നോട്ട് നിരോധനവും  മോഡിയും

പ്രഭാത് പട്നായക്

 

നോട്ട് നിരോധനത്തിന്‍റെ നാലാം വാര്‍ഷിക വേളയില്‍ നരേന്ദ്രമോഡി അവകാശപ്പെടുന്നത് കള്ളപ്പണം നിയന്ത്രിക്കുന്നതില്‍ അത് വിജയിച്ചുവെന്നാണ്. കാലം കഴിയുന്നതോടുകൂടി ഈ അവകാശവാദം ആരാലും ശ്രദ്ധിക്കപ്പെടാതെ അതില്‍നിന്ന് ഒഴിഞ്ഞുമാറാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരിക്കാനാണ് സാധ്യത. എന്നാല്‍ ഈ രാജ്യത്തെ മിക്കവാറും എല്ലാ ആളുകള്‍ക്കും ഇതൊരു പെരുംനുണയാണെന്ന് ലളിതമായ യുക്തിയാല്‍തന്നെ അറിയാവുന്നതാണ്. 
നോട്ടുനിരോധനം കള്ളപ്പണത്തെ നിയന്ത്രിക്കണമെങ്കില്‍ അതിന് അങ്ങനെ ചെയ്യാനാവുമെന്ന് തെളിയിക്കുന്നതിനുള്ള ചില മെക്കാനിസങ്ങളുണ്ടാകണം. അങ്ങനെയല്ലെങ്കില്‍ അത് 2016ലെ ഒളിമ്പിക് ഗെയിംസ് ഇന്ത്യയിലെ കള്ളപ്പണത്തെ നിയന്ത്രിച്ചുവെന്ന് അവകാശപ്പെടുന്നതുപോലെ ആയിരിക്കും. അതിനും പുറമെ, കള്ളപ്പണം നിയന്ത്രിക്കപ്പെട്ടുവെന്ന് വസ്തുതാപരമായി സ്ഥാപിക്കപ്പെടാതിരിക്കെ, ഇങ്ങനെ സംഭവിക്കുന്നതിനുള്ള ഒരു മെക്കാനിസത്തെക്കുറിച്ച് വ്യക്തമാക്കുന്നതിന് ഈ ശൃംഖലയില്‍ ഉടന്‍ കൈക്കൊള്ളേണ്ട നടപടികളില്‍ ചിലതിന്‍റെയെങ്കിലും കൃത്യത നമുക്ക് പരിശോധിക്കാന്‍ കഴിയേണ്ടതാണ്. 
നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ കാലത്ത് യഥാര്‍ഥത്തില്‍ മോഡി ഗവണ്‍മെന്‍റ് ഇത്തരമൊരു മെക്കാനിസത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നതാണ്. കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്നത് ഇത്തരത്തിലുള്ള നോട്ടുകള്‍ കൈവശം വയ്ക്കുന്നവരെ പുതിയ നോട്ടുകള്‍ പകരമായി ലഭിക്കുന്നതിനായി പഴയവ പരസ്യമായി കൈമാറാന്‍ നിര്‍ബന്ധിതരാക്കും; അങ്ങനെ ചെയ്യുമ്പോള്‍ ഇത്രയേറെ ഭീമമായ തുക എങ്ങനെ കൈവശം സൂക്ഷിച്ചുവെന്ന് അവര്‍ പറയേണ്ടതായി വരും; അതല്ലെങ്കില്‍ അങ്ങനെയുള്ള ഒരു വെളിപ്പെടുത്തല്‍ ഒഴിവാക്കുന്നതിന് തങ്ങളുടെ കൈവശമുള്ള കറന്‍സി നോട്ടുകളെ "മരണ"ത്തിന് വിട്ടുകൊടുക്കേണ്ടതായി വരും; അത് കള്ളപ്പണത്തിനെതിരായ അടിയായിരിക്കും. 
കറന്‍സി റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ  ബാധ്യതയായിരിക്കെ, അതിന്‍റെ ഒരു ഭാഗം "മരിക്കുക"യാണെങ്കില്‍, ആര്‍ബിഐയുടെ ആസ്തികള്‍ മാറ്റമില്ലാതെ തുടരുന്നുവെന്നിരിക്കെ ആര്‍ബിഐക്ക് പഴയ നോട്ടുകള്‍ക്കു പകരമായ പുതിയ നോട്ട് പ്രിന്‍റ്ചെയ്യാന്‍ കഴിയും; എന്നിട്ട് അത് ഗവണ്‍മെന്‍റിന് യഥേഷ്ടം വിനിയോഗിക്കാനായി കൈമാറാവുന്നതാണ്. ഈ വിധത്തില്‍ കള്ളപ്പണത്തെ "കൊല്ലുന്നതു" സംബന്ധിച്ച് ബിജെപിക്ക് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നതാണ്; അതുകൊണ്ടാണ് അവര്‍ ദരിദ്രരായ കുടുംബങ്ങള്‍ക്കിടയില്‍ മൂന്നുമുതല്‍ നാലുലക്ഷം കോടി രൂപവരെ വിതരണം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്; നോട്ടുനിരോധനത്തിലൂടെ അസാധുവാക്കപ്പെടുന്ന പണത്തിനു പകരം നോട്ട്  അച്ചടിക്കാനാകുമെന്ന പ്രതീക്ഷയായിരുന്നു അവര്‍ക്ക്.
പുതിയ നോട്ടുകള്‍ക്കായി കള്ളപ്പണം  കൈമാറ്റംചെയ്യുന്നതിന് പുറത്തെടുക്കില്ലെന്നതിനാല്‍ അങ്ങനെ അതിനെ "കൊല്ലുന്നതി"ന് കഴിയുമെന്ന ധാരണയിലായിരുന്നു കള്ളപ്പണത്തിനെതിരായ നടപടിയെന്ന നിലയില്‍ നോട്ടുനിരോധനം കൊണ്ടുവന്നത്. എന്നാല്‍ വാസ്തവത്തില്‍ അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും കൈമാറ്റം ചെയ്യുന്നതിന് തിരിച്ചുവരികയാണുണ്ടായത്; കള്ളപ്പണത്തിനെതിരായ നടപടിയെന്ന നിലയില്‍ നോട്ട് നിരോധനം വന്‍ പരാജയമായിരുന്നുവെന്ന് അടിവരയിട്ട് ഉറപ്പാക്കുന്നതായിരുന്നു ഇത്. എന്നാല്‍, സമാന്തരമായി അത് കര്‍ഷകാധിഷ്ഠിത കാര്‍ഷിക സമ്പദ്ഘടന ഉള്‍പ്പെടെയുള്ള അനൗപചാരിക മേഖലയ്ക്ക് കനത്ത ആഘാതമുണ്ടാക്കിയിരുന്നു; ഈ മേഖലയാണ് രാജ്യത്തെ തൊഴിലവസരങ്ങളുടെ 85 ശതമാനവും സംഭാവന ചെയ്യുന്നത്; ജിഡിപിയുടെ 45 ശതമാനവും. 
എന്നാല്‍ ട്രംപിനെപ്പോലെ മോഡിയും പരാജയം സമ്മതിക്കുന്ന കൂട്ടത്തിലല്ല. കള്ളപ്പണം നിയന്ത്രിക്കപ്പെട്ടുകഴിഞ്ഞുവെന്ന് ഇപ്പോള്‍ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുക മാത്രമല്ല, അനൗപചാരികമേഖലയെ നശിപ്പിച്ചതില്‍ ഊറ്റംകൊള്ളുകയുമാണ്. ഇക്കണോമിക് ടൈംസില്‍ (നവംബര്‍ 9) എഴുതിയ ഒരു ലേഖനത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യവും മോഡിയുടെ രക്ഷയ്ക്കായി ചാടിയിറങ്ങിയിരിക്കുകയാണ്. 
രണ്ടുകൂട്ടരും ഉപയോഗിച്ചിട്ടുള്ള പദം "ഔപചാരികവല്‍ക്കരണം" എന്നാണ്; അതിലൂടെ അവര്‍ അര്‍ഥമാക്കുന്നത് "അനൗപചാരിക" പ്രവൃത്തികളുടെ സ്ഥാനത്ത് നോട്ട് നിരോധനത്തിന്‍റെ മറുപുറം എന്ന നിലയില്‍ "ഔപചാരിക" പ്രവൃത്തികളെ പ്രതിഷ്ഠിക്കല്‍ എന്നാണ്. എന്നാല്‍ ഒരു നേട്ടം എന്നതിനെക്കാളുപരി ഇത് കൃത്യമായും മോഡിയുടെ സാമ്പത്തിക നടപടികളുടെ പ്രശ്നം എന്ന നിലയിലാണ് കാണേണ്ടത്. ഔപചാരികവല്‍ക്കരണം അവര്‍ അവകാശപ്പെടുന്നതുപോലെ അത്ര നല്ല കാര്യമൊന്നുമല്ല; ജനങ്ങളെ സംബന്ധിച്ചിത്തോളം അത് ശരിക്കുമൊരു ദുരന്തംതന്നെയാണ്; അത് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നുവെന്നതുതന്നെയാണ് കാരണം. അനൗപചാരിക മേഖലാ പ്രവൃത്തികളുടെ ഔപചാരികവല്‍ക്കരണംമൂലം തൊഴിലുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ലെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ കുറച്ചൊരു നേട്ടമുണ്ടാകും. എന്നാല്‍ തൊഴിലവസരങ്ങളില്‍ കുറവുണ്ടാകുന്നു എന്നതാണ് വസ്തുത; അതാണ് മോഡിയെ പിന്തുണയ്ക്കുന്ന ആള്‍ക്കൂട്ടത്തിനു പുറത്തുള്ളവരെയാകെ ഉത്ക്കണ്ഠപ്പെടുത്തുന്നത്. 
ഒരുദാഹരണം നോക്കാം. ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ സ്ഥാനത്ത് വാള്‍മാര്‍ട്ടിനെ കൊണ്ടുവരുന്നത് കൃത്യമായും ചില്ലറ വ്യാപാരം എന്ന അനൗപചാരിക പ്രവൃത്തിയുടെ ഔപചാരികവല്‍കരണം തന്നെയാണ്. നേരിട്ടുള്ള പണം കൈമാറ്റവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രെഡിറ്റ്കാര്‍ഡ് വഴിയുള്ള പണം കൈമാറ്റം കൂടുതലാകാന്‍ ഇത് കാരണമായേക്കാം; കൂടുതല്‍ ചിട്ടയായ കണക്ക് സൂക്ഷിക്കലിനും നികുതി വെട്ടിക്കാനുള്ള സാധ്യത കുറയുന്നതിനും ഇടയാക്കും (ഇതൊക്കെ സത്യമാണെന്ന് നമുക്ക് കരുതാം) എന്നിങ്ങനെയൊക്കെയാണ് ഈ ഔപചാരികവല്‍ക്കരണത്തിന് അനുകൂലമായി ഉയരുന്ന വാദഗതികള്‍. എന്നാല്‍, അങ്ങനെയാണെങ്കില്‍പോലും ഈ വച്ചുമാറലിന് എന്തെങ്കിലും അര്‍ഥമുണ്ടാകണമെന്നുണ്ടെങ്കില്‍ ഇതുമൂലം നഷ്ടപ്പെടുന്ന തൊഴിലവസരങ്ങളുടെ അത്രയും എണ്ണം തൊഴിലവസരങ്ങളെങ്കിലും വാള്‍മാര്‍ട്ടിന് സൃഷ്ടിക്കാന്‍ കഴിയണം. പക്ഷേ ഇതുകാരണം തൊഴിലില്ലായ്മയാണ് ഒടുവില്‍ സൃഷ്ടിക്കപ്പെടുന്നതെങ്കില്‍ ഈ ഔപചാരികവല്‍ക്കരണം ശരിക്കുമൊരു ദുരന്തംതന്നെയാണ്. ഈ പ്രാഥമികമായ വസ്തുത മോഡി ഗവണ്‍മെന്‍റ് അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണ് മറ്റെല്ലാവരും മഹാദുരന്തമായി കാണുന്നതിനെ വലിയ മേന്മയായി കൊട്ടിഘോഷിക്കുന്നത്. അനൗപചാരിക തൊഴിലുകളുടെ സ്ഥാനത്ത് ഔപചാരിക തൊഴിലുകള്‍ വന്നെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ വാചകമടി; എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മൗനംപാലിക്കുന്ന ഒരു കാര്യമുണ്ട്-അതായത് 100 അനൗപചാരിക തൊഴിലുകളുടെ സ്ഥാനത്ത് 50 ഔപചാരിക തൊഴിലുകള്‍ മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളൂ എന്നതാണത്. 
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍തന്നെ പൊതുവായി ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു ധാരണ അനൗപചാരിക മേഖലയില്‍ തൊഴിലുകള്‍ സംരക്ഷിക്കപ്പെടണം എന്നതാണ്. പ്രയോഗത്തില്‍ ഇത് എത്രത്തോളം ലംഘിക്കപ്പെടുന്നുവെന്നത് മറ്റൊരു കാര്യം. വികേന്ദ്രീകൃത മേഖലയ്ക്ക് ഉല്‍പാദനത്തിനായി ചില പ്രത്യേക കാറ്റഗറികളില്‍പെട്ട തുണി സംവരണം ചെയ്യപ്പെട്ടിരിക്കുന്നത് ഇതിന്‍റെ ഒരു പ്രതിഫലനമാണ്. നിശ്ചയമായും ഗാന്ധിജി കൈത്തൊഴില്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു; മഹലനോബിസ് തന്ത്രംപോലും, നിക്ഷേപചരക്കുല്‍പാദനത്തിനായി വിഭവങ്ങള്‍ വഴിമാറ്റപ്പെടുമ്പോള്‍ അനിവാര്യമായും ഉയര്‍ന്നുവരുന്ന ഉപഭോക്തൃ ചരക്ക് ക്ഷാമത്തെ അതിജീവിക്കവെതന്നെ, തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് വികേന്ദ്രീകൃത മേഖലയെയാണ് മുന്നില്‍ കണ്ടിരുന്നത്. ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ പൊരുതിയിരുന്നത് വികേന്ദ്രീകൃത മേഖലയ്ക്കായാണ്; തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ വാള്‍മാര്‍ട്ടിന്‍റെ കടന്നുവരവിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.
ഔപചാരികവല്‍ക്കരണംമൂലം സൃഷ്ടിക്കപ്പെടുന്ന തൊഴിലില്ലായ്മയെ സംബന്ധിച്ച് യാതൊരു ഉത്കണ്ഠയുമില്ലാതെ ഈ ഔപചാരികവല്‍ക്കരണത്തെ വാഴ്ത്തുന്ന രാജ്യത്തെ ആദ്യ രാഷ്ട്രീയപാര്‍ടിയാണ് ബിജെപി. ബിജെപി ഗവണ്‍മെന്‍റിന്‍റെ സ്ഥിരമായുള്ള ഒരു സവിശേഷത അനൗപചാരിക മേഖലയെ ആക്രമിക്കുന്നുവെന്നതാണ്; നോട്ടുനിരോധനത്തിലൂടെയായാലും ജിഎസ്ടിയിലൂടെ ആയാലും ഇപ്പോള്‍ നിയമമാക്കപ്പെട്ട കാര്‍ഷിക ബില്ലുകളിലൂടെ ആയാലും ബിജെപി ഗവണ്‍മെന്‍റ് ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. തൊഴിലില്ലായ്മയെക്കുറിച്ച് ഈ ഗവണ്‍മെന്‍റിന്‍റെ  വ്യക്തമായ ഉത്കണ്ഠാരാഹിത്യം ഒരുപക്ഷേ സാമ്പത്തിക കാര്യങ്ങളിലുള്ള അതിന്‍റെ അജ്ഞതയായി വിശദീകരിക്കപ്പെട്ടേക്കാം; എന്നാല്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവിന്‍റെ ഈ ഉത്ക്കണ്ഠയില്ലായ്മ തികച്ചും നിഗൂഢമാണെന്നതുപോലെതന്നെ അസ്വസ്ഥതയുളവാക്കുന്നതുമാണ്. 
ഔപചാരികവല്‍ക്കരണം കള്ളപ്പണം തടയുമെന്ന അവകാശവാദവും ഒരടിസ്ഥാനവുമില്ലാത്തതാണ്. അതിനുവേണ്ടി മുന്നോട്ടുവയ്ക്കുന്ന വാദഗതികള്‍ ഇങ്ങനെയാണ് പോകുന്നത്; കള്ളപ്പണം സമ്പദ്ഘടനയെ സഹായിക്കുന്നതിനുപിന്നിലെ മുഖ്യ ഘടകം രൊക്കം പണത്തിന്‍റെ ഉപയോഗമാണ്. രൊക്കം പണം ഉപയോഗിക്കുന്നതിനു പകരം ഡിജിറ്റല്‍ കൈമാറ്റമോ ബാങ്ക് അക്കൗണ്ടുകളിലെ ചെക്കിലൂടെയെങ്കിലുമോയുള്ള കൈമാറ്റമാണ് നടക്കുന്നതെങ്കില്‍ പരിശോധന ഒഴിവാക്കല്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതായി മാറുന്നു; ഇത് കള്ളപ്പണ സമ്പദ്ഘടനയെ നിയന്ത്രിക്കുന്നു. ഔപചാരികവല്‍ക്കരണം രൊക്കം പണം ഉപയോഗിക്കുന്നതില്‍നിന്നും ഡിജിറ്റല്‍ പണമിടപാടിലേക്കോ ബാങ്ക് ഇടപാടുകളിലേക്കോ പണം കൈമാറ്റത്തെ ഉപയോഗിക്കുന്നതിനുള്ള ഒരു ചുവടുവയ്പാണ്; വാസ്തവത്തില്‍ മോഡി, നോട്ടു നിരോധനത്തിന്‍റെ ഒരു നേട്ടമായി പറയുന്നത് കുറച്ചുമാത്രം രൊക്കം പണം കൈമാറ്റം ചെയ്യപ്പെടുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുന്നുവെന്നതിനെ പ്രത്യേകം പരാമര്‍ശിച്ചാണ്.
കൈമാറ്റത്തിനായി ഏറ്റവുമധികം രൊക്കം പണം ഉപയോഗിക്കുന്നത് സുതാര്യത കുറവാണെന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. ആയതിനാല്‍ അത് കള്ളപ്പണ സമ്പദ്ഘടനയെ വലുതാക്കുമെന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ്. ജര്‍മനിയെയും ജപ്പാനെയുംപോലെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങള്‍ വലിയതോതില്‍ രൊക്കം പണം കൈമാറ്റത്തിന് ഉപയോഗിക്കുന്ന രാജ്യങ്ങളാണ്; എന്നാല്‍ ആ രാജ്യങ്ങളില്‍ കള്ളപ്പണം ഇന്ത്യയിലുള്ളതിനെക്കാള്‍ കൂടുതലാണെന്ന് ഒരാളിനും പറയാനാവില്ല. നേരെമറിച്ച് നൈജീരിയയില്‍ രൊക്കം പണമായുള്ള കൈമാറ്റം ഏറ്റവും കുറവാണ്; എന്നാല്‍ നൈജീരിയ കള്ളപ്പണത്തിന്‍റെ പിടിയില്‍നിന്നും രക്ഷനേടിയെന്ന് ഒരാളിനും അവകാശപ്പെടാനാവില്ല. ഡിജിറ്റല്‍ കൈമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളോടുള്ള മോഡി ഗവണ്‍മെന്‍റിന്‍റെ പക്ഷപാതിത്വം വളരെക്കാലം മുമ്പുതന്നെ ഉള്ളതാണ്. ഈ പക്ഷപാതിത്വത്തിന്‍റെ കാരണങ്ങള്‍ എന്തുതന്നെ ആയാലും കള്ളപ്പണം തടയുന്നതിനുള്ള മാര്‍ഗമായി അതിനെ ന്യായീകരിക്കുന്നത് വസ്തുതകള്‍ക്കു നിരക്കുന്നതല്ല. 
അതിനുംപുറമെ ഔപചാരികവല്‍ക്കരണം രൊക്കം പണത്തിന്‍റെ ഉപയോഗം കുറയ്ക്കുന്നതിനിടയാക്കിയെന്ന മോഡിയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ഒരേപോലെ (കി്മഹശറ) നടത്തിയ അവകാശവാദംപോലും നിലനില്‍ക്കുന്ന ഒന്നല്ല. വാസ്തവത്തില്‍ ഇന്ത്യയില്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് രൊക്കം പണത്തിന്‍റെ ഉപയോഗം കുറഞ്ഞിരിക്കുകയാണെന്ന അവകാശവാദം ശുദ്ധ അബദ്ധമാണ്; യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരമൊരു പ്രസ്താവന പ്രധാനമന്ത്രിയെപ്പോലെയൊരാള്‍ നടത്തുന്നതില്‍ ആരും അത്ഭുതപ്പെട്ടുപോകും. അനൗപചാരികമേഖലയുടെ സ്ഥാനത്തില്‍ ഇടിവുണ്ടായി എന്ന അര്‍ഥത്തില്‍ സമ്പദ്ഘടന കൂടുതല്‍ ഔപചാരികവല്‍കൃതമായി മാറിയിട്ടുണ്ടാകാം (കൃത്യമായി പറഞ്ഞാല്‍ ഇത് നോട്ട് നിരോധനം പോലെയുള്ള നടപടികളുടെ വിമര്‍ശനമാണ്); എന്നാല്‍ നോട്ട് നിരോധനംമൂലം ഇന്ത്യയില്‍ രൊക്കം പണത്തിന്‍റെ ഉപയോഗം കടുകിടപോലും കുറഞ്ഞിട്ടില്ല. 
രൊക്കം പണം ഉപയോഗത്തിന്‍റെ അളവുകോലായ കറന്‍സി-ജിഡിപി അനുപാതം നോട്ട് നിരോധനത്തെ തുടര്‍ന്ന് കുത്തനെ കുറഞ്ഞു; പക്ഷേ പിന്നീടത് വീണ്ടെടുക്കപ്പെട്ടു; ഇപ്പോള്‍ അത് നോട്ട് നിരോധനത്തിന് മുമ്പുള്ള തലത്തില്‍ എത്തിയിരിക്കുകയുമാണ്. 2019-20ലെ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കറന്‍സി-ജിഡിപി അനുപാതത്തെ സംബന്ധിച്ച് പറയുന്നതും ഇതുതന്നെയാണ്.
"ഒരു വര്‍ഷത്തിനുമുമ്പ് സര്‍ക്കുലേഷനിലുള്ള രൊക്കം പണത്തിന്‍റെ വളര്‍ച്ച 16.8 ശതമാനം ആയിരുന്നത് അല്‍പം കുറഞ്ഞ് 14.5 ശതമാനമായിട്ടുണ്ട്; എന്നാല്‍ കറന്‍സി-ജിഡിപി അനുപാതം ഒരു വര്‍ഷത്തിനുമുമ്പ് 11.3 ശതമാനമായിരുന്നത് 2019-20ല്‍ 12 ശതമാനമെന്ന നോട്ട് നിരോധനത്തിനുമുമ്പുള്ള നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നു". ആയതിനാല്‍ നോട്ട് നിരോധനംമൂലം ഇന്ത്യ കുറച്ചുമാത്രം രൊക്കം പണം ഉപയോഗിക്കുന്ന സമ്പദ്ഘടനയായി മാറിയിരിക്കുന്നുവെന്ന മോഡിയുടെ അവകാശവാദം വസ്തുതാപരമായിപോലും ശരിയല്ല. 
ഇത് അല്‍പവും അത്ഭുതകരമല്ല. രൊക്കം പണം കൈമാറ്റത്തില്‍നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ പണമിടപാടുകള്‍ ചെലവ് വേണ്ടിവരുന്ന ഒന്നാണ്; ഇതുകൊണ്ടാണ് ഏതുവിധത്തിലായാലും ചെറിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അനൗപചാരിക മേഖലയില്‍ ഇത് വളരെയേറെ വ്യാപകമാകാതിരിക്കുന്നത്. കൃത്യമായും ഇതേ കാര്യം ഔപചാരിക മേഖലയെ സംബന്ധിച്ചിടത്തോളവും ശരിയാണ്; അതുകൊണ്ടാണ് ആ മേഖലയും പണച്ചെലവ് വേണ്ടിവരുന്ന ഡിജിറ്റല്‍ കൈമാറ്റത്തെക്കാള്‍ ചെലവ് രഹിതമായ രൊക്കം പണം കൈമാറ്റത്തെ കൂടുതലായി ആശ്രയിക്കുന്നത്.
സമീപ മാസങ്ങളില്‍ നിരവധി "ഷെല്‍ കമ്പനികള്‍" അടച്ചുപൂട്ടി പോയതിനെ സംബന്ധിച്ചും അങ്ങനെ സംവിധാനം കൂടുതല്‍ സുതാര്യമായി മാറിയതിനെക്കുറിച്ചുമെല്ലാം മുഖ്യ സാമ്പത്തികോപദേഷ്ടാവ് വാചകമടിക്കുന്നുണ്ട്. ഈ കണക്കുകളെല്ലാം ശരിയാണെന്ന് നമുക്ക് സങ്കല്‍പിക്കാം; ഈ അടച്ചുപൂട്ടലുകളെല്ലാംതന്നെ നോട്ടുനിരോധനത്തോടെ ആരംഭിച്ച സര്‍ക്കാര്‍ നടപടികള്‍ മൂലമാണെന്നും കരുതാം. എന്നാല്‍ ഇത്തരം അടച്ചുപൂട്ടലുകളില്‍നിന്നുള്ള നേട്ടം ചില സ്ഥൂല സാമ്പത്തിക ഘടകങ്ങളുടെ പെരുമാറ്റരീതിയുടെ അടിസ്ഥാനത്തില്‍ കാണാവുന്നതാണ്. ഷെല്‍ കമ്പനികളുടെ അടച്ചുപൂട്ടല്‍കൊണ്ടുമാത്രം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല (ഇതുമൂലം എന്തെങ്കിലും ഉണ്ടാകുന്നുണ്ടെങ്കില്‍ അത് തൊഴില്‍ നഷ്ടം മാത്രമാണ്); പട്ടിണി ഇല്ലാതാക്കുകയോ ജനങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇനി, ഇത്തരം പ്രഭാവങ്ങളുള്ള ചില സ്ഥൂല സാമ്പത്തിക ഘടകങ്ങളെ പരാമര്‍ശിച്ചുകൊണ്ട് വേണമെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ അതിനു കഴിയും. നോട്ടുനിരോധനംകൊണ്ട് ഉത്തേജിപ്പിക്കപ്പെട്ട ഒരൊറ്റ സ്ഥൂല സാമ്പത്തിക ഘടകത്തെപോലും ചൂണ്ടിക്കാണിക്കാന്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവ് തയ്യാറാകുന്നില്ല; തീര്‍ച്ചയായും അദ്ദേഹത്തിനത് കഴിയുകയുമില്ല. എന്നാല്‍ നോട്ട് നിരോധനംമൂലമുണ്ടായ അനൗപചാരിക മേഖലയിലെ കഷ്ടപ്പാടും ഈ മേഖലയിലെ തൊഴിലില്ലായ്മയും പല പണ്ഡിതരും നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ പഠനങ്ങളില്‍ ചിലതെങ്കിലും ഒന്നുനോക്കിയാല്‍ മോഡിക്കും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനും ഒരുപാട് കാര്യങ്ങള്‍ കിട്ടും. $