സ്പെഷ്യല് കോണ്ഗ്രസ് 1958 തിരഞ്ഞെടുപ്പ് വിജയങ്ങളുടെയും രൂക്ഷമായ വാദപ്രതിവാദങ്ങളുടെയും പശ്ചാത്തലത്തില്

പീപ്പിള്‍സ് ഡെമോക്രസി

 

1957മുതലുള്ള കാലഘട്ടം അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളിന്മേല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളില്‍ വാദപ്രതിവാദം ക്രമേണ രൂക്ഷമായിക്കൊണ്ടിരുന്ന ഒന്നായിരുന്നു. എന്നാല്‍, പാര്‍ടി എല്ലാ പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെക്കുകയും 1957ല്‍ നടന്ന രണ്ടാം പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ടിയെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്തു. കേന്ദ്രത്തിലും കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വമ്പിച്ചൊരു മാറ്റം സംഭവിച്ചു.

 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടി ഒന്നാം പൊതുതിരഞ്ഞെടുപ്പിലേതിനെക്കാള്‍ (1951-52) അതിന്റെ വോട്ട് ഇരട്ടിയാക്കുകയും വിജയിച്ച സീറ്റുകളുടെയും ലഭിച്ച വോട്ടിന്റെയും അടിസ്ഥാനത്തില്‍ ഈ രണ്ടു കാര്യങ്ങളിലും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ടിയായി ഉയര്‍ന്നു വരികയും ചെയ്തു. കേരളത്തില്‍ പാര്‍ടി ഭൂരിപക്ഷം നേടി; ആന്ധ്രയിലും പശ്ചിമബംഗാളിലും മുഖ്യപ്രതിപക്ഷ പാര്‍ടിയായും ഉയര്‍ന്നുവന്നു. രാജ്യത്തെ എല്ലാ സംസ്ഥാന നിയമസഭകളിലും ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്താന്‍ എന്നിങ്ങനെ മുന്‍പ് ഒരു സീറ്റു പോലും ഇല്ലാതിരുന്ന പല സംസ്ഥാനങ്ങളിലും പാര്‍ടി സീറ്റുകള്‍ നേടി. മിക്കവാറും എല്ലാ വ്യവസായിക കേന്ദ്രങ്ങളിലും തൊഴിലാളിവര്‍ഗ കേന്ദ്രങ്ങളിലും പാര്‍ടി നല്ല പ്രകടനം കാഴ്ച വച്ചു. അവഗണിക്കാവുന്നത്ര ചെറിയ ശക്തിയായിരുന്ന സംസ്ഥാനങ്ങളില്‍പോലും പാര്‍ടിയുടെ വോട്ട് ഗണ്യമായി വര്‍ദ്ധിക്കുകയുണ്ടായി. മൊത്തത്തില്‍ വോട്ട് വിഹിതത്തിന്റെ 11 ശതമാനത്തിലധികവും 1.2 കോടി വോട്ടും പാര്‍ടി കരസ്ഥമാക്കി. പാര്‍ടി വിജയിച്ച സീറ്റുകളുടെ എണ്ണം, മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ അനുപാതത്തില്‍ കണക്കാക്കിയിരുന്നെങ്കില്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ അധികമാകുമായിരുന്നു.

 ഈ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത പാര്‍ടി ജനങ്ങള്‍ക്ക് പാര്‍ടിയിലുള്ള വിശ്വാസത്തിന് നന്ദി പറയുകയും തരണം ചെയ്യേണ്ടതായിട്ടുള്ള ചില ദൗര്‍ബല്യങ്ങള്‍ അടയാളപ്പെടുത്തുകയുമുണ്ടായി. ജനസംഘത്തെ പോലെയുള്ള ഒരു വര്‍ഗീയ പാര്‍ടി, പ്രത്യേകിച്ച് ഫ്യൂഡല്‍ ശക്തികള്‍ക്ക് മേധാവിത്വമുള്ള മധ്യപ്രദേശിനെയും രാജസ്താനെയും പോലെയുള്ള സംസ്ഥാനങ്ങളില്‍ നേടിയ സീറ്റുകളുടെയും വോട്ടിന്റെയും എണ്ണത്തിലെ വര്‍ധനവ് പാര്‍ടി പ്രത്യേകം ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പ്രസ്ഥാനവും മറ്റു പുരോഗമന ജനാധിപത്യവിഭാഗങ്ങളും ദുര്‍ബലമായ ഒറീസയെ പോലെയുള്ള സംസ്ഥാനങ്ങളില്‍ അവ ചുവടുറപ്പിക്കുകയുണ്ടായി. പല ഗ്രാമീണ മേഖലകളിലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യവും പാര്‍ടി ചൂണ്ടിക്കാണിച്ചു; കിസാന്‍ സഭെയയും കര്‍ഷകര്‍ക്കിടയിലെ പാര്‍ടി പ്രവര്‍ത്തനവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും അവലോകനം വിരല്‍ചൂണ്ടി.

 പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ ഒരു ബഹുജനപാര്‍ടി കെട്ടിപ്പടുക്കാനുള്ള നീക്കത്തോടെ പാര്‍ടി മെമ്പര്‍ഷിപ്പ് ഇരട്ടിയാക്കണമെന്ന ഒരാഹ്വാനം കേന്ദ്രകമ്മിറ്റി നല്‍കി. വിവിധ രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സംഘടനാ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രകമ്മിറ്റി നടത്താന്‍ തീരുമാനിച്ചിരുന്ന പ്ലീനം പൊതുതിരഞ്ഞെടുപ്പ് മൂലം നടത്താന്‍ പാര്‍ടിക്ക് കഴിഞ്ഞില്ല. പ്ലീനത്തിനുപകരം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ പാര്‍ടിയുടെ സ്‌പെഷ്യല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. അതുപ്രകാരം പാര്‍ടിയുടെ അഞ്ചാം കോണ്‍ഗ്രസ് ഒരു സ്‌പെഷ്യല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ 1958 ഏപ്രില്‍ 6 മുതല്‍ 13 വരെ അമൃത്സറില്‍ ചേരുകയുണ്ടായി.

രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്ത് അംഗീകരിച്ചതിനു പുറമേ സ്‌പെഷ്യല്‍ പാര്‍ടി കോണ്‍ഗ്രസ് പാര്‍ടി ഭരണഘടന ചര്‍ച്ചചെയ്യുകയും അംഗീകരിക്കുകയുമുണ്ടായി. ''തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകജനതയുടെയും സഖ്യത്തെ അടിസ്ഥാനമാക്കി തൊഴിലാളിവര്‍ഗത്താല്‍ നയിക്കപ്പെടുന്ന ജനകീയ ജനാധിപത്യം സ്ഥാപിക്കുകയും, സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സാക്ഷാത്ക്കരണവും''ആണ് പാര്‍ടിയുടെ ലക്ഷ്യമെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ പ്രഖ്യാപിച്ചു. അതിനും പുറമെ, പാര്‍ടി ''വര്‍ഗീയത, ജാതി, അയിത്തം, സ്ത്രീകള്‍ക്ക് തുല്യ അവകാശം നിഷേധിക്കല്‍ എന്നിങ്ങനെയുള്ള എല്ലാ വിജ്ഞാന വിരുദ്ധ സങ്കല്‍പ്പനങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും എതിരെ പൊരുതും'' എന്നും അതില്‍ പ്രഖ്യാപിച്ചു. ഒരു സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നതിനായുള്ള ഈ പോരാട്ടത്തില്‍ ''സര്‍വ രൂപഭാവങ്ങളിലുമുള്ള റിവിഷനിസത്തിന്റെയും സെക്‌ടേറിയനിസത്തിന്റെയും ഡോഗ്മാറ്റിസത്തിന്റെയും'' പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഭരണഘടന പ്രതിജ്ഞ ചെയ്യുന്നു; പാര്‍ടി നയങ്ങള്‍ക്ക് രൂപം നല്‍കുന്നത് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്‌സിസം-ലെനിനിസം പ്രയോഗിച്ചും ''ഇന്ത്യയുടെ ചരിത്രവും അതിന്റെ ദേശീയ സവിശേഷതകളും ഒപ്പം ഇന്ത്യന്‍ ജനതയുടെ ഉത്തമ പാരമ്പര്യങ്ങളും കണക്കിലെടുത്തുമായിരിക്കുമെന്നും പാര്‍ടി ഭരണഘടന വ്യക്തമാക്കുന്നു.

റിവിഷനിസത്തോടും സെക്‌ടേറിയനിസത്തോടും പൊരുതാനുള്ള പ്രഖ്യാപിതമായ ലക്ഷ്യം ഉണ്ടായിരുന്നിട്ടും പാര്‍ടിയിലെ ചില വിഭാഗങ്ങളില്‍ കണ്ടിരുന്ന ഇതേ പ്രവണതകളുടെ പ്രതിഫലനവും ഭരണഘടനയില്‍ അടങ്ങിയിരുന്നു. അതില്‍ പ്രഖ്യാപിച്ചിരിക്കുന്നത് ''പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയും ബഹുജന പ്രക്ഷോഭങ്ങള്‍ കൊണ്ട് അതിനെ പിന്തുണച്ചും പിന്തിരിപ്പന്‍ ശക്തികളുടെ ചെറുത്തുനില്‍പ്പിനെ അതിജീവിക്കാമെന്നും ജനകീയ ഇച്ഛയുടെ ഉപകരണമായി പാര്‍ലമെന്റ് മാറുന്നുവെന്ന് ഉറപ്പുവരുത്താമെന്നുമാണ്; ''സാമ്പത്തികവും സാമൂഹികവുമായ മൗലികമായ മാറ്റവും ഭരണകൂട ഘടനയിലെ മൗലികമായ മാറ്റവും'' കൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നതിലൂടെ കഴിയുമെന്നും അതില്‍ പറയുന്നു. പാര്‍ടിയില്‍ കടന്നുകൂടിയ പ്രത്യേകിച്ചും 1957ലെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം കടന്നുകൂടിയ, പാര്‍ലമെന്ററി വ്യാമോഹത്തെയാണ് ഇത് വെളിപ്പെടുത്തുന്നത്.

പാര്‍ടി ഭരണഘടനയില്‍ അവതരിപ്പിച്ച റിവിഷനിസ്റ്റ് സംഘടനാതത്ത്വങ്ങളുടെ മറ്റൊരു പ്രതിഫലനം, കമ്മിറ്റികള്‍ രൂപീകരിക്കുന്ന രീതിയില്‍ കൊണ്ടുവന്ന മാറ്റങ്ങളായിരുന്നു. മൂന്ന് തട്ടുള്ള ഘടന അവതരിപ്പിക്കപ്പെട്ടു- നാഷണല്‍ കൗണ്‍സില്‍, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, സെക്രട്ടേറിയറ്റ്. യോഗങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു പകരം വിവിധ തലങ്ങളിലെ വിവിധ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി അംഗങ്ങളുടെ സമയം ഏറെയും ചെലവഴിക്കുന്നതിന് ഇത് ഇടയാക്കി. ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ പേരില്‍ ഈ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെ വര്‍ധിപ്പിക്കുകയുണ്ടായി. പ്രാദേശിക പ്രാതിനിധ്യവും മെമ്പര്‍ഷിപ്പും മാത്രം പരിഗണിക്കപ്പെട്ടു; വിപ്ലവപ്രസ്ഥാനത്തിന്റെ പ്രകൃതം, സ്വഭാവം, ആഴം എന്നിവയൊന്നും പരിഗണിക്കപ്പെട്ടില്ല. അങ്ങനെ സംഘടനാപരമായ പ്രയോഗങ്ങളില്‍ തന്നെ റിവിഷനിസ്റ്റ് ധാരണ പ്രകടമാകാന്‍ തുടങ്ങി.

 പാര്‍ടി അംഗങ്ങള്‍ക്ക് ഭരണഘടന 12 ചുമതലകളാണ് നിശ്ചയിച്ചത്- പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി പങ്കെടുക്കല്‍, മാര്‍ക്‌സിസം-ലെനിനിസത്തിന്റെ പഠനം, പാര്‍ടി ആനുകാലികങ്ങള്‍ വായിക്കുകയും അവയെ പിന്തുണയ്ക്കുകയും, പാര്‍ടി അച്ചടക്കം പാലിക്കല്‍, ബഹുജനസേവനം, സഖാക്കള്‍ എന്ന നിലയിലുള്ള പരസ്പരബന്ധം, വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്തല്‍, ഇന്ത്യന്‍ ജനതയുടെ പാരമ്പര്യത്തെയും അവരുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും സംബന്ധിച്ച് ആഴമേറിയ ധാരണ കൈവരിക്കല്‍. ഇതുപോലെതന്നെ ഓരോ പാര്‍ടി അംഗത്തിനും ഏഴു അവകാശങ്ങള്‍ അത് ഉറപ്പുനല്‍കുന്നു -പാര്‍ടി പ്രസിദ്ധീകരണങ്ങളിലേക്കും പാര്‍ടി കമ്മിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെടല്‍, ചര്‍ച്ചകളില്‍ സ്വതന്ത്രമായി പങ്കെടുക്കലും, പാര്‍ടി നയം രൂപീകരിക്കുന്നതില്‍ സംഭാവന നല്‍കലും, പാര്‍ടി യോഗങ്ങളില്‍ പാര്‍ടി കമ്മിറ്റികളെയും ഭാരവാഹികളെയും വിമര്‍ശിക്കല്‍, ഉയര്‍ന്ന കമ്മിറ്റികളെ സ്വന്തം അഭിപ്രായം അറിയിക്കല്‍. അതില്‍ ജനാധിപത്യകേന്ദ്രീകരണത്തിന്റെ തത്ത്വങ്ങള്‍ വിശദമാക്കുകയും പാര്‍ടിയില്‍ അവ പ്രായോഗികമാക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുകയും ചെയ്തു.

പാര്‍ടിയുടെ അടിസ്ഥാനഘടകങ്ങളായ ബ്രാഞ്ചുകള്‍ ഒരു നല്ല ജീവിതത്തിനായുള്ള സമരങ്ങളില്‍ ജനങ്ങളുടെ നേതാക്കളായി മാറണമെന്നത് ഉറപ്പാക്കിക്കൊണ്ട് ബഹുജന പ്രവര്‍ത്തനങ്ങളിലും ബഹുജന പ്രവര്‍ത്തന ശൈലിയിലും മൗലികമായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനും സ്‌പെഷ്യല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ''എല്ലാ ജോലികളിലും സഖാക്കളുണ്ടാകണം, എല്ലാ സഖാക്കള്‍ക്കും ഒരു ജോലിയുണ്ടാകണം'' എന്ന വിധത്തില്‍ സര്‍വമണ്ഡലങ്ങളിലും സുസ്ഥിരമായ പ്രവര്‍ത്തനം നടത്തണമെന്നും പാര്‍ടി തീരുമാനിച്ചു. പൂര്‍ണ സമയ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും അവരുടെ പ്രവര്‍ത്തനം സ്ഥിരമായി അവലോകണം ചെയ്യുന്നതിനും മതിയായ വേതനം നല്‍കിക്കൊണ്ടും ചികിത്സാചെലവുകള്‍ നല്‍കിക്കൊണ്ടും അവരുടെ മിനിമം ആവശ്യങ്ങള്‍ നിറവേറുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് കോണ്‍ഗ്രസ് തീരുമാനിച്ചു. മുഴുവന്‍ സമയപ്രവര്‍ത്തകര്‍ക്കൊപ്പം, മഹാഭൂരിപക്ഷം വരുന്ന പാര്‍ടി അംഗങ്ങള്‍ നിഷ്‌ക്രിയരായി നില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും (ആ കാലഘട്ടത്തിലെ സവിശേഷതയായിരുന്നു ഈ നിഷ്‌ക്രിയത്വം) തീരുമാനിക്കപ്പെട്ടു. പാര്‍ടി വിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍, ജനപ്രിയ സാഹിത്യത്തിന്റെ നിര്‍മിതി, കാഡര്‍മാരുടെ അഖിലേന്ത്യാബോധം ശക്തിപ്പെടുത്തുന്നതിനായി രാഷ്ട്രീയ സ്‌കൂളുകള്‍ നടത്തല്‍ എന്നിവയും ആസൂത്രണം ചെയ്യപ്പെട്ടു. പാര്‍ടി പ്രക്ഷോഭങ്ങള്‍ നടത്തുന്ന രീതിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് തീരുമാനിക്കുകയുണ്ടായി: പാര്‍ടിയുടെ മിക്ക പ്രസിദ്ധീകരണങ്ങളിലെയും ലേഖനങ്ങള്‍ ജീവനില്ലാത്തവയാണെന്നും അര്‍ഥശൂന്യമായ വാക്കുകളുടെ പ്രയോഗങ്ങളാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പാര്‍ടി അംഗീകരിക്കുന്ന പ്രമേയങ്ങള്‍ പോലും ദൈര്‍ഘ്യമേറിയവയാണെന്നും കൃത്യതയുള്ളതല്ലെന്നും വിമര്‍ശിച്ചു. ''ഒരു ബഹുജന പാര്‍ടിയായി വളരുന്നതിന്റെ ബോധ്യത്തോടെയാണ് നാം സംസാരിക്കുകയും എഴുതുകയും ചെയ്യേണ്ടത്; മാര്‍ഗ ദര്‍ശനത്തിനായി ദശലക്ഷക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന പാര്‍ടിയാണിതെന്ന ബോധ്യം എഴുതുമ്പോഴും സംസാരിക്കുമ്പോഴും ഉണ്ടാകണം.''

എല്ലാ തലങ്ങളിലെയും നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തെയും കോണ്‍ഗ്രസ് സ്വയം വിമര്‍ശനപരമായി വിലയിരുത്തി. നേതൃത്വം പ്രസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പക്വതയും ശേഷിയും ആര്‍ജിച്ച് വളരണമെന്നും എല്ലാ തലങ്ങളിലെയും കമ്മിറ്റികളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും സംഘടനാ പ്രമേയം വ്യക്തമാക്കി. വിനയം, സഹിഷ്ണുത, സൗഹാര്‍ദതയോടെയുള്ള പെരുമാറ്റം, വിമര്‍ശനത്തിന് ചെവികൊടുക്കല്‍, തീരുമാനങ്ങളും അവ നടപ്പാക്കുന്നതും തമ്മിലുള്ള വ്യത്യാസത്തെയും വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസത്തെയും അതിജീവിക്കല്‍, വ്യക്തിയധിഷ്ഠിത വാദത്തെ (ഇന്‍ഡിവിഡ്വലിസം) ചെറുത്തുതോല്‍പ്പിക്കല്‍, അച്ചടക്കം ശക്തിപ്പെടുത്തല്‍ എന്നിവ പാര്‍ടിക്കുമുന്നിലുള്ള മുന്‍ഗണന നല്‍കി നടപ്പാക്കേണ്ട കടമകളായി കണ്ടെത്തുകയുമുണ്ടായി. ഫ്രണ്ടിസം (മുന്നണിവാദം), ഫെഡറലിസം, ലോക്കലിസം (പ്രാദേശിക വാദം) എന്നിവ പോലുള്ള ശിഥിലീകരണ പ്രവണതകള്‍ക്കൊപ്പം പാര്‍ടിയില്‍ വിമര്‍ശനത്തോടും താഴെതലങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളോടുമുള്ള ബ്യൂറോക്രാറ്റിക് അലംഭാവവും സവിശേഷ സ്വഭാവമായി മാറിയിരിക്കുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഈ പ്രവണതകളെയെല്ലാം ചെറുത്തുതോല്‍പ്പിക്കണമെന്നും കോണ്‍ഗ്രസ് തീരുമാനിച്ചു. ജനാധിപത്യകേന്ദ്രീകരണ തത്ത്വങ്ങളെയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തെയും ചോദ്യം ചെയ്യുന്നത് എന്നിവയെല്ലാം ചെറുത്തുതോല്‍പ്പിക്കപ്പെടേണ്ട റിവിഷനിസത്തിന്റെ പ്രകടരൂപങ്ങളാണെന്ന് പ്രസ്താവിച്ചുകൊണ്ട് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

എന്നാല്‍, നിര്‍ദേശിക്കപ്പെട്ടവയില്‍ ഏറെക്കാര്യങ്ങളും നടപ്പാക്കപ്പെടുകയുണ്ടായില്ല. ബഹുജന പാര്‍ടി കെട്ടിപ്പടുക്കുന്നതിന്റെയും പാര്‍ടിക്കു ലഭിച്ച വോട്ടിന് ആനുപാതികമായി മെമ്പര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന്റെയും പേരില്‍ മെമ്പര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കലുണ്ടായി. പാര്‍ടിക്കുള്ളില്‍ റിവിഷനിസ്റ്റ് പ്രവണതകള്‍ ക്രമേണ ശക്തിപ്പെടുന്നതിന് ഇത് ഇടയാക്കി.

ഈ കാലഘട്ടത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന തൊഴിലാളിവര്‍ഗ സമരങ്ങളെകുറിച്ച്, പ്രത്യേകിച്ചും രണ്ടാം ശമ്പള കമ്മീഷന്‍ എന്ന ആവശ്യം നേടുന്നതില്‍ വിജയിച്ച കമ്പിത്തപാല്‍ ജീവനക്കാരുടെ സമരത്തെക്കുറിച്ച്, പ്രമേയം വ്യക്തമാക്കി. സംയുക്ത ട്രേഡ് യൂണിയന്‍ സമരങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ എഐടിയുസിയില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ടി അംഗങ്ങള്‍ പ്രധാന പങ്ക് വഹിക്കുകയുണ്ടായി. ആസാമില്‍ എണ്ണ ശുദ്ധീകരണശാലയ്ക്കായി നടത്തിയ സമരത്തെക്കുറിച്ചും പ്രമേയം വ്യക്തമാക്കി;   ആ സമരത്തില്‍ പാര്‍ടി പ്രമുഖമായ പങ്ക് വഹിച്ചു.

ഇന്ത്യാ ഗവണ്‍മെന്റ് പിന്തുടര്‍ന്നിരുന്ന വിദേശനയത്തില്‍ വന്ന മാറ്റത്തെയും രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവല്‍ക്കരണത്തെക്കുറിച്ച് പറഞ്ഞ രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ചില ''പുരോഗമനപരമായ ഉള്ളടക്ക''ത്തെയും രാഷ്ട്രീയ പ്രമേയം പിന്തുണച്ചു.

ഈ കാലയളവില്‍ മറ്റൊരു ബൂര്‍ഷ്വാ ഭൂപ്രഭു പാര്‍ടി കൂടി-സ്വതന്ത്രാ പാര്‍ടി- രൂപീകരിക്കപ്പെട്ടു; അന്ന് തീരെ ശ്രദ്ധയര്‍ഹിക്കാത്ത ശക്തിയായിരുന്നു അത്. ഈ സംഭവവികാസത്തെ പാര്‍ടിയിലെ പരിഷ്‌കരണവാദി വിഭാഗങ്ങള്‍, സ്വതന്ത്രാ പാര്‍ടിയുടെ വരവ് ഏറ്റവും വലിയ വിപത്തായി പരിഗണിച്ച് കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്ന വാദമുയര്‍ത്തി, ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ പിന്തിരിപ്പനും ജനവിരുദ്ധവുമായ നയങ്ങളാണ് ദേശവിരുദ്ധരായ തീവ്രവലതുപക്ഷ ശക്തികള്‍ക്ക് സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ന്നുവരുന്നതിന് ഇടയാക്കിയതെന്നും അവയെ പരാജയപ്പെടുത്തുന്നതിന് സമാന്തരമായി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദൃഢനിശ്ചയത്തോടെയും ഉശിരോടെയും പൊരുതേണ്ടതാണെന്നും വിശദീകരിച്ചുകൊണ്ട് അമൃത്‌സര്‍ കോണ്‍ഗ്രസ് ഈ നയത്തെ തള്ളിക്കളഞ്ഞു.

അമൃത്‌സര്‍ കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയം അംഗീകരിച്ച ശേഷവും അഭിപ്രായഭിന്നതകള്‍ നിലനിന്നു. കോണ്‍ഗ്രസിനോടുള്ള സമീപനം മയപ്പെടുത്തണമെന്ന് വാദിച്ച പാര്‍ടിയിലെ പരിഷ്‌കരണവാദികളായ വിഭാഗത്തെ കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ കേന്ദ്ര ഗവണ്‍മെന്റ് പിരിച്ചുവിട്ട നടപടി വല്ലാതെ ഞെട്ടിച്ചു. എന്നിരുന്നാലും അവരുടെ ഞെട്ടല്‍ അല്‍പ്പായുസായിരുന്നു; അവര്‍ പിന്നെയും പരിഷ്‌കരണവാദ പാത തന്നെ പിന്തുടര്‍ന്നു.