ബ്രസീലിയന്‍ മണ്ണിന്റെ ചുവപ്പുനിറം
പി എസ് പൂഴനാട്
ബ്രസീലിലെ ആദിമനിവാസികളായിരുന്ന റെഡ് ഇന്ത്യന്‍ വംശജരെ തകര്‍ത്തുകൊണ്ടായിരുന്നു 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊളോണിയലിസ്റ്റുകള്‍ ബ്രസീലിയന്‍ മണ്ണില്‍ കാലുകുത്തിയത്. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ കൊളോണിയല്‍ ഭരണം ബ്രസീലില്‍ തുടര്‍ന്നു. 1822ല്‍ ബ്രസീല്‍ സ്വതന്ത്രമായെങ്കിലും ഭരണരൂപം രാജവാഴ്ചയായി തുടര്‍ന്നു. പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെപ്പോലെതന്നെ ബ്രസീലും പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഫിനാന്‍സ് മൂലധനത്തിന്റെ കെട്ടുപാടുകള്ക്കുള്ളില്തന്നെയായിരുന്നു വരിഞ്ഞുമുറുക്കപ്പെട്ടിരുന്നത്. 1888ല്‍ ബ്രസീലിയന്‍ രാജവാഴ്ച അടിമത്തത്തെ നിരോധിച്ചു. എന്നാല്‍ ഭൂവുടമകള്‍ക്ക് ഇത് സഹിക്കാനായില്ല. അവര്‍ രാജവാഴ്ചയെ അട്ടിമറിക്കുകയും ഭൂവുടമകളുടെയും വ്യവസായികളുടെയും നേതൃത്വത്തിലുള്ള പുതിയൊരു റിപ്പബ്ലിക്കിന് രൂപം നല്‍കുകയും ചെയ്തു. 1930 വരെ ഈയൊരു ഭൂപ്രഭുത്വം ബ്രസീലിനെ അടക്കിവാണിരുന്നു.
1929ലെ മഹാമാന്ദ്യത്തിന്റെ അലയൊലികള്‍ ബ്രസീലിയന്‍ ഭരണകൂട ക്രമത്തെയും പിടിച്ചുകുലുക്കാനാരംഭിച്ചു. 1930ല്‍ ലിബറല്‍ പരിഷ്കരണവാദികളുടെ നേതൃത്വത്തില്‍ അഭിഭാഷകനും ലിബറല്‍ രാഷ്ട്രീയക്കാരനുമായ ഗെറ്റ്യൂലിയോ വര്‍ഗ്ഗാസ് (ഏലൗഹേശീ ഢമൃഴമെ) ബ്രസീലിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ന്നുവന്നു. ആ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗാസ് പരാജയപ്പെട്ടെങ്കിലും ജനകീയമായ പിന്തുണ ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അങ്ങനെ ബ്രസീലിനെ അടക്കിവാണിരുന്ന ഭൂപ്രഭുത്വ ഭരണത്തെ സൈനിക പിന്തുണയോടെ അട്ടിമറിക്കാനും ഭരണം പിടിച്ചെടുക്കാനും വര്ഗ്ഗാസിന് കഴിഞ്ഞു. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷക്കാലം വര്ഗ്ഗാസിന്െറ നേതൃത്വമുള്ള ഒരുതരം ജനപ്രീണന ഏകാധിപത്യത്തിനായിരുന്നു ബ്രസീല്‍ വേദിയായിത്തീര്‍ന്നത്. വര്‍ഗ്ഗാസ് കൈക്കൊണ്ട ജനപ്രിയ നയങ്ങള്‍ ബ്രസീലിനെ ഒരാധുനിക രാഷ്ട്ര സംവിധാനത്തിലേക്ക് നയിക്കുകയായിരുന്നു. ദേശീയ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഇറക്കുമതിയെയും വിദേശ വിനിമയത്തെയും നിയന്ത്രിച്ചു. റോഡുകളും പാലങ്ങളും ഹൈവേകളും ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങളെ വിപുലപ്പെടുത്തി. ഒരു ദേശീയ ഉരുക്കുവ്യവസായകേന്ദ്രം തുറക്കപ്പെട്ടു. പെട്രോളിയത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ക്കും തുടക്കമിട്ടു. എന്നാല്‍ ഈ ഘട്ടങ്ങളിലെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും ഇടതുവിരുദ്ധതയുടെയും പാളയങ്ങളിലായിരുന്നു വര്‍ഗ്ഗാസ് നിലയുറപ്പിച്ചിരുന്നത്. മുസ്സോളിനിയും സലാസറും ഫ്രാങ്കോയുമായിരുന്നു വര്ഗ്ഗാസിന്റെ മാതൃകകള്‍.
1930കളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ കോര്‍പറേറ്റുകള്‍ക്ക് പരിമിതമായ ഇടങ്ങളില്‍ മാത്രമേ ബ്രസീലിനുള്ളില്‍ സ്വാധീനമുണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഘട്ടങ്ങളില്‍ ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി അമേരിക്കന്‍ ഐക്യനാടുകള്‍ അതിന്റെ ബന്ധങ്ങളെ കൂടുതല്‍ ദൃഢപ്പെടുത്തിക്കൊണ്ടിരുന്നു. 1940കളുടെ തുടക്കത്തില്‍തന്നെ ഫ്രാങ്ക്ളിന് ഡി റൂസ്വെല്‍റ്റ് ലാറ്റിനമേരിക്കന്‍ നാടുകളില്‍ അമേരിക്കയ്ക്ക് നിക്ഷേപസൗകര്യം വര്‍ധിപ്പിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും ഒരു അടിയന്തിര പദ്ധതി തയ്യാറാക്കുന്നതിനുവേണ്ടി നിര്‍ദേശിച്ചിരുന്നു. ലാറ്റിനമേരിക്കയിലെ അതിവിപുലമായ അസംസ്കൃതവസ്തുക്കളിലായിരുന്നു അമേരിക്കയുടെ കണ്ണ്.
രണ്ടാം ലോകയുദ്ധത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ അമേരിക്കയും ബ്രസീലും തമ്മിലുള്ള സൈനികബന്ധവും കൂടുതല്‍ ശക്തിയാര്‍ജിച്ചിരുന്നു. അമേരിക്കയില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ മറ്റ് മേഖലകളിലെന്നപോലെ ബ്രസീലിയന്‍ സൈനികരംഗങ്ങളിലേയ്ക്കും ഒഴുക്കപ്പെട്ടുകൊണ്ടിരുന്നു. ബ്രസീലിയന്‍ മേഖലയില്‍ അമേരിക്കന്‍ സ്വാധീനം അതിതീവ്രമായിത്തീര്ന്ന ഘട്ടം കൂടിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയില്‍ വച്ചായിരുന്നു വര്ഗ്ഗാസിന്റെ ഭരണക്രമം 1945ല്‍ അട്ടിമറിക്കപ്പെട്ടത്. പഴയ ബ്രസീലിയന്‍ ഭൂപ്രഭുത്വവും ബ്രസീലിയന്‍ സൈന്യവുമായിരുന്നു അട്ടിമറിക്കുപിന്നില്‍ അണിനിരന്നിരുന്നത്. ഇതേ ഘട്ടത്തിലായിരുന്നു ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകള്‍ സ്പോണ്സര് ചെയ്ത റിയോ ഉടമ്പടി (1947)യില്‍ ഒപ്പുവച്ചത്. ലാറ്റിനമേരിക്കന്‍ മേഖലയിലെ രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ താല്‍പ്പര്യങ്ങളെ ഉറപ്പിക്കുന്ന ഒന്നായിരുന്നു ആ ഉടമ്പടി. ഏത് രാജ്യത്തിനു വേണമെങ്കിലും അമേരിക്കയുടെ സൈനിക സഹായം ഇതിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടു. അമേരിക്കയുടെ ശീതയുദ്ധകാല അഭിലാഷങ്ങളെ ഒളിപ്പിച്ചുവച്ച ആ ഉടമ്പടിയിന്മേല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒപ്പുചാര്ത്തുകയായിരുന്നു.
1950ല്‍ ബ്രസീലിയന്‍ ലേബര്‍ പാര്‍ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും വര്‍ഗ്ഗാസ് വീണ്ടും ബ്രസീലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബ്രസീലിയന്‍ ദേശീയവാദികളുടെയും ജനപ്രിയ രാഷ്ട്രീയക്കാരുടെയും ഇടതുപക്ഷത്തിന്റെയും സംയുക്ത സഖ്യമായിരുന്നു വര്ഗ്ഗാസിനെ അധികാരത്തിലേറ്റിയത്. തന്റെ ആദ്യകാല കമ്യൂണിസ്റ്റ് വിരുദ്ധ-ഇടതുവിരുദ്ധ നിലപാടുകളെ വര്‍ഗ്ഗാസ് ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്രസീലിന്റ സൈന്യവും സമ്പന്നവര്‍ഗവും വര്ഗ്ഗാസിന്റെ സ്ഥാനാരോഹണത്തെ കൂടുതല്‍ തീവ്രമായി വെറുത്തുകൊണ്ടിരുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ഇത് സഹിക്കാനായില്ല. വര്‍ഗ്ഗാസ് ഭരണക്രമം മുന്നോട്ടുവച്ച സാമ്പത്തിക ദേശീയത സൂക്ഷ്മാര്‍ഥത്തില്‍ ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ നിക്ഷേപ താല്‍പ്പര്യങ്ങള്‍ക്ക് കടകവിരുദ്ധമായ ഒന്നായിരുന്നു. ബ്രസീലില്‍ മൊട്ടിട്ടുവളര്ന്നുകൊണ്ടിരുന്ന എണ്ണവ്യവസായത്തിലായിരുന്നു അമേരിക്കയുടെ ദൃഷ്ടികള്‍ പ്രധാനമായും പതിച്ചിരുന്നത്. എണ്ണവ്യവസായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി വികസനസഹായമെന്ന പേരില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ബ്രസീലിലേയ്ക്ക് അമേരിക്ക ഒഴുക്കിക്കൊണ്ടിരിക്കുകയും ചെയ്തു. എന്നാല്‍ ബ്രസീലിന്റേതായ ഒരു ദേശീയ എണ്ണ കോര്പറേഷന് വര്‍ഗ്ഗാസ് രൂപം കൊടുക്കുകയും അമേരിക്കന്‍ സഹായകപദ്ധതി അവസാനിപ്പിക്കുകയും ചെയ്തു. ഇത് ബ്രസീലിലെ അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് വലിയതരത്തിലുള്ള പ്രഹരമാണേല്‍പ്പിച്ചത്. ബ്രസീലിയന്‍ ഭൂപരിഷ്കരണത്തിന്റെ രൂപരേഖയും വര്‍ഗ്ഗാസ് തയ്യാറാക്കിയിരുന്നു. തൊഴിലാളികളുടെയും ജീവനക്കാരുടെയും മിനിമം വേതനം ഇരട്ടിയാക്കാനുള്ള തീരുമാനവും കൈക്കൊണ്ടു. എന്നാല്‍ ബ്രസീലിയന്‍ സൈന്യവും സമ്പന്ന ഭൂപ്രഭുത്വവും മാധ്യമങ്ങളും വര്ഗ്ഗാസിനെ വളഞ്ഞിട്ടാക്രമിക്കാന്‍ തുടങ്ങി. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ വര്‍ഗ്ഗാസ് ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു. വര്ഗ്ഗാസിന്റെ ആത്മഹത്യയെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത് അമേരിക്കന്‍ താല്‍പ്പര്യങ്ങളുമായി കൂടുതല്‍ ഇണങ്ങിപ്പോകുന്ന ഒരാളായിരുന്നു. 1961 വരെ അത് തുടര്‍ന്നു. വര്‍ഗ്ഗാസ് മുന്നോട്ടുവച്ച ദേശീയ ജനപ്രിയത വീണ്ടും ബ്രസീലിയന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത് ഇടതുപക്ഷത്തിന്റെ മാസ്മരികനായ നേതാവ് ജാവോ ഗുലാര്ത്ത് ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ്.
രണ്ട്
പോര്‍ചുഗീസ് കുടിയേറ്റക്കാരുടെ വംശ പരമ്പരയില്‍പെട്ട ഒരു സാധാരണ കുടുംബത്തിലായിരുന്നു 1918 മാര്‍ച്ച് 1ന് ജാവോ ഗുലാര്ത്ത് പിറന്നത്. ഗുലാര്ത്തിന്റെ അച്ഛനാകട്ടെ ഗ്രാമീണമേഖലയില്‍ വിപുലമായ നിലയില്‍ കൃഷി ഭൂമി സ്വന്തമായുള്ള ആളായിരുന്നു. അമ്മ വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നു. ഗുലാര്ത്ത് ജനിക്കുന്നതാകട്ടെ മരണത്തോട് മല്ലിട്ടുകൊണ്ടായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ വൈദ്യസഹായങ്ങളൊന്നും ഗുലാര്ത്തിന്റെ അമ്മയ്ക്ക് യഥാസമയം ലഭിച്ചിരുന്നില്ല.
പഠനത്തിനുവേണ്ടി തൊട്ടടുത്തുള്ള പട്ടണത്തിലേയ്ക്ക് ഗുലാര്ത്ത് യാത്രയായി. പഠനപ്രവര്‍ത്തനങ്ങളില്‍ ആ കുട്ടി മികവ് കാട്ടിയിരുന്നില്ല. എന്നാല്‍ ഫുട്ബോളും നീന്തലും ഗുലാര്ത്തിന്റെ ആവേശങ്ങളായിത്തീര്ന്നു. അതേ സമയം പഠനത്തിലുള്ള ഗുലാര്ത്തിന്റെ മികവില്ലായ്മ പരിഹരിക്കാനായി പല സ്കൂളുകളും മാറി മാറി പരീക്ഷിക്കപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ അവിടങ്ങളിലെല്ലാം പഠന പ്രക്രിയയിലായിരുന്നില്ല ഫുട്ബോളിലായിരുന്നു ആ കുട്ടി മികച്ചുനിന്നത്. ഹൈസ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതിനുശേഷം തന്റെ പിതാവിന്റെ താല്‍പ്പര്യാര്‍ഥം ബിരുദം നേടുന്നതിനു വേണ്ടി പോര്‍ട്ടോ അലിഗ്രയിലെ ഒരു നിയമവിദ്യാലയത്തിലേയ്ക്കായിരുന്നു ഗുലാര്ത്ത് പിന്നീട് എത്തിച്ചേര്‍ന്നത്. പോര്‍ട്ടോ അലിഗ്രയില്‍ വച്ച് പഴയകാല സുഹൃത്തുക്കളുടെയും പുതിയ സുഹൃത്തുക്കളുടെയും പുതിയൊരു വലയത്തിലേയ്ക്ക് ഗുലാര്ത്ത് വലിച്ചെറിയപ്പെട്ടു. ആ നഗരകേന്ദ്രത്തിന്റെ രാത്രികാല ജീവിതങ്ങളില്‍ ഗുലാര്ത്തും ആടിത്തിമിര്‍ത്തു. അങ്ങനെയായിരുന്നു ഗുരുതരമായ ചില ലൈംഗികരോഗങ്ങളുടെ പിടിയിലമരുന്നത്. അതിന്റെ ഫലമായി ഗുലാര്ത്തിന്റെ ഇടതുകാല് ഏകദേശം സമ്പൂര്‍ണമായി തളര്‍ന്നു. പിന്നീടുള്ള ദിനങ്ങള്‍ വലിയ തരത്തിലുള്ള ചികിത്സകളുടേതായിരുന്നു. എന്നാല്‍ പഴയതുപോലെ നടക്കാന്‍ ഗുലാര്ത്തിന് പിന്നീടൊരിക്കലും കഴിഞ്ഞില്ല. 1939ല്‍ നിയമബിരുദം നേടിയെങ്കിലും കാലിന്റെ പ്രശ്നമോര്‍ത്ത് നിരാശയുടെ പടുകുഴിയിലേക്ക് വീണു.
പ്രസിഡന്റ് സ്ഥാനത്തുനിന്നും അട്ടിമറിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1945 ഒക്ടോബറില്‍ ഗെര്റ്റ്യൂലിയോ വര്‍ഗാസ് തന്റെ ജന്മദേശമായ സാവോ ബോര്ജയിലാണ് കഴിഞ്ഞുകൂടിയിരുന്നത്. ജാവോ ഗുലാര്ത്തിന്റെ അച്ഛനും വര്ഗ്ഗാസും സുഹൃത്തുക്കളായിരുന്നു. ഗുലാര്ത്തിന്റെ അച്ഛന് 1943ല്‍ മരണപ്പെട്ടതിനെതുടര്‍ന്ന് ഗുലാര്ത്തും വര്‍ഗാസും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പതിവായിത്തീര്‍ന്നു. ഈ കൂടിക്കാഴ്ചകള്‍ക്കിടയില്‍ വച്ചായിരുന്നു ബ്രസീലിയന്‍ രാഷ്ട്രീയത്തിന്റെ അവസ്ഥാതലങ്ങളെക്കുറിച്ച് ജാവോ ഗുലാര്ത്ത് ഗൗരവത്തോടെ ചിന്തിക്കാനാരംഭിക്കുന്നത്. അങ്ങനെയാണ് വര്ഗ്ഗാസിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട മധ്യ-ഇടതുപക്ഷ പാര്‍ടിയായ ബ്രസീലിയന്‍ ലേബര്‍ പാര്‍ടിയില്‍ ഗുലാര്ത്ത് അംഗമായി മാറുന്നത്. ക്രമേണ ബ്രസീലിയന്‍ ലേബര്‍ പാര്‍ടിയുടെ ദേശീയ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജാവോ ഗുലാര്ത്ത് ഉയര്‍ത്തപ്പെട്ടു. സംഘടനാപാടവവും മാസ്മരികമായ പ്രഭാഷണരീതിയും ഇടതുബോധ്യങ്ങളോടുള്ള അടങ്ങാത്ത പ്രതിബദ്ധതയും ജാവോ ഗുലാര്ത്തിനെ വ്യത്യസ്തനാക്കിത്തീര്ത്തു. 1950ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗാസ് വീണ്ടും ബ്രസീലിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വര്‍ഗാസ് കഴിഞ്ഞാല്‍ ബ്രസീലിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഗുലാര്ത്തും മാറിത്തീര്‍ന്നു.
1953ലായിരുന്നു ജാവോ ഗുലാര്ത്ത് വര്‍ഗാസ് ഗവണ്മെന്റില് വകുപ്പുമന്ത്രിയായി നിയമിതനാവുന്നത്. വര്ഗ്ഗാസിന്റെ ഭരണക്രമം അതീവഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു ഘട്ടമായിരുന്നു അത്. തൊഴിലാളികള്‍ വേതനവര്‍ധനവിനു വേണ്ടി പണിമുടക്കിലായിരുന്നു. വലതുപക്ഷ പാര്‍ടികളും മാധ്യമങ്ങളും സൈന്യവും ഈയൊരു അവസരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു അട്ടിമറിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഈയൊരു സന്ദര്‍ഭത്തിലാണ് ഗുലാര്ത്ത് തൊഴില്‍വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത്. സാമൂഹ്യ സുരക്ഷിതത്വത്തെ മുന്‍നിറുത്തിക്കൊണ്ട് ബ്രസീലിയന്‍ ചരിത്രത്തിലാദ്യമായി ഒരു കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കാന്‍ ഗുലാര്ത്ത് തീരുമാനിച്ചു. തൊഴിലാളികളുടെയും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സാമൂഹ്യ സുരക്ഷിതത്വത്തെ പിന്‍പറ്റുന്ന നിരവധി ഉത്തരവുകളും പുറപ്പെടുവിച്ചു. ഇതിനെത്തുടര്‍ന്ന് ബിസിനസ് സമൂഹത്തിന്റെയും യാഥാസ്ഥിതിക വലതുപക്ഷത്തിന്റെയും എല്ലാവിധ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട്, 1954ലെ മെയ്ദിനത്തില്‍, തൊഴിലാളിവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ അതേപടി അംഗീകരിച്ചുകൊണ്ടും മിനിമം വേതനത്തില്‍ നൂറു ശതമാനം വര്‍ദ്ധനവ് ഉറപ്പുവരുത്തിക്കൊണ്ടും ഒരു പുതിയ മിനിമം വേതന നിയമം ബ്രസീലില്‍ നിലവില്‍വന്നു. എന്നാല്‍ ഈ പുതിയ നിയമത്തിനെതിരെ മാധ്യമങ്ങളും സൈന്യവും കടുത്ത വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരുന്നു. ഇതിനിടയില്‍ വര്ഗ്ഗാസിന്റെ സുരക്ഷാസേനയില്പ്പെട്ട ഒരാള്‍, വലതുപക്ഷ പാര്‍ടിയായ നാഷണല്‍ ഡെമോക്രാറ്റിക് യൂണിയന്റെ ഒരു നേതാവിനെതിരെയുണ്ടായ വധശ്രമത്തില്‍ പങ്കാളിയായിട്ടുണ്ടെന്ന വാര്‍ത്തയും പ്രചരിപ്പിക്കപ്പെട്ടു. മാധ്യമങ്ങളും വലതുപക്ഷവും ഒന്നാകെ വര്‍ഗ്ഗാസ് ഭരണക്രമത്തിന്റെ രാജിക്കായി അലമുറയിട്ടു. വര്‍ഗ്ഗാസ് കടുത്ത മാനസികസംഘര്‍ഷത്തിലായി. 1954 ആഗസ്ത് 24-ാം തീയതി വര്‍ഗാസ് തന്റെ വസതിയിലേക്ക് ഗുലാര്ത്തിനെ വിളിച്ചുവരുത്തി. ഗുലാര്ത്തിന്റെ കൈയില്‍ ഒരു കത്തും ഏല്‍പ്പിച്ചു. ഗുലാര്ത്തിന്റെ വസതിയില്‍ തിരിച്ചെത്തിയതിനു ശേഷമേ ആ കത്ത് വായിക്കാവൂ എന്ന നിര്‍ദേശവും നല്കി. ആ കത്ത് വര്ഗ്ഗാസിന്റെ ആത്മഹത്യാക്കുറിപ്പായിരുന്നു! ഒരുപക്ഷേ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ കള്ളക്കഥകളില്‍ മനംനൊന്ത് ആത്മഹത്യയില്‍ അഭയംതേടിയ ആദ്യത്തെ രാഷ്ട്രനേതാവ് ഗെറ്റ്യൂലിയോ വര്‍ഗാസ് ആയിരിക്കാം.
ഗെറ്റ്യൂലിയോ വര്ഗ്ഗാസിന്റെ ആത്മഹത്യയെ തുടര്‍ന്ന് ബ്രസീലിയന്‍ രാഷ്ട്രീയം കുറച്ചുനാള്‍ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോയത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവസരം ബ്രസീലിയന്‍ ലേബര്‍ പാര്‍ടി നല്‍കിയത് ജാവോ ഗുലാര്ത്തിനായിരുന്നു. ബ്രസീലിന്റെ കമ്യൂണിസ്റ്റ് പാര്‍ടിയും ബ്രസീലിയന്‍ ലേബര്‍ പാര്‍ടിയും കൂടുതല്‍ ജനനന്മയ്ക്കുവേണ്ടി കൂടുതല്‍ ഐക്യപ്പെട്ടുകൊണ്ടിരുന്ന ഒരു ഘട്ടം കൂടിയായിരുന്നു അത്. 1956ലും 1960ലും ബ്രസീലിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗുലാര്ത്ത് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മറ്റൊരു പാര്‍ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു. നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 1961ല്‍ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നു.
ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ജാവോ ഗുലാര്ത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഗെറ്റ്യൂലിയോ വര്‍ഗ്ഗാസ് തുടങ്ങിവച്ച ദേശീയ ജനപ്രിയ പരിപാടികളെ ഏറ്റവും തീക്ഷ്ണവും സമരോത്സുകവുമായി വിപുലീകരിക്കുകയും നടപ്പില്വരുത്തുകയുമായിരുന്നു ഗുലാര്ത്തിന്റെ ലക്ഷ്യം. ബ്രസീലിലെ തൊഴിലാളികളും ദരിദ്രജനസാമാന്യവുമായിരുന്നു ഗുലാര്ത്തിന്റെ മുഖ്യപരിഗണനാ വിഷയം. ബ്രസീലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയും മറ്റ് ഇടതുപക്ഷ ഗ്രൂപ്പുകളും ഗുലാര്ത്തിന്റെ പിന്നില്‍ അണിനിരന്നിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വലതുപക്ഷ പിന്തിരിപ്പന് രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും സൈന്യവും ഗുലാര്ത്തിന്റെ ഭരണനിലപാടുകള്ക്കെതിരെ അണിയറയില്‍ ഒത്തുചേരുകയായിരുന്നു. അമേരിക്കന്‍ സിഐഎയുടെയും വേള്‍ഡ് ബാങ്കിന്റെയും ഐഎംഎഫിന്റെയും സാമ്പത്തികതാല്പ്പര്യങ്ങളായിരുന്നു അതിനുപിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
മൂന്ന്
ആണവായുധങ്ങളില്ലാത്ത ലാറ്റിനമേരിക്കയെന്നത് ഗുലാര്ത്തിന്റെ സ്വപ്നമായിരുന്നു. ലാറ്റിനമേരിക്കയെ ആണവായുധങ്ങളില്‍ നിന്നും വിമുക്തമാക്കുന്നതിനുള്ള ചില ഉടമ്പടികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ബ്രസീല്‍ മുന്കൈയടുക്കുകയും ചെയ്തു; ഇത്തരമൊരു മുന്‍കൈ യഥാര്‍ഥത്തില്‍ ലാറ്റിനമേരിക്കയില്‍ നിരന്തരമെന്നോണം അരങ്ങേറിക്കൊണ്ടിരുന്ന സൈനിക അട്ടിമറികള്ക്കെതിരെയുള്ള ഒരു സമരപ്രഖ്യാപനം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ അത് ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ താല്‍പ്പര്യത്തിന് എതിരുമായിരുന്നു.
ദേശീയ താല്‍പ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ നിരവധി പരിഷ്കരണ പ്രക്രിയകള്‍ക്കും ഗുലാര്ത്ത് തുടക്കമിട്ടു. പ്രത്യേകിച്ചും സമ്പദ്ഘടനയുടെ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശേഷിയെ കൂടുതല്‍ വര്ധിതമാക്കിത്തീര്ത്തു.
നിരക്ഷരത ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി അതിവിപുലമായ ഒരു വിദ്യാഭ്യാസ പരിഷ്കാരത്തിനും ഗുലാര്ത്ത് തുടക്കം കുറിച്ചു. ഈയൊരു വിദ്യാഭ്യാസ പരിഷ്കാരത്തിന് മാതൃകയായി സ്വീകരിച്ചതാകട്ടെ പ്രമുഖ ബ്രസീലിയന്‍ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറുടെ ആശയപരിസരങ്ങളെയായിരുന്നു. സര്‍വകലാശാലകളുടെ പരിഷ്കരണങ്ങളും ഇതോടൊപ്പം നടന്നു. സ്വകാര്യമേഖലയിലെ സ്കൂളുകള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി. ബ്രസീലിന്റെ ആകെ വരുമാനത്തിന്റെ പതിനഞ്ച് ശതമാനമായിരുന്നു വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി നീക്കിവച്ചത്.
ബ്രസീലിയന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ മുന്നില്‍ പ്രതിഷ്ഠിക്കുന്ന അതിവിപുലമായ നികുതി പരിഷ്കാരത്തിനും ഗുലാര്ത്ത് നേതൃത്വം നല്കി. ബ്രസീലില്‍ നിന്നും ലാഭം കൊയ്തെടുക്കുന്ന വിദേശ ബഹുരാഷ്ട്രകുത്തക കമ്പനികള്‍ ലാഭവിഹിതത്തിന്റെ ഒരു ഭാഗം ബ്രസീലില്‍ തന്നെ നിക്ഷേപിക്കണമെന്ന വിപ്ലവകരമായ നിലപാടായിരുന്നു ഗുലാര്ത്തിനുണ്ടായിരുന്നത്. വ്യക്തിഗത ലാഭത്തിനാനുപാതികമായി വരുമാന നികുതി അടയ്ക്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. അതോടൊപ്പം അതിവിപുലമായ ഒരു ഭൂപരിഷ്കരണ പദ്ധതിക്കും അടിസ്ഥാനമിട്ടു. 600 ഹെക്ടറിന് മുകളിലുള്ള എല്ലാ തരിശുഭൂമികളും പിടിച്ചെടുക്കാനും ജനങ്ങള്‍ക്കിടയിലേയ്ക്ക് വിതരണം ചെയ്യാനും തീരുമാനിക്കപ്പെട്ടു. നിരക്ഷരരായ മനുഷ്യര്‍ക്കും സൈന്യത്തിലെ താഴ്ന്ന റാങ്കിലുള്ള ജീവനക്കാര്‍ക്കും വോട്ടിങ് അവകാശവും അനുവദിച്ചുനല്‍കി.
വിപ്ലവ ക്യൂബയോടുള്ള ഐക്യദാര്‍ഢ്യവും സ്നേഹവായ്പും ഗുലാര്ത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും നിരന്തരം ഒഴുകിക്കൊണ്ടിരുന്നു. ക്യൂബയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ അന്ത്യശാസനം ചെവിക്കൊള്ളാന്‍ ഗുലാര്ത്ത് തയ്യാറല്ലായിരുന്നു. അതു മാത്രമല്ല ഗുലാര്ത്ത് ചെയ്തത്. ബ്രസീലിയന്‍ മണ്ണില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എല്ലാ അമേരിക്കന്‍ കമ്പനികളെയും ദേശസാത്കരിക്കുകയും ചെയ്തു. ഇങ്ങനെ ബ്രസീലിയന്‍ ദേശതാല്പ്പര്യത്തിനുവേണ്ടി കൈക്കൊണ്ട എല്ലാ നടപടികളും അമേരിക്കന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചു. അവരുടെ കമ്പനികളുടെ ലാഭത്തില്‍ ഒരു പൈസ പോലും കുറയുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ലാറ്റിനമേരിക്കയില്‍ മറ്റൊരു ക്യൂബ പിറക്കുന്നത് അമേരിക്കന്‍ കുത്തകകള്‍ക്ക് താങ്ങാന്‍ കഴിയുന്ന കാര്യമായിരുന്നില്ല.
ബ്രസീലിയന്‍ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്നതിനു വേണ്ടി ജോണ്‍ എഫ് കെന്നഡി തുടങ്ങിവച്ച പദ്ധതികളെ ലിന്‍ഡന്‍ ബി ജോണ്സണ് കൂടുതല്‍ ശക്തിയോടെ പ്രയോഗിക്കാന്‍ ആരംഭിച്ചു. ബ്രസീലിലെ അമേരിക്കന്‍ അംബാസിഡറായി (1961-1966) ലിങ്കണ് ഗോള്‍ഡ് നിയമിതനായി. യഥാര്‍ഥത്തില്‍ അമേരിക്കന്‍ അംബാസിഡര്മാരിലൂടെയായിരുന്നു വിവിധ രാജ്യങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സിഐഎ ആസൂത്രണം ചെയ്തിരുന്നത്. ബ്രസീലിലും മറിച്ചായിരുന്നില്ല. ബ്രസീലിയന്‍ സൈന്യത്തെയും മാധ്യമങ്ങളെയും വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളെയും ഗുലാര്ത്തിനെതിരെ തിരിച്ചുവിട്ടു. എല്ലാ പ്രതിപക്ഷ ഗ്രൂപ്പുകളിലേക്കും ഭീമമായ പണവും പമ്പു ചെയ്തു. അടുത്തഘട്ടം ഗുലാര്ത്തിനെതിരെയുള്ള മനഃശാസ്ത്രയുദ്ധമായിരുന്നു. സിഐഎയുടെ തിരക്കഥയനുസരിച്ച് ഗുലാര്ത്തിന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും മാരകമായി അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരമെന്നോണം വിതറപ്പെട്ടു. ഗുലാര്ത്തിന്റെ സര്‍ക്കാരിനെതിരെ വ്യാജമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള നിരന്തരമായ സമരങ്ങളും സിഐഎയുടെയും അനുബന്ധ ഏജന്‍സികളുടെയും താല്‍പ്പര്യാര്‍ഥം അരങ്ങേറിക്കൊണ്ടിരുന്നു. ഇതിന്റെ തുടര്ച്ചയില്വച്ച്, 1964 ഏപ്രില്‍ 1-ാം തീയതി ജാവോ ഗുലാര്ത്തിന്റെ ജനകീയ സര്‍ക്കാരിനെ സിഐഎയുടെ നേതൃത്വത്തില്‍ സൈന്യം അട്ടിമറിച്ചു. തൊട്ടടുത്ത ദിവസം തന്നെ അമേരിക്കന്‍ കാര്‍മികത്വത്തില്‍ ഒരു സൈനിക സ്വേച്ഛാധിപത്യ ഭരണകൂടത്തെ ഗുലാര്ത്തിന്റെ ഭരണക്രമത്തിനുപകരമായി ബ്രസീലില്‍ അവരോധിക്കുകയും ചെയ്തു. രണ്ടു ദശാബ്ദക്കാലം ആ സൈനിക സ്വേച്ഛാധിപത്യഭരണകൂടം ബ്രസീലിനെ അടക്കിഭരിച്ചു. ജനങ്ങളുടെ എല്ലാ തരത്തിലുള്ള പൗരാവകാശങ്ങളും റദ്ദു ചെയ്യപ്പെട്ടു. എല്ലാ ജനകീയ പദ്ധതികളും അട്ടിമറിക്കപ്പെട്ടു. രാഷ്ട്രീയപാര്‍ടികളും സംഘടനകളും നിരോധിക്കപ്പെട്ടു.
1964 ഏപ്രില്‍ 4നുതന്നെ ജാവോ ഗുലാര്ത്തിനും കുടുംബത്തിനും രാഷ്ട്രീയാഭയാര്ഥികളായി ഉറുഗ്വേയിലേയ്ക്ക് രക്ഷപ്പെടേണ്ടി വന്നു. വേട്ടയാടലും അപകീര്‍ത്തിപ്പെടുത്തലും തുടര്‍ന്നുകൊണ്ടേയിരുന്നു. സിഐഎയുടെ ചാരക്കണ്ണുകള്‍ അവരുടെമേല്‍ എപ്പോഴും പതിച്ചുകൊണ്ടിരുന്നു. അര്‍ജന്റീനയിലെ ഒരു അപ്പാര്‍ട്ടുമെന്റിനുള്ളില്‍ ജാവോ ഗുലാര്ത്തിനെ 1976 ഡിസംബര്‍ 6ന് സിഐഎയുടെ ചാരന് വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുള്ള അനുമതി നല്‍കാതെ ബ്രസീലിയന്‍ സൈനിക ഭരണകൂടം ആ ശരീരം മറവുചെയ്യുകയാണുണ്ടായത്. ജനങ്ങള്‍ക്കു വേണ്ടി പൊരുതിനിന്നതിന്റെ വിലയായിട്ടായിരുന്നു ജാവോ ഗുലാര്ത്ത് എന്ന പോരാളിക്ക് സ്വന്തം ജീവന് ബലിയര്പ്പിക്കേണ്ടതായി വന്നത്.