കേന്ദ്ര ഏജന്‍സികളും മാധ്യമങ്ങളും ഒത്തുപിടിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ

സി പി നാരായണന്‍

ദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്‍റെ രണ്ടാം ഘട്ടവേളയിലാണ് ഈ വരികള്‍ എഴുതുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിന്‍റെ ശതമാനം 2015ലേതില്‍ അല്‍പ്പം മാത്രം കുറവാണ്. കോവിഡ് മഹാമാരിയുടെ ആഘാതം മൂലം വോട്ട് ശതമാനം കാര്യമായി കുറഞ്ഞേക്കാം എന്ന ആശങ്ക വ്യാപകമായി ഉണ്ടായിരുന്നു. എന്നാല്‍, ജനങ്ങള്‍ വേണ്ട മുന്‍കരുതലോടെ വോട്ടെടുപ്പില്‍ സജീവമായി പങ്കെടുത്തു. ജനകീയാസൂത്രണത്തിന്‍റെ സത്ഫലങ്ങള്‍ ധാരാളമായി അനുഭവിക്കുന്നവര്‍ എങ്ങനെ തദ്ദേശഭരണ സ്ഥാപനങ്ങളെ അവഗണിക്കും? ഓരോ 5 വര്‍ഷം കഴിയുംതോറും സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന സഹായം ഗണ്യമായി വര്‍ധിക്കുകയല്ലേ? കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അവയ്ക്കു നല്‍കപ്പെട്ടത് 7600 കോടി രൂപയില്‍പരമായിരുന്നു. ഈ സര്‍ക്കാരിന്‍റെ കാലത്ത് അത് 12,000 കോടിയില്‍പരമായി വര്‍ധിച്ചു. ഏതാണ്ട് 60 ശതമാനത്തിന്‍റെ വര്‍ധന. മാലിന്യ സംസ്കരണം, കൃഷി, സ്കൂള്‍, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പാവങ്ങള്‍ക്ക് വീട്, കുടുംബശ്രീ എന്നിങ്ങനെ എത്രയെത്ര വിഷയങ്ങളിലാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വലിയ പുരോഗതി കൈവരിച്ചിരിക്കുന്നത്!
എന്നാല്‍, സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ടികളും അവയെ അനുകൂലിക്കുന്ന ചില മാധ്യമങ്ങളും അത്തരം കാര്യങ്ങളല്ല തിരഞ്ഞെടുപ്പു പ്രചരണത്തിനു ഉപയോഗിക്കുന്നത്; തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഓരോ മുന്നണികളും ജനസമക്ഷം അവതരിപ്പിച്ച തിരഞ്ഞെടുപ്പ് പ്രകടന പ്രതികകളുമല്ല. അവയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പു കാലത്ത് പൊക്കിപ്പിടിക്കേണ്ടതും ആ പാലം കടന്നശേഷം വലിച്ചെറിയേണ്ടതുമായ ഒരു സാധനമാണ് പ്രകടന പ്രതിക. ഇത് ആ പാര്‍ടികളെക്കുറിച്ചുള്ള അപവാദ പ്രചരണമല്ല. അവയുടെ ഉന്നതനേതാക്കള്‍ തന്നെ ജനങ്ങേളാട് മാധ്യമങ്ങള്‍ വഴി പറഞ്ഞ കാര്യമാണ്.
പിന്നെ എന്താണ് തിരഞ്ഞെടുപ്പു പ്രചരണ വേളയില്‍ നടക്കുന്നത്? പ്രതിപക്ഷ പാര്‍ടികളും അവയുടെ പ്രചരണായുധങ്ങളായി പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങളും ഒരു അജന്‍ഡ നിശ്ചയിച്ച് പ്രവര്‍ത്തിക്കുകയാണ്. കുറെ മാസങ്ങള്‍ക്കു മുമ്പ് ഏഷ്യാനെറ്റ് ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പു നടത്തി, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എങ്ങനെയാകും പ്രതികരിക്കുക എന്നു വിലയിരുത്താന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ് ജനങ്ങളില്‍ ഭൂരിപക്ഷവും എന്ന് അവര്‍ കണ്ടു. എല്‍ഡിഎഫ് വീണ്ടും തിരഞ്ഞെടുക്കപ്പെടാമെന്നും. അതോടെ പ്രതിപക്ഷങ്ങളുടെയും അവയുടെ തലച്ചോറും നാവുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെയും സമീപനം മാറി. എല്‍ഡിഎഫ് സര്‍ക്കാരിനെയും അതിന്‍റെ നേതൃത്വം വഹിക്കുന്ന പിണറായി വിജയനെയും നിരന്തരം കടന്നാക്രമിക്കലായി അവരുടെ പതിവ് പരിപാടി.
മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ മഹാമാരിയായി കോവിഡ് ബാധ പൊട്ടിപ്പുറപ്പെടുകയും കേന്ദ്ര സര്‍ക്കാര്‍ മാസങ്ങളോളം മിക്കവാറും എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുകയും തന്മൂലം ലക്ഷക്കണക്കിനു ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത് ജനങ്ങള്‍ പട്ടിണികിടക്കാതിരിക്കാന്‍ സൗജന്യറേഷനും കോവിഡ് ബാധിക്കുന്നവര്‍ക്കെല്ലാം സൗജന്യ ചികിത്സയും നല്‍കുന്നതു പോലുള്ള നടപടികള്‍ക്കായിരുന്നു. മാത്രമല്ല, സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റുമായി കിഫ്ബി വഴി ആയിരക്കണക്കിനു കോടി രൂപ ചെലവിട്ടതിലൂടെ ധാരാളം തൊഴിലുകള്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥിത്തൊഴിലാളികളെയും തെരുവില്‍ അലഞ്ഞു നടക്കുന്നവരെയും വരെ ഭക്ഷണവും പാര്‍പ്പിടവും നല്‍കി സംരക്ഷിച്ചു. മഹാമാരിക്കാലത്തെ കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം രാജ്യത്താകെ മാത്രമല്ല, അന്തര്‍ദേശീയമായി തന്നെ ശ്രദ്ധിക്കപ്പെട്ടു, അഭിനന്ദിക്കപ്പെട്ടു.
അതിനിടയിലാണ് ജൂലൈ 5നു തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്കുവന്ന നയതന്ത്ര സംരക്ഷണയുള്ള ബാഗില്‍ നിന്ന് കളവായികടത്തിയ സ്വര്‍ണം പിടിക്കപ്പെട്ടത്. അത് അവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കസ്റ്റംസിനെ വിളിച്ചതായി ഉടന്‍ തന്നെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, അങ്ങനെയാരും വിളിച്ചില്ലെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചരണ ഗുണ്ട് ചീറ്റിപ്പോയി. ഇങ്ങനെ ഒരു വിവാദം ഉയര്‍ന്നപ്പോള്‍ ആ കള്ളക്കടത്ത് അന്വേഷിക്കാന്‍ യുക്തമായ ഏജന്‍സിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി.
അങ്ങനെ എന്‍ഐഎ വന്നു. അവരും കസ്റ്റംസും അന്വേഷണം നടത്തി. സ്വപ്നാ സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരടക്കം പലരും അറസ്റ്റിലായി. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജനം ടിവിയിലെ അനില്‍നമ്പ്യാര്‍ ചോദ്യം ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെടുമെന്ന വാര്‍ത്ത പരന്നു. പക്ഷേ, ബിജെപി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ റാഞ്ചിക്കൊണ്ടുപോയി. മറ്റൊരു ബിജെപിക്കാരനായ സന്ദീപ് നായര്‍ മാപ്പു സാക്ഷിയാക്കപ്പെടുമെന്നാണ് വാര്‍ത്ത. അവരില്‍നിന്നു സ്വര്‍ണം വാങ്ങിയ പലരും അറസ്റ്റിലായെങ്കിലും, സാമ്പത്തിക കുറ്റത്തിലപ്പുറം ഒന്നും അവര്‍ ചെയ്തതായി എന്‍ഐഎക്ക് തെളിയിക്കാന്‍ കഴിയാത്തതുകൊണ്ട് കോടതി അവരെ ജാമ്യത്തില്‍ വിട്ടു. സ്വര്‍ണം ഗള്‍ഫില്‍ നിന്നു വാങ്ങി അയച്ചവരെയോ നയതന്ത്ര ബാഗ് വഴി ഇവിടേക്ക് കൊണ്ടുവരാന്‍ സഹായിച്ച കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയോ പിടികൂടാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎക്ക് അനുമതി നല്‍കിയിട്ടില്ല. മാത്രമല്ല, കേസ് ഇപ്പോള്‍ എന്‍ഐഎക്ക് പകരം കൈകാര്യം ചെയ്യുന്നത് ഇഡി എന്ന സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയാണ്. അവര്‍ സ്വപ്നാ സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കും എന്ന വാര്‍ത്തയുണ്ട്.
കേരളത്തിലെ ബിജെപി, യുഡിഎഫ് കക്ഷികളും അവയെ പിന്താങ്ങുന്ന മാധ്യമങ്ങളും കൂടി മുഖ്യമന്ത്രിയെയും മറ്റു ചില സിപിഐ എം  നേതാക്കളെയും ഇപ്പോള്‍ സ്പീക്കറെ പോലും ആരോപണ വിധേയരാക്കാനാണ് നീക്കമെന്നു വ്യക്തമായിട്ടുണ്ട്. ഏതാണ്ട് പട്ടാങ്ങായി കെ സുരേന്ദ്രന്‍ തന്നെ അത് തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ പ്രസ്താവിച്ചിട്ടുമുണ്ട്. അവര്‍ക്ക് ഈ നേതാക്കളെ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് ചോദ്യം ചെയ്യിക്കണം. അതിനു തക്ക കാരണം ഉണ്ടാക്കാനാണ് സ്വപ്നയെയും സരിത്തിനെയും കൊണ്ട് പുതിയ മൊഴികള്‍ ഉണ്ടാക്കുന്നത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെയായി കസ്റ്റംസ്, എന്‍ഐഎ, ഇഡി എന്നിവയുടെ ചോദ്യം ചെയ്യലില്‍ അവര്‍ കൊടുത്ത മൊഴികളായി എന്തെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്? അവ പലതും പൂര്‍വാപര വിരുദ്ധമാണ് എന്ന് കോടതികള്‍ തന്നെ വാക്കാല്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
ഇവിടെ പ്രശ്നം ഒരു ക്രിമിനല്‍ കേസ് മാധ്യമവിചാരണയിലൂടെ എങ്ങനെ വഴിമാറ്റപ്പെടുന്നു എന്നതാണ്. ഇന്ത്യയിലേക്ക്, അതിന്‍റെ ഭാഗമായി കേരളത്തിലേക്ക് വന്‍തോതിലാണ് സ്വര്‍ണം നികുതി അടയ്ക്കാതെ കളവായി കൊണ്ടുവരപ്പെടുന്നത്. അതില്‍ മിക്കതും പിടിക്കപ്പെടാറില്ല. കസ്റ്റംസ് അറിഞ്ഞോ അറിയാതെയോ ആകാം. തല്‍ഫലമായി സ്വര്‍ണകള്ളക്കടത്തിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട നികുതിയും രാജ്യത്ത് നല്ല പണമായി കണക്കില്‍ വരേണ്ട തുകകളും കള്ളപ്പണമായി മാറുന്നു. അത് പിടിക്കാനെന്ന പേരില്‍ 2016 നവംബറില്‍ പ്രധാനമന്ത്രി മോഡി നടത്തിയ നോട്ട് റദ്ദാക്കല്‍ നടപടിയുടെ മുഖത്തു നോക്കി കള്ള സ്വര്‍ണക്കടത്ത് കൊഞ്ഞനം കാണിക്കുന്നു. അത്തരം കേസുകള്‍ സത്യസന്ധമായി നടത്തുന്നതിനു കേന്ദ്ര സര്‍ക്കാരിനു താല്‍പ്പര്യമില്ല എന്നാണ് ഈ കേസന്വേഷണം തെളിയിക്കുന്നത്.
അതേ സമയം അതില്‍ മറ്റൊരു താല്‍പ്പര്യമുണ്ട്: പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരുകളെയും ഒതുക്കാന്‍ ഇത്തരം കേസുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉപയോഗിക്കുക. അതാണ് ഇപ്പോള്‍ നടക്കുന്നത്. സ്വര്‍ണ കള്ളക്കടത്തിലെ പ്രതികളെ പിടിക്കാനും അതിനു പിന്നിലെ തീവ്രവാദ ദേശവിരുദ്ധ ശക്തികളെ തുറന്നുകാട്ടാനും മുതിര്‍ന്നവര്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നവരെ കേസില്‍ കുടുക്കാന്‍ മാത്രമാണ് താല്‍പ്പര്യം കാണിക്കുന്നത്. അങ്ങനെ മാത്രമേ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ജനപിന്തുണ ഇല്ലായ്മ ചെയ്യാന്‍ കഴിയു എന്ന സത്യത്തിനും നീതിക്കും എതിരായ നിലപാടാണ് മോഡി സര്‍ക്കാരിനുള്ളത്. സംസ്ഥാനത്തെ ബിജെപി-യുഡിഎഫ് നേതൃത്വവും ഈ നിയമവിരുദ്ധ നീക്കത്തിനു ചൂട്ടുപിടിക്കുന്നു.
നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും ജനാധിപത്യവ്യവസ്ഥയെ തന്നെയും തകര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചു കാണുന്നത്. ഇതോടൊപ്പം ചേര്‍ത്ത് പറയേണ്ട ഒന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിനോട് ഒരു കൂട്ടം മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നയസമീപനം. ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളോട് അന്ധമായ എതിര്‍പ്പിന്‍റേതും അവയെക്കുറിച്ച് നുണപ്രചരണത്തിന്‍റേതുമായ നയം അവ സ്വീകരിക്കുന്നു. അത് 1957ലെ ഇ എം എസ് സര്‍ക്കാരിന്‍റെ കാലം മുതല്‍ കണ്ടുവരുന്നതാണ്. അത് ഇപ്പോഴും തുടരുന്നു എന്നു പറഞ്ഞാല്‍ മാത്രമായില്ല.
ഒരാളെ കമ്യൂണിസ്റ്റുകാര്‍ അല്ലെങ്കില്‍ എല്‍ഡിഎഫുകാര്‍ കൊന്നൊടുക്കി എന്നു നിരന്തരം പ്രചരിപ്പിച്ച് ജനങ്ങളെ പാര്‍ടിക്ക് എതിരാക്കുക അവയുടെ നയമാണ്. സത്യത്തില്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടുണ്ടാവില്ല. വിമോചന സമരകാലത്തും പിന്നീട് സരസന്‍ സംഭവത്തിലും മറ്റുമായി ഇത്തരം കള്ളപ്രചരണങ്ങള്‍ ചില മാധ്യമങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആ ശൈലിയിലുള്ളതാണ് ഈയിടെ ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായി എന്നത് ഉള്‍പ്പെടെയുള്ള പ്രചരണങ്ങള്‍. സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ കത്തിക്കാന്‍ വേണ്ടി നടത്തിയതാണ് ആ തീപിടിത്തം എന്നുവരെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അത് പ്രതിപക്ഷനേതാവും ബിജെപി നേതാവുമൊക്കെ ഏറ്റുപാടി.
സ്വര്‍ണകള്ളക്കടത്തിലെ പ്രതി സന്ദീപ് നായര്‍ സിപിഐ (എം)കാരനാണ് എന്നു ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് ഈ കള്ളപ്രചരണത്തിന്‍റെ ചുവടുപിടിച്ചാണ്. സന്ദീപിന്‍റെ അമ്മ തന്നെ ആ പെരുംനുണ തുറന്നു കാട്ടിയതോടെ അത് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് തിരുത്തേണ്ടി വന്നു. ഇങ്ങനെ എത്രയെത്ര നുണകള്‍.
ഇതെല്ലാമായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിനുമുമ്പ് എല്‍ഡിഎഫ് സര്‍ക്കാരിനെ കുരിശിലേറ്റാവുന്ന ഒരു വാര്‍ത്തയും കിട്ടാതെ വന്നപ്പോള്‍, തല്‍പ്പര മാധ്യമങ്ങള്‍ സ്വപ്ന-സരിത്ത് മൊഴിയെന്ന പേരില്‍ ഭരണഘടനാസ്ഥാനത്തിരിക്കുന്ന ആളെക്കുറിച്ചെന്ന പേരില്‍ ഇത്തരം പ്രചരണ വാര്‍ത്ത നിരത്തി. സ്വര്‍ണകള്ളക്കടത്തിനു അങ്ങനെ ചിലരാണ് സഹായിച്ചതെന്ന പേരില്‍. മുഖ്യമന്ത്രിയെയാണ് വാര്‍ത്ത ഉദ്ദേശിച്ചത് എന്നു ചിലര്‍. കെ സുരേന്ദ്രന്‍ സ്പീക്കറെ പ്രതിക്കൂട്ടിലേറ്റി. എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഈ മാധ്യമങ്ങളും സുരേന്ദ്രനും ഇങ്ങനെ ആരോപണം ഉന്നയിച്ചത്? 'മൊഴി' ആരാണ് ഇവര്‍ക്ക് നല്‍കിയത്?
എം ശിവശങ്കറെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയും ഉണ്ടായിട്ട് അഞ്ചുമാസമായി. എന്നാല്‍ മാധ്യമങ്ങള്‍ ഇപ്പോഴും അദ്ദേഹത്തെ മുഖ്യമന്ത്രിയോട് ചേര്‍ത്ത് പറയുന്നു. ഹൈക്കോടതിയില്‍ ഐടി സെല്‍ നിയമനം നടത്തിയത് ശിവശങ്കര്‍ ഇടപെട്ടാണ് എന്നാണ് മലയാള മനോരമ വാര്‍ത്ത. അത് ഹൈക്കോടതി നിഷേധിച്ചു. ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിയമനം നടത്തിയത്. അത് പ്രസിദ്ധീകരിക്കുന്നതിനു പകരം സ്വന്തം നുണസ്ഥാപിക്കാനാണ് ആ പത്രം തുടര്‍ന്നും ശ്രമിക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ചാകുമ്പോള്‍ ഇത്തരം നുണകള്‍ പടച്ചുവിടുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ തമസ്കരിക്കുന്നു. ഇത് ഇത്തരം മാധ്യങ്ങളുടെ പതിവാണ്.
മാധ്യമ ഉത്തരവാദിത്വമാണ് വാര്‍ത്തയുടെ ഉറപ്പിക്കല്‍. വാര്‍ത്ത ആരെക്കുറിച്ചാണോ അയാളുമായും അത് പങ്കുവച്ച് ഉറപ്പാക്കണം എന്നാണ് ഇതു സംബന്ധിച്ച അടിസ്ഥാന മാധ്യമതത്ത്വം. എന്നാല്‍, നവഉദാരവല്‍ക്കരണത്തിന്‍റെ കാലമായപ്പോഴേക്ക് മാധ്യമങ്ങള്‍ കുത്തക നിയന്ത്രണത്തിലായതോടെ, ഈ തത്ത്വമെല്ലാം വലിച്ചെറിയപ്പെട്ടു. വികസിത നാടുകളില്‍, പ്രത്യേകിച്ച് അമേരിക്കയിലും മറ്റും, ഇതാണ് ഫാക്സ് ന്യൂസും മറ്റും ചെയ്യുന്നത്. ഇറാഖില്‍ സദ്ദാം ഹുസൈന്‍ സര്‍ക്കാരിന്‍റെ പക്കല്‍ വ്യാപക നശീകരണത്തിനുള്ള ആണവായുധങ്ങള്‍ ഉണ്ടെന്ന വ്യാജേനയാണല്ലോ ബുഷ് ഭരണം ഇറാഖിനെ ആക്രമിച്ചത്. അവസാനം അത്തരമൊരു ആയുധം  ഇറാഖില്‍ നിന്ന് കണ്ടെടുക്കാന്‍ അമേരിക്ക ശ്രമിച്ചതു പോലുമില്ല.
തങ്ങളുടെ എതിരാളികളെ ആക്രമിക്കാന്‍ ഒരു മാനദണ്ഡവും പാലിക്കേണ്ടതില്ല എന്നാണ് എല്ലാ സാമ്രാജ്യശക്തികളുടെയും കമ്യൂണിസ്റ്റ് വിരുദ്ധരുടെയും നിലപാട്. അതാണ് അമേരിക്ക കാണിച്ചത്. അതാണ് ഇവിടെ വിരുദ്ധ മാധ്യമങ്ങളും കൈക്കൊള്ളുന്ന സമീപനം. ആരെയും എന്ത് തോന്ന്യാസം പറഞ്ഞും ആക്രമിക്കാം. എന്തു നുണയും പ്രചരിപ്പിക്കാം-കമ്യൂണിസത്തെ, ഇടതുപക്ഷത്തെ എതിര്‍ക്കുന്നു എന്ന പേരില്‍. അതാണ് ഇവിടെ തല്‍പ്പരമാധ്യമങ്ങളുടെ നിലപാട്. ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് ഇന്ത്യക്കാരോട് ബ്രിട്ടീഷ് ഭരണം കൈക്കൊണ്ട നിലപാടാണ് അത്. അതേ നിലപാടാണ് യുഡിഎഫിനും ബിജെപിക്കും വേണ്ടി ഇവിടത്തെ ചില പ്രമുഖ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്.
വോട്ടെടുപ്പു ദിവസം മുഖ്യമന്ത്രിയുടെ എപിഎസ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള അവസരം അദ്ദേഹത്തിനു അസുഖമായി ആശുപത്രിയിലായതുകൊണ്ട് നഷ്ടപ്പെട്ടു. അതേച്ചൊല്ലി ഈ മാധ്യമങ്ങളും പ്രതിപക്ഷനേതാവും മറ്റും നടത്തിയ പ്രതികരണങ്ങള്‍ നോക്കുക. ഒരു ഉമ്മറത്ത് രണ്ടു കച്ചവടം എന്ന ചൊല്ല് ഇതിലധികം മുഴച്ചു കാണാന്‍ കഴിയില്ല.
ഇത്തരം മാധ്യമങ്ങളെ, അവയുടെ മാധ്യമ ധര്‍മത്തിന്‍റെ നഗ്നമായ ലംഘനത്തെ, തുറന്നുകാണിക്കേണ്ടതുണ്ട്. എന്തും പറയാനും പ്രചരിപ്പിക്കാനും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട് എന്ന വാദത്തിനു അടിസ്ഥാനമില്ല. വ്യക്തിക്കില്ലാത്ത സ്വാതന്ത്ര്യം ഇവിടെ മാധ്യമത്തിനുമില്ല. ഇത്തരം മാധ്യമങ്ങളെ തുറന്നു കാണിക്കേണ്ടത് അത്യാവശ്യമാണ്; അല്ലെങ്കില്‍ അവയ്ക്കെതിരെ സമൂഹ ബഹിഷ്കരണം സംഘടിപ്പിക്കുന്നത്. മാധ്യമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്‍റെയും അഭിപ്രായ പ്രകടനത്തിന്‍റെയും ഉപാധിയാണ്. അവരെ വഴിതെറ്റിക്കാനും അവരുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കാനുമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഉപാധികളായിക്കൂട.