ആദര്‍ശപരമായും നയപരമായും ഇല്ലാതായ കോണ്‍ഗ്രസ്

പത്രാധിപരോട് ചോദിക്കാം

വര്‍ഷങ്ങളായി പല ഉന്നത സ്ഥാനങ്ങളും വഹിച്ചിരുന്ന കോണ്‍ഗ്രസ്സു നേതാക്കന്മാര്‍ ഒരുനിമിഷംകൊണ്ട് പാര്‍ടി വിട്ടു ബിജെപിയില്‍ ചേരുന്ന പ്രവണത ഇക്കാലത്ത് അധികമായി കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് മധ്യപ്രദേശില്‍ കൂറുമാറി ഒരു സര്‍ക്കാരിനെതന്നെ കോണ്‍ഗ്രസുകാര്‍ വലിച്ചു താഴെ ഇറക്കിയിരിക്കുന്നു. മതനിരപേക്ഷ പാര്‍ടിയില്‍ വിശ്വസിക്കുന്ന ഇക്കൂട്ടര്‍ക്ക് എങ്ങനെയാണ് തീവ്രവലതുപക്ഷ വര്‍ഗീയപാര്‍ടിയില്‍ തന്നെ ചേക്കേറാന്‍ തോന്നുന്നത്? അങ്ങനെ ചേരുന്ന ഇവര്‍ കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ തന്നെ ബിജെപി മനസ്സായിരുന്നുവെന്നല്ലേ കരുതേണ്ടത്? ഈ കടുത്ത രാഷ്ട്രീയ വഞ്ചന പാര്‍ടിയെ മാത്രമല്ല തന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത അനുയായികളെയും വഞ്ചിക്കുകയല്ലേ ചെയ്യുന്നത്. കോണ്‍ഗ്രസ്സുകാരുടെ ഈ കൂടുമാറ്റം ആശയപരമോ,  അതോ ആമാശയപരമോ?
കലവൂര്‍ ജ്യോതി,
തിരുവനന്തപുരം

 

 

ചോദ്യകര്‍ത്താവിന്‍റെ സംശയം ശരിക്കും ന്യായമാണ്. ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ടി, സ്വാതന്ത്ര്യ സമരത്തിന്‍റെ മൂര്‍ധന്യദശയില്‍ പല രാഷ്ട്രീയധാരകളെയും സമന്വയിപ്പിച്ച പ്രസ്ഥാനം, സ്വാതന്ത്ര്യലബ്ധിക്കുശേഷം,  അഞ്ചു വര്‍ഷങ്ങളുടെ ഇടവേള ഒഴിച്ചാല്‍, 50 വര്‍ഷം തുടര്‍ച്ചയായി കേന്ദ്ര ഭരണത്തിലിരുന്ന പാര്‍ടി ചോദ്യത്തില്‍ വിവരിച്ചതുപോലെ ചീട്ടുകൊട്ടാരംപോലെ രാജ്യത്താകെ തകര്‍ന്നത് എന്തുകൊണ്ട്? ഈ ചോദ്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമാണ്. പ്രത്യേകിച്ച് ആര്‍എസ്എസ് നയിക്കുന്ന ബിജെപി സകല അടവുകളും പയറ്റി ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍.


പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും സാധാരണമാണ്. പല കാരണങ്ങള്‍കൊണ്ടാണ് അത് സംഭവിക്കുക. രണ്ടാം ലോകയുദ്ധകാലത്ത് യാഥാസ്ഥിതിക കക്ഷിക്കാരനായ വിന്‍സ്റ്റസണ്‍ ചര്‍ച്ചിലിനെ പൊതു സമ്മതപ്രകാരം ബ്രിട്ടണിലെ പ്രധാനമന്ത്രിയാക്കിയിരുന്നു. യുദ്ധത്തില്‍ ബ്രിട്ടനു വലിയ വിജയമാണ് ചര്‍ച്ചിലിന്‍റെ ഇടപെടലിലൂടെ ഉണ്ടായത്. പക്ഷേ, യുദ്ധാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ലേബര്‍ പാര്‍ടിയായിരുന്നു. അതിന്‍റെ നേതാവ് ആറ്റ്ലി  പ്രധാനമന്ത്രിയായി. യുദ്ധാനന്തര ബ്രിട്ടനെ നയിക്കാന്‍ യാഥാസ്ഥിതിക കക്ഷിയല്ല,  ലേബര്‍ പാര്‍ടിയാണ് നല്ലത് എന്ന ജനങ്ങളുടെ ബോധ്യമായിരുന്നു അതിന് കാരണം.


എന്നാല്‍ കോണ്‍ഗ്രസിന് 1996നു ശേഷം ഉണ്ടായ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്കും ഭരണം നഷ്ടപ്പെടുന്നതിനും കാരണം ജനഹിതം അതായതുകൊണ്ട് മാത്രമല്ല. 1980ല്‍ രൂപീകരിക്കപ്പെട്ട നാള്‍മുതല്‍ ബിജെപിയുടെ ലക്ഷ്യം ഇന്ത്യന്‍ ജനതയെ മതാടിസ്ഥാനത്തില്‍ ചേരി തിരിക്കുകയായിരുന്നു. ബിജെപിയുടെ വര്‍ഗീയ നിലപാടിനെതിരെ മതനിരപേക്ഷ ജനാധിപത്യത്തിന്‍റെ മുഖം ജനങ്ങള്‍ക്ക് കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിനായില്ല. ഇന്ദിരാഗാന്ധിയുടെ കാലം കഴിയുമ്പോഴേക്ക് അവരുടെ കുടുംബത്തിനായി കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനം പതിച്ചു നല്‍കിയ സ്ഥിതിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവും  അദ്ദേഹത്തിന്‍റെ മകള്‍ ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസ്സില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചാണ് നേതൃത്വത്തിലേക്ക് എത്തിയത് - ഇന്ദിരാഗാന്ധിയെ തന്‍റെ പിന്‍ഗാമിയാക്കാന്‍ നെഹ്റു പ്രകടമായി ശ്രമിച്ചിരുന്നുവെങ്കിലും.
ഇന്ദിരാഗാന്ധിയുടെ കാലം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലേക്ക്  ഉയരാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും മകനായ രാജീവ് ഗാന്ധിയെ മറ്റുപലരും കൂടി അവരോധിച്ചു. രാജീവിനുശേഷം നരസിംഹറാവു കോണ്‍ഗ്രസ് നേതാവായെങ്കിലും,  അഞ്ചുവര്‍ഷത്തെ അദ്ദേഹം നയിച്ച മന്ത്രിസഭയുടെ കാലം കഴിഞ്ഞപ്പോഴേക്കു കോണ്‍ഗ്രസിന്‍റെ ജനസ്വാധീനം ഏറെ ദുര്‍ബലമായിരുന്നു. പിന്നീട് കോണ്‍ഗ്രസ് യു പിഎയുടെ നേതാവ് എന്ന നിലയില്‍ ഭരണ നേതൃത്വത്തില്‍ 10 വര്‍ഷം ഉണ്ടായിരുന്നെങ്കിലും,  പാര്‍ടി എന്ന നിലയില്‍ അത് അപ്പാടെ ദുര്‍ബലമായി. 2014ല്‍ 44 സീറ്റിലേക്കും 2019 ല്‍ 52 സീറ്റിലേക്കും ലോക്സഭയില്‍ അത് ചുരുങ്ങിപ്പോയല്ലോ.


ഇതിന് ഒരു പ്രധാന കാരണം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നയപരമായി പ്രത്യക്ഷത്തില്‍ വ്യത്യാസമില്ലാതായതാണ്. ബാബറി മസ്ജിദിനുള്ളില്‍ മുമ്പ് 1948ല്‍ കൊണ്ടുവച്ച ശ്രീരാമന്‍റെ വിഗ്രഹത്തില്‍ ദിവസവും പൂജ നടത്താന്‍ ഹിന്ദുവര്‍ഗീയവാദികള്‍ക്ക് അനുവാദം നല്‍കിയത് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. പിന്നീട് നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ആണ് ബാബറി മസ്ജിദ് സംഘപരിവാര്‍ കര്‍ സേവകര്‍ ഇടിച്ചു നിരത്തിയത്. അത് തടയുന്നതിന് റാവു സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ആ മസ്ജിദ് തകര്‍ത്തത് ഇന്ത്യയുടെ സാമൂഹ്യമായ സൗഹാര്‍ദത്തിനും ദേശീയ ഐക്യത്തിനും ഉണ്ടാക്കിയ ആഘാതം ഭീകരമായിരുന്നു. അന്നൊക്കെ കോണ്‍ഗ്രസ് നേതാക്കളാണ് ത്രീവഹിന്ദുക്കളുടെ അഴിഞ്ഞാട്ടത്തിന് രാജ്യത്ത് അരങ്ങൊരുക്കിയത് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.


നരസിംഹറാവു പ്രധാനമന്ത്രിയായത് സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിഞ്ഞ കാലത്താണ്. അതോടെ ഇന്ത്യ ചേരിചേരാനയം ഉപേക്ഷിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ അക്രീതദാസനായി മാറി. എ ബി വാജ്പേയി നയിച്ച എന്‍ഡിഎ ഭരണകാലത്തും ഡോ. മന്‍മോഹന്‍സിങ് നയിച്ച യുപിഎ ഭരണകാലത്തും രണ്ടും തമ്മിലുള്ള വ്യത്യാസം ഒരു കൂട്ടര്‍ മതനിരപേക്ഷമെന്ന് സ്വയം അവകാശപ്പെട്ടതിലും മറ്റേ കൂട്ടര്‍ ഹിന്ദുപക്ഷപാതം നഗ്നമായി പ്രദര്‍ശിപ്പിച്ചതിലും  മാത്രമായിരുന്നു.


2002 ല്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെ അഴിച്ചുവിട്ട മുസ്ലിം വേട്ടയ്ക്കും ആയിരക്കണക്കിനു മുസ്ലീങ്ങളെ കൊന്നൊടുക്കി അവിടത്തെ മുസ്ലിം ജനസാമാന്യത്തെ അടിച്ചമര്‍ത്തിയതിനും എതിരായി മതനിരപേക്ഷ പൗരരുടെ ബൃഹത് പ്രസ്ഥാനം അവിടെയോ ഇന്ത്യയിലാകെയോ വളര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അതേസമയം ആര്‍എസ് എസിന്‍റെ ശ്രദ്ധാപൂര്‍വമായ കരുനീക്കത്തിലൂടെ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി 2014ലും 2019 ലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി. 1984 ലെ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിന് കഴിയാതിരുന്ന കാര്യമാണത്.
നീതി, സ്വാതന്ത്ര്യം, സമത്വം സാഹോദര്യം എന്നിവ ഉറപ്പുനല്‍കുന്ന പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ റിപ്പബ്ലിക് ആണ് ഇന്ത്യയുടെ ഭരണഘടന ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും മതനിരപേക്ഷ ഭരണവുമെല്ലാം ജനങ്ങള്‍ക്കും ഉറപ്പുനല്‍കലാണ് സര്‍ക്കാരിന്‍റെ കടമ. ഇവ ഓരോന്നും തകര്‍ക്കാനും നിഷേധിക്കാനുമാണ് മോഡി സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നയം ഭരണഘടനാ വാഗ്ദാനങ്ങള്‍ പാലിക്കുകയാണ്. എന്നാല്‍, ആ പാര്‍ടി ബിജെപിയെപോലെ ഈ വാഗ്ദാനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ സില്‍ബന്തികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താനാണ് ശ്രമിക്കുന്നത്.


തല്‍ഫലമായി ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ പാര്‍ടി എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും വിശ്വസിക്കാതായി. എന്നാല്‍ സ്വന്തം താല്‍പ്പര്യം നോക്കി ഭരണകക്ഷിയിലേക്ക് കൂട്ടത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ ചേക്കേറുന്നു. ആദര്‍ശപരമായും നയപരമായും കോണ്‍ഗ്രസ് ഇല്ലാതായ മട്ടാണ് ഇപ്പോള്‍.