കര്‍ഷക ബില്‍ മോഡിയുടെ നുണകളും യാഥാര്‍ഥ്യങ്ങളും
നാഗേശ്വര്‍
മോഡി ഗവണ്മെന്റ് ഈയടുത്തയിടെ പാസാക്കിയ 3 കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തുന്ന വമ്പിച്ച പ്രക്ഷോഭത്തിന് ദേശീയ തലസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. തുടക്കത്തില്‍, ഈ കര്‍ഷകര്‍ ഇടനിലക്കാര്‍ എന്ന നിലയില്‍ മുദ്രകുത്തപ്പെട്ടു. പിന്നീട്, പ്രക്ഷോഭത്തിലേക്ക് ഖലിസ്ഥാന്‍ വിഘടനവാദികള്‍ നുഴഞ്ഞുകയറുകയാണെന്ന് ആരോപിച്ചു. പ്രതിപക്ഷം വഴിതെറ്റിച്ചതിനാലാണ് കര്‍ഷകര്‍ വലിയ തോതില്‍ സര്‍ക്കാരിനെതിരെ തിരിയുന്നതെന്നാണ് ഭരണകൂടത്തിന്റെ പിന്നീടുള്ള വിശദീകരണം. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുതന്നെ ഗവണ്മെന്റിന്റെ കര്‍ഷക ബില്ലിനെ പ്രതിരോധിച്ചുകൊണ്ട് രംഗത്തുവരേണ്ടിവന്നു. പുതിയ കര്‍ഷക ബില്ലുകള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്ന ഗവണ്മെന്റിന്റെ അവകാശവാദം സ്ഥാപിക്കുന്നതിനായി കൊണ്ടുപിടിച്ച മാധ്യമ പ്രചരണവും സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചു. അവയുടെ മിത്തും യാഥാര്‍ഥ്യവുമാണ് താഴെ വിശകലനം ചെയ്യുന്നത്.
മിത്ത് 1: - നിലവില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കാര്‍ഷിക മണ്ഡികള്‍ക്ക് പുറത്തുവില്‍ക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. പുതിയ ബില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള് ഏതൊരാളിനു വില്‍ക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുക വഴി കര്ഷകന് മെച്ചപ്പെട്ട, ആകര്‍ഷകമായ വില ലഭിക്കുന്നു എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം കാര്‍ഷിക ഉല്പന്നങ്ങളും കാര്‍ഷിക ചന്തകള്‍ക്കു പുറത്താണ് വില്‍ക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്, നെല്ലിന്റെയും ഗോതമ്പിന്റെയും കാര്യമെടുത്താല്‍ പോലും യഥാക്രമം മൊത്തം വിളവിന്റെ 29 ശതമാനവും 44 ശതമാനവുമാണ് മണ്ഡികളില്‍ വില്‍ക്കപ്പെടുന്നത്. അതേസമയം നെല്ലിന്റെ 49 ശതമാനവും ഗോതമ്പിന്റെ 36 ശതമാനവും വില്‍ക്കപ്പെടുന്നത് ഏതെങ്കിലുമൊരു പ്രാദേശിക സ്വകാര്യ കച്ചവടക്കാരനോ അല്ലെങ്കില്‍ ഇന്‍പുട്ട് ഡീലര്‍മാര്‍ക്കോ ആണ്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന, 31 വിളകള്‍ ഉള്‍പ്പെടുത്തി നടത്തിയ 'സിറ്റുവേഷണല്‍ അസ്സസ്മെന്റ് സര്‍വെ' കാണിക്കുന്നത്, 29 വിളകളും പ്രധാനമായും വാങ്ങുന്നത് പ്രാദേശിക സ്വകാര്യ കച്ചവടക്കാരാണെന്നാണ്.
മിത്ത് 2 :- കാര്യക്ഷമതയില്ലാത്ത ഇടനിലക്കാര്‍ ആധിപത്യം പുലര്‍ത്തുന്നു; വ്യവസ്ഥാപിത കാര്‍ഷിക ചന്തകള്‍ കാര്‍ഷിക വിപണിയെ കുത്തകവല്‍ക്കരിക്കുന്നു. ഇത് കര്‍ഷകര്‍ക്ക് ദോഷകരമാണ്.
യാഥാര്‍ഥ്യമെന്താണെന്ന് നോക്കൂ. റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫസറായ ആര് രാമകുമാര്‍ ദി ഹിന്ദുവില്‍ എഴുതിയ, 'അനിയന്ത്രിതമായ അഗ്രി മാര്‍ക്കറ്റുകള്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍' എന്ന ലേഖനത്തില്‍ പറയുന്നു - എപിഎംസിയ്ക്കു പുറത്ത് സ്വകാര്യ ചന്തകള്‍ സ്ഥാപിക്കുന്നതിന് ഇതിനകം തന്നെ 18 സംസ്ഥാനങ്ങള്‍ അനുമതി നല്‍കിക്കഴിഞ്ഞു; 19 സംസ്ഥാനങ്ങളാകട്ടെ കൃഷിക്കാരില്‍നിന്നും കാര്‍ഷിക ഉല്പന്നങ്ങള് വാങ്ങുന്നതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു.
ഓരോ ഇന്ത്യന്‍ കര്‍ഷകനും വാഹനത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ തന്റെ ഉല്പന്നങ്ങളുമായി മണ്ഡിയില്‍ എത്തിച്ചേരാന്‍ കഴിയണമെന്ന് ദേശീയ കാര്‍ഷിക കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു. അതിനാല്‍ ഒരു മണ്ഡിയുടെ സേവനം ശരാശരി 80 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമായിരുന്നു. ഇതിനായി മണ്ഡികളുടെ എണ്ണം കുറഞ്ഞത് 41,000 ആയി ഉയര്‍ത്തണം. എന്നാല്‍ ഇന്ത്യയില്‍ 2019 ലെ കണക്കനുസരിച്ച് ശരാശരി 463 ചതുരശ്രകിലോമീറ്ററിനുള്ളില്‍ വെറും 6630 മണ്ഡികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ മണ്ഡികളുടെ എണ്ണം അപര്യാപ്തമാണെന്നാണ് സ്ഥിതിവിവര കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
മിത്ത് 3 :- പുതിയ കാര്‍ഷിക ബില്ലുകള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാലും ഗവണ്മെന്റ് സംഭരണം തുടരുമെന്നാണ് കേന്ദ്ര ഗവണ്മെന്റിലെ നേതാക്കള്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ള സ്വതന്ത്ര കമ്പോള വാഴ്ച വാങ്ങുന്ന ഏതൊരാള്‍ക്കും വില്‍ക്കാനുള്ള സ്വാതന്ത്ര്യം കര്ഷകന് നല്കുന്നു.
സ്വതന്ത്ര കമ്പോള കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നാല്‍ രാജ്യത്ത് സംഭവിക്കാന്‍ പോകുന്നതെന്താണെന്നത് ബീഹാറിന്റെ അനുഭവം വെളിവാക്കുന്നു. ബീഹാര്‍ 2006ല്‍ അഗ്രികള്‍ച്ചറല്‍ പ്രോഡക്റ്റ് മാര്‍ക്കറ്റിങ് കമ്മിറ്റി (എപിഎംസി) നിര്‍ത്തലാക്കി. അതിനുശേഷമുള്ള, ഇന്ത്യാ ഗവണ്മെന്റിന്റെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഡാറ്റയനുസരിച്ച് ബീഹാറില്‍ ഗവണ്മെന്റ് ഏജന്‍സികള്‍ നെല്ല് 20 ശതമാനത്തില്‍ താഴെ മാത്രവും ഗോതമ്പ് മിക്കവാറും ഒരു ശതമാനത്തില്‍ താഴെ മാത്രവുമാണ് ശേഖരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബീഹാറില്‍ ഗവണ്മെന്റ് നേരിട്ടു നടത്തുന്ന ധാന്യ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 2015 - 16ല്‍ ഏകദേശം 9000 ആയിരുന്നത് 2019-20 ആയപ്പോഴേക്ക് അത് 1619 ആയി കുറഞ്ഞു.
മിത്ത് 4 : - പുതിയ കാര്‍ഷിക നിയമങ്ങള്‍ താങ്ങുവില ഇല്ലാതാക്കില്ല. അപ്പോള്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും.
2018ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ കര്‍ഷകരുടെയും വ്യാപാരികളുടെയും സര്‍വേയുടെ അടിസ്ഥാനത്തില്‍, താങ്ങുവില 50 ശതമാനത്തിലേറെ കര്‍ഷകര്‍ക്കും അങ്ങേയറ്റം ഗുണകരമായ പദ്ധതിയാണെന്നു കണ്ടെത്തി. എന്നാല്‍ ഒരു വ്യാപാരിയോ അഗ്രി ബിസിനസ്സുകാരനോ കൃഷിക്കാരനു നല്കുന്ന തുക താങ്ങുവിലയെക്കാള്‍ താഴെയാകില്ല എന്ന് നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. അതെന്തായാലും താങ്ങുവില കടലാസില്‍ തുടരാം. എന്നാല്‍ ബീഹാറിന്റെ അനുഭവത്തില്‍നിന്നും വ്യക്തമാകുന്നതുപോലെ ഇതും ദുര്‍ബലമാകും. തങ്ങളുടെ ഉല്പന്നങ്ങള് എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും ബീഹാറിലെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നില്ല. 2019 - 20ല്‍ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1815 രൂപയായി നിശ്ചയിച്ചിരുന്നെങ്കിലും ക്വിന്റലിന് വെറും 1350 - 1400 രൂപയ്ക്ക് വ്യാപാരികള്‍ക്കു വില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഗോതമ്പിന്റെ കാര്യത്തില്‍ താങ്ങുവില 1,925 ആയിരുന്നിട്ടും ബീഹാറിലെ കര്‍ഷകര്‍ക്ക് 1800 രൂപയ്ക്കോ അതില്‍ കുറച്ചോ വില്‍ക്കേണ്ടിവന്നു. ചോളത്തിന്റെ കാര്യത്തിലാകട്ടെ തനതു വര്‍ഷത്തെ ഔദ്യോഗിക താങ്ങുവില 1,850 രൂപ ആയി ഉറപ്പാക്കിയിരുന്നിട്ടും കര്‍ഷകര്‍ക്ക് ലഭിച്ചത് 1,000 - 1,300 രൂപ മാത്രമാണ്.
മിത്ത് 5 :- പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മൊത്തം വിപണികളും ശീതീകരണ ശൃംഖലാ പശ്ചാത്തല സൗകര്യങ്ങളും സ്ഥാപിക്കുമെന്ന് സ്വകാര്യമേഖല അവകാശപ്പെടുന്നു.
എന്നാല്‍ അത്തരത്തിലുള്ള ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബീഹാറിലെ അനുഭവം വെളിപ്പെടുത്തുന്നു. ബീഹാര്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പുതിയ കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച മോഡി സര്‍ക്കാരിന്റെ അവകാശവാദത്തെ ഇന്ത്യാ ഗവണ്മെന്റിന്റെ തന്നെ പഠനങ്ങള്‍ നിരാകരിക്കുന്നു.
ഗവണ്മെന്റിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് (എന്‍ഐഎം) നടത്തിയ പഠനത്തില്‍ ഇങ്ങനെ പറയുന്നു: "റെഗുലേറ്ററി സംവിധാനത്തില്‍ നിന്ന് സ്വതന്ത്ര കമ്പോള വാഴ്ചയിലേക്ക് നീങ്ങാനുള്ള നടപടി ശരിയായ അര്‍ഥത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. ഈ മാറ്റം കൂടുതല്‍ കാര്യക്ഷമവും കര്‍ഷകര്‍ക്ക് അനുയോജ്യവുമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നിരുന്നാലും ഇത് വിപണികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള സ്ഥാപനപരമായ സംവിധാനത്തിന്റെ കാര്യത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് വിപണനത്തിന് ബദല്‍ മാര്‍ഗങ്ങളൊന്നും തന്നെയില്ലാത്തതിനാല്‍ നിലവിലെ വ്യാപാരി ആധിപത്യ സമ്പ്രദായത്തെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കി.
മിത്ത് ആറ് : - സ്വതന്ത്ര കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വ്യാപാര ക്രമം ഉയര്‍ന്ന കാര്‍ഷിക വളര്‍ച്ചാ നിരക്കിനു കാരണമാകും.
ബീഹാര്‍ അനുഭവം ഈ അനുമാനത്തെ നിരാകരിക്കുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച് (ചഇഅഋഞ) 2019 നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്, ബീഹാറിലെ കാര്‍ഷിക വളര്‍ച്ചാനിരക്ക് 2008 - 09 നും 2011 - 12 നും ഇടയ്ക്ക് മൂന്ന് ശതമാനമായിരുന്നത് 2012 - 13നും 2016 - 17നുമിടയ്ക്ക് വെറും 1.3 ശതമാനമായി കുത്തനെ താഴ്ന്നു എന്നാണ്.
മിത്ത് 7 : - എപിഎംസികള്‍ നിര്‍ത്തലാക്കുന്നതിന്റെ പൂര്‍ണമായ യുക്തി, അത് കൃഷിക്കാരുടെ വിലകള്‍ കൃത്രിമമായി കുറയ്ക്കുന്നു എന്നതാണ;് കോര്‍പ്പറേറ്റുകളെ കടന്നുവരാന്‍ അനുവദിക്കുന്നത് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പു നല്‍കും.
വിത്തുകള്‍, കീടനാശിനികള്‍ തുടങ്ങിയ കാര്‍ഷിക ഇന്‍പുട്ടുകളുടെ വിപണികള്‍ വലിയതോതില്‍ കോര്പ്പറേറ്റുവല്ക്കരിക്കുന്നതിനാണ് കഴിഞ്ഞ ഒരു ദശകക്കാലം സാക്ഷ്യം വഹിച്ചത്. പക്ഷേ അതോടൊപ്പം കാര്‍ഷികമേഖലയിലെ ഇടത്തട്ട് ഇന്‍പുട്ടുകളുടെ വിലകളും കുത്തനെ വര്‍ദ്ധിച്ചു. കൃഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നത് ഇടത്തട്ടിലെ ചരക്കുകളുടെ വിലക്കയറ്റമാണ് കര്‍ഷകരുടെ വ്യാപാരത്തിലെ സ്തംഭനാവസ്ഥയ്ക്കും ക്രമേണയുള്ള തകര്‍ച്ചയ്ക്കും വലിയ കാരണമായത് എന്നാണ്.
മിത്ത് 8 : - കൃഷി വ്യാപാരം സ്വകാര്യ വിപണിയ്ക്ക് തുറന്നുകൊടുക്കുന്നത് മത്സരം സൃഷ്ടിക്കുന്നതുമൂലം കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കും. ഒന്നിലധികം സ്വകാര്യ വാങ്ങലുകാര്‍ ഉള്ള മത്സരാധിഷ്ഠിത കാര്‍ഷിക ചന്തകളില്‍ കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വിലപേശാന്‍ കഴിയും.
ഈ അവകാശവാദം ശരിയാണെന്നു കണ്ടെത്തിയിട്ടില്ല. യഥാര്‍ഥത്തില്‍ താങ്ങുവിലയും ഗവണ്മെന്റ് സംഭരണവും കാര്‍ഷിക വിലകളില്‍ സ്ഥിരത കൈവരിക്കാനാണ് സഹായിച്ചിട്ടുള്ളത്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് (ചടടഛ) 2012-13ല്‍ നടത്തിയ സ്ഥിതി വിലയിരുത്തല്‍ സര്‍വേ പ്രകാരം നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1250 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പഞ്ചാബിലെ നാമമാത്ര കര്‍ഷകര്‍ അവരുടെ മൊത്തം നെല്ല് വിളവിന്റെ പകുതിയോളം മണ്ഡികളില്‍ വിറ്റു. അതുവഴി പഞ്ചാബിലെ നാമമാത്ര കര്‍ഷകര്‍ക്ക് ക്വിന്റലിന് ശരാശരി 1500 രൂപ, അതായത് താങ്ങുവിലയെക്കാള്‍ 20% ഉയര്‍ന്നവില കിട്ടി. ഇതിനു വിപരീതമായി, ഉത്തര്‍പ്രദേശിലെ നാമമാത്ര കര്‍ഷകര്‍ മൊത്തം നെല്ലിന്റെ വെറും 16 ശതമാനം മാത്രമാണ് മണ്ഡികളില്‍ വിറ്റത്. അവിടെ അവര്‍ക്ക് ക്വിന്റലിന് 1010 രൂപ മാത്രമാണ് കിട്ടിയത്. അതാകട്ടെ താങ്ങുവിലയെക്കാള്‍ തുലോം കുറവും.
ഒടുവില്‍ പുറത്തിറങ്ങിയ 2015 - 16 ലെ കാര്‍ഷിക സെന്‍സസ് വെളിപ്പെടുത്തുന്നത് പ്രവര്‍ത്തനക്ഷമമായ കൃഷിഭൂമിയുടെ 86 ശതമാനവും ചെറുകിട, നാമമാത്ര കര്‍ഷകരുടെ കൈവശമാണുള്ളത് എന്നാണ്. കൃഷിഭൂമിയുടെ വളരെ ചെറിയൊരു ഭാഗം മാത്രം കൈവശമുള്ള ഈ കര്‍ഷക വിഭാഗത്തിന് സ്വകാര്യ കച്ചവടക്കാരുമായി മെച്ചപ്പെട്ട വില ലഭിക്കുന്നതിനായി വിലപേശാനുള്ള ശേഷിയുമില്ല. കാര്‍ഷിക വിപണികള്‍ വമ്പന്‍ അഗ്രിവ്യാപാരസ്ഥാപനങ്ങള് കയ്യടക്കുമ്പോള്‍ കാര്‍ഷിക വ്യാപാരത്തിലെ നിബന്ധനകള്‍ ചെറുകിട, നാമമാത്ര കര്‍ഷകരെ സംബന്ധിച്ച് കൂടുതല്‍ ശത്രുതാപരമായി മാറും.