കോവിഡ് കാലത്തെ സ്വകാര്യത: രാഷ്ട്രീയവും നിയമവും

എം ബി രാജേഷ്

മനുഷ്യരാശി ഇന്നോളം നേരിട്ട ഗുരുതരമായ വെല്ലുവിളികളില്‍ അസാധാരണമായതും വേറിട്ടു നില്‍ക്കുന്നതുമാണ് കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി. ലോകമാകെ അസാധാരണ നടപടികള്‍ ഇതിനെ നേരിടാന്‍ സ്വീകരിക്കേണ്ടി വന്നിരിക്കുന്നു. ലോകജനതയില്‍ പകുതിയിലേറെ ആഴ്ചകളായി പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വീടുകളില്‍ തളച്ചിടപ്പെട്ടിരിക്കുന്നു. ആഗോളതലത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്ത വിധം തളര്‍ന്നു കിടക്കുന്നു. മതപരവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ ഒത്തുചേരലുകളും കലാകായിക മേളകളും സാധ്യമല്ലാതായിരിക്കുന്നു. ഒളിമ്പിക്സ് പോലും മാറ്റി വെച്ചിരിക്കുന്നു. ഇന്ത്യയില്‍ 40 ദിവസം നീണ്ട പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടി വന്നിരിക്കുന്നു. പ്രതിദിനം ചുരുങ്ങിയത് അമ്പതിനായിരം കോടി രൂപയുടെയെങ്കിലും ഉല്‍പാദന നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ അസാധാരണ നടപടികളുടെയെല്ലാം ഒരേയൊരു ലക്ഷ്യം മനുഷ്യജീവനെ രക്ഷിക്കുക എന്നത് മാത്രമാണ്. മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിനിടയില്‍ മനുഷ്യരാശിയാകെ കൈവരിച്ച അവകാശങ്ങളെല്ലാം ഒന്നുകില്‍ സ്വയം പരിമിതപ്പെടുത്തുകയോ അല്ലെങ്കില്‍ അവയ്ക്കു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടത് അനിവാര്യമായിത്തീരുന്നു.


ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ സ്വകാര്യതയെ സംബന്ധിച്ച് പുതിയ ചര്‍ച്ച ഉയര്‍ന്നു വന്നിരിക്കുന്നത്. കോവിഡ് നേരിടുന്നതില്‍ വിവര വിശകലനം വന്‍തോതില്‍ നടത്താനുള്ള സാങ്കേതിക വിദ്യാ സഹായം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നതിന്‍റെ പേരിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. പലരും ചൂണ്ടിക്കാട്ടിയതുപോലെ ലോകമാകെ മഹാമാരിക്കാലത്ത് ജീവന്‍ രക്ഷിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടുമ്പോള്‍  കേരളത്തില്‍ സ്വകാര്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാവുന്ന സ്വസ്ഥമായ അന്തരീക്ഷം സൃഷ്ടിക്കാനായി എന്നതുതന്നെ കോവിഡിനെതിരായ കേരള മാതൃകയുടെ വിജയമായി കണക്കാക്കാം. വിവര വിശകലനത്തിന് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന്‍റെ സഹായം സര്‍ക്കാര്‍ ഉപയോഗിക്കുന്നതിലായിരുന്നല്ലോ വിവാദം. രാഷ്ട്രീയ ലാഭത്തിന് നടത്തിയ അപവാദ പ്രചരണങ്ങളും ആരോപണ കോലാഹാലങ്ങളുമെല്ലാം ഹൈക്കോടതിയിലെത്തിയതോടെ കെട്ടടങ്ങുന്നതാണ് കണ്ടത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു ശേഷം ഡാറ്റാ സുരക്ഷ, സ്വകാര്യത എന്നിവ മാത്രമാണ് അവശേഷിക്കുന്നത്. അവ രണ്ടും പ്രധാന പ്രശ്നങ്ങളാണെന്നതില്‍ സിപിഐ എമ്മിനോ സര്‍ക്കാരിനോ ഭിന്നാഭിപ്രായമില്ല. ആ രണ്ടു പ്രശ്നങ്ങളും സ്പ്രിങ്ക്ളറുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സര്‍ക്കാര്‍ ഗൗരവത്തോടെ അഭിസംബോധന ചെയ്തു എന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതില്‍,  ഹൈക്കോടതി കരാറിലെ ഇവ സംബന്ധിച്ച വ്യവസ്ഥകള്‍ ആവര്‍ത്തിച്ചുറപ്പിക്കുകയും അടിവരയിടുകയുമാണ് ചെയ്തത്.


ഡാറ്റാ സുരക്ഷയും സിപിഐ എം നിലപാടും


ഹൈക്കോടതിവിധിയിലേക്ക് വരുംമുമ്പ് ഡാറ്റാ സുരക്ഷ, സ്വകാര്യത എന്നീ വിഷയങ്ങളിലുള്ള സിപിഐ എം നിലപാട് ആദ്യം പരിശോധിക്കാം.

രണ്ടു പ്രശ്നങ്ങളിലും വ്യക്തവും അസന്ദിഗ്ദ്ധവുമായ കാഴ്ചപ്പാടും നിലപാടും സിപിഐ എമ്മിനുണ്ട്. വ്യക്തികളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാന്‍ ആവശ്യമായ നിയമമുണ്ടാക്കണമെന്ന് പാര്‍ടി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പൗരരുടെ ഡാറ്റയും സ്വകാര്യതയും നിയമത്തിന്‍റെ പിന്‍ബലമില്ലാതെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് സിപിഐ എം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഫേസ്ബുക്ക് വിവരങ്ങള്‍ ഉപയോഗിച്ച് യുകെ കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുറത്തു വന്ന സന്ദര്‍ഭത്തില്‍ സ്വകാര്യതയും ഡാറ്റയും സംരക്ഷിക്കാനുള്ള നിയമത്തിന്‍റെ അഭാവം പാര്‍ടി ശക്തമായി ഉന്നയിച്ചിരുന്നു. സ്വകാര്യതയെയും ഡാറ്റാ സുരക്ഷയെയും സംബന്ധിക്കുന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് ആധാറിനെയും പാര്‍ടി എതിര്‍ത്തത്. ഒപ്പം ആധാറിന്‍റെ പ്രായോഗിക പ്രയാസങ്ങള്‍,  സങ്കീര്‍ണ്ണതകള്‍ എന്നിവയും എതിര്‍പ്പിനു കാരണമായി. പാര്‍ടി ഉയര്‍ത്തിയ എതിര്‍പ്പുകള്‍ ശരിവെക്കുന്നവിധം ആധാര്‍ വിവരങ്ങള്‍ ചോരുകയുണ്ടായി എന്നോര്‍ക്കുക. വെറും 500 രൂപയ്ക്ക് വാട്സാപ്പിലൂടെ വിവരങ്ങള്‍ ലഭ്യമാകുന്ന സ്ഥിതിയായിരുന്നു. ഈ പ്രശ്നം സിപിഐ എം പാര്‍ലമെന്‍റിലും പുറത്ത് ജനമധ്യത്തിലും ശക്തമായിത്തന്നെ ഉയര്‍ത്തിയിട്ടുമുണ്ട്. ഈ നിലപാടിന്‍റെ അടിസ്ഥാനത്തില്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരരുടെ ഡിജിറ്റല്‍ അവകാശങ്ങളെക്കുറിച്ചും സ്വകാര്യതക്കുള്ള അവകാശത്തെക്കുറിച്ചും വ്യക്തമായ ഉറപ്പ് സിപിഐ എം നല്‍കുകയുണ്ടായി. ഐടി നിയമത്തിലെ 69-ാം വകുപ്പ് ഉപയോഗിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ മാസ് സര്‍വെലന്‍സ് നടത്തുന്നത് അവസാനിപ്പിക്കുമെന്ന് പാര്‍ടി പറഞ്ഞു. 'സ്വകാര്യവിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ശേഖരിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും എതിരായി ജനങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനുള്ള നിയമനിര്‍മാണം നടത്തും. പൗരരുടെ സ്വകാര്യത ലംഘിക്കുന്ന ഏത് നിരീക്ഷണത്തിനും കൃത്യമായ വ്യവസ്ഥകളും നീതിന്യായ വ്യവസ്ഥയുടെ മേല്‍നോട്ടവുമുണ്ടാകണം' - പ്രകടനപത്രിക ചൂണ്ടിക്കാട്ടി. ആധാര്‍, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് അടിസ്ഥാനമാക്കുന്നത് റദ്ദാക്കുമെന്നും  പ്രകടനപത്രിക പറഞ്ഞു. ഡാറ്റ സുരക്ഷ, സ്വകാര്യത എന്നീ വിഷയങ്ങളിലുള്ള സിപിഐ എം നിലപാട് അത്രമേല്‍ വ്യക്തവും ദൃഢവുമാണ്.


കോണ്‍ഗ്രസ്, ബിജെപി നിലപാടുകള്‍


എന്നാല്‍ കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ക്ക് ഡാറ്റ സുരക്ഷ,  സ്വകാര്യതയുടെ സംരക്ഷണം എന്നിവയില്‍ അനുകൂലമായ നിലപാടല്ല ഉള്ളത്. ആധാര്‍ നടപ്പാക്കുന്നതിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസ്സായിരുന്നുവല്ലോ. ഇതേ കോണ്‍ഗ്രസ്സാണ് സ്വകാര്യതയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തിയ ഹൂമന്‍ ഡിഎന്‍എ പ്രൊഫൈലിങ് ബില്‍ പാസാക്കാന്‍ ശ്രമിച്ചത് എന്നും മറക്കരുത്. രാജ്യത്തെ മുഴുവന്‍ വ്യക്തികളുടെയും ഡിഎന്‍എ, ഫിംഗര്‍ പ്രിന്‍റുകള്‍ ശേഖരിച്ചു ഡിഎന്‍എ ഡാറ്റാബാങ്ക് ഉണ്ടാക്കലായിരുന്നു ബില്ലിന്‍റെ ലക്ഷ്യം. 2007ല്‍ ഒന്നാം യുപിഎയുടെ കാലത്ത് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന ഇടതുപക്ഷവും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ശക്തമായി എതിര്‍ത്തതോടെ ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരത്തില്‍വന്ന രണ്ടാം യുപിഎ 2012ല്‍ നിയമം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയുണ്ടായി. ഹ്യൂമന്‍ ഡിഎന്‍എ പ്രൊഫൈലിങ് ലോകത്ത് നടന്നിട്ടുള്ളിടത്തെല്ലാം ദുരുപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ശക്തിയായി എതിര്‍ത്തു. ജനങ്ങളുടെയാകെ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിന് ഇടയാക്കുമെന്ന് അനുഭവങ്ങളെ മുന്‍നിര്‍ത്തി സിപിഐ എം വാദിച്ചു. വംശീയമായ വേര്‍തിരിക്കലിനും അതിനെ തുടര്‍ന്നുള്ള ഭരണകൂട നിരീക്ഷണം, വിവേചനം, പീഡനം എന്നിവയ്ക്കും വഴിയൊരുക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ചും സിപിഐ എം മുന്നറിയിപ്പ് നല്‍കി. ഈ ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന വിവരം 2010 ഏപ്രില്‍ 27 ന് ലോക്സഭയെ അറിയിച്ചതാകട്ടെ ഇന്ന് സ്വകാര്യത സംരക്ഷണത്തിനും ഡാറ്റാ സുരക്ഷയ്ക്കും വേണ്ടി കേരളത്തില്‍ അലമുറയിടുന്ന അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും. മുല്ലപ്പള്ളിയുടെ ആഭ്യന്തരമന്ത്രാലയം കൊണ്ടുവന്ന ബില്‍ അന്ന് പാസാക്കാനായില്ല. പിന്നീട് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ പാര്‍ലമെന്‍ററി കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. സ്വകാര്യത ലംഘനത്തിന്‍റെ പേരില്‍ സുപ്രീം കോടതി കയറിയ ഈ ബില്ല് പാസാക്കണമെന്നതില്‍ യുപിഎ സര്‍ക്കാരിനും മോഡി സര്‍ക്കാറിനും ഒരേ നിലപാടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇവരിരുകൂട്ടരുമാണിപ്പോള്‍ കേരളത്തിലെ സ്വകാര്യതയുടെയും ഡാറ്റായുടെയും സംരക്ഷകരായി അവതരിച്ചിരിക്കുന്നത്. ഇതേ രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് എന്‍ഐ സി വികസിപ്പിച്ച വാഹന്‍  സോഫ്റ്റ്വെയറും അപകടകരമായ സ്വകാര്യത ലംഘനത്തിന്‍റെ മറ്റൊരു ഉദാഹരണമാണ്. ്മവമി.ിശര.ശി എന്ന വെബ്സൈറ്റില്‍ പോയാല്‍ ഏത് വാഹനത്തിന്‍റെയും നമ്പര്‍ വച്ച്  ഉടമയുടെ എല്ലാ വിവരങ്ങളും ആര്‍ക്കും കണ്ടെത്താം. ജീവനുതന്നെ അപകടമായേക്കാവുന്ന ഒരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാത്ത ഈ വെബ്സൈറ്റ് ഉണ്ടാക്കിയവരാണ് സ്പ്രിന്‍ക്ലറില്‍ ഉത്ക്കണ്ഠപ്പെടുന്നത്.
ആധാര്‍ കേസില്‍, സ്വകാര്യത മൗലികാവകാശമാണ് എന്ന വാദത്തെ നഖശിഖാന്തം എതിര്‍ത്തത് മോഡിസര്‍ക്കാരാണ്. ' സ്വകാര്യതയ്ക്കുള്ള ഭരണഘടനപ്രകാരമുള്ള അവകാശം മൗലികാവകാശമല്ല. ഭരണഘടനാ ശില്‍പികള്‍ സ്വകാര്യത മൗലികാവകാശമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാല്‍ അനുച്ഛേദം 32 പ്രകാരമുള്ള ഈ ഹര്‍ജികള്‍ തള്ളണം' - കേന്ദ്ര സര്‍ക്കാരിന്‍റെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ വാദമിതായിരുന്നു. ബിജെപിയുടെയും മോഡി സര്‍ക്കാരിന്‍റെയും സ്വകാര്യത എന്ന വിഷയത്തിലുള്ള നിലപാടിതാണ്. സ്വകാര്യതയ്ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ബിജെപിയുടെ ഈ നിലപാടിന്‍റെ ഫലമായിട്ടാണ് അവരുടെ സര്‍ക്കാരുകള്‍ അധികാരത്തിലുള്ള കര്‍ണാടകയിലും ഹരിയാനയിലും കോവിഡ് സംശയിച്ച്  ക്വാറന്‍റെനില്‍ കഴിയുന്നവരുടെ പട്ടിക അധികൃതര്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് സംശയിക്കപ്പെടുന്നവരും ചികിത്സിക്കുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആള്‍ക്കൂട്ടത്തില്‍ ആക്രമിക്കപ്പെടുമ്പോഴാണ് ഇരു ബിജെപി സര്‍ക്കാരുകളും ഈ കടുംകൈ ചെയ്യുന്നത് എന്നോര്‍ക്കണം. ബിജെപി സര്‍ക്കാര്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന തെളിവായിരുന്നല്ലോ ഇസ്രായേലി കമ്പനിയുടെ പെഗാസെസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആയിരക്കണക്കിനു പേരുടെ വാട്സ്ആപ്പ് ആശയവിനിമയങ്ങള്‍ ചോര്‍ത്തിയത്. ഇങ്ങനെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ തെല്ലും മാനിക്കാത്തതിനാലാണ് കോണ്‍ഗ്രസും ബിജെപിയും അധികാരത്തിലിരുന്നപ്പോഴൊന്നും സ്വകാര്യത സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരാതിരുന്നത്. ഒടുവില്‍ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ച ശേഷമാണ് കരടു  ബില്ല് പോലുമുണ്ടാകുന്നത്. ജ. ശ്രീകൃഷ്ണ കമ്മിറ്റി സ്വകാര്യത സംരക്ഷണത്തിനുള്ള നിയമനിര്‍മ്മാണം സംബന്ധിച്ചു ശുപാര്‍ശകള്‍ നല്കിയിട്ടും നിയമനിര്‍മ്മാണം നടത്തുന്നതിന് ഇരുകൂട്ടര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അക്കൂട്ടരിപ്പോള്‍ സ്വകാര്യതയുടെ കാവലാളുകളായി രംഗപ്രവേശം ചെയ്യുന്നത് എന്തൊരു വിരോധാഭാസമാണ്?


സ്പ്രിന്‍ക്ലര്‍: യാഥാര്‍ഥ്യവും പ്രചാരണവും


ഇനി സ്പ്രിന്‍ക്ലര്‍ വിഷയത്തിലേക്ക് വന്നാല്‍, സ്വകാര്യത സംബന്ധിച്ച സിപിഐഎം നിലപാട് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് വ്യക്തമാകും. മാര്‍ച്ച് 24ന്ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം തന്നെയാണ് വിവര വിശകലനത്തിന് സ്പിങ്ക്ളര്‍ വാഗ്ദാനം ചെയ്ത് സൗജന്യ സേവനം സ്വീകരിച്ചുകൊണ്ടുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതും. കേരളത്തില്‍ അന്ന് സ്ഥിതിഗതികള്‍ കേരളം അതീവ ഗുരുതരമായിരുന്നു. 80 ലക്ഷത്തോളം പേര്‍ക്ക് കേരളത്തില്‍ രോഗലക്ഷണം ഉണ്ടാകുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായി. ഐ എം എ യുടെ കൊച്ചി ചാപ്റ്റര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മാര്‍ച്ച് 16ന് അയച്ച കത്തില്‍ പറഞ്ഞത് 65 ലക്ഷം പേര്‍ക്ക് രോഗംവരാമെന്നും 9 ലക്ഷത്തിലേറെപേര്‍ക്ക് ആശുപത്രി വാസവും രണ്ടുലക്ഷത്തിലധികം പേര്‍ക്ക് ഐസിയു സംവിധാനവും ആവശ്യമായി വന്നേക്കാമെന്നുമായിരുന്നു. ഇങ്ങനെയുള്ള മുന്നറിയിപ്പുകളുടെ മധ്യത്തിലാണ് ഭാവി അത്യാഹിതത്തെകൂടി മുമ്പില്‍കണ്ട് രോഗനിയന്ത്രണ വിശകലനത്തിന് ഉപയോഗിക്കാനുള്ള സൗജന്യ സേവന വാഗ്ദാനം സ്പ്രിന്‍ങ്കറില്‍നിന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആ വാഗ്ദാനം സ്വീകരിക്കുമ്പോഴും സ്വകാര്യത, ഡാറ്റ എന്നിവയുടെ സുരക്ഷ കരാറില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു എന്നും കാണാം. മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്‍റിലെ 2.1 വ്യവസ്ഥ ഇത് വ്യക്തമാക്കുന്നു. അതനുസരിച്ച് ഉപഭോക്താവ് ശേഖരിക്കുകയും അപ്ലോഡ് ചെയ്യുകയും സ്പിങ്ക്ളറിന്‍റെ അക്കൗണ്ടിലുള്ള സംവിധാനത്തിലൂടെ സംസ്കരിക്കുകയോ  കൈമാറുകയോ ചെയ്യുന്ന എല്ലാ ഉള്ളടക്കത്തിന്‍റെയും എല്ലാ അധികാരവും അവകാശങ്ങളും താല്‍പര്യങ്ങളും ഉപഭോക്താവിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതായിരിക്കും'. ഇത് ശേഖരിക്കുന്ന ഡാറ്റയുടെ ഉടമസ്ഥതയും നിയന്ത്രണവും പൂര്‍ണമായും ഉപഭോക്താവിന് - സര്‍ക്കാറിന് - ഉറപ്പുവരുത്തുന്ന വ്യവസ്ഥയാണ്. ഇതിനു പുറമേ ഡാറ്റ പ്രോസസ്സിംഗ് അഡന്‍റത്തിലെ നമ്പര്‍ 7 പ്രകാരം കമ്പനിക്ക് ഡാറ്റയുടെ സുരക്ഷയുടെ കാര്യത്തിലുള്ള ഉത്തരവാദിത്വവും സ്പഷ്ടമായ വാക്കുകളില്‍ സംശയാതീതമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്: "നിയമവിരുദ്ധമോ ക്രമവിരുദ്ധമോ ആയി  ഉള്ള നശീകരണമോ നഷ്ടമോ മാറ്റം വരുത്തലോ ദോഷം വരുത്തലോ വ്യക്തിവിവരങ്ങളുടെ നിയമവിരുദ്ധമായ വെളിപ്പെടുത്തലോ ഉള്‍പ്പെടെ സുരക്ഷ ഉറപ്പു വരുത്താനും, രഹസ്യാത്മകത,  ഭദ്രത എന്നിവ സംരക്ഷിക്കാനുമായി സംവിധാനം ചെയ്തിട്ടുള്ള സാങ്കേതികവും സംഘാടനപരവുമായ എല്ലാ നടപടികളും സ്പ്രിന്‍ക്ലര്‍ സ്വീകരിക്കേണ്ടതാണ്." ഇത്രയും കര്‍ശനവും ശക്തവുമായ വ്യവസ്ഥകളിലൂടെ ഡാറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ അധികാരം, ഉടമസ്ഥത, സ്പ്രിന്‍ക്ലറിന്‍റെ ബാധ്യത, ഉത്തരവാദിത്തം എന്നിവ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരിക്കുന്നു. അടിയന്തിര സാഹചര്യത്തില്‍, ദ്രുതഗതിയില്‍ ഉണ്ടാക്കിയതും സൗജന്യ സേവനമായിരുന്നിട്ടും ഡാറ്റാ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ ഈ നിഷ്കര്‍ഷ ഇക്കാര്യങ്ങളിലുള്ള സിപിഐ എം നയത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. ഈ വസ്തുത മറച്ചുവെച്ചാണ് സര്‍ക്കാര്‍ ഡാറ്റാ സുരക്ഷയിലും പാര്‍ടി നയത്തിലും വെള്ളംചേര്‍ത്തു എന്ന നുണ പ്രചരിപ്പിക്കാനുള്ള പാഴ്വേല സ്ഥാപിത താല്‍പര്യക്കാര്‍ നടത്തിയത്. നിയമപരമായും സംസ്ഥാനസര്‍ക്കാര്‍ നടപടി ശരിയായിരുന്നു എന്ന് നിസ്സംശയം പറയാം. ഇന്ത്യയില്‍ ഡാറ്റാ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച് പ്രത്യേകമായ ഒരു നിയമം ഇതുവരെ ഉണ്ടാക്കിയിട്ടില്ല എന്നോര്‍ക്കുക. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച പുട്ടസ്വാമി കേസിലെ സുപ്രീംകോടതി വിധിയാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ മാര്‍ഗദര്‍ശകമായ നിയമം. അതില്‍ ഇപ്രകാരം പറയുന്നു-"ഡെങ്കു, മലേറിയപോലുള്ള പൊതുജനാരോഗ്യ പ്രാധാന്യമുള്ള സാംക്രമിക രോഗങ്ങള്‍ കൈകാര്യംചെയ്യാനും മനസ്സിലാക്കാനും ആശുപത്രിരേഖകളില്‍നിന്ന് ലഭ്യമാകുന്ന ഡാറ്റ ഭരണകൂടത്തിന് ന്യായമായും വിശകലന വിധേയമാക്കാവുന്നതാണ്" (കെ എസ് പുട്ടസ്വാമി ഢെ യൂണിയന്‍ ഓഫ് ഇന്ത്യ, 2017). മറ്റൊരു കേസില്‍ സുപ്രീംകോടതി പറയുന്നു: "സ്വകാര്യതയ്ക്കുള്ള അവകാശം അനുഛേദം 21 വിഭാവനംചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്‍റെ അവശ്യ ഘടകമാണ്. എന്നാല്‍, ആ അവകാശം കേവലമായതല്ല എന്നുമാത്രമല്ല കുറ്റകൃത്യം, അരാജകത്വം എന്നിവ തടയുന്നതിനോ മറ്റുള്ളവരുടെ ആരോഗ്യം, ധാര്‍മികത, സ്വാതന്ത്ര്യം, അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനോ നിയമാനുസൃതം നിയന്ത്രിക്കാവുന്നതാണ്" (മി. എക്സ് ഢെ ഹോസ്പിറ്റല്‍ ്വ, 1998). ഈ രണ്ടു വിധികളും ഒരു വ്യക്തിയുടെ ആരോഗ്യ സുരക്ഷയ്ക്കോ പൊതുജനാരോഗ്യ താല്‍പര്യം മുന്‍നിര്‍ത്തിയോ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സ്വകാര്യത തടസ്സമല്ല എന്ന് സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, സ്വകാര്യത എന്ന അവകാശത്തില്‍ നിയമാനുസൃതമുള്ള നിയന്ത്രണങ്ങള്‍ അനുവദിക്കുന്നുമുണ്ട്. എന്നിട്ടും സ്വകാര്യതയില്‍ വിട്ടുവീഴ്ചയില്ലെന്നുറപ്പുവരുത്തി മാത്രം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി നിയമാനുസൃതവും പൊതു നന്മയെകരുതിയുള്ളതുമാണ്. ഇതിനെല്ലാംപുറമെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനിരിക്കുന്ന സ്വകാര്യ വ്യക്തിവിവര സംരക്ഷണ ബില്ലി (ുലൃീിമെഹ റമമേ ുൃീലേരശേീി ആശഹഹ, 2018)ലെ 21(യ) വകുപ്പും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാനും വിശകലനംചെയ്യാനും സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ്. അതായത് നിലവിലുള്ള നിയമമായ സുപ്രീംകോടതിവിധികള്‍ക്കും അതിന്‍റെ അടിസ്ഥാനത്തിലുള്ള നിര്‍ദിഷ്ട ബില്ലിലെ സമീപനത്തിനും നിരക്കുന്നതും തികച്ചും നിയമവിധേയവുമാണ് സര്‍ക്കാര്‍ നടപടി എന്ന് നിസ്സംശയം പറയാനാകും. 


ഈ കേസില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കക്ഷിചേര്‍ന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനെക്കൂടി തുറന്നുകാണിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് എന്‍ഐസി (നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍) ക്ക് വിവര വിശകലനത്തിന് സഹായിക്കാനാകും എന്നും സംസ്ഥാന സര്‍ക്കാര്‍ സഹായം തേടിയില്ലെന്നുമാണ്. കോടതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ്ങിനുള്ള സൗകര്യംപോലും ഏര്‍പ്പെടുത്താന്‍ എന്‍ഐസിക്ക് കഴിഞ്ഞിട്ടില്ല എന്നോര്‍ക്കണം. അതുകൊണ്ടാണല്ലോ കോടതികള്‍ക്ക് സൂമിന്‍റെ സൗജന്യസേവനം ഉപയോഗിക്കേണ്ടി വരുന്നത്. ഈ സൂം ആപ്ലിക്കേഷനാകട്ടെ സുരക്ഷിതമല്ലെന്ന് ഇതേ കേന്ദ്രസര്‍ക്കാര്‍തന്നെ പറഞ്ഞിട്ടുമുണ്ട്! അതിനേക്കാള്‍ വലിയ തമാശ ഈ സൂമിന്‍റെ സ്റ്റാന്‍ഡേര്‍ഡ് കരാര്‍ വ്യവസ്ഥയനുസരിച്ച് കരാര്‍ ലംഘനം സംബന്ധിച്ച നിയമനടപടികള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ നിയമമനുസരിച്ച് അവിടെ മാത്രമേ സാധ്യമാവുകയുള്ളു. 


സുപ്രീംകോടതി വിധികളുടെയും നിര്‍ദിഷ്ട ബില്ലിന്‍റെയും കാതല്‍ സ്വകാര്യതയ്ക്കുള്ള അവകാശം അനുഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാകുമ്പോള്‍തന്നെ പകര്‍ച്ചവ്യാധിപോലുള്ള ഘട്ടങ്ങളില്‍ പ്രാഥമികത ജീവിക്കാനുള്ള അവകാശത്തിനും ജീവന്‍ സംരക്ഷിക്കാനുള്ള നടപടികള്‍ക്കുമാണ് എന്നാണ്. ജീവിക്കാനുള്ള അവകാശത്തില്‍ നിന്ന് ഉദ്ഭവിക്കുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശമെന്നതുപോലെ ജീവിച്ചിരിക്കുമ്പോള്‍ മാത്രം അനുഭവിക്കാനും കഴിയുന്നതാണ് സ്വകാര്യത. എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ടിവരുന്ന ഈ സമീപനവും നടപടികളും സാധാരണ സാഹചര്യങ്ങളില്‍ തുടരേണ്ടതല്ല എന്നും സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്. അതായത് കോവിഡ്പോലുള്ള മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കുക എന്ന ഏക ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമ്പോള്‍ മൗലികാവകാശങ്ങളില്‍ പലതിലും (സഞ്ചാരം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, സ്വകാര്യത എന്നിവ ഉദാഹരണം) നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സാധാരണ സാഹചര്യത്തില്‍ അനുവദനീയമല്ല എന്നുതന്നെയാണ് പാര്‍ടിയുടെ ഖണ്ഡിതമായ അഭിപ്രായം. 


ഈ അസാധാരണ സാഹചര്യത്തില്‍ സാധാരണ നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും സര്‍ക്കാരിന് ഇളവുകള്‍ ചട്ടപ്രകാരം അനുവദനീയമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെകാലത്ത് 2013ല്‍ ഭേദഗതിചെയ്ത സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ 15,000 രൂപവരെയുള്ള ഉല്‍പന്നമോ സേവനമോ ദുരന്ത സമയത്ത് നേരിട്ട് വാങ്ങാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം നല്‍കുന്നുണ്ട്. അതിന് മറ്റ് നടപടിക്രമങ്ങളൊന്നും ബാധകമല്ല. കോവിഡ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചശേഷമാണ് സ്പ്രിന്‍ക്ലറിന്‍റെ സൗജന്യ സോഫ്റ്റ്വെയര്‍ സേവനം വാങ്ങുന്നത്. മാത്രമല്ല, കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിയില്‍തന്നെ പ്രാബല്യത്തില്‍ വരുത്തിയ എീൃരല ങമഷലൗൃല വകുപ്പുപ്രകാരം അസാധാരണ സാഹചര്യത്തില്‍ കരാറുകളുടെ കാര്യത്തില്‍ ഇളവുകളുണ്ട്. സാധാരണ നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചുകൊണ്ടുള്ള കരാറിനുള്ള സാവകാശം സര്‍ക്കാരിന്‍റെ മുന്നിലില്ലാതിരുന്ന അടിയന്തിര നടപടിയായിരുന്നല്ലോ സ്പ്രിന്‍ക്ലറിന്‍റെ സേവനം സ്വീകരിച്ചത്. പരമപ്രധാനമായ കാര്യം സര്‍ക്കാരിന് ചില്ലിക്കാശിന്‍റെ സാമ്പത്തിക ബാധ്യതയില്ല ഇതില്‍ എന്നതാണ്. 
സ്വകാര്യതയുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെടുന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആരോഗ്യസേതു ആപ്പിനെതിരായി സ്വകാര്യതാ ലംഘനത്തിന്‍റെ ഗുരുതര ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട് എന്നും അറിയണം. മാത്രമല്ല ഇത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിച്ചതുമാണ്. ഏഴരക്കോടിയോളമാളുകളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞ ഈ ആപ്പിന്‍റെ പ്രവര്‍ത്തനങ്ങളിലുള്ള നിയമപരവും സാങ്കേതികവുമായ പഴുതുകള്‍ ധാരാളമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ വകുപ്പുകളിലേക്ക് വ്യക്തി വിവരങ്ങള്‍ കൈമാറ്റംചെയ്യാന്‍ ഇടയാക്കുന്നതാണ് ആരോഗ്യസേതു എന്ന് ഇന്‍റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍റെ വര്‍ക്കിംഗ് പേപ്പര്‍ പറയുന്നു. ഫൗണ്ടേഷനും സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്‍ററും ഉയര്‍ത്തുന്ന ഗൗരവമായ മറ്റൊരു വിമര്‍ശനം ഇതിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് ഒട്ടും സുതാര്യതയില്ല എന്നാണ്. ഇതിന് നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരാണ് ഡാറ്റാ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത സംരക്ഷിക്കാനും കര്‍ശന വ്യവസ്ഥകളുള്ള സ്പ്രിന്‍ക്ലര്‍ കരാറില്‍ ഉത്കണ്ഠപ്പെടുന്നത്. ആ ഉത്കണ്ഠ പങ്കുവെയ്ക്കുന്ന കേരളത്തിലെ യുഡിഎഫിനാകട്ടെ ആരോഗ്യസേതു സ്വകാര്യതയ്ക്കും ഡാറ്റാ സുരക്ഷയ്ക്കും നേരെ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് തെല്ലും ആശങ്കയില്ലതാനും. ഇവരെ നയിക്കുന്നത് സ്വകാര്യതയെക്കുറിച്ചോ ഡാറ്റാ സുരക്ഷയെക്കുറിച്ചോ ഉള്ള ഉത്കണ്ഠയല്ല. തങ്ങളുടെ രാഷ്ട്രീയ സുരക്ഷയെക്കുറിച്ചുള്ള സ്വകാര്യ ഉത്കണ്ഠകള്‍ മാത്രമാണ്.