്റുമുള്ള കര്‍ഷകരെക്കുറിച്ച് നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കണം. ഇത്തരം പ്രദേശങ്ങളില്‍ തൊഴിലാളി ഗ്രാമത്തില്‍ ജീവിക്കുകയും ഫാക്ടറിയില്‍ പണിയെടുക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പണിമുടക്ക് സമരങ്ങളെ ചുറ്റുമുള്ള കര്‍ഷകജനസാമാന്യവുമായി നേരിട്ട് ബന്ധിപ്പിക്കേണ്ടതാണ്... കര്‍ഷകരുടെ സഹായം എങ്ങനെ ലഭ്യമാക്കാമെന്നും നമ്മെ സഹായിക്കുന്നവരാക്കി അവരെ എങ്ങനെ മാറ്റാമെന്നും നാം അറിഞ്ഞിരിക്കണം. കരിമ്പുതോട്ടങ്ങളിലും തേയിലത്തോട്ടങ്ങളിലും ഖനികളിലും കുറഞ്ഞ വിലയ്ക്ക് ഭൂമിയും കുറഞ്ഞ കൂലിക്ക് തൊഴിലാളിയെയും കിട്ടുന്നതിനായി ഉള്‍പ്രദേശങ്ങളിലേക്ക് കൊണ്ടുവരുന്ന പുതിയ ഫാക്ടറികളിലും ട്രേഡ്യൂണിയന്‍ സമരങ്ങളുടെ വിജയത്തില്‍ കര്‍ഷകരുടെ അനുഭാവവും അവരുമായുള്ള ബന്ധവും വലിയൊരു ഘടകമാണ്. 
"നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് മാര്‍ക്സിസത്തിന്‍റെ മൊത്തത്തിലുള്ള ലോക വീക്ഷണം ഉണ്ടായിരിക്കണം.
"നമ്മുടെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ സ്വയം ഒരു സംസ്കാരം വികസിപ്പിക്കണം; വിനയാന്വിതനായിരിക്കണം; ബഹുജനങ്ങളോട് ക്ഷമയോടെ പെരുമാറണം. അനുരഞ്ജന യോഗങ്ങളിലും കൂടിയാലോചനകളിലും ശത്രുക്കളോട് ഇടപെടുമ്പോഴും ചര്‍ച്ച നടത്തുമ്പോഴുംപോലും അവരുടെ സമീപനം ദൃഢവും മൂര്‍ച്ചയുള്ളതുമായിരിക്കവെതന്നെ മാന്യവും വിനീതവുമായിരിക്കണം. വര്‍ഗസമരത്തിന്‍റെ പ്രതീകമായിരിക്കരുത് ധാര്‍ഷ്ട്യം.
"ഇത്തരം പ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതില്‍ നാം വിജയിക്കുകയും വ്യാജവും വിഭാഗീയവുമായ എടുത്തുചാട്ടം കൂടാതെയോ പരിഷ്കരണവാദപരമായ ആത്മവിശ്വാസരാഹിത്യം കൂടാതെയോ തൊഴിലാളികളുടെ ലക്ഷ്യസാക്ഷാത്കാരത്തിനായി ധീരമായി വാദിക്കുകയും പൊരുതുകയുമാണെങ്കില്‍ നമുക്ക് എല്ലാ വിഷയങ്ങളിലുമുള്ള ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനാകും; തൊഴിലാളികളുടെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ നേടുന്നതിനുള്ള പാതയിലേക്ക് മുന്നേറാവുന്നതുമാണ്. 
"നമ്മുടെ കടമ നിറവേറ്റുന്നതിലെ കാതലായ കാര്യം തൊഴിലാളിവര്‍ഗത്തിന്‍റെയും ട്രേഡ്യൂണിയനുകളുടെയും ഐക്യം കെട്ടിപ്പടുക്കുക എന്നതാണ്; നമ്മുടെ കടമകള്‍ നിറവേറ്റുന്നതിന് ഭരണവര്‍ഗങ്ങളുടെ നീക്കങ്ങള്‍ അറിയുന്നതിനുപുറമെ മേല്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ തൊഴിലാളിവര്‍ഗത്തിന്‍റെ സമരങ്ങളെയും അവയില്‍നിന്നുള്ള പാഠങ്ങളെയും കുറിച്ചും അറിഞ്ഞിരിക്കണം; പാര്‍ടിയും ട്രേഡ്യൂണിയനുകളും എങ്ങനെയാണ് നയിച്ചതെന്നും പാര്‍ടി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന സംഘടന പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നും അറിഞ്ഞിരിക്കേണ്ടതാണ്; അവ എവിടെ, എങ്ങനെ ശരിയായി പെരുമാറിയെന്നും എവിടെയാണ് അവയ്ക്ക് പിശകുപറ്റിയതെന്നും നാം അറിഞ്ഞിരിക്കണം. 
"ട്രേഡ്യൂണിയന്‍ ഐക്യം കെട്ടിപ്പടുക്കുന്നതിന് നാം സംഘടനാപരമായ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘടനകളുടെയും അവയുടെ നേതൃത്വത്തിന്‍റെയും സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. മുകളില്‍നിന്നെന്നപോലെ താഴെനിന്നും ഐക്യം കൈവരിക്കുന്നതിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാകേണ്ടതും ആവശ്യമാണ്. 
"ഇപ്പോള്‍ നാം ചെയ്യാനിടയുള്ള പിശകുകള്‍ എന്തെല്ലാമാണ്? സജീവമായ ബഹുജന ബന്ധം ഇല്ലാതിരിക്കലും ഫാക്ടറികള്‍ക്കുള്ളില്‍തന്നെ പ്രവര്‍ത്തിക്കുന്ന കാഡര്‍മാരെ വലിയതോതില്‍ സംഘടിപ്പിക്കാതിരിക്കലും തൊഴിലാളികളുടെ വികാരം മനസ്സിലാക്കാന്‍ നമുക്ക് കഴിയാതിരിക്കലും അവരുടെ സങ്കടങ്ങളും പരാതികളും മൂര്‍ത്തമായി നാം അറിയാതിരിക്കലുമാണവ. ആയതിനാല്‍ ബഹുജനങ്ങള്‍ സമരത്തിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ നാം എടുത്തടിച്ചപോലെ പ്രതികരിക്കരുത്. ഫാക്ടറികള്‍ക്കുള്ളില്‍ നമുക്ക് കടക്കാന്‍ കഴിയാത്തിടത്ത് പാര്‍പ്പിട പ്രദേശങ്ങളില്‍ ബഹുജനാടിസ്ഥാനത്തില്‍ യഥാര്‍ഥ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടു മാത്രമേ ഇത് തിരുത്താന്‍ കഴിയൂ. നമുക്ക് പ്രവേശനം ലഭിക്കുന്ന ഫാക്ടറികളില്‍ അംഗീകാരത്തിലൂടെയല്ലെങ്കിലും നമ്മുടെ ട്രേഡ്യൂണിയന്‍ മെമ്പര്‍ഷിപ്പിലൂടെ ഈ പ്രവര്‍ത്തനം നടത്താവുന്നതാണ്. 
"എല്ലാ ട്രേഡ് യൂണിയന്‍ കാഡര്‍മാരും തൊഴിലുള്ളവരും തൊഴില്‍രഹിതരുമായ തൊഴിലാളികളുമായി മൊഹല്ലാബസ്തി ബന്ധങ്ങളിലൂടെയോ ഫാക്ടറികളിലൂടെയോ ഉറ്റ ബന്ധം പുലര്‍ത്തണം.
"തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളിലുമുള്‍പ്പെടെ ട്രേഡ്യൂണിയന്‍ മുന്നണിയില്‍ കാഡര്‍മാര്‍ നിത്യേന ചെയ്യേണ്ട മിനിമം കടമകള്‍ എന്തെന്ന് വ്യക്തമാക്കണം; ഭക്ഷ്യ സ്ഥിതിയോടും തൊഴിലാളികളുടെ ദൈനംദിനാവശ്യങ്ങളോടുമുള്ള പ്രതികരണത്തില്‍ ജനങ്ങളുടെ മനോഭാവം കണക്കിലെടുക്കണം. 
"ഓരോ തൊഴിലിലെയും വ്യവസായത്തിലെയും ഡിമാന്‍ഡുകള്‍ക്ക് രൂപം നല്‍കുന്നത് സൂക്ഷ്മതയോടെയായിരിക്കണം. അതിരുകവിഞ്ഞ ഡിമാന്‍ഡുകള്‍ക്ക് രൂപം നല്‍കുന്നത് ഒഴിവാക്കേണ്ടതാണ്. 
"സമരം ആരംഭിക്കുന്നതിനു മുമ്പും ശേഷവും അതിന് പിന്തുണനേടാന്‍ തൊഴിലാളി വര്‍ഗേതര അഭിപ്രായങ്ങള്‍ സൃഷ്ടിക്കണം. മുനിസിപ്പല്‍ സര്‍വീസ്, ട്രാന്‍സ്പോര്‍ട്ട്, വീടുകളില്‍ വെളിച്ചം നല്‍കല്‍ എന്നിത്യാദി ട്രേഡുകളില്‍ ഇക്കാര്യം ശ്രദ്ധാപൂര്‍വം ചെയ്യണം. തൊഴിലാളികളുടെ സന്നദ്ധതയും നേതൃത്വത്തിന്‍റെ ഐക്യവും ആശ്രയിച്ചായിരിക്കണം പണിമുടക്ക് അരദിവസമോ ഒരു ദിവസമോ ദീര്‍ഘകാലത്തേക്കുള്ളതോ എന്ന് തീരുമാനിക്കേണ്ടത്... പൊലീസ് ഭീകരതയ്ക്കും തൊഴിലുടമകളുടെ ഗുണ്ടകളുടെ അക്രമങ്ങള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പ് ഉള്‍പ്പെടെ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍; അതെങ്ങനെ ചെയ്യാമെന്നത് സവിശേഷ സാഹചര്യത്തെയും ജനങ്ങള്‍ എത്രത്തോളം സഹിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാകുന്നുവെന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്. 
"തൊഴിലാളികളുടെ ട്രേഡ്യൂണിയന്‍ സമരങ്ങളെ കര്‍ഷകരുടെ സമരങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്താമെന്ന പ്രശ്നം, പ്രാദേശികാവസ്ഥയെയും വ്യവസായത്തെയും  ബന്ധപ്പെട്ട തൊഴിലാളികളുടെയും കര്‍ഷകരുടെയും സംഘടനാപരമായ സ്ഥിതിയെയും പ്രത്യയശാസ്ത്രപരമായ സന്നദ്ധതയെയും ആശ്രയിച്ചാണിരിക്കുന്നത്. 
"ബഹുജനങ്ങളുടെ അനുഭവത്തിന്‍റെയും ട്രേഡ്യൂണിയന്‍ കെട്ടിപ്പടുക്കുന്നതിലും തൊഴിലാളിവര്‍ഗത്തിന്‍റെ ഡിമാന്‍ഡുകള്‍ സംരക്ഷിക്കുന്നതിലും അതുപയോഗിക്കാനുള്ള ശേഷിയുടെയും വൈദഗ്ധ്യത്തിന്‍റെയും സ്ഥാനത്ത് എത്ര വിശദമായ നിര്‍ദേശത്തെയും പകരംവയ്ക്കാനാവില്ല എന്ന് നാം ഓര്‍ത്തിരിക്കണം.