എസ്എഫ്ഐയുടെ അരനൂറ്റാണ്ട്

ഐ ബി സതീഷ്

സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ - എസ്എഫ്ഐയ്ക്ക് അമ്പതുവയസ്. 1970 ഡിസംബര്‍ 30ന് പിറവിയെടുത്ത ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് പറയാനുള്ളത് സമാനതകളില്ലാത്ത പോരാട്ട ചരിത്രം. സമരതീക്ഷ്ണതയുടെ ഇന്നലെകളില്‍ നിന്ന് ഈ പ്രസ്ഥാനത്തെ വായിച്ചെടുക്കുമ്പോള്‍ അത് ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയുടെ പുരോഗതിയുടെ ചരിത്രം കൂടിയാകുന്നു. ഏറ്റെടുത്ത മുദ്രാവാക്യങ്ങളിലൂടെ ജീവസുറ്റ സംഘടനാ സംവിധാനങ്ങളിലൂടെ മികച്ച സംഘാടനങ്ങളിലൂടെ കൂട്ടായ്മയുടെ പുതിയ ചരിത്രമാണ് എസ്എഫ്ഐ  സമ്മാനിച്ചത്. പഠനത്തോടൊപ്പം പോരാട്ടവും സര്‍ഗാത്മകതയും സമന്വയിപ്പിച്ച് ഇന്ത്യന്‍ കാമ്പസുകളെ പ്രതീക്ഷകളുടെ പുതുപുലരിയിലേക്ക് നയിച്ചുവെന്നതാണ് എസ്എഫ്ഐയെ വ്യത്യസ്തമാക്കുന്നത്. വിദ്യാര്‍ഥികളെ രാഷ്ട്രീയ ബോധ്യമുള്ളവരാക്കി മാറ്റാനും നേരിന്‍റെ പടപ്പാട്ടുകാരായി അവരെ മാറ്റിത്തീര്‍ക്കാനും അവകാശബോധമുള്ള തലമുറയായി അവരെ പരിവര്‍ത്തനം ചെയ്യിക്കാനും സംഘടനയ്ക്കു കഴിഞ്ഞു. സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൊടിക്കൂറയ്ക്കു കീഴില്‍ നിന്ന് അവര്‍ നീതിബോധമുള്ളവരായി അനീതികള്‍ക്കെതിരെ വിരല്‍ചൂണ്ടി. എത്ര മുതിര്‍ന്നാലും ഉള്ളില്‍ ഒരു എസ്എഫ്ഐ കാലം ചിറകൊതുക്കും.
അരനൂറ്റാണ്ടു മുമ്പ് ഡിസംബറില്‍ തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നു ദിവസത്തെ സമ്മേളനത്തിലാണ് എസ്എഫ്ഐ രൂപം കൊള്ളുന്നത്. സി ഭാസ്കരന്‍ പ്രസിഡന്‍റും ബിമന്‍ ബസു സെക്രട്ടറിയുമായി 29 അംഗ കമ്മറ്റി നിലവില്‍ വന്നു. എകെജിയായിരുന്നു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. അന്നത്തെ വിദ്യാര്‍ഥി സമൂഹം ഏറ്റെടുക്കേണ്ട വിവിധ ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് എകെജി തന്‍റെ പ്രസംഗത്തില്‍ വിശദമാക്കി.
ലോകമെമ്പാടുമുയര്‍ന്നു വന്ന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്‍റെ അലയൊലികള്‍ ഇന്ത്യയിലും വീശിയടിച്ചു. എഴുപതുകള്‍ ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ ആഞ്ഞടിച്ച കാലമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍വന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായി. പ്രത്യേകിച്ചും പശ്ചിമബംഗാളില്‍. ഭക്ഷ്യക്ഷാമം ബംഗാളിനെ ഞെരിച്ചു കൊന്നു. 1966 ല്‍ ബംഗാളില്‍ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് വെടിവച്ചു. ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടതോടെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു.
നിലവിലുണ്ടായിരുന്ന ആള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ എന്ന സംഘടനയുടെ രീതികളോട് യോജിക്കാന്‍ കഴിയാതെ വന്നവര്‍ വിവിധ സംസ്ഥാനങ്ങളില്‍ പലരൂപത്തിലുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. രാജ്യവ്യാപകമായി ഏക വിദ്യാര്‍ഥിസംഘടന എന്ന ആശയം രൂപം കൊണ്ടു. 1970 ജൂണില്‍ കൊല്‍ക്കത്തയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ ഒത്തുചേര്‍ന്നു. വീണ്ടും 24 പര്‍ഗാന ജില്ലയില്‍ ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഡിസംബറില്‍ തിരുവനന്തപുരത്ത് രൂപീകരണ സമ്മേളനം ചേരാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ നാഴികക്കല്ലായ എസ്എഫ്ഐയുടെ പിറവി. മിക്ക സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് 624 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അന്നുയര്‍ന്നതാണ് സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ശുഭ്രപതാക. ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ പര്യാപ്തമായ നയങ്ങളും ആശയങ്ങളും മൂന്നു ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്തു. തികച്ചും ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു സമ്മേളനനടപടികള്‍. ഇന്ത്യന്‍ വിദ്യാര്‍ഥിസമൂഹത്തിന്‍റെ പുതിയ വഴിത്താര രൂപപ്പെടുത്തുന്നതില്‍ പങ്കാളികളാവുന്നതിന്‍റെ ആവേശത്തിലായിരുന്നു പ്രതിനിധികള്‍. നാലാം ദിവസം വന്‍ റാലിയോടെയാണ് സമ്മേളനം സമാപിച്ചത്. അരലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എല്ലാ ജില്ലയില്‍ നിന്നുമായി എത്തിച്ചേര്‍ന്നു.
സ്വാതന്ത്ര്യത്തിനും എത്രയോ കാലങ്ങള്‍ക്കു മുമ്പേ ഇന്ത്യയില്‍ കാമ്പസ് സംഘടനകള്‍ പിറവിയെടുത്തിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ കൊല്‍ക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളില്‍ വിദ്യാര്‍ഥികളുടെ വിവിധ സംഘടനകളും ക്ലബുകളും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1835 ഫെബ്രുവരി 2 ന് മെക്കാളെ പ്രഭുവിന്‍റെ വിദ്യാഭ്യാസനയ പ്രഖ്യാപനം വന്നു. രൂപത്തിലും നിറത്തിലും ഇന്ത്യക്കാരും ചിന്തയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായിരിക്കുന്ന വര്‍ഗത്തെ സൃഷ്ടിക്കാനാണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ടു വരുന്നതെന്ന് മെക്കാളെ പറഞ്ഞു. അതിനെതിരായ പ്രകടനങ്ങളില്‍ ധാരാളം വിദ്യാര്‍ഥികള്‍ അണിനിരന്നു. അതിനും മുമ്പ് കൊല്‍ക്കത്തയില്‍ 1828 ല്‍ രൂപം കൊണ്ട അക്കാദമിക് അസോസിയേഷന്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പ്രവര്‍ത്തന കേന്ദ്രമായിരുന്നു. ഇന്ത്യയില്‍ രൂപീകൃതമായ ആദ്യ വിദ്യാര്‍ഥിയുവജന കൂട്ടായ്മയായിരിക്കണം അത്. ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൊല്‍ക്കത്തയില്‍ കോളനി ഭരണത്തിനെതിരായ ഏതു പ്രതികരണവും ആദ്യം ഉയര്‍ന്നുവന്നു. കൊല്‍ക്കത്ത സംസ്കൃത കോളേജില്‍ ആരംഭിച്ച ദ സൊസൈറ്റി, സ്റ്റുഡന്‍റ് ലിറ്റററി ആന്‍ഡ് സയന്‍റിഫിക് സൊസൈറ്റി, ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍, 1876 ല്‍ രൂപീകരിച്ച സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും പതുക്കെ പ്രവര്‍ത്തനം തുടങ്ങി. 1870 കളില്‍ ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോളേജുകളില്‍ പലവിധ വിഷയങ്ങളുടെ പേരില്‍ വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ പടര്‍ന്നു. ഇതേസമയംതന്നെ ദക്ഷിണേന്ത്യയില്‍ മദ്രാസ് സര്‍വകലാശാലകളിലും പലവിധ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അസമില്‍ ഭരണഭാഷ ബംഗാളിയാക്കിയതിനെതിരെ വിദ്യാര്‍ഥികള്‍ തെരുവിലറങ്ങി. അതേസമയം തന്നെ കേരളത്തില്‍ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ ദിവാന്‍ ഭരണത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പുറത്താക്കി.അങ്ങനെ 1890 കളുടെ തുടക്കവും അവസാനവും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ തുടക്കമായി.
1990 കളുടെ തുടക്കം ബ്രിട്ടീഷ് ഭരണത്തോടുള്ള എതിര്‍പ്പ് പരസ്യമായ പ്രതിഷേധങ്ങളിലേക്ക് നയിക്കപ്പെട്ടു. 1905 ലെ ബംഗാള്‍ വിഭജനം അതില്‍ തീപ്പൊരികള്‍ ആളിച്ചു. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് ആരംഭിച്ച സ്വദേശി വിദ്യാഭ്യാസ പ്രസ്ഥാനത്തിന് രവീന്ദ്രനാഥ ടാഗോറിന്‍റെ പിന്തുണയും ലഭിച്ചു. ഇംഗ്ലീഷ് പരീക്ഷ സ്കോളര്‍ഷിപ്പോടെ പാസാകുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കാന്‍ പാടില്ല എന്ന ബ്രിട്ടീഷുകാരുടെ നയം വന്‍പ്രതിഷേധത്തിന് കാരണമായി. കൂടാതെ ആ സമയത്ത് വിദേശ സര്‍വകലാശാലകളില്‍ പോയി പഠിച്ച് മടങ്ങിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും വര്‍ധിച്ചു. അവര്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെ ബ്രിട്ടീഷുകാര്‍ക്ക് കലിയിളകി. കൊല്‍ക്കത്തയുടെ തെരുവുകളില്‍ പടര്‍ന്ന പ്രതിഷേധം അണയ്ക്കാനായില്ല.അതിനിടയില്‍ ചില വിഭാഗങ്ങള്‍ തീവ്രമായ നിലപാടുകളിലേക്ക് മാറി, അനുശീലന്‍ സമിതിപോലുള്ള സംഘടനകള്‍ സജീവമാകുകയും ചെയ്തു. അതേസമയം തന്നെ മുംബൈയിലും വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ രൂപമെടുത്തു. ദക്ഷിണേന്ത്യയിലും കേരളത്തിലും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ സജീവമായി.  ആനിബസന്‍റിന്‍റെ നേതൃത്വത്തില്‍ ദേശീയ വിദ്യാര്‍ഥി സംഘടന രൂപം കൊണ്ടു. ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമാകാന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ഷണമുണ്ടായി.  അലിഗഢ് കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി. സ്വാതന്ത്ര്യസമരത്തിലേക്കുള്ള പാതയില്‍ ഗാന്ധിജിയുടെ വരവും വിദ്യാര്‍ഥികള്‍ക്ക് ഉത്തേജനമായി. 1920 ഡിസംബര്‍ 25ന് നാഗ്പൂരില്‍ ഇന്ത്യയിലെ ആദ്യത്തെ കോളേജ് വിദ്യാര്‍ഥികളുടെ സമ്മേളനം ചേര്‍ന്നു. പിന്നീട് 1931 ല്‍ ഭഗത് സിങ്ങിന്‍റെയും രാജ്ഗുരുവിന്‍റെയും സുഖ്ദേവിന്‍റെയും രക്തസാക്ഷിത്വം വിദ്യാര്‍ഥി സമൂഹത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയ സംഭവമായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷവും ഭരണാധികാരികള്‍ക്ക് വ്യക്തമായ നയം ആവിഷ്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീണ്ടും തെരുവിലിറങ്ങി. കേരളത്തിലാകട്ടെ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തനം സജീവമായി. ഇടക്കാലത്ത് നക്സല്‍ ആശയങ്ങളും സംഘടനയില്‍ കടന്നുവന്നു. അറുപതുകളില്‍ എഐഎസ്എഫിന്‍റെ ആശയഗതികളോട് വിയോജിച്ച് കെഎസ്എഫ് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി സജീവമായി രംഗത്തിറങ്ങി. അതിന്‍റെ തുടര്‍ച്ചയായാണ് ദേശീയ തലത്തില്‍ ഉറച്ച നിലപാടുകളുള്ള വിദ്യാര്‍ഥി സംഘടന എന്ന ആശയത്തിന് വിത്തുവീണത്.
സമരപോരാട്ടങ്ങളിലേക്ക്
ശക്തമായ സമരപോരാട്ടങ്ങളാണ് പിന്നീട് സംഘടന ഏറ്റെടുത്തത്. രാജ്യത്തെ വിദ്യാര്‍ഥികളുടെ ആകെ പിന്തുണ നേടാന്‍ സംഘടനക്കു കഴിഞ്ഞു. കാമ്പസുകളിലും കലാലയങ്ങളിലും ശക്തമായ സാന്നിധ്യമായി. കരുത്തുറ്റ നേതൃത്വവും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനവും സംഘടനയെ ശക്തമാക്കി. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളിലും വിദ്യാര്‍ഥികള്‍ വലിയ പങ്കുവഹിച്ചു. ഏറ്റവും വലിയ വിദ്യാര്‍ഥി വേട്ടയുടെ കാലവും അതായിരുന്നു. തുടര്‍ന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെയും കേരളത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരുകളുടെയും തലതിരിഞ്ഞ നയങ്ങള്‍ക്കെതിരെ എസ്എഫ്ഐ വിട്ടുവീഴ്ചയില്ലാതെ പോരാടി. അവകാശങ്ങള്‍ക്കായി സമരം ചെയ്തു. പലപ്പോഴും അവയെ ചോരയില്‍ മുക്കി. ഏറ്റ മര്‍ദ്ദനങ്ങള്‍ക്കു കണക്കില്ല. വിദ്യാര്‍ഥി സമൂഹം നയിച്ച സമാനതകളില്ലാത്ത ആ ത്യാഗത്തിന്‍റെ ഫലമാണ് നാം ഇന്നു കാണുന്ന കേരളത്തിന്‍റെ വിദ്യാഭ്യാസ നേട്ടങ്ങള്‍. രാജ്യത്താകമാനം സംഘടന ഏറ്റെടുത്ത സമരപോരാട്ടങ്ങള്‍ക്ക് കണക്കില്ല. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ലാത്തിച്ചാര്‍ജിനും വിധേയമായി. അതൊക്കെ ഇവിടെ വിശദീകരിച്ചു തീര്‍ക്കാനാവില്ല.
നിരവധി വിദ്യാര്‍ഥികളുടെ ഇടനെഞ്ചിലെ ചോരയിലൂടെയാണ് എസ്എഫ്ഐ പ്രസ്ഥാനം വളര്‍ന്നത്. 1973ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഷ്റഫിനെ കൊലപ്പെടുത്തിയാണ് എതിര്‍സംഘടനക്കാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടു തുടങ്ങിയത്. എത്രയെത്ര വിദ്യാര്‍ഥികളാണ് കെഎസ്യു-കോണ്‍ഗ്രസ് ക്രിമിനലുകളുടെ ക്രൂരതയ്ക്ക് ഇരയായത്. സൈമണ്‍ബ്രിട്ടോയെ പോലെ എത്രപേരെയാണ് അവര്‍ പിന്നില്‍ നിന്ന് ആക്രമിച്ചത്. പക്ഷേ ഒരു കലാലയത്തിലും എസ്എഫ്ഐയുടെ കൈകൊണ്ട് ഒരാളും മരിച്ചിട്ടില്ല.
ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് എസ്എഫ്ഐയ്ക്കുള്ളത്. ഇനിയും ഏറ്റെടുക്കാനുള്ളതും ചരിത്രപരമായ കടമകള്‍ തന്നെയാണ്. ആഗോളവല്‍ക്കരണവും നവ ഉദാരവല്‍ക്കരണവും പുതിയ രൂപത്തില്‍ കടന്നുവരികയാണ്. കോവിഡിന്‍റെ മറവില്‍ കേന്ദ്രം പുതിയ വിദ്യാഭ്യാസ നയം തന്നെ കൊണ്ടു വരുന്നു. ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പഠിക്കാനുള്ള അവകാശം ഇല്ലാതാകുന്ന സ്ഥിതി സംജാതമാകുന്നു. ഈ സാഹചര്യത്തില്‍ എസ്എഫ്ഐയ്ക്ക് പുതിയ സമരപന്ഥാവുകളിലേക്ക് നീങ്ങേണ്ടിവരും. ഏതു പ്രതിസന്ധികളെയും മുറിച്ചു നീങ്ങാനുള്ള കരുത്തും ഊര്‍ജവും, പിന്നിട്ട അരനൂറ്റാണ്ട് കാലം സംഘടനയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
കാലോചിതമായ മാറ്റത്തിന് വിധേയമാകുമ്പോഴും നിയോഗം മറക്കാതെ മുന്നോട്ട് പോകാനാകുന്നുവെന്നത് മുന്‍ കാല പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന  സ്കൂളുകളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് പരിമിതികള്‍ ഏറെ വന്നിരിക്കുന്നു. അരാഷ്ട്രീയവാദത്തിന്‍റെ മറപിടിച്ച് നിക്ഷിപ്ത താല്‍പര്യസംരക്ഷകര്‍ സംഘടനാ പ്രവര്‍ത്തനത്തെ ലക്ഷ്യം വച്ചു തുടങ്ങിയത് സ്കൂളുകളില്‍ നിന്നാണ്. സ്കൂള്‍ തല സഹവാസ പഠന ക്യാമ്പുകളും വാഹന ജാഥകളും വാശിയേറിയ സ്ക്കൂള്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുകളും സംവാദങ്ങളുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ രാഷ്ട്രീയ മനസുകള്‍ ഉറക്കം കെടുത്തിയ വിഭാഗമാണ് അതിന് നേതൃത്വം നല്‍കിയത്.
കലാലയങ്ങളിലെ ശബ്ദങ്ങളെ  ഇല്ലായ്മചെയ്യാന്‍ മത സാമുദായിക സംഘടനകള്‍ നേതൃത്വം നല്‍കുന്ന മാനേജ്മെന്‍റ് കോടതികളെ സമീപിക്കുമ്പോഴും നീതിന്യായ വ്യവസ്ഥയെ തെറ്റിദ്ധരിപ്പിക്കുമ്പോഴും' ഞങ്ങള്‍ക്ക് നിശബ്ദമായി ഇരിക്കാന്‍ കഴിയില്ല എന്ന നിരന്തര ഓര്‍മ്മപ്പെടുത്തലുമുണ്ട്.
ക്യാമ്പസുകളില്‍ അരാഷ്ട്രീയത വര്‍ധിക്കുമ്പോള്‍, അനാര്‍ക്കിസ്റ്റുകള്‍ ബോധപൂര്‍വം തെറ്റായ സന്ദേശങ്ങള്‍ നല്‍കുമ്പോള്‍  ഇതിനെയെല്ലാം അതിജീവിച്ചു തന്നെ നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഒരു വെല്ലുവിളി തന്നെയാണ്
പ്രതികൂലതകളുടെ കാലത്തും സംഘടനാ പ്രവര്‍ത്തന രീതിയിലും എസ്എഫ്ഐ മാറ്റങ്ങള്‍ സൃഷ്ടിച്ചു.  അതില്‍ എടുത്തു പറയേണ്ടത് ലോക്ഡൗണ്‍ കാലത്തും ഈ വിദ്യാര്‍ഥി പ്രസ്ഥാനം പിന്തിരിഞ്ഞു നിന്നില്ല എന്നതാണ്.  വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിച്ച് ഈ പ്രസ്ഥാനം അവരോടൊപ്പം ചേര്‍ന്നുതന്നെ നിന്നു.
മാനുഷികതയുടെ പക്ഷം ചേര്‍ന്നു  അതിജീവനത്തിന്‍റെ  കയ്യൊപ്പാണ് ഈ പ്രസ്ഥാനം നടത്തിയത്. ഈ കാലത്തു തന്നെ മുന്‍കരുതല്‍ എന്ന രീതിയില്‍ ' സമൃദ്ധിയിലൂടെ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചതും, വിദ്യാര്‍ഥികളെ കൃഷിയിടത്തിലേക്ക് അയച്ചതും ഒരേ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ തന്നെയാണ്. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിച്ച് അവരോടൊപ്പവും ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഗൃഹസന്ദര്‍ശനം നടത്തിയ സംഘടനയുടെ പേരും എസ്എഫ്ഐ എന്നുതന്നെയാണ്.
അര നൂറ്റാണ്ട് പിന്നിടുന്ന സംഘടിത വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ മുന്നില്‍ ഉയരുന്ന പ്രതിസന്ധികള്‍ വൈവിധ്യമാര്‍ന്നതാണ്.. സാങ്കേതിക വളര്‍ച്ചയുടെയും മാധ്യമ രംഗത്തെ നൂതന പ്രവണതകളുടെയും കാലത്ത് പുരോഗമന രാഷ്ട്രീയത്തെ ലക്ഷ്യം വെക്കുന്ന ചില നീക്കങ്ങളുണ്ട്. ഏത് പ്രതിസന്ധിയിലും സാധ്യതകളെ സൃഷ്ടിക്കുന്ന വിപ്ലവകാരികളുടെ പോരാട്ടതൃഷ്ണ ഇന്നും എസ്എഫ്ഐക്ക് ഊര്‍ജമായുണ്ട്.
'വര്‍ഗീയത തുലയട്ടെ' എന്ന് അഭിമന്യു ചുവരില്‍ കോറിയിട്ട വാക്കുകളാണ് ഇന്ന് കാമ്പസുകളുടെ ഹൃദയസ്പന്ദനം. നിലപാടുകളും നിലയ്ക്കാത്ത പോരാട്ടങ്ങളും കൊണ്ട് രാജ്യത്തിനുതന്നെ മാതൃകയാണ് അരനൂറ്റാണ്ട് പിന്നിടുന്ന എസ്എഫ്ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനം.