വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

യുഡിഎഫ് ഭരണം അവസാനിച്ചപ്പോള്‍ 2015-16ല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പ്രത്യക്ഷ ധനസഹായം 7679 കോടി രൂപയായിരുന്നു. ഇപ്പോഴത് 12074 കോടി രൂപയാണ്. ഇതിനു പുറമെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍, മുഖ്യമന്ത്രിയുടെ റോഡ് നിര്‍മ്മാണ പദ്ധതി, കുടുംബശ്രീ, ലൈഫ് മിഷന്‍ തുടങ്ങിയവയിലൂടെ ഏതാണ്ട് 10000 കോടി രൂപയെങ്കിലും ലഭിക്കുന്നുണ്ട്.

പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും

 •     കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും. അതോടൊപ്പം സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലൂടെ കാര്‍ഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

കാര്‍ഷിക മേഖലയില്‍

അഞ്ചുലക്ഷംപേര്‍ക്ക്  തൊഴില്‍

 •   തരിശുരഹിത കേരളമാണ് ലക്ഷ്യം. ഒരുപ്പൂ ഇരിപ്പൂ ആക്കുന്നതിനും തുടര്‍വിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികള്‍ ഉണ്ടാക്കും. കുടുംബശ്രീയുടെ 70000 സംഘകൃഷി ഗ്രൂപ്പുകളില്‍ ഇന്ന് മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് പണിയുണ്ട്. സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒന്നര ലക്ഷമാക്കും. അതിലൂടെ അധികമായി മൂന്നു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഈ സംഘങ്ങള്‍ക്കെല്ലാം കാര്‍ഷികവായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും. പലിശ സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. ബ്ലോക്കുതലത്തില്‍ കാര്‍ഷിക കര്‍മ്മസേനകള്‍ രൂപീകരിച്ചുകൊണ്ട് യന്ത്രപിന്തുണ ഉറപ്പു നല്‍കും. പാടശേഖരസമിതികള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ കൃഷി പ്രോത്സാഹിപ്പിക്കും. ഇവയ്ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ തൊഴിലുറപ്പു പ്രവൃത്തികള്‍ ഏറ്റെടുക്കും.

കാര്‍ഷികേതര മേഖലയില്‍

അഞ്ചുലക്ഷം തൊഴില്‍

 • കാര്‍ഷികേതര മേഖലയില്‍ മൂന്നുതരത്തിലാണ് അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നത്. ഒന്നാമത്തേത്, സഹകരണ സംഘങ്ങളില്‍ നിന്നും മറ്റു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നല്‍കുന്ന വായ്പകളുടെ അടിസ്ഥാനത്തിലുള്ള ചെറുകിട സംരംഭങ്ങളാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ, വിവിധ വികസന കോര്‍പറേഷനുകള്‍, സഹകരണസംഘങ്ങളും. കേരള ബാങ്കും, ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള വായ്പകളും ഇവയെല്ലാം ഏകോപിപ്പിച്ച് കഴിയുന്നത്ര ഏകീകൃതമായ സൂക്ഷ്മ ചെറുകിട തൊഴില്‍ സംരംഭ പ്രോത്സാഹന പരിപാടി ആവിഷ്‌കരിക്കും. പ്രതിവര്‍ഷം അമ്പതിനായിരം സംരംഭങ്ങള്‍ വീതം ആരംഭിക്കും. ഈ തൊഴില്‍ സംരംഭങ്ങള്‍ക്കുവേണ്ടി 5000 കോടി രൂപ എല്ലാ ഏജന്‍സികളും ചേര്‍ന്ന് അഞ്ചുവര്‍ഷം കൊണ്ട് വായ്പ നല്‍കും. ഈ വായ്പകളുടെ പലിശ ഒരേ നിരക്കിലാക്കും. സബ്‌സിഡി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും സംയുക്തമായി വഹിക്കും.
 • രണ്ടാമതായി കുടുംബശ്രീ, ബ്ലോക്ക് ട്രെയിനിംഗ് കേന്ദ്രങ്ങള്‍, അസാപ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കുന്ന പ്രത്യേക പരിശീലന പരിപാടികള്‍ വഴി നൈപുണി പോഷണ പരിപാടികള്‍ ശക്തിപ്പെടുത്തും. ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്നവര്‍ക്ക് സ്വയം തൊഴിലിന് അല്ലെങ്കില്‍ വേതനാധിഷ്ഠിത തൊഴിലിനുള്ള പ്രത്യേക സ്‌കീമുകള്‍ തയ്യാറാക്കുന്നതാണ്.
 •  മൂന്നാമതായി കുടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ ജനകീയ ഹോട്ടല്‍, പച്ചക്കറി വിപണനശാലകള്‍, ഹോം ഷോപ്പികള്‍, സേവനഗ്രൂപ്പുകള്‍, നാളികേര സംഭരണ സംസ്‌കരണ കേന്ദ്രങ്ങള്‍, കോഓപ്പ് മാര്‍ട്ട് തുടങ്ങിയ തൊഴില്‍ ശൃംഖലകള്‍ നൂറിന പരിപാടിയുടെ ഭാഗമായി രൂപം കൊണ്ടിട്ടുണ്ട്. ഇവ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തും. അരി, വെളിച്ചെണ്ണ, ധാന്യമസാല പൊടികള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വികേന്ദ്രീകൃതമായി ഉല്‍പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ എത്തിക്കും. ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കും.

തൊഴിലുറപ്പു പദ്ധതി

 •  ഇപ്പോള്‍ തൊഴിലുറപ്പു പദ്ധതിയില്‍ 13.14 ലക്ഷം പേരാണ് പണിയെടുക്കുന്നത്. ശരാശരി 5055 പ്രവൃത്തി ദിനങ്ങളാണ് ലഭ്യമാകുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ ചുരുങ്ങിയത് മൂന്നു ലക്ഷം പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. നിയമപരമായി ആവശ്യപ്പെടുന്നവര്‍ക്കെല്ലാം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ അവകാശം ഉറപ്പിക്കുന്നതിനു നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതു ലക്ഷ്യം വെച്ചുകൊണ്ട് ലേബര്‍ ബജറ്റുകള്‍ ക്രമീകരിക്കും. പരമാവധി തൊഴില്‍ നല്‍കുക എന്നുള്ളത് പഞ്ചായത്തുകളുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കും.
 •   2021 ജനുവരി ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി നിലവില്‍ വരും. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. തൊഴില്‍ സേനയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഈ തുക പൂര്‍ണമായും അംഗത്തിന് ലഭ്യമാക്കും. മറ്റു പെന്‍ഷനുകളില്ലാത്ത എല്ലാ അംഗങ്ങള്‍ക്കും 60 വയസു മുതല്‍ പെന്‍ഷന്‍ നല്‍കും. ഇനിമേല്‍ ഫെസ്റ്റിവെല്‍ അലവന്‍സും ക്ഷേമനിധി വഴിയാകും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍പേര്‍ക്കും ഫെസ്റ്റിവെല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകും.

അഭ്യസ്തവിദ്യരും തൊഴിലുറപ്പും

 • നിലവില്‍ ശുചീകരണം അടക്കമുള്ള കായിക അധ്വാന പ്രവര്‍ത്തനങ്ങള്‍ക്കാണ് അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തുന്നത്. ഈ സ്‌കീം കൂടുതല്‍ ഫണ്ട് അനുവദിച്ചുകൊണ്ട് വിപുലപ്പെടുത്തും. അതോടൊപ്പം അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതീയുവാക്കള്‍ക്കു തൊഴില്‍ നല്‍കുന്നതിനുവേണ്ടി ഒരു പ്രത്യേക സ്‌കീം ആരംഭിക്കും. വിശേഷാല്‍ വൈദഗ്ധ്യമുള്ള അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് സ്വകാര്യസംരംഭങ്ങളില്‍ അപ്രന്റീസുകളായി/ഇന്റേണുകളായി ജോലി നല്‍കിയാല്‍ കൂലി തൊഴിലുറപ്പു നിരക്കില്‍ സംരംഭകര്‍ നല്‍കും. ബാങ്ക് വഴി നിശ്ചയിക്കപ്പെട്ട കൂലി പണിയെടുക്കുന്നവര്‍ക്ക് സംരംഭകര്‍ നല്‍കണം.

പരമ്പരാഗത തൊഴില്‍ മേഖലകള്‍

 •   സ്‌കൂള്‍ യൂണിഫോം പദ്ധതി നടപ്പാക്കിയതോടെ കൈത്തറി മേഖലയില്‍ സര്‍ക്കാര്‍ സഹായം ഇരട്ടിയായി. കയര്‍ വ്യവസായത്തിലെഉല്‍പാദനം 7000 ടണ്ണില്‍ നിന്ന്40000 ടണ്ണില്‍എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശുവണ്ടി മേഖലയുടെ നവീകരണം നടപ്പാക്കുകയാണ്. 3000 തൊഴിലാളികള്‍ക്കു കൂടി തൊഴില്‍ നല്‍കും.
 • കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്‌റ്റോറുകളുടെ ശൃംഖല ആരംഭിക്കുകയാണ്. ഈ കടകളില്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായ കയര്‍, കളിമണ്‍ പാത്രങ്ങള്‍, കൈത്തറി ഫര്‍ണിഷിംഗ്,  പനമ്പ്, കെട്ടുവള്ളി, തുടങ്ങിയ എല്ലാവിധ ഉല്‍പന്നങ്ങളും ലഭ്യമായിരിക്കും. വിനോദ സഞ്ചാരികള്‍ക്ക് കേരളത്തിന്റെ ഓര്‍മ്മയായി സൂക്ഷിക്കാനും സമ്മാനിക്കാനും പറ്റുന്ന സൊവനീര്‍ നിര്‍മ്മാണത്തെ പ്രത്യേകം പ്രോത്സാഹിപ്പിക്കും.അതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പി കേന്ദ്രങ്ങളുമായിരിക്കും. പരമ്പരാഗത മേഖലകള്‍ക്ക് ഇതു വലിയ ഉത്തേജകമാകും.

മത്സ്യമേഖല

 •   പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തീരത്തു നിന്ന് അമ്പതുമീറ്റര്‍ ഉള്ളില്‍ താമസിക്കുന്ന എല്ലാ കുടുംബങ്ങളുടെയും പുനരധിവാസത്തിന് 10 ലക്ഷം രൂപ വീതം നല്‍കുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
 •    പ്രതിഭാതീരം പദ്ധതി എല്ലാ മത്സ്യഗ്രാമങ്ങളിലും നടപ്പാക്കും. അഭ്യസ്തവിദ്യരായ യുവതിയുവാക്കള്‍ക്കു ഉദ്യോഗങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി പ്രത്യേക നൈപുണി വികസന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കും.

സുഭിക്ഷ കേരളം പദ്ധതി

 •   പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ സ്വയംപര്യാപ്ത നേടും. ഇതിനുവേണ്ടി ഓരോ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
 •  ഇന്ത്യയില്‍ ആദ്യമായി  കേരളത്തില്‍ പച്ചക്കറി തറവില പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ 250 തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് നടപ്പാക്കിയിട്ടുള്ളത്.  ഈ പദ്ധതി സാര്‍വത്രികമാക്കും. മിച്ചം വരുന്ന പച്ചക്കറി സംഭരിച്ച് ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ചെറുകിട മൂല്യവര്‍ദ്ധിത ശൃംഖലയ്ക്ക് രൂപം നല്‍കും.
 •   ഒരു കോടി ഫലവൃക്ഷത്തൈകള്‍ വര്‍ഷം തോറും നട്ടുപിടിപ്പിക്കും. ഇതിനായുള്ള നെഴ്‌സറികള്‍ ഓരോ പഞ്ചായത്തിലും ഉറപ്പുവരുത്തും. പുരയിടങ്ങളില്‍ വ്യാപകമായി ഫലവൃക്ഷങ്ങള്‍ നടുന്നതിനോടൊപ്പം ഹരിതമിഷന്‍ ആരംഭിച്ച പച്ചത്തുരുത്തു മാതൃകയിലോ 'മിയാവാക്കി' മാതൃകയിലോ ചെറിയ പ്രാദേശിക മരക്കൂട്ടങ്ങള്‍ പൊതു ഇടങ്ങളില്‍ സൃഷ്ടിക്കും.
 • കേരളത്തില്‍ വിതരണം ചെയ്യുന്ന പശു, എരുമ തുടങ്ങിയവ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിക്കൊണ്ടു വരുന്നവയാണ്. എന്നാല്‍ വേണ്ടത്ര സൂക്ഷ്മതയോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാത്തതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ അവ മരണപ്പെടുകയോ ആദായകരമല്ലാതായി മാറുകയോ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നഷ്ടം വന്നവരെ സഹായിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഒരു സ്‌കീം തയ്യാറാക്കും. കന്നുകുട്ടി പരിപാലന പദ്ധതി ശക്തിപ്പെടുത്തും.
 •  20000 കുളങ്ങളില്‍ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഗുണഭോക്തൃ ഗ്രൂപ്പ് ഉണ്ടാക്കും.

കേവല ദാരിദ്ര്യം ഇല്ലാതാക്കും

ദരിദ്രര്‍ക്ക് മൈക്രോപ്ലാനുകള്‍

 • നിലവിലുള്ള 'ആശ്രയ' പദ്ധതിയെ സമൂലമായി പുനസംഘടിപ്പിക്കും. അഗതികള്‍ക്കു മാത്രമല്ല മറ്റു പരമദരിദ്ര വിഭാഗങ്ങളെയും വിശദമായ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കും. ഓരോ കുടുംബത്തെയും ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നതിനുവേണ്ടി ഭക്ഷണം, പാര്‍പ്പിടം, വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തുന്നതിനുള്ള മൈക്രോപ്ലാന്‍ ഉണ്ടാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. കുടുംബശ്രീ മിഷന്റെ ഒരു ഉപമിഷനായി ഇതിനുവേണ്ടി പ്രത്യേക സംവിധാനമുണ്ടാക്കും.

ക്ഷേമപെന്‍ഷനുകള്‍

 • യു.ഡി.എഫ് ഭരണകാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍, കുടിശ്ശിക തീര്‍ക്കുക മാത്രമല്ല, 1400 രൂപയായി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തുക കൂടിചെയ്തു. ജനുവരി ഒന്നു മുതല്‍ 1500 രൂപയായി പെന്‍ഷന്‍ ഉയര്‍ത്തുന്നതാണ്. യുഡിഎഫ് കാലത്ത് ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ എണ്ണം 35 ലക്ഷമായിരുന്നു. ഇപ്പോള്‍ അത് 55 ലക്ഷത്തിലേറെയാണ്. 60 കഴിഞ്ഞ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
 •  കര്‍ഷക ക്ഷേമ ബോര്‍ഡ് നിലവില്‍ വന്നു കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ കൃഷിക്കാര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും. കര്‍ഷകത്തൊഴിലാളികള്‍ക്ക് അതിവര്‍ഷാനുകൂല്യമായി 100 കോടി രൂപ അനുവദിച്ചിരുന്നു.

എല്ലാവര്‍ക്കും വീട്

 • ലൈഫ് മിഷന്‍ വഴി രണ്ടര ലക്ഷത്തില്‍പ്പരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിക്കഴിഞ്ഞു. പണിതീരാതെ കിടന്ന വീടുകളെല്ലാം പൂര്‍ത്തീകരിച്ചു. രണ്ടര ലക്ഷം രൂപയാണ് വീടിനു നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ നാലു ലക്ഷം രൂപയാണ് മതിപ്പുചെലവ്. ഭൂരഹിതര്‍ക്കുവേണ്ടിയുള്ള ഫ്‌ളാറ്റുകള്‍ക്ക് 10-12 ലക്ഷം രൂപ ചെലവു വരും. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതരുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതടക്കം ഏതാണ്ട് അഞ്ചുലക്ഷം പേര്‍ക്കാണ് വീടുകള്‍ നല്‍കേണ്ടി വരിക. അവര്‍ക്കെല്ലാം വീടു നല്‍കും. അതോടെ കേരളത്തിലെ പാര്‍പ്പിട പ്രശ്‌നം നാം പരിപൂര്‍ണ്ണമായി പരിഹരിക്കും.
 •  തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക പാര്‍പ്പിട പദ്ധതി ആവിഷ്‌കരിക്കുന്നതാണ്. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കുന്നതാണ്.

എല്ലാവര്‍ക്കും വെളിച്ചം

 • എല്ലാ വീടുകള്‍ക്കും നാം വൈദ്യുതി കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. വൈദ്യുതിച്ചെലവ് കുറയ്ക്കുന്നതിനുവേണ്ടി ഊര്‍ജ ദക്ഷത കൂടിയ ബള്‍ബുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയിലേയ്ക്ക് മാറുകയും വൈദ്യുതി ഉപയോഗത്തില്‍ മിതവ്യയം പാലിക്കുകയും ചെയ്യുകയാണ് ഇനി വേണ്ടത്.  എല്ലാ തെരുവുവിളക്കുകളും സോളാറോ എല്‍.ഇ.ഡിയോ ആക്കും.പുരപ്പുറ സോളാര്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും. സീറോ ഫിലമെന്റ് പഞ്ചായത്തുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.

എല്ലാവര്‍ക്കും കുടിവെള്ളം

 • എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പുവഴി ശുദ്ധജലമെത്തിക്കാനുള്ള അതിബൃഹത്തായ ജലജീവന്‍ മിഷന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി പഞ്ചായത്തുതലത്തിലെ നിര്‍വഹണസംവിധാനം കേരളത്തില്‍ പഞ്ചായത്ത് സമിതിയാണ്. ചെലവിന്റെ 45 ശതമാനമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കൂ.  കേരളത്തില്‍ നടപ്പാക്കിയിരുന്ന ജലനിധി പദ്ധതിയുടെ പലഘടകങ്ങളും പുതിയ മിഷനിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ ഒരു വര്‍ഷം കൊണ്ട് 21 ലക്ഷം പേര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള 564 പ്രോജക്ടുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് മുഴുവന്‍ പേര്‍ക്കും ശുദ്ധജലം ലഭ്യമാക്കും. ഈ ചെറുകിട ജലവിതരണ പദ്ധതികളുടെതുടര്‍നടത്തിപ്പ് പൂര്‍ണമായും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും.

എല്ലാവര്‍ക്കും ഭക്ഷണം

 • ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം  അനര്‍ഹരായിട്ടുള്ളവരെ ബി.പി.എല്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി 15.8 ലക്ഷം പാവപ്പെട്ടവര്‍ക്ക് ചുവപ്പു കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി അര്‍ഹരായവര്‍ക്കെല്ലാം പൂര്‍ണ്ണ റേഷന്‍ ആനുകൂല്യം ഉറപ്പുവരുത്തും.

 ജനകീയ ഹോട്ടലുകള്‍ ശക്തിപ്പെടുത്തും. അഗതികളായിട്ടുള്ളവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കും.

പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ

വിഭാഗങ്ങളുടെ വികസനം

 • പഠനമുറി നിര്‍മ്മാണം സമ്പൂര്‍ണമാക്കും. പ്രത്യേക പഠനപരിഹാര ബോധന സ്‌കീമുകള്‍ ആവിഷ്‌കരിക്കും. പട്ടികജാതി, പട്ടികവര്‍ഗ സങ്കേതങ്ങള്‍ സമയബന്ധിതമായി അഞ്ചുവര്‍ഷം കൊണ്ട് നവീകരിക്കും. നൈപുണി പോഷണത്തിന് പ്രത്യേക സ്‌കീമുകള്‍ വഴി സ്വകാര്യ മേഖലയില്‍ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സേവനങ്ങള്‍ മികവുറ്റതാക്കും

പൊതുവിദ്യാലയങ്ങള്‍ ഒന്നാംതരം

 • പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങളിലും പഠനരീതികളിലും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും വലിയൊരു കുതിപ്പിന് നാം സാക്ഷ്യം വഹിക്കുകയാണ്.  ഇതു മുന്നോട്ടു കൊണ്ടുപോകും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ അക്ഷരവും അക്കവും ഉറച്ചിട്ടില്ലാത്ത കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി പരിഹാരബോധന വിദ്യാഭ്യാസം നല്‍കുന്ന പരിപാടി നടപ്പാക്കും. വയോക്ലബുകള്‍, ഗ്രന്ഥശാലകള്‍, കലാസാംസ്‌കാരിക കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ എന്നിവ ഇതിനുള്ള കേന്ദ്രങ്ങളാക്കും. അവധിക്കാലത്തെ വിജയപ്രഖ്യാപനമായി കുട്ടികളുടെ അക്ഷരമഹോത്സവങ്ങളും കളിക്കൂട്ടങ്ങളും സംഘടിപ്പിക്കും. 
 •  പ്രൈമറി അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെല്ലാം കമ്പ്യൂട്ടര്‍ ലാബുകളായി. ഇനി എല്ലാ ക്ലാസ് മുറികളും കമ്പ്യൂട്ടര്‍വത്കരിക്കും.
 •  എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കും. കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്‌കീമിന് സബ്‌സിഡി വര്‍ദ്ധിപ്പിക്കും. സ്‌കൂള്‍ കമ്പ്യൂട്ടറൈസേഷന്‍ എല്ലാ വീട്ടിലും കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പുവരുത്തും. ലാപ്‌ടോപ്പും ഇന്റര്‍നെറ്റും കൂടി ചേരുമ്പോള്‍ ഡിജിറ്റല്‍ ഡിവൈഡ് കേരളത്തില്‍ ഉണ്ടാവില്ല.

പൊതുജനാരോഗ്യം ജനപങ്കാളിത്തത്തോടെ

 •  വിദ്യാഭ്യാസ മേഖലയെന്നപോലെ പൊതുആരോഗ്യമേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഇതിനെ ഉള്‍ക്കൊള്ളാനാവുംവിധം കേരളത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഡോക്ടര്‍മാരുടെയും ആരോഗ്യ ജീവനക്കാരുടെയും എണ്ണം ഇരട്ടിയാക്കും. രാവിലെയും വൈകുന്നേരവും ഓപി ഉറപ്പുവരുത്തും.
 • ആരോഗ്യവോളണ്ടിയര്‍മാരുടെ സഹായത്തോടെ ആശാ പ്രവര്‍ത്തകരുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ മുഴുവന്‍ പൗരന്മാരുടെയും ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ച ഡാറ്റാബേസുണ്ടാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആസ്പദമാക്കി ടെലിമെഡിസിന്‍ ആരംഭിക്കും. പ്രധാനപ്പെട്ട ജീവിതശൈലീ രോഗങ്ങള്‍ ആരംഭം മുതല്‍ തിരിച്ചറിയാനുള്ള കാമ്പയിനുകളും മറ്റും സംഘടിപ്പിക്കും. രോഗികള്‍ക്ക് സബ്‌സെന്റര്‍ വഴി തുടര്‍ച്ചയായി മരുന്ന് ലഭിക്കുന്നു എന്നുറപ്പു വരുത്തും.
 • അഞ്ചുലക്ഷം രൂപ വരെ പ്രതിവര്‍ഷം സൗജന്യ ചികിത്സാ സഹായം ഉറപ്പുവരുത്തുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത ആളുകള്‍ക്ക് പഴയ കാരുണ്യ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കും.

കോവിഡ് പ്രതിരോധം

 • യുഡിഎഫ് സമരങ്ങളും മറ്റും സൃഷ്ടിച്ച ജാഗ്രതയിലെ ഇടിവാണ് കോവിഡ് വ്യാപനത്തിനു വലിയൊരു പരിധിവരെ പശ്ചാത്തലമൊരുക്കിയത്. പക്ഷേ, ഈ ഘട്ടത്തില്‍പ്പോലും മരണ നിരക്ക് 0.3 ശതമാനമായി താഴ്ത്തിനിര്‍ത്തുന്നതില്‍ നാം വിജയിച്ചു. കേരളത്തില്‍ ആകെ മരിച്ചവരുടെ എണ്ണം ഇപ്പോഴും ഏതാണ്ട് 2000 ആണ്.

ഭിന്നശേഷിക്കാര്‍ക്ക് തുല്യതയും സംരക്ഷണവും

 •  എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ബഡ്‌സ്‌കൂളുകള്‍ ഉറപ്പുവരുത്തും. എല്ലാ സ്‌കൂളുകള്‍ക്കും കുട്ടികളെ കൊണ്ടുവരുന്നതിനുള്ള വാഹനം ഉറപ്പാക്കും.ബഡ്‌സ്‌കൂളില്‍ വരുന്ന ഭിന്നശേഷിക്കാരില്‍ നിന്നും വ്യത്യസ്തമായ ഭിന്നശേഷികളുണ്ട്.അവരെയും ഉള്‍ക്കൊള്ളും. അതോടൊപ്പം 18 വയസു കഴിഞ്ഞവരുടെ സംരക്ഷണത്തിനുവേണ്ടി പ്രത്യേക സംവിധാനങ്ങളും ഒരുക്കും.

            ബഡ്‌സ്‌കൂളുകള്‍ക്കു പുറമെ സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളുമുണ്ട്. അവയ്ക്കുള്ള സഹായം ഈ                  സര്‍ക്കാരിന്റെ കീഴില്‍ ഗണ്യമായി ഉയര്‍ത്തുകയുണ്ടായി.തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനുള്ള            അനുവാദം നല്‍കും.ഭിന്നശേഷിക്കാര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള സ്‌കോളര്‍ഷിപ്പ് അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭിക്കുമെന്ന് ഉറപ്പുവരുത്തും.

 • മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് പ്രകാരം മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

വയോജന സംരക്ഷണം

 • സ്ഥ     സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. വാര്‍ദ്ധക്യത്തില്‍ പൗരര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ഉറപ്പുവരുത്തി അവരുടെ ജീവിതം സമാധാന പൂര്‍ണവും പ്രയോജനപ്രദവും അന്തസ്സുറ്റതുമാക്കുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. അതിനാല്‍ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും സമ്പൂര്‍ണ വയോസൗഹൃദ തദ്ദേശ ഭരണസ്ഥാപനമായി മാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
 • സ്ഥ       വയോസൗഹൃദ തദ്ദേശഭരണ സ്ഥാപനത്തില്‍ എല്ലാ വാര്‍ഡുകളിലുംഅഞ്ചു വര്‍ഷം കൊണ്ട് വയോക്ലബുകള്‍ ആരംഭിക്കും.
 •  കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക് പ്രത്യേകം അയല്‍ക്കൂട്ടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സാര്‍വത്രികമാക്കും. വയോക്ലബുകള്‍ അയല്‍ക്കൂട്ടങ്ങളുടെ ആസ്ഥാനവുമായിരിക്കും.

അങ്കണവാടികള്‍

 • മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തമായി ഭൂമിയും കെട്ടിടവും ഉറപ്പുവരുത്തും. സ്മാര്‍ട്ട് അങ്കണവാടി സ്‌കീം സാര്‍വ്വത്രികമാക്കും. ശിശുപരിപാലന (ഋമൃഹ്യ ഇവശഹറവീീറ ഇമൃല) പരിപാടി ശക്തിപ്പെടുത്തും.
 •  എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളെയും ബാലസൗഹൃദമാക്കും.

കലാസാംസ്‌കാരിക രംഗം

 • വായനശാലകള്‍ക്ക് ഗ്രേഡ് അനുസരിച്ച് മിനിമം സൗകര്യങ്ങള്‍ നിശ്ചയിക്കുകയും അവ സമയബന്ധിതമായി ഉറപ്പുവരുത്തുകയും ചെയ്യും. ഘട്ടം ഘട്ടമായി മുഴുവന്‍ ലൈബ്രറികളെയും ഹൈടെക് ആക്കും. ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് ഔപചാരിക രജിസ്‌ട്രേഷനും ധനസഹായവും ലഭ്യമാക്കും. ഗ്രന്ഥശാലകളെയും സാംസ്‌കാരിക സമിതികളെയും പുതിയ സാങ്കേതിക സൗകര്യങ്ങള്‍കൂടി വിനിയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പുതുക്കിപ്പണിയാനുള്ള സഹായം നല്‍കും. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കും.
 •   സാമൂഹ്യ മൈത്രിയുടെയും കരുതലിന്റെയും തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കും.

കായികരംഗം

 • കളിസ്ഥലങ്ങളും പൊതുയിടങ്ങളും സംരക്ഷിക്കുന്നതിനുള്ള ഒരു സംസ്ഥാനാവിഷ്‌കൃത പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും. ജീവിതശൈലീരോഗവിമുക്തമാക്കുന്നതിനുകൂടി സഹായകരമായ വ്യായാമകേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി സ്ഥാപിക്കും. പച്ചത്തുരുത്തുകള്‍ക്കൊപ്പം വിശ്രമ ഇടങ്ങള്‍കൂടി ഒരുക്കും. പാര്‍ക്കുകളും കൂടുതല്‍ തുറന്ന ഇടങ്ങളും സൃഷ്ടിക്കും.

ശുചിത്വകേരളം

 • സ്ഥ       പകുതിയിലേറെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ശുചിത്വ പദവി നേടിയിട്ടുണ്ട്. 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളവയെല്ലാം ഈ ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സമ്പൂര്‍ണ ശുചിത്വം എന്നതാണ് നമ്മുടെ ലക്ഷ്യം.
 • അടുത്ത അഞ്ചുവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതത്തിനു പുറമെ 2500ഓളം കോടി രൂപ ശുചിത്വ പരിപാടിക്കുവേണ്ടി നഗരസഭകള്‍ വഴി ചെലവഴിക്കുന്നതാണ്.
 •   സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലവും ജനസമ്മതിയും ഉറപ്പാക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് കേന്ദ്രീകൃത സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും അനുബന്ധ പാര്‍ക്കും സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്നതാണ്. ഇതിനു പുറമെ അഞ്ചുകോടി രൂപ പ്രത്യേക വികസന ഗ്രാന്റായും നല്‍കും.
 •   പന്തീരായിരം പൊതുടോയ്‌ലെറ്റുകളും ടേക് കെയര്‍ വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കും. സമയബന്ധിതമായി താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കും.
 1.     തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലുള്ള ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍.
 2.     ദേശീയ പാതയുടെയും പൊതുമരാമത്ത് റോഡുകളുടെയും പുറമ്പോക്കിലും പൊതുസ്ഥാപനങ്ങളുടെ മിച്ചസ്ഥലത്തോ പൊതു ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും.
 3.    കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ടോയ്‌ലെറ്റ് ബ്ലോക്ക് ഏറ്റെടുത്ത് നവീകരിക്കും.
 4.   പെട്രോള്‍ പമ്പുകളുടെ ടോയ്‌ലെറ്റുകള്‍ നവീകരിക്കും.
 •  കൊതുക്, എലി തുടങ്ങിയവയുടെ നിയന്ത്രണവും മഴക്കാലപൂര്‍വ്വ ശുചീകരണ നടപടികളും ഊര്‍ജ്ജിതമാക്കും. തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി വന്ധ്യംകരണ പരിപാടി വിപുലമാക്കും. വന്യമൃഗങ്ങളില്‍ നിന്ന് കൃഷി വിളകളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.
 •  ആധുനിക അറവുശാലകള്‍ക്കും ശ്മശാനങ്ങള്‍ക്കും കിഫ്ബിയില്‍ നിന്നും ധനസഹായം നല്‍കുന്നതിനുള്ള സ്‌കീം വിപുലീകരിക്കും.

ഗ്രാമീണ റോഡുകള്‍ക്കെല്ലാം നിലവാരം

 • കേരളത്തിന്റെസവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് റോഡുകള്‍ക്ക് മൂന്നോ നാലോ നിലവാരങ്ങള്‍ നിശ്ചയിക്കാം. അതിന് അനുസരിച്ചിട്ടുള്ള എസ്റ്റിമേറ്റുകളും നിര്‍മ്മിതികളും വേണം ഇനി വരാന്‍. ഓരോ പ്രദേശത്തെയും റോഡു മാപ്പുകള്‍ തയ്യാറാക്കി ഇത്തരത്തില്‍ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള മുന്‍ഗണനകള്‍ നിശ്ചയിക്കും. ചെറുറോഡുകളും മറ്റും ടൈലും കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് തൊഴിലുറപ്പിനെ കൂടുതല്‍ പ്രയോജനപ്പെടുത്തും.

 

സ്ത്രീ സൗഹൃദമാക്കും

വികസനത്തില്‍ സ്ത്രീ പരിഗണന

 • വനിതാഘടക  പദ്ധതിയെ സ്ത്രീകളുടെ പദവി ഉയര്‍ത്താനുതകുന്ന രീതിയിലുള്ള കൂടുതല്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുവരുത്തും.
 •  എല്ലാ പഞ്ചായത്തുകളെയും നഗരസഭകളെയും സ്ത്രീസൗഹൃദമാക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ മാപ്പിംഗ് നടത്തുന്നതാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എവിടെവെച്ച്, എപ്പോള്‍, ഏതു സമയത്ത്, ആരില്‍ നിന്ന് ഉണ്ടാകുന്നു എന്നുള്ളതിനെക്കുറിച്ച് ഒരു ധാരണ ഓരോ പ്രദേശത്തും എത്തിച്ചേരണം. ഈ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനു  വേണ്ടിയുള്ള പ്രോജക്ടുകള്‍ നിര്‍ബന്ധമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും.

കുടുംബശ്രീ

 • നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച കുടുംബശ്രീ ഇന്ന് ഏറ്റവും മികച്ച സ്വയംസഹായ സംഘ സംവിധാനം എന്ന അംഗീകാരം ദേശീയവും അന്തര്‍ദേശീയവുമായി നേടിക്കഴിഞ്ഞു. മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ക്കുന്ന സമീപനം, തദ്ദേശ ഭരണസ്ഥാപനങ്ങളുമായുള്ള ബന്ധം, വ്യത്യസ്ത ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം, സ്ത്രീശാക്തീകരണത്തിനുള്ള ഉപാധി എന്ന നിലയിലെല്ലാം ഒട്ടേറെത്തനിമകളുണ്ട്. ഇന്ന് കുടുംബശ്രീയില്‍ 45 ലക്ഷം അംഗങ്ങളാണുള്ളത്. കുടുംബശ്രീയിലെ അംഗത്വം 50 ലക്ഷമായി ഉയര്‍ത്തും. 
 •   കുടുംബശ്രീയ്ക്ക് ഇപ്പോള്‍ ബജറ്റില്‍ 250 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് 500 കോടി രൂപയായി ഉയര്‍ത്തും.
 • 10ലക്ഷം പേര്‍ക്ക് കുടുംബശ്രീ വഴി ലാപ്‌ടോപ്പ് വിതരണം ചെയ്യും. കുടുംബശ്രീ വഴിയുള്ള വായ്പ 15000 കോടി രൂപയായി ഉയര്‍ത്തും. ഒരു ലക്ഷം സ്ത്രീകള്‍ക്ക് കുടുംബശ്രീ വഴി തൊഴില്‍ നല്‍കും. ജനകീയ ഹോട്ടല്‍, ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്‌റ്റോറുകള്‍, ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ എന്നിവ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും ഉറപ്പു വരുത്തും. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ സ്ഥാപിക്കും.

ട്രാന്‍സ്‌ജെന്‍ഡര്‍

 • സ്ഥ       ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. തൊഴിലും താമസവും മറ്റു ജീവിതാവശ്യങ്ങളും ഉറപ്പു നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും.

 

പരിസ്ഥിതി സംരക്ഷിക്കും

മണ്ണ് - ജല സംരക്ഷണം

 • അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ പുഴകളും എണ്‍പതിനായിരം കിലോമീറ്റര്‍ തോടുകളും ശുചീകരിക്കും. ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തും. കയര്‍ ഭൂവസ്ത്രമോ കല്ലോ കെട്ടി വശങ്ങള്‍ സംരക്ഷിക്കും. ഓരങ്ങളില്‍ മുള പോലുള്ള വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും. വൃഷ്ടിപ്രദേശത്ത് നീര്‍ത്തട പദ്ധതി നടപ്പാക്കും.
 • മണ്ണ് - ജല സംരക്ഷണ പ്രവര്‍ത്തനത്തിനുവേണ്ടി വളരെ വിശദമായ നീര്‍ത്തട മാപ്പുകള്‍ തയ്യാറാക്കേണ്ടതുണ്ട്. സാറ്റലൈറ്റ് പടങ്ങളില്‍നിന്ന് ഇവ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സൃഷ്ടിക്കാവുന്നതാണ്. ഈ മാപ്പുകള്‍ റീവാലിഡേറ്റ് ചെയ്യുന്നതിനും സാമ്പത്തിക സാമൂഹ്യ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നതിനുംവേണ്ടി വിഭവഭൂപട നിര്‍മ്മാണത്തിന്റെ മാതൃകയില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വലിയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതാണ്. ഇങ്ങനെ തയ്യാറാക്കുന്ന മാതൃകാ നീര്‍ത്തട പരിപാടികള്‍ക്ക് അധികഫണ്ട് നബാര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഉറപ്പുവരുത്തും.
 •  കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി വ്യാപകമാക്കും. കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള പ്രാദേശിക കര്‍മ്മ പദ്ധതി (ഘീരമഹ അരശേീി ജഹമി ീി ഇഹശാമലേ ഇവമിഴല) എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും തയ്യാറാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ വയനാടാണ് ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി ലക്ഷ്യമിട്ടിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനും കാപ്പി കൃഷിക്കാരുടെ വരുമാനം ഗണ്യമായി ഉയര്‍ത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതുവഴി ലോകോത്തര മാതൃകയായി കേരളം മാറും.

ദുരന്ത നിവാരണ മാനേജ്‌മെന്റ്

 • തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക ദുരന്ത നിവാരണ മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കിയിട്ടുള്ളത് കൂടുതല്‍ മെച്ചപ്പെടുത്തും. ഈ പദ്ധതി പഠിക്കുകയും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യേണ്ടത് ഓരോ പഞ്ചായത്തിലെയും സാമൂഹ്യസന്നദ്ധ സേനയുടെ ചുമതലയാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളോട് ബന്ധപ്പെട്ടാണ് ഈ സേന പ്രവര്‍ത്തിക്കുക. എന്‍.സി.സിയിലെന്നപോലെ മാസത്തില്‍ ഒരുതവണയെങ്കിലും സന്നദ്ധ സേനാ അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കുന്നതാണ്. അങ്ങനെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളും അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യമായ സാമഗ്രികളും ഷെല്‍ട്ടറുകളും ഉറപ്പുവരുത്തും.

തദ്ദേശഭരണം സദ്ഭരണമാക്കും

ഓഫീസുകള്‍

 • കേരളത്തിലെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ലഭ്യമാണോ എന്നതു സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റു നടത്തും.  ഇതുപോലുള്ള ഓരോ മേഖലയ്ക്കും ഗുണമേന്മാ സൂചികകള്‍ നിജപ്പെടുത്തുകയും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അവ നേടുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
 •   കൈമാറിക്കിട്ടിയ കീഴ്ത്തട്ട് സ്ഥാപനങ്ങളും തദ്ദേശഭരണവും തമ്മിലുള്ള ഇതുവരെയുള്ള അനുഭവങ്ങളെ ഡിപ്പാര്‍ട്ട്‌മെന്റ് അടിസ്ഥാനത്തില്‍ പരിശോധിച്ച് കൂടുതല്‍ ഏകോപനവും പ്രാദേശിക മുന്‍കയ്യും ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കും.
 • എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും റോഡ് അടക്കമുള്ള ആസ്തി രജിസ്റ്റര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കും. മുനിസിപ്പിലാറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും നിക്ഷിപ്തമായിട്ടുള്ള ആറ്, തോട്, റോഡ് പുറമ്പോക്കുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഭൂ രജിസ്റ്റര്‍ തയ്യാറാക്കും. തരിശു നിലത്തിന്റെ രജിസ്റ്റര്‍ കൃഷി ഭവന്റെ സഹായത്തോടെ തയ്യാറാക്കും.

സംയോജിത സമീപനം

 • ഡി.പി.സി ശക്തിപ്പെടുത്തുകയും പദ്ധതികളുടെ മോണിറ്ററിംഗിന് അധികാരപ്പെടുത്തുകയും ചെയ്യും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രാരംഭമായി ജില്ലാ പദ്ധതികള്‍ പരിഷ്‌കരിക്കും. മാര്‍ച്ച് മാസം ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് വാര്‍ഷിക പദ്ധതികള്‍ തയ്യാറാകുമെന്ന് ഉറപ്പുവരുത്തും.
 • തദ്ദേശഭരണ സ്ഥാപനങ്ങളെ സഹായിക്കാനും സാങ്കേതിക സഹായം ഉറപ്പിക്കാനുമാണ് നാല് മിഷനുകള്‍. ഇതിന്റെ ഗുണഫലം വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, കൃഷി, ശുചിത്വം തുടങ്ങിയ മേഖലകളിലെല്ലാം പ്രകടമാണ്. ഈ മിഷനുകളെ മെച്ചപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള സഹാചര്യമൊരുക്കും.

ജനകീയതയും സുതാര്യതയും

 • ഗ്രാമസഭയിലെ ജനപങ്കാളിത്തവും സംവാദാത്മകതയും ഉറപ്പുവരുത്തുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിക്കും. അയല്‍ക്കൂട്ടങ്ങളെയും റെസിഡന്റ്‌സ് അസോസിയേഷനുകളെയും അതുപോലെ കീഴ്ത്തല സാമൂഹ്യ കൂട്ടായ്മകളെയും ഗ്രാമസഭകളുമായി ബന്ധപ്പെടുത്തുകയാണ് ഇതിനുള്ള മാര്‍ഗ്ഗം. വാര്‍ഡിലെ ഏതെങ്കിലുമൊരു പൊതുസ്ഥാപനത്തെ ഗ്രാമസേവാ കേന്ദ്രമായി പ്രവര്‍ത്തിപ്പിക്കും.
 •  പി.റ്റി.എ, എസ്.എം.സി, ആശുപത്രി വികസന സമിതി തുടങ്ങിയ ജനകീയ സംവിധാനങ്ങളെ ശക്തിപ്പെടുത്തും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആസൂത്രണത്തിലും നിര്‍വഹണത്തിലും സഹായിക്കുന്നതിന് സാങ്കേതികവിദഗ്ധരെ തെരഞ്ഞെടുക്കുന്നതിന് സ്വാതന്ത്ര്യമുണ്ടാകും. വാര്‍ഡ് വികസനസമിതികള്‍ ശക്തിപ്പെടുത്തും.
 • എല്ലാ സേവനങ്ങളും പൗരന്റെ അവകാശമെന്നത് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പൗരവകാശരേഖ പ്രസിദ്ധീകരിക്കുക മാത്രമല്ല അതു നടപ്പാക്കിയതു സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ സമര്‍പ്പിക്കുമെന്ന് ഉറപ്പുവരുത്തും. സമഗ്ര അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്വ) നിയമം പാസ്സാക്കും.

കീഴോട്ടുള്ള വിന്യാസം

 • ആറാം ധനകാര്യ കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്ന ഡെവലപ്പ്‌മെന്റ് ഗ്രാന്റിലും മെയിന്റനന്‍സ് ഗ്രാന്റിലും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലുമുള്ള വര്‍ദ്ധന അടുത്ത ബജറ്റിലൂടെ നടപ്പിലാക്കും.
 • സ്ഥ       എല്ലാ പഞ്ചായത്തുകളിലും എഞ്ചിനീയര്‍മാരെ വിന്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓവര്‍സിയര്‍മാരുടെ തസ്തികകളും സൃഷ്ടിച്ചു. പുനര്‍വിന്യാസത്തിലൂടെയോ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിലൂടെയോ രണ്ട് തസ്തികകള്‍ വീതം അധികമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നതാണ്. നിലവിലുള്ള സാക്ഷരതാ മിഷന്‍ പ്രേരക്മാരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് വിന്യസിക്കുന്നതാണ്.
 • യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച മൈനര്‍ ഇറിഗേഷന്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കും.

ഇ-ഗവേണന്‍സ്

 • ഇ-ഗവേണന്‍സില്‍ കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി വഴി എല്ലാ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള വിവിധസേവനങ്ങളുടെ സോഫ്ട്‌വെയറുകളെല്ലാം ഏകോപിപ്പിച്ച് ഒറ്റ വിവരവ്യൂഹമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമുണ്ടാക്കും.
 • കോവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനും ഗ്രാമസഭയും വികസന സെമിനാറും നടത്തുന്നതിനും നൂതന ഐടി സംവിധാനങ്ങളെ ഉപയോഗപ്പെടുത്തും

പ്രവാസികള്‍

 • പ്രവാസികളെ പ്രാദേശിക വികസന പരിപാടികളില്‍ പങ്കാളികളാക്കുന്നതിന് പരിശ്രമിക്കും. ഇതിന്റെ ഭാഗമായി ലോക കേരള സഭയുടെ തുടര്‍ച്ചയായി വര്‍ഷത്തില്‍ ഒരിക്കല്‍ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തില്‍ പ്രവാസികളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കും. പ്രവാസികള്‍ക്കു നാട്ടില്‍ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്യാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സഹായിക്കും. വിദേശത്തുനിന്നും മടങ്ങിവരുന്നവരുടെ ലിസ്റ്റും അവരുടെ ആവശ്യങ്ങളും പ്രാദേശികമായി ക്രോഡീകരിക്കുകയും നോര്‍ക്കയുമായി ബന്ധപ്പെട്ടുകൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യും.