നമ്മളൊരു കരളല്ലേ!!
ഗൗരി
പണ്ട്, അതായത് 1960കളിലും 1970കളിലും ജനയുഗം വാരികയില്‍ കാര്‍ട്ടൂണിസ്റ്റ് പി കെ മന്ത്രി അവതരിപ്പിച്ച രണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് പാച്ചുവും കോവാലനും. ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പ്രസരിപ്പിച്ച നര്‍മം, ചിലപ്പോഴെല്ലാം ചിരിയുടെ മാലപ്പടക്കങ്ങള്‍ തന്നെ പൊട്ടിച്ചും, കേരള സമൂഹത്തെ ഏറെക്കാലം ധന്യമാക്കിയിരുന്നു. കാര്‍ട്ടൂണ്‍ വരച്ച് ഭരണാധികാരികളുടെ അപ്രീതി നേടി ജോലി നഷ്ടപ്പെടുക മാത്രമല്ല ജയിലിലായ ചരിത്രവും ഈ കലാകാരനുണ്ട്. പോട്ടെ. അതൊക്കെ കഥ പഴങ്കഥ. മ്മക്ക് ഇന്നിലേക്ക് വരാം.
ഇപ്പം കാര്‍ട്ടൂണിസ്റ്റ് മന്ത്രീനേം പാച്ചു-കോവാലന്മാരേം ഓര്‍മിക്കാന്‍ ഗൗരീനെ പ്രേരിപ്പിച്ചത് ഇന്നത്തെ കേരള രാഷ്ട്രീയത്തിലെ പാച്ചു-കോവാലന്മാരെ കാണുമ്പോഴാണ്. രണ്ടു പാര്ടികളിലായി ഇരുമെയ്യാണെങ്കിലും നമ്മളൊരു കരളല്ലേ പൊന്നേന്ന് പറഞ്ഞ് കേരള രാഷ്ട്രീയത്തില്‍ ആടിത്തിമിര്ക്കയാണ് പാച്ചൂന്റേം കോവാലന്റേം പുത്തന്‍ അവതാരങ്ങള്‍. പരസ്പരം എതിരിടുന്ന രണ്ട് പാര്‍ടികളിലെ നേതാക്കളാണ് ഈ അവതാരങ്ങളെങ്കിലും എന്തോരം ചേര്‍ച്ചയെന്ന് നോക്കണേ. രണ്ടുപേരും നല്ല ഗമണ്ടന്‍ തള്ള് മാമന്മാരും തന്നെ. വായനക്കാര്‍ക്ക് ആളോളെ പുടികിട്ടീല്ലെങ്കി ഒരു ക്ലൂ കൂടി തരാം. ഒരാള്‍ കേന്ദ്രത്തിലെ ഭരണകക്ഷീടെ സംസ്ഥാന അധ്യക്ഷന്‍; അപരന് കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷീടെ സംസ്ഥാനത്തെ നിയമസഭാകക്ഷീടെ നേതാവ്. അപ്പം അതാ വരണ് പരാതീം പരിഭവോമായിട്ടൊരാള്. മറ്റാരുമല്ല, സംസ്ഥാനത്തെയും കേന്ദ്രത്തിലെയും പ്രതിപക്ഷ കക്ഷീടെ സംസ്ഥാനത്തെ അധ്യക്ഷ മഹോദയന്. അതിയാനെ ആദ്യംപറഞ്ഞ ദ്വന്ദ്വത്തിലെ ആര്‍ക്കു പകരമായും പിടിച്ചുകെട്ടാവുന്നതേയുള്ളൂ. കേന്ദ്ര സംസ്ഥാന പ്രതിപക്ഷത്തെ ഇവിടത്തെ അധ്യക്ഷന്‍ ജിയും നിയമസഭാ നേതാവു ജിയും ആ കക്ഷീലെ അഞ്ചാം പത്തികളെന്നോ കറുത്ത ആടുകളെന്നോ വിശേഷിപ്പിക്കാവുന്നവരും.
പാച്ചു-കോവാല സാമ്യം രാഷ്ട്രീയ നേതൃമാന്യരില് മാത്രമല്ല, മുഖ്യധാരാ മാധ്യമരംഗത്തുമുണ്ട്. ക്ലൂകള്‍ കൊണ്ട് വായനക്കാരെ ചുറ്റിക്കാതെ ഡയറക്ടായിട്ടുതന്നെ അങ്ങട് പറയാം. കോട്ടയത്തെ റബറ് പത്രോം കോഴിക്കോട്ടെ വണ്ടിമുതലാളീടെ (തോട്ടം മുതലാളീടേം) പത്രോം തന്നെ- മനോരമേം മാതൃഭൂമീം. നല്ല അസല്‍ പാച്ചൂം കോവാലനും തന്നെയല്ലയോ?
സംശയമുണ്ടേല്‍ 16-ാം തീയതീലെ പത്രമെങ്കിലുമെടുത്ത് ഒന്ന് ഒത്തു നോക്ക്യേ? എന്തോരം പൊരുത്തം? എത്ര പൊരുത്തമെന്നറിയാന് കാണിപ്പയ്യൂരും ആറ്റുകാലുമൊന്നും പോകേം വേണ്ട. ഒറ്റനോട്ടത്തിത്തന്നെ പുടികിട്ടും. 16നു മാത്രമല്ല, പിന്നേം കാണും പല ദിവസങ്ങളും. ചാനലുകളാണെങ്കി എല്ലാ മുഖ്യധാരക്കാരേം ഏറെക്കുറെ ഇതേ നുകത്തില്‍ കെട്ടാം.
അപ്പം മ്മക്ക് 16ന്റെ മാറൂമി തന്നെ ആദ്യം നോക്കാം. ഒന്നാം പേജില്‍ കിടുടൈറ്റില്- 5 കോളത്തില്‍ മുഖ്യമാന ഐറ്റം: "കൂറ്റനാട് -മംഗളൂരു വാതകക്കുഴല്‍. എല്ലാം സജ്ജം" ഗെയില്‍ പദ്ധതിയുടെ നീളവും വീതിയും പൈപ്പിന്റെ വ്യാസവും വരെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന പത്രം അതുകൊണ്ട് സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടത്തെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു: "ഗെയില്‍ പ്രകൃതിവാതക കുഴല്‍ പൂര്‍ണമായി കമ്മീഷന് ചെയ്യുന്നതോടെ നികുതിയിനത്തില്‍ സംസ്ഥാനത്തിന് വര്‍ഷംതോറും 1000 കോടിയോളം രൂപ കിട്ടും." "സിറ്റി ഗ്യാസ്" എന്ന ശീര്‍ഷകത്തില്‍ ജനങ്ങള്‍ക്ക് അതെത്തിക്കുന്ന സംവിധാനവും അതുകൊണ്ടുള്ള നേട്ടവും പറയുന്നു. എന്നാല്‍ എല്ലാമുണ്ട് തലയില്ല എന്നു പറയുന്നപോലെ ഈ പദ്ധതിക്കായുള്ള പ്രവര്‍ത്തനം എന്നു തുടങ്ങി, എന്നു മുടങ്ങി, അതെന്തുകൊണ്ട്, ഇപ്പം എങ്ങനെ പൂര്‍ത്തിയായി ഇത്യാദി സങ്കതികളൊന്നും അതേല് തപ്പിയാല്‍ എവിടേം കാണില്ല. അതൊക്കെ കൊടുത്തോളണം എന്നു വല്ല നിയമോമുണ്ടോന്ന് ചോയ്ച്ചാ അതില്ല. പക്ഷേ സങ്കതി ചരിത്രം പറയാതെ അതെങ്ങനെ പൂര്‍ത്തിയാകും? അതും വായനക്കാരുടെ അവകാശമാണല്ലോ അപ്പനേ? അപ്പോ അതുപറയണ്ടാന്ന് സംഘപരിവാറിന്റെ തീട്ടൂരമുണ്ടാരിക്കും. പത്രത്തിന്റെ ഓണ്‍ലൈനില്‍ 'ബിജെപി 4 ഇന്ത്യ' എന്ന ഹാഷ്ടാഗ് കണ്ടതോണ്ട് ചോയ്ച്ചതാണേ!
ഇനി മ്മക്ക് മനോരമ കൂടിയൊന്ന് നോക്കാം. അതിന്റേം ഒന്നാം പേജില്‍ തന്നെയുണ്ട് ഗെയ്ല്! സൂപ്പര്‍ ടൈറ്റില്‍ അല്ലെങ്കിലും വലത്മൂലയില് താഴെ മൂന്നു കോളത്തില്‍, "കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പിടല്‍ പൂര്‍ത്തിയായി." അതിന്റെ ഉള്ളിലൊരുപെട്ടിയും: "ഗെയ്ലിന്റെ അധ്വാനം, സര്‍ക്കാരുകളുടെ സഹകരണം." അതേല് ചില കാലാനുക്രമണ പട്ടിക പറയുന്നുണ്ട്. എന്തായാലും വീണ്ടും കാഴ്ചപ്പാടിലേക്ക് വായനക്കാരെ ക്ഷണിക്കുന്നുമുണ്ട്. അതിലേക്കും കൂടി മ്മക്കൊന്നു പോകാം. കാഴ്ചപ്പാടിന്റെ പേജില്‍ (6-ാം പേജ്). അതേല് ഒത്തിരി, ഒത്തിരി ഡീറ്റേല്സുണ്ട്. മാറൂമിയില് ഇല്ലാത്ത കാര്യങ്ങള്‍; ചരിത്രോമുണ്ട്. പക്ഷേല് അപൂര്‍ണവും അര്ദ്ധസത്യവുമാണെന്നു മാത്രം! ഒന്നാം പേജിലെ പെട്ടീലടച്ച "സര്‍ക്കാരുകളുടെ സഹകരണം" എന്ന അപൂര്‍ണ സാധനത്തിന്റെ ഡീറ്റൈല്‍ഡ് എക്സ്പ്ലനേഷന്‍. അതില്‍ പറയേണ്ട സത്യം എവിടേം കണികാണില്ലെന്നു മാത്രം!! പക്ഷേല് ആശ്വാസിക്കാം കള്ളം പറഞ്ഞിട്ടില്ലല്ലോന്ന്!! എന്നാല്‍ നേരിട്ട് കള്ളം പറയാതെയും കള്ളം ധ്വനിപ്പിക്കാം എന്ന് റബറ് പത്രം തെളിയിക്കുന്നു. സത്യാനന്തരകാല കലാപരിപാടി!!
നോക്കൂ പത്രം ചരിത്രം പറയുന്നതും വിട്ടുപോകുന്നതും. "പൈപ്പ് ലൈന്‍ നിര്‍മാണത്തുടക്കം 2010ല്‍. ആദ്യഘട്ടം കമ്മീഷനിങ് 2013 ഓഗസ്റ്റ് 25ന്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് കൊച്ചി വ്യവസായമേഖലയിലേക്ക് 49 കിലോമീറ്റര്‍ വാതകപ്പാത. ബിപിസിഎല്‍ കൊച്ചി റിഫൈനറി, ഫാക്ട് തുടങ്ങി 11 സ്ഥാപനങ്ങളില്‍ ഇന്ധനമെത്തി." ഇത്രേം ശരി. എന്നാലും പറയാതെ വിട്ടുപോയ ഒരു സംഗതിയുണ്ട്. ഇത് തുടങ്ങിയത് 2010ല്‍ വി എസ് മുഖ്യമന്ത്രിയായിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. അതായത് ആ തുടക്കത്തിനുമുന്പുള്ള പ്രാഥമിക നടപടികള്‍ 2006 മുതല്‍ ആ ഗവണ്മെന്റ് സ്വീകരിച്ചതിന്റെ ഫലമായി 2010ല്‍ പണിതുടങ്ങി. 2011 മെയ് വരെ അധികാരത്തില്‍ തുടര്‍ന്ന വി എസ് ഗവണ്മെന്റിന്റെ കാലത്തുതന്നെ കൂറ്റനാടുവരെയുള്ള സ്ഥലമെടുപ്പു പൂര്‍ത്തിയാക്കി പണി തുടങ്ങിയതാണ്. പിന്നീട് യുഡിഎഫ് കാലത്ത് കാര്യമായൊന്നും നടന്നില്ലെന്നും ചുരുക്കം.
പിന്നെന്തുണ്ടായീന്നാണ് പത്രം പറയണത്? "ചില മേഖലകളില്‍ സ്ഥലമെടുപ്പിനു തടസ്സം നേരിട്ടതോടെ 2013 നവംബറില്‍ ജോലികള്‍ പൂര്‍ണമായും സ്തംഭിച്ചു. നിര്‍മാണക്കരാറുകളും റദ്ദാക്കി." ഇവിടൊരു ചുക്കും നടക്കില്ലാന്നും പറഞ്ഞ് പണിമതിയാക്കീന്ന് സാരം. അന്ന് ആരാ ഭരണത്തില്‍. സാക്ഷാല്‍ സോളാര്‍ ചാണ്ടി. എല്‍ഡിഎഫ് ഭരണത്തില്‍ സ്ഥലമെടുപ്പും പൈപ്പിടലും പുരോഗമിച്ചിരുന്നത് യുഡിഎഫ് വന്നതോടെ ഗെയ്ലും പൈപ്പുമൊന്നും വേണ്ടാന്നുവച്ച് പണി ഉപേക്ഷിച്ചുപോയി. ഇതാണോ മനോരമേടെ "സര്‍ക്കാരുകളുടെ സഹകരണം"? ഇതിനെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സഹകരണം എന്നല്ലേ പറയാന്‍ പറ്റൂ.
പിന്നെന്തുണ്ടായി? മനോരമ പറയുന്നു: "പദ്ധതിക്ക് വീണ്ടും ജീവന് വച്ചത് 2016ല്‍" അപ്പോള്‍ ആരാ മുഖ്യമന്ത്രി? പിണറായി വിജയന്. ഉമ്മന്‍ചാണ്ടി കൊന്ന് കുളത്തില്‍ താഴ്ത്തിയ പദ്ധതിക്ക് വീണ്ടും ജീവന് നല്കാന് പിണറായി എന്തു ചെയ്തു? മനോരമ തന്നെ പറയട്ടെ-"നഷ്ട പരിഹാരത്തുക ഇരട്ടിയാക്കി. സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കി. പുതിയ കരാറുകള്‍ നല്കി പൈപ്പിടലും പുനരാരംഭിച്ചു. പദ്ധതിയുടെ നിരന്തര നിരീക്ഷണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടം. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പ്രോജക്ട് സെല്‍ ആരംഭിച്ചു; നടപടികള്‍ വേഗത്തിലാക്കി."
ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫിന്റെയും മികവാണെന്ന് പട്ടാങ്ങായി പറയാന്‍ മനോരമയ്ക്ക് ബല്ലാത്തൊരു നാണം; ഒരു മടി. അതോണ്ടാണ് ഈ ഉരുണ്ടുകളി. ഇനി ഇത് നടന്നത് ഉമ്മന്ചാണ്ടീന്റെ കാലത്തായിരുന്നെങ്കിലോ? എങ്കില്‍ എന്തോരം ഒലിപ്പീരായിരുന്നേനെ! അതവിടെ നിക്കട്ടെ! അടുത്തെന്താ പറയണതെന്ന് നോക്കാം.
"അവസാന കടമ്പ കാസര്‍കോട് ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ പൈപ്പിടുന്ന കഠിനമായ ജോലിയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ആ കടമ്പയും ഗെയ്ല് പിന്നിട്ടതോടെ കൊച്ചി-കൂറ്റനാട്-മംഗളൂരു പൈപ്പ് ലൈന്‍ പൂര്‍ണം". വായിച്ചാല്‍ തോന്നുക ഒരിടപെടലുംകൂടാതെ പഴം തൊലിക്കുന്നതുപോലെ സ്മൂത്തായി, സോ സിംപിളായി നടന്നതാണെന്നല്ലേ. ഈ ഒരു കടമ്പ ഒഴികെ ബാക്കി പൈപ്പിടല്‍ പൂര്‍ണമായിക്കഴിഞ്ഞിരുന്നു. ആ കടമ്പ കടക്കുന്നതിലുള്ള മെല്ലെപ്പോക്ക് ചര്‍ച്ചയായതായിരുന്നു. അവിടെയാണ് മുഖ്യമന്ത്രി ഇടപെട്ട് അതിവേഗം കടമ്പ കടക്കാന്‍ വഴിയൊരുക്കിയത്. മുഖ്യമന്ത്രി പിണറായിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടല്‍ മൂലമാണ് ഈ പദ്ധതി പ്രതിബദ്ധങ്ങളെല്ലാം തട്ടി ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ഇത് തുറന്നു പറയാതിരിക്കുന്നത് തികഞ്ഞ സത്യസന്ധത ഇല്ലായ്മയാണ്; മാധ്യമധര്‍മത്തിനു നിരക്കുന്നതുമല്ല. സമയബന്ധിത ഗെയ്ല് പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ചില ശിഥിലീകരണ ശക്തികള്‍ നടത്തിയ ഇടങ്കോലിടലുകളെ ബിജെപിയും യുഡിഎഫും ഒപ്പം മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും പിന്തുണച്ച കാര്യവും ഓര്‍ക്കുന്നത് നന്നായിരിക്കും.
കിഫ്ബിയിലെ കുത്ത്
16-ാം തീയതി മനോരമേടെ 7-ാം പേജിലെ ഒരു റിപ്പോര്‍ട്ട് ഇങ്ങനെ: "കിഫ്ബി സിഎജി ഓഡിറ്റ് വിവാദം. ഓഡിറ്റ് വേണമെന്ന് സിഎജി; വേണ്ടെന്ന് സര്‍ക്കാര്‍". ഈ തലവാചകത്തില്‍ തന്നെ കൃത്യമായ ഒരു നുണപറച്ചിലുണ്ട്. ഇതേദിവസം ഇതേ പത്രത്തിന്റെ ഒന്നാം പേജിലെ റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം നോക്കൂ. "സിഎജിക്ക് മറുപടി ചീഫ് സെക്രട്ടറി വക". എന്തിനാ ചീഫ് സെക്രട്ടറി മറുപടി എഴുതുന്നത്? നോക്കാം: "മസാല ബോണ്ടിറക്കി വിദേശത്തുനിന്നു കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തത് ഭരണഘടനാലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ട് മറുപടി പറയിക്കാന്‍ സര്‍ക്കാര്‍." അപ്പോള്‍ സിഎജി വേണമെന്നും വേണ്ടെന്ന് സര്‍ക്കാരുമെന്ന തലക്കെട്ടുതന്നെ പച്ചക്കള്ളമെന്ന് വ്യക്തമാകുമല്ലോ. ഒന്നാം പേജില്‍ സിഎജി ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനു മറുപടി തയ്യാറാക്കുന്നതിനെകുറിച്ചുള്ള സ്റ്റോറി. 7-ാം പേജില്‍ ഓഡിറ്റ് ചെയ്യണമോ വേണ്ടയോ എന്നുള്ള തര്‍ക്കമെന്ന മറ്റൊരു സ്റ്റോറി. ഇമ്മാതിരി ഉടായിപ്പു സാധനം പടച്ചുവിടാന്‍ മനോരമ അക്കച്ചിക്കല്ലാതെ ആര്‍ക്കുപറ്റും?
സിഎജി ഓഡിറ്റ് വിവാദം എന്താന്ന് നോക്കാം. ഈ സ്റ്റോറിക്കുള്ളില്‍ പറയുന്നു: "ചട്ടം 20 (2) ഉപയോഗിച്ചാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സിഎജി ഓഡിറ്റ് നടത്തുന്നത്." കിഫ്ബിയെന്നാല്‍ സര്‍ക്കാര്‍ വകുപ്പല്ലെന്നും അത് കോര്‍പറേറ്റ് സംവിധാനമാണെന്നും മനോരമയ്ക്ക് അറിയാത്തതാവില്ല. മനോരമയ്ക്ക് അറിയാത്തതാവില്ല എന്നുപറഞ്ഞത് ഇപ്പോള്‍ 20(2) വേണമോ 14 (1) വേണമോ എന്ന തര്‍ക്കം സിഎജി ഉന്നയിച്ചിട്ടില്ല എന്നതുകൊണ്ടാണ്. അപ്പോ ഇല്ലാത്ത പ്രശ്നത്തിന്മേല് എന്തിനാ വല്ലാത്തപൊല്ലാപ്പിനു പോണത്? ഇനി 14 (1) ആയാല്‍ വല്ലകൊയപ്പോമുണ്ടോ? മനോരമ തന്നെ ഇപ്പോള്‍ നടക്കുന്ന ഓഡിറ്റിനെ (14 (1) പ്രകാരമുള്ള) കുറിച്ച് പറയുന്നത് നോക്കൂ: "കിഫ്ബിയിലെ എല്ലാത്തരം കണക്കുകളും പരിശോധിക്കാന്‍ കഴിയുമെങ്കിലും ഓഡിറ്റ് നടത്തിയിരിക്കണമെന്ന നിര്‍ബന്ധിത വ്യവസ്ഥയില്ല." നിര്‍ബന്ധിത വ്യവസ്ഥയില്ലെലും ഓഡിറ്റിനു തടസ്സമൊന്നും ഇതേവരെ ഉണ്ടായിട്ടില്ലല്ലോ. അപ്പോ കൊയപ്പമില്ല. കോര്‍പറേറ്റ് സംവിധാനത്തെ സര്‍ക്കാര്‍ വകുപ്പാക്കുകയെന്ന ഗൂഢലക്ഷ്യം അങ്ങ് പള്ളീല് ചെന്ന് മണിയടിച്ച് പറഞ്ഞാമതി.
ഇനിയൊരു കാര്യം, എന്തായാലും ഓഡിറ്റു കഴിഞ്ഞു, സമഗ്രമായി തന്നെ. അപ്പോ വല്ല ക്രമക്കേടോ അഴിമതിയോ പിടികൂടിയോ? അങ്ങനെ ഉള്ളതായി മനോരമയോ മറ്റേതെങ്കിലും മാധ്യമമോ പറയുന്നില്ല. മനോരമ പറയുന്നു-"ഒട്ടേറെ പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുന്നതായി ആദ്യ റിപ്പോര്‍ട്ടു നല്കി." (അപ്പോ അത്രേയുള്ളൂ). അതിനു മറുപടിനല്‍കുകയും ഇഴയല്‍ അവസാനിപ്പിക്കുകയും എന്നതാണ് അടുത്തപടി. അത് ചെയ്തിരിക്കാം. വീണ്ടും മനോരമ അതേ സ്റ്റോറിയില്‍ പറയുന്നു- "തുടര്‍ന്നുള്ള കരടു റിപ്പോര്‍ട്ടിലാണ് മസാലബോണ്ടിനെതിരായ ഗുരുതര പരാമര്‍ശം". എന്താത്ര ഗുരുതരം? ഒന്നാം പേജിലെ റിപ്പോര്‍ട്ടില്‍ പറയുന്നു- "സംസ്ഥാന സര്‍ക്കാരുകള്‍ വിദേശത്തുനിന്ന് ധനം സമാഹരിക്കാന്‍ പാടില്ലെന്ന ഭരണഘടനയിലെ 293 (1) അനുച്ഛേദം ലംഘിച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍." വിദേശത്തുനിന്ന് ധനസമാഹരണം നടത്തിയത് സംസ്ഥാന സര്‍ക്കാരല്ല കിഫ്ബി എന്ന കോര്‍പറേറ്റ് ഏജന്‍സിയാണ്. മാത്രമല്ല, കിഫ്ബി മസാലബോണ്ടിറക്കി വിദേശത്തുനിന്ന് ധനസമാഹരണം നടത്തിയത് റിസര്‍വ് ബാങ്കിന്റെയും സെബി (ടഋആക സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെയും കൃത്യമായ അനുമതിയോടെയാണ്. അത്തരം അനുമതി കൊടുക്കാന്‍ നിയമപരമായ അധികാരമുള്ള സ്ഥാപനങ്ങളുമാണവ.
എന്നാല്‍ നിയമവിരുദ്ധമായി കേന്ദ്ര ഭരണകക്ഷികളുടെ രാഷ്ട്രീയ താല്‍പ്പര്യം കണക്കിലെടുത്ത് വേലി ചാടിയിരിക്കണത് സിഎജിയാണ്. ധനമന്ത്രി ചൂണ്ടിക്കാണിച്ചത് ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ലാത്തതും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ നാല് പേജിനുള്ളിലാണ് "ഭരണഘടനാവിരുദ്ധം" എന്ന പരാമര്‍ശം വരുന്നതെന്നാണ്. അത്തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് മുന്‍പ് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുമായും സ്ഥാപനവുമായും ചര്‍ച്ച ചെയ്ത് അവര്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കുകയെന്ന ഓഡിറ്റിങ്ങിന്റെ നിയമവ്യവസ്ഥ ലംഘിച്ച് സംഘപരിവാറിന്റെ കുശിനിക്കാരനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സിഎജി. ഗുജറാത്തില്‍ അമിട്ട് ഷാജിയുടെ ശേവുകക്കാരനായിരിക്കുകയും പിന്നീട് കാശ്മീരിലെ ഭരണഘടനാ കരുതിക്ക് തുല്യം ചാര്‍ത്തുകയും ചെയ്തയാളില്‍ നിന്ന് ഇതിനപ്പുറമുള്ള ഭരണഘടനാ മര്യാദയൊന്നും പ്രതീക്ഷിക്കാനാവുകയില്ലല്ലോ. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മോഡി വാഴ്ച വരിയുടയ്ക്കപ്പെട്ട അവസ്ഥയിലാക്കിയതിന്െറ ഒരുദാഹരണം കൂടിയാണ് ഈ സിഎജി.
മായാജാലം
13-ാം തീയതിയിലെ മനോരമയുടെ 7-ാം പേജില്‍ "സുപ്രധാന തെളിവുകള്‍ മുദ്രവച്ച കവറില്‍. അന്വേഷണം നിര്‍ണായകഘട്ടത്തിലെന്ന് ഇഡി". എന്നാല്‍ മുദ്രവച്ച കവറിനുള്ളിലെ ഇഡി വാദങ്ങളെല്ലാം മനോരമ ലേഖകന്‍ ഈ കഥയില്‍ നിരത്തിയിരിക്കുന്നു. മനോരമക്കാരന്റെ ഭാവനാവിലാസമാണോ അതോ ഇഡി മനോരമയ്ക്ക് കവറിലുള്ളതിന്റെ പകര്‍പ്പ് എത്തിച്ചതാണോയെന്നേ അറിയാനുള്ളൂ. അല്ലെങ്കില്‍ തന്നെ ഇഡി ഇന്നു പറയുന്നത് ഇന്നലെ ആര്‍എസ്എസ് മുഖപത്രം എഴുതിയ ആരോപണത്തിന്റെ തനിയാവര്ത്തനമാണെല്ലോ. ഇഡി ഇങ്ങനെ പകര്‍പ്പ് മനോരമയ്ക്കും കൂട്ടര്‍ക്കും പ്രചാരണത്തിനായി നല്കുമെന്നതിന് മറ്റൊരു തെളിവല്ലേ നിയമസഭാ സെക്രട്ടറിക്ക് അവര്‍ നല്കിയ വിശദീകരണം ആദ്യം പത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കിയത്. ഇനി ഇഡിയുടെ കവറിനുള്ളില്‍ ജഡ്ജിക്കു ഭീഷണി കത്തായിരിക്കുമോ നല്‍കിയത്, ജസ്റ്റിസ് ലോയയുടെ അനുഭവം ഓര്‍മിപ്പിച്ച്. ഇതിനുമുന്‍പ് ഹൈക്കോടതിക്കും ഇഡി ഒരു സീല്‍ വച്ച കവര്‍ നല്‍കിയിരുന്നു. ഹൈക്കോടതി പരിശോധിച്ചിട്ട് പറഞ്ഞത് അതില്‍ മുന്പുപറഞ്ഞതിനപ്പുറം ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ വേറെ തെളിവൊന്നും ഇല്ലെന്നാണ്. അപ്പോള്‍ അതിനുള്ളിലും ലോയയുടെ പടം വച്ചിരുന്നോ ആവോ- അവിടെയും തെളിവില്ലെന്നും പറഞ്ഞിട്ട് അതിനു വിരുദ്ധമായി ജാമ്യം നിഷേധിക്കുകയായിരുന്നല്ലോ.
ഇഡി വാലു പൊക്കുന്നത് എന്തിനെന്ത് പകല്‍ പോലെ വ്യക്തമാക്കുന്നതാണ് 12-ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജിലെ സൂപ്പര്‍ ടൈറ്റില്‍ "എല്ലാമറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഘം" ശിവശങ്കര്‍ മാത്രമല്ല. സ്വപ്നയുടെ മൊഴിയുമായി ഇഡി കോടതിയില്‍. ഇഡിക്ക് എങ്ങനെയും മുഖ്യമന്ത്രിയെയും ഓഫീസിനെയും പൂട്ടണം, അങ്ങനെ ഭരണത്തെ അട്ടിമറിക്കണം. അതിനു കേരളത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കണം. അതാണ് ഇഡിയുടെ നീക്കമെന്ന് വ്യക്തമാകാന്‍ ഇതിനപ്പുറം മറ്റൊന്നും വേണ്ടല്ലോ. സംഘപരിവാര്‍ അടുക്കളയില്‍ വേവിക്കുന്നത് കോടതിയിലും മാധ്യമങ്ങളിലൂടെയും വിളമ്പുകയെന്ന ദൗത്യം ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ഇഡി പണ്ടേ കേന്ദ്രത്തിലെ മേലാളന്മാരുടെ അഭീഷ്ടം സാധിച്ചുകൊടുക്കാന്‍ എന്തുചെയ്യാനും പറയാനും മടിക്കില്ലെന്നത് നാട്ടിലാകെ പാട്ടായ കാര്യമാണ്. പാര്‍ലമെന്റില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷമുണ്ടാക്കാനും സംസ്ഥാനങ്ങളില്‍ കേന്ദ്ര ഭരണകക്ഷിക്ക് ഭരണം പിടിക്കാനുമുള്ള വടിയായി എന്നും മാറുന്ന ഏജന്‍സിയാണ് ഇഡി. കേരളത്തില്‍ മറ്റു സ്ഥിരം കലാപരിപാടികളൊന്നും വിലപ്പോവാത്തതുകൊണ്ട്, ഉദ്യോഗസ്ഥ സംവിധാനത്തിലാകെ ഭീതി പരത്തി സംസ്ഥാനത്ത് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് അത് നടത്തുന്നത്. കേരളത്തിന്റെ വാതിലുകള്‍ അംബാനി-അദാനിമാര്‍ക്ക് മലര്‍ക്കെ തുറന്നു കൊടുക്കാനുള്ള ത്വരയിലാണ് ബിജെപിയും മോഡി സര്‍ക്കാരും. അതിനു ചൂട്ടുപിടിച്ചു നില്‍ക്കുകയാണ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോങ്കികളും യുഡിഎഫും മുഖ്യധാരാമാധ്യമങ്ങളും.
2016ലെ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി കേരളത്തില്‍ വന്ന മോഡി പറഞ്ഞത് ഓര്‍മയുണ്ടോ? കേരളം സോമാലിയയാണെന്ന്. 2017ല്‍ സംഘപരിവാറിന്റെ പ്രചരണജാഥയ്ക്ക് കൊഴുപ്പുകൂട്ടാനെത്തിയ അമിട്ടും യോഗിയും കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെയും പൊതുജനാരോഗ്യത്തെയും അപഹസിച്ചതും മനോരമാദികള്‍ക്ക് മറക്കാമെങ്കിലും ഇവിടത്തെ സാധാരണക്കാര്‍ക്ക് മറക്കാനാവില്ലല്ലോ. നാവെടുത്താല്‍ വാതോരാതെ വികസനത്തെക്കുറിച്ച് വാചകമടിക്കുന്ന മനോരമ, മാതൃഭൂമിയാദികള്‍ കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ നടക്കുന്ന ഈ നീക്കങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
കേരളത്തില്‍ സ്ത്രീ വിരുദ്ധവും അശ്ലീലവുമായ സോഷ്യല്‍ മീഡിയ പ്രചാരകരെ പിടികൂടാന്‍, നുണ പ്രചരണങ്ങള്‍ തടയാന്‍ നിയമനിര്‍മാണത്തിനു തുനിയുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ മൂടിയഴിച്ചാടുന്ന മനോരമയും മാതൃഭൂമിയും ചാനലുകളും കേന്ദ്ര സര്‍ക്കാരിനെതിരായ സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ മാധ്യമപ്രചരണങ്ങള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ നിയമം കൊണ്ടുവരുമ്പോള്‍, സത്യത്തിന്റെ കഴുത്ത് ഞെരിക്കാനുള്ള മോഡിസര്‍ക്കാരിന്റെ ജനാധിപത്യഹത്യയ്ക്ക് നേരെ കണ്ണടയ്ക്കുന്നതും നമ്മള് കാണുന്നു.$