കേരളം:  തിരഞ്ഞെടുക്കപ്പെട്ട  ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ്

പീപ്പിള്‍സ് ഡെമോക്രസി

1957ഏപ്രില്‍ 5ന് നടന്ന കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ രൂപീകരണത്തെ ഇന്ത്യയിലും ലോകത്തുടനീളവും വാഴ്ത്തിയത് ഒരു പുതിയ അനുഭവമെന്ന നിലയിലാണ്. അതിനുമുമ്പ്, ലോകത്തിലെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരിക്കലും കമ്യൂണിസ്റ്റുപാര്‍ടി തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയിരുന്നില്ല. പുതുതായി രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനത്ത് ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ 127 അംഗങ്ങളുള്ള അന്നത്തെ നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ടി 65 സീറ്റ് നേടുകയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവരികയും ചെയ്തു. 34 നിയോജക മണ്ഡലങ്ങളില്‍ പാര്‍ടിക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചു; 8 മണ്ഡലങ്ങളില്‍ 48 ശതമാനത്തിനും 50 ശതമാനത്തിനുമിടയ്ക്ക് വോട്ട് ലഭിച്ചു. പാര്‍ടിയോടും പാര്‍ടി നയങ്ങളോടും വിശ്വാസമര്‍പ്പിച്ച് കമ്യൂണിസ്റ്റുപാര്‍ടിക്കനുകൂലമായി ജനങ്ങള്‍ നല്‍കിയ വിധിയെഴുത്തായിരുന്നു അത്. 
കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ കൃഷിക്കാര്‍ക്കനുകൂലമായ ഒരു നിയമമംഗീകരിച്ചു. ഗവണ്‍മെന്‍റ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത് 1957 ഏപ്രില്‍ 5നാണ്; ഏപ്രില്‍ 11ന് എല്ലാ ഒഴിപ്പിക്കലുകളും നിരോധിക്കുന്ന ഓര്‍ഡിനന്‍സ് ഗവണ്‍മെന്‍റ് പുറപ്പെടുവിച്ചു; ഒരു കുടിയാനെയും പാട്ടക്കുടിയാനെയും കുടികിടപ്പുകാരനെയും പാട്ടം കൃത്യമായി കൊടുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നതുള്‍പ്പെടെ എന്തു കാരണം പറഞ്ഞായാലും ഒഴിപ്പിക്കാന്‍ പാടില്ലെന്ന് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനു മുന്‍പൊരിക്കലും സംസ്ഥാനത്തെ ഗ്രാമീണ ദരിദ്രര്‍ക്ക് ഭൂപ്രഭുക്കളുടെ അടിച്ചമര്‍ത്തലില്‍നിന്നും ഇത്രയേറെ വിപുലമായ ഒരാശ്വാസം ലഭിച്ചിട്ടില്ല. 
ഈ അടിയന്തര നിയമനിര്‍മാണം പുതിയ സംസ്ഥാനത്തിന്‍റെ മൂന്ന് ഭാഗങ്ങളിലും നിലനിന്നിരുന്ന ഭൂ നിയമങ്ങളെ സമന്വയിപ്പിക്കുന്നതിന് തയ്യാറായിക്കൊണ്ടിരുന്ന ശാശ്വതമായ നിയമത്തിന്‍റെ മുഖവുരയായിരുന്നു; പുതിയ സംസ്ഥാനത്തിന്‍റെ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ മൂന്ന് ഭാഗങ്ങളിലും അവരവരുടേതായ ഭൂപ്രഭു-കുടിയാന്‍ ബന്ധങ്ങളെക്കുറിച്ചുള്ള നിയമങ്ങളുണ്ടായിരുന്നു; സംസ്ഥാനത്തിനാകെ ബാധകമായ ഒരു പൊതു ഭൂനിയമം രൂപപ്പെടുത്തുന്നതിന് അവയെ സമന്വയിപ്പിച്ചപ്പോള്‍ ഗ്രാമീണ ദരിദ്രരുടെ മര്‍മപ്രധാനമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍വശ്രമവും നടത്തിയിരുന്നു; അതിനായിട്ടാണ് കിസാന്‍ സഭയും കര്‍ഷകത്തൊഴിലാളികളുള്‍പ്പെടെയുള്ള ഗ്രാമീണ ദരിദ്രരുടെ മറ്റു സംഘടനകളും രണ്ട് പതിറ്റാണ്ടിലേറെയായി പൊരുതിക്കൊണ്ടിരുന്നത്. 
പാര്‍ടി സംസ്ഥാനകമ്മിറ്റിയും പാര്‍ടി നിയമസഭ ഗ്രൂപ്പും സംസ്ഥാനം മുതല്‍ വില്ലേജുവരെയുള്ള എല്ലാ തലങ്ങളിലെയും കിസാന്‍സഭ കമ്മിറ്റികളും കൂടിയാലോചനകളുടെയും സംഘര്‍ഷത്തിന്‍റെയും അനുരഞ്ജന നീക്കങ്ങളുടെയും പ്രക്രിയയില്‍ ഏര്‍പ്പെടുകയുണ്ടായി. കാര്‍ഷികബന്ധബില്‍ ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങള്‍ക്കാകെ സാധ്യമാകുന്നേടത്തോളം പരമാവധി ആശ്വാസം പ്രദാനംചെയ്തു. ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന ഒഴിപ്പിക്കല്‍ നിരോധനവും പാട്ടം നല്‍കുന്നതിനുള്ള മൊറട്ടോറിയം പ്രഖ്യാപനവും ലക്ഷക്കണക്കായ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും മറ്റു ഗ്രാമീണ ദരിദ്ര വിഭാഗങ്ങള്‍ക്കും അളവറ്റ ഉപജീവന പിന്തുണ ലഭ്യമാക്കിയ ഒരു പ്രക്രിയയുടെ തുടക്കമായിരുന്നു. അങ്ങനെ 1957 ഏപ്രില്‍ 11 കേരളത്തിലെ ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ചുവന്ന അക്ഷരത്തില്‍ അടയാളപ്പെടുത്തപ്പെട്ട ദിനമായി. ഓര്‍ഡിനന്‍സും 1959 ജൂണ്‍ ആദ്യം അംഗീകരിച്ച് അന്തിമഘട്ടത്തിലായ ബില്ലും കേരളത്തിലെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തില്‍ ഒരു പുതിയ ഘട്ടം അടയാളപ്പെടുത്തി. ഒരു ചെറു ന്യൂനപക്ഷം വരുന്ന സവര്‍ണജാതിക്കാരായ ഭൂപ്രഭുക്കള്‍ ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങള്‍ക്കുമേല്‍ സ്ഥാപിച്ചിരുന്ന സാമ്പത്തികമായ അടിച്ചമര്‍ത്തലിനും സാമൂഹിക സാംസ്കാരിക ആധിപത്യത്തിനും അത് അറുതിവരുത്തി. 
കാര്‍ഷിക ബന്ധബില്ല് കഴിഞ്ഞാല്‍ പ്രധാനപ്പെട്ട കാര്യം പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവണ്‍മെന്‍റിന്‍റെ നയ പ്രസ്താവനയാണ്. കാര്‍ഷികബന്ധ ബില്ലിനൊപ്പമാണ് അത് നടന്നത് എന്നതിനാല്‍ ഗവണ്‍മെന്‍റിന്‍റെ പൊലീസ് നയം സാധാരണ ജനങ്ങളെ ആവേശഭരിതരാക്കി; അതേസമയം നിക്ഷിപ്ത താല്‍പര്യക്കാരെ അത് രൂക്ഷമായി ആക്രമിച്ചു. 
ഗവണ്‍മെന്‍റിന്‍റെ പൊലീസ് നയം മുമ്പുണ്ടായിരുന്ന നയത്തില്‍നിന്നും രണ്ട് പ്രധാന വ്യതിയാനങ്ങളുണ്ടാക്കി. ഒന്നാമതായി അത് മൂന്നാംമുറയിലുള്ള ചോദ്യംചെയ്യല്‍ രീതികളെ കര്‍ശനമായി നിരോധിച്ചു; ആളുകളെ കസ്റ്റഡിയിലെടുത്ത് ഭേദ്യംചെയ്യുന്നതിനെ ഔപചാരികമായി നിരോധിക്കുന്ന നാട്ടില്‍ നിലവിലുള്ള നിയമാനുസരണമായിരിക്കണം കുറ്റാന്വേഷണം നടത്തേണ്ടത് എന്നും പൊലീസ് നയം വ്യക്തമാക്കി. രണ്ടാമതായി, ബഹുജന സമരങ്ങളെയും അവയ്ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളെയും സംബന്ധിച്ചിടത്തോളം, കര്‍ഷകരുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും പണിമുടക്കുകളെയും സമരങ്ങളെയും അടിച്ചമര്‍ത്താന്‍ ഭൂപ്രഭുക്കള്‍ക്കും ബൂര്‍ഷ്വാസിക്കും പൊലീസിനെ ഉപയോഗിക്കാന്‍ പറ്റില്ലെന്ന് പുതിയ നയം പ്രഖ്യാപിച്ചു. തൊഴില്‍ വകുപ്പിലൂടെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള അനുരഞ്ജനങ്ങളിലൂടെ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഗവണ്‍മെന്‍റ് ശ്രമിക്കും. 
ഇന്ത്യയുടെ ഭരണകക്ഷിയായി മാറിയതുമുതല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകളുടെ ആവനാഴിയിലെ ആയുധമായിരുന്ന 'വിചാരണകൂടാതെ തടവിലിടല്‍', ജനകീയ സമരങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉപയോഗിക്കുന്നത് കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് അനുവദിച്ചില്ല. കേന്ദ്ര ഗവണ്‍മെന്‍റ് നിയമംമൂലം നിര്‍ബന്ധിതമാക്കിയിരുന്ന, നിയമനത്തിന് വേണ്ട യോഗ്യത നേടിയ തൊഴില്‍ അപേക്ഷകരുടെ മുന്‍ ചരിത്രവും സ്വഭാവവും പൊലീസ് പരിശോധിക്കുന്ന രീതി വേണ്ടെന്ന് ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചു. 
മാറ്റം കൊണ്ടുവരാന്‍ ഗവണ്‍മെന്‍റ് ശ്രമിച്ച മറ്റൊരു പ്രധാന മേഖല സംസ്ഥാനതലത്തില്‍നിന്നും ഏറ്റവും താഴെ തലത്തിലേക്ക്, പഞ്ചായത്തുകളിലേക്കുള്ള അധികാര വികേന്ദ്രീകരണമായിരുന്നു. ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകെ പരിശോധിക്കുന്നതിന് ഗവണ്‍മെന്‍റ് ഒരു കമ്മിറ്റിയെ നിയോഗിച്ചു; ജനാധിപത്യപരമായ വികേന്ദ്രീകരണം അതില്‍ പ്രധാന ഘടകമായിരുന്നു. ഒരു വര്‍ഷത്തിലേറെക്കാലം പ്രവര്‍ത്തിച്ച്  ആ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ ശുപാര്‍ശകളെ തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനായി ഗവണ്‍മെന്‍റ് പുതുതായി രണ്ട് ബില്ലുകള്‍  തയ്യാറാക്കി. ആദ്യത്തേത് വില്ലേജ്തലത്തില്‍ റവന്യൂ വകുപ്പിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ചിരുന്ന എല്ലാ ചുമതലകളും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ നിക്ഷിപ്തമാക്കി. രണ്ടാമത്തേത് ജില്ലാതല ഉദ്യോഗസ്ഥര്‍ കൈകാര്യംചെയ്തിരുന്ന പല ചുമതലകളും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സിലിലേക്ക് കൈമാറ്റംചെയ്യുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു; തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റും അദ്ദേഹത്തെ സഹായിക്കുന്നതിന് ഡെപ്യൂട്ടി കളക്ടറുടെ പദവിയിലുള്ള ഒരു സ്ഥിരം ഉദ്യോഗസ്ഥനുംകൂടി ഉള്ളതായിരുന്നു നിര്‍ദിഷ്ട ജില്ലാ കൗണ്‍സില്‍.
5 വര്‍ഷത്തെ കാലാവധി പൂര്‍ണമായും തികയുന്നതുവരെ ഗവണ്‍മെന്‍റ് തുടര്‍ന്നിരുന്നെങ്കില്‍ സംസ്ഥാനത്ത് രണ്ടു തട്ടുകളുള്ള പഞ്ചായത്ത്രാജ് സംവിധാനം സുദൃഢമായി സ്ഥാപിക്കപ്പെടുമായിരുന്നു. 
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഗവണ്‍മെന്‍റിന്‍റെ അതിരൂക്ഷമായ, വിവാദം സൃഷ്ടിച്ച നടപടിയായിരുന്നു വിദ്യാഭ്യാസബില്ല്. ബൂര്‍ഷ്വാ ഭൂപ്രഭു ഭരണവര്‍ഗങ്ങളെ പൊതുവില്‍ രോഷാകുലരാക്കിയ കാര്‍ഷികബന്ധ ബില്ലും പൊലീസ് നയവുംപോലെതന്നെ വിദ്യാഭ്യാസബില്ലും ഇതേ വര്‍ഗങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ടവരെ രോഷാകുലരാക്കി; കാരണം വിദ്യാഭ്യാസബില്ല് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയുമായും മാനേജ്മെന്‍റുമായും ബന്ധപ്പെട്ടതാണ്; ഈ സ്ഥാപനങ്ങളില്‍ ഏറിയപങ്കും ഒരു സമുദായമെന്ന നിലയില്‍ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. സമുദായ നേതൃത്വത്തിന് അതിലെ സാധാരണ ജനങ്ങളുടെ മനസ്സില്‍ തങ്ങളുടെ മതം ആക്രമിക്കപ്പെടുകയാണെന്ന ഭീതി ജനിപ്പിക്കാന്‍ കഴിഞ്ഞു. 
ബില്ലിന്‍റെ ലക്ഷ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വകാര്യ മാനേജ്മെന്‍റ് സമ്പ്രദായം ഇല്ലാതാക്കുകയെന്നതായിരുന്നില്ല; മറിച്ച് വളരെ ലഘുവായിരുന്നു. അതിന്‍റെ പ്രാഥമിക ലക്ഷ്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് അവരുടെ ശമ്പളം സ്വകാര്യ മാനേജ്മെന്‍റുകളുടെ വെട്ടിക്കുറയ്ക്കല്‍ കൂടാതെ സര്‍ക്കാര്‍ നേരിട്ട് നല്‍കലായിരുന്നു; അധ്യാപകരെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതിനോ സസ്പെന്‍ഡ് ചെയ്യുന്നതിനോ മാനേജര്‍മാര്‍ക്കുള്ള അധികാരത്തിന് കടിഞ്ഞാണിടുകയായിരുന്നു; അധ്യാപക നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കുക തുടങ്ങിയവയായിരുന്നു. ബില്ലിന് ആധാരമായ ആശയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് കിട്ടുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കുകയെന്നതായിരുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥനായിരിക്കാനും മാനേജ് ചെയ്യാനുമുള്ള അവകാശത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണുണ്ടായത്; ആ അവകാശം നിര്‍മാര്‍ജനംചെയ്യപ്പെടുകയായിരുന്നില്ല. 
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ ആ ബില്ലിനെയാകെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളും മാനേജന്‍മാരുമെന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങള്‍ക്കുനേരെയുള്ള ആക്രമണമായാണ് അവതരിപ്പിച്ചത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ട് പ്രമുഖ കോര്‍പറേറ്റ് മാനേജ്മെന്‍റുകളായ ക്രിസ്ത്യന്‍ പള്ളിയുടെയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും (എന്‍എസ്എസ്) നേതൃത്വത്തില്‍ ബില്ലിനെതിരെ സ്വകാര്യ മാനേജ്മെന്‍റുകള്‍ വ്യാപകമായ നുണ പ്രചാരണം അഴിച്ചുവിട്ടു; ബില്ല് സ്വത്തവകാശത്തിനുനേരെയുള്ള ആക്രമണവും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുന്നതിനുള്ള നീക്കവുമാണെന്നായിരുന്നു അവരുടെ പ്രചാരണം. 
കാര്‍ഷിക ബന്ധ ബില്ലിന്‍റെയും വിദ്യാഭ്യാസബില്ലിന്‍റെയും എതിരാളികള്‍ ഒരുമിച്ച് കേന്ദ്ര ഗവണ്‍മെന്‍റിനുമുന്നില്‍ തങ്ങളുടെ പോരാട്ടമെത്തിച്ചു; ഈ ബില്ലുകള്‍ക്ക് അനുമതിനല്‍കാതെ തടഞ്ഞുവയ്ക്കണമെന്ന് കേന്ദ്രത്തോടഭ്യര്‍ഥിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധ പക്ഷപാതിത്വമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്‍റ് അതിന് വഴങ്ങുകയും ബില്ലുകള്‍ നിയമസഭയ്ക്ക് മടക്കി അയക്കുകയും ചെയ്തു. 
കോണ്‍ഗ്രസിന്‍റെയും മുസ്ലീംലീഗിന്‍റെയും പിഎസ്പിയുടെയും കത്തോലിക്ക സഭയുടെയും എന്‍എസ്എസിന്‍റെയും പ്രതിനിധികള്‍ അടങ്ങുന്ന ഒരു കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കപ്പെട്ടു. അവര്‍ 'വിമോചനസമരം' ആരംഭിച്ചു. അക്രമാസക്തമായ ഒരു പ്രക്ഷോഭമായി ഇത് മാറി; സര്‍ക്കാര്‍ ഓഫീസുകളും പൊലീസ്സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു. ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനത്തെയാകെ സ്തംഭിപ്പിക്കുകയും കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടാനുള്ള ഒഴികഴിവായി അതിനെ ഉപയോഗിക്കുകയും ചെയ്യുകയെന്നതായിരുന്നു ആകെ ലക്ഷ്യം. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്‍റ് ഇന്ദിരാഗാന്ധിയില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് നെഹ്റു ഗവണ്‍മെന്‍റ് ആ ആവശ്യത്തിന് വഴങ്ങുകയും ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റിനെ അട്ടിമറിക്കാനുള്ള പ്രക്ഷോഭത്തിന് ധനസഹായംചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സിഐഎ ഫണ്ട് നല്‍കിയതായി പിന്നീട് വെളിപ്പെടുത്തപ്പെട്ടു; ഇന്ത്യയിലെ അന്നത്തെ അമേരിക്കന്‍ അംബാസിഡറായിരുന്ന എല്‍സ്വര്‍ത്ത് ബങ്കര്‍ സമ്മതിച്ച ഒരു വസ്തുതയാണിത്. 
ജാതിയുടെ അടിസ്ഥാനത്തില്‍ തലമുറകളോളം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ദളിതരുടെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും അവസ്ഥ മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് നിരവധി നടപടികള്‍ കൈക്കൊണ്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും പ്രവേശിക്കുന്നതിനുള്ള സംവരണത്തിന്‍റെ വ്യാപ്തി ഗവണ്‍മെന്‍റ് വര്‍ധിപ്പിച്ചു; പിന്നോക്ക സമുദായാംഗങ്ങളെ സഹായിക്കുന്നതിന് മറ്റു മാര്‍ഗങ്ങള്‍ ആസൂത്രണംചെയ്യുകയുമുണ്ടായി. "മുന്നോക്കജാതിക്കാര്‍" എന്നു വിളിക്കപ്പെടുന്നവരുടെ ജാതി-സാമുദായിക നേതാക്കള്‍ സ്വാഭാവികമായും കമ്യൂണിസ്റ്റുപാര്‍ടിക്കും അതിന്‍റെ ഗവണ്‍മെന്‍റിനും എതിരായി ഈ സമുദായങ്ങളിലെ ബഹുജനങ്ങളെ അണിനിരത്താനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തി. 
കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ മാര്‍ഗദര്‍ശകപരമായ മറ്റൊരു സംഭാവനയാണ് സംസ്ഥാനത്ത് ശക്തമായ പൊതുവിതരണ സമ്പ്രദായം സ്ഥാപിച്ചത്. സംസ്ഥാനത്തിനുള്ളില്‍നിന്ന് ലഭിക്കുന്നതും പുറത്തുനിന്ന് സംഭരിക്കുന്നതുമായ അരി കൃത്യമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഗവണ്‍മെന്‍റ് ഊര്‍ജസ്വലമായ നടപടികള്‍ കൈക്കൊണ്ടു. സംസ്ഥാനത്തുടനീളം ന്യായവില ഷോപ്പുകളുടെ ശൃംഖല സ്ഥാപിച്ചു; 1000-ത്തില്‍ കുറവായിരുന്ന അവയുടെ എണ്ണം 6000ത്തോളമായി വര്‍ധിപ്പിച്ചു. 
ജനങ്ങള്‍ക്ക് അരിയുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും കൃത്യമായ വിതരണം ഉറപ്പുവരുത്തുന്നതിന് ജനകീയ ഭക്ഷ്യ സമിതികള്‍ രൂപീകരിക്കുന്നതിന് ഗവണ്‍മെന്‍റ് മുന്‍കൈയെടുത്തു. തങ്ങളുടെ പ്രദേശത്ത് ന്യായവില ഷോപ്പുകള്‍ എത്രയെണ്ണം ആവശ്യമാണെന്നും എവിടെയൊക്കെയാണ് അത് സ്ഥാപിക്കേണ്ടതെന്നും അവ നടത്താന്‍ പറ്റിയ ആളുകള്‍ ആരൊക്കെയെന്നും മറ്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപദേശിക്കുന്നതിനുള്ള ഈ സമിതികളില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നു. ന്യായവിലയ്ക്കുള്ള സാധനങ്ങള്‍ ലഭ്യമാക്കേണ്ട താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ കണ്ടെത്തുകയും അവയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും അഴിമതി തടയുകയും ചെയ്യുകയെന്ന ദൗത്യവും ഈ സമിതികള്‍ക്ക് നല്‍കിയിരുന്നു. ഈ സമിതികള്‍ പഞ്ചായത്ത് തലങ്ങളിലും താലൂക്ക് തലങ്ങളിലും മറ്റു പ്രാദേശിക തലങ്ങളിലുമാണ് രൂപീകരിച്ചിരു ന്നത്. സംസ്ഥാനതലത്തില്‍ സര്‍വകക്ഷി സംസ്ഥാന ഭക്ഷ്യ ഉപദേശക സമിതി ഉണ്ടായിരുന്നു. ഈ സംവിധാനത്തിന്‍റെയാകെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ കണ്ടെത്തുകയും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗം നിര്‍ദേശിക്കുകയുമായിരുന്നു ഈ സംസ്ഥാനതല സമിതിയുടെ കടമ.
1957ലെ തിരഞ്ഞെടുപ്പ് വിജയം കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് മുന്‍ മാതൃകയോ കീഴ്നടപ്പോ ഇല്ലാത്ത ഒരവസരമാണ് നല്‍കിയത്. ഭരണഘടനയുടെ പരിമിതികള്‍ സൃഷ്ടിച്ച തടസ്സങ്ങളില്‍ നിസ്സഹായത പ്രകടിപ്പിക്കുകയല്ല കമ്യൂണിസ്റ്റുപാര്‍ടി ചെയ്തത്; ഇത്തരമൊരു ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഒന്നും ചെയ്യാനാകില്ല എന്നോ ഭരണഘടനാപരമായ മാര്‍ഗങ്ങളിലൂടെ സര്‍വ പ്രശ്നങ്ങളും പരിഹരിക്കാമെന്നോ അല്ല പാര്‍ടി പറഞ്ഞത്. പകരം, സാധ്യമാകുന്നേടത്തോളം ഭരണഘടനാപരമായ മാര്‍ഗങ്ങളിലൂടെയും അതിനൊപ്പം ജനകീയ സമരങ്ങളിലൂടെയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. 
കമ്യൂണിസ്റ്റുകാരുടെ മുന്നോട്ടേയ്ക്കുള്ള പ്രയാണത്തെ എതിരിടാന്‍ ശേഷിയില്ലാതായ കേന്ദ്ര ഗവണ്‍മെന്‍റ് 1959ല്‍ (ജൂലൈ 5) 356-ാം  അനുഛേദം പ്രയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആ ഗവണ്‍മെന്‍റിനെ പിരിച്ചുവിട്ടു. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അതൊരു ഇരുളടഞ്ഞ ദിനമായിരുന്നു. കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടതിനെതിരെ പാര്‍ടി ആഗസ്റ്റ് മൂന്നിന് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ആ ദിവസം 30,000ത്തിലധികം ആളുകള്‍ ഡല്‍ഹിയില്‍ പാര്‍ലമെന്‍റിനുമുന്നിലേക്ക് മാര്‍ച്ച്ചെയ്തു. $