പഴയ വീഞ്ഞുതന്നെ  പുതിയ കുപ്പിയില്‍

സെബാസ്റ്റ്യന്‍ പോള്‍

അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പിന്‍െറ തിക്തത അനുഭവിച്ചിട്ടുള്ള ഞാന്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ വെള്ളം എവിടെ കണ്ടാലും അതിന്‍െറ ഊഷ്മാവറിയാതെ ഭയപ്പെടുന്നു. വെള്ളം ഏതവസ്ഥയിലും തിളയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് നിര്‍ദോഷമെന്നു തോന്നുന്നത് നാളെ അപകടമാകാന്‍ സാധ്യതയുണ്ട്. തണുത്ത വെള്ളത്തില്‍ സുഖശയനം നടത്തുമ്പോള്‍ കാണെക്കാണെ വെള്ളം തിളയ്ക്കുന്നതിനുള്ള സാധ്യത നാം അറിയുന്നില്ല. ഓവര്‍ ദ ടോപ് (ഒ.ടി.ടി) പ്ളാറ്റ്ഫോമുകള്‍ക്കൊപ്പം വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലാക്കിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതത്തിന് സാധ്യതയുള്ളതാണ്. പഴയ മാധ്യമങ്ങളെ ഭയപ്പെടുത്തി നിലയ്ക്കുനിര്‍ത്തുന്നതില്‍ ഭരണകൂടം ഒട്ടൊക്കെ വിജയിക്കുമ്പോള്‍ നവമാധ്യമത്തിലാണ് സ്വതന്ത്രലോകം പ്രതീക്ഷയര്‍പ്പിക്കുന്നത്. സെന്‍സര്‍ഷിപ്പിനു ന്യായീകരണമായിത്തീര്‍ന്ന അടിയന്തരാവസ്ഥയ്ക്കെതിരെ 1977ല്‍ ഉയര്‍ന്ന ജനരോഷത്തിന്‍െറ പൈതൃകം അവകാശപ്പെടുന്ന പാര്‍ടി, സെന്‍സര്‍ഷിപ്പിന്‍െറ പുതു അവതാരത്തെ സാധൂകരിക്കുമ്പോള്‍ ചരിത്രം ദുരന്തമായാണോ പ്രഹസനമായാണോ ആവര്‍ത്തിക്കുന്നതെന്ന് പറയാന്‍ കഴിയുന്നില്ല. 
സിനിമ മാത്രമാണ് നിയമപരമായ സെന്‍സര്‍ഷിപ്പ് ബാധകമായ മാധ്യമം. അവിടെത്തന്നെ സെന്‍സറിങ് എന്ന വാക്കിനുപകരം സര്‍ട്ടിഫിക്കേഷന്‍ എന്ന വാക്കാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മാനദണ്ഡമനുസരിച്ച് തരംതിരിച്ച് പ്രദര്‍ശനത്തിന് അനുമതി നല്‍കുകയെന്നതാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍െറ ചുമതല. നിയമം വിട്ട് ചില അധികാരപ്രയോഗങ്ങള്‍ ബോര്‍ഡ് നടത്തുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കാതിരിക്കുന്നില്ല. അങ്ങനെയിരിക്കെ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഡിസ്നി-ഹോട്ട്സ്റ്റാര്‍, സോണി ലൈവ്, ജിയോ സിനിമ തുടങ്ങിയ ഒ.ടി.ടി. പ്ളാറ്റ്ഫോമുകള്‍ക്കൊപ്പം വാര്‍ത്താപോര്‍ട്ടലുകളെക്കൂടി നിയന്ത്രണത്തിനും വേണ്ടിവന്നാല്‍ സെന്‍സര്‍ഷിപ്പിനും വിധേയമാക്കാനുള്ള നടപടി മ്ളേച്ഛമായ ജനാധിപത്യധ്വംസനമാണ്. സെന്‍സര്‍ഷിപ്പെങ്കില്‍ അങ്ങനെ പറയുന്നതിനുള്ള ആര്‍ജവം ഭരണകൂടം കാണിക്കണം. 
അനഭിലഷണീയമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സംവിധാനമുണ്ടാക്കരുതോ എന്ന് സുദര്‍ശന്‍ കേസ് പരിഗണിക്കെ സുപ്രീം കോടതി ചോദിച്ചു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അതിനെ പരിമിതപ്പെടുത്തുന്നതിനുള്ള സര്‍ക്കാറിന്‍െറ അധികാരവും സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായ എക്സിക്യൂട്ടീവ് നടപടി ഉണ്ടായത്. പ്രത്യക്ഷത്തില്‍ വിഷം വമിക്കുന്ന വിദ്വേഷഭാഷണം അഭിപ്രായപ്രകടനസ്വാതന്ത്ര്യമെന്ന ഭരണഘടനാവ്യവസ്ഥയാല്‍ ന്യായീകരിക്കാനുള്ള സുദര്‍ശന്‍ എന്ന സംഘപരിവാര്‍ ചാനലിന്‍െറ പരിശ്രമമാണ് സുപ്രീം കോടതിയുടെ വിമര്‍ശത്തിനു വിഷയമായത്. അതിനിടയിലാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളെക്കുറിച്ച് നിരീക്ഷണമുണ്ടായത്. ഇതിനെ മറയാക്കിക്കൊണ്ടാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ തളയ്ക്കാനുള്ള വിജ്ഞാപനം ഉണ്ടായത്. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നത് ചാനലിനെതിരെയാണെങ്കിലും നടപടിയുണ്ടായത് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെയാണ്. 
പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ എന്നതുപോലെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നിയമപരമായി സ്ഥാപിതമായ നിയന്ത്രണസംവിധാനം ഇല്ല. സ്വയംനിയന്ത്രണം എന്നു വിശേഷിപ്പിക്കാവുന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ മാത്രമാണ് ഇപ്പോള്‍ ചാനലുകളെ നിയന്ത്രിക്കാനുള്ളത്. അതിന് വഴങ്ങുന്നവരും വഴങ്ങാത്തവരും ഉണ്ട്. അസോസിയേഷനില്‍ അംഗമല്ലാത്ത ചാനലാണ് സുദര്‍ശന്‍. അവധാനതയില്ലാതെ ദുരുപദിഷ്ടമായി കൊണ്ടുവരുന്ന നിയന്ത്രണം മാധ്യമങ്ങളെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കും. സ്വയം നിയന്ത്രണം അല്ലാതെയുള്ള നിയന്ത്രണം ഏതു രൂപത്തിലായാലും സെന്‍സര്‍ഷിപ്പാകും. ഡിജിറ്റല്‍ വാര്‍ത്താമാധ്യമത്തെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍െറ നിയന്ത്രണത്തിലാക്കുന്നതിന് ഭരണകൂടം അവതരിപ്പിക്കുന്ന ന്യായങ്ങള്‍ ഒട്ടുമേ സ്വീകാര്യമല്ല. സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഡിജിറ്റല്‍ മീഡിയയെ വേറിട്ടതാക്കി വരുതിയിലാക്കുന്നതിനുള്ള ശ്രമം നാളത്തെ മാധ്യമം അതാണെന്ന തിരിച്ചറിവിലാണ് ഉണ്ടാകുന്നത്. മന്ത്രാലയത്തിന്‍െറ നിയന്ത്രണത്തില്‍ നവമാധ്യമത്തെ കൊണ്ടുവരുന്നതും ഉള്ളടക്കത്തിന്‍െറ പരിശോധനയ്ക്ക് ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തുന്നതും അനാശാസ്യമായ രീതിയാണ്. സെന്‍സര്‍ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും ഫലത്തില്‍ അനഭിമതനായ സെന്‍സര്‍തന്നെയാണ് ഈ ഉദ്യോഗസ്ഥന്‍. പ്രസാര്‍ ഭാരതിയെന്ന സ്വയംഭരണ കോര്‍പറേഷനു കീഴില്‍ ആകാശവാണിയും ദൂരദര്‍ശനും എവ്വിധമാണ് നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്നതെന്ന് നാം കാണുന്നുണ്ട്. പരിഹാസ്യമായ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടവുമാണ് രണ്ടിന്‍െറയും വാര്‍ത്താവതരണത്തിനും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കും ബാധകമാക്കിയിരിക്കുന്നത്. സ്വന്തമായി ശബ്ദമില്ലാത്ത ഇവയിലൂടെ രാഷ്ട്രം കേള്‍ക്കുന്നത് ഹിസ് മാസ്റ്റേഴ്സ് വോയിസ് ആണ്. മാസ്റ്റര്‍ ഇടയ്ക്കിടെ മാറുമെന്നു മാത്രം. പണ്ട് എഐആറിനെ ഓള്‍ ഇന്ദിര റേഡിയോ എന്നു വിളിച്ചത് പരിഹസിക്കാന്‍ മാത്രമായിരുന്നില്ല.  
ഭരണഘടനയുടെ അനുഛേദം 77(3) പ്രകാരം കേന്ദ്ര സര്‍ക്കാറിന്‍െറ ബിസിനസ് ചട്ടം ഭേദഗതി ചെയ്യുന്ന വിജ്ഞാപനത്തിലൂടെ പ്രാബല്യത്തിലാക്കിയിരിക്കുന്ന നിയന്ത്രണം നാളെ സോഷ്യല്‍ മീഡിയയ്ക്കു മുഴുവന്‍ ബാധകമാക്കിക്കൂടെന്നില്ല. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ മുന്‍കൂര്‍ സെന്‍സര്‍ഷിപ്പിനു വിധേയമാക്കുന്ന ഓണ്‍ലൈന്‍ സിനിമയെയും യാതൊരു കാരണത്താലും സെന്‍സര്‍ഷിപ് പാടില്ലാത്ത ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും ഒരേ തരത്തിലാക്കി നിയന്ത്രിക്കുന്നതിനുള്ള നീക്കം അനുവദിച്ചുകൊടുക്കാനാവില്ല. അനുഛേദം 19(2) അനുവദിക്കുന്ന ന്യായമായ നിയന്ത്രണങ്ങള്‍ക്കപ്പുറമാണ് ഇപ്പോഴത്തെ നടപടി. വര്‍ഗീയതയ്ക്കും വംശീയതയ്ക്കും ഭീകരതയ്ക്കും വന്‍തോതില്‍ പ്രചാരം നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനെന്ന വ്യാജേന ഇത്തരത്തിലുള്ള സ്വാതന്ത്ര്യനിഷേധത്തിനുള്ള ശ്രമം എതിര്‍ക്കപ്പെടണം. കള കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം വിധേയത്വമുള്ള ഉദ്യോഗസ്ഥവൃന്ദത്തെ ഏല്‍പിച്ചാല്‍ നല്ല ചെടികളും നശിപ്പിക്കപ്പെടും. ലൈസന്‍സിങ്ങിനും സെന്‍സര്‍ഷിപ്പിനും എതിരായ പോരാട്ടങ്ങളിലൂടെയാണ് അഭിപ്രായപ്രകടനസ്വാതന്ത്ര്യം വികസ്വരമായത്. അതുതന്നെയാണ് ജനാധിപത്യത്തിന്‍െറ വികാസചരിത്രം. 
ആധുനികകാലത്ത് അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്‍െറ പരിസരം വികസിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ച സ്ഥാപനമാണ് സുപ്രീം കോടതി. നിരുത്തരവാദപരവും അപകടകരവുമായ ചാനല്‍ പ്രവര്‍ത്തനം തടയുന്നതിനുള്ള മാര്‍ഗത്തെക്കുറിച്ച് സുദര്‍ശന്‍ കേസില്‍ സുപ്രീം കോടതി ആരാഞ്ഞതിനുള്ള മറുപടിയെന്ന നിലയിലാണ് ഓണ്‍ലൈന്‍ മാധ്യമത്തെ വലയിലാക്കുന്നതിനുള്ള നീക്കമുണ്ടായത്. രണ്ടായി കാണേണ്ടതിനെ ഒന്നായി കണ്ടതുനിമിത്തമുള്ള കണ്‍ഫ്യൂഷനാണിത്. കോടതിയലക്ഷ്യമായി കരുതാവുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായത്. കോടതിയില്‍ ചോദ്യം ചെയ്താല്‍ വിജ്ഞാപനത്തിനു നിലനില്‍പുണ്ടാവില്ല. നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാകുമ്പോഴാണ് പുതിയ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ നിയന്ത്രിക്കാന്‍ ആവശ്യമായ നിയമങ്ങള്‍ നിലവിലുണ്ട്. ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ പൊലീസ് കാണാതിരുന്ന നിയമങ്ങള്‍ സമ്മര്‍ദമുണ്ടായപ്പോള്‍ കണ്ടതോര്‍ക്കുക. 
സിനിമയുടെ പ്രദര്‍ശനത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍െറ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നിരിക്കേ അനുമതിയും നിയന്ത്രണവുമില്ലാതെയാണ് ഒ.ടി.ടി. പ്ളാറ്റ്ഫോമുകളില്‍ ചലച്ചിത്രപ്രദര്‍ശനം നടക്കുന്നത്. ഈ വിദേശകമ്പനികളെ ഇന്ത്യന്‍ നിയമത്തിനു വിധേയമാക്കുന്നതില്‍ തെറ്റില്ല. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെക്കൂടി അവയ്ക്കൊപ്പം കാണുന്നതിലാണ് പ്രശ്നം. പണ്ട് തിയേറ്ററുകളില്‍ സിനിമയ്ക്കൊപ്പം ഫിലിംസ് ഡിവിഷന്‍െറ ന്യൂസ് റീല്‍ കാണിച്ചിരുന്നു എന്നതൊഴികെ സിനിമയും വാര്‍ത്തയും തമ്മില്‍ ബന്ധമൊന്നുമില്ല. പത്രത്തിനും ടെലിവിഷനും ബാധകമാകുന്ന ടൈറ്റില്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഓണ്‍ലൈന്‍ മാധ്യമത്തിനും ബാധകമാക്കാം. ന്യൂസ്പേപ്പര്‍ റജിസ്ട്രാറുടെ റജിസ്ട്രേഷന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും ബാധകമാക്കുന്നത് നല്ലതാണ്. ആര്‍ക്കും യുട്യൂബറോ വ്ളോഗറോ ആകാവുന്ന കാലത്ത് വ്യാജവാര്‍ത്തയും വിദ്വേഷ പോസ്റ്റുകളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും എഴുന്നള്ളിക്കുന്ന അധമപോര്‍ട്ടലുകളെ ഒഴിവാക്കി ശരിയായ വാര്‍ത്താ പോര്‍ട്ടലുകള്‍ കണ്ടെത്താന്‍ പ്രേക്ഷകര്‍ക്കു കഴിയും. പ്രസ് ക്ളബ്ബ് മെംബര്‍ഷിപ്, അക്രഡിറ്റേഷന്‍, സര്‍ക്കാര്‍ പരസ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും രജിസ്ട്രേഷന്‍ നല്ലതാണ്. പത്രങ്ങളുടെയും ടെലിവിഷന്‍െറയും ഉള്ളടക്കം സര്‍ക്കാറിന്‍െറ പരിശോധനയ്ക്ക് വിധേയമല്ലെന്നിരിക്കേ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കു മാത്രം ഉള്ളടക്ക പരിശോധന ബാധകമാക്കുന്നതിലെ അനാശാസ്യത കാണാതെ പോകരുത്. ഓണ്‍ലൈന്‍ ഇന്‍ഫര്‍മേഷന്‍ മേഖലയ്ക്ക് ചില നിര്‍വചനങ്ങള്‍ ആവശ്യമുണ്ട്. അതുണ്ടായാല്‍ സ്വയംനിയന്ത്രണം സ്വാഭാവികമായും ഉണ്ടാകും. ത്യജിക്കേണ്ടവയെ ത്യജിക്കുന്നതിനുള്ള പരിപക്വമായ പ്രാപ്തി വായനക്കാര്‍ക്കുണ്ടാകും. $